ബൈബിൾ പുസ്തക നമ്പർ 41—മർക്കൊസ്
എഴുത്തുകാരൻ: മർക്കൊസ്
എഴുതിയ സ്ഥലം: റോം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 60-65
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു. 29-33
1. മർക്കൊസിനെയും അവന്റെ കുടുംബത്തെയും കുറിച്ച് എന്ത് അറിയപ്പെടുന്നു?
യേശു ഗത്സമേനയിൽവെച്ച് അറസ്ററു ചെയ്യപ്പെടുകയും അപ്പോസ്തലൻമാർ ഓടിപ്പോകുകയും ചെയ്തപ്പോൾ “ഒരു ബാല്യക്കാരൻ വെറും ശരീരത്തിൻമേൽ പുതപ്പു പുതച്ചുംകൊണ്ടു” അവനെ അനുഗമിച്ചു. ജനക്കൂട്ടം അയാളെയും പിടിക്കാൻ ശ്രമിച്ചപ്പോൾ “അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി.” ഈ ബാല്യക്കാരൻ മർക്കൊസ് ആണെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. അവൻ ‘മർക്കൊസ് എന്നു മറുപേരുളള യോഹന്നാൻ’ എന്നു പ്രവൃത്തികളിൽ വർണിക്കപ്പെടുന്നു. അവൻ യെരുശലേമിലെ ഭേദപ്പെട്ട ഒരു കുടുംബത്തിൽപ്പെട്ട ആളായിരുന്നിരിക്കണം, കാരണം അവർക്കു സ്വന്തം വീടും വേലക്കാരും ഉണ്ടായിരുന്നു. അവന്റെ അമ്മയായ മറിയയും ഒരു ക്രിസ്ത്യാനിയായിരുന്നു. ആദിമസഭ അവളുടെ വീട് ഒരു യോഗസ്ഥലമായി ഉപയോഗിച്ചു. ദൂതൻ തടവിൽനിന്നു പത്രൊസിനെ വിടുവിച്ച സന്ദർഭത്തിൽ അവൻ ഈ വീട്ടിലേക്കു പോകുകയും അവിടെ സമ്മേളിച്ചിരുന്ന സഹോദരൻമാരെ കാണുകയും ചെയ്തു.—മർക്കൊ. 14:51, 52; പ്രവൃ. 12:12, 13.
2, 3. (എ) നിസ്സംശയമായി, മിഷനറിസേവനത്തിൽ പ്രവേശിക്കാൻ മർക്കൊസിനെ ഉത്തേജിപ്പിച്ചത് എന്താണ്? (ബി) അവനു മററു മിഷനറിമാരുമായി, വിശേഷാൽ പത്രൊസും പൗലൊസുമായി എന്തു സഹവാസം ഉണ്ടായിരുന്നു?
2 സൈപ്രസിൽനിന്നുളള ഒരു ലേവ്യനായ ബർന്നബാസ് എന്ന മിഷനറി മർക്കൊസിന്റെ മച്ചുനൻ ആയിരുന്നു. (പ്രവൃ. 4:36; കൊലൊ. 4:10) ക്ഷാമ ദുരിതാശ്വാസത്തോടുളള ബന്ധത്തിൽ ബർന്നബാസ് പൗലൊസിനോടുകൂടെ യെരുശലേമിലേക്കു വന്നപ്പോൾ മർക്കൊസും പൗലൊസിനെ അറിയാനിടയായി. തീക്ഷ്ണതയുളള സന്ദർശകശുശ്രൂഷകരുമായുളള ഈ സഹവാസവും സഭയിലെ സഹവാസവും മിഷനറിസേവനത്തിൽ ഏർപ്പെടാനുളള ആഗ്രഹം മർക്കൊസിൽ ജനിപ്പിച്ചുവെന്നതിനു സംശയമില്ല. അങ്ങനെ അവൻ പൗലൊസിന്റെയും ബർന്നബാസിന്റെയും ആദ്യ മിഷനറിയാത്രയിൽ കൂട്ടാളിയും സേവകനുമായിരിക്കുന്നതായി നാം കാണുന്നു. ഏതായാലും, ഏതോ കാരണത്താൽ മർക്കൊസ് പംഫുല്യയിലെ പെർഗയിൽവെച്ച് അവരിൽനിന്നു പിരിയുകയും യെരുശലേമിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. (പ്രവൃ. 11:29, 30; 12:25; 13:5, 13) ഇതു നിമിത്തം പൗലൊസ് മർക്കൊസിനെ രണ്ടാമത്തെ മിഷനറിയാത്രക്കു കൊണ്ടുപോകാൻ വിസമ്മതിച്ചു, ഇതു പൗലൊസും ബർന്നബാസും തമ്മിലുളള ഒരു വേർപിരിയലിലേക്കു നയിച്ചു. പൗലൊസ് ശീലാസിനെ കൂട്ടിക്കൊണ്ടു പോയി, അതേസമയം ബർന്നബാസ് തന്റെ മച്ചുനനായ മർക്കൊസിനെ കൂട്ടിക്കൊണ്ടു സൈപ്രസിലേക്കു കപ്പൽയാത്ര ചെയ്തു.—പ്രവൃ. 15:36-41.
3 മർക്കൊസ് ശുശ്രൂഷയിൽ തന്റെ യോഗ്യത തെളിയിക്കുകയും ബർന്നബാസിനു മാത്രമല്ല, പിന്നീട് അപ്പോസ്തലൻമാരായ പത്രൊസിനും പൗലൊസിനും വിലപ്പെട്ട സഹായിയായിത്തീരുകയും ചെയ്തു. പൗലൊസിന്റെ റോമിലെ ഒന്നാമത്തെ തടവുകാലത്തു (പൊ.യു. ഏകദേശം 60-61) മർക്കൊസ് പൗലൊസിനോടുകൂടെ ഉണ്ടായിരുന്നു. (ഫിലേ. 1, 24) പിന്നീടു നാം പൊ.യു. 62-നും 64-നും ഇടയ്ക്കുളള വർഷങ്ങളിൽ മർക്കൊസിനെ ബാബിലോനിൽ പത്രൊസിനോടുകൂടെ കണ്ടെത്തുന്നു. (1 പത്രൊ. 5:13) പൗലൊസ് വീണ്ടും റോമിൽ തടവുകാരനായി, ഒരുപക്ഷേ പൊ.യു. 65 എന്ന വർഷത്തിൽ. അവൻ ഒരു കത്തിൽ “മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുളളവൻ” എന്നു പറഞ്ഞുകൊണ്ട് അവനെ കൂടെ കൊണ്ടുപോരാൻ തിമോത്തിയോട് ആവശ്യപ്പെടുന്നു. (2 തിമൊ. 1:8; 4:11) ഇതാണു ബൈബിൾരേഖയിൽ മർക്കൊസിനെക്കുറിച്ച് ഏററവുമൊടുവിലുളള പ്രസ്താവം.
4-6. (എ) മർക്കൊസിനു തന്റെ സുവിശേഷത്തിനുവേണ്ടിയുളള സൂക്ഷ്മവിശദാംശങ്ങൾ ലഭിച്ചതെങ്ങനെ? (ബി) പത്രൊസുമായുളള അവന്റെ അടുത്ത സഹവാസത്തെ സൂചിപ്പിക്കുന്നത് എന്ത്? (സി) സുവിശേഷത്തിലെ പത്രൊസിന്റെ സ്വഭാവവിശേഷങ്ങളുടെ ദൃഷ്ടാന്തങ്ങൾ നൽകുക.
4 ഈ ഏററവും ഹ്രസ്വമായ സുവിശേഷത്തിന്റെ രചന ഈ മർക്കൊസ് നടത്തിയെന്നാണു വിചാരിക്കപ്പെടുന്നത്. അവൻ യേശുവിന്റെ അപ്പോസ്തലൻമാരുടെ ഒരു സഹപ്രവർത്തകനും സുവാർത്താസേവനത്തിൽ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചവനുമായിരുന്നു. എന്നാൽ മർക്കൊസ് 12 അപ്പോസ്തലൻമാരിൽ ഒരുവനല്ലായിരുന്നു, അവൻ യേശുവിന്റെ ഒരു അടുത്ത കൂട്ടാളിയുമല്ലായിരുന്നു. യേശുവിന്റെ ശുശ്രൂഷയെ സംബന്ധിച്ച അവന്റെ വിവരണത്തെ ആദ്യന്തം യഥാർഥത്തിൽ സജീവമാക്കുന്ന സൂക്ഷ്മവിശദാംശങ്ങൾ എവിടെനിന്നാണ് അവനു കിട്ടിയത്? പേപ്പിയസിന്റെയും ഓറിജന്റെയും തെർത്തുല്യന്റെയും ഏററവും നേരത്തെയുളള പാരമ്പര്യപ്രകാരം ഈ ഉറവ് പത്രൊസായിരുന്നു, അവനോടു മർക്കൊസ് അടുത്തു സഹവസിച്ചിരുന്നു.a പത്രൊസ് അവനെ ‘എന്റെ മകൻ’ എന്നു വിളിച്ചില്ലയോ? (1 പത്രൊസ് 5:13) മർക്കൊസ് രേഖപ്പെടുത്തിയ മിക്കവാറും എല്ലാററിന്റെയും ദൃക്സാക്ഷിയായിരുന്നു പത്രൊസ്. അതുകൊണ്ട് അവനു മററു സുവിശേഷങ്ങളിൽ ഇല്ലാത്ത അനേകം വിശദ വിവരങ്ങൾ പത്രൊസിൽനിന്നു ലഭിക്കുമായിരുന്നു. ദൃഷ്ടാന്തത്തിന്, മർക്കൊസ് സെബദിക്കുവേണ്ടി പണിയെടുത്ത “കൂലിക്കാ”രെക്കുറിച്ചും “മുട്ടുകുത്തി” യേശുവിനോട് അപേക്ഷിച്ച കുഷ്ഠരോഗിയെക്കുറിച്ചും “തന്നെത്താൻ കല്ലുകൾകൊണ്ടു ചതെച്ച” ഭൂതബാധിതനായ മനുഷ്യനെക്കുറിച്ചും യേശു “ദൈവാലയത്തിനു നേരെ” ഒലിവുമലയിൽ ഇരിക്കെ, ‘മഹാശക്തിയോടും തേജസ്സോടുംകൂടെ മനുഷ്യപുത്രൻ വരുന്ന’തുസംബന്ധിച്ച തന്റെ പ്രവചനം നൽകുന്നതിനെക്കുറിച്ചും മർക്കൊസ് പറയുന്നു.—മർക്കൊ. 1:20, 40; 5:5; 13:3, 26.
5 പത്രൊസ്തന്നെ ആഴമായ വികാരങ്ങളുളള ഒരു മനുഷ്യനായിരുന്നു. തന്നിമിത്തം യേശുവിന്റെ വിചാരങ്ങളെയും വികാരങ്ങളെയും വിലമതിക്കാനും മർക്കൊസിനോടു വർണിച്ചുപറയാനും അവനു കഴിയുമായിരുന്നു. അതുകൊണ്ടാണു മർക്കൊസ് യേശുവിന്റെ വികാരങ്ങളും പ്രതികരണവും കൂടെക്കൂടെ രേഖപ്പെടുത്തുന്നത്; അവൻ “ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുററും നോക്കി” എന്നും “നെടുവീർപ്പിട്ടു” എന്നും അവൻ “ആത്മാവിൽ ഞരങ്ങി” എന്നുമൊക്കെയുളളതു ദൃഷ്ടാന്തങ്ങളാണ്. (3:5; 7:34; 8:12) ധനവാനായ ചെറുപ്പക്കാരനെ യേശു “സ്നേഹിച്ചു” എന്നു പറഞ്ഞുകൊണ്ട് അവനോടുളള അവന്റെ വികാരങ്ങളെക്കുറിച്ചു പറയുന്നതു മർക്കൊസാണ്. (10:21) യേശു ഒരു ശിശുവിനെ തന്റെ ശിഷ്യൻമാരുടെ മധ്യേ നിർത്തുക മാത്രമല്ല, “അതിനെ കൈകൾകൊണ്ടു ചുററിപ്പിടിച്ചു”വെന്നും മറെറാരു സന്ദർഭത്തിൽ “അവൻ ശിശുക്കളെ കൈകളിൽ എടുത്തു” എന്നുമുളള വിവരണത്തിൽ നാം എന്തൊരു ഊഷ്മളതയാണു കാണുന്നത്!—9:36; 10:13-16, NW.
6 മർക്കൊസിന്റെ ശൈലിയിൽ പത്രൊസിന്റെ സ്വഭാവവിശേഷങ്ങളിൽ ചിലതു കാണാൻ കഴിയും, അതു വികാരാത്മകവും ജീവത്തും ഊർജസ്വലവും പ്രമുഖവും വർണനാത്മകവുമാണ്. അവനു സംഭവങ്ങൾ മതിയായ ശീഘ്രതയിൽ പ്രതിപാദിക്കാൻ കഴിയില്ലെന്നു തോന്നുന്നു. ദൃഷ്ടാന്തത്തിന്, നാടകീയ ശൈലിയിൽ കഥ നീട്ടിക്കൊണ്ട് “ഉടനെ” എന്ന പദം വീണ്ടും വീണ്ടും വരുന്നു.
7. മർക്കൊസിന്റെ സുവിശേഷത്തെ മത്തായിയുടേതിൽനിന്നു വ്യത്യസ്തമാക്കുന്നതെന്ത്?
7 മർക്കൊസിനു മത്തായിയുടെ സുവിശേഷം ലഭ്യമായിരിക്കുകയും തന്റെ സുവിശേഷത്തിൽ മററു സുവിശേഷങ്ങളിൽ അടങ്ങിയിട്ടില്ലാത്തത് 7 ശതമാനംമാത്രം അടങ്ങിയിരിക്കുകയും ചെയ്യുന്നുവെങ്കിലും, മർക്കൊസ് കേവലം മത്തായിയുടെ സുവിശേഷം സംഗ്രഹിക്കുകയും ഏതാനും പ്രത്യേക വിശദാംശങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തുവെന്നു വിശ്വസിക്കുന്നതു തെററായിരിക്കും. മത്തായി യേശുവിനെ വാഗ്ദത്തമിശിഹായും രാജാവുമായി വരച്ചുകാട്ടിയെങ്കിലും മർക്കൊസ് ഇപ്പോൾ അവന്റെ ജീവിതത്തെയും പ്രവൃത്തികളെയും മറെറാരു കോണത്തിൽ പരിചിന്തിക്കുന്നു. അവൻ യേശുവിനെ അത്ഭുതം പ്രവർത്തിക്കുന്ന ദൈവപുത്രനായി, ജേതാവായ രക്ഷകനായി, വരച്ചുകാട്ടുന്നു. മർക്കൊസ് ക്രിസ്തുവിന്റെ പ്രഭാഷണങ്ങൾക്കും പഠിപ്പിക്കലുകൾക്കുമല്ല, പ്രവർത്തനങ്ങൾക്കാണ് ഊന്നൽ കൊടുക്കുന്നത്. യേശുവിന്റെ ഉപമകളുടെ ഒരു ചെറിയ അംശവും ദൈർഘ്യമേറിയ പ്രസംഗങ്ങളിലൊന്നുമാണ് അവൻ റിപ്പോർട്ടുചെയ്യുന്നത്. ഗിരിപ്രഭാഷണം ഒഴിവാക്കിയിരിക്കുന്നു. ഈ കാരണത്താലാണു മർക്കൊസിന്റെ സുവിശേഷം ഏറെ ഹ്രസ്വമായിരിക്കുന്നത്, എന്നാൽ മററുളളവരുടേതിലുളളടത്തോളം പ്രവർത്തനം അതിലുണ്ട്. കുറഞ്ഞപക്ഷം 19 അത്ഭുതങ്ങളെ പ്രത്യേകമായി പരാമർശിക്കുന്നുണ്ട്.
8. മർക്കൊസിന്റെ സുവിശേഷം തെളിവനുസരിച്ചു റോമർക്കുവേണ്ടി എഴുതിയതാണെന്ന് ഏതു സവിശേഷതകൾ സൂചിപ്പിക്കുന്നു?
8 മത്തായി തന്റെ സുവിശേഷം യഹൂദൻമാർക്കുവേണ്ടി എഴുതിയപ്പോൾ പ്രത്യക്ഷത്തിൽ റോമർക്കുവേണ്ടിയാണു മർക്കൊസ് മുഖ്യമായി എഴുതിയത്. നാം ഇത് എങ്ങനെ അറിയുന്നു? മോശയുടെ ന്യായപ്രമാണത്തെ പരാമർശിക്കുന്ന സംഭാഷണം റിപ്പോർട്ടുചെയ്യുമ്പോൾ മാത്രമേ അതിനെക്കുറിച്ചു പറയുന്നുളളു. യേശുവിന്റെ വംശാവലി വിട്ടുകളഞ്ഞിരിക്കുകയാണ്. ക്രിസ്തുവിന്റെ സുവിശേഷം സാർവലൗകിക പ്രാധാന്യമുളളതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. യഹൂദേതര വായനക്കാർക്ക് അപരിചിതമായിരുന്നിരിക്കാൻ ഇടയുളള യഹൂദാചാരങ്ങളെയും ഉപദേശങ്ങളെയും അവൻ വിശദീകരിക്കുന്നുണ്ട്. (2:18; 7:3, 4; 14:12; 15:42) അരമായ പദപ്രയോഗങ്ങൾ ഭാഷാന്തരംചെയ്തിരിക്കുന്നു. (3:17; 5:41; 7:11, 34; 14:36; 15:22, 34) അവൻ പാലസ്തീനിലെ ഭൂമിശാസ്ത്രനാമങ്ങളെയും സസ്യജാലങ്ങളെയും വിശദീകരണങ്ങൾ കൊടുത്തു വിശേഷിപ്പിക്കുന്നു. (1:5, 13; 11:13; 13:3) യഹൂദ നാണയങ്ങളുടെ മൂല്യം റോമൻ നാണയത്തിൽ കൊടുത്തിരിക്കുന്നു. (12:42, NW അടിക്കുറിപ്പ്) അവൻ മററു സുവിശേഷ എഴുത്തുകാരെക്കാൾ കൂടുതൽ ലാററിൻപദങ്ങൾ ഉപയോഗിക്കുന്നുണ്ട്, സ്പെക്കുലേററർ (അകമ്പടി), പ്രിട്ടോറിയം (ഗവർണറുടെ കൊട്ടാരം), സെഞ്ച്യൂറിയോ (സേനാപതി) എന്നിവ ദൃഷ്ടാന്തങ്ങളാണ്.—6:27; 15:16, 39.
9. മർക്കൊസിന്റെ പുസ്തകം എവിടെവെച്ച്, എപ്പോൾ എഴുതി, അതിന്റെ വിശ്വാസ്യതയെ സ്ഥിരീകരിക്കുന്നതെന്ത്?
9 മർക്കൊസ് തെളിവനുസരിച്ചു മുഖ്യമായി റോമാക്കാർക്കുവേണ്ടി എഴുതിയതുകൊണ്ട് അവൻ റോമിൽവെച്ച് എഴുത്തു നടത്തിയിരിക്കാനാണ് ഏററവുമധികം സാധ്യത. ഏററവും പഴക്കമുളള പാരമ്പര്യവും പുസ്തകത്തിന്റെ ഉളളടക്കവും പൗലൊസിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ തടവുകാലത്തു റോമിൽവെച്ച്, തന്നിമിത്തം പൊ.യു. 60-65 വർഷങ്ങളിൽ, അതു രചിക്കപ്പെട്ടുവെന്ന നിഗമനത്തിന് അനുവദിക്കുന്നു. ആ വർഷങ്ങളിൽ മർക്കൊസ് ഒരിക്കലെങ്കിലും റോമിലായിരുന്നു, സാധ്യതയനുസരിച്ചു രണ്ടു പ്രാവശ്യം. എഴുത്തുകാരൻ മർക്കൊസായിരുന്നുവെന്നു രണ്ടും മൂന്നും നൂററാണ്ടുകളിലെ പ്രമുഖ പ്രാമാണികർ സ്ഥിരീകരിക്കുന്നു. രണ്ടാം നൂററാണ്ടിന്റെ മധ്യമായപ്പോൾത്തന്നെ ഈ സുവിശേഷം ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലായി. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ആദിമ കാററലോഗുകളിലെല്ലാം അതു കാണപ്പെടുന്നുവെന്ന വസ്തുത മർക്കൊസിന്റെ സുവിശേഷത്തിന്റെ വിശ്വാസ്യതയെ സ്ഥിരീകരിക്കുന്നു.
10. മർക്കൊസിന്റെ ദീർഘവും ഹ്രസ്വവുമായ ഉപസംഹാരങ്ങളെ എങ്ങനെ കരുതേണ്ടതാണ്, എന്തുകൊണ്ട്?
10 എന്നിരുന്നാലും, 16-ാം അധ്യായം 8-ാം വാക്യത്തിനുശേഷം ചിലപ്പോൾ കൂട്ടിച്ചേർക്കുന്ന ദീർഘവും ഹ്രസ്വവുമായ ഉപസംഹാരങ്ങൾ വിശ്വാസ്യമായി കരുതേണ്ടതല്ല. അവ സൈനാററിക്ക്, വത്തിക്കാൻ നമ്പർ 1209 എന്നിവപോലെയുളള മിക്ക പുരാതന കൈയെഴുത്തുപ്രതികളിലും കാണുന്നില്ല. നാലാം നൂററാണ്ടിലെ പണ്ഡിതൻമാരായ യൂസേബിയസും ജെറോമും “ആരോടും ഒന്നും പറഞ്ഞില്ല” എന്ന വാക്കുകളോടെ വിശ്വാസ്യമായ രേഖ പര്യവസാനിക്കുന്നുവെന്നതിനോടു യോജിക്കുന്നു. മററ് ഉപസംഹാരങ്ങൾ, സുവിശേഷം അവസാനിക്കുന്നതിലെ തിടുക്കം നീക്കി ഒഴുക്കുളളതാക്കുകയെന്ന ലക്ഷ്യത്തിൽ കൂട്ടിച്ചേർത്തതായിരിക്കാനിടയുണ്ട്.
11. (എ) മർക്കൊസിന്റെ സുവിശേഷം കൃത്യതയുളളതാണെന്നു തെളിയിക്കുന്നത് എന്ത്, ഏത് അധികാരത്തിന് ഊന്നൽ കൊടുത്തിരിക്കുന്നു? (ബി) ഇതു ‘സുവാർത്ത’യായിരിക്കുന്നത് എന്തുകൊണ്ട്, മർക്കൊസിന്റെ സുവിശേഷം ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
11 മർക്കൊസിന്റെ സുവിശേഷത്തിനു മററു സുവിശേഷങ്ങളോടു മാത്രമല്ല, ഉല്പത്തിമുതൽ വെളിപ്പാടുവരെയുളള സകല വിശുദ്ധ തിരുവെഴുത്തുകളോടുമുളള പൂർണയോജിപ്പിൽനിന്ന് അതിന്റെ കൃത്യത കാണാവുന്നതാണ്. തന്നെയുമല്ല, യേശുവിനു തന്റെ മൊഴികളിൽ മാത്രമല്ല, പ്രകൃതിശക്തിയുടെമേലും സാത്താന്റെയും ഭൂതങ്ങളുടെയും മേലും വ്യാധിയുടെയും രോഗത്തിന്റെയും മേലും, അതെ മരണത്തിൻമേൽതന്നെയും, അധികാരമുളളതായി വീണ്ടും വീണ്ടും കാണിക്കപ്പെടുന്നു. അങ്ങനെ മർക്കൊസ്, “ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം” എന്ന ഗംഭീരമായ ആമുഖത്തോടെ വിവരണം ആരംഭിക്കുന്നു. അവന്റെ വരവും ശുശ്രൂഷയും “സുവിശേഷ”ത്തെ അർഥമാക്കി, തന്നിമിത്തം മർക്കൊസിന്റെ സുവിശേഷത്തിന്റെ പഠനം സകല വായനക്കാർക്കും പ്രയോജനകരമായിരിക്കണം. മർക്കൊസ് വർണിക്കുന്ന സംഭവങ്ങൾ പൊ.യു. 29-ലെ വസന്തംമുതൽ പൊ.യു. 33-ലെ വസന്തംവരെയുളള കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു.
മർക്കൊസിന്റെ ഉളളടക്കം
12. മർക്കൊസിന്റെ ആദ്യത്തെ 13 വാക്യങ്ങളിൽ എന്തു തിക്കിക്കൊളളിച്ചിരിക്കുന്നു?
12 യേശുവിന്റെ സ്നാപനവും പ്രലോഭനവും (1:1-13). യോഹന്നാൻ സ്നാപകനെ തിരിച്ചറിയിച്ചുകൊണ്ടാണു മർക്കൊസ് സുവാർത്ത തുടങ്ങുന്നത്. അവനാണു “കർത്താവിന്റെ [“യഹോവയുടെ”, NW] വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ” എന്നു പ്രഘോഷിക്കാൻ അയയ്ക്കപ്പെട്ട മുൻകൂട്ടിപ്പറയപ്പെട്ട സന്ദേശവാഹകൻ. പെട്ടെന്നുതന്നെ വരാനിരിക്കുന്നവനെക്കുറിച്ചു സ്നാപകൻ പറയുന്നു, ‘അവൻ എന്നിലും ബലമേറിയവൻ.’ അതെ, അവൻ വെളളത്തിലല്ല, പരിശുദ്ധാത്മാവിൽ സ്നാപനം നൽകും. യേശു ഇപ്പോൾ ഗലീലയിലെ നസറേത്തിൽനിന്നു വരുന്നു, യോഹന്നാൻ അവനു സ്നാപനം നൽകുന്നു. ആത്മാവ് ഒരു പ്രാവുപോലെ യേശുവിൻമേൽ ഇറങ്ങുന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ഒരു ശബ്ദം സ്വർഗത്തിൽനിന്നു കേൾക്കുന്നു. (1:3, 7, 11) യേശു മരുഭൂമിയിൽ സാത്താനാൽ പ്രലോഭിപ്പിക്കപ്പെടുന്നു. ദൂതൻമാർ അവനെ ശുശ്രൂഷിക്കുന്നു. ഈ നാടകീയ സംഭവങ്ങളെല്ലാം മർക്കൊസിന്റെ ആദ്യത്തെ 13 വാക്യങ്ങളിൽ തിക്കിക്കൊളളിച്ചിരിക്കുന്നു.
13. യേശു നേരത്തേതന്നെ “ദൈവത്തിന്റെ പരിശുദ്ധൻ” എന്ന നിലയിലുളള തന്റെ അധികാരം ഏതു വിധങ്ങളിൽ പ്രകടമാക്കുന്നു?
13 യേശു ഗലീലയിലെ ശുശ്രൂഷ തുടങ്ങുന്നു (1:14–6:6). യോഹന്നാൻ അറസ്ററുചെയ്യപ്പെട്ട ശേഷം യേശു ഗലീലയിൽ ദൈവത്തിന്റെ സുവാർത്ത പ്രസംഗിച്ചുനടക്കുന്നു. അവന് എത്ര പ്രകമ്പനംസൃഷ്ടിക്കുന്ന സന്ദേശമാണുളളത്! “ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ.” (1:15) അവൻ ശിമോനെയും അന്ത്രയോസിനെയും യാക്കോബിനെയും യോഹന്നാനെയും അവരുടെ മത്സ്യബന്ധനവലകൾ വിട്ടു തന്നെ അനുഗമിക്കാൻ ക്ഷണിക്കുന്നു. ശബത്തിൽ കഫർന്നഹൂമിലെ സിനഗോഗിൽ അവൻ പഠിപ്പിച്ചുതുടങ്ങുന്നു. ജനം അതിശയിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ പഠിപ്പിക്കുന്നതു “ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുളളവനായിട്ടത്രേ.” അവൻ ഒരു ഭൂതബാധിതനിൽനിന്ന് ഒരു അശുദ്ധാത്മാവിനെ പുറത്താക്കിക്കൊണ്ടും പനിപിടിച്ചിരുന്ന, ശിമോന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിക്കൊണ്ടും “ദൈവത്തിന്റെ പരിശുദ്ധൻ” എന്ന നിലയിലുളള അധികാരം പ്രകടമാക്കുന്നു. വാർത്ത കാട്ടുതീ പോലെ പരക്കുന്നു. രാത്രിസമയത്തു ശിമോന്റെ വീടിനുവെളിയിൽ “പട്ടണം ഒക്കെയും” വന്നുകൂടി. യേശു രോഗികളായ അനേകരെ സുഖപ്പെടുത്തുകയും അനേകം ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നു.—1:22, 24, 33.
14. പാപങ്ങൾ മോചിക്കാനുളള തന്റെ അധികാരത്തിനു യേശു തെളിവുനൽകുന്നത് എങ്ങനെ?
14 “ഞാൻ . . . പ്രസംഗിക്കേണ്ടതിന്നു” എന്ന തന്റെ ദൗത്യം യേശു പ്രഖ്യാപിക്കുന്നു. (1:38) അവൻ ഗലീലയിലെല്ലാം അങ്ങോളമിങ്ങോളം പ്രസംഗിക്കുന്നു. അവൻ പോകുന്നടത്തെല്ലാം ഭൂതങ്ങളെ പുറത്താക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നു, അവരിൽ ഒരു കുഷ്ഠരോഗിയും ഒരു പക്ഷവാതക്കാരനും ഉൾപ്പെടുന്നു, “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്ന് അവൻ പക്ഷവാതക്കാരനോടു പറയുന്നു. ശാസ്ത്രിമാരിൽ ചിലർ തങ്ങളുടെ ഹൃദയത്തിൽ, ‘ഇതു ദൈവദൂഷണമാണ്, ദൈവത്തിനല്ലാതെ ആർക്കു പാപങ്ങൾ മോചിക്കാൻ കഴിയും?’ എന്നു ന്യായവാദം ചെയ്യുന്നു. അവരുടെ ചിന്തകൾ മനസ്സിലാക്കിക്കൊണ്ട് എഴുന്നേററു വീട്ടിലേക്കു പോകുക എന്നു പക്ഷവാതക്കാരനോടു പറഞ്ഞുകൊണ്ടു “പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു” എന്നു യേശു തെളിയിക്കുന്നു. ആളുകൾ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു. നികുതിപിരിവുകാരനായ ലേവി (മത്തായി) യേശുവിന്റെ അനുഗാമിയായിത്തീരുമ്പോൾ, “ഞാൻ നീതിമാൻമാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്ന് അവൻ ശാസ്ത്രിമാരോടു പറയുന്നു. താൻ “ശബ്ബത്തിന്നും കർത്താവ്” എന്ന് അവൻ തെളിയിക്കുന്നു.—2:5, 7, 10, 17, 28.
15. തന്റെ അത്ഭുതങ്ങളെ നിഷേധിക്കുന്നവരെ സംബന്ധിച്ച് യേശു എന്തു പ്രഖ്യാപിക്കുന്നു, കുടുംബബന്ധങ്ങളെ സംബന്ധിച്ച് അവൻ എന്തു പറയുന്നു?
15 യേശു ഇപ്പോൾ 12 അപ്പോസ്തലൻമാരുടെ കൂട്ടത്തെ രൂപവൽക്കരിക്കുന്നു. അവന്റെ ബന്ധുക്കൾ കുറേ എതിർപ്പു പ്രകടമാക്കുന്നു. പിന്നീടു യെരുശലേമിൽനിന്നുളള ചില ശാസ്ത്രിമാർ ഭൂതങ്ങളുടെ അധിപതിമുഖാന്തരം അവൻ ഭൂതങ്ങളെ പുറത്താക്കുന്നതായി കുററമാരോപിക്കുന്നു. “സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?” എന്നു യേശു അവരോടു ചോദിക്കുന്നു, “പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും” എന്ന് അവർക്കു മുന്നറിയിപ്പുകൊടുക്കുകയും ചെയ്യുന്നു. ചർച്ചാസമയത്ത് അവന്റെ അമ്മയും സഹോദരൻമാരും അവനെ അന്വേഷിച്ചുവരുന്നു, “ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറയാൻ യേശു പ്രേരിതനാകുന്നു.—3:23, 29, 35.
16. യേശു “ദൈവരാജ്യ”ത്തെക്കുറിച്ചു ദൃഷ്ടാന്തങ്ങളിലൂടെ എന്തു പഠിപ്പിക്കുന്നു?
16 യേശു ദൃഷ്ടാന്തങ്ങളാൽ “ദൈവരാജ്യത്തിന്റെ മർമ്മം” പഠിപ്പിച്ചുതുടങ്ങുന്നു. അവൻ (വചനം കേൾക്കുന്ന വ്യത്യസ്ത തരക്കാരെ ചിത്രീകരിക്കുന്ന) വിവിധതരം മണ്ണിൽ വീഴുന്ന വിത്തു വിതക്കുന്ന മനുഷ്യനെക്കുറിച്ചും തണ്ടിൻമേൽ പ്രകാശിക്കുന്ന വിളക്കിനെക്കുറിച്ചും സംസാരിക്കുന്നു. മറെറാരു ദൃഷ്ടാന്തത്തിൽ, ദൈവരാജ്യം ഒരു മനുഷ്യൻ നിലത്തു വിത്തു വിതക്കുമ്പോഴത്തേപ്പോലെയാണെന്നു യേശു പറയുന്നു: “ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.” (4:11, 28) അവൻ ഒരു കടുകുമണിയുടെ ദൃഷ്ടാന്തവും നൽകുന്നു. അതു സകല വിത്തുകളിലുംവെച്ചു ചെറുതാണെങ്കിലും തണലേകുന്ന വലിയ കൊമ്പുകളോടെ വളർന്നു വലുതാകുന്നു.
17. യേശുവിന്റെ അത്ഭുതങ്ങൾ അവന്റെ അധികാരത്തിന്റെ വ്യാപ്തിയെ പ്രകടമാക്കുന്നത് എങ്ങനെ?
17 അവർ ഗലീലക്കടൽ കടക്കുമ്പോൾ, യേശു ഒരു ശക്തമായ കാററ് അത്ഭുതകരമായി ശമിക്കാനിടയാക്കുന്നു. കൊടുങ്കാററടിച്ച സമുദ്രം “അനങ്ങാതിരിക്ക, അടങ്ങുക” എന്ന അവന്റെ കൽപ്പനയിങ്കൽ ശാന്തമാകുന്നു. (4:39) ഗദരദേശത്തു യേശു ഒരു മനുഷ്യനിൽനിന്നു ഭൂതങ്ങളുടെ ഒരു ‘ലെഗ്യോനെ’ പുറത്താക്കുകയും 2,000 പന്നികളുടെ ഒരു കൂട്ടത്തിൽ പ്രവേശിക്കാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു. പന്നിക്കൂട്ടം തുടർന്ന് ഒരു കടുന്തൂക്കിലൂടെ പാഞ്ഞുചെന്നു കടലിൽ മുങ്ങിച്ചാകുന്നു. (5:8-13) ഇതിനുശേഷം, യേശു തിരികെ മറുകര കടക്കുന്നു. യേശു യായിറോസിന്റെ 12 വയസ്സുളള പുത്രിയെ വീണ്ടും ജീവനിലേക്ക് ഉയർത്താൻ പോകുന്ന വഴിക്ക്, 12 വർഷമായി ഭേദമാകാതിരുന്ന ഒരു സ്ത്രീയുടെ രക്തസ്രാവം അവൾ അവന്റെ മേലങ്കിയിൽ തൊട്ടതിനാൽ മാത്രം സുഖപ്പെടുന്നു. സത്യമായി, മനുഷ്യപുത്രനു ജീവന്റെമേലും മരണത്തിൻമേലും അധികാരമുണ്ട്! എന്നിരുന്നാലും, യേശുവിന്റെ സ്വന്ത പ്രദേശത്തെ ജനങ്ങൾ അവന്റെ അധികാരത്തെ ചോദ്യംചെയ്യുന്നു. അവരുടെ വിശ്വാസമില്ലായ്മയിൽ അവൻ അതിശയിക്കുന്നുവെങ്കിലും “ചുററുമുളള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരി”ക്കുന്നു.—6:6.
18. (എ) യേശുവിന്റെ ശുശ്രൂഷ എങ്ങനെ വികസിപ്പിക്കുന്നു? (ബി) പഠിപ്പിക്കുന്നതിനും അത്ഭുതങ്ങൾചെയ്യുന്നതിനും യേശുവിനെ പ്രേരിപ്പിക്കുന്നത് എന്ത്?
18 ഗലീലയിലെ ശുശ്രൂഷ വികസിപ്പിക്കുന്നു (6:7–9:50). പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആളുകളെ സൗഖ്യമാക്കുന്നതിനും ഭൂതങ്ങളെ പുറത്താക്കുന്നതിനുമുളള നിർദേശങ്ങളും അധികാരവും സഹിതം ആ പന്തിരുവർ ഈരണ്ടു പേരായി അയയ്ക്കപ്പെടുന്നു. യേശുവിന്റെ പേർ സുപ്രസിദ്ധമായിത്തീരുന്നു. മരിച്ചവരിൽനിന്ന് ഉയർത്തപ്പെട്ട യോഹന്നാൻ സ്നാപകനാണതെന്നു ചിലർ വിചാരിക്കുന്നു. ഈ സാധ്യത ഹെരോദാവിനെ വ്യാകുലപ്പെടുത്തുന്നു, അയാളുടെ ജൻമദിനാഘോഷത്തിനാണു യോഹന്നാൻ ശിരച്ഛേദം ചെയ്യപ്പെട്ടത്. അപ്പോസ്തലൻമാർ അവരുടെ പ്രസംഗപര്യടനത്തിൽനിന്നു മടങ്ങിവന്നു തങ്ങളുടെ പ്രവർത്തനത്തിന്റെ ഒരു റിപ്പോർട്ട് യേശുവിനു കൊടുക്കുന്നു. ഒരു വലിയ ജനസമൂഹം ഗലീലയിലെങ്ങും യേശുവിനെ അനുഗമിക്കുന്നു. അവൻ, അവർ ‘ഇടയനില്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിയുന്നു.’ അതുകൊണ്ട് അവൻ അവരെ പലതും പഠിപ്പിച്ചുതുടങ്ങുന്നു. (6:34) അവൻ സ്നേഹപൂർവം ഭൗതികഭക്ഷണവും പ്രദാനംചെയ്യുന്നു, അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് 5,000 പുരുഷൻമാരെ പോഷിപ്പിക്കുന്നു. പിന്നീട് അധികം താമസിയാതെ, ശിഷ്യൻമാർ ബേത്സയിദെക്കു പോകവേ തങ്ങളുടെ വളളത്തിലിരുന്ന് ഒരു കൊടുങ്കാററിനോടു മല്ലിട്ടു വിഷമിക്കുമ്പോൾ അവൻ കടലിൻമീതെ നടന്ന് അവരെ സമീപിക്കുകയും കാററിനെ ശമിപ്പിക്കുകയും ചെയ്യുന്നു. ശിഷ്യൻമാർപോലും “അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ട”ത് അതിശയമല്ല!—6:51.
19, 20. (എ) യേശു ശാസ്ത്രിമാർക്കും പരീശൻമാർക്കും ശാസന കൊടുക്കുന്നത് എങ്ങനെ? (ബി) പത്രൊസും ശാസിക്കപ്പെടുന്നതിലേക്കു നയിക്കുന്നത് ഏതു സാഹചര്യങ്ങളാണ്?
19 കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതുസംബന്ധിച്ചു യെരുശലേമിൽനിന്നുളള പരീശൻമാരും ശാസ്ത്രിമാരുമായി യേശു ഗന്നേസരത്ത് ജില്ലയിൽവച്ച് ഒരു ചർച്ചയിലേർപ്പെടുന്നു. ‘ദൈവകല്പന വിട്ടുകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്ന’തുകൊണ്ട് അവൻ അവരെ ശാസിക്കുന്നു. ഒരു മനുഷ്യനെ മലിനീകരിക്കുന്നതു പുറത്തുനിന്നു പ്രവേശിക്കുന്നതല്ല, പിന്നെയോ അകത്തുനിന്ന്, ഹൃദയത്തിൽനിന്ന്, പുറപ്പെടുന്ന “ഹാനികരമായ ന്യായവാദങ്ങൾ” ആണ് എന്ന് അവൻ പറയുന്നു. (7:8, 21, NW) വടക്ക് സോർ, സീദോൻ പ്രദേശങ്ങളിലേക്കു ചെന്ന് ഒരു സീറോഫിനേഷ്യൻ സ്ത്രീയുടെ പുത്രിയിൽനിന്ന് ഒരു ഭൂതത്തെ പുറത്താക്കിക്കൊണ്ട് അവൻ ഒരു അത്ഭുതം ചെയ്യുന്നു.
20 ഗലീലയിൽ തിരിച്ചുചെല്ലുമ്പോൾ, യേശു വീണ്ടും തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോടു സഹതാപം കാട്ടി ഏഴപ്പവും ഏതാനുംചില ചെറുമീനും കൊണ്ട് 4,000 പുരുഷൻമാരെ പോഷിപ്പിക്കുന്നു. അവൻ പരീശൻമാരുടെ പുളിമാവിനെയും ഹെരോദാവിന്റെ പുളിമാവിനെയും കുറിച്ചു തന്റെ ശിഷ്യൻമാർക്കു മുന്നറിയിപ്പു കൊടുക്കുന്നു, എന്നാൽ അതേ സമയം അവർക്ക് ആശയം പിടികിട്ടാതിരിക്കുന്നു. പിന്നെ മറെറാരു അത്ഭുതം—ബെത്ത്സയിദയിലെ ഒരു അന്ധനെ സൗഖ്യമാക്കുന്നു. കൈസര്യ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കുളള വഴിമധ്യേ ഒരു ചർച്ചനടന്നപ്പോൾ പത്രൊസ് യേശുവിനെ “ക്രിസ്തു” ആയി ബോധ്യത്തോടെ തിരിച്ചറിയിക്കുന്നു, എന്നാൽ യേശു മനുഷ്യപുത്രന്റെ സമീപിച്ചുകൊണ്ടിരുന്ന കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ചു സംസാരിക്കുമ്പോൾ അവൻ ശക്തമായി പ്രതിഷേധിക്കുന്നു. ഇതിനു യേശു അവനെ ശാസിക്കുന്നു: “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നതു.” (8:29, 33) സുവാർത്തക്കുവേണ്ടി തന്നെ തുടർച്ചയായി അനുഗമിക്കാൻ യേശു തന്റെ ശിഷ്യൻമാരെ ഉദ്ബോധിപ്പിക്കുന്നു; അവർ അവനെക്കുറിച്ചു ലജ്ജിക്കുന്നുവെങ്കിൽ, തന്റെ പിതാവിന്റെ മഹത്ത്വത്തിൽ വരുമ്പോൾ അവൻ അവരെക്കുറിച്ചു ലജ്ജിക്കും.
21. (എ) “ദൈവരാജ്യം ശക്തിയോടെ വരുന്നത്” ആർ കാണുന്നു, എങ്ങനെ? (ബി) രാജ്യത്തെ ഒന്നാമതു കരുതുന്നതിനു യേശു ഊന്നൽ കൊടുക്കുന്നത് എങ്ങനെ?
21 ആറു ദിവസം കഴിഞ്ഞ്, ഒരു ഉയർന്ന പർവതമുകളിലായിരുന്നപ്പോൾ യേശു തേജസ്സിൽ മറുരൂപപ്പെടുന്നതു വീക്ഷിക്കവേ “ദൈവരാജ്യം ശക്തിയോടെ വരുന്നതു” കാണാൻ പത്രൊസിനും യാക്കോബിനും യോഹന്നാനും പദവി ലഭിക്കുന്നു. (9:1) ഒരു ബാലനിൽനിന്ന് ഒരു ഊമ ആത്മാവിനെ പുറത്താക്കിയതിനാൽ യേശു വീണ്ടും തന്റെ അധികാരം പ്രകടമാക്കുന്നു, രണ്ടാം പ്രാവശ്യം യേശു തന്റെ ആസന്നമായ കഷ്ടപ്പാടിനെയും മരണത്തെയുംകുറിച്ചു പറയുന്നു. ജീവനിലേക്കു പ്രവേശിക്കുന്നതിൽനിന്നു തങ്ങളെ തടയാൻ യാതൊന്നിനെയും അനുവദിക്കാതിരിക്കാൻ തന്റെ ശിഷ്യൻമാരെ അവൻ ബുദ്ധ്യുപദേശിക്കുന്നു. നിങ്ങളുടെ കൈ നിങ്ങളെ ഇടറിക്കുന്നുവോ? അതു ഛേദിച്ചുകളയുക! നിങ്ങളുടെ പാദമോ? അതു ഛേദിച്ചുകളയുക! നിങ്ങളുടെ കണ്ണോ? അത് എറിഞ്ഞുകളയുക! അംഗഭംഗത്തോടെ ദൈവരാജ്യത്തിൽ കടക്കുന്നതു മുഴുവനായി ഗീഹെന്നായിൽ തളളപ്പെടുന്നതിനെക്കാൾ നല്ലതാണ്.
22. ഏതു ബുദ്ധ്യുപദേശം പെരയയിലെ യേശുവിന്റെ ശുശ്രൂഷയെ പ്രദീപ്തമാക്കുന്നു?
22 പെരയയിലെ ശുശ്രൂഷ (10:1-52). യേശു യഹൂദ്യയുടെ അതിരുകളിലേക്കും “യോർദ്ദാന്നക്കരെ”ക്കും (പെരയയിലേക്കു) വരുന്നു. പരീശൻമാർ ഇപ്പോൾ അവനെ വിവാഹമോചനത്തെക്കുറിച്ചു ചോദ്യംചെയ്യുകയും വിവാഹത്തിന്റെ ദൈവികതത്ത്വങ്ങൾ പ്രസ്താവിക്കാൻ അവൻ ആ അവസരം ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു ധനികനായ യുവാവു നിത്യജീവൻ അവകാശപ്പെടുത്തുന്നതിനെക്കുറിച്ച് അവനോടു ചോദിക്കുന്നു, എന്നാൽ സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതിന് അയാൾ തന്റെ സ്വത്തുക്കൾ വിൽക്കേണ്ടതാണെന്നും യേശുവിന്റെ അനുഗാമി ആകേണ്ടതാണെന്നും കേൾക്കുമ്പോൾ ദുഃഖിതനാകുന്നു. യേശു തന്റെ ശിഷ്യരോടു പറയുന്നു: “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം.” സുവാർത്ത നിമിത്തം സകലവും ഉപേക്ഷിച്ചിരിക്കുന്നവരെ അവൻ പ്രോത്സാഹിപ്പിക്കുകയും “ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും . . വരുവാനുളള ലോകത്തിൽ നിത്യജീവനെയും” അവർക്കു വാഗ്ദത്തംചെയ്യുകയുമാണ്.—10:1, 25, 30.
23. യെരുശലേമിലേക്കുളള വഴിമധ്യേ ഏതു സംഭാഷണവും അത്ഭുതവും തുടർന്നു നടക്കുന്നു?
23 യേശുവും 12 പേരും ഇപ്പോൾ യെരുശലേമിലേക്കുളള വഴിയെ പുറപ്പെടുന്നു. തന്റെമുമ്പാകെയുളള കഷ്ടപ്പാടിനെയും തന്റെ പുനരുത്ഥാനത്തെയുംകുറിച്ചു യേശു മൂന്നാം പ്രാവശ്യവും അവരോടു പറയുന്നു. താൻ കുടിക്കുന്ന അതേ പാനപാത്രം കുടിക്കാൻ അവർക്കു കഴിയുമോ എന്ന് അവൻ അവരോടു ചോദിക്കുന്നു. “നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം” എന്ന് അവൻ അവരോടു പറയുന്നു. യെരീഹോയിൽനിന്നുളള അവരുടെ വഴിമധ്യേ ഒരു അന്ധനായ യാചകൻ, “ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ” എന്നു വിളിച്ചുപറയുന്നു. യേശു അന്ധനു കാഴ്ച കൊടുക്കുന്നു—മർക്കൊസ് രേഖപ്പെടുത്തുന്ന അവന്റെ അവസാനത്തെ സൗഖ്യമാക്കൽ.—10:44, 47, 48.
24, 25. (എ) ഏതു പ്രവർത്തനങ്ങളാൽ യേശു തന്റെ അധികാരത്തെ സാക്ഷ്യപ്പെടുത്തുന്നു? (ബി) അവൻ ഏതു വാദങ്ങളോടെ തന്റെ എതിരാളികൾക്ക് ഉത്തരം കൊടുക്കുന്നു? (സി) യേശു ജനക്കൂട്ടത്തിന് ഏതു മുന്നറിയിപ്പു കൊടുക്കുന്നു, അവൻ തന്റെ ശിഷ്യൻമാരോട് എന്തിനെ ശ്ലാഘിച്ചുപറയുന്നു?
24 യേശു യെരുശലേമിലും ചുററും (11:1–15:47). രേഖ പെട്ടെന്നു നീങ്ങുന്നു! യേശു ഒരു കഴുതപ്പുറത്തു നഗരത്തിലേക്കു സവാരിചെയ്യുന്നു, ജനം അവനെ രാജാവായി വാഴ്ത്തുന്നു. അടുത്ത ദിവസം അവൻ ആലയത്തെ ശുദ്ധീകരിക്കുന്നു. മുഖ്യപുരോഹിതൻമാരും ശാസ്ത്രിമാരും അവനെ ഭയപ്പെടുകയും അവന്റെ മരണത്തിനായി ശ്രമിക്കുകയും ചെയ്യുന്നു. “നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു” എന്ന് അവർ ചോദിക്കുന്നു. (11:28) യേശു വിദഗ്ധമായി ചോദ്യം അവരിലേക്കു തിരിച്ചുവിടുകയും മുന്തിരിത്തോട്ടത്തിന്റെ അവകാശിയെ കൊന്ന കൃഷിക്കാരുടെ ദൃഷ്ടാന്തം പറയുകയും ചെയ്യുന്നു. അവർ ആശയം മനസ്സിലാക്കുകയും അവനെ വിട്ടുപോകുകയും ചെയ്യുന്നു.
25 അടുത്തതായി, അവർ നികുതിയുടെ പ്രശ്നത്തിൽ അവനെ പിടിക്കാൻ ചില പരീശൻമാരെ അയയ്ക്കുന്നു. ഒരു ദിനാർ ആവശ്യപ്പെട്ടുകൊണ്ട്, “ഈ സ്വരൂപവും മേലെഴുത്തും ആരുടേതു” എന്ന് അവൻ ചോദിക്കുന്നു. “കൈസരുടേതു” എന്ന് അവർ മറുപടി പറയുന്നു. അപ്പോൾ “കൈസർക്കുളളതു കൈസർക്കും ദൈവത്തിന്നുളളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു യേശു പറയുന്നു. അവർ അവനിൽ അതിശയിച്ചുപോകുന്നത് ആശ്ചര്യമല്ല! (12:16, 17) പുനരുത്ഥാനത്തിൽ വിശ്വസിക്കാത്ത സദൂക്യർ ഇപ്പോൾ ‘ഒരു സ്ത്രീക്ക് അനുക്രമമായി ഏഴു ഭർത്താക്കൻമാർ ഉണ്ടായിരുന്നെങ്കിൽ അവൾ പുനരുത്ഥാനത്തിൽ ആരുടെ ഭാര്യയായിരിക്കും?’ എന്ന ചോദ്യത്താൽ അവനെ കുരുക്കാൻ ശ്രമിക്കുന്നു. മരിച്ചവരിൽനിന്ന് ഉയിർത്തുവരുന്നവർ വിവാഹംചെയ്യുകയില്ലാത്തതുകൊണ്ടു “സ്വർഗ്ഗത്തിലെ ദൂതൻമാരെപ്പോലെ” ആകുന്നു എന്ന് യേശു സത്വരം മറുപടി പറയുന്നു. (12:19-23, 25) “എല്ലാററിലും മുഖ്യകല്പന ഏതു,” ശാസ്ത്രിമാരിൽ ഒരാൾ ചോദിക്കുന്നു. യേശു ഉത്തരം പറയുന്നു: “എല്ലാററിലും മുഖ്യകല്പനയോ: ‘യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു [“യഹോവ”, NW] ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം’ എന്നു ആകുന്നു. രണ്ടാമത്തേതോ: ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം’ എന്നത്രേ.” (12:28-31) ഇതിനുശേഷം, അവനെ ചോദ്യംചെയ്യാൻ ആരും മുതിരുന്നില്ല. പൂർണതയുളള ഉപദേഷ്ടാവെന്ന നിലയിലുളള യേശുവിന്റെ അധികാരം ഉയർത്തിപ്പിടിക്കപ്പെടുന്നു. വലിയ ജനക്കൂട്ടം സന്തോഷത്തോടെ കേൾക്കുന്നു, യേശു പൊങ്ങച്ചക്കാരായ ശാസ്ത്രിമാർക്കെതിരെ അവർക്കു മുന്നറിയിപ്പു കൊടുക്കുന്നു. പിന്നീട്, മറെറല്ലാവരെക്കാളുമധികം ആലയ ഭണ്ഡാരത്തിലിട്ട ദരിദ്രയായ വിധവയെ അവൻ ശിഷ്യൻമാരുടെ മുമ്പാകെ ശ്ലാഘിക്കുന്നു, എന്തുകൊണ്ടെന്നാൽ അവളുടെ രണ്ടു ചെറിയ നാണയങ്ങൾ “തനിക്കു ഉളളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും” ആണ്.—12:44.
26. മർക്കൊസ് രേഖപ്പെടുത്തുന്ന ഏക ദീർഘപ്രസംഗം ഏതാണ്, അത് ഏതു ബുദ്ധ്യുപദേശത്തോടെ അവസാനിക്കുന്നു?
26 ഒലിവുമലയിൽ ആലയത്തെ വീക്ഷിച്ചുകൊണ്ടിരുന്ന യേശു തന്റെ ശിഷ്യൻമാരിൽ നാലുപേരോടു സ്വകാര്യമായി ഈ കാര്യങ്ങളുടെ സമാപനത്തിന്റെ “അടയാളം” പറയുന്നു. (മർക്കൊസ് രേഖപ്പെടുത്തുന്ന ദീർഘമായ പ്രസംഗം ഇതു മാത്രമാണ്, അതു മത്തായി 24, 25 എന്നീ അധ്യായങ്ങൾക്കു സമാന്തരമാണ്.) അത്, “ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതൻമാരും, പുത്രനും കൂടെ അറിയുന്നില്ല. ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ” എന്ന യേശുവിന്റെ ബുദ്ധ്യുപദേശത്തോടെ അവസാനിക്കുന്നു.—13:4, 32, 37.
27. ഗെത്സമേനയിൽ യേശുവിനെ ഒററിക്കൊടുക്കുന്നതിലേക്കു നയിക്കുന്ന സംഭവങ്ങളെ വർണിക്കുക.
27 അടുത്തുളള ബെഥനിയിൽവച്ച് ഒരു സ്ത്രീ വിലയേറിയ സുഗന്ധതൈലംകൊണ്ടു യേശുവിനെ അഭിഷേകം ചെയ്യുന്നു. ചിലർ ഇത് ഒരു പാഴ്ച്ചെലവാണെന്നു പറഞ്ഞു പ്രതിഷേധിക്കുന്നു. എന്നാൽ അത് ഒരു നല്ല പ്രവൃത്തിയാണെന്ന്, തന്റെ ശവസംസ്കാരത്തിനുവേണ്ടിയുളള ഒരുക്കമാണെന്നു യേശു പറയുന്നു. നിയമിതസമയത്തു യേശുവും 12 പേരും പെസഹായ്ക്കുവേണ്ടി നഗരത്തിൽ സമ്മേളിക്കുന്നു. അവൻ തന്നെ ഒററിക്കൊടുക്കുന്നയാളെ തിരിച്ചറിയിക്കുകയും വിശ്വസ്ത ശിഷ്യൻമാരുമായി സ്മാരക അത്താഴം ഏർപ്പെടുത്തുകയും ചെയ്യുന്നു. അനന്തരം അവർ ഒലിവുമലയിലേക്കു പോകുന്നു. വഴിമധ്യേ യേശു അവരോട് അവർ എല്ലാവരും ഇടറിപ്പോകുമെന്നു പറയുന്നു. “ഞാൻ ഇടറുകയില്ല” എന്നു പത്രൊസ് ഉദ്ഘോഷിക്കുന്നു. എന്നാൽ യേശു അവനോടു പറയുന്നു: “ഈ രാത്രിയിൽ തന്നേ കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തളളിപ്പറയും.” ഗെത്സമേന എന്ന സ്ഥലത്തെത്തിയപ്പോൾ ഉണർന്നിരിക്കാൻ യേശു ശിഷ്യൻമാരോട് ആവശ്യപ്പെട്ടുകൊണ്ടു പ്രാർഥിക്കാൻവേണ്ടി പിൻവാങ്ങുന്നു. അവന്റെ പ്രാർഥന ഈ വാക്കുകളോടെ പാരമ്യത്തിലെത്തുന്നു: “അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ.” മൂന്നു പ്രാവശ്യം യേശു തന്റെ ശിഷ്യൻമാരുടെ അടുക്കലേക്കു തിരികെ ചെല്ലുന്നു; മൂന്നു പ്രാവശ്യവും അവർ ഉറങ്ങുന്നതായി അവൻ കണ്ടെത്തുന്നു, ‘ഇതുപോലെയുളള ഒരു സമയത്തുപോലും’! (14:29, 30, 36, 41) എന്നാൽ നാഴിക വന്നിരിക്കുന്നു! നോക്കൂ!—ഒററുകാരൻ!
28. യേശുവിന്റെ അറസ്ററിന്റെയും മഹാപുരോഹിതന്റെ മുമ്പാകെയുളള ഹാജരാകലിന്റെയും സാഹചര്യങ്ങളേവ?
28 യൂദാ അടുത്തുവരുകയും യേശുവിനെ ചുംബിക്കുകയും ചെയ്യുന്നു. മുഖ്യപുരോഹിതന്റെ സായുധപടയാളികൾ അവനെ അറസ്ററുചെയ്യുന്നതിനുളള ഒരു അടയാളമാണത്. അവർ അവനെ മഹാപുരോഹിതന്റെ അരമനയിലേക്കു കൊണ്ടുവരുന്നു, അവിടെവെച്ച് അനേകർ അവനെതിരെ കളളസാക്ഷ്യം പറയുന്നു. എന്നാൽ അവരുടെ സാക്ഷ്യങ്ങൾ യോജിക്കുന്നില്ല. യേശുതന്നെ മൗനം പാലിക്കുന്നു. ഒടുവിൽ മഹാപുരോഹിതൻ, “നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ?” എന്ന് അവനോടു ചോദിക്കുന്നു. “ഞാൻ ആകുന്നു” എന്നു യേശു മറുപടി പറയുന്നു. ‘ദൈവദൂഷണം’ എന്നു മഹാപുരോഹിതൻ ആക്രോശിക്കുന്നു. അവരെല്ലാം അവനെ മരണയോഗ്യനായി കുററംവിധിക്കുന്നു. (14:61-64) താഴത്തെ മുററത്തുവച്ചു പത്രൊസ് യേശുവിനെ മൂന്നു പ്രാവശ്യം തളളിപ്പറഞ്ഞിരിക്കുന്നു. ഒരു കോഴി രണ്ടാം പ്രാവശ്യം കൂകുന്നു. പത്രൊസ് യേശുവിന്റെ വാക്കുകളോർത്തു പൊട്ടിക്കരയുന്നു.
29. യേശുവിന്റെ അന്തിമ വിചാരണയെയും വധത്തെയുംകുറിച്ചു മർക്കൊസ് എന്തു രേഖ ഉണ്ടാക്കുന്നു, രാജ്യം തർക്കവിഷയമാണെന്നു കാണിക്കപ്പെടുന്നത് എങ്ങനെ?
29 പ്രഭാതമായ ഉടനെ സൻഹെദ്രീം ആലോചന കഴിക്കുകയും യേശുവിനെ ബന്ധിച്ചു പീലാത്തോസിന്റെ അടുക്കലേക്കയയ്ക്കുകയും ചെയ്യുന്നു. അവൻ യേശു കുററപ്പുളളിയല്ലെന്ന് ഉടൻതന്നെ തിരിച്ചറിയുകയും അവനെ വിട്ടയയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, മുഖ്യപുരോഹിതൻമാരാൽ പ്രേരിതരായ ജനക്കൂട്ടത്തിന്റെ നിർബന്ധത്താൽ അവൻ യേശുവിനെ സ്തംഭത്തിലേററാൻ ഒടുവിൽ വിട്ടുകൊടുക്കുന്നു. യേശുവിനെ ഗോൽഗോഥായിലേക്കു (അർഥം “തലയോടിടം”) കൊണ്ടുപോയി സ്തംഭത്തിൽ തറയ്ക്കുന്നു, അവനെതിരായ കുററം മീതെ എഴുതിവെക്കുകയും ചെയ്യുന്നു: “യഹൂദൻമാരുടെ രാജാവ്.” കടന്നുപോകുന്നവർ അവനെ നോക്കി നിന്ദിക്കുന്നു: “ഇവൻ മററുളളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ.” ഉച്ചസമയംമുതൽ (ആറാം മണി) മൂന്നുമണിവരെ മുഴുദേശത്തും ഇരുട്ടു വ്യാപിക്കുന്നു. അനന്തരം യേശു ഉച്ചത്തിൽ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്ത്?” എന്നു നിലവിളിക്കുകയും മരിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങൾ കണ്ടുകൊണ്ട് ഒരു സേനാപതി “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പ്രസ്താവിക്കുന്നു. സൻഹെദ്രീമിൽപ്പെട്ട ഒരാളാണെങ്കിലും ഒരു ദൈവരാജ്യവിശ്വാസിയായ അരിമഥ്യയിലെ യോസേഫ് യേശുവിന്റെ ശരീരം ചോദിച്ചുവാങ്ങി പാറയിൽ വെട്ടിയ ഒരു കല്ലറയിൽ വെക്കുന്നു.—15:22, 26, 31, 34, 39.
30. ആഴ്ചയുടെ ഒന്നാം ദിവസം കല്ലറയ്ക്കൽ എന്തു സംഭവിക്കുന്നു?
30 യേശുവിന്റെ മരണശേഷമുളള സംഭവങ്ങൾ (16:1-8). ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ മൂന്നു സ്ത്രീകൾ കല്ലറക്കലേക്കു പോകുന്നു. അവർ അതിശയിച്ചുപോകുമാറു വാതിൽക്കലെ വലിയ കല്ല് ഉരുട്ടിമാററിയിരിക്കുന്നതായി കണ്ടെത്തുന്നു. അകത്തിരിക്കുന്ന “ഒരു ബാല്യക്കാരൻ” യേശു ഉയിർപ്പിക്കപ്പെട്ടുവെന്ന് അവരോടു പറയുന്നു. (16:5) അവൻ മേലാൽ അവിടെയില്ല, എന്നാൽ അവർക്കുമുമ്പേ ഗലീലയിലേക്കു പോകുകയാണ്. അവർ ഭയന്നുവിറച്ചുകൊണ്ടു കല്ലറയ്ക്കൽനിന്ന് ഓടിപ്പോകുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
31. (എ) യേശു മിശിഹായാണെന്നു മർക്കൊസ് സാക്ഷ്യപ്പെടുത്തുന്നത് എങ്ങനെ? (ബി) ദൈവപുത്രനെന്ന നിലയിലുളള യേശുവിന്റെ അധികാരത്തെ തെളിയിക്കുന്നത് എന്ത്, അവൻ എന്തിനു ദൃഢത കൊടുക്കുന്നു?
31 യേശുക്രിസ്തുവിനെസംബന്ധിച്ച ഈ സ്പഷ്ടമായ തൂലികാചിത്രത്തിലൂടെ ആദിമ ക്രിസ്തീയ കാലങ്ങൾമുതൽ ഇന്നുവരെയുളള മർക്കൊസിന്റെ സകല വായനക്കാർക്കും മിശിഹായെസംബന്ധിച്ച എബ്രായ തിരുവെഴുത്തുകളിലെ അനേകം പ്രവചനങ്ങളുടെ നിവൃത്തി തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു” എന്ന പ്രാരംഭ ഉദ്ധരണിമുതൽ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു?” എന്നു സ്തംഭത്തിൽ കിടന്നു പറഞ്ഞ വേദനയോടുകൂടിയ യേശുവിന്റെ വാക്കുകൾവരെ മർക്കൊസ് രേഖപ്പെടുത്തിയ അവന്റെ തീക്ഷ്ണമായ ശുശ്രൂഷയെക്കുറിച്ചുളള മുഴു വിവരണവും എബ്രായ തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞതിനോടു ചേർച്ചയിലാണ്. (മർക്കൊ. 1:2; 15:34; മലാ. 3:1; സങ്കീ. 22:1) തന്നെയുമല്ല, അവന്റെ അത്ഭുതങ്ങളും ആശ്ചര്യപ്രവൃത്തികളും അവന്റെ ആരോഗ്യാവഹമായ പഠിപ്പിക്കലും അവന്റെ കുററമററ ഖണ്ഡനങ്ങളും യഹോവയുടെ വചനത്തിലും ആത്മാവിലുമുളള അവന്റെ തികഞ്ഞ ആശ്രയവും സ്നേഹനിർഭരമായ അവന്റെ ആടുകളെ മേയിക്കലും—ഇവയെല്ലാം ദൈവപുത്രനായി അധികാരത്തോടെ വന്നവനെന്ന നിലയിൽ അവനെ ശ്രദ്ധേയനാക്കുന്നു. “അധികാരമുളളവനായി,” യഹോവയിൽനിന്നു ലഭിച്ച അധികാരമുളളവനായി, അവൻ ഉപദേശിച്ചു. അവൻ ഇവിടെ ഭൂമിയിലെ തന്റെ മുഖ്യവേലയെന്ന നിലയിൽ “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന ‘ദൈവത്തിന്റെ സുവാർത്ത’ പ്രസംഗിക്കുന്നതിന് ഊന്നൽ കൊടുത്തു. അവന്റെ പഠിപ്പിക്കൽ അതു ശ്രദ്ധിച്ചിട്ടുളളവർക്കെല്ലാം അമൂല്യപ്രയോജനമുളളതെന്നു തെളിഞ്ഞിരിക്കുന്നു.—മർക്കൊ. 1:22, 14, 15.
32. “ദൈവരാജ്യം” എന്ന പദപ്രയോഗം മർക്കൊസ് എത്ര പ്രാവശ്യം ഉപയോഗിക്കുന്നു, രാജ്യത്തിലൂടെ ജീവൻ പ്രാപിക്കുന്നതിന് അവൻ വിവരിക്കുന്ന ചില മാർഗനിർദേശക തത്ത്വങ്ങളേവ?
32 യേശു തന്റെ ശിഷ്യരോടു പറഞ്ഞു: “ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു.” “ദൈവരാജ്യം” എന്ന ഈ പദപ്രയോഗം മർക്കൊസ് 14 പ്രാവശ്യം ഉപയോഗിക്കുകയും രാജ്യം മുഖേന ജീവൻ പ്രാപിക്കാനുളളവർക്കായി അനേകം മാർഗനിർദേശക തത്ത്വങ്ങൾ വിവരിക്കുകയും ചെയ്യുന്നു. “ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും” എന്നു യേശു പ്രസ്താവിച്ചു. ജീവൻ പ്രാപിക്കുന്നതിനുളള സകല തടസ്സവും നീക്കപ്പെടണം. “ഒററക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടു കണ്ണുളളവനായി അഗ്നിനരകത്തിൽ [“ഗിഹെന്നായിൽ”, NW] വീഴുന്നതിനെക്കാൾ നിനക്കു നല്ലു.” “ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊളളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല” എന്നും “സമ്പത്തുളളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം” എന്നും യേശു കൂടുതലായി പ്രഖ്യാപിച്ചു. വലിയ രണ്ടു കൽപ്പനകൾ അനുസരിക്കുന്നതു സകല ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും വളരെ മൂല്യവത്താണെന്നു തിരിച്ചറിയുന്നവൻ “ദൈവരാജ്യത്തോടു അകന്നവൻ” അല്ലെന്ന് അവൻ പറഞ്ഞു. ഇവയിലും മർക്കൊസിന്റെ സുവിശേഷത്തിലെ മററു രാജ്യോപദേശങ്ങളിലും നമുക്കു ദൈനംദിനജീവിതത്തിൽ ബാധകമാക്കാൻ കഴിയുന്ന വളരെയധികം നല്ല ബുദ്ധ്യുപദേശം അടങ്ങിയിരിക്കുന്നു.—4:11; 8:35; 9:43-48; 10:13-15, 23-25; 12:28-34.
33. (എ) നമുക്കു മർക്കൊസിന്റെ സുവിശേഷത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാവുന്നതാണ്? (ബി) മർക്കൊസ് നമ്മെ ഏതു ഗതിക്കു പ്രോത്സാഹിപ്പിക്കണം, എന്തുകൊണ്ട്?
33 ‘മർക്കൊസിന്റെ’ സുവിശേഷം മുഴുവൻ ഒരുപക്ഷേ ഒന്നോ രണ്ടോ മണിക്കൂർകൊണ്ടു വായിച്ചുതീർക്കാൻ കഴിയും, വായനക്കാരനു യേശുവിന്റെ ശുശ്രൂഷയുടെ പുളകപ്രദമായ, സത്വരമായ, ഊർജസ്വലമായ ഒരു പുനരവലോകനം ലഭിക്കുകയും ചെയ്യുന്നു. ഈ നിശ്വസ്ത വിവരണത്തിന്റെ അങ്ങനെയുളള തുടർച്ചയായ വായനയും അതിന്റെ കൂടുതൽ സൂക്ഷ്മമായ പഠനവും ധ്യാനവും എല്ലായ്പോഴും പ്രയോജനപ്രദമെന്നു തെളിയും. മർക്കൊസിന്റെ സുവിശേഷം ഒന്നാം നൂററാണ്ടിലെപ്പോലെ ഇന്നും പീഡിതക്രിസ്ത്യാനികൾക്കു പ്രയോജനകരമാണ്, എന്തെന്നാൽ സത്യക്രിസ്ത്യാനികൾ ഇപ്പോൾ ‘ദുർഘടസമയങ്ങളെ’ അഭിമുഖീകരിക്കുകയാണ്, നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്തുവിനെസംബന്ധിച്ച ഈ രേഖയിൽ കാണുന്നതുപോലെയുളള നിശ്വസ്ത ബുദ്ധ്യുപദേശം അവർക്കാവശ്യവുമാണ്. അതു വായിക്കുക, അതിന്റെ നാടകീയ പ്രവർത്തനത്തിൽ പുളകംകൊളളുക. മുഖ്യകാര്യസ്ഥനും നമ്മുടെ വിശ്വാസത്തെ പൂർത്തീകരിക്കുന്നവനുമായ യേശുവിന്റെ കാൽചുവടുകളെ അവൻ പ്രകടമാക്കിയ അതേ അദമ്യ സന്തോഷത്തോടെ പിന്തുടരാൻ പ്രോത്സാഹനം സ്വീകരിക്കുകയും ചെയ്യുക. (2 തിമൊ. 3:1; എബ്രാ. 12:2) അതേ, അവനെ ഒരു കർമനിരതനായ മനുഷ്യനായി കാണുക, അവന്റെ തീക്ഷ്ണതയാൽ നിറയുക, പരിശോധനയുടെയും എതിർപ്പിന്റെയും മധ്യേയുളള അവന്റെ വിട്ടുവീഴ്ചയില്ലാത്ത നിർമലതയെയും ധൈര്യത്തെയും പകർത്തുകയും ചെയ്യുക. നിശ്വസ്ത തിരുവെഴുത്തുകളുടെ ഈ സമ്പുഷ്ട ഭാഗത്തിൽനിന്ന് ആശ്വാസം നേടുക. അതു നിങ്ങളുടെ നിത്യജീവാന്വേഷണത്തിൽ നിങ്ങൾക്കു പ്രയോജനം ചെയ്യട്ടെ!
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 337.