അധ്യായം 39
യോദ്ധാവാം രാജാവ് അർമഗെദോനിൽ വിജയം വരിക്കുന്നു
ദർശനം 13—വെളിപ്പാടു 19:11-21
വിഷയം: സാത്താന്റെ വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിന് യേശു സ്വർഗീയ സൈന്യങ്ങളെ നയിക്കുന്നു
നിവൃത്തിയുടെ കാലം: മഹാബാബിലോന്റെ നാശത്തിനുശേഷം
1. അർമഗെദോൻ എന്താണ്, അതിലേക്കു നയിക്കുന്നതെന്ത്?
അർമഗെദോൻ—അനേകരെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്ന ഒരു പദം! എന്നാൽ അതു നീതിസ്നേഹികൾക്ക്, യഹോവ ജനതകളുടെമേൽ അന്തിമ ന്യായവിധി നടപ്പാക്കുന്നതും ദീർഘകാലമായി പ്രതീക്ഷിച്ചിരുന്നതുമായ ദിവസത്തെ സൂചിപ്പിക്കുന്നു. അതു മനുഷ്യരുടെ യുദ്ധമല്ല, പിന്നെയോ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മാണ്—ഭൂമിയിലെ ഭരണാധികാരികൾക്കെതിരെയുളള അവന്റെ പ്രതികാരദിവസം. (വെളിപ്പാടു 16:14, 16; യെഹെസ്കേൽ 25:17) മഹാബാബിലോന്റെ ശൂന്യമാക്കലോടെ മഹോപദ്രവം തുടങ്ങിക്കഴിഞ്ഞിരിക്കും. അതിനുശേഷം സാത്താനാൽ പ്രചോദിതരായി കടുഞ്ചുവപ്പു നിറമുളള കാട്ടുമൃഗവും അതിന്റെ പത്തുകൊമ്പുകളും യഹോവയുടെ ജനത്തിൻമേലുളള അവരുടെ ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പിശാച് ദൈവത്തിന്റെ സ്ത്രീസമാന സ്ഥാപനത്തിനുനേർക്ക് എന്നത്തെക്കാളധികം ക്രുദ്ധനായി അവളുടെ സന്തതിയിൽ ശേഷിക്കുന്നവരുമായുളള യുദ്ധം അവസാനത്തോളം നടത്താൻ തന്റെ ഡ്യൂപ്പുകളെ ഉപയോഗിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. (വെളിപ്പാടു 12:17) ഇതു സാത്താന്റെ അന്തിമ അവസരമാണ്!
2. മാഗോഗിലെ ഗോഗ് ആരാണ്, തന്റെ സ്വന്തം ജനത്തെ ആക്രമിക്കാൻ യഹോവ അവനെ തന്ത്രപൂർവം നയിക്കുന്നതെങ്ങനെ?
2 പിശാചിന്റെ ദുഷ്ട ആക്രമണം യെഹെസ്കേൽ 38-ാം അധ്യായത്തിൽ വ്യക്തമായി വർണിക്കുന്നു. അവിടെ താഴ്ത്തപ്പെട്ട സാത്താൻ ‘മാഗോഗ്ദേശത്തിലെ ഗോഗ്’ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. ആക്രമണത്തിന് അവനെയും അവന്റെ അസംഖ്യം സൈന്യത്തെയും ആകർഷിച്ചുകൊണ്ട് യഹോവ ഗോഗിന്റെ താടിയെല്ലുകളിൽ ആലങ്കാരിക ചൂണ്ട കൊളുത്തുന്നു. അവൻ ഇത് എങ്ങനെയാണു ചെയ്യുന്നത്? തന്റെ സാക്ഷികളെ “ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന” പ്രതിരോധമില്ലാത്ത ഒരു ജനതയായി ഗോഗ് കാണാൻ ഇടയാക്കിക്കൊണ്ടുതന്നെ. കാട്ടുമൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കാൻ വിസമ്മതിച്ച ഒരു ജനമെന്നനിലയിൽ ഇവർ ഭൂമിയിൽ കേന്ദ്രസ്ഥാനത്തു നിൽക്കുന്നു. അവരുടെ ആത്മീയ ബലവും സമൃദ്ധിയും ഗോഗിനെ രോഷാകുലനാക്കുന്നു. അതുകൊണ്ട്, ഗോഗും അവന്റെ അസംഖ്യം സൈന്യവും, സമുദ്രത്തിൽനിന്നു കയറിവന്ന കാട്ടുമൃഗവും അതിന്റെ പത്തുകൊമ്പുകളും സഹിതം കൊലയ്ക്കു കൂട്ടംകൂടിവരുന്നു. എന്നിരുന്നാലും മഹാബാബിലോനിൽനിന്നു വിഭിന്നമായി ദൈവത്തിന്റെ ശുദ്ധിയുളള ജനം ദിവ്യസംരക്ഷണം ആസ്വദിക്കുന്നു!—യെഹെസ്കേൽ 38:1, 4, 11, 12, 15; വെളിപ്പാടു 13:1.
3. യഹോവ ഗോഗിന്റെ സൈന്യത്തെ നശിപ്പിക്കുന്നതെങ്ങനെ?
3 ഗോഗിനെയും അവന്റെ സകല കൂട്ടത്തെയും യഹോവ നശിപ്പിക്കുന്നതെങ്ങനെയാണ്? ശ്രദ്ധിക്കൂ! “ഞാൻ എന്റെ സകല പർവ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാൻ കല്പിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഓരോരുത്തന്റെ വാൾ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.” എന്നാൽ ആണവായുധങ്ങളോ പരമ്പരാഗത ആയുധങ്ങളോ ആ പോരാട്ടത്തിൽ ഉപയോഗിക്കുകയില്ല, എന്തെന്നാൽ യഹോവ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുളള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും. ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുകയും എന്നെത്തന്നേ വിശുദ്ധീകരിക്കുകയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.”—യെഹെസ്കേൽ 38:21-23; 39:11; താരതമ്യം ചെയ്യുക: യോശുവ 10:8-14; ന്യായാധിപൻമാർ 7:19-22; 2 ദിനവൃത്താന്തം 20:15, 22-24; ഇയ്യോബ് 38:22, 23.
“വിശ്വസ്തനും സത്യവാനും” എന്നു വിളിക്കപ്പെടുന്നവൻ
4. യോഹന്നാൻ യുദ്ധസജ്ജനായ യേശുക്രിസ്തുവിനെ വർണിക്കുന്നതെങ്ങനെ?
4 യഹോവ ഒരു വാൾ വിളിച്ചുവരുത്തുന്നു. ആ വാൾ പ്രയോഗിക്കുന്നവൻ ആരാണ്? വെളിപാടിലേക്കു തിരിച്ചുചെല്ലുമ്പോൾ മറെറാരു പുളകപ്രദമായ ദർശനത്തിൽ നാം അതിന്റെ ഉത്തരം കണ്ടെത്തുന്നു. യഥാർഥത്തിൽ ഭയോദ്ദീപകമായ ചിലതു വെളിപ്പെടുത്തുന്നതിനുവേണ്ടി യോഹന്നാന്റെ കൺമുമ്പാകെ സ്വർഗങ്ങൾ തുറക്കുന്നു—യേശുക്രിസ്തുതന്നെ യുദ്ധസജ്ജനായി നിൽക്കുന്നു. യോഹന്നാൻ നമ്മോടു പറയുന്നു: “അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെളളക്കുതിര പ്രത്യക്ഷമായി; അതിൻമേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നു പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ”.—വെളിപ്പാടു 19:11, 12എ.
5, 6. (എ) “വെളളക്കുതിര”യാൽ, (ബി) “വിശ്വസ്തനും സത്യവാനും” എന്ന പേരിനാൽ, (സി) “അഗ്നിജ്വാല”പോലുളള കണ്ണുകളാൽ, (ഡി) “അനേകം രാജമുടി”കളാൽ, അർഥമാക്കപ്പെടുന്നതെന്ത്?
5 നാലു കുതിരക്കാരെ സംബന്ധിച്ച ആദിമ ദർശനത്തിലെപ്പോലെതന്നെ ഈ “വെളളക്കുതിര” നീതിപൂർവകമായ യുദ്ധത്തിന്റെ ഉചിതമായ ഒരു പ്രതീകമാണ്. (വെളിപ്പാടു 6:2) ദൈവപുത്രൻമാരിൽ ആർക്ക് ഈ ശക്തനായ യോദ്ധാവിനെക്കാളധികം നീതിമാനായിരിക്കാൻ കഴിയും? “വിശ്വസ്തനും സത്യവാനും” എന്നു വിളിക്കപ്പെടുന്നതുകൊണ്ട് അവൻ “വിശ്വസ്തനും സത്യവാനുമായ സാക്ഷി”യായ യേശുക്രിസ്തു ആയിരിക്കണം. (വെളിപ്പാടു 3:14) യഹോവയുടെ നീതിയുളള ന്യായവിധികൾ നടപ്പാക്കുന്നതിന് അവൻ യുദ്ധം ചെയ്യുന്നു. അങ്ങനെ അവൻ യഹോവയുടെ നിയമിത ന്യായാധിപൻ, “ശക്തനാം ദൈവം” എന്ന തന്റെ പദവിയിൽ പ്രവർത്തിക്കുന്നു. (യെശയ്യാവ് 9:6, NW) അവന്റെ കണ്ണുകൾ ഭയോദ്ദീപകമാണ്, തന്റെ ശത്രുക്കളുടെ അഗ്നിമയമായ നാശത്തിലേക്കു നോക്കുന്ന “അഗ്നിജ്വാല” പോലുളളതുതന്നെ.
6 ഈ യോദ്ധാവാം രാജാവിന്റെ തലയിൽ രാജമുടികൾ ധരിച്ചിരിക്കുന്നു. സമുദ്രത്തിൽനിന്നു കയറിവരുന്നതായി യോഹന്നാൻ കണ്ട കാട്ടുമൃഗത്തിനു ഭൗമികരംഗത്തെ അതിന്റെ താത്കാലിക ഭരണാധിപത്യത്തെ ചിത്രീകരിക്കുന്ന പത്തുരാജമുടികൾ ഉണ്ട്. (വെളിപ്പാടു 13:1) എങ്കിലും യേശുവിന് “അനേകം രാജമുടികൾ” ഉണ്ട്. അവന്റെ മഹത്തായ ഭരണാധിപത്യം അതുല്യമാണ്. എന്തെന്നാൽ അവൻ “രാജാധിരാജാവും കർത്താധികർത്താവും” ആണ്.—1 തിമൊഥെയൊസ് 6:15.
7. യേശുവിന്റെ എഴുതീട്ടുളള നാമം എന്താണ്?
7 യോഹന്നാന്റെ വർണന തുടരുന്നു: “എഴുതീട്ടുളള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.” (വെളിപ്പാടു 19:12ബി) ബൈബിൾ ദൈവപുത്രനെക്കുറിച്ച് യേശു, ഇമ്മാനുവേൽ, മീഖായേൽ എന്നീ പേരുകളിൽ ഇപ്പോൾതന്നെ സംസാരിക്കുന്നു. എന്നാൽ പ്രസ്താവിച്ചിട്ടില്ലാത്ത ഈ “നാമം” കർത്താവിന്റെ ദിവസത്തിൽ യേശു ആസ്വദിക്കുന്ന സ്ഥാനത്തിനും പദവികൾക്കും വേണ്ടി നിലകൊളളുന്നുവെന്നു തോന്നുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 2:17.) 1914-നു ശേഷമുളള യേശുവിനെ വർണിക്കുകയിൽ യെശയ്യാവ് പറയുന്നു: “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശയ്യാവു 9:6) അപ്പോസ്തലനായ പൗലോസ് യേശുവിന്റെ നാമത്തെ അവന്റെ വളരെ ഉയർന്ന സേവനപദവികളോടു ബന്ധപ്പെടുത്തി, അവൻ ഇപ്രകാരം എഴുതിയപ്പോൾ: “ദൈവവും അവനെ [യേശുവിനെ] ഏററവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിൽ . . . മുഴങ്കാൽ ഒക്കെയും” മടങ്ങേണ്ടതിനുതന്നെ.—ഫിലിപ്പിയർ 2:9, 10.
8. യേശുവിനു മാത്രമേ എഴുതീട്ടുളള നാമം അറിയാവൂ എന്നുളളതെന്തുകൊണ്ട്, അവന്റെ ചില ശ്രേഷ്ഠപദവികളിൽ ആർ പങ്കെടുക്കുന്നു?
8 യേശുവിന്റെ പദവികൾ അതുല്യമാണ്. യഹോവക്കു പുറമേ, യേശുവിനു മാത്രമേ അത്തരം ഉയർന്ന ഒരു സ്ഥാനം വഹിക്കുന്നത് എന്തർഥമാക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിയൂ. (താരതമ്യം ചെയ്യുക: മത്തായി 11:27.) അതുകൊണ്ട് ദൈവത്തിന്റെ സകല സൃഷ്ടികളിലുംവെച്ച് യേശുവിനു മാത്രമേ ഈ നാമം പൂർണമായി വിലമതിക്കാൻ കഴിയൂ. എന്നിരുന്നാലും യേശു തന്റെ മണവാട്ടിയെ ഈ പദവികളിൽ ചിലതിൽ ഉൾപ്പെടുത്തുന്നു. അതുകൊണ്ട് അവൻ ഈ വാഗ്ദത്തം ചെയ്യുന്നു: “ജയിക്കുന്നവനെ . . . എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.”—വെളിപ്പാടു 3:12.
9. എന്തു സൂചിപ്പിക്കപ്പെടുന്നു, (എ) യേശു “രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്ന”തിനാൽ? (ബി) യേശു “ദൈവവചനം” എന്നു വിളിക്കപ്പെടുന്നതിനാൽ?
9 യോഹന്നാൻ കൂട്ടിച്ചേർക്കുന്നു: “അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.” (വെളിപ്പാടു 19:13) ഇത് ആരുടെ “രക്തം” ആണ്? അതു മനുഷ്യവർഗത്തിനുവേണ്ടി ചൊരിയപ്പെട്ട യേശുവിന്റെ ജീവരക്തം ആയിരിക്കാം. (വെളിപ്പാടു 1:5) എന്നാൽ ഈ സന്ദർഭത്തിൽ അത് അവന്റെ ശത്രുക്കളുടെമേൽ യഹോവയുടെ ന്യായവിധി നടപ്പാക്കപ്പെടുമ്പോൾ ചൊരിയുന്ന രക്തത്തെ പരാമർശിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഭൂമിയിലെ മുന്തിരി കൊയ്യുന്നതും “കുതിരകളുടെ കടിവാളങ്ങളോളം” ഉയരത്തിൽ രക്തം എത്തുന്നതുവരെ ദൈവകോപത്തിന്റെ വലിയ ചക്കിൽ മെതിക്കുന്നതും സംബന്ധിച്ച മുൻദർശനം നമ്മെ ഓർമിപ്പിക്കുന്നു—ദൈവത്തിന്റെ ശത്രുക്കളുടെമേലുളള ഒരു വലിയ വിജയത്തെ അർഥമാക്കുന്നതുതന്നെ. (വെളിപ്പാടു 14:18-20) അതുപോലെതന്നെ യേശുവിന്റെ മേലങ്കിയിൽ തളിക്കപ്പെട്ട രക്തം അവന്റെ വിജയം നിർണായകവും പൂർണവുമാണെന്നു സ്ഥിരീകരിക്കുന്നു. (താരതമ്യം ചെയ്യുക: യെശയ്യാവു 63:1-6.) ഇപ്പോൾ യേശുവിന് ഒരു പേരു വിളിക്കപ്പെടുന്നതായി യോഹന്നാൻ വീണ്ടും പറയുന്നു. ഈ പ്രാവശ്യം അതു പ്രസിദ്ധമായ ഒരു നാമമാണ്—“ദൈവവചനം”—ഈ യോദ്ധാവാം രാജാവിനെ യഹോവയുടെ മുഖ്യവക്താവും സത്യത്തിന്റെ രക്ഷിതാവുമായി തിരിച്ചറിയിക്കുന്ന ഒന്നാണത്.—യോഹന്നാൻ 1:1; വെളിപ്പാടു 1:1.
യേശുവിന്റെ സഹയോദ്ധാക്കൾ
10, 11. (എ) യേശു യുദ്ധത്തിൽ ഒററയ്ക്കല്ലെന്ന് യോഹന്നാൻ എങ്ങനെ പ്രകടമാക്കുന്നു? (ബി) കുതിരകൾ “വെളള”യാണെന്നും കുതിരക്കാർ “നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം” ധരിച്ചവരാണെന്നുമുളള വസ്തുതയാൽ എന്തു സൂചിപ്പിക്കപ്പെടുന്നു? (സി) സ്വർഗീയ “സൈന്യ”ങ്ങൾ ആർ ചേർന്നു രൂപം കൊളളുന്നു?
10 ഈ യുദ്ധം നടത്തുന്നതിൽ യേശു ഒററയ്ക്കല്ല. യോഹന്നാൻ നമ്മോടു പറയുന്നു; “സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെളളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.” (വെളിപ്പാടു 19:14) കുതിരകൾ ‘വെളുത്ത’താണെന്നുളള വസ്തുത നീതിയുളള യുദ്ധത്തെ കുറിക്കുന്നു. രാജാവിന്റെ കുതിരക്കാർക്കു യോജിച്ചതാണു “വിശേഷ വസ്ത്രം”, അതിന്റെ തിളങ്ങുന്ന, നിർമലമായ വെൺമ യഹോവയുടെ മുമ്പാകെയുളള ശുദ്ധവും നീതിപൂർവകവുമായ നിലയെ സൂചിപ്പിക്കുന്നു. അപ്പോൾ ഈ “സൈന്യം” ആർ ചേർന്നു രൂപംകൊളളുന്നു? നിസ്സംശയമായും അവരിൽ വിശുദ്ധദൂതൻമാർ ഉൾപ്പെടുന്നു. കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിലായിരുന്നു മീഖായേലും അവന്റെ ദൂതൻമാരും സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്നു ബഹിഷ്കരിച്ചത്. (വെളിപ്പാടു 12:7-9) അതിനുപുറമേ, യേശു തന്റെ മഹത്ത്വമുളള സിംഹാസനത്തിൽ ഇരുന്നു ഭൂമിയിലെ ജനതകളെയും ജനങ്ങളെയും ന്യായംവിധിച്ചു തുടങ്ങുമ്പോൾ ‘സകല ദൂതൻമാരും’ ഇപ്പോൾ അവനു സേവചെയ്യുന്നു. (മത്തായി 25:31, 32) ദൈവത്തിന്റെ ന്യായവിധികൾ പൂർണമായി നടപ്പാക്കപ്പെടുമ്പോൾ വിധിനിർണായക യുദ്ധത്തിൽ അവന്റെ ദൂതൻമാർ യേശുവിനോടുകൂടെ വീണ്ടും ഉണ്ടായിരിക്കും.
11 മററുളളവരും ഉൾപ്പെട്ടിരിക്കും. തുയഥൈര സഭയ്ക്കു തന്റെ സന്ദേശം അയക്കുമ്പോൾ യേശു ഇപ്രകാരം വാഗ്ദത്തം ചെയ്തു: “ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.” (വെളിപ്പാടു 2:26, 27) സംശയരഹിതമായും, സമയമാകുമ്പോൾ സ്വർഗത്തിൽ ആയിരിക്കുന്ന ക്രിസ്തുവിന്റെ സഹോദരൻമാർക്കു ജനങ്ങളെയും ജനതകളെയും ഇരുമ്പുദണ്ഡുകൊണ്ടു മേയിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കും.
12. (എ) ഭൂമിയിലുളള ദൈവദാസൻമാർ അർമഗെദോനിലെ പോരാട്ടത്തിൽ പങ്കെടുക്കുമോ? (ബി) ഭൂമിയിലുളള യഹോവയുടെ ജനം അർമഗെദോനിലെ പോരാട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
12 എങ്കിലും, ഭൂമിയിലുളള ദൈവദാസൻമാരെ സംബന്ധിച്ചെന്ത്? അർമഗെദോനിലെ പോരാട്ടത്തിൽ യോഹന്നാൻവർഗത്തിന് ഒരു സജീവ പങ്കുണ്ടായിരിക്കുകയില്ല; യഹോവയുടെ ആത്മീയ ആരാധനാലയത്തിലേക്ക് ഒഴുകി വന്നുകൊണ്ടിരിക്കുന്ന സകല ജനതകളിൽനിന്നുമുളള ആളുകളായ അതിന്റെ വിശ്വസ്ത കൂട്ടാളികൾക്കും പങ്കുണ്ടായിരിക്കുകയില്ല. സമാധാനപ്രിയരായ ഈ മനുഷ്യർ ഇപ്പോൾതന്നെ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു. (യെശയ്യാവു 2:2-4) എങ്കിലും, അവർ വളരെയധികം ഉൾപ്പെട്ടിരിക്കുന്നു! നാം കുറിക്കൊണ്ടുകഴിഞ്ഞതുപോലെ, ഗോഗും അവന്റെ പടക്കൂട്ടവും ക്രൂരമായി ആക്രമിക്കുന്നത് പ്രഥമദൃഷ്ട്യാ പ്രതിരോധമില്ലാത്തതായി തോന്നിക്കുന്ന യഹോവയുടെ ജനത്തെയാണ്. അതു സ്വർഗത്തിലെ സൈന്യത്തിന്റെ പിന്തുണയുളള യഹോവയുടെ യോദ്ധാവാം രാജാവിന് ആ ജനതകൾക്കെതിരെ ഒരു നിർമൂലനയുദ്ധം തുടങ്ങാനുളള അടയാളമാണ്. (യെഹെസ്കേൽ 39:6, 7, 11; താരതമ്യം ചെയ്യുക: ദാനീയേൽ 11:44–12:1.) കാഴ്ചക്കാരെന്നനിലയിൽ ഭൂമിയിലെ ദൈവജനം അത്യന്തം താത്പര്യമുളളവരായിരിക്കും. അർമഗെദോൻ അവരുടെ രക്ഷയെ അർഥമാക്കും, യഹോവയുടെ വലിയ സംസ്ഥാപനയുദ്ധത്തിന്റെ ദൃക്സാക്ഷികൾ ആയിരുന്നുകൊണ്ട് അവർ സകലനിത്യതയിലും ജീവിക്കും.
13. യഹോവയുടെ സാക്ഷികൾ സകല ഗവൺമെൻറിനും എതിരല്ലെന്നു നാം എങ്ങനെ അറിയുന്നു?
13 യഹോവയുടെ സാക്ഷികൾ സകല ഗവൺമെൻറിനും എതിരാണെന്ന് ഇതർഥമാക്കുന്നുവോ? അശേഷമില്ല! “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ” എന്ന അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധ്യുപദേശം അവർ അനുസരിക്കുന്നു. ഇപ്പോഴത്തെ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യസമുദായത്തിൽ ഒരളവിലുളള ക്രമം നിലനിർത്തുന്നതിനു ദൈവത്തിന്റെ അനുവാദത്താൽ ആ “ശ്രേഷ്ഠാധികാരങ്ങൾ” നിലനിൽക്കുന്നതായി അവർ തിരിച്ചറിയുന്നു. അങ്ങനെ യഹോവയുടെ സാക്ഷികൾ അവരുടെ നികുതികൾ കൊടുക്കുന്നു, നിയമങ്ങൾ അനുസരിക്കുന്നു, ഗതാഗതചട്ടങ്ങളെ ആദരിക്കുന്നു, പേർചാർത്തലിനോടു സഹകരിക്കുന്നു, അങ്ങനെ പലതും ചെയ്യുന്നു. (റോമർ 13:1, 6, 7) അതിനുപുറമേ വിശ്വസ്തരും സത്യസന്ധരും ആയിരിക്കുന്നതിലും അയൽക്കാരോടു സ്നേഹം പ്രകടമാക്കുന്നതിലും ശക്തമായ ഒരു ധാർമിക കുടുംബം കെട്ടിപ്പടുക്കുന്നതിലും തങ്ങളുടെ കുട്ടികളെ മാതൃകായോഗ്യരായ പൗരൻമാരായി പരിശീലിപ്പിക്കുന്നതിലും അവർ ബൈബിൾതത്ത്വങ്ങൾ പിൻപററുന്നു. ഈ വിധത്തിൽ അവർ “കൈസർക്കുളളതു കൈസർക്കു” തിരികെ കൊടുക്കുക മാത്രമല്ല “ദൈവത്തിന്നുളളതു ദൈവത്തിന്നും” തിരികെ കൊടുക്കുന്നു. (ലൂക്കൊസ് 20:25; 1 പത്രൊസ് 2:13-17) ഈ ലോകത്തിലെ ഭരണാധികാരികൾ താത്കാലികമാണെന്നു ദൈവത്തിന്റെ വചനം പറയുന്നതുകൊണ്ട് യഹോവയുടെ സാക്ഷികൾ ക്രിസ്തുവിന്റെ രാജ്യഭരണത്തിൻകീഴിൽ പെട്ടെന്നുതന്നെ ആസ്വദിക്കാൻ കഴിയുന്ന പൂർണജീവനുവേണ്ടി, യഥാർഥജീവനുവേണ്ടി ഇപ്പോൾ ഒരുങ്ങുന്നു. (1 തിമൊഥെയൊസ് 6:17-19) ഈ ലോകത്തിലെ ഭരണങ്ങളെ മറിച്ചിടുന്നതിൽ അവർക്ക് ഒരു പങ്കും ഇല്ലെങ്കിലും വിശുദ്ധബൈബിളാകുന്ന ദൈവത്തിന്റെ നിശ്വസ്തവചനം, യഹോവ അർമഗെദോനിൽ നടപ്പാക്കാൻ പോകുന്ന ന്യായവിധിയെക്കുറിച്ചു പറയുന്നതിനോട് അവർക്കു ഭയഭക്തിതോന്നുന്നു.—യെശയ്യാവു 26:20, 21; എബ്രായർ 12:28, 29.
അന്തിമ യുദ്ധത്തിലേക്ക്!
14. യേശുവിന്റെ വായിൽനിന്നു പുറപ്പെടുന്ന നീണ്ട ‘മൂർച്ചയുളള വാളിനാൽ’ പ്രതീകവത്കരിക്കപ്പെടുന്നതെന്ത്?
14 യേശു എന്തധികാരത്താൽ തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കുന്നു? യോഹന്നാൻ നമ്മെ അറിയിക്കുന്നു: “ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുളള വാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയ്ക്കും.” (വെളിപ്പാടു 19:15എ) ആ നീണ്ട “മൂർച്ചയുളള വാൾ” ദൈവരാജ്യത്തെ പിന്താങ്ങാൻ വിസമ്മതിക്കുന്ന എല്ലാവരെയും വധിക്കുവാൻ കൽപ്പന പുറപ്പെടുവിക്കുന്നതിനുളള യേശുവിന്റെ ദൈവദത്തമായ അധികാരത്തെ പ്രതിനിധാനം ചെയ്യുന്നു. (വെളിപ്പാടു 1:16; 2:16) ഈ സ്പഷ്ടമായ പ്രതീകം യെശയ്യാവിന്റെ വാക്കുകളോടു യോജിക്കുന്നു: “അവൻ [യഹോവ] എന്റെ വായെ മൂർച്ചയുളള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി”. (യെശയ്യാവു 49:2) ഇവിടെ യെശയ്യാവ് ദൈവത്തിന്റെ ന്യായവിധികൾ ഘോഷിക്കുകയും ലക്ഷ്യം തെററാത്ത ഒരു അസ്ത്രംകൊണ്ടെന്നപോലെ അവ നടപ്പാക്കുകയും ചെയ്യുന്ന യേശുവിനെ മുൻനിഴലാക്കി.
15. ഈ സമയത്ത്, എന്തിന്റെ തുടക്കം കുറിക്കത്തക്കവണ്ണം ആരെ തുറന്നുകാട്ടുകയും ന്യായംവിധിക്കുകയും ചെയ്തിരിക്കും?
15 ഈ സമയത്ത്, യേശു പൗലോസിന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തിയായി പ്രവർത്തിച്ചുകഴിഞ്ഞിരിക്കും: “അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.” അതെ ക്രൈസ്തവലോകത്തിലെ വൈദികരാകുന്ന അധർമമനുഷ്യനെ തുറന്നുകാട്ടിക്കൊണ്ടും ന്യായം വിധിച്ചുകൊണ്ടും യേശുവിന്റെ സാന്നിധ്യം (ഗ്രീക്ക്, പറൂസിയ) 1914 മുതൽ ഇങ്ങോട്ടു പ്രത്യക്ഷമായിരിക്കുന്നു. കടുഞ്ചുവപ്പുളള കാട്ടുമൃഗത്തിന്റെ പത്തുകൊമ്പുകൾ ആ ന്യായവിധി നടപ്പാക്കുകയും മഹാബാബിലോന്റെ ശേഷിച്ച ഭാഗത്തോടുകൂടെ ക്രൈസ്തവലോകത്തെ തകർത്തു തരിപ്പണമാക്കുകയും ചെയ്യുമ്പോൾ ആ സാന്നിധ്യം സ്പഷ്ടമായും പ്രത്യക്ഷമാകും. (2 തെസ്സലൊനീക്യർ 2:1-3, 8) അതു മഹോപദ്രവത്തിന്റെ തുടക്കമായിരിക്കും! അതിനുശേഷം യേശു പ്രവചനത്തിനു ചേർച്ചയായി സാത്താന്റെ സ്ഥാപനത്തിന്റെ ശേഷിച്ച ഭാഗത്തേക്കു ശ്രദ്ധതിരിക്കുന്നു: “തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.”—യെശയ്യാവു 11:4.
16. യഹോവയുടെ നിയമിത യോദ്ധാവാം രാജാവിന്റെ പങ്കു സങ്കീർത്തനങ്ങളും യിരെമ്യാവും വർണിക്കുന്നതെങ്ങനെ?
16 യഹോവയുടെ നിയുക്തനെന്നനിലയിൽ യോദ്ധാവാം രാജാവ് അതിജീവിക്കുന്നവരും മരിക്കുന്നവരും തമ്മിൽ ഒരു വ്യത്യാസം വെക്കും. ഈ ദൈവപുത്രനോടു പ്രവചനപരമായി സംസാരിച്ചുകൊണ്ട് യഹോവ പറയുന്നു: “ഇരിമ്പുകോൽകൊണ്ടു നീ അവരെ [ഭൂമിയിലെ ഭരണാധികാരികളെ] തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” അത്തരം വഷളരായ ഭരണനായകൻമാരെയും അവരുടെ കിങ്കരൻമാരെയും സംബോധന ചെയ്തുകൊണ്ട് യിരെമ്യാവ് പറയുന്നു: “ഇടയൻമാരേ, മുറയിട്ടു നിലവിളിപ്പിൻ! ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠൻമാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുപ്പാനുളള കാലം തികെഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടെച്ചുകളയും; നിങ്ങൾ മനോഹരമായൊരു പാത്രം പോലെ വീഴും.” ആ ഭരണാധികാരികൾ ഒരു ദുഷ്ടലോകത്തിന് എത്രതന്നെ അഭികാമ്യരായി തോന്നിയാലും രാജാവിന്റെ ഇരുമ്പു ദണ്ഡുകൊണ്ടുളള ഒററയടി അവരെ തകർക്കും, ഒരു മനോഹരമായ പാത്രം ഉടയ്ക്കുന്നതുപോലെതന്നെ. അതു കർത്താവായ യേശുവിനെക്കുറിച്ചു ദാവീദ് പ്രവചിച്ചതുപോലെതന്നെ ആയിരിക്കും: “നിന്റെ ബലമുളള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കൻമാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും.”—സങ്കീർത്തനം 2:9, 12; 83:17, 18; 110:1, 2, 5, 6; യിരെമ്യാവു 25:34.
17. (എ) യോദ്ധാവാം രാജാവിനാലുളള വധനിർവഹണം യോഹന്നാൻ വർണിക്കുന്നതെങ്ങനെ? (ബി) യഹോവയുടെ കോപദിവസം ജനതകൾക്ക് എത്ര വിപത്കരമായിരിക്കുമെന്നു കാണിക്കുന്ന ചില പ്രവചനങ്ങൾ പറയുക.
17 ദർശനത്തിന്റെ അടുത്ത രംഗത്തിൽ ഈ ശക്തനായ യോദ്ധാവാം രാജാവു വീണ്ടും പ്രത്യക്ഷപ്പെടുന്നു: “സർവ്വശക്തിയുളള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.” (വെളിപ്പാടു 19:15ബി) ഒരു മുൻദർശനത്തിൽ, ‘ദൈവകോപത്തിന്റെ മുന്തിരിച്ചക്കു’ മെതിക്കുന്നതു യോഹന്നാൻ കണ്ടുകഴിഞ്ഞിരുന്നു. (വെളിപ്പാടു 14:18-20) യെശയ്യാവും ഒരു വധനിർവഹണ മുന്തിരിച്ചക്കിനെ വർണിക്കുന്നു, ദൈവത്തിന്റെ കോപദിവസം സകലജനതകൾക്കും എത്ര വിപത്കരമായിരിക്കുമെന്നു മററു പ്രവാചകൻമാരും പറയുന്നു.—യെശയ്യാവു 24:1-6; 63:1-4; യിരെമ്യാവു 25:30-33; ദാനീയേൽ 2:44; സെഫന്യാവു 3:8; സെഖര്യാവു 14:3, 12, 13; വെളിപ്പാടു 6:15-17.
18. യഹോവ സകല ജനതകളെയും ന്യായംവിധിക്കുന്നതു സംബന്ധിച്ച് പ്രവാചകനായ യോവേൽ എന്തു വെളിപ്പെടുത്തുന്നു?
18 പ്രവാചകനായ യോവേൽ “ചുററുമുളള സകല ജാതികളെയും ന്യായം വിധിക്കേണ്ടതിന്നു” യഹോവ വരുന്നതിനോട് ഒരു മുന്തിരിച്ചക്കിനെ ബന്ധിപ്പിക്കുന്നു. തന്റെ സഹന്യായാധിപനായ യേശുക്രിസ്തുവിനോടും അവന്റെ സ്വർഗീയ സൈന്യങ്ങളോടും ആജ്ഞാപിക്കുന്നതു യഹോവയാണ്: “അരിവാൾ ഇടുവിൻ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ. വിധിയുടെ താഴ്വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും. അങ്ങനെ ഞാൻ . . . നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും.”—യോവേൽ 3:12-17.
19. (എ) ഒന്നു പത്രൊസ് 4:17-ൽ ചോദിച്ചിരിക്കുന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകപ്പെടും? (ബി) യേശുവിന്റെ ഉടുപ്പിൽ ഏതു നാമം എഴുതപ്പെട്ടിരിക്കുന്നു, അത് ഉചിതമെന്നു തെളിയുന്നതെന്തുകൊണ്ട്?
19 അത് അനുസരണംകെട്ട ജനതകൾക്കും മനുഷ്യർക്കും ഒരു നാശത്തിന്റെ ദിവസമായിരിക്കും, എന്നാൽ യഹോവയെയും അവന്റെ യോദ്ധാവാം രാജാവിനെയും സങ്കേതമാക്കിയിരിക്കുന്നവർക്ക് ഒരു ആശ്വാസനാളും! (2 തെസ്സലൊനീക്യർ 1:6-9) ദൈവഗൃഹത്തിൽ 1918-ൽ തുടങ്ങിയ ന്യായവിധി 1 പത്രൊസ് 4:17-ലെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അതിന്റെ പാരമ്യത്തിലെത്തിയിരിക്കും: “സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?” മഹാനായ ജേതാവ് മുന്തിരിച്ചക്ക് അവസാനംവരെ മെതിച്ചിരിക്കും, യോഹന്നാൻ പറയുന്ന ഉയർത്തപ്പെട്ടവൻ താനാണെന്നു പ്രകടമാക്കിക്കൊണ്ടുതന്നെ: “രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിൻമേലും തുടമേലും എഴുതിയിരിക്കുന്നു.” (വെളിപ്പാടു 19:16) അവൻ ഏതു ഭൗമിക ഭരണാധികാരിയെക്കാളും ഏതു മാനുഷ രാജാവിനെക്കാളും അഥവാ കർത്താവിനെക്കാളും വളരെയധികം ശക്തനാണെന്നു തെളിയിച്ചിരിക്കുന്നു. അവന്റെ മാഹാത്മ്യവും ഗാംഭീര്യവും അതിശയിപ്പിക്കുന്നതാണ്. അവൻ “സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു” മുന്നേറി എന്നേക്കുമായി വിജയം വരിച്ചിരിക്കുന്നു! (സങ്കീർത്തനം 45:4) അവന്റെ രക്തം തളിച്ച അങ്കികളിൽ അവൻ ആരുടെ സംസ്ഥാപകനാണോ ആ പരമാധികാരിയാം കർത്താവായ യഹോവ അവനു നൽകിയ നാമം എഴുതപ്പെട്ടിരിക്കുന്നു!
ദൈവത്തിന്റെ വലിയ അത്താഴം
20. ‘ദൈവത്തിന്റെ വലിയ അത്താഴത്തെ’ യോഹന്നാൻ വർണിക്കുന്നത് എങ്ങനെ, സമാനമായ ഏതു മുൻപ്രവചനം അനുസ്മരിപ്പിച്ചുകൊണ്ട്?
20 എസെക്കിയേലിന്റെ ദർശനത്തിൽ ഗോഗിന്റെ സമൂഹത്തെ നശിപ്പിച്ചശേഷം പക്ഷികളും കാട്ടുമൃഗങ്ങളും ഒരു സദ്യക്കു ക്ഷണിക്കപ്പെടുന്നു! അവ യഹോവയുടെ ശത്രുക്കളുടെ ശവശരീരങ്ങൾ തിന്നുതീർത്തുകൊണ്ട് ശവങ്ങൾ ഭൂതലത്തിൽനിന്നു നീക്കംചെയ്യുന്നു. (യെഹെസ്കേൽ 39:11, 17-20) യോഹന്നാന്റെ അടുത്ത വാക്കുകൾ ആ ആദിമപ്രവചനം സ്പഷ്ടമായി അനുസ്മരിപ്പിക്കുന്നു: “ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും; രാജാക്കൻമാരുടെ മാംസവും സഹസ്രാധിപൻമാരുടെ മാംസവും വീരൻമാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രൻമാരും ദാസൻമാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിൻമാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു [ദൈവത്തിന്റെ വലിയ അത്താഴത്തിനു, NW] വന്നുകൂടുവിൻ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.”—വെളിപ്പാടു 19:17, 18.
21. പിൻവരുന്നവ എന്തിനെ സൂചിപ്പിക്കുന്നു, (എ) ദൂതൻ “സൂര്യനിൽ നില്ക്കു”ന്നത്? (ബി) മരിച്ചവർ നിലത്ത് ഉപേക്ഷിക്കപ്പെട്ടുകിടക്കും എന്ന വസ്തുത? (സി) ശവങ്ങൾ നിലത്ത് ഉപേക്ഷിക്കപ്പെടുന്നവരുടെ പട്ടിക? (ഡി) “ദൈവത്തിന്റെ വലിയ അത്താഴം” എന്ന പ്രയോഗം?
21 ദൂതൻ “സൂര്യനിൽ നില്ക്കു”ന്നു, പക്ഷികളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന ഒരു ഉന്നതസ്ഥാനത്തുതന്നെ. യോദ്ധാവാം രാജാവും അവന്റെ സ്വർഗീയസൈന്യങ്ങളും വെട്ടിവീഴ്ത്തുന്നവരുടെ മാംസം ആർത്തിയോടെ വിഴുങ്ങാൻ ഒരുങ്ങുന്നതിന് അവൻ അവയെ ക്ഷണിക്കുന്നു. മരിച്ചവർ നിലത്ത് ഉപേക്ഷിക്കപ്പെടുമെന്ന വസ്തുത, അവർ പരസ്യമായ നിന്ദയിൽ മരിക്കുമെന്നു സൂചിപ്പിക്കുന്നു. പുരാതനകാലത്തെ ഇസബേലിനെപ്പോലെ, അവർക്കു മാന്യമായ ഒരു ശവസംസ്കാരം ലഭിക്കുകയില്ല. (2 രാജാക്കൻമാർ 9:36, 37) ശവങ്ങൾ ഉപേക്ഷിക്കപ്പെടുന്ന ആളുകളുടെ പട്ടിക നാശത്തിന്റെ വ്യാപ്തിയെ പ്രകടമാക്കുന്നു: രാജാക്കൻമാർ, സൈന്യാധിപൻമാർ, ശക്തർ, സ്വതന്ത്രർ, ദാസൻമാർ എന്നിവർതന്നെ. ആരെയും ഒഴിവാക്കുന്നില്ല. യഹോവക്കെതിരായ മത്സരലോകത്തിന്റെ അവസാനകണികയും നീക്കം ചെയ്യപ്പെടും. അതിനുശേഷം സംഭ്രാന്തരായ മനുഷ്യരുടെ ഇളകിമറിയുന്ന സമുദ്രം മേലാൽ ഉണ്ടായിരിക്കുകയില്ല. (വെളിപ്പാടു 21:1) പങ്കെടുക്കാൻ പക്ഷികളെ ക്ഷണിക്കുന്നതു യഹോവയായതുകൊണ്ട് ഇതു “ദൈവത്തിന്റെ വലിയ അത്താഴം” ആണ്.
22. അന്തിമയുദ്ധത്തിന്റെ ഗതി യോഹന്നാൻ സംക്ഷേപിക്കുന്നതെങ്ങനെ?
22 അന്തിമ യുദ്ധത്തിന്റെ ഗതി യോഹന്നാൻ ഇപ്രകാരം സംക്ഷേപിക്കുന്നു: “കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാൻ മൃഗവും ഭൂരാജാക്കൻമാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നുകൂടിയതു ഞാൻ കണ്ടു. മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കളളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തളളിക്കളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.”—വെളിപ്പാടു 19:19-21.
23. (എ) ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ “അർമഗെദോനിൽ” ഏതർഥത്തിൽ നടത്തപ്പെടുന്നു? (ബി) ‘ഭൂമിയിലെ രാജാക്കൻമാർ’ ഏതു മുന്നറിയിപ്പ് അനുസരിക്കാൻ പരാജയപ്പെട്ടു, എന്തു ഫലത്തോടെ?
23 യഹോവയുടെ ക്രോധത്തിന്റെ ആറാമത്തെ കലശം ഒഴിച്ചശേഷം, ‘സർവ്വഭൂതലത്തിലും ഉളള രാജാക്കൻമാർ’ ഭൂത പ്രചാരണത്താൽ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു” കൂട്ടിച്ചേർക്കപ്പെട്ടതായി യോഹന്നാൻ റിപ്പോർട്ടു ചെയ്തു. ഇത് അർമഗെദോനിൽ നടത്തപ്പെടുന്നു—ഒരു അക്ഷരീയ സ്ഥാനമല്ല, പിന്നെയോ യഹോവയുടെ ന്യായവിധി നടപ്പാക്കപ്പെടുന്ന ഒരു ആഗോള സാഹചര്യമാണ്. (വെളിപ്പാടു 16:12, 14, 16, കിങ് ജയിംസ് വേർഷൻ) ഇപ്പോൾ യോഹന്നാൻ യുദ്ധനിരകൾ കാണുന്നു. ദൈവത്തിനെതിരെ അണിനിരന്നിരിക്കുന്നവർ എല്ലാ “ഭൂരാജാക്കൻമാരും അവരുടെ സൈന്യങ്ങളും” ആണ്. യഹോവയുടെ രാജാവിനു കീഴ്പെടാൻ അവർ ശാഠ്യപൂർവം വിസമ്മതിച്ചിരിക്കുന്നു. നിശ്വസ്ത സന്ദേശത്തിൽ അവൻ അവർക്കു വ്യക്തമായ മുന്നറിയിപ്പു നൽകി: “അവൻ [യഹോവ] കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.” ക്രിസ്തുവിന്റെ ഭരണത്തിനു കീഴ്പെടാത്തതുകൊണ്ട് അവർ മരിക്കണം.—സങ്കീർത്തനം 2:12.
24. (എ) കാട്ടുമൃഗത്തിന്റെമേലും കളളപ്രവാചകന്റെമേലും ഏതു ന്യായവിധി നടപ്പാക്കപ്പെടുന്നു, അവർ അപ്പോഴും “ജീവനോടെ” ആയിരിക്കുന്നത് ഏതർഥത്തിൽ? (ബി) “തീപ്പൊയ്ക” ആലങ്കാരികമായിരിക്കേണ്ടത് എന്തുകൊണ്ട്?
24 സാത്താന്റെ രാഷ്ട്രീയ സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്ന, സമുദ്രത്തിൽനിന്നു കയറിവരുന്ന ഏഴുതലയും പത്തുകൊമ്പുമുളള കാട്ടുമൃഗം വിസ്മൃതിയിലേക്കു തളളപ്പെടുന്നു, ഏഴാം ലോകശക്തിയായ കളളപ്രവാചകനും അതിനോടൊപ്പം പോകുന്നു. (വെളിപ്പാടു 13:1, 11-13; 16:13) അപ്പോഴും “ജീവനോടെ”, അഥവാ ഭൂമിയിൽ ദൈവജനത്തോടുളള സംഘടിതമായ എതിർപ്പിൽ അപ്പോഴും പ്രവർത്തനത്തിലിരിക്കെ അവർ “തീപ്പൊയ്ക”യിലേക്ക് എറിയപ്പെടുന്നു. ഇത് ഒരു അക്ഷരാർഥ തീപ്പൊയ്കയാണോ? അല്ല, കാട്ടുമൃഗവും കളളപ്രവാചകനും അക്ഷരാർഥ മൃഗങ്ങൾ അല്ലാത്തതുപോലെ തന്നെ. മറിച്ച് അതു പൂർണമായ, അന്തിമനാശത്തിന്റെ ഒരു പ്രതീകമാണ്, തിരിച്ചുവരവില്ലാത്ത ഒരു സ്ഥലം. പിന്നീടു മരണവും ഹേഡീസും പിശാചുതന്നെയും തളളിയിടപ്പെടുന്നത് ഇവിടേക്കാണ്. (വെളിപ്പാടു 20:10, 14) അതു തീർച്ചയായും ദുഷ്ടൻമാർക്കു നിത്യദണ്ഡനത്തിനുളള ഒരു തീനരകമല്ല, എന്തുകൊണ്ടെന്നാൽ അത്തരം ഒരു സ്ഥലത്തേക്കുറിച്ചുളള ആശയം തന്നെ യഹോവക്കു നിന്ദ്യമാണ്.—യിരെമ്യാവു 19:5; 32:35; 1 യോഹന്നാൻ 4:8, 16.
25. (എ) ‘കുതിരപ്പുറത്തിരിക്കുന്നവന്റെ നീണ്ട വാളിനാൽ കൊല്ലപ്പെടുന്നവർ’ ആരാണ്? (ബി) ‘കൊല്ലപ്പെടു’ന്നവരിൽ ആർക്കെങ്കിലും പുനരുത്ഥാനം ലഭിക്കുമെന്നു നാം പ്രതീക്ഷിക്കണമോ?
25 നേരിട്ടു ഗവൺമെൻറിന്റെ ഭാഗമല്ലാഞ്ഞവരും ഈ വഷളായ മനുഷ്യവർഗലോകത്തിന്റെ പുനരുദ്ധരിക്കാനാവാത്ത ഭാഗമായിരുന്നവരും ആയ എല്ലാവരും ‘കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊല്ലപ്പെടുന്നു.’ അവർ മരണം അർഹിക്കുന്നവരായി യേശു പ്രഖ്യാപിക്കും. അവരുടെ കാര്യത്തിൽ തീപ്പൊയ്ക പരാമർശിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവർക്ക് ഒരു പുനരുത്ഥാനം ലഭിക്കുമെന്നു നാം പ്രതീക്ഷിക്കണമോ? ആ സമയത്ത് യഹോവയുടെ ന്യായാധിപനാൽ വധിക്കപ്പെടുന്നവർ ഉയിർപ്പിക്കപ്പെടുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. യേശുതന്നെ പറഞ്ഞപ്രകാരം, “ചെമ്മരിയാടുകൾ” അല്ലാത്തവരെല്ലാം “പിശാചിനും അവന്റെ ദൂതൻമാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു” പോകുന്നു, അതായതു “നിത്യഛേദനത്തിലേക്കു”തന്നെ. (മത്തായി 25:33, 41, 46, NW) ഇത് “ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുളള ദിവസ”ത്തെ പാരമ്യത്തിലെത്തിക്കുന്നു.—2 പത്രൊസ് 3:7; നഹൂം 1:2, 7-9; മലാഖി 4:1.
26. അർമഗെദോന്റെ പരിണതഫലം ചുരുക്കി പറയുക.
26 ഈ വിധത്തിൽ സാത്താന്റെ ഭൗമിക സ്ഥാപനം മുഴുവനും അവസാനിക്കുന്നു. രാഷ്ട്രീയ ഭരണത്തിന്റെ “ഒന്നാമത്തെ ആകാശം” നീങ്ങിപ്പോയിരിക്കുന്നു. നൂററാണ്ടുകൾകൊണ്ടു സാത്താൻ പടുത്തുയർത്തിയ സ്ഥിരമെന്നു തോന്നുന്ന വ്യവസ്ഥിതി, അതായതു “ഭൂമി” ഇപ്പോൾ തീർത്തും നശിപ്പിക്കപ്പെടുന്നു. യഹോവക്കെതിരായ ദുഷ്ടമനുഷ്യസമുദായം ആകുന്ന ‘സമുദ്രം’ മേലാൽ ഇല്ല. (വെളിപ്പാടു 21:1; 2 പത്രൊസ് 3:10) എങ്കിലും സാത്താന് യഹോവ എന്താണു കരുതിയിരിക്കുന്നത്? യോഹന്നാൻ നമ്മോടു പറയുന്നു.