ദിനവൃത്താന്തം രണ്ടാം ഭാഗം
20 അതിനു ശേഷം മോവാബ്യരും+ അമ്മോന്യരും+ ചില അമ്മോനീമ്യരോടൊപ്പം* യഹോശാഫാത്തിനു നേരെ യുദ്ധത്തിനു വന്നു. 2 അപ്പോൾ ചിലർ വന്ന് യഹോശാഫാത്തിനോടു പറഞ്ഞു: “തീരപ്രദേശത്തുനിന്ന്,* അതായത് ഏദോമിൽനിന്ന്,+ വലിയൊരു കൂട്ടം ആളുകൾ അങ്ങയ്ക്കു നേരെ വന്നിട്ടുണ്ട്. അവർ ഇതാ ഹസസോൻ-താമാറിൽ, അതായത് ഏൻ-ഗദിയിൽ,+ എത്തിക്കഴിഞ്ഞു!” 3 അതു കേട്ട് ഭയന്നുപോയ യഹോശാഫാത്ത് യഹോവയെ അന്വേഷിക്കാൻ നിശ്ചയിച്ചുറച്ചു.+ രാജാവ് യഹൂദയിൽ എല്ലായിടത്തും ഒരു ഉപവാസം പ്രഖ്യാപിച്ചു. 4 യഹോവയോട് അരുളപ്പാടു ചോദിക്കാൻ യഹൂദയിലെ ജനങ്ങൾ ഒന്നിച്ചുകൂടി.+ യഹൂദയിലെ എല്ലാ നഗരങ്ങളിൽനിന്നുമുള്ളവർ വന്ന് യഹോവയോടു സഹായം അഭ്യർഥിച്ചു.
5 അപ്പോൾ യഹോശാഫാത്ത് യഹോവയുടെ ഭവനത്തിന്റെ പുതിയ മുറ്റത്ത് കൂടിവന്ന യഹൂദയുടെയും യരുശലേമിന്റെയും സഭയുടെ മുന്നിൽ എഴുന്നേറ്റുനിന്ന് 6 ഇങ്ങനെ പറഞ്ഞു:
“ഞങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവേ, അങ്ങ് സ്വർഗസ്ഥനായ ദൈവമാണല്ലോ;+ ജനതകളുടെ എല്ലാ രാജ്യങ്ങളുടെ മേലും പരമാധികാരമുള്ളത് അങ്ങയ്ക്കാണ്.+ ശക്തിയും ബലവും അങ്ങയുടെ കൈകളിലിരിക്കുന്നു; അങ്ങയ്ക്കെതിരെ നിൽക്കാൻ ആർക്കു കഴിയും?+ 7 ഞങ്ങളുടെ ദൈവമേ, അങ്ങ് ഈ ദേശത്തുണ്ടായിരുന്നവരെ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുകയും അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്ക്* ഈ ദേശം ദീർഘകാലത്തേക്കുള്ള ഒരു അവകാശമായി കൊടുക്കുകയും ചെയ്തല്ലോ.+ 8 അവർ അതിൽ താമസമുറപ്പിക്കുകയും അങ്ങയുടെ നാമത്തിനുവേണ്ടി അവിടെയൊരു വിശുദ്ധമന്ദിരം പണിയുകയും ചെയ്തു.+ അന്ന് അവർ ഇങ്ങനെ പറഞ്ഞു: 9 ‘വാൾ, ന്യായവിധി, മാരകമായ പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള ദുരിതങ്ങൾ വരുമ്പോൾ ഞങ്ങൾ ഈ ഭവനത്തിന്റെയും അങ്ങയുടെയും മുമ്പാകെ നിന്ന് (അങ്ങയുടെ നാമം ഈ ഭവനത്തിലുണ്ടല്ലോ.)+ ആ ദുരിതത്തിൽനിന്നുള്ള വിടുതലിനായി അങ്ങയോടു നിലവിളിച്ചാൽ അങ്ങ് അതു കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.’+ 10 ഇപ്പോൾ ഇതാ, അമ്മോന്യരും മോവാബ്യരും സേയീർമലനാട്ടുകാരും+ ഞങ്ങൾക്കു നേരെ വന്നിരിക്കുന്നു. ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വന്ന സമയത്ത് അവരെ ആക്രമിക്കാൻ അങ്ങ് ഇസ്രായേല്യരെ അനുവദിച്ചില്ല. അതുകൊണ്ട് അവരെ നശിപ്പിക്കാതെ ഇസ്രായേല്യർ അവരുടെ അടുത്തുനിന്ന് മാറിപ്പോയി.+ 11 പക്ഷേ അതിനുള്ള പ്രതിഫലമായി അവർ ഇപ്പോൾ, അങ്ങ് ഞങ്ങൾക്ക് അവകാശമായി തന്ന അങ്ങയുടെ ദേശത്തുനിന്ന് ഞങ്ങളെ ഓടിച്ചുകളയാൻ വന്നിരിക്കുന്നു.+ 12 ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനക്കൂട്ടത്തിനു മുന്നിൽ ഞങ്ങൾ നിസ്സഹായരാണ്. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.+ സഹായത്തിനായി ഞങ്ങൾ അങ്ങയിലേക്കു നോക്കുന്നു.+ ഞങ്ങളുടെ ദൈവമേ, അങ്ങ് അവരെ ന്യായം വിധിക്കില്ലേ?”+
13 യഹൂദയിലുള്ളവരെല്ലാം അപ്പോൾ അവരുടെ ഭാര്യമാരോടും മക്കളോടും* കുഞ്ഞുകുട്ടികളോടും ഒപ്പം യഹോവയുടെ സന്നിധിയിൽ നിൽക്കുന്നുണ്ടായിരുന്നു.
14 അപ്പോൾ സഭയുടെ മധ്യേവെച്ച് ലേവ്യനും ആസാഫിന്റെ വംശജനും ആയ, മത്ഥന്യയുടെ മകനായ യയീയേലിന്റെ മകനായ ബനയയുടെ മകനായ സെഖര്യയുടെ മകൻ യഹസീയേലിന്റെ മേൽ യഹോവയുടെ ആത്മാവ് വന്നു. 15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, യഹോശാഫാത്ത് രാജാവേ, കേൾക്കുക! യഹോവ നിങ്ങളോട് ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂട്ടത്തെ കണ്ട് പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. ഈ യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്!+ 16 നാളെ നിങ്ങൾ അവർക്കു നേരെ ചെല്ലണം. അവർ സീസ് ചുരം വഴിയായിരിക്കും വരുന്നത്. നിങ്ങൾ അവരെ യരൂവേൽ വിജനഭൂമിക്കു മുന്നിൽ താഴ്വരയുടെ* അതിരിൽവെച്ച് കാണും. 17 ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ടിവരില്ല. സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന്+ യഹോവ നിങ്ങളെ രക്ഷിക്കുന്നതു* കണ്ടുകൊള്ളുക.+ യഹൂദേ, യരുശലേമേ, നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ നാളെ അവർക്കു നേരെ ചെല്ലുക; യഹോവ നിങ്ങളുടെകൂടെയുണ്ടായിരിക്കും.’”+
18 ഉടനെ യഹോശാഫാത്ത് നിലംവരെ കുമ്പിട്ട് നമസ്കരിച്ചു. യഹൂദയിലെയും യരുശലേമിലെയും നിവാസികളെല്ലാം യഹോവയുടെ മുമ്പാകെ കമിഴ്ന്നുവീണ് യഹോവയെ ആരാധിച്ചു. 19 അപ്പോൾ കൊഹാത്യരുടെയും+ കോരഹ്യരുടെയും വംശത്തിൽപ്പെട്ട ലേവ്യർ എഴുന്നേറ്റ് വളരെ ഉച്ചത്തിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയെ സ്തുതിച്ചു.+
20 പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് തെക്കോവയിലെ+ വിജനഭൂമിയിലേക്കു പോയി. പോകുന്നതിനു മുമ്പ് യഹോശാഫാത്ത് എഴുന്നേറ്റുനിന്ന് അവരോടു പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക. അപ്പോൾ നിങ്ങൾക്ക് ഉറച്ചുനിൽക്കാൻ* കഴിയും. ദൈവത്തിന്റെ പ്രവാചകന്മാരിലും വിശ്വസിക്കുക;+ നിങ്ങൾ വിജയം വരിക്കും.”
21 ജനവുമായി കൂടിയാലോചിച്ചശേഷം യഹോവയെ പാടി സ്തുതിക്കാൻ രാജാവ് പുരുഷന്മാരെ നിയമിച്ചു.+ അവർ വിശുദ്ധമായ അലങ്കാരങ്ങൾ അണിഞ്ഞ്, “യഹോവയോടു നന്ദി പറയുവിൻ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്” എന്നു പാടിക്കൊണ്ട് പടയാളികളുടെ മുന്നിൽ നടന്നു.+
22 അവർ സന്തോഷത്തോടെ സ്തുതിഗീതങ്ങൾ പാടാൻതുടങ്ങിയപ്പോൾ, യഹൂദയ്ക്കു നേരെ വന്നുകൊണ്ടിരുന്ന അമ്മോന്യരെയും മോവാബ്യരെയും സേയീർമലനാട്ടുകാരെയും ആക്രമിക്കാൻ യഹോവ പതിയിരുപ്പുകാരെ നിറുത്തി. ശത്രുസൈന്യങ്ങൾ പരസ്പരം ആക്രമിച്ചു.+ 23 അമ്മോന്യരും മോവാബ്യരും സേയീർമലനാട്ടുകാർക്കു+ നേരെ തിരിഞ്ഞ് അവരെ പൂർണമായി നശിപ്പിച്ചുകളഞ്ഞു. സേയീർനിവാസികളെ സംഹരിച്ചശേഷം അവർ പരസ്പരം കൊന്നൊടുക്കി.+
24 യഹൂദയിലുള്ളവർ വിജനഭൂമിയിലെ കാവൽഗോപുരത്തിന് അടുത്ത് എത്തിയപ്പോൾ+ അതാ, ആ ജനം മുഴുവൻ ശവങ്ങളായി കിടക്കുന്നു!+ ആരും അവശേഷിച്ചിരുന്നില്ല. 25 യഹോശാഫാത്തും കൂടെയുള്ള ജനവും വന്ന് അവരുടെ വസ്തുവകകൾ എടുത്തു. അവിടെ നിരവധി സാധനസാമഗ്രികളും വസ്ത്രങ്ങളും അമൂല്യമായ വസ്തുക്കളും ഉണ്ടായിരുന്നു. ഓരോരുത്തരും അവർക്ക് എടുക്കാവുന്നത്രയും സാധനങ്ങൾ അവിടെനിന്ന് എടുത്തുകൊണ്ടുപോയി.+ മൂന്നു ദിവസംകൊണ്ടാണ് അവർ അതു ശേഖരിച്ചത്; അത്രയധികം വസ്തുവകകൾ അവിടെയുണ്ടായിരുന്നു. 26 നാലാം ദിവസം അവർ ബരാഖ താഴ്വരയിൽ ഒന്നിച്ചുകൂടി. അവർ അവിടെ യഹോവയെ സ്തുതിച്ചു.* അതുകൊണ്ടാണ് അവർ ആ സ്ഥലത്തിനു ബരാഖ* താഴ്വര എന്നു പേരിട്ടത്.+ അത് ഇന്നും അങ്ങനെയാണ് അറിയപ്പെടുന്നത്.
27 യഹോവ അവർക്കു ശത്രുക്കളുടെ മേൽ വിജയം നൽകിയതുകൊണ്ട് യഹൂദയിലും യരുശലേമിലും ഉള്ളവർ യഹോശാഫാത്തിന്റെ നേതൃത്വത്തിൽ വളരെ സന്തോഷത്തോടെ യരുശലേമിലേക്കു മടങ്ങി.+ 28 അങ്ങനെ അവർ തന്ത്രിവാദ്യം, കിന്നരം+ എന്നിവ വായിച്ചും കാഹളം+ മുഴക്കിയും കൊണ്ട് യരുശലേമിൽ യഹോവയുടെ ഭവനത്തിലേക്കു വന്നു.+ 29 യഹോവ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ പോരാടിയെന്ന് അറിഞ്ഞപ്പോൾ അവിടെയുള്ള രാജ്യങ്ങളിലെല്ലാം ദൈവത്തിൽനിന്നുള്ള ഭയം പരന്നു.+ 30 അങ്ങനെ യഹോശാഫാത്തിന്റെ രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടായി. യഹോശാഫാത്തിന്റെ ദൈവം ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് യഹോശാഫാത്തിനു സ്വസ്ഥത നൽകി.+
31 യഹോശാഫാത്ത് യഹൂദയിൽ ഭരണം തുടർന്നു. രാജാവാകുമ്പോൾ യഹോശാഫാത്തിന് 35 വയസ്സായിരുന്നു. 25 വർഷം യഹോശാഫാത്ത് യരുശലേമിൽ ഭരണം നടത്തി. ശിൽഹിയുടെ മകളായ അസൂബയായിരുന്നു യഹോശാഫാത്തിന്റെ അമ്മ.+ 32 യഹോശാഫാത്ത് അപ്പനായ ആസയുടെ വഴിയിൽത്തന്നെ നടന്നു.+ അതിൽനിന്ന് വ്യതിചലിക്കാതെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.+ 33 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോഴുമുണ്ടായിരുന്നു.+ പൂർവികരുടെ ദൈവത്തെ അന്വേഷിക്കാൻ ജനം അവരുടെ ഹൃദയം ഒരുക്കിയതുമില്ല.+
34 യഹോശാഫാത്തിന്റെ ബാക്കി ചരിത്രം ആദിയോടന്തം ഹനാനിയുടെ മകനായ+ യേഹുവിന്റെ വിവരണത്തിൽ കാണാനാകും.+ ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ അത് ഉൾപ്പെടുത്തിയിട്ടുണ്ട്. 35 പിന്നീട് യഹൂദാരാജാവായ യഹോശാഫാത്ത് ഇസ്രായേൽരാജാവായ അഹസ്യയുമായി സഖ്യം ചേർന്നു. അഹസ്യ ഒരു ദുഷ്ടനായിരുന്നു.+ 36 അഹസ്യ യഹോശാഫാത്തിനെ കൂട്ടുപിടിച്ച്, തർശീശിലേക്കു+ പോകുന്നതിനുവേണ്ടി എസ്യോൻ-ഗേബരിൽവെച്ച്+ കപ്പലുകൾ ഉണ്ടാക്കി. 37 എന്നാൽ മരേശക്കാരനായ ദോദാവാഹുവിന്റെ മകൻ എലീയേസെർ യഹോശാഫാത്തിന് എതിരെ ഇങ്ങനെ പ്രവചിച്ചു: “നീ അഹസ്യയുമായി സഖ്യം ചേർന്നതുകൊണ്ട് യഹോവ നിന്റെ സംരംഭം തകർത്തുകളയും.”+ അങ്ങനെ ആ കപ്പലുകൾ തകർന്നുപോയി;+ അവയ്ക്കു തർശീശിലേക്കു പോകാൻ കഴിഞ്ഞില്ല.