തീത്തടാകം എന്നാൽ എന്താണ്? ശവക്കുഴി, ഗീഹെന്ന എന്നിവയ്ക്കു തുല്യമാണോ അത്?
ബൈബിളിന്റെ ഉത്തരം
തീത്തടാകം നിത്യനാശത്തെ പ്രതീകപ്പെടുത്തുന്നു. അതുതന്നെയാണ് ഗീഹെന്നയും അർഥമാക്കുന്നത്. ഇത് ആലങ്കാരികമായി മനുഷ്യവർഗത്തിന്റെ ശവക്കുഴിയെ കുറിക്കുന്നു. നരകത്തിൽനിന്ന് വ്യത്യസ്തമാണ് ഇത്.
അത് അക്ഷരാർഥത്തിലുള്ള തടാകമല്ല
‘തീത്തടാകത്തെക്കുറിച്ച്’ പറഞ്ഞിരിക്കുന്ന അഞ്ചു ബൈബിൾവാക്യങ്ങളും അക്ഷരാർഥത്തിലുള്ള തടാകത്തെയല്ല കുറിക്കുന്നത്. പകരം അതൊരു പ്രതീകമാണ്. (വെളിപാട് 19:20; 20:10, 14, 15; 21:8) പിൻവരുന്നവ അതിലേക്ക് എറിയപ്പെടും:
പിശാച്. (വെളിപാട് 20:10) പിശാച് ഒരു ആത്മവ്യക്തിയായതിനാൽ അക്ഷരാർഥത്തിലുള്ള തീകൊണ്ട് ദണ്ഡിപ്പിക്കുക സാധ്യമല്ല.—പുറപ്പാട് 3:2; ന്യായാധിപന്മാർ 13:20.
മരണം. (വെളിപാട് 20:14) അത് അക്ഷരാർഥത്തിലുള്ള ഒരു വസ്തുവല്ല. പകരം നിഷ്ക്രിയമായ, അതായത് ജീവനില്ലാത്ത, അവസ്ഥയെ കുറിക്കുന്നു. (സഭാപ്രസംഗകൻ 9:10) അതുകൊണ്ട് അതിനെ അക്ഷരാർഥത്തിൽ അഗ്നിക്കിരയാക്കുക അസാധ്യമാണ്.
‘കാട്ടുമൃഗവും’ ‘കള്ളപ്രവാചകനും.’ (വെളിപാട് 19:20) ഇവയെല്ലാം പ്രതീകങ്ങളായതുകൊണ്ട് അവയെ വലിച്ചെറിയുന്ന തടാകവും ഒരു പ്രതീകം തന്നെയാണെന്ന് നിഗമനം ചെയ്യുന്നത് ന്യായമാണെന്നു തോന്നുന്നില്ലേ?—വെളിപാട് 13:11, 12; 16:13.
നിത്യനാശത്തിന്റെ പ്രതീകം
തീത്തടാകം “രണ്ടാം മരണത്തെ” അർഥമാക്കുന്നെന്നു ബൈബിൾ പറയുന്നു. (വെളിപാട് 20:14; 21:8) ആദ്യത്തെ മരണം ആദാമിന്റെ പാപഫലമായി വന്നതാണെന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ മരണത്തെ പുനരുത്ഥാനത്തിലൂടെ ഇല്ലായ്മ ചെയ്യുകയും കാലക്രമേണ ദൈവം അതിനെ പൂർണമായി തുടച്ചുനീക്കുകയും ചെയ്യും.—1 കൊരിന്ത്യർ 15:21, 22, 26.
ആലങ്കാരികാർഥത്തിലുള്ള തീത്തടാകത്തിൽനിന്ന് ആർക്കും മോചനമില്ല
തീത്തടാകം മറ്റൊരു തരത്തിലുള്ള മരണത്തെ അല്ലെങ്കിൽ രണ്ടാം മരണത്തെയാണ് പ്രതീകപ്പെടുത്തുന്നത്. അതും സമ്പൂർണമായ നിഷ്ക്രിയത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും ഈ രണ്ടാം മരണത്തിൽനിന്ന് വീണ്ടും ഒരു പുനരുത്ഥാനം ഇല്ലാത്തതുകൊണ്ട് ആദ്യത്തെ മരണത്തിൽനിന്ന് ഇതു വ്യത്യസ്തമാണ്. ഉദാഹരണത്തിന് “മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ” യേശുവിന്റെ കൈകളിലുണ്ടെന്ന് പറഞ്ഞിരിക്കുന്നു. ആദാമിന്റെ പാപഫലമായ മരണത്തിൽനിന്ന് ആളുകളെ വിടുവിക്കാൻ യേശുവിന് അധികാരമുണ്ടെന്ന് ഇത് കാണിക്കുന്നു. (വെളിപാട് 1:18; 20:13, പി.ഒ.സി.) എന്നാൽ യേശുവിന്റെ കൈയിലോ മറ്റാരുടെയെങ്കിലും കൈയിലോ തീത്തടാകത്തിന്റെ താക്കോലുകൾ ഇല്ല. അതുകൊണ്ട് എന്നേക്കുമുള്ള ശിക്ഷാവിധി എന്ന നിലയിൽ നിത്യനാശത്തെയാണ് ഈ പ്രതീകാത്മകതടാകം അർഥമാക്കുന്നത്.—2 തെസ്സലോനിക്യർ 1:9.
ഹിന്നോം താഴ്വരയിലെ ഗീഹെന്നയോടു സമാനം
ഗീഹെന്ന (ഗ്രീക്ക് geʹen·na) എന്ന പദം 13 തവണ ബൈബിളിൽ കാണുന്നുണ്ട്. തീത്തടാകത്തെപ്പോലെ നിത്യനാശത്തിന്റെ പ്രതീകമാണ് ഇതും. ചില ഭാഷാന്തരങ്ങൾ ഇതിനെ നരകം എന്നു പരിഭാഷപ്പെടുത്തുന്നുണ്ടെങ്കിലും ഗീഹെന്ന നരകത്തിൽനിന്ന് (എബ്രായ ഷിയോൾ, ഗ്രീക്ക് ഹേഡീസ്) വ്യത്യസ്തമാണ്.
“ഗീഹെന്ന” എന്ന പദത്തിന്റെ അക്ഷരാർഥം “ഹിന്നോം താഴ്വര” എന്നാണ്. അത് യരുശലേമിനു പുറത്തുള്ള ഒരു താഴ്വരയാണ്. ബൈബിൾകാലങ്ങളിൽ ചപ്പുചവറുകൾ കത്തിക്കാൻ ഈ താഴ്വര ഉപയോഗിച്ചിരുന്നു. വേണ്ടാത്ത സാധനങ്ങൾ കത്തിക്കുന്നതിനായി അവിടെ എപ്പോഴും തീ ഉണ്ടായിരുന്നു. എന്നാൽ തീ ഇല്ലാതിരുന്ന ഇടത്ത് പുഴുക്കൾ അവയെ പൂർണമായി തിന്നുനശിപ്പിക്കുമായിരുന്നു.
നിത്യനാശത്തിന്റെ ഒരു പ്രതീകമായാണ് യേശു ഗീഹെന്ന എന്ന പദം ഉപയോഗിച്ചത്. (മത്തായി 23:33) ‘ഗീഹെന്നയിൽ പുഴുക്കൾ ചാകുന്നില്ലെന്നും അവിടത്തെ തീ കെടുത്തുന്നതുമില്ലെന്നും’ യേശു പറഞ്ഞു. (മർക്കോസ് 9:47, 48) ഹിന്നോം താഴ്വരയിലെ സാഹചര്യവും യശയ്യ 66:24-ലെ പ്രവചനവും ആയിരിക്കും യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. ഈ പ്രവചനം ഇങ്ങനെ പറയുന്നു: “അവർ പുറത്ത് ചെന്ന്, എന്നോട് എതിർത്തുനിന്നവരുടെ ശവങ്ങൾ കാണും, അവരുടെ മേലുള്ള പുഴുക്കൾ ചാകില്ല, അവരുടെ തീ കെട്ടുപോകില്ല, അവരെ കാണുന്ന സകല മനുഷ്യർക്കും അറപ്പു തോന്നും.” യേശുവിന്റെ ദൃഷ്ടാന്തം ദണ്ഡനത്തെയല്ല പകരം സമ്പൂർണനാശത്തെയാണ് വർണിക്കുന്നത്. പുഴുവും തീയും ശവശരീരങ്ങളെയാണ് ഇല്ലാതാക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നത്, അല്ലാതെ ജീവനുള്ള ആളുകളെയല്ല.
ഗീഹെന്നയിൽനിന്ന് തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള യാതൊരു സൂചനയും ബൈബിൾ നൽകുന്നില്ല. ‘തീത്തടാകവും’ ‘എരിയുന്ന ഗീഹെന്നയും’ നിത്യമായ, എന്നുമെന്നേക്കുമുള്ള നാശത്തെയാണ് പ്രതീകപ്പെടുത്തുന്നത്.—വെളിപാട് 20:14, 15; 21:8; മത്തായി 18:9.
എങ്ങനെയാണ് ‘രാപ്പകൽ എന്നുമെന്നേക്കും ദണ്ഡിപ്പിക്കുന്നത്?’
തീത്തടാകം നാശത്തിന്റെ പ്രതീകമാണെങ്കിൽ പിശാചിനെയും കാട്ടുമൃഗത്തെയും കള്ളപ്രവാചകനെയും രാപ്പകൽ എന്നുമെന്നേക്കും ദണ്ഡിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? (വെളിപാട് 20:10) ഇത് അക്ഷരാർഥത്തിലുള്ള ദണ്ഡനത്തെയല്ല അർഥമാക്കുന്നത്. അതിനുള്ള നാലു കാരണങ്ങൾ നോക്കാം.
പിശാചിനെ എന്നുമെന്നേക്കും ദണ്ഡിപ്പിക്കണമെങ്കിൽ അവനെ എന്നേക്കും ജീവനോടെ നിലനിറുത്തിയേ മതിയാകൂ. എന്നാൽ അവനെ ഇല്ലാതാക്കുമെന്നാണ്, അല്ലെങ്കിൽ നശിപ്പിച്ചുകളയുമെന്നാണു ബൈബിൾ പറയുന്നത്.—എബ്രായർ 2:14
എന്നേക്കുമുള്ള ജീവിതം ദൈവത്തിൽനിന്നുള്ള സമ്മാനമാണ്, അത് ദൈവത്തിൽനിന്നുള്ള ശിക്ഷയല്ല.
കാട്ടുമൃഗവും കള്ളപ്രവാചകനും പ്രതീകങ്ങളായതുകൊണ്ട് അവയ്ക്ക് ദണ്ഡനം അനുഭവിക്കുക സാധ്യമല്ല.
ഈ വാക്യത്തിന്റെ സന്ദർഭം സൂചിപ്പിക്കുന്നത് പിശാചിന്റെ ദണ്ഡനം എന്നേക്കുമുള്ള നാശത്തെയോ വിലക്കിനെയോ ആണ് അർഥമാക്കുന്നത് എന്നാണ്.
“ദണ്ഡനം” എന്ന ബൈബിൾപദം ‘തടവിലാക്കുന്നതിനെയും’ അർഥമാക്കാനാകും. ഉദാഹരണത്തിന് മത്തായി 18:34-ലെ “ദണ്ഡപ്പിക്കുന്നവർ” എന്നതിന്റെ ഗ്രീക്കുപദത്തെ ‘ജയിലധികാരികൾ’ എന്നു പരിഭാഷപ്പെടുത്തിക്കൊണ്ട് ‘ദണ്ഡനവും’ ‘തടവും’ തമ്മിൽ പല ഭാഷാന്തരങ്ങളും ബന്ധിപ്പിക്കുന്നു. മത്തായി 8:29-ലെയും ലൂക്കോസ് 8:30, 31-ലെയും സമാന്തരവിവരണങ്ങൾ നോക്കുക. മത്തായി ‘ഉപദ്രവം’ അഥവാ ‘ദണ്ഡനം’ എന്നു പറഞ്ഞിരിക്കുന്നിടത്ത് ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നത് ‘അഗാധം’ എന്നാണ്. ഇത് സമ്പൂർണമായ നിഷ്ക്രിയത്വത്തെയോ മരണത്തെയോ ആണ് കുറിക്കുന്നത്. (ലൂക്കോസ് 8:30, 31; റോമർ 10:7; വെളിപാട് 20:1, 3) വാസ്തവത്തിൽ വെളിപാടിൽ പല പ്രാവശ്യം ‘ദണ്ഡനം’ എന്ന വാക്ക് മൂലഭാഷയിൽ ആലങ്കാരികാർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.—വെളിപാട് 9:5; 11:10; 18:7, 10.