അധ്യായം 10
“സാത്താന്റെ ആഴമായ കാര്യങ്ങൾ” വെറുക്കുന്നു
തുയഥൈര
1. മററു സഭകളോടുളള ബന്ധത്തിൽ തുയഥൈര എങ്ങനെ സ്ഥിതിചെയ്തിരുന്നു, മതപരമായ ഏതുതരം ചുററുപാടിൽ?
ബർഗാമക്കു (പെർഗമോസ്) ഏകദേശം 40 മൈൽ തെക്കുകിഴക്കാണു തഴച്ചുവളരുന്ന തുർക്കിപട്ടണമായ ആഖിസാർ. ഏതാണ്ട് 1,900 വർഷങ്ങൾക്കു മുമ്പ് ഈ പട്ടണം തുയഥൈരയുടെ സ്ഥാനമായിരുന്നു. ഒരു സഞ്ചാരമേൽവിചാരകനു പെർഗമോസിൽനിന്നു തുയഥൈരയിലേക്ക് ഒരു ഉൾനാടൻ പാതയിലൂടെ പെട്ടെന്ന് എത്തിച്ചേരാമായിരുന്നു. അതിനുശേഷം വെളിപ്പാടു 3-ാം അധ്യായത്തിലെ ശേഷിച്ച സഭകളായ സർദിസ്, ഫിലദെൽഫിയ, ലവോദിക്യ എന്നിവിടങ്ങളിലേക്കു ചുററിസഞ്ചരിക്കാനും കഴിയുമായിരുന്നു. പെർഗമോസിനു വിരുദ്ധമായി, തുയഥൈര ചക്രവർത്തിയാരാധനയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നെന്നു തോന്നുന്നില്ല. എങ്കിലും അവിടെ പുറജാതിദൈവങ്ങൾക്കു സമർപ്പിക്കപ്പെട്ടിരുന്ന ക്ഷേത്രങ്ങളും ആലയങ്ങളും ഉണ്ടായിരുന്നു. തുയഥൈര ഒരു വ്യാപാര വാണിജ്യകേന്ദ്രമെന്നനിലയിൽ ശ്രദ്ധേയമായിരുന്നു.
2, 3. (എ) ഒരു ക്രിസ്ത്യാനിയായിത്തീർന്ന തുയഥൈരക്കാരിയെക്കുറിച്ചു മുമ്പ് എന്തു രേഖപ്പെടുത്തിയിരുന്നു? (ബി) യേശു “ദൈവപുത്രൻ” ആണെന്നുളളതിനും തനിക്ക് “അഗ്നിജ്വാലെക്കു ഒത്ത കണ്ണു”ണ്ടെന്നുളളതിനും തുയഥൈരയിലെ ക്രിസ്ത്യാനികൾക്ക് എന്തു പ്രാധാന്യമുണ്ട്?
2 മക്കദോന്യയിൽ പൗലോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ രക്താംബരം വിൽക്കുന്നവളായ ലുദിയാ എന്നു പേരുളള ഒരു തുയഥൈരക്കാരിയെ അദ്ദേഹം കണ്ടുമുട്ടി. ലുദിയായും അവളുടെ മുഴുകുടുംബവും പൗലോസ് പ്രസംഗിച്ചുകൊണ്ടിരുന്ന ദൂതു സന്തോഷത്തോടെ സ്വീകരിക്കുകയും അസാധാരണമായ അതിഥിപ്രിയം കാട്ടുകയും ചെയ്തു. (പ്രവൃത്തികൾ 16:14, 15) അവൾ ക്രിസ്ത്യാനിത്വം സ്വീകരിച്ച രേഖയിലുളള ആദ്യത്തെ തുയഥൈരക്കാരി ആയിത്തീർന്നു. കാലക്രമത്തിൽ ആ നഗരത്തിൽത്തന്നെ ക്രിസ്ത്യാനികളുടെ ഒരു സഭ ഉണ്ടാകാനിടയായി. യേശു തന്റെ ഏററവും ദീർഘമായ സന്ദേശം അവിടേക്ക് അയക്കുന്നു: “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെളേളാട്ടിന്നു സദൃശമായ കാലും ഉളള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.”—വെളിപ്പാടു 2:18.
3 യഹോവയെ ‘എന്റെ പിതാവ്’ എന്നു മററു സ്ഥലങ്ങളിൽ യേശു പരാമർശിക്കുന്നുണ്ടെങ്കിലും “ദൈവപുത്രൻ” എന്ന പ്രയോഗം വെളിപാടിൽ പ്രത്യക്ഷപ്പെടുന്ന ഏക അവസരം ഇതാണ്. (വെളിപ്പാടു 2:26; 3:5, 21) ഈ സ്ഥാനപ്പേരിന്റെ ഇവിടത്തെ ഉപയോഗം സാധ്യതയനുസരിച്ച് യഹോവയോടുളള യേശുവിന്റെ ഗാഢസൗഹൃദം തുയഥൈരയിലെ ക്രിസ്ത്യാനികളെ ഓർമപ്പെടുത്തുന്നു. ഈ പുത്രനു “അഗ്നിജ്വാലെക്കു ഒത്ത കണ്ണു”കളുണ്ട്—സഭയിൽ അശുദ്ധമാക്കുന്നതായി താൻ കാണുന്ന എന്തിനുമെതിരെ തന്റെ ന്യായവിധി ജ്വലിക്കുമെന്ന് തുയഥൈരയിലെ ക്രിസ്ത്യാനികൾക്കുളള ഒരു മുന്നറിയിപ്പുതന്നെ. തിളങ്ങുന്ന, ചെമ്പുസമാനമായ തന്റെ പാദങ്ങളെ രണ്ടാമതും പരാമർശിക്കുന്നതിനാൽ ഈ ഭൂമിയിൽ നടന്നപ്പോഴുളള തന്റെതന്നെ വിശ്വസ്തതയുടെ ശോഭിക്കുന്ന ദൃഷ്ടാന്തത്തെ അവൻ ഊന്നിപ്പറയുന്നു. തുയഥൈരയിലെ ക്രിസ്ത്യാനികൾ അവൻ ബുദ്ധ്യുപദേശം ചെവിക്കൊണ്ടുവെന്നതിനു സംശയമില്ല, നാമും ഇന്ന് അങ്ങനെതന്നെ ചെയ്യണം!—1 പത്രൊസ് 2:21.
4, 5. (എ) തുയഥൈരയിലെ ക്രിസ്ത്യാനികളെ യേശുവിന് അഭിനന്ദിക്കാൻ കഴിഞ്ഞത് എന്തുകൊണ്ട്? (ബി) തുയഥൈരയിലെ സഭ യഹോവയുടെ സാക്ഷികളുടെ ഇന്നത്തെ 73,000-ത്തിലധികം സഭകൾക്കു മാതൃക ആയിരിക്കുന്നത് എങ്ങനെ?
4 തുയഥൈരയിലുളളവരെ യേശുവിന് അഭിനന്ദിക്കാൻ കഴിയുന്നതു സന്തോഷകരംതന്നെ. അവൻ പറയുന്നു: “ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.” (വെളിപ്പാടു 2:19) എഫേസ്യർക്കു സംഭവിച്ചതുപോലെ അവിടെയുളള അഭിഷിക്ത ക്രിസ്ത്യാനികൾക്ക് യഹോവയോടുളള അവരുടെ ആദ്യസ്നേഹം നഷ്ടപ്പെട്ടില്ല. അവരുടെ വിശ്വാസം ശക്തമാണ്. അതിനുപുറമേ, അവരുടെ പ്രവൃത്തികൾ മുമ്പത്തെക്കാൾ അധികമാണ്, മുമ്പത്തെ മൂന്നു സഭകളെപ്പോലെ തുയഥൈരയിലുളള ക്രിസ്ത്യാനികൾ സഹിച്ചുനിൽക്കുന്നവരുമാണ്. ഇന്നു ഭൂമിയിലെമ്പാടുമുളള യഹോവയുടെ സാക്ഷികളുടെ 73,000-ഉം അതിലധികവും വരുന്ന സഭകൾക്ക് എത്ര മാതൃകാപരം! ചെറുപ്പക്കാരെയും പ്രായമുളളവരെയും ഉത്തേജിപ്പിച്ചുകൊണ്ടു ശുശ്രൂഷയിലെ തീക്ഷ്ണതയുടെ ഒരു ആത്മാവ് സ്ഥാപനത്തിൽ വ്യാപിക്കുമ്പോൾ യഹോവയോടുളള സ്നേഹം സ്ഫുരിക്കുന്നു. ആസന്നമായ ദൈവരാജ്യത്തിന്റെ മഹത്തായ പ്രത്യാശ ഘോഷിക്കുന്നതിന് ഇനിയും ശേഷിക്കുന്ന സമയം ബുദ്ധിപൂർവം ഉപയോഗിച്ചുകൊണ്ടു വർധിച്ചുവരുന്ന ഒരു സംഖ്യ പയനിയർമാരെന്ന നിലയിൽ തങ്ങളെത്തന്നെ ചെലവഴിക്കുന്നു!—മത്തായി 24:14; മർക്കൊസ് 13:10.
5 ദശാബ്ദങ്ങളായി അഭിഷിക്തരിലും മഹാപുരുഷാരത്തിലുംപെട്ട അനേകം വിശ്വസ്തർ ദൈവസേവനത്തിൽ മാതൃകാപരമായ സഹിഷ്ണുത പ്രകടമാക്കിക്കൊണ്ടാണിരിക്കുന്നത്, തങ്ങൾക്കു ചുററുമുളള ലോകം ആശയററ് അന്ധകാരത്തിലേക്കു കൂടുതൽ കൂടുതൽ ആഴത്തിൽ നിപതിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ. എങ്കിലും നമുക്കു നല്ല ധൈര്യമുളളവരായിരിക്കാം! വെളിപാട് ദൈവത്തിന്റെ മുൻ പ്രവാചകൻമാരുടെ സാക്ഷ്യം സ്ഥിരീകരിക്കുന്നു. “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.”—സെഫന്യാവു 1:14; യോവേൽ 2:1: ഹബക്കൂക്ക് 2:3; വെളിപ്പാടു 7:9; 22:12, 13.
“ഈസബേൽ എന്ന സ്ത്രീ”
6. (എ) സ്തുത്യർഹമായ വശങ്ങളുണ്ടായിട്ടും, തുയഥൈരയിലെ സഭയിൽ അടിയന്തിരശ്രദ്ധ ആവശ്യമുളള ഏതു പ്രശ്നം യേശു കുറിക്കൊളളുന്നു? (ബി) ഇസബേൽ ആരായിരുന്നു, അവൾക്ക് ഒരു പ്രവാചകിയായിരിക്കാനുളള അർഹത ഉണ്ടായിരുന്നോ?
6 യേശുവിന്റെ ജ്വലിക്കുന്ന കണ്ണുകൾ വീണ്ടും തുളച്ചുചെന്നിരിക്കുന്നു. അടിയന്തിരശ്രദ്ധ ആവശ്യമുളള ചില കാര്യങ്ങൾ അവൻ കുറിക്കൊളളുന്നു. തുയഥൈരയിലുളള ക്രിസ്ത്യാനികളോട് അവൻ പറയുന്നു: “എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിൻമാനും എന്റെ ദാസൻമാരെ ഉപദേശിക്കയും തെററിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുററം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.” (വെളിപ്പാടു 2:20) പൊ.യു.മു. 10-ാം നൂററാണ്ടിൽ ഇസ്രായേലിലെ ആഹാബ് രാജാവിന്റെ ബാൽ ആരാധകയായ ഭാര്യ ഇസബേൽ രാജ്ഞി തന്റെ ക്രൂരവും വ്യഭിചാരപരവും ആധിപത്യം നടത്തുന്നതുമായ രീതികൾ നിമിത്തം കുപ്രസിദ്ധയായിത്തീർന്നിരുന്നു. യഹോവയുടെ അഭിഷിക്തനെന്നനിലയിൽ യേഹു അവൾ വധിക്കപ്പെടുവാൻ ഇടയാക്കി. (1 രാജാക്കൻമാർ 16:31; 18:4; 21:1-16; 2 രാജാക്കൻമാർ 9:1-7, 22, 30, 33) വിഗ്രഹാരാധിയായ ഇസബേലിന് ഒരു പ്രവാചകിയായിരിക്കാൻ ഒരവകാശവുമില്ലായിരുന്നു. അവൾ ഇസ്രായേലിൽ വിശ്വസ്ത പ്രവാചകിമാരായി സേവിച്ചിരുന്ന മിര്യാമിനെയും ദെബോറയെയും പോലെയല്ലായിരുന്നു. (പുറപ്പാടു 15:20, 21; ന്യായാധിപൻമാർ 4:4; 5:1-31) വയസ്സുചെന്ന ഹന്നായെയും സുവിശേഷകനായ ഫിലിപ്പോസിന്റെ നാലു പുത്രിമാരെയും യഹോവയുടെ ആത്മാവു പ്രേരിപ്പിച്ചതുപോലെ പ്രവചിക്കാൻ അത് അവളെ പ്രേരിപ്പിച്ചില്ല.—ലൂക്കൊസ് 2:36-38; പ്രവൃത്തികൾ 21:9.
7. (എ) “ഈസബേൽ എന്ന സ്ത്രീ” എന്നു പറയുന്നതിനാൽ യേശു പ്രത്യക്ഷത്തിൽ ഏതു സ്വാധീനത്തെ പരാമർശിക്കുന്നു? (ബി) ബന്ധപ്പെട്ട ചില സ്ത്രീകൾ തങ്ങളുടെ തന്നിഷ്ട ഗതിയെ എങ്ങനെ ന്യായീകരിച്ചിരിക്കാം?
7 അപ്പോൾ തുയഥൈരയിൽ താൻ പ്രവാചകിയെന്നവകാശപ്പെടുന്ന “ഈസബേൽ എന്ന സ്ത്രീ” ഒരു കപടവേഷക്കാരിയാണെന്നുളളതു വ്യക്തം. അവൾക്കു ദൈവാത്മാവിന്റെ പിന്തുണയില്ലായിരുന്നു. അവൾ ആരാണ്? സാധ്യതയനുസരിച്ച്, അവൾ സഭയിൽ ലജ്ജാകരമായ ഒരു ദുഷിപ്പിക്കുന്ന സ്വാധീനമായി പ്രവർത്തിക്കുന്ന ഒരു സ്ത്രീയോ സ്ത്രീകളുടെ കൂട്ടമോ ആണ്. തിരുവെഴുത്തുകൾ തെററായി ബാധകമാക്കിക്കൊണ്ട് അവരുടെ തന്നിഷ്ടഗതിയെ ധിക്കാരപൂർവം ന്യായീകരിക്കുമ്പോൾതന്നെ ബന്ധപ്പെട്ട ചില സ്ത്രീകൾ സഭാംഗങ്ങളെ ദുർമാർഗത്തിൽ ഉൾപ്പെടുത്തിയിരുന്നിരിക്കാം. വാസ്തവത്തിൽ വ്യാജമായ പ്രവചിക്കൽതന്നെ! “ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം” എന്നിങ്ങനെ അവരുടെ സ്വന്തം വഴികളിലേക്കു നിപതിക്കാൻ അവർ മററുളളവരെ സ്വാധീനിക്കുമായിരുന്നു. (കൊലൊസ്സ്യർ 3:5) ഇന്നു ക്രൈസ്തവലോകമതങ്ങളിൽ മിക്കതിലും അനുവദിക്കുന്നതോ കണ്ണടച്ചുകളയുന്നതോ ആയ അധാർമികവും സ്വാർഥപരവുമായ ജീവിതരീതികളിൽ സഭയിലുളളവർ ഉൾപ്പെടാൻ അവർ ഇടയാക്കുമായിരുന്നു.
8. (എ) തുയഥൈരയിലെ ‘ഈസബേലിനെ’ക്കുറിച്ചുളള യേശുവിന്റെ പ്രഖ്യാപനം എന്താണ്? (ബി) ആധുനികകാലങ്ങളിൽ അനുചിതമായ സ്ത്രീസ്വാധീനം അനുഭവപ്പെട്ടിരിക്കുന്നത് എങ്ങനെ?
8 തുയഥൈരയിലെ മൂപ്പൻമാരോട് യേശു തുടർന്നു പറയുന്നു: “ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല. ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും.” (വെളിപ്പാടു 2:21, 22) ആദിമ ഇസബേൽ പ്രത്യക്ഷത്തിൽ ആഹാബിനെ ഭരിക്കുകയും പിന്നീടു ദൈവത്തിന്റെ വധാധികൃതനായ യേഹുവിനെ നിന്ദിക്കുകയും ചെയ്തതുപോലെതന്നെ ഈ സ്ത്രീസ്വാധീനം ഭർത്താക്കൻമാരെയും മൂപ്പൻമാരെയും ഉപായത്താൽ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നിരിക്കാം. ഉദ്ധതമായ ഈ ഇസബേൽ സ്വാധീനത്തെ തുയഥൈരയിലെ മൂപ്പൻമാർ അനുവദിച്ചുകൊടുക്കുകയാണെന്നു തോന്നുന്നു. യേശു അവർക്കും അതോടൊപ്പം യഹോവയുടെ ജനത്തിന്റെ ഇന്നത്തെ ആഗോള സഭയ്ക്കും ഇവിടെ ശക്തമായ മുന്നറിയിപ്പു മുഴക്കുന്നു. ആധുനികനാളുകളിൽ അത്തരം ദൃഢചിത്തരായ ചില സ്ത്രീകൾ വിശ്വാസത്യാഗികളായിത്തീരാൻ തങ്ങളുടെ ഭർത്താക്കൻമാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, യഹോവയുടെ വിശ്വസ്ത ദാസൻമാർക്കെതിരെ കോടതിനടപടി സ്വീകരിക്കാൻ പ്രേരിപ്പിക്കുകപോലും ചെയ്തിട്ടുണ്ട്.—താരതമ്യം ചെയ്യുക: യൂദാ 5-8.
9. (എ) ഇസബേലിനെക്കുറിച്ചുളള യേശുവിന്റെ വാക്കുകൾ സഭയിലുളള എല്ലാ സ്ത്രീകളെയും അപമാനിക്കാത്തതെന്തുകൊണ്ട്? (ബി) എപ്പോൾ മാത്രമാണ് ഒരു ഇസബേൽ സ്വാധീനം ഉയർന്നുവരുന്നത്?
9 ഇതു ക്രിസ്തീയസഭയിലെ വിശ്വസ്തരായ സ്ത്രീകളെ ഒരുപ്രകാരത്തിലും അപമാനിക്കുന്നില്ല. ഇക്കാലങ്ങളിൽ സാക്ഷ്യവേലയുടെ ഒരു വലിയഭാഗം വിശ്വസ്തരായ സഹോദരിമാരാണു നിർവഹിക്കുന്നത്; അവർ നടത്തുന്ന ഭവനബൈബിളധ്യയനങ്ങളിലൂടെ പുതിയവരുടെ കൂട്ടങ്ങളെ അവർ സഭയിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. സങ്കീർത്തനം 68:11 സൂചിപ്പിക്കുന്നപ്രകാരം യഹോവതന്നെ ഈ ക്രമീകരണത്തെ അനുഗ്രഹിക്കുന്നു: “കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.” ഭാര്യമാരുടെ വിനീതവും ആദരണീയവുമായ നടത്തയാൽ തങ്ങളുടെ ഭർത്താക്കൻമാരെ നല്ലതിലേക്കു സ്വാധീനിക്കാൻ കഴിഞ്ഞേക്കാം, അതു “ദൈവസന്നിധിയിൽ വിലയേറിയതാകുന്നു”. (1 പത്രൊസ് 3:1-4) പ്രാപ്തയായ, കഠിനാധ്വാനിയായ ഭാര്യയെ ലെമൂവേൽ രാജാവു പുകഴ്ത്തുന്നു. (സദൃശവാക്യങ്ങൾ 31:10-31) പുരുഷൻമാരെ വശീകരിച്ചുകൊണ്ടോ ശിരസ്ഥാനത്തെ വെല്ലുവിളിക്കുകയോ അവഗണിക്കുകയോ ചെയ്തുകൊണ്ടോ സ്ത്രീകൾ അതിർ കടക്കുമ്പോൾ മാത്രമാണ് ഒരു ഇസബേൽ സ്വാധീനം ഉയർന്നുവരുന്നത്.—എഫെസ്യർ 5:22, 23; 1 കൊരിന്ത്യർ 11:3.
10. (എ) ഇസബേലിനും അവളുടെ മക്കൾക്കും ന്യായവിധി ലഭിക്കുന്നത് എന്തുകൊണ്ട്? (ബി) ഇസബേലിന്റെ മക്കളായിത്തീരുന്നവർ ഏത് അപകടാവസ്ഥയിലാണ്, അത്തരക്കാർ എന്തു ചെയ്യണം?
10 “ഈസബേൽ എന്ന സ്ത്രീയെ” പരാമർശിച്ചുകൊണ്ട് യേശു തുടരുന്നു: “അവളുടെ മക്കളെയും ഞാൻ [മാരകമായ ബാധയാൽ, NW] കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.” (വെളിപ്പാടു 2:23) യേശു ഇസബേലിനും അവളുടെ മക്കൾക്കും പശ്ചാത്തപിക്കുന്നതിനുളള സമയം കൊടുത്തിരിക്കുന്നു, എന്നാൽ അവർ തങ്ങളുടെ അധാർമിക വഴികളിൽ മാററമില്ലാതെ ഉറച്ചുനിൽക്കുന്നു, അതിനാൽ ന്യായവിധി സ്വീകരിച്ചേ മതിയാകൂ. ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഇവിടെ ശക്തമായ ഒരു സന്ദേശമുണ്ട്. ശിരസ്ഥാനവും ധാർമികതയും സംബന്ധിച്ച ബൈബിൾതത്ത്വങ്ങൾ ലംഘിച്ചുകൊണ്ടോ ദിവ്യാധിപത്യക്രമത്തെ അവഗണിക്കത്തക്കവണ്ണം താന്തോന്നിയായിരുന്നുകൊണ്ടോ ഇസബേലിനെ അനുകരിക്കുകയും അങ്ങനെ അവളുടെ മക്കളായിത്തീരുകയും ചെയ്യുന്നവർ പുരുഷൻമാരായാലും സ്ത്രീകളായാലും, ആത്മീയമായി അപകടകരമായ ഒരു രോഗാവസ്ഥയിലാണ്. അത്തരത്തിലുളള ഒരാൾ തനിക്കുവേണ്ടി പ്രാർഥിക്കുന്നതിനു സഭയിലെ മൂപ്പൻമാരെ വിളിച്ചാൽ “വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും”—അയാൾ താഴ്മയോടെ ആ പ്രാർഥനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ. എന്നാൽ ദുർമാർഗ നടപടികളെ മൂടിവെക്കാൻ ശ്രമിച്ചുകൊണ്ടോ തീക്ഷ്ണമായ സേവനത്തിന്റെ ഒരു ബാഹ്യപ്രകടനം നടത്തിക്കൊണ്ടോ തനിക്കു ദൈവത്തെയോ ക്രിസ്തുവിനെയോ കബളിപ്പിക്കാൻ കഴിയുമെന്ന് ആരും ചിന്തിക്കാതിരിക്കട്ടെ.—യാക്കോബ് 5:14, 15.
11. നിയമവിരുദ്ധമായ സ്ത്രീസ്വാധീനത്തിന്റെ നുഴഞ്ഞുകയററം സംബന്ധിച്ച് ഉണർന്നിരിക്കാൻ ഇന്നു സഭകൾ എങ്ങനെ സഹായിക്കപ്പെടുന്നു?
11 സന്തോഷകരമെന്നുപറയട്ടെ, യഹോവയുടെ സാക്ഷികളുടെ ഇന്നത്തെ മിക്ക സഭകളും ഈ അപകടം സംബന്ധിച്ച് ഉണർവുളളവരാണ്. ദിവ്യാധിപത്യവിരുദ്ധമായ മനോഭാവങ്ങളിലേക്കും ദുഷ്പ്രവൃത്തിയിലേക്കുമുളള ചായ്വുകൾ സംബന്ധിച്ചും മൂപ്പൻമാർ ജാഗരൂകരാണ്. അവർ അപകടത്തിന്റെ പാതയിലായിരിക്കുന്ന പുരുഷൻമാരെയും സ്ത്രീകളെയും സഹായിക്കാൻ ശ്രമിക്കുന്നു, ഇവർ ആത്മീയമായി പുഷ്ടി പ്രാപിക്കുന്നതിനും വളരെ വൈകിപ്പോകുന്നതിനുമുമ്പു പുനഃക്രമീകരിക്കപ്പെടുന്നതിനും തന്നെ. (ഗലാത്യർ 5:16; 6:1) സ്ത്രീവിമോചനം പോലുളള നീക്കങ്ങളെ ഉന്നമിപ്പിക്കുന്നതിനുവേണ്ടി കൂട്ടുകെട്ടുണ്ടാക്കാനുളള ഏതു സ്ത്രീശ്രമത്തെയും ഈ ക്രിസ്തീയമേൽവിചാരകൻമാർ സ്നേഹത്തോടെയും ദൃഢതയോടെയും തടഞ്ഞുനിർത്തുന്നു. അതിനുപുറമേ, സമയോചിതമായ ബുദ്ധ്യുപദേശം കാലാകാലങ്ങളിൽ വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽ നൽകപ്പെടുന്നു.a
12. ഇന്നത്തെ യോഹന്നാൻവർഗം യേഹുവിന്റേതിനു സമാനമായ ഒരു തീക്ഷ്ണത ഏതു വിധത്തിൽ പ്രകടമാക്കുന്നു?
12 എന്നിരുന്നാലും, കഠിനമായ ദുർമാർഗം ഉണ്ടായിരിക്കുന്നിടത്ത്, പ്രത്യേകിച്ചും ഇതൊരു പതിവായിത്തീരുന്നിടത്ത്, അനുതാപമില്ലാത്ത പാപികൾ പുറത്താക്കപ്പെടണം. ഇസ്രായേലിൽ ഇസബേൽ സ്വാധീനത്തിന്റെ സകല കണികകളും നിർമാർജനം ചെയ്യുന്നതിൽ യേഹുവിന്റെ തീക്ഷ്ണത നാം അനുസ്മരിക്കുന്നു. അതുപോലെ, തങ്ങളുടെ “യോനാദാബ്” കൂട്ടാളികൾക്കുവേണ്ടി ഒരു മാതൃക വെച്ചുകൊണ്ടും ക്രൈസ്തവലോകത്തിലെ അനുവാദാത്മക ശുശ്രൂഷകരിൽ നിന്നു തങ്ങൾ വളരെ വ്യത്യസ്തരാണെന്നു പ്രകടമാക്കിക്കൊണ്ടും യോഹന്നാൻവർഗം ഇന്നു ദൃഢമായ നടപടിയെടുക്കുന്നു.—2 രാജാക്കൻമാർ 9:22, 30-37; 10:12-17.
13. തെററായ സ്ത്രീസ്വാധീനത്തിനു വഴങ്ങിക്കൊടുക്കുന്നവർക്ക് എന്തു സംഭവിക്കും?
13 ആധുനിക ഇസബേലിനെ തിരിച്ചറിയിക്കുന്നതിലും അവളുടെ ആത്മീയരോഗം വിട്ടുമാറാത്ത ഒന്നായതിനാൽ അവളെ രോഗശയ്യയിലേക്ക് എറിയുന്നതിലും യഹോവയുടെ സന്ദേശവാഹകനും ന്യായാധിപനുമെന്നനിലയിൽ ദൈവപുത്രൻ ശരിയായി പ്രവർത്തിക്കുന്നു. (മലാഖി 3:1, 5) ഈ തെററായ സ്ത്രീസ്വാധീനത്തിനു വഴങ്ങിക്കൊടുത്തവർ വലിയ കഷ്ടവും അനുഭവിക്കും—പുറത്താക്കപ്പെടുന്നതിന്റെ, ക്രിസ്തീയസഭയിൽനിന്നു മരിച്ചവനെപ്പോലെ വിച്ഛേദിക്കപ്പെടുന്നതിന്റെ ദുഃഖംതന്നെ. അവർ പശ്ചാത്തപിച്ച്, തിരിഞ്ഞുവന്ന്, സഭയിൽ വീണ്ടും സ്വീകരിക്കപ്പെടുന്നില്ലെങ്കിൽ അവരും “മാരകമായ ബാധ”യാൽ ശാരീരിക മരണത്തെ അഭിമുഖീകരിക്കും—അങ്ങേയററം പോയാൽ മഹോപദ്രവത്തിൽ. അതിനിടെ, തങ്ങളുടെ തെററായ പ്രവൃത്തികളെക്കുറിച്ചു പൂർണമായി പശ്ചാത്തപിച്ചാൽ പുനഃസ്ഥാപനം സാധ്യമാണ്.—മത്തായി 24:21, 22; 2 കൊരിന്ത്യർ 7:10.
14. (എ) ഏതെങ്കിലും ഇസബേൽ സ്വാധീനം പോലുളള നിശ്ചിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യേശു മൂപ്പൻമാരെ ഉപയോഗിക്കുന്നത് എങ്ങനെ? (ബി) അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മൂപ്പൻമാരെ സഭ എങ്ങനെ പിന്താങ്ങണം?
14 ‘ഉൾപൂവുകൾ’ ആകുന്ന അത്യഗാധമായ വികാരങ്ങളെയും അടിസ്ഥാന ആന്തരങ്ങൾ ഉൾപ്പെടെ ‘ഹൃദയം’ ആകുന്ന ആന്തരികവ്യക്തിയെയും യേശു പരിശോധിക്കുന്നുവെന്നു “സകലസഭകളും” അറിയാൻ ഇടയാകണം. ഇതിനായി, ഏതെങ്കിലും ഇസബേൽ സ്വാധീനം പോലെ പൊന്തിവരുന്ന നിശ്ചിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അവൻ വിശ്വസ്തനക്ഷത്രങ്ങളെ, അഥവാ മൂപ്പൻമാരെ ഉപയോഗിക്കുന്നു. (വെളിപ്പാടു 1:20) ഇത്തരത്തിലുളള ഒരു പ്രശ്നം ഈ മൂപ്പൻമാർ പൂർണമായി പരിശോധിക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തശേഷം എടുത്ത നടപടിയുടെ കാര്യകാരണങ്ങളിലേക്കു വ്യക്തികൾ ചുഴിഞ്ഞിറങ്ങേണ്ടതില്ല. കാര്യങ്ങൾ സംബന്ധിച്ച് ഈ മൂപ്പൻമാരുടെ തീർപ്പ് എല്ലാവരും വിനീതമായി അംഗീകരിക്കുകയും ഈ സഭാനക്ഷത്രങ്ങളെ പിന്താങ്ങുന്നതിൽ തുടരുകയും വേണം. യഹോവയോടും അവന്റെ സ്ഥാപനക്രമീകരണങ്ങളോടുമുളള വിശ്വസ്തതക്കു പ്രതിഫലം ലഭിക്കും. (സങ്കീർത്തനം 37:27-29; എബ്രായർ 13:7, 17) നിങ്ങളുടെ ഭാഗത്ത്, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസരിച്ച് യേശു വ്യക്തിപരമായി പകരംകൊടുക്കുമ്പോൾ നിങ്ങളുടെ പങ്ക് ഒരനുഗ്രഹമായിരിക്കട്ടെ.—ഇവകൂടെ കാണുക: ഗലാത്യർ 5:19-24; 6:7-9.
‘നിങ്ങൾക്കുളളതു പിടിച്ചുകൊൾവിൻ’
15. (എ) ഇസബേലിനാൽ ദുഷിപ്പിക്കപ്പെടാഞ്ഞവരോട് യേശുവിന് എന്തു പറയാനുണ്ടായിരുന്നു? (ബി) ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന എല്ലാവരും 1918-ൽ വിശ്വാസത്യാഗിയായ ക്രൈസ്തവലോകത്താൽ ദുഷിപ്പിക്കപ്പെട്ടിരുന്നില്ലെന്ന് എന്തു പ്രകടമാക്കുന്നു?
15 യേശുവിന്റെ അടുത്ത വാക്കുകൾ ആശ്വാസം കൈവരുത്തുന്നു: “എന്നാൽ ഈ ഉപദേശം കൈക്കൊളളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ [ആഴമായ കാര്യങ്ങൾ, NW] അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല; എങ്കിലും നിങ്ങൾക്കുളളതു ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു.” (വെളിപ്പാടു 2:24, 25) ഇസബേലിനാൽ സ്വാധീനിക്കപ്പെട്ടിട്ടില്ലാത്ത വിശ്വസ്തരായ ദേഹികൾ തുയഥൈരയിലുണ്ട്. അതുപോലെതന്നെ 1918-നു മുമ്പുളള 40 വർഷക്കാലത്തും അതിനു ശേഷവും ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന എല്ലാവരും ക്രൈസ്തവലോകത്തിൽ പടർന്നുപന്തലിച്ചിരിക്കുന്ന ദുഷിച്ച, അധാർമിക വഴികളെ അനുവദിച്ചുകൊടുത്തിട്ടില്ല. ക്രൈസ്തവലോകത്തിലെ പല ഉപദേശങ്ങളുടെയും അക്രൈസ്തവ ഉത്ഭവം മനസ്സിലാക്കുന്നതിനു പളളിയംഗങ്ങളെ സഹായിക്കാൻ ശ്രമിച്ച, ഇപ്പോൾ യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്ന ബൈബിൾ വിദ്യാർഥികളുടെ ഒരു ചെറിയ സംഘം വിശ്വാസത്യാഗിയായ ക്രൈസ്തവലോകത്തിലൂടെ ലഭിച്ച എല്ലാ ബാബിലോന്യ വിശ്വാസങ്ങളും ആചാരങ്ങളും തങ്ങളിൽനിന്നു നീക്കംചെയ്യാൻ നടപടിയെടുക്കുകയുണ്ടായി. ഇതിൽ “ഈസബേൽ എന്ന സ്ത്രീ”യുടെ അനുവാദാത്മക ഉപദേശവും ഉൾപ്പെടുന്നു.
16. യേശുവും ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ ഭരണസംഘവും കൂടുതലായ ഭാരമൊന്നും വെച്ചില്ലെങ്കിലും ഏതു കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്?
16 അധഃപതിച്ച വിനോദലോകത്തിൽ കാണുന്നതുപോലുളള അധാർമിക സ്വാധീനങ്ങൾ സംബന്ധിച്ചു ജാഗ്രതയോടിരിക്കാനും ഇന്നുളള യോഹന്നാൻവർഗം അവരുടെ കൂട്ടാളികളായ മഹാപുരുഷാരത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ജിജ്ഞാസ മൂലമോ എന്ത് ഒഴിവാക്കണമെന്നു മനസ്സിലാക്കാൻ വേണ്ടിയോ ദുഷിപ്പു കാണുകയോ അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. “സാത്താന്റെ ആഴമായ കാര്യങ്ങ”ളിൽനിന്നും ദൂരെ മാറിനിൽക്കുന്നതു ജ്ഞാനത്തിന്റെ ഗതിയാണ്. യേശു പറയുന്നതുപോലെ: “വേറൊരു ഭാരം ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.” ഇത് ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ ഭരണസംഘത്തിന്റെ കല്പന നമ്മെ അനുസ്മരിപ്പിക്കുന്നു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരമൊന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു”. (പ്രവൃത്തികൾ 15:28, 29) ആത്മീയ ക്ഷേമത്തിനുവേണ്ടി വ്യാജമതവും (രക്തപ്പകർച്ചയിലെന്നപോലെ) രക്തത്തിന്റെ ദുരുപയോഗവും ദുർന്നടപ്പും ഒഴിവാക്കുക! നിങ്ങളുടെ ശാരീരിക ആരോഗ്യവും സംരക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്.
17. (എ) സാത്താൻ “ആഴമായ കാര്യങ്ങൾ”കൊണ്ട് ഇന്ന് ആളുകളെ എങ്ങനെ പ്രലോഭിപ്പിച്ചിരിക്കുന്നു? (ബി) സാത്താന്റെ പരിഷ്കൃതലോകത്തിന്റെ “ആഴമായ കാര്യങ്ങ”ളോടുളള നമ്മുടെ മനോഭാവമെന്തായിരിക്കണം?
17 ബുദ്ധിയെ പ്രകീർത്തിക്കുന്ന സങ്കീർണമായ അഭ്യൂഹങ്ങളും തത്ത്വശാസ്ത്രങ്ങളും പോലുളള മററ് “ആഴമായ കാര്യങ്ങൾ” ഇന്നു സാത്താനുണ്ട്. അനുവാദാത്മകവും അധാർമികവുമായ ന്യായവാദങ്ങൾക്കു പുറമേ ഇവയിൽ ആത്മവിദ്യയും പരിണാമസിദ്ധാന്തവും ഉൾപ്പെടുന്നു. സർവജ്ഞാനിയായ സ്രഷ്ടാവ് ഈ “ആഴമായ കാര്യങ്ങ”ളെ എങ്ങനെയാണു കണക്കാക്കുന്നത്? അവൻ ഇങ്ങനെ പറയുന്നതായി അപ്പോസ്തലനായ പൗലോസ് ഉദ്ധരിക്കുന്നു: “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും.” അതിനു വിപരീതമായി, ‘ദൈവത്തിന്റെ ആഴങ്ങൾ’ ലളിതവും വ്യക്തവും ഹൃദയോഷ്മളവുമാണ്. ജ്ഞാനികളായ ക്രിസ്ത്യാനികൾ സാത്താന്റെ പരിഷ്കൃതലോകത്തിന്റെ “ആഴമായ കാര്യങ്ങൾ” ഒഴിവാക്കുന്നു. ഓർക്കുക, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 കൊരിന്ത്യർ 1:19, കിങ്ഡം ഇൻറർലീനിയർ; 2:10; 1 യോഹന്നാൻ 2:17.
18. അവസാനംവരെ വിശ്വസ്തരായി നിൽക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾക്ക് യേശു എന്തനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തു, അർമഗെദോനിൽ ഈ പുനരുത്ഥാനം പ്രാപിച്ചവർക്ക് എന്ത് പദവിയുണ്ടായിരിക്കും?
18 തുയഥൈരയിലുളള ആ ക്രിസ്ത്യാനികളോട് യേശു ഇപ്പോൾ ഹൃദയോഷ്മളമായ വാക്കുകൾ സംസാരിക്കുന്നു. അവ ഇന്നത്തെ അഭിഷിക്ത ക്രിസ്ത്യാനികളെയും പ്രോത്സാഹിപ്പിക്കുന്നു: “ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.” (വെളിപ്പാടു 2:26, 27) തീർച്ചയായും അത്ഭുതകരമായ ഒരു പദവിതന്നെ! അഭിഷിക്തരായ ജയശാലികൾക്ക് അവരുടെ പുനരുത്ഥാനത്തിൽ ലഭിക്കുന്ന ഈ അധികാരം, അർമഗെദോനിൽ മത്സരികളായ ജനതകൾക്കെതിരെ നാശത്തിന്റെ “ഇരിമ്പുകോൽ” പ്രയോഗിക്കുന്നതിൽ യേശുവിനോടൊപ്പമുളള ഒരു പങ്കാണ്. ക്രിസ്തു തന്റെ ശത്രുക്കളെ മൺപാത്രങ്ങൾപോലെ ഉടയ്ക്കുമ്പോൾ ആ ജനതകളുടെ ന്യൂക്ലിയർ ആയുധങ്ങൾ എത്ര നല്ല അവസ്ഥകളിലും നനഞ്ഞ പടക്കംപോലെ ചീററിപ്പോകും.—സങ്കീർത്തനം 2:8, 9; വെളിപ്പാടു 16:14, 16; 19:11-13, 15.
19. (എ) ‘ഉദയനക്ഷത്രം’ ആരാണ്, ജയിക്കുന്നവർക്ക് അവൻ എങ്ങനെ നൽകപ്പെടും? (ബി) മഹാപുരുഷാരത്തിന് എന്തു പ്രോത്സാഹനം നൽകപ്പെട്ടിരിക്കുന്നു?
19 യേശു കൂട്ടിച്ചേർക്കുന്നു: “ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.” (വെളിപ്പാടു 2:28) ഈ ‘നക്ഷത്രം’ എന്താണെന്ന് യേശുതന്നെ പിന്നീടു വിശദീകരിക്കുന്നു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.” (വെളിപ്പാടു 22:16) അതെ, ബിലെയാമിന്റെ വിമുഖത കാട്ടിയ അധരങ്ങളിലൂടെ യഹോവ നിർബന്ധിച്ചു പുറപ്പെടുവിച്ച പ്രവചനം നിറവേററുന്നത് യേശുവാണ്. “യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും.” (സംഖ്യാപുസ്തകം 24:17) ജയിക്കുന്നവർക്ക് യേശു ‘ഉദയനക്ഷത്രം’ കൊടുക്കുന്നതെങ്ങനെ? പ്രത്യക്ഷത്തിൽ, അവരെ തന്നോട് ഏററവും അടുത്ത, ഏററവും ഉററ ഒരു ബന്ധത്തിലേക്ക് എടുക്കുന്നതിനാൽ തന്നേത്തന്നെ അവർക്കു നൽകിക്കൊണ്ടുതന്നെ. (യോഹന്നാൻ 14:2, 3) തീർച്ചയായും സഹിച്ചുനിൽക്കാൻ ശക്തമായ ഒരു പ്രേരണതന്നെ! ഇവിടെ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുന്നതിൽ ‘ശുഭ്രമായ ഉദയനക്ഷത്രം’ പെട്ടെന്നുതന്നെ തന്റെ രാജ്യാധികാരം പ്രയോഗിക്കുമെന്നറിയുന്നതു മഹാപുരുഷാരത്തിനും ഉത്തേജനം നൽകുന്നതാണ്!
നിർമലത കാത്തുസൂക്ഷിക്കുക
20. ക്രൈസ്തവലോകത്തിലെ ഏതു സംഭവവികാസങ്ങൾ തുയഥൈര സഭയിലെ ചില ദൗർബല്യങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നു?
20 ഈ സന്ദേശം തുയഥൈരയിലെ ക്രിസ്ത്യാനികളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരിക്കണം. ചിന്തിച്ചുനോക്കുക—സ്വർഗത്തിലെ മഹത്ത്വീകരിക്കപ്പെട്ട ദൈവപുത്രൻ തുയഥൈരയിലെ ക്രിസ്ത്യാനികളോട് അവരുടെ ചില പ്രശ്നങ്ങൾ സംബന്ധിച്ചു വ്യക്തിപരമായി സംസാരിച്ചിരുന്നു! തീർച്ചയായും, സഭയിലെ ചിലരെങ്കിലും അത്തരം സ്നേഹപൂർവകമായ മേയിക്കലിനോടു പ്രതികരിക്കുകയുണ്ടായി. ഏഴു സന്ദേശങ്ങളിൽ ഏററവും ദീർഘമായ ഇത് ഇന്നത്തെ സത്യക്രിസ്തീയസഭയെ തിരിച്ചറിയുന്നതിനും നമ്മെ സഹായിക്കുന്നു. ന്യായവിധിക്കായി യേശു 1918-ൽ യഹോവയുടെ ആലയത്തിലേക്കു വന്നപ്പോൾ, ക്രിസ്തീയമെന്ന് അവകാശപ്പെട്ടിരുന്ന സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും വിഗ്രഹാരാധനയാലും ആത്മീയ ദുർന്നടത്തയാലും കളങ്കപ്പെട്ടിരുന്നു. (യാക്കോബ് 4:4) ചിലർ സെവന്ത്ഡേ അഡ്വെൻറിസ്ററിലെ എലൻ വൈററിനെയും ക്രിസ്ററ്യൻ സൈൻറിസ്ററ്സിലെ മേരി ബേക്കർ എഡീയെയും പോലെ 19-ാം നൂററാണ്ടിലെ ദൃഢചിത്തരായ സ്ത്രീകളുടെ പഠിപ്പിക്കലുകളിൽ തങ്ങളുടെ വിശ്വാസങ്ങൾ അടിസ്ഥാനപ്പെടുത്തി. ഈയിടെ അനേകം സ്ത്രീകൾ അൾത്താരയിൽനിന്നു പ്രസംഗിച്ചുകൊണ്ടുമിരിക്കുന്നു. (വിപരീതതാരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 2:11, 12.) കത്തോലിക്കാമതത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽ മിക്കപ്പോഴും ദൈവത്തിനും ക്രിസ്തുവിനും ഉപരിയായി മറിയ ആദരിക്കപ്പെടുന്നു. യേശു അവളെ അപ്രകാരം ആദരിച്ചില്ല. (യോഹന്നാൻ 2:4; 19:26) അത്തരം നിയമവിരുദ്ധമായ സ്ത്രീസ്വാധീനം അനുവദിക്കുന്ന സ്ഥാപനങ്ങളെ യഥാർഥത്തിൽ ക്രിസ്തീയമായി അംഗീകരിക്കാൻ കഴിയുമോ?
21. തുയഥൈരക്കുളള യേശുവിന്റെ സന്ദേശത്തിൽ വ്യക്തികൾക്കായി എന്തു പാഠങ്ങളാണുളളത്?
21 യോഹന്നാൻവർഗത്തിൽ പെട്ടവരായാലും വേറെ ആടുകളിൽ പെട്ടവരായാലും വ്യക്തികളായ ക്രിസ്ത്യാനികൾ ഈ സന്ദേശം പരിചിന്തിക്കുന്നതു നല്ലതാണ്. (യോഹന്നാൻ 10:16) ചിലർ, തുയഥൈരയിലെ ഇസബേലിന്റെ ശിഷ്യൻമാരെപ്പോലെ ഒരു എളുപ്പമാർഗം പിൻപററുന്നത് ആകർഷകമായി കണ്ടെത്തിയേക്കാം. വിട്ടുവീഴ്ച ചെയ്യാനുളള പ്രലോഭനവുമുണ്ട്. ഇന്ന്, രക്തോത്പന്നങ്ങൾ ഭക്ഷിക്കുന്നതോ രക്തപ്പകർച്ച സ്വീകരിക്കുന്നതോ പോലുളള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ചിലർ വയൽസേവനത്തിലെ തീക്ഷ്ണതയോ പ്രസംഗങ്ങൾ നടത്തുന്നതോ, അക്രമാസക്തവും അധാർമികവുമായ ചലച്ചിത്രങ്ങളും വീഡിയോ ടേപ്പുകളും കാണുന്നതോ അമിതമായി മദ്യം കുടിക്കുന്നതോ പോലുളള മററു മണ്ഡലങ്ങളിൽ കർശനം കുറയ്ക്കാൻ തങ്ങളെ അനുവദിക്കുന്നുവെന്നു വിചാരിച്ചേക്കാം. തുയഥൈരയിലെ ക്രിസ്ത്യാനികൾക്കുളള യേശുവിന്റെ മുന്നറിയിപ്പ് അത്തരം സ്വാതന്ത്ര്യങ്ങൾ നാം ഉപയോഗിക്കരുതെന്നു നമ്മോടു പറയുന്നു. നാം തുയഥൈരയിലെ പല ക്രിസ്ത്യാനികളെയുംപോലെ വിഭജിതരായിരിക്കാനല്ല, ശുദ്ധരും പൂർണദേഹിയോടെ ചെയ്യുന്നവരും ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു.
22. കേൾക്കുന്ന ഒരു കാതുണ്ടായിരിക്കുന്നതിന്റെ പ്രാധാന്യത്തെ യേശു ഊന്നിപ്പറയുന്നത് എങ്ങനെ?
22 അന്തിമമായി, യേശു പ്രഖ്യാപിക്കുന്നു: “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുളളവൻ കേൾക്കട്ടെ.” (വെളിപ്പാടു 2:29) യേശു ഇവിടെ ഉണർത്തുന്ന ഈ പല്ലവി നാലാം പ്രാവശ്യം ആവർത്തിക്കുന്നു, ഇനിയും വരാനുളള മൂന്നു സന്ദേശങ്ങളെയും അതുതന്നെ ഉപസംഹരിക്കും. നിങ്ങൾക്ക് ആ പ്രതികരിക്കുന്ന കാതുണ്ടോ? ഉണ്ടെങ്കിൽ ദൈവം തന്റെ ആത്മാവിനാൽ തന്റെ സരണിയിലൂടെ തുടർന്നു ബുദ്ധ്യുപദേശം നൽകുമ്പോൾ ഏകാഗ്രമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
[അടിക്കുറിപ്പുകൾ]
a ഉദാഹരണത്തിന്, “ഒന്നാം നൂററാണ്ടിലെ സഭയിൽ സ്ത്രീകളുടെ പങ്ക്” എന്ന 1978 മേയ് 22-ലെ എവേക്ക്! ലേഖനം കാണുക.
[51-ാം പേജിലെ ചിത്രങ്ങൾ]
ഇന്നു സാക്ഷ്യവേലയുടെ ഒരു വലിയ ഭാഗം നിർവഹിക്കുന്നതു വിശ്വസ്തരായ സഹോദരിമാരാണ്, ദിവ്യാധിപത്യ അധികാരത്തെ സവിനയം പിന്തുണച്ചുകൊണ്ട്