അധ്യായം 16
നാലു കുതിരക്കാർ സവാരിചെയ്യുന്നു!
ദർശനം 3—വെളിപ്പാടു 6:1-17
വിഷയം: നാലു കുതിരക്കാരുടെ സവാരി, കൊല്ലപ്പെട്ട സാക്ഷികൾ യാഗപീഠത്തിൻ കീഴിൽ, വലിയ കോപദിവസം
നിവൃത്തിയുടെ കാലം: 1914 മുതൽ ഈ വ്യവസ്ഥിതിയുടെ നാശം വരെ
1. യേശു തുറക്കുന്ന കൗതുകകരമായ ചുരുളിന്റെ ഉളളടക്കം യഹോവ യോഹന്നാനു വെളിപ്പെടുത്തിക്കൊടുക്കുന്നത് എങ്ങനെ?
പ്രതിസന്ധിയുടെ ഈ നാളിൽ നാം “വേഗത്തിൽ സംഭവിപ്പാനുളള” കാര്യങ്ങളിൽ അതീവ താത്പര്യമുളളവരല്ലേ? തീർച്ചയായും, എന്തുകൊണ്ടെന്നാൽ നാംതന്നെ ഉൾപ്പെട്ടിരിക്കുന്നു! അതുകൊണ്ട്, യേശു കൗതുകകരമായ ആ ചുരുൾ തുറക്കാൻ തുടങ്ങവേ നമുക്കിപ്പോൾ യോഹന്നാനെ അനുഗമിക്കാം. യോഹന്നാൻ അതു വായിക്കേണ്ടതില്ല എന്നതു ശ്രദ്ധേയംതന്നെ. എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ അതിന്റെ ഉളളടക്കം “അടയാളങ്ങളിൽ”, ചലനാത്മകവും അഭിനയം നിറഞ്ഞതുമായ രംഗങ്ങളുടെ ഒരു പരമ്പരയിലൂടെ അവനെ അറിയിച്ചുകൊടുക്കുന്നു.—വെളിപാട് 1:1, 10, NW.
2. (എ) യോഹന്നാൻ എന്തു കാണുകയും കേൾക്കുകയും ചെയ്യുന്നു, കെരൂബിന്റെ ആകൃതി എന്തു സൂചിപ്പിക്കുന്നു? (ബി) ആദ്യ കെരൂബിന്റെ ആജ്ഞ ആരെ സംബോധന ചെയ്തുകൊണ്ടുളളതാണ്, നിങ്ങൾ അങ്ങനെ ഉത്തരം നൽകുന്നതെന്തുകൊണ്ട്?
2 യേശു ചുരുളിന്റെ ആദ്യമുദ്ര തുറക്കുമ്പോൾ യോഹന്നാനെ ശ്രദ്ധിക്കുക: “കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടിമുഴക്കംപോലെ പറയുന്നതു ഞാൻ കേട്ടു.” (വെളിപ്പാടു 6:1) ഇത് ആദ്യ കെരൂബിന്റെ ശബ്ദമാണ്. അതിന്റെ സിംഹസദൃശമായ ആകൃതി, യഹോവയുടെ സ്ഥാപനം അവന്റെ നീതിയുളള ന്യായത്തീർപ്പുകൾ നടപ്പാക്കുമ്പോൾ ധൈര്യത്തോടെ പ്രവർത്തിക്കുമെന്ന് യോഹന്നാനു സൂചന നൽകും. ആ ആജ്ഞ ആരെ സംബോധന ചെയ്തുകൊണ്ടുളളതാണ്? അത് യോഹന്നാനോട് ആയിരിക്കാൻ ഇടയില്ല, എന്തെന്നാൽ ഈ പ്രവാചക രംഗങ്ങളിൽ പങ്കെടുക്കാൻ യോഹന്നാൻ അതിനകം ക്ഷണിക്കപ്പെട്ടിരുന്നു. (വെളിപ്പാടു 4:1) ആവേശകരമായ നാലു രംഗങ്ങളുടെ ഒരു പരമ്പരയിൽ ആദ്യത്തേതിലെ മററു പങ്കാളികളെ “ഇടിമുഴക്കംപോലെ”യുളള ആ ശബ്ദം ക്ഷണിക്കുകയാണ്.
വെളളക്കുതിരയും അതിന്റെ വിശ്രുതനായ സവാരിക്കാരനും
3. (എ) യോഹന്നാൻ ഇപ്പോൾ എന്തു വർണിക്കുന്നു? (ബി) ബൈബിൾ പ്രതീകത്തോടു ചേർച്ചയിൽ വെളളക്കുതിര എന്തിനെയായിരിക്കണം ചിത്രീകരിക്കുന്നത്?
3 യോഹന്നാനും അദ്ദേഹത്തോടൊത്ത് ഇന്നത്തെ ഉത്സാഹികളായ യോഹന്നാൻവർഗത്തിനും കൂട്ടാളികൾക്കും ത്വരിതഗതിയിലുളള ഒരു നാടകം കാണാനുളള പദവി ലഭിച്ചിരിക്കുന്നു! യോഹന്നാൻ പറയുന്നു: “അപ്പോൾ ഞാൻ ഒരു വെളളക്കുതിരയെ കണ്ടു; അതിൻമേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും [ജയിച്ചടക്കൽ പൂർത്തീകരിപ്പാനും, NW] പുറപ്പെട്ടു.” (വെളിപ്പാടു 6:2) ഇടിമുഴക്കംപോലുളള ‘വരിക!’ എന്നതിന് ഉത്തരമായി ഒരു വെളളക്കുതിര മുന്നോട്ടു വരുന്നു. ബൈബിളിൽ കുതിര മിക്കപ്പോഴും യുദ്ധത്തെ പ്രതീകപ്പെടുത്തുന്നു. (സങ്കീർത്തനം 20:7; സദൃശവാക്യങ്ങൾ 21:31; യെശയ്യാവു 31:1) ഈ കുതിര, സാധ്യതയനുസരിച്ചു സുന്ദരനായ ഒരു വിത്തുകുതിര, കളങ്കമില്ലാത്ത വിശുദ്ധിയെ സൂചിപ്പിക്കുന്ന വെൺമ സ്ഫുരിക്കുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 1:14; 4:4; 7:9; 20:11.) അത് യഹോവയുടെ വിശുദ്ധ ദൃഷ്ടികളിൽ ശുദ്ധവും നീതിയുക്തവുമായ യുദ്ധത്തെ ചിത്രീകരിക്കുന്നതുകൊണ്ട് ഇത് എത്ര ഉചിതമാണ്!—ഇതുകൂടെ കാണുക: വെളിപ്പാടു 19:11, 14.
4. വെളളക്കുതിരയുടെ സവാരിക്കാരൻ ആരാണ്, വിശദീകരിക്കുക?
4 ഈ കുതിരയുടെ സവാരിക്കാരൻ ആരാണ്? അയാൾക്ക് ഒരു വില്ലുണ്ട്, ആക്രമണത്തിനുളള ഒരു യുദ്ധായുധം തന്നെ, എന്നാൽ അയാൾക്ക് ഒരു കിരീടവും നൽകപ്പെടുന്നു. കർത്താവിന്റെ ദിവസത്തിൽ കിരീടങ്ങൾ ധരിച്ചവരായി കാണപ്പെടുന്ന നീതിമാൻമാർ യേശുവും 24 മൂപ്പൻമാരാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന വർഗവും മാത്രമാണ്. (ദാനീയേൽ 7:13, 14, 27; ലൂക്കൊസ് 1:31-33; വെളിപ്പാടു 4:4, 10; 14:14)a തന്റെ സ്വന്തം യോഗ്യതപ്രകാരം 24 മൂപ്പൻമാരിൽ ഒരാൾ ഒരു കിരീടം പ്രാപിക്കുന്നതായി ചിത്രീകരിക്കാൻ സാധ്യതയില്ല. അതുകൊണ്ട് ഈ ഒററക്കാരനായ കുതിരക്കാരൻ യേശുക്രിസ്തു ആയിരിക്കണം, മററാരുമല്ല. “ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു” എന്നു യഹോവ പ്രഖ്യാപിക്കുന്ന 1914-ലെ ചരിത്രപ്രധാന നിമിഷത്തിൽ യോഹന്നാൻ യേശുവിനെ സ്വർഗത്തിൽ കാണുന്നു, ഇത് ‘ഞാൻ നിനക്കു ജാതികളെ അവകാശമായി’ തരേണ്ടതിനാണെന്നും അവനോടു പറയുന്നു. (സങ്കീർത്തനം 2:6-8)b അങ്ങനെ ഒന്നാം മുദ്ര തുറക്കുകയിൽ, പുതുതായി കിരീടധാരിയായ രാജാവെന്നനിലയിൽ ദൈവത്തിന്റെ നിയമിത സമയത്തു താൻതന്നെ യുദ്ധം ചെയ്യാൻ മുന്നേറുന്നതെങ്ങനെയെന്ന് യേശു വെളിപ്പെടുത്തുന്നു.
5. വെളിപ്പാടു 6:2-നു സമാനമായ ഒരു വിധത്തിൽ സങ്കീർത്തനക്കാരൻ സവാരിക്കാരനെ വർണിക്കുന്നത് എങ്ങനെ?
5 യഹോവ സിംഹാസനാരൂഢനാക്കിയ രാജാവിനെ സംബോധന ചെയ്തുകൊണ്ടുളള സങ്കീർത്തനം 45:4-7-നോട് ഈ രംഗം മനോഹരമായി യോജിക്കുന്നു: “സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെളളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ. നിന്റെ അസ്ത്രങ്ങൾ മൂർച്ചയുളളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു. ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉളളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുളള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവംതന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” ആ പ്രവാചക വർണന പരിചിതമായിരുന്നതിനാൽ അതു രാജാവെന്ന നിലയിൽ യേശുവിന്റെ പ്രവർത്തനത്തിനു ബാധകമാകുന്നുവെന്നതു യോഹന്നാൻ വിലമതിക്കുമായിരുന്നു.—താരതമ്യം ചെയ്യുക: എബ്രായർ 1:1, 2, 8, 9.
ജയിച്ചടക്കിക്കൊണ്ടു മുന്നേറുന്നു
6. (എ) സവാരിക്കാരൻ ജയിച്ചടക്കി മുന്നേറേണ്ടതുളളത് എന്തുകൊണ്ട്? (ബി) ഏതു വർഷങ്ങളിൽ ജയിച്ചടക്കൽ സവാരി തുടരുന്നു?
6 എങ്കിലും പുതുതായി കിരീടധാരിയായ രാജാവ് യുദ്ധത്തിനു പുറപ്പെടേണ്ടത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവയുടെ മുഖ്യ പ്രതിയോഗിയായ പിശാചായ സാത്താന്റെയും ഭൂമിയിൽ അറിഞ്ഞോ അറിയാതെയോ സാത്താന്റെ ഉദ്ദേശ്യങ്ങൾക്കു സേവ ചെയ്യുന്നവരുടെയും കഠിനമായ എതിർപ്പിൻ മധ്യേയാണ് അവന്റെ രാജത്വം സ്ഥാപിക്കപ്പെട്ടത്. രാജ്യത്തിന്റെ ജനനംതന്നെ സ്വർഗത്തിൽ ഒരു വലിയ യുദ്ധം ആവശ്യമാക്കിത്തീർക്കുന്നു. മീഖായേൽ (“ദൈവത്തെപ്പോലെ ആരുളളൂ?” എന്നർഥം) എന്നപേരിൽ പോരാടിക്കൊണ്ട് യേശു സാത്താനെയും അവന്റെ ഭൂതങ്ങളെയും ജയിച്ചടക്കുകയും അവരെ ഭൂമിയിലേക്കു വലിച്ചെറിയുകയും ചെയ്യുന്നു. (വെളിപ്പാടു 12:7-12) യേശുവിന്റെ ജയിച്ചടക്കൽസവാരി കർത്താവിന്റെ ദിവസത്തിന്റെ ആദ്യദശകങ്ങളിൽ തുടരുന്നു, അപ്പോൾ ഭൂമിയിലെ ജനങ്ങളും ജനതകളും ന്യായംവിധിക്കപ്പെടുകയും ചെമ്മരിയാടുതുല്യരായ മനുഷ്യർ രക്ഷക്കായി കർത്താവിന്റെ പക്ഷത്തേക്കു കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു. മുഴുലോകവും ഇപ്പോഴും “ദുഷ്ടന്റെ അധീനതയിൽ” കിടക്കുകയാണെങ്കിലും യേശു സ്നേഹപൂർവം തന്റെ അഭിഷിക്ത സഹോദരങ്ങളെയും അവരുടെ കൂട്ടാളികളെയും തുടർന്നും മേയിക്കുന്നു, വിശ്വാസത്തിന്റെ ജയിച്ചടക്കൽ പ്രാപിക്കാൻ ഓരോരുത്തരെയും സഹായിച്ചുകൊണ്ടുതന്നെ.—1 യോഹന്നാൻ 5:19; മത്തായി 25:31-33.
7. കർത്താവിന്റെ ദിവസത്തിന്റെ ആദ്യദശകങ്ങളിൽ യേശു ഭൂമിയിൽ ഏതു ജയിച്ചടക്കലുകൾ നടത്തിയിരിക്കുന്നു, നമ്മുടെ നിശ്ചയം എന്തായിരിക്കണം?
7 കർത്താവിന്റെ ദിവസത്തിലെ കഴിഞ്ഞ 70-ലധികം വർഷങ്ങളിൽ യേശു മറേറതു ജയിച്ചടക്കലുകൾ നടത്തിയിരിക്കുന്നു? അപ്പോസ്തലനായ പൗലോസ് തന്റെ ശുശ്രൂഷയുടെ തെളിവു നൽകുകയിൽ വർണിക്കുന്നതിനു സമാനമായ അനേകം പ്രതിസന്ധികളും സമ്മർദങ്ങളും പീഡനങ്ങളും യഹോവയുടെ സാക്ഷികൾ വ്യക്തിപരമായും സഭാപരമായും ഗോളമെമ്പാടും അനുഭവിക്കുകയുണ്ടായി. (2 കൊരിന്ത്യർ 11:23-28) വിശേഷിച്ചും യുദ്ധത്തിന്റെയും അക്രമത്തിന്റെയും രംഗത്തു സഹിച്ചുനിൽക്കുന്നതിന് യഹോവയുടെ സാക്ഷികൾക്കു “സാധാരണയിൽ കവിഞ്ഞ ശക്തി” ആവശ്യമായിരുന്നിട്ടുണ്ട്. (2 കൊരിന്ത്യർ 4:7, NW) എന്നാൽ അത്യന്തം വിഷമംപിടിച്ച സാഹചര്യങ്ങളിൽപ്പോലും വിശ്വസ്ത സാക്ഷികൾക്കു പൗലോസിനെപ്പോലെ പറയാൻ കഴിഞ്ഞു: “കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും . . . എന്നെ ശക്തീകരിച്ചു.” (2 തിമൊഥെയൊസ് 4:17) അതെ, യേശു അവർക്കുവേണ്ടി ജയിച്ചടക്കി. നമ്മുടെ വിശ്വാസത്തിന്റെ ജയിച്ചടക്കൽ പൂർത്തീകരിക്കാൻ നാം ഉറച്ചിരിക്കുന്ന കാലത്തോളം അവൻ നമുക്കുവേണ്ടി ജയിച്ചടക്കൽ തുടർന്നുകൊണ്ടിരിക്കും.—1 യോഹന്നാൻ 5:4.
8, 9. (എ) ഏതു ജയിച്ചടക്കലുകളിൽ യഹോവയുടെ സാക്ഷികളുടെ ആഗോള സഭ പങ്കെടുത്തിരിക്കുന്നു? (ബി) യഹോവയുടെ സാക്ഷികളുടെ വളർച്ച സത്യമായും എവിടെ മുന്തിയ വിധത്തിലായിരുന്നിട്ടുണ്ട്?
8 യഹോവയുടെ സാക്ഷികളുടെ ആഗോള സഭ അതിന്റെ ജയിച്ചടക്കുന്ന രാജാവിന്റെ മാർഗനിർദേശത്തിൻ കീഴിൽ പല ജയിച്ചടക്കലുകളിൽ പങ്കുപററിയിട്ടുണ്ട്. അവൻ 1918-ൽ ഈ ബൈബിൾ വിദ്യാർഥികളെ സമൂലനാശത്തിൽനിന്ന് അതിശയകരമായി സംരക്ഷിച്ചു, അന്ന് അവർതന്നെ താത്കാലികമായി സാത്താന്റെ രാഷ്ട്രീയ സ്ഥാപനത്താൽ ‘ജയിച്ചടക്കപ്പെട്ടു’. എന്നുവരികിലും, 1919-ൽ അവൻ അവരെ മോചിപ്പിക്കുന്നതിനു ജയിലഴികളെ തകർത്തു, തുടർന്ന് “ഭൂമിയുടെ അററത്തോളവും” സുവാർത്ത ഘോഷിക്കുന്നതിന് അവരെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.—വെളിപ്പാടു 13:7; പ്രവൃത്തികൾ 1:8.
9 രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുമുമ്പും സ്വേച്ഛാധികാരികളായിരുന്ന അച്ചുതണ്ടുശക്തികൾ പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളെ തുടച്ചുനീക്കാൻ ശ്രമിച്ചു, അവിടെ മതനേതാക്കൾ, പ്രത്യേകിച്ചും റോമൻ കത്തോലിക്കാപുരോഹിതാധിപത്യം പീഡകരായ സ്വേച്ഛാധികാരികൾക്കു പരസ്യമായോ രഹസ്യമായോ പിന്തുണ നൽകി. പതിനായിരത്തിലധികം പേർ ദീർഘകാലം ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലും കഴിയുകയും മററ് ആയിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തെങ്കിലും യുദ്ധം തുടങ്ങിയ 1939-ൽ പ്രസംഗവേല ചെയ്തുകൊണ്ടിരുന്ന 71,509 സാക്ഷികൾ 1945-ൽ അത് അവസാനിച്ചപ്പോഴേക്കും 1,41,606 ആയിത്തീർന്നു. ഭൂവ്യാപകമായി സജീവസാക്ഷികളുടെ എണ്ണം ഇന്ന് 40 ലക്ഷത്തിലധികമായി വർധിച്ചിരിക്കുന്നു. കത്തോലിക്കാ രാജ്യങ്ങളിലും പീഡനം അതികഠിനമായിരുന്ന, ജർമനി, ഇററലി, ജപ്പാൻ എന്നിവപോലുളള ദേശങ്ങളിലും വളർച്ച മുന്തിയതായിരുന്നു, ആ ഓരോ രാജ്യത്തും 1,00,000-ത്തിലധികം സജീവ വയൽ ശുശ്രൂഷകർ ഇപ്പോൾ റിപ്പോർട്ടു ചെയ്തുകൊണ്ടിരിക്കുന്നു.—യെശയ്യാവു 54:17; യിരെമ്യാവു 1:17-19.
10. “സുവാർത്തയുടെ പ്രതിവാദത്തിലും നിയമപരമായ സ്ഥിരീകരണത്തിലും” ഏതു വിജയങ്ങളോടെ ജയിച്ചടക്കുന്ന രാജാവ് തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു?
10 നിയമ കോടതികളിലും ഭരണാധികാരികളുടെ മുമ്പിലും “സുവാർത്തയുടെ പ്രതിവാദത്തിലും നിയമപരമായ സ്ഥിരീകരണത്തിലും” അനേകം വിജയങ്ങളിലേക്കു നയിച്ചുകൊണ്ടും ജയിച്ചടക്കുന്ന നമ്മുടെ രാജാവ് ഉത്സാഹികളായ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. (ഫിലിപ്യർ 1:7, NW; മത്തായി 10:18; 24:9) ഇത് ഒരു സാർവദേശീയ അളവിൽ ആയിരുന്നിട്ടുണ്ട്—ഓസ്ട്രേലിയായിലും അർജൻറീനയിലും കാനഡയിലും ഗ്രീസിലും ഇന്ത്യയിലും സ്വാസീലാൻഡിലും സ്വിററ്സർലൻഡിലും ടർക്കിയിലും മററ് രാജ്യങ്ങളിലും തന്നെ. ഐക്യനാടുകളിലെ സുപ്രീംകോടതിയിൽ യഹോവയുടെ സാക്ഷികൾ നേടിയ 23 നിയമവിജയങ്ങളിൽ “പരസ്യമായും വീടുതോറും” സുവാർത്ത പ്രസംഗിക്കാനും വിഗ്രഹാരാധനാപരമായ ദേശഭക്തിചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാനുമുളള അവകാശ ഉറപ്പുവരുത്തുന്നവ ഉൾപ്പെട്ടിരുന്നു. (പ്രവൃത്തികൾ 5:42; 20:20; 1 കൊരിന്ത്യർ 10:14) അങ്ങനെ വർധിച്ചുവരുന്ന ഒരു ആഗോള സാക്ഷ്യത്തിനു വഴിതുറന്നിരിക്കുന്നു.
11. (എ) സവാരിക്കാരൻ ‘തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കുന്നത്’ എങ്ങനെ? (ബി) രണ്ടും മൂന്നും നാലും മുദ്രകളുടെ തുറക്കലിനു നമ്മുടെമേൽ എന്തു ഫലം ഉണ്ടായിരിക്കണം?
11 യേശു ‘തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കുന്ന’തെങ്ങനെ?c നാം കാണാൻ പോകുന്നതുപോലെ, വ്യാജമതത്തെ നശിപ്പിച്ചുകൊണ്ടും തുടർന്നു സാത്താന്റെ ദൃശ്യസ്ഥാപനത്തിന്റെ ശേഷിക്കുന്ന ഏതു ഘടകത്തെയും യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിനായി നാശത്തിന്റെ ഒരു പ്രതീകാത്മക ‘തീത്തടാകത്തിലേക്ക്’ എറിഞ്ഞുകൊണ്ടും ആണ് അവൻ ഇതു ചെയ്യുന്നത്. നമ്മുടെ ‘രാജാധിരാജാവ്’ സാത്താന്റെ ഞെരുക്കുന്ന രാഷ്ട്രീയ സ്ഥാപനത്തിൻമേൽ അന്തിമ വിജയം നേടുന്ന ആ അർമഗെദോൻ നാളിനായി നാം ഇപ്പോൾ വിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കുന്നു! (വെളിപ്പാടു 16:16; 17:14; 19:2, 14-21; യെഹെസ്കേൽ 25:17) അതിനിടെ, യഹോവ സത്യസന്ധരായ ആളുകളെ ഭൂമിയിലെ തന്റെ നീതിയുളള ജനതയിലേക്കു കൂട്ടിച്ചേർത്തുകൊണ്ടിരിക്കുമ്പോൾ വെളളക്കുതിരപ്പുറത്തു സവാരി ചെയ്യുന്ന അജയ്യ ജേതാവ് തുടർന്നും സവാരി നടത്തിക്കൊണ്ടിരിക്കുന്നു. (യെശയ്യാവു 26:2; 60:22) സന്തോഷകരമായ ആ രാജ്യ വികസനത്തിൽ നിങ്ങൾ യോഹന്നാൻവർഗത്തോടൊപ്പം പങ്കെടുക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഈ നാളിലേക്കുളള യഹോവയുടെ വേലയിൽ കൂടുതലായ ഒരു പങ്കുണ്ടായിരിക്കാൻ അടുത്ത മൂന്നു മുദ്രകൾ തുറക്കുമ്പോൾ യോഹന്നാൻ കാണുന്ന കാര്യങ്ങൾ നിങ്ങളെ തീർച്ചയായും ഉത്തേജിപ്പിക്കും.
അതാ, തീ നിറമുളള കുതിര!
12. രാജാവെന്ന നിലയിലുളള തന്റെ അദൃശ്യസാന്നിധ്യത്തെ എന്ത് അടയാളപ്പെടുത്തുമെന്ന് യേശു പറഞ്ഞു?
12 യേശുവിന്റെ ഭൂമിയിലെ ശുശ്രൂഷയുടെ അവസാനത്തോടടുത്ത് ശിഷ്യൻമാർ അവനോടു സ്വകാര്യമായി ചോദിച്ചു: ‘നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്തായിരിക്കും?’ മറുപടിയായി ‘ഈററുനോവിന്റെ ആരംഭം’ ആയിരിക്കുന്ന വിപത്തുകൾ അവൻ മുൻകൂട്ടിപ്പറഞ്ഞു. യേശു പറഞ്ഞു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും.” (മത്തായി 24:3, 7, 8; ലൂക്കൊസ് 21:10, 11) ചുരുളിന്റെ ശേഷിക്കുന്ന മുദ്രകൾ തുറക്കുമ്പോൾ യോഹന്നാൻ കാണുന്ന കാര്യങ്ങൾ ആ പ്രവചനത്തിനു ശ്രദ്ധേയമായ ഒരു സമാന്തരം പ്രദാനം ചെയ്യുന്നു. ഇപ്പോൾ മഹത്ത്വീകരിക്കപ്പെട്ട യേശു രണ്ടാം മുദ്ര തുറക്കുമ്പോൾ കാണുക!
13. ഏതു വൈരുദ്ധ്യം യോഹന്നാനു പ്രത്യക്ഷമായിത്തീരാൻ പോകയാണ്?
13 “അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു.” (വെളിപ്പാടു 6:3) ആജ്ഞ പുറപ്പെടുവിക്കുന്നതു കാളയുടെ ആകൃതിയുളള രണ്ടാമത്തെ കെരൂബാണ്. ഇവിടെ പ്രതീകവൽക്കരിച്ചിരിക്കുന്ന ഗുണം ശക്തിയാണ്, എന്നാൽ നീതിയുക്തമായി ഉപയോഗിക്കപ്പെടുന്ന ശക്തി. എങ്കിലും അതിനു വിരുദ്ധമായി യോഹന്നാൻ ഇപ്പോൾ ഘോരമായ, മാരകമായ ശക്തിയുടെ ഒരു പ്രകടനം കാണേണ്ടിവരുന്നു.
14. യോഹന്നാൻ അടുത്തതായി ഏതു കുതിരയെയും സവാരിക്കാരനെയും കാണുന്നു, ഈ ദർശനം എന്തിനെ ചിത്രീകരിക്കുന്നു?
14 അപ്പോൾ, ‘വരിക!’ എന്ന ഈ രണ്ടാം ക്ഷണത്തിന് ഉത്തരം ലഭിക്കുന്നത് എങ്ങനെ? ഈ വിധത്തിലാണ്: “അപ്പോൾ ചുവന്നതായ മറെറാരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.” (വെളിപ്പാടു 6:4) വാസ്തവത്തിൽ ഒരു ഘോരമായ ദർശനം! അത് എന്തു ചിത്രീകരിക്കുന്നുവെന്നതു സംബന്ധിച്ച് ഒരു സംശയവുമില്ല: യുദ്ധം! യഹോവയുടെ ജയിച്ചടക്കുന്ന രാജാവിന്റെ നീതിയുക്തവും വിജയപ്രദവുമായ യുദ്ധമല്ല, പിന്നെയോ അനാവശ്യമായ വേദനയും രക്തച്ചൊരിച്ചിലും സഹിതം ക്രൂരമായ മനുഷ്യനിർമിത സാർവദേശീയ യുദ്ധം തന്നെ. ഈ സഞ്ചാരി തീയുടെ ചുവപ്പുളള ഒരു കുതിരയുടെ പുറത്ത് ഇരിക്കുന്നത് എത്ര ഉചിതമാണ്!
15. രണ്ടാം കുതിരക്കാരന്റെ സവാരിയിൽ പങ്കുണ്ടായിരിക്കാൻ നാം ആഗ്രഹിക്കാത്തതെന്തുകൊണ്ട്?
15 തീർച്ചയായും, യോഹന്നാൻ ഈ കുതിരക്കാരനോടും അവന്റെ സാഹസിക സവാരിയോടും യാതൊരു പങ്കും ഉണ്ടായിരിക്കാൻ ആഗ്രഹിക്കുകയില്ല, എന്തെന്നാൽ ദൈവജനങ്ങളെ സംബന്ധിച്ച് ഇപ്രകാരം പ്രവചിക്കപ്പെട്ടിരിക്കുന്നു: “അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (യെശയ്യാവു 2:4) ഇപ്പോഴും “ലോകത്തിൽ” ആണെങ്കിലും യോഹന്നാനും വ്യാപകമായ അർഥത്തിൽ യോഹന്നാൻവർഗവും മഹാപുരുഷാരവും ഇന്ന് ഈ രക്തപങ്കില വ്യവസ്ഥിതിയുടെ ‘ഭാഗമല്ല’. നമ്മുടെ ആയുധങ്ങൾ ജഡിക ആയുധങ്ങൾ ആയിരിക്കാതെ ആത്മീയവും ‘ദൈവത്താൽ ശക്തിയുളളവയും’ ആകുന്നു, സജീവമായി സത്യം ഘോഷിക്കുന്നതിനുളളതുതന്നെ.—യോഹന്നാൻ 17:11, 14; 2 കൊരിന്ത്യർ 10:3, 4, NW.
16. ചുവന്ന കുതിരയുടെ സവാരിക്കാരന് ‘ഒരു വലിയ വാൾ’ കൊടുക്കപ്പെട്ടത് എപ്പോൾ, എങ്ങനെ?
16 വെളളക്കുതിരയുടെ സവാരിക്കാരനു കിരീടം ലഭിച്ച 1914-നു മുമ്പ് അനേകം യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചുവന്ന കുതിരയുടെ സവാരിക്കാരന് ‘ഒരു വലിയ വാൾ’ നൽകപ്പെടുന്നു. ഇത് എന്തു സൂചിപ്പിക്കുന്നു? ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മനുഷ്യയുദ്ധം മുമ്പെന്നത്തെക്കാൾ രക്തരൂക്ഷിതവും വിനാശകരവും ആയിത്തീരുന്നു. ആയിരത്തിത്തൊളളായിരത്തിപതിനാലു മുതൽ പതിനെട്ടു വരെ നടന്ന രക്തച്ചൊരിച്ചിലിൽ ടാങ്കുകളും വിഷവാതകവും വിമാനങ്ങളും മുങ്ങിക്കപ്പലുകളും വലിയ പീരങ്കികളും ഓട്ടോമാററിക് ആയുധങ്ങളും ഒന്നുകിൽ ആദ്യമായി അല്ലെങ്കിൽ മുമ്പില്ലാത്ത അളവിൽ ഉപയോഗിക്കപ്പെട്ടു. ഏതാണ്ട് 28 രാഷ്ട്രങ്ങളിൽ പടയാളികൾ മാത്രമല്ല, മുഴുജനതയും യുദ്ധത്തിൽ ഭാഗഭാക്കായി. യുദ്ധമരണങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. തൊണ്ണൂറുലക്ഷത്തിലധികം പടയാളികൾ കൊല്ലപ്പെട്ടു, പൗരജനമരണങ്ങൾക്കു കണക്കില്ല. യുദ്ധം അവസാനിച്ചെങ്കിൽപ്പോലും ഭൂമി യഥാർഥമായി സമാധാനത്തിലേക്കു തിരിച്ചുവന്നില്ല. ആ യുദ്ധാനന്തരം, 50-ലധികം വർഷം കഴിഞ്ഞ് ജർമൻ രാജ്യതന്ത്രജ്ഞനായ കോൺറാഡ് അഡനോവർ ഇപ്രകാരം അഭിപ്രായപ്പെട്ടു: “1914-നു ശേഷം ശാന്തിയും സുരക്ഷിതത്വവും മനുഷ്യരുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു.” വാസ്തവത്തിൽ, ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയാൻ തീ നിറമുളള കുതിരയുടെ സവാരിക്കാരന് അധികാരം നൽകപ്പെട്ടിരിക്കുകയാണ്!
17. ഒന്നാം ലോകമഹായുദ്ധാനന്തരം ‘വലിയ വാളിന്റെ’ ഉപയോഗം തുടർന്നിരിക്കുന്നതെങ്ങനെ?
17 പിന്നീട്, തന്റെ രക്തദാഹത്താൽ പ്രേരിതനായി ചുവന്ന കുതിരയുടെ സവാരിക്കാരൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് എടുത്തുചാടി. കൊലയായുധങ്ങൾ എന്നത്തേതിലും പൈശാചികമായി, മരണങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിന്റെ നാലിരട്ടിയോളം കുതിച്ചുയർന്നു. ജപ്പാനിൽ 1945-ൽ രണ്ട് അണുവായുധങ്ങൾ പൊട്ടി, ഓരോന്നും ഒരു ഞൊടിയിടയിൽ പതിനായിരക്കണക്കിന് ഇരകളെ നിർമൂലമാക്കിക്കൊണ്ടുതന്നെ. രണ്ടാം ലോകമഹായുദ്ധകാലത്തു ചുവന്ന കുതിരയുടെ സവാരിക്കാരൻ 550 ലക്ഷം ജീവന്റെ ഒരു വമ്പിച്ച വിള കൊയ്തെടുത്തു, എന്നിട്ടുപോലും അവനു തൃപ്തിയായിട്ടില്ല. രണ്ടാം ലോകമഹായുദ്ധശേഷം 190 ലക്ഷം ദേഹികളെങ്കിലും ആ ‘വലിയ വാളാൽ’ വീണിട്ടുണ്ടെന്നു വിശ്വസനീയമായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.
18, 19. (എ) രണ്ടാം ലോകമഹായുദ്ധാനന്തരമുളള സംഹാരം സൈനിക സാങ്കേതികവിദ്യയുടെ വിജയമായിരിക്കുന്നതിനു പകരം ഏതു വസ്തുതക്ക് ഒരു സാക്ഷ്യമാണ്? (ബി) ഏതു വിപത്ത് മനുഷ്യവർഗത്തെ അഭിമുഖീകരിക്കുന്നു, അതു നീക്കുന്നതിനു വെളളക്കുതിരയുടെ സവാരിക്കാരൻ എന്തു ചെയ്യും?
18 നമുക്കിതിനെ സൈനിക സാങ്കേതികവിദ്യയുടെ വിജയമെന്നു വിളിക്കാമോ? പകരം, അതു കരുണയില്ലാത്ത ചുവന്ന കുതിര കുതിച്ചോടുന്നു എന്നതിന്റെ സാക്ഷ്യമാണ്. ആ കുതിച്ചോട്ടം എവിടെ അവസാനിക്കും? ആസൂത്രിതമായ ഒരു ന്യൂക്ലിയർ സംഘട്ടനം ഉണ്ടാകാത്തപക്ഷം ഒരു യാദൃച്ഛിക ന്യൂക്ലിയർ യുദ്ധം അടുത്ത 25 വർഷത്തിനുളളിൽ സംഭവിക്കുമെന്നുളളതു തീർച്ചയാണ് എന്ന് ചില ശാസ്ത്രജ്ഞൻമാർ കണക്കുകൂട്ടി പ്രവചിക്കുന്നു! എന്നാൽ സന്തോഷകരമെന്നു പറയട്ടെ, വെളളക്കുതിരയുടെ സവാരിക്കാരന് ഇതു സംബന്ധിച്ച് മററു ചിന്തകൾ ഉണ്ട്.
19 സമുദായം ദേശീയത്വ അഹന്തയിലും വിദ്വേഷത്തിലും അധിഷ്ഠിതമായിരിക്കുന്നിടത്തോളം കാലം മനുഷ്യവർഗം ന്യൂക്ലിയർ വിപത്തിന്റെ പ്രതീക്ഷയിൽ തുടർന്നേ തീരൂ. ജനതകൾ നിരാശയിൽ എല്ലാ ന്യൂക്ലിയർ ആയുധങ്ങളും നീക്കംചെയ്താൽ പോലും അതുണ്ടാക്കാനുളള അറിവ് അവർ നിലനിർത്തും. കുറച്ചു നാളുകൾകൊണ്ട് അവർക്ക് അവരുടെ മാരകമായ ന്യൂക്ലിയർ ആയുധങ്ങൾ വീണ്ടും ഉണ്ടാക്കാൻ കഴിയും, അതുകൊണ്ട് പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുളള ഏതു യുദ്ധവും പെട്ടെന്നുതന്നെ ഒരു കൂട്ടസംഹാരമായി പരിണമിച്ചേക്കാം. വെളളക്കുതിരയുടെ സവാരിക്കാരൻ തീ നിറമുളള കുതിരയുടെ ഭ്രാന്തമായ കുതിച്ചോട്ടം അവസാനിപ്പിക്കാത്തപക്ഷം ഇന്നു ജനതകളെ ആവരണം ചെയ്യുന്ന അഹങ്കാരവും വിദ്വേഷവും മനുഷ്യവർഗത്തിന്റെ ആത്മഹൂതിയിലേക്ക് നയിച്ചേ തീരൂ. രാജാവായ ക്രിസ്തു സാത്താനാൽ നിയന്ത്രിക്കപ്പെടുന്ന ലോകത്തിൻമേൽ തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കാനും ഭ്രാന്തുപിടിച്ച നമ്മുടെ കാലത്തെ അസ്ഥിരമായ ന്യൂക്ലിയർ ആയുധശേഖരത്തെക്കാൾ വളരെ മേത്തരമായ ഒരു സമാധാന ശക്തിയാകുന്ന സ്നേഹത്തിൽ—ദൈവത്തോടും അയൽക്കാരനോടുമുളള സ്നേഹത്തിൽ—അധിഷ്ഠിതമായ ഒരു പുതിയഭൂമി സമുദായം സ്ഥാപിക്കാനും സവാരി ചെയ്യുമെന്നു നമുക്ക് ഉറച്ച വിശ്വാസമുളളവരായിരിക്കാം.—സങ്കീർത്തനം 37:9-11; മർക്കൊസ് 12:29-31; വെളിപ്പാടു 21:1-5.
ഒരു കറുത്ത കുതിര മുന്നോട്ടു കുതിക്കുന്നു
20. വെളളക്കുതിരയുടെ സവാരിക്കാരൻ വിപൽക്കരമായ ഏതവസ്ഥയെയും തരണം ചെയ്യുമെന്നു നമുക്കെന്തുറപ്പുണ്ട്?
20 യേശു ഇപ്പോൾ മൂന്നാം മുദ്ര തുറക്കുന്നു! യോഹന്നാനേ, താങ്കൾ എന്താണു കാണുന്നത്? “മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു.” (വെളിപ്പാടു 6:5എ) ഈ മൂന്നാമത്തെ കെരൂബിന് ഒരു “മനുഷ്യനെപ്പോലെ മുഖമുളളതു” സന്തോഷകരം തന്നെ, അതു സ്നേഹമെന്ന ഗുണത്തെ സൂചിപ്പിക്കുന്നു. തത്ത്വാധിഷ്ഠിത സ്നേഹം ദൈവത്തിന്റെ പുതിയ ലോകത്തിൽ നിറഞ്ഞുനിൽക്കും, ആ ശ്രേഷ്ഠ ഗുണം ഇന്ന് യഹോവയുടെ സ്ഥാപനത്തിലെല്ലാം വ്യാപിച്ചിരിക്കുന്നതുപോലെ തന്നെ. (വെളിപ്പാടു 4:7; 1 യോഹന്നാൻ 4:16) “ദൈവം സകല ശത്രുക്കളെയും തന്റെ കാൽക്കീഴാക്കുന്നതുവരെ രാജാവായി ഭരിക്കേണ്ട” വെളളക്കുതിരയുടെ സവാരിക്കാരൻ, അടുത്തതായി യോഹന്നാന്റെ ശ്രദ്ധയിൽപെടുത്തുന്ന വിപത്കരമായ അവസ്ഥ സ്നേഹപൂർവം നീക്കം ചെയ്യുമെന്നു നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയും.—1 കൊരിന്ത്യർ 15:25, NW.
21. (എ) കറുത്ത കുതിരയാലും അതിന്റെ സവാരിക്കാരനാലും എന്തു ചിത്രീകരിക്കപ്പെടുന്നു? (ബി) കറുത്ത കുതിര ഇപ്പോഴും കുതിപ്പിലാണെന്ന് എന്തു തെളിയിക്കുന്നു?
21 അപ്പോൾ ‘വരിക!’ എന്ന മൂന്നാമത്തെ ക്ഷണത്തിന് ഉത്തരം ലഭിച്ചപ്പോൾ യോഹന്നാൻ എന്തു കാണുന്നു? “അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിൻമേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.” (വെളിപ്പാടു 6:5ബി) രൂക്ഷമായ ക്ഷാമം! ഈ പ്രാവചനിക രംഗത്തിന്റെ ദാരുണമായ സന്ദേശം അതാണ്. ഇതു കർത്താവിന്റെ ദിവസത്തിന്റെ ആദ്യഘട്ടത്തിൽ ആഹാരം തൂക്കി റേഷനായി കൊടുക്കേണ്ടിയിരിക്കുന്ന അവസ്ഥകൾ ചൂണ്ടിക്കാണിക്കുന്നു. ക്ഷാമം 1914 മുതൽ തുടർച്ചയായി ഒരു ആഗോളപ്രശ്നം ആയിരുന്നിട്ടുണ്ട്. ആധുനികയുദ്ധം അതിന്റെ പിന്നാലെ ക്ഷാമം വരുത്തിക്കൂട്ടുന്നു, കാരണം വിശക്കുന്നവരെ പോററുന്നതിന് ഉപയോഗിക്കപ്പെടുന്ന വിഭവങ്ങൾ പലപ്പോഴും യുദ്ധായുധങ്ങൾ നൽകുവാൻ തിരിച്ചുവിടപ്പെടുന്നു. കൃഷിജോലിക്കാരെ നിർബന്ധമായി സൈന്യത്തിൽ ചേർക്കുന്നു, കൂടാതെ യുദ്ധം നശിപ്പിക്കുന്ന വയലുകളും വിളവുകൾ നശിപ്പിക്കുന്ന യുദ്ധതന്ത്രവും ഭക്ഷ്യോത്പാദനം കുറക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തു ലക്ഷങ്ങൾ പട്ടിണി കിടന്നു മരിച്ചപ്പോൾ ഇത് എത്ര സത്യമായിരുന്നു! അതിനുപുറമേ, പട്ടിണിയുടെ കറുത്ത കുതിരക്കാരൻ യുദ്ധം അവസാനിച്ചതോടെ അടങ്ങിയിരുന്നില്ല. ഉക്രെയ്നിൽ 1930-കളിൽ ഉണ്ടായ ഒററ ക്ഷാമത്തിൽ 50 ലക്ഷം പേർ മരിച്ചുപോയി. രണ്ടാം ലോകമഹായുദ്ധം അതിന്റെ തുടക്കത്തിൽ കൂടുതൽ ഭക്ഷ്യക്ഷാമങ്ങളും ദൗർലഭ്യങ്ങളും ആനയിച്ചു. കറുത്ത കുതിര അതിന്റെ കുതിച്ചോട്ടം തുടർന്നപ്പോൾ 51 കോടി 20 ലക്ഷം മനുഷ്യർ പട്ടിണിയിലാണെന്നും 40,000 കുട്ടികൾ ഓരോ ദിവസവും പട്ടിണിയോടു ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്നുവെന്നും ലോകഭക്ഷ്യസമിതി 1987-ന്റെ മധ്യത്തിൽ റിപ്പോർട്ടു ചെയ്തു.
22. (എ) ഒരു ശബ്ദം എന്തു പറയുന്നു, എന്തിന്റെ ആവശ്യം പ്രകടമാക്കിക്കൊണ്ട്? (ബി) ഒരിടങ്ങഴി ഗോതമ്പിന്റെയും മൂന്നിടങ്ങഴി യവത്തിന്റെയും വില എന്തിനെ സൂചിപ്പിക്കുന്നു?
22 യോഹന്നാനു നമ്മോടു കൂടുതൽ പറയാനുണ്ട്: “ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽനിന്നു ഒരു ശബ്ദം ഞാൻ കേട്ടു.” (വെളിപ്പാടു 6:6) ഭക്ഷ്യവിതരണത്തിനു സൂക്ഷ്മശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യം പ്രകടമാക്കുന്നതിൽ ഈ നാലു കെരൂബുകളും ഒററക്കെട്ടാണ്—പൊ.യു.മു. 607-ലെ യെരുശലേമിന്റെ നാശത്തിനു മുമ്പ്, ജനം ‘തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നേ’ണ്ടിയിരുന്നതുപോലെ തന്നെ. (യെഹെസ്കേൽ 4:17) യോഹന്നാന്റെ കാലത്ത് ഒരിടങ്ങഴി ഗോതമ്പ് ഒരു യോദ്ധാവിന്റെ ഒരു ദിവസത്തെ റേഷനായി കണക്കാക്കിയിരുന്നു. അത്തരമൊരു റേഷന് എന്തു വിലവരുമായിരുന്നു? ഒരു പണം—ഒരു മുഴുദിന വേതനം! (മത്തായി 20:2)d ഒരു മനുഷ്യന് ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്ത്? കൊളളാം, അയാൾക്കു മൂന്നിടങ്ങഴി സംസ്കരിക്കാത്ത യവം വാങ്ങാമായിരുന്നു. അതുപോലും ഒരു ചെറിയ കുടുംബത്തെ മാത്രമേ പോററുമായിരുന്നുളളൂ. ഗോതമ്പുപോലെ ഗുണമേൻമയുളള ഭക്ഷണമായി യവം കണക്കാക്കപ്പെട്ടിരുന്നുമില്ല.
23. “എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു” എന്ന പ്രസ്താവനയാൽ അർഥമാക്കപ്പെടുന്നതെന്ത്?
23 “എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു” എന്ന പ്രസ്താവനയാൽ അർഥമാക്കപ്പെടുന്നതെന്ത്? അനേകരും ഭക്ഷണക്കുറവിലോ പട്ടിണിയിൽ പോലുമോ കഴിയുമ്പോൾ ധനികരുടെ സുഖഭോഗങ്ങൾ ഹനിക്കപ്പെടുകയില്ലെന്ന് ഇതർഥമാക്കുന്നതായി ചിലർ വീക്ഷിച്ചിട്ടുണ്ട്. എന്നാൽ മധ്യപൂർവദേശത്ത് എണ്ണയും വീഞ്ഞും യഥാർഥത്തിൽ സുഖഭോഗവസ്തുക്കളല്ല. ബൈബിൾക്കാലങ്ങളിൽ അപ്പവും എണ്ണയും വീഞ്ഞും മുഖ്യഭക്ഷ്യവസ്തുക്കളായി കണക്കാക്കിയിരുന്നു. (താരതമ്യം ചെയ്യുക: ഉല്പത്തി 14:18; സങ്കീർത്തനം 104:14, 15.) ജലം എല്ലായ്പോഴും നല്ലതായിരുന്നില്ല, അതിനാൽ കുടിക്കുന്നതിനും ചിലപ്പോൾ മരുന്നിന്റെ ഉപയോഗത്തിനും വീഞ്ഞ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. (1 തിമൊഥെയൊസ് 5:23) എണ്ണയെ സംബന്ധിച്ചിടത്തോളം, ഏലിയാവിന്റെ കാലത്ത്, സാരെഫാത്തിലെ വിധവക്ക് അവൾ ദരിദ്രയായിരുന്നിട്ടും ശേഷിച്ച മാവ് പാചകപ്പെടുത്തുന്നതിനു കുറേ എണ്ണ പിന്നെയും ബാക്കിയുണ്ടായിരുന്നു. (1 രാജാക്കൻമാർ 17:12) ആയതിനാൽ, “എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു” എന്ന ആജ്ഞ, ഈ അടിസ്ഥാന സാധനങ്ങൾ പെട്ടെന്ന് ഉപയോഗിച്ചു തീർക്കാതെ ലുബ്ധിച്ചുപയോഗിക്കുന്നതിനുളള ഉപദേശം ആയിരിക്കുന്നതായി തോന്നുന്നു. അല്ലാത്തപക്ഷം, അവയ്ക്കു “കേടു” വരും, അതായത് അവ ക്ഷാമം അവസാനിക്കുന്നതിനു മുമ്പു തീർന്നുപോകും.
24. കറുത്ത കുതിര തന്റെ കുതിപ്പ് കൂടുതൽ കാലം തുടരുകയില്ലാത്തതെന്തുകൊണ്ട്?
24 മുന്നോട്ടു കുതിച്ചുനീങ്ങുന്ന ആ കറുത്ത കുതിരയെ വെളളക്കുതിരക്കാരൻ പെട്ടെന്നുതന്നെ കടിഞ്ഞാണിട്ടു നിർത്തുമെന്നതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും! എന്തെന്നാൽ പുതിയ ലോകത്തിനായുളള അവന്റെ സ്നേഹപൂർവകമായ കരുതലിനെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “അവന്റെ കാലത്തു നീതിമാൻമാർ തഴെക്കട്ടെ; ചന്ദ്രനുളേളടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും”.—സങ്കീർത്തനം 72:7, 16; ഇതുകൂടെ കാണുക: യെശയ്യാവു 25:6-8.
മഞ്ഞക്കുതിരയും അതിന്റെ സവാരിക്കാരനും
25. യേശു നാലാം മുദ്ര തുറക്കുമ്പോൾ ആരുടെ ശബ്ദം യോഹന്നാൻ കേൾക്കുന്നു, ഇത് എന്തു സൂചിപ്പിക്കുന്നു?
25 കഥ ഇതുവരെ മുഴുവനും പറഞ്ഞുകഴിഞ്ഞിട്ടില്ല. യേശു നാലാം മുദ്ര തുറക്കുന്നു, യോഹന്നാൻ അതിന്റെ ഫലവും പറയുന്നു: “നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.” (വെളിപ്പാടു 6:7) ഇതു പറക്കുന്ന ഒരു കഴുകനോടു സാദൃശ്യമുളള കെരൂബിന്റെ ശബ്ദമാണ്. ദീർഘദൃഷ്ടിയോടെയുളള ജ്ഞാനം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു, സത്യത്തിൽ, ഇവിടെ വർണിച്ചിരിക്കുന്നതുപോലെ യോഹന്നാനും യോഹന്നാൻവർഗവും ദൈവത്തിന്റെ മറെറല്ലാ ഭൗമിക ദാസൻമാരും ഉൾക്കാഴ്ചയോടെ നിരീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. അങ്ങനെ ചെയ്യുന്നതിനാൽ, ഇന്നത്തെ ഗർവിഷ്ഠവും അധാർമികവുമായ തലമുറയിൽ ലോകപ്രകാരം ജ്ഞാനികളായവരെ ബാധിക്കുന്ന കഠോരയാതനകളിൽനിന്നും ഒരളവോളം സംരക്ഷണം കണ്ടെത്താൻ നമുക്കു കഴിഞ്ഞേക്കാം.—1 കൊരിന്ത്യർ 1:20, 21.
26. (എ) നാലാം കുതിരക്കാരൻ ആരാകുന്നു, അവന്റെ കുതിരയുടെ നിറം ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? (ബി) നാലാം കുതിരക്കാരനെ പിന്തുടരുന്നതാര്, അവന്റെ ഇരകൾക്ക് എന്തു സംഭവിക്കുന്നു?
26 നാലാം കുതിരക്കാരൻ ക്ഷണത്തോടു പ്രതികരിക്കുമ്പോൾ പുതുതായ ഏതു ഭീതികളാണ് അഴിച്ചുവിടപ്പെടുന്നത്? യോഹന്നാൻ നമ്മോടു പറയുന്നു: “അപ്പോൾ ഞാൻ മഞ്ഞനിറമുളേളാരു കുതിരയെ കണ്ടു; അതിൻമേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു.” (വെളിപ്പാടു 6:8എ) അവസാനത്തെ കുതിരക്കാരന് ഒരു പേരുണ്ട്: മരണം. അപ്പോക്കലിപ്സിലെ നാലു കുതിരക്കാരിൽ അത്രയും സ്പഷ്ടമായി തന്റെ താദാത്മ്യം വെളിപ്പെടുത്തുന്ന ഒരേ ഒരുവൻ അവൻ മാത്രമാണ്. ഉചിതമായിത്തന്നെ, മരണം ഒരു മഞ്ഞക്കുതിരപ്പുറത്തു സവാരി ചെയ്യുന്നു, കാരണം, മഞ്ഞ എന്ന വാക്ക് (ഗ്രീക്കിൽ, ക്ലോറൊസ്) ഗ്രീക്കു സാഹിത്യത്തിൽ, അസുഖത്താലെന്നപോലെ വിളർച്ച ബാധിച്ച മുഖങ്ങളെ വർണിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നു. വീണ്ടും ഉചിതമായിത്തന്നെ, വിവരിക്കപ്പെടാത്ത ഏതോ രീതിയിൽ ഹേഡീസ് (ശവക്കുഴി) മരണത്തെ അടുത്തു പിന്തുടരുന്നു, എന്തെന്നാൽ നാലാം കുതിരക്കാരന്റെ നാശഫലങ്ങൾക്ക് ഇരയായിത്തീരുന്നവരുടെ ഒരു വലിയ സംഖ്യയെ ഹേഡീസ് തന്നിലേക്കുതന്നെ സ്വീകരിക്കുന്നു. സന്തോഷകരമെന്നുപറയട്ടെ, ‘മരണവും ഹേഡീസും തങ്ങളിലുളള മരിച്ചവരെ വിട്ടുകൊടുക്കു’മ്പോൾ ഇവർക്ക് ഒരു പുനരുത്ഥാനമുണ്ടായിരിക്കും. (വെളിപാട് 20:13, NW) എന്നാൽ മരണം എങ്ങനെയാണ് ആ ഇരകളെ പിടിച്ചെടുക്കുന്നത്?
27. (എ) സവാരിക്കാരനായ മരണം തന്റെ ഇരകളെ പിടിക്കുന്നതെങ്ങനെ? (ബി) മരണത്തിന് അധികാരമുളള “ഭൂമിയുടെ കാലംശം” എന്തിനെ അർഥമാക്കുന്നു?
27 ചില വിധങ്ങൾ ദർശനം എണ്ണിയെണ്ണി പറയുന്നു: “അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിൻമേൽ അധികാരം ലഭിച്ചു.” (വെളിപ്പാടു 6:8ബി) ഈ സവാരിയാൽ ബാധിക്കപ്പെടുന്നത് അവശ്യം ഭൂമിയിലെ ജനസംഖ്യയുടെ അക്ഷരീയ കാലംശമല്ല, പിന്നെയോ തിങ്ങിപ്പാർക്കുന്നതോ അല്ലാത്തതോ ആയ ഭൂമിയുടെ ഒരു വലിയ ഭാഗമാണ്. രണ്ടാം കുതിരക്കാരന്റെ വലിയ വാളിന്റെയും മൂന്നാമത്തവന്റെ പട്ടിണിയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും ഇരകളെ ഈ കുതിരക്കാരൻ കൊയ്തെടുക്കുന്നു. അയാൾ തന്റെ സ്വന്തം വിളവും കൊയ്തെടുക്കുന്നു, ലൂക്കൊസ് 21:10, 11 വിവരിക്കുന്നതുപോലെ മാരകമായ വ്യാധിയിൽനിന്നും ഭൂമികുലുക്കങ്ങളിൽ നിന്നുമുളള ഒരു വിളവുതന്നെ.
28. (എ) “മഹാവ്യാധി”യെ സംബന്ധിച്ചുളള പ്രവചനത്തിനു നിവൃത്തി വന്നിരിക്കുന്നതെങ്ങനെ? (ബി) ഇന്ന്, പല വ്യാധികളിൽനിന്നും യഹോവയുടെ ജനം സംരക്ഷിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
28 ഇവിടെ ആനുകാലിക പ്രാധാന്യമുളളത് “മഹാവ്യാധി”ക്കാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ നാശഫലങ്ങളുടെ തൊട്ടു പിന്നാലെ സ്പാനീഷ് ഫ്ളൂ 1918-19-ലെ ഏതാനും ചില മാസങ്ങൾക്കുളളിൽത്തന്നെ 200 ലക്ഷത്തിലേറെ മനുഷ്യജീവൻ കൊയ്തെടുത്തു. ഭൂമിയിൽ ഈ ബാധയിൽനിന്ന് ഒഴിവായ ഒരേ ഒരു പ്രദേശം, സെൻറ് ഹെലിനാ എന്ന ചെറിയ ദ്വീപു മാത്രമാണ്. വൻതോതിലുളള ആൾനാശം ഉണ്ടായ സ്ഥലങ്ങളിൽ ശവകൂമ്പാരങ്ങൾ ദഹിപ്പിക്കുന്നതിന് ശവസംസ്കാര ചിതകൾ കത്തിച്ചിരുന്നു. ഇന്ന് അധികമായും പുകയില മാലിന്യത്താൽ ഉണ്ടാകുന്ന ഹൃദ്രോഗത്തിന്റെയും കാൻസറിന്റെയും ഞെട്ടിക്കുന്ന അനുഭവങ്ങളുണ്ട്. “വൃത്തികെട്ട പതിററാണ്ടാ”യി വർണിച്ചിരിക്കുന്ന 1980-കളിൽ, ബൈബിൾ നിലവാരപ്രകാരം അധാർമികമായ ഒരു ജീവിതരീതി, “മഹാവ്യാധി”യോട് എയ്ഡ്സ് ബാധയെയും കൂട്ടിച്ചേർത്തിരിക്കുന്നു. ഇതെഴുതുന്ന സമയത്ത് ഈ രോഗം ബാധിക്കുന്നവരെല്ലാം മരിക്കുന്നു, വടക്കേ അമേരിക്കയിൽ മാത്രം 10 ലക്ഷംപേർ എയ്ഡ്സ് വൈറസ് ബാധിച്ചവരായുണ്ടെന്ന് 1990-ൽ കണക്കാക്കപ്പെട്ടു; ആഫ്രിക്കയിൽ ലക്ഷങ്ങൾ മരിക്കാൻ ഇടയുണ്ട്. ഇന്നു പല രോഗസംക്രമണത്തിനും കാരണമായ ദുർന്നടത്തയിൽനിന്നും രക്തത്തിന്റെ ദുരുപയോഗത്തിൽനിന്നും ദൈവവചനത്തിലെ ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം തങ്ങളെ അകററിനിർത്തുന്നതിൽ യഹോവയുടെ ജനം എത്ര നന്ദിയുളളവരാണ്!—പ്രവൃത്തികൾ 15:28, 29; താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 6:9-11.
29, 30. (എ) യെഹെസ്കേൽ 14:21-ലെ ‘അനർത്ഥകരമായ നാലു’ കാര്യങ്ങൾക്ക് ഇന്ന് എന്തു പ്രയുക്തിയുണ്ട്? (ബി) വെളിപ്പാടു 6:8-ലെ ‘കാട്ടുമൃഗങ്ങൾ’ എന്നതിനാൽ നമുക്ക് എന്തു മനസ്സിലാക്കാം? (സി) പ്രാവചനികരംഗത്തിന്റെ മുഖ്യവിഷയമെന്നു തോന്നുന്നതെന്ത്?
29 യോഹന്നാന്റെ ദർശനം അകാലമരണത്തിനുളള നാലാമത്തെ കാരണമായി വന്യമൃഗങ്ങളെ പരാമർശിക്കുന്നു. യഥാർഥത്തിൽ നാലാം മുദ്രയുടെ തുറക്കലിനാൽ വിശേഷിപ്പിക്കപ്പെടുന്ന നാലു കാര്യങ്ങൾ—യുദ്ധം, ക്ഷാമം, രോഗം, വന്യമൃഗങ്ങൾ—പുരാതന കാലങ്ങളിൽ അകാലമരണത്തിനുളള പ്രമുഖ കാരണങ്ങളായി കരുതപ്പെട്ടിരുന്നു. തന്നിമിത്തം ഇന്ന് അകാലമരണത്തിനുളള എല്ലാ കാരണങ്ങളെയും അവ മുൻനിഴലാക്കുന്നതായിരിക്കും. അത് ഇസ്രായേലിനു യഹോവ നൽകിയ മുന്നറിയിപ്പുപോലെ തന്നെയാണ്: “ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലുംകൂടെ അയച്ചാലോ?”—യെഹെസ്കേൽ 14:21.
30 ആധുനിക കാലത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 20-ാം നൂററാണ്ടിലുടനീളം വന്യമൃഗങ്ങൾ പലപ്പോഴും ഇരകളെ ഒടുക്കിക്കൊണ്ടാണിരുന്നിട്ടുളളതെങ്കിലും, വന്യമൃഗങ്ങളാലുളള മരണം അപൂർവമായി മാത്രമേ വാർത്തയായി പ്രത്യക്ഷപ്പെടാറുളളൂ. ഭാവിയിൽ കൂടുതൽ പ്രദേശങ്ങൾ യുദ്ധത്താൽ ശൂന്യമാക്കപ്പെടുകയോ ഇരതേടുന്ന മൃഗങ്ങളെ ആട്ടി ഓടിക്കുവാൻ കരുത്തില്ലാത്തവിധം ജനങ്ങൾ പട്ടിണിയാൽ വളരെ ക്ഷീണിതരാവുകയോ ചെയ്താൽ അവ കൂടുതൽ പേരെ കൊന്നൊടുക്കിയേക്കാം. കൂടാതെ ഇന്ന്, യെശയ്യാവു 11:6-9-ൽ വിവരിച്ചിരിക്കുന്നതിനു വിപരീതമായ മൃഗീയ ചായ്വുകൾ പ്രകടമാക്കുന്ന, വിവേകമില്ലാത്ത മൃഗങ്ങളെപ്പോലുളള, ധാരാളം മനുഷ്യരുണ്ട്. ആധുനിക ലോകത്തിലെ ലൈംഗിക കുററകൃത്യങ്ങൾ, കൊലപാതകം, ഭീകരപ്രവർത്തനം, ബോംബുവർഷങ്ങൾ, ഇവയുടെയെല്ലാം ആഗോളവ്യാപനത്തിന് അധികപങ്കും ഈ ആളുകളാണ് ഉത്തരവാദികൾ. (താരതമ്യം ചെയ്യുക: യെഹെസ്കേൽ 21:31; റോമർ 1:28-31; 2 പത്രൊസ് 2:12.) നാലാം കുതിരക്കാരൻ അവരുടെ ഇരകളെയും കൊയ്തെടുക്കുന്നു. വാസ്തവത്തിൽ, മഞ്ഞക്കുതിരയുടെ സവാരിക്കാരൻ പലവിധത്തിൽ മനുഷ്യവർഗത്തിന്റെ അകാലമരണം കൊയ്തെടുക്കുന്നുവെന്നതാണ് ഈ പ്രാവചനിക രംഗത്തിന്റെ മുഖ്യവിഷയമെന്നു തോന്നുന്നു.
31. ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നീ കുതിരകളുടെ സവാരിക്കാർ വരുത്തുന്ന കെടുതികൾ ഉണ്ടെങ്കിലും നമുക്കു പ്രോത്സാഹിതരാകാവുന്നത് എന്തുകൊണ്ട്?
31 ആദ്യത്തെ നാലു മുദ്രകളുടെ തുറക്കൽ വെളിപ്പെടുത്തുന്ന വിവരങ്ങൾ നമ്മെ സമാശ്വസിപ്പിക്കുന്നു, എന്തെന്നാൽ, അതു യുദ്ധവും പട്ടിണിയും രോഗവും ഇന്നു വളരെയധികം പടർന്നുപിടിച്ചിരിക്കുന്ന മററ് അകാലമരണഹേതുക്കളും നിമിത്തം നിരാശരായിത്തീരാതിരിക്കാൻ നമ്മെ പഠിപ്പിക്കുന്നു. നിലവിലുളള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാനുഷനേതാക്കൾ പരാജയപ്പെട്ടിരിക്കുന്നുവെന്ന കാരണത്താൽ നാം ആശയററവരായിത്തീരേണ്ടതുമില്ല. ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നീ കുതിരകളുടെ സവാരിക്കാർ പരക്കെ വ്യാപിച്ചിരിക്കുന്നുവെന്ന് ലോകാവസ്ഥകൾ പ്രകടമാക്കുന്നുവെങ്കിൽ, ആദ്യം സവാരി തുടങ്ങിയവൻ വെളളക്കുതിരക്കാരനാണ് എന്നുളളതു മറക്കരുത്. യേശു രാജാവായിത്തീർന്നിരിക്കുന്നു, സ്വർഗങ്ങളിൽനിന്നു സാത്താനെ തളളിക്കളയുന്ന അളവോളം അവൻ ഇതിനോടകം ജയിച്ചടക്കിയിരിക്കുന്നു. അവന്റെ കൂടുതലായ ജയിച്ചടക്കലുകളിൽ ആത്മീയ ഇസ്രായേലിന്റെ പുത്രൻമാരിൽ ശേഷിച്ചിരിക്കുന്നവരുടെയും മഹോപദ്രവത്തിലൂടെ അതിജീവിക്കുവാൻവേണ്ടി ലക്ഷക്കണക്കിനുവരുന്ന സാർവദേശീയ മഹാപുരുഷാരത്തിന്റെയും കൂട്ടിച്ചേർക്കലും ഉൾപ്പെടുന്നു. (വെളിപ്പാടു 7:4, 9, 14) തന്റെ ജയിച്ചടക്കൽ പൂർത്തീകരിക്കുന്നതുവരെ അവൻ സവാരി തുടരേണ്ടതാണ്.
32. ആദ്യത്തെ നാലു മുദ്രകളിൽ ഓരോന്നിന്റെയും തുറക്കലിന്റെ സ്വഭാവവിശേഷങ്ങളെന്ത്?
32 ആദ്യത്തെ നാലു മുദ്രകളിൽ ഓരോന്നിന്റെയും തുറക്കലിനെത്തുടർന്നു ‘വരിക!’ എന്ന ക്ഷണങ്ങളുണ്ട്. ഓരോ പ്രാവശ്യവും ഒരു കുതിരയും അതിന്റെ സവാരിക്കാരനും മുന്നോട്ടു കുതിച്ചു വന്നു. അഞ്ചാം മുദ്ര മുതൽ നാം മേലിൽ അത്തരമൊരു ക്ഷണം കേൾക്കുന്നില്ല. എന്നിരുന്നാലും ആ കുതിരക്കാർ ഇപ്പോഴും സവാരി ചെയ്തുകൊണ്ടിരിക്കയാണ്, വ്യവസ്ഥിതിയുടെ സമാപനത്തിലുടനീളം അവർ സവാരി തുടരുകയും ചെയ്യും. (താരതമ്യം ചെയ്യുക: മത്തായി 28:20.) ശേഷിച്ച മൂന്നു മുദ്രകൾ തുറക്കുമ്പോൾ യേശു അതിപ്രധാനമായ മറെറന്തു സംഭവങ്ങൾ വെളിപ്പെടുത്തുന്നു? ആ സംഭവങ്ങളിൽ ചിലതു മാനുഷനേത്രങ്ങൾക്ക് അദൃശ്യമാണ്. മററുളളവ ദൃശ്യമെങ്കിലും ഭാവിയിലേക്കുളളവയാണ്. എന്നിരുന്നാൽത്തന്നെയും അവയുടെ നിവൃത്തി സുനിശ്ചിതമാണ്. അവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
[അടിക്കുറിപ്പുകൾ]
a എന്നിരുന്നാലും, വെളിപ്പാടു 12:1-ലെ “സ്ത്രീ”ക്ക് “പന്ത്രണ്ടു നക്ഷത്രംകൊണ്ടുളള” ഒരു ആലങ്കാരിക “കിരീടം” ഉണ്ടെന്നുളളതു കുറിക്കൊളളുക.
b യേശു 1914-ൽ രാജത്വം പ്രാപിച്ചുവെന്നതിന്റെ വിശദമായ തെളിവിനു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചിട്ടുളള “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 14-ാം അധ്യായവും അനുബന്ധവും കാണുക.
c പല ഭാഷാന്തരങ്ങളും ഈ പ്രയോഗത്തെ “ജയിപ്പാൻ” എന്നോ (റിവൈസ്ഡ് സ്ററാൻഡേഡ്, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ, കിങ് ജയിംസ് വേർഷൻ) “ജയിച്ചടക്കൽ ചായ്വോടെ” എന്നോ (ഫിലിപ്സ്, ന്യൂ ഇൻറർനാഷണൽ വേർഷൻ) വിവർത്തനം ചെയ്യുന്നുവെന്നിരിക്കെ ഇവിടെ ആദിമഗ്രീക്കിലെ സന്ദിഗ്ദ്ധ ക്രിയയുടെ സാമാന്യഭൂതകാലരൂപം പൂർത്തീകരണത്തിന്റെ അഥവാ സമാപ്തിയുടെ അർഥം നൽകുന്നു. അതുകൊണ്ട്, റോബർട്ട്സന്റെ വേർഡ് പിക്ചേഴ്സ് ഇൻ ദ ന്യൂ ടെസ്ററമെൻറ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഇവിടത്തെ സാമാന്യ ഭൂതകാലരൂപം അന്തിമ വിജയത്തിലേക്കു വിരൽചൂണ്ടുന്നു.”
d ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പു കാണുക.
[92-ാം പേജിലെ ചതുരം]
രാജാവു ജയശാലിയായി സവാരി ചെയ്യുന്നു
1930-കളിലും 1940-കളിലും, കച്ചകെട്ടിയിറങ്ങിയ ശത്രുക്കൾ യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷ നിയമവിരുദ്ധമോ കുററകരമോ വിധ്വംസകംപോലുമോ ആണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചു. (സങ്കീർത്തനം 94:20) ഐക്യനാടുകളിൽ 1936 എന്ന വർഷത്തിൽ മാത്രം 1,149 അറസ്ററുകൾ രേഖപ്പെടുത്തി. സാക്ഷികൾ ഐക്യനാടുകളിലെ സുപ്രീംകോടതി വരെ അനേകം കേസുകൾ നടത്തി, പിൻവരുന്നവ അവരുടെ ചില മികച്ച വിജയങ്ങളാണ്.
മേയ് 3, 1943-ൽ സുപ്രീംകോടതി മർഡൊക്കും പെൻസിൽവേനിയായും തമ്മിലുളള കേസിൽ, പണം വാങ്ങി സാഹിത്യം സമർപ്പിക്കാൻ സാക്ഷികൾക്ക് ലൈസൻസ് ആവശ്യമില്ലെന്ന് വിധിച്ചു. അന്നേ ദിവസംതന്നെ, മാർട്ടിനും സിററി ഓഫ് സ്ട്രതേഴ്സും തമ്മിലുളള കേസിൽ വീടുതോറും നോട്ടീസും മററു പരസ്യങ്ങളും വിതരണം നടത്തുന്നതിൽ പങ്കെടുക്കുമ്പോൾ ഡോർബെൽ അടിക്കുന്നതു നിയമവിരുദ്ധമല്ലെന്നു വിധിച്ചു.
ജൂൺ 14, 1943-ൽ ടെയ്ലറും മിസ്സിസിപ്പിയും തമ്മിലുളള കേസിൽ സാക്ഷികൾ തങ്ങളുടെ പ്രസംഗ പ്രവർത്തനത്താൽ ഗവൺമെൻറിനോടുളള അവിശ്വസ്തതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി വിധിച്ചു. അതേ ദിവസംതന്നെ വെസ്ററ് വെർജീനിയ സ്റേറററ് ബോർഡ് ഓഫ് എഡ്യുക്കേഷനും ബാർനററും തമ്മിലുളള കേസിൽ പതാകയെ വന്ദിക്കാൻ വിസമ്മതിച്ച യഹോവയുടെ സാക്ഷികളുടെ കുട്ടികളെ സ്കൂളിൽനിന്നു പുറത്താക്കാൻ സ്കൂൾ ബോർഡിന് അധികാരമില്ലെന്നു കോടതി തീരുമാനിച്ചു. തൊട്ടടുത്ത ദിവസം ഓസ്ട്രേലിയായിലെ ഹൈക്കോടതിയുടെ ഫുൾബഞ്ച് യഹോവയുടെ സാക്ഷികളുടെ മേലുളള നിരോധനം നീക്കി, അതു സ്വേച്ഛാപരവും ചപലവും മർദകവും ആണെന്നു പ്രഖ്യാപിച്ചുകൊണ്ടുതന്നെ.
[94-ാം പേജിലെ ചതുരം]
“ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു”
സാങ്കേതികവിദ്യ എങ്ങോട്ടാണു നയിക്കുന്നത്? ഇൻറർനാഷനൽ ഡെവലപ്മെൻറ് റിസേർച്ച് സെൻററിന്റെ പ്രസിഡൻറായ ഇവാൻ എൽ. ഹെഡിന്റെ ഒരു പ്രസംഗത്തിൽ നിന്നു കാനഡയിലെ ടൊറൊന്റോയിൽ 1987 ജനുവരി 22-ലെ ദ ഗ്ലോബ് ആൻഡ് മെയിൽ പിൻവരുന്നതു റിപ്പോർട്ടു ചെയ്തു:
“ഗവേഷണത്തിലും വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന ഓരോ നാലു ശാസ്ത്രജ്ഞരിലും സാങ്കേതികവിദഗ്ധരിലും ഒരാൾ വീതം ആയുധങ്ങൾ നിർമിക്കുകയാണെന്ന് ആശ്രയയോഗ്യമായി കണക്കാക്കിയിരിക്കുന്നു. . . . 1986-ലെ നിരക്കിൽ ചെലവ് ഓരോ മിനിററിലും 15 ലക്ഷം ഡോളറിൽ അധികമാണ്. . . . ഇത്തരം സാങ്കേതിക ഊന്നലിന്റെ ഫലമായി നാമെല്ലാം കൂടുതൽ സുരക്ഷിതരാണോ? വൻ ശക്തികളുടെ കയ്യിലുളള ന്യൂക്ലിയർ ആയുധങ്ങളിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ മുഴുകാലയളവിലും പങ്കെടുത്ത എല്ലാ രാജ്യങ്ങളുംകൂടെ ചെലവഴിച്ചതിന്റെ 6,000 മടങ്ങു സ്ഫോടകശേഷി ഉൾക്കൊളളുന്നു. ആറായിരം രണ്ടാം ലോകമഹായുദ്ധങ്ങൾ. ആയിരത്തിത്തൊളളായിരത്തി നാൽപ്പത്തഞ്ചിനുശേഷം ലോകത്തിൽ സൈനികപ്രവർത്തനം ഇല്ലാതിരുന്ന ഏഴ് ആഴ്ചകളിൽ താഴെ മാത്രമേ ഉണ്ടായിരുന്നുളളു. സാർവദേശീയമോ ആഭ്യന്തരസ്വഭാവത്തിലുളളതോ ആയ 150-ലധികം യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ 193 ലക്ഷം ജീവൻ നശിച്ചതായി കണക്കാക്കപ്പെടുന്നു, അവയിലധികവും ഐക്യരാഷ്ട്രങ്ങളുടെ ഈ യുഗത്തിൽ ഉരുത്തിരിഞ്ഞുവന്ന ഫലകരമായ പുതിയ സാങ്കേതികവിദ്യകളുടെ ഫലം തന്നെ.”
[98, 99 പേജുകളിലെ ചതുരം]
വെളിപാട് പുസ്തകത്തിന്റെ ചട്ടക്കൂട്
വെളിപാട് പുസ്തകത്തിന്റെ ചർച്ചയിൽ നാം ഇത്രത്തോളം മുന്നോട്ടു വന്നിരിക്കെ പുസ്തകത്തിന്റെ ചട്ടക്കൂട് നാം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ തുടങ്ങുന്നു. ഉത്തേജിപ്പിക്കുന്ന ആമുഖത്തിനുശേഷം (വെളിപ്പാടു 1:1-9) വെളിപാട് പിൻവരുന്ന 16 ദർശനങ്ങളായി വിഭജിച്ചിരിക്കുന്നതായി വീക്ഷിക്കാൻ കഴിയും:
1-ാം ദർശനം (1:10–3:22): ഏഴു സഭകൾക്കു ബുദ്ധ്യുപദേശത്തിന്റെ ഊഷ്മളമായ സന്ദേശങ്ങൾ അയക്കുന്ന മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ യോഹന്നാൻ നിശ്വസ്തതയിൽ കാണുന്നു.
2-ാം ദർശനം (4:1–5:14): യഹോവയാം ദൈവത്തിന്റെ സ്വർഗീയ സിംഹാസനത്തിന്റെ ഒരു ശോഭന വീക്ഷണം. ഈ ഒരുവൻ കുഞ്ഞാടിന് ഒരു ചുരുൾ കൈമാറുന്നു.
3-ാം ദർശനം (6:1-17): ചുരുളിന്റെ ആദ്യത്തെ ആറു മുദ്രകൾ തുറന്നുകൊണ്ടു കുഞ്ഞാട് കർത്താവിന്റെ ദിവസത്തിൽ സംഭവിക്കാനിരിക്കുന്ന സംഭവങ്ങളുടെ ഒരു സംയുക്തദർശനം ക്രമാനുഗതമായി വെളിപ്പെടുത്തുന്നു. അപ്പോക്കലിപ്സിലെ നാലു കുതിരക്കാർ സവാരി നടത്തുന്നു, ദൈവത്തിന്റെ രക്തസാക്ഷികളായ അടിമകൾക്കു വെളള അങ്കികൾ ലഭിക്കുന്നു, മഹാകോപദിവസം വർണിക്കപ്പെടുന്നു.
4-ാം ദർശനം (7:1-17): ആത്മീയ ഇസ്രായേലാകുന്ന 1,44,000-ത്തെ മുദ്രയിട്ടുകഴിയുന്നതുവരെ ദൂതൻമാർ നാശത്തിന്റെ കാററുകളെ പിടിച്ചുനിർത്തുന്നു. സകല ജനതകളിൽനിന്നുമുളള ഒരു മഹാപുരുഷാരം രക്ഷ ദൈവത്തിൽനിന്നും ക്രിസ്തുവിൽനിന്നുമാണു വരുന്നതെന്നു സമ്മതിക്കുകയും മഹോപദ്രവത്തിലൂടെ അതിജീവനത്തിനായി കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു.
5-ാം ദർശനം (8:1–9:21): ഏഴാം മുദ്രയുടെ തുറക്കലിൽ ഏഴു കാഹളം മുഴക്കൽ നടക്കുന്നു, അതിൽ ആദ്യത്തെ ആറെണ്ണം അഞ്ചാം ദർശനത്തിൽ അടങ്ങിയിരിക്കുന്നു. ഈ ആറു കാഹളങ്ങൾ മനുഷ്യവർഗത്തിൻമേലുളള യഹോവയുടെ ന്യായവിധി പ്രകടനങ്ങൾ പ്രസിദ്ധമാക്കുന്നു. അഞ്ചും ആറും കാഹളനാദങ്ങൾ ഒന്നും രണ്ടും കഷ്ടങ്ങളെയും അവതരിപ്പിക്കുന്നു.
6-ാം ദർശനം (10:1–11:19): ശക്തനായ ഒരു ദൂതൻ യോഹന്നാന് ഒരു ചെറിയ ചുരുൾ നൽകുന്നു, ആലയം അളക്കപ്പെടുന്നു, നാം രണ്ടു സാക്ഷികളുടെ അനുഭവങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശത്രുക്കൾക്കുളള മൂന്നാമത്തെ കഷ്ടം വിളിച്ചറിയിക്കുന്ന ഏഴാം കാഹളത്തിന്റെ മുഴക്കലോടെ അതു പാരമ്യത്തിലെത്തുന്നു—യഹോവയുടെയും അവന്റെ ക്രിസ്തുവിന്റെയും വരാൻപോകുന്ന രാജ്യം.
7-ാം ദർശനം (12:1-17): ഇതു രാജ്യത്തിന്റെ ജനനത്തെ വർണിക്കുന്നു, മീഖായേൽ സാത്താനായ സർപ്പത്തെ ഭൂമിയിലേക്കു വലിച്ചെറിയുന്നതിൽ കലാശിക്കുന്നതുതന്നെ.
8-ാം ദർശനം (13:1-18): ശക്തനായ കാട്ടുമൃഗം സമുദ്രത്തിൽനിന്നു കയറിവരുന്നു, അതിനെ ആരാധിക്കാൻ കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുളള കാട്ടുമൃഗം മനുഷ്യവർഗത്തെ പ്രേരിപ്പിക്കുന്നു.
9-ാം ദർശനം (14:1-20): സീയോൻ പർവതത്തിൽ 1,44,000-ത്തിന്റെ പകിട്ടേറിയ ഒരു പൂർവവീക്ഷണം. ദൂതസന്ദേശങ്ങൾ ഭൂമിയിലെമ്പാടും കേൾക്കുന്നു, ഭൂമിയിലെ മുന്തിരി കൊയ്തെടുക്കുന്നു, ദൈവകോപത്തിന്റെ മുന്തിരിച്ചക്കു മെതിക്കപ്പെടുന്നു.
10-ാം ദർശനം (15:1–16:21): സ്വർഗീയ സദസ്സിന്റെ മറെറാരു മിന്നാട്ടം, തുടർന്ന് യഹോവയുടെ കോപത്തിന്റെ ഏഴു കലശങ്ങൾ ഭൂമിയിലേക്ക് ഒഴിക്കപ്പെടുന്നു. ഈ ഭാഗവും സാത്താന്റെ വ്യവസ്ഥിതിയുടെ അന്ത്യത്തിന്റെ ഒരു പ്രാവചനിക വർണനയോടെ അവസാനിക്കുന്നു.
11-ാം ദർശനം (17:1-18): മഹാബാബിലോൻ ആകുന്ന മഹാവേശ്യ, ചുരുങ്ങിയ സമയത്തേക്ക് അഗാധത്തിൽ പോകുകയും വീണ്ടും കയറിവന്ന് അവളെ നശിപ്പിക്കുകയും ചെയ്യുന്ന കടുംചുവപ്പുളള ഒരു കാട്ടുമൃഗത്തിൻമേൽ സവാരിചെയ്യുന്നു.
12-ാം ദർശനം (18:1–19:10): മഹാബാബിലോന്റെ വീഴ്ചയും അന്തിമ നാശവും പ്രഖ്യാപിക്കപ്പെടുന്നു, അവളുടെ വധത്തിനുശേഷം ചിലർ വിലപിക്കുന്നു, മററുളളവർ യഹോവയെ സ്തുതിക്കുന്നു; കുഞ്ഞാടിന്റെ വിവാഹം പ്രഖ്യാപിക്കപ്പെടുന്നു.
13-ാം ദർശനം (19:11-21): സാത്താന്റെ വ്യവസ്ഥിതിയുടെമേലും അതിന്റെ സൈന്യങ്ങളുടെമേലും അതിന്റെ പിന്തുണക്കാരുടെമേലും ദൈവത്തിന്റെ ക്രോധപൂർവകമായ ന്യായവിധി നടപ്പാക്കുന്നതിന് യേശു സ്വർഗത്തിലെ സൈന്യങ്ങളെ നയിക്കുന്നു; ശവംതീനി പക്ഷികൾ അവരുടെ മാംസം തിന്നുന്നു.
14-ാം ദർശനം (20:1-10): പിശാചായ സാത്താന്റെ അഗാധത്തിലടയ്ക്കൽ, ക്രിസ്തുവിന്റെയും സഹരാജാക്കൻമാരുടെയും ആയിരംവർഷവാഴ്ച, മനുഷ്യവർഗത്തിന്റെ അന്തിമപരിശോധന, സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും നാശം.
15-ാം ദർശനം (20:11–21:8): പൊതുപുനരുത്ഥാനവും വലിയ ന്യായവിധിദിവസവും; നീതിയുളള മനുഷ്യവർഗത്തിനു നിത്യാനുഗ്രഹങ്ങളോടെ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും പ്രത്യക്ഷപ്പെടുന്നു.
16-ാം ദർശനം (21:9–22:5): കുഞ്ഞാടിന്റെ ഭാര്യയായ പുതിയ യെരുശലേമിന്റെ മഹത്ത്വമാർന്ന ഒരു ദർശനത്തോടെ വെളിപാട് പാരമ്യത്തിലെത്തുന്നു. മനുഷ്യവർഗത്തിനു ജീവനും സൗഖ്യത്തിനും വേണ്ടിയുളള ദൈവത്തിന്റെ കരുതൽ ആ നഗരത്തിൽനിന്ന് ഒഴുകുന്നു.
വെളിപാട് യഹോവയിൽനിന്നും യേശുവിൽനിന്നും ദൂതനിൽനിന്നും യോഹന്നാനിൽനിന്നുമുളള ആശംസയുടെയും ബുദ്ധ്യുപദേശത്തിന്റെയും ഊഷ്മളമായ വാക്കുകളോടെ ഉപസംഹരിക്കുന്നു. സകലർക്കുമുളള ക്ഷണം ‘വരിക!’ എന്നതാണ്.—വെളിപ്പാടു 22:6-21.