നിങ്ങൾ ഓർക്കുന്നുണ്ടോ?
വീക്ഷാഗോപുരത്തിന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധയോടെ വായിച്ചുകാണുമല്ലോ. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
യഹോവയോടു സംസാരിക്കാനും യഹോവ പറയുന്നതു കേൾക്കാനും യഹോവയെക്കുറിച്ച് ചിന്തിക്കാനും സമയമെടുക്കുന്നതുകൊണ്ട് നമുക്ക് എന്തു പ്രയോജനം കിട്ടും?
നല്ല തീരുമാനങ്ങളെടുക്കാനും മികച്ച അധ്യാപകരാകാനും വിശ്വാസത്തിൽ ശക്തരാകാനും യഹോവയോടുള്ള സ്നേഹത്തിൽ വളരാനും നമുക്കാകും.—w22.01, പേ. 30-31.
യഹോവയിലും യഹോവയുടെ പ്രതിനിധികളിലും വിശ്വസിക്കാൻ പഠിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
മൂപ്പന്മാർ എടുക്കുന്ന തീരുമാനങ്ങളെയും അവർ തരുന്ന നിർദേശങ്ങളെയും സംശയിക്കാതിരിക്കുന്നതിലൂടെ ദൈവം കാര്യങ്ങൾ ചെയ്യുന്ന വിധത്തിൽ വിശ്വാസമുണ്ടെന്നു നമുക്കു കാണിക്കാം. അങ്ങനെ ചെയ്യാൻ ഇപ്പോൾത്തന്നെ പഠിക്കുന്നെങ്കിൽ മഹാകഷ്ടതയുടെ സമയത്ത് കിട്ടുന്ന നിർദേശങ്ങൾ, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവയോ വിചിത്രമോ ആയി തോന്നിയാലും അനുസരിക്കാൻ നമ്മൾ തയ്യാറാകും.—w22.02, പേ. 4-6.
എന്തിനാണു ദൈവദൂതൻ സെഖര്യയോടു ഗവർണറായ ‘സെരുബ്ബാബേലിന്റെ കൈയിലെ തൂക്കുകട്ടയെക്കുറിച്ച്’ പറഞ്ഞത്? (സെഖ. 4:8-10)
ദേവാലയത്തിന്റെ പണി പൂർത്തിയാകുമെന്നും അതു ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിലുള്ളതായിരിക്കുമെന്നും ഈ ദർശനം ദൈവജനത്തിന് ഉറപ്പുകൊടുത്തു.—w22.03, പേ. 16-17.
നമുക്ക് എങ്ങനെ ‘സംസാരത്തിൽ ഒരു മാതൃകയായിരിക്കാം?’ (1 തിമൊ. 4:12)
ശുശ്രൂഷയിലായിരിക്കുമ്പോൾ ദയയോടെയും ആദരവോടെയും സംസാരിക്കുക, മനസ്സുതുറന്ന് യഹോവയ്ക്കു സ്തുതി പാടുക, പതിവായി മീറ്റിങ്ങുകളിൽ അഭിപ്രായങ്ങൾ പറയുക, സത്യം സംസാരിക്കുക, മറ്റുള്ളവരെ ബലപ്പെടുത്തുക, മോശമായി സംസാരിക്കുന്നത് ഒഴിവാക്കുക.—w22.04,പേ. 6-9.
ദാനിയേൽ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന നാലു കാട്ടുമൃഗങ്ങളുടെ (രാജ്യങ്ങളുടെ) സവിശേഷതകൾ വെളിപാട് 13:1, 2-ലെ ഒരു കാട്ടുമൃഗത്തിനുതന്നെയുള്ളതായി പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?
വെളിപാട് 13-ൽ പറഞ്ഞിരിക്കുന്ന കാട്ടുമൃഗം റോംപോലുള്ള ഏതെങ്കിലും ഒരു രാജ്യത്തെയല്ല, മറിച്ച് മനുഷ്യരെ ഇന്നോളം ഭരിച്ചിട്ടുള്ള എല്ലാ രാഷ്ട്രീയശക്തികളെയുമാണ് അർഥമാക്കുന്നത്.—w22.05, പേ. 9.
ദൈവം ന്യായത്തോടെ കാര്യങ്ങൾ ചെയ്യുമെന്നു നമ്മൾ വിശ്വസിക്കുന്നുണ്ടെന്നു തെളിയിക്കാനുള്ള ഒരു പ്രധാനവിധം ഏതാണ്?
ആരെങ്കിലും നമുക്കെതിരെ ഒരു തെറ്റ് ചെയ്യുകയോ നമ്മളെ വേദനിപ്പിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നീരസപ്പെടുകയോ ദേഷ്യം വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നതിനു പകരം കാര്യങ്ങൾ യഹോവയ്ക്കു വിട്ടുകൊടുക്കുക. നമുക്കുണ്ടായ എല്ലാ വിഷമങ്ങളും യഹോവ മാറ്റിത്തരും.—w22.06, പേ. 10-11.
മീറ്റിങ്ങിനു പ്രാർഥിക്കാൻ നിയമനം കിട്ടുന്ന സഹോദരൻ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
സഭയ്ക്ക് ഒരു ഉപദേശം കൊടുക്കാനോ ഒരു അറിയിപ്പു നടത്താനോ ഉള്ള അവസരമല്ല പ്രാർഥന. പ്രത്യേകിച്ച് മീറ്റിങ്ങിന്റെ തുടക്കത്തിലുള്ള പ്രാർഥനയ്ക്ക് “വാക്കുകളുടെ എണ്ണം” കൂട്ടേണ്ടതില്ല. (മത്താ. 6:7)—w22.07, പേ. 24-25.
‘മോശമായ കാര്യങ്ങൾ ചെയ്തവരുടേത് ന്യായവിധിക്കായുള്ള പുനരുത്ഥാനം’ ആയിരിക്കുന്നത് എങ്ങനെ? (യോഹ. 5:29)
അവരെ ന്യായം വിധിക്കുന്നത്, മരിക്കുന്നതിനു മുമ്പ് അവർ എന്തു ചെയ്തു എന്നു നോക്കിയിട്ടല്ല. പുനരുത്ഥാനത്തിനു ശേഷമുള്ള അവരുടെ മനോഭാവത്തിന്റെയും പ്രവൃത്തികളുടെയും അടിസ്ഥാനത്തിലായിരിക്കും അവരെ വിലയിരുത്തുന്നത്.—w22.09, പേ. 18.
1922 സെപ്റ്റംബറിലെ കൺവെൻഷനിൽ ജെ. എഫ്. റഥർഫോർഡ് സഹോദരൻ ആവേശം ജനിപ്പിക്കുന്ന ഏത് ആഹ്വാനം നൽകി?
യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ നടന്ന ഒരു കൺവെൻഷനിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇതാ, രാജാവ് വാഴുന്നു! നിങ്ങൾ അവന്റെ പരസ്യപ്രചാരകരാണ്. അതുകൊണ്ട്, രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ!”—w22.10, പേ. 3-5.
സഹിച്ചുനിൽക്കാൻ ദൈവം നമ്മളെ സഹായിക്കുന്ന ഏതു മൂന്നു വിധങ്ങളെക്കുറിച്ചാണ് യശയ്യ 30-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്നത്?
(1) നമ്മുടെ പ്രാർഥനകൾ ശ്രദ്ധിച്ചുകേൾക്കുകയും അതിന് ഉത്തരം നൽകുകയും ചെയ്തുകൊണ്ടും (2) വേണ്ട നിർദേശങ്ങൾ നൽകി വഴിനയിച്ചുകൊണ്ടും (3) ഇപ്പോഴും ഭാവിയിലും നമ്മളെ അനുഗ്രഹിച്ചുകൊണ്ടും യഹോവ സഹായിക്കുന്നതായി ഈ അധ്യായം പറയുന്നു.—w22.11, പേ. 9.
സങ്കീർത്തനം 37:10, 11, 29-ലെ വാക്കുകൾ പണ്ട് നിറവേറിയെന്നും അതിനു ഭാവിയിൽ ഒരു നിവൃത്തിയുണ്ടെന്നും നമുക്ക് എങ്ങനെ അറിയാം?
ദാവീദിന്റെ ആ വാക്കുകൾ, മുമ്പ് ഇസ്രായേലിലുണ്ടായിരുന്ന അനുഗൃഹീതാവസ്ഥയ്ക്കു നന്നായി യോജിക്കുന്ന ഒരു വർണനയാണ്, പ്രത്യേകിച്ച് ശലോമോന്റെ ഭരണകാലത്ത്. യേശു 11-ാം വാക്യം ഉദ്ധരിച്ചുകൊണ്ട് ഭാവിയിൽ വരാനിരിക്കുന്ന ഒരു പറുദീസയെക്കുറിച്ച് പറഞ്ഞു. (മത്താ. 5:5; ലൂക്കോ. 23:43)—w22.12, പേ. 8-10, 14.