അധ്യായം 6
ഒരു പാവനരഹസ്യം വെളിപ്പെടുത്തുന്നു
1. വെളിപ്പാടു 1:10-17-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഉജ്ജ്വലമായ ചിത്രത്തോട് നാം എങ്ങനെ പ്രതികരിക്കണം?
ഉയർത്തപ്പെട്ട യേശുവിന്റെ ദർശനം തീർച്ചയായും ഭയോദ്ദീപകമാണ്! അപ്പോസ്തലനായ യോഹന്നാനോടൊപ്പം കാഴ്ചക്കാരായുണ്ടായിരുന്നെങ്കിൽ നാമും സാഷ്ടാംഗം വീണുകൊണ്ട് ആ ഉജ്ജ്വലമായ പ്രതാപത്താൽ കീഴടക്കപ്പെടുമായിരുന്നു. (വെളിപ്പാടു 1:10-17) അതിശ്രേഷ്ഠമായ ഈ നിശ്വസ്തദർശനം ഇന്നു നമ്മെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കാൻവേണ്ടി കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു. യോഹന്നാനെപ്പോലെ ദർശനം അർഥമാക്കുന്ന എല്ലാററിനോടും നാം വിനീതമായ വിലമതിപ്പു കാണിക്കണം. സിംഹാസനസ്ഥനായ രാജാവും മഹാപുരോഹിതനും ന്യായാധിപനും എന്നനിലയിൽ യേശുവിന്റെ സ്ഥാനത്തോടു നമുക്കെപ്പോഴും ഭക്ത്യാദരപൂർവകമായ ബഹുമാനമുണ്ടായിരിക്കട്ടെ.—ഫിലിപ്പിയർ 2:5-11.
“ആദ്യനും അന്ത്യനും”
2. (എ) യേശു ഏതു സ്ഥാനപ്പേരിലാണു തന്നേത്തന്നെ അവതരിപ്പിക്കുന്നത്? (ബി) “ഞാൻ ആദ്യനും അന്ത്യനു”മാകുന്നു എന്നു യഹോവ പറയുമ്പോൾ എന്തർഥമാക്കുന്നു? (സി) “ആദ്യനും അന്ത്യനും” എന്ന യേശുവിന്റെ സ്ഥാനപ്പേർ എന്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു?
2 എന്നിരുന്നാലും നമ്മുടെ ഭയാദരം അനാരോഗ്യകരമായ ഭയമായി പരിണമിക്കേണ്ടതില്ല. അപ്പോസ്തലൻ അടുത്തതായി വിവരിക്കുന്നതുപോലെ യേശു യോഹന്നാനു വീണ്ടും ഇങ്ങനെ ഉറപ്പു നൽകി: “അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുളളവനും ആകുന്നു.” (വെളിപ്പാടു 1:17ബി) യെശയ്യാവു 44:6-ൽ “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” എന്നു പറഞ്ഞുകൊണ്ടു സർവശക്തിയുളള ദൈവമായ ഏകൻ എന്നനിലയിൽ യഹോവ തന്റെ സ്വന്തം സ്ഥാനത്തെ കൃത്യമായി വർണിക്കുന്നു.a യേശു “ആദ്യനും അന്ത്യനും” എന്ന സ്ഥാനപ്പേരിൽ തന്നേത്തന്നെ അവതരിപ്പിക്കുമ്പോൾ അവൻ മഹാസ്രഷ്ടാവായ യഹോവയോട് സമത്വം അവകാശപ്പെടുകയല്ല. അവൻ ദൈവം തനിക്കു നൽകിയ ഒരു സ്ഥാനപ്പേർ ഉചിതമായി ഉപയോഗിക്കുകയാണ്. യെശയ്യാവിൽ യഹോവ സത്യദൈവമെന്ന തന്റെ അനുപമസ്ഥാനത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തുകയായിരുന്നു. അവൻ നിത്യദൈവമാകുന്നു, അവനല്ലാതെ തീർച്ചയായും മറെറാരു ദൈവമില്ല. (1 തിമൊഥെയൊസ് 1:17) വെളിപാടിൽ യേശു തന്റെ അതുല്യ പുനരുത്ഥാനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് തനിക്കു നൽകപ്പെട്ട സ്ഥാനപ്പേരിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു.
3. (എ) യേശു “ആദ്യനും അന്ത്യനും” ആയിരുന്നത് ഏതു വിധത്തിൽ? (ബി) “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ” യേശുവിന്റെ കൈവശമുളളതിനാൽ എന്തർഥമാക്കുന്നു?
3 അമർത്ത്യ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ട “ആദ്യ”മനുഷ്യൻ തീർച്ചയായും യേശുവായിരുന്നു. (കൊലൊസ്സ്യർ 1:18) അതിനുപുറമേ, യഹോവ വ്യക്തിപരമായി ഇങ്ങനെ ഉയിർപ്പിക്കേണ്ടിയിരുന്നവരിൽ “അന്ത്യനും” അവനാണ്. അങ്ങനെ അവൻ ‘ജീവനുളളവൻ . . . എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ’ ആയിത്തീരുന്നു. അവൻ അമർത്ത്യത ആസ്വദിക്കുന്നു. ഈ കാര്യത്തിൽ അവൻ ‘ജീവനുളള ദൈവം’ എന്നു വിളിക്കപ്പെടുന്ന തന്റെ അമർത്ത്യ പിതാവിനെപ്പോലെയാണ്. (വെളിപ്പാടു 7:2; സങ്കീർത്തനം 42:2) മനുഷ്യവർഗത്തിലെ മറെറല്ലാവർക്കുംവേണ്ടി യേശുതന്നെയാണ് “പുനരുത്ഥാനവും ജീവനും.” (യോഹന്നാൻ 11:25) ഇതിനോടുളള യോജിപ്പിൽ അവൻ യോഹന്നാനോടു പറയുന്നു: “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” (വെളിപ്പാടു 1:18) മരിച്ചവരെ ഉയിർപ്പിക്കാനുളള അധികാരം യഹോവ യേശുവിനു നൽകിയിട്ടുണ്ട്. മരണവും ഹേഡീസും (ശവക്കുഴി) ബന്ധനസ്ഥരാക്കിയിരിക്കുന്നവർക്കുവേണ്ടി പടിവാതിൽ തുറന്നുകൊടുക്കാനുളള താക്കോൽ തന്റെ പക്കലുണ്ടെന്ന് യേശുവിനു പറയാൻ കഴിയുന്നത് അതുകൊണ്ടാണ്.—താരതമ്യം ചെയ്യുക: മത്തായി 16:18.
4. യേശു ഏതു കല്പന ആവർത്തിക്കുന്നു, ആരുടെ പ്രയോജനത്തിനുവേണ്ടി?
4 “നീ കണ്ടതും ഇപ്പോൾ ഉളളതും ഇനി സംഭവിപ്പാനിരിക്കുന്നതും . . . എഴുതുക” എന്നു യോഹന്നാനോടു പറഞ്ഞുകൊണ്ട് ദർശനം രേഖപ്പെടുത്താനുളള തന്റെ കല്പന യേശു ഇവിടെ ആവർത്തിക്കുന്നു. (വെളിപ്പാടു 1:19) നമ്മുടെ പ്രബോധനത്തിനുവേണ്ടി പുളകപ്രദമായ എന്തുകാര്യങ്ങൾ യോഹന്നാൻ ഇനിയും നമ്മെ അറിയിക്കും?
നക്ഷത്രങ്ങളും നിലവിളക്കുകളും
5. “ഏഴു നക്ഷത്ര”ങ്ങളേയും “ഏഴു നിലവിളക്കു”കളേയും യേശു എങ്ങനെ വിശദീകരിക്കുന്നു?
5 യോഹന്നാൻ വലങ്കയ്യിൽ ഏഴു നക്ഷത്രങ്ങളുമായി ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ യേശുവിനെ കാണുകയുണ്ടായി. (വെളിപ്പാടു 1:12, 13, 16) ഇപ്പോൾ യേശു ഇതു വിശദീകരിക്കുന്നു: “എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതൻമാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു.”—വെളിപ്പാടു 1:20.
6. “ഏഴു നക്ഷത്ര”ങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു, സന്ദേശങ്ങൾ പ്രത്യേകിച്ചും ഇവരെ സംബോധന ചെയ്തത് എന്തുകൊണ്ട്?
6 “നക്ഷത്ര”ങ്ങൾ “ഏഴു സഭകളുടെ ദൂതൻമാരാ”കുന്നു. വെളിപാടിൽ നക്ഷത്രങ്ങൾ ചിലപ്പോഴെല്ലാം അക്ഷരീയ ദൂതൻമാരെ പ്രതീകപ്പെടുത്തുന്നു, പക്ഷേ അദൃശ്യ ആത്മജീവികൾക്ക് എഴുതാൻ ഒരു മനുഷ്യ എഴുത്തുകാരനെ യേശു ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. അതുകൊണ്ട് ‘നക്ഷത്രങ്ങൾ’ യേശുവിന്റെ സന്ദേശവാഹകരായി വീക്ഷിക്കപ്പെടുന്ന സഭകളിലെ മനുഷ്യരായ മേൽവിചാരകൻമാർ അഥവാ മൂപ്പൻമാർ ആയിരിക്കണം.b നക്ഷത്രങ്ങളോടാണു സന്ദേശങ്ങൾ സംബോധന ചെയ്യപ്പെട്ടിരിക്കുന്നത്, എന്തെന്നാൽ അവർ യഹോവയുടെ ആട്ടിൻകൂട്ടത്തിന്റെ മേൽനോട്ടത്തിന് ഉത്തരവാദിത്വമുളളവരാണ്.—പ്രവൃത്തികൾ 20:28.
7. (എ) ഓരോ സഭയിലെയും ഒരു ദൂതനോടു മാത്രം യേശു സംസാരിക്കുന്നത് ഓരോ സഭയ്ക്കും ഒരു മൂപ്പൻ മാത്രമേയുളളുവെന്ന് അർഥമാക്കുന്നില്ലെന്ന് എന്തു പ്രകടമാക്കുന്നു? (ബി) യേശുവിന്റെ വലങ്കയ്യിലുളള ഏഴു നക്ഷത്രങ്ങൾ ഫലത്തിൽ ആരെയാണു പ്രതിനിധാനം ചെയ്യുന്നത്?
7 ഓരോ സഭയിലെയും ഒരു “ദൂത”നോടുമാത്രം യേശു സംസാരിക്കുന്നതുകൊണ്ട് ഓരോ സഭയ്ക്കും ഒരു മൂപ്പനേയുളളൂവെന്ന് ഇതർഥമാക്കുന്നുണ്ടോ? ഇല്ല. പൗലോസിന്റെ നാളിൽപോലും എഫേസോസ് സഭയിൽ അനേകം മൂപ്പൻമാർ ഉണ്ടായിരുന്നു, വെറും ഒരാളല്ലായിരുന്നു. (വെളിപ്പാടു 2:1; പ്രവൃത്തികൾ 20:17) അതുകൊണ്ട് യോഹന്നാന്റെ നാളിൽ (എഫേസോസിലേതുൾപ്പെടെ) സഭകളെ വായിച്ചു കേൾപ്പിക്കേണ്ടതിന് ഏഴു നക്ഷത്രങ്ങൾക്കു സന്ദേശങ്ങൾ അയക്കപ്പെട്ടപ്പോൾ ആ നക്ഷത്രങ്ങൾ യഹോവയുടെ അഭിഷിക്ത സഭയ്ക്കുളളിലെ മൂപ്പൻമാരുടെ സംഘങ്ങളിൽ സേവിച്ചിരുന്ന എല്ലാവരേയും പ്രതിനിധാനം ചെയ്തിരിക്കണം. ഇതേ രീതിയിൽ യേശുവിന്റെ ശിരസ്ഥാനത്തിൻ കീഴിൽ സേവിക്കുന്ന അഭിഷിക്ത മേൽവിചാരകൻമാർ ഉൾപ്പെട്ട ഭരണസംഘത്തിൽനിന്നും ലഭിക്കുന്ന കത്തുകൾ ഇന്നുളള മേൽവിചാരകൻമാർ തങ്ങളുടെ സഭകളെ വായിച്ചു കേൾപ്പിക്കുന്നു. തങ്ങളുടെ സഭകൾ യേശുവിന്റെ ബുദ്ധ്യുപദേശം അനുസരിക്കുന്നുണ്ടെന്നു മൂപ്പൻമാരുടെ പ്രാദേശിക സംഘങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധ്യുപദേശം മൂപ്പൻമാർക്കുവേണ്ടിമാത്രമല്ല, തീർച്ചയായും സഭകളിൽ സഹവസിക്കുന്ന എല്ലാവരുടെയും പ്രയോജനത്തിനു വേണ്ടിയുളളതാണ്.—കാണുക: വെളിപ്പാടു 2:11എ.
8. മൂപ്പൻമാർ യേശുവിന്റെ വലങ്കയ്യിലായിരിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
8 യേശു സഭയുടെ തലയായതുകൊണ്ട് മൂപ്പൻമാർ അവന്റെ വലങ്കയ്യിൽ, അതായത് അവന്റെ നിയന്ത്രണത്തിനും മാർഗനിർദേശത്തിനും കീഴിൽ ആയിരിക്കുന്നതായി ഉചിതമായും പറയപ്പെട്ടിരിക്കുന്നു. (കൊലൊസ്സ്യർ 1:18) അവൻ മുഖ്യ ഇടയനാണ്, അവർ ഉപഇടയൻമാരുമാകുന്നു.—1 പത്രൊസ് 5:2-4.
9. (എ) ഏഴു നിലവിളക്കുകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു, നിലവിളക്ക് ഇവയുടെ അനുയോജ്യമായ പ്രതീകമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഈ ദർശനം സാധ്യതയനുസരിച്ച് അപ്പോസ്തലനായ യോഹന്നാനെ എന്തനുസ്മരിപ്പിച്ചിരിക്കും?
9 യോഹന്നാൻ വെളിപാടുപുസ്തകം ആർക്ക് അയച്ചുകൊടുക്കുന്നുവോ ആ ഏഴു സഭകളാണ് ഏഴു നിലവിളക്കുകൾ: എഫേസോസ്, സ്മിർണ, പെർഗമോസ്, തുയഥൈര, സർദിസ്, ഫിലദെൽഫിയ, ലവോദിക്യ എന്നിവതന്നെ. സഭകളെ നിലവിളക്കുകൾകൊണ്ടു പ്രതീകപ്പെടുത്തുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ ക്രിസ്ത്യാനികൾ വ്യക്തികളെന്നനിലയിലും സംയുക്തമായി സഭകളെന്നനിലയിലും ഈ അന്ധകാരലോകത്തിൽ ‘തങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പാകെ പ്രകാശി’പ്പിക്കേണ്ടതുണ്ട്. (മത്തായി 5:14-16) അതിനുപുറമേ, നിലവിളക്കുകൾ ശലോമോന്റെ ആലയത്തിലെ സജ്ജീകരണങ്ങളിൽ ഉൾപ്പെട്ടിരുന്നു. സഭകളെ നിലവിളക്കുകൾ എന്നു വിളിക്കുന്നത്, ഒരു ദൃഷ്ടാന്തപരമായ അർഥത്തിൽ അഭിഷിക്തരുടെ ഓരോ പ്രാദേശികസഭയും ദൈവാത്മാവിന്റെ ഒരു വാസസ്ഥലമായ “ദൈവത്തിന്റെ ആലയം” ആണെന്നു യോഹന്നാനെ അനുസ്മരിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്. (1 കൊരിന്ത്യർ 3:16, NW) അതിലുപരി, യഹൂദ ആലയക്രമീകരണത്തിന്റെ പ്രതിമാതൃകയിൽ, അഭിഷിക്തരായ സഭാംഗങ്ങൾ യഹോവയുടെ വലിയ ആത്മീയ ആലയക്രമീകരണത്തിൽ ‘ഒരു രാജകീയ പുരോഹിതവർഗ്ഗ’മായി സേവിക്കുന്നു. യേശുവാണ് അതിലെ മഹാപുരോഹിതൻ, അവിടെ സ്വർഗീയ അതിവിശുദ്ധത്തിൽ യഹോവ വ്യക്തിപരമായി വസിക്കുകയും ചെയ്യുന്നു.—1 പത്രൊസ് 2:4, 5, 9; എബ്രായർ 3:1; 6:20; 9:9-14, 24.
വലിയ വിശ്വാസത്യാഗം
10. യഹൂദ വ്യവസ്ഥിതിക്കും അതിന്റെ അനുതാപമില്ലാത്ത പിന്തുണക്കാർക്കും പൊ.യു. 70-ൽ എന്തു സംഭവിച്ചു?
10 യോഹന്നാൻ വെളിപാടെഴുതിയപ്പോൾ ക്രിസ്ത്യാനിത്വത്തിന് 60-ലധികം വർഷം പ്രായം ചെന്നിരുന്നു. തുടക്കത്തിൽ യഹൂദമതത്തിൽ നിന്നുമുണ്ടായ 40 വർഷത്തെ തുടർച്ചയായ എതിർപ്പിനെ അത് അതിജീവിക്കുകയുണ്ടായി. പിന്നീട് പൊ.യു. 70-ൽ അനുതാപമില്ലാത്ത യഹൂദൻമാർക്ക് തങ്ങളുടെ ദേശീയ താദാത്മ്യവും ഫലത്തിൽ തങ്ങൾക്കൊരു വിഗ്രഹമായിരുന്ന യെരുശലേമിലെ ആലയവും നഷ്ടപ്പെട്ടപ്പോൾ യഹൂദ വ്യവസ്ഥിതിക്ക് ഒരു മാരകമായ പ്രഹരമേററു.
11. വികസിച്ചുവരുന്ന പ്രവണതകളെക്കുറിച്ചു മുഖ്യ ഇടയൻ സഭകൾക്കു മുന്നറിയിപ്പു നൽകിയതു വളരെ സമയോചിതമായിരുന്നത് എന്തുകൊണ്ട്?
11 എന്നുവരികിലും അഭിഷിക്ത ക്രിസ്ത്യാനികളുടെയിടയിൽ ഒരു വിശ്വാസത്യാഗമുണ്ടാകുമെന്ന് അപ്പോസ്തലനായ പൗലോസ് മുൻകൂട്ടിപ്പറഞ്ഞിരുന്നു. യോഹന്നാന്റെ വാർധക്യകാലത്ത് ഈ വിശ്വാസത്യാഗം അപ്പോൾതന്നെ വികാസം പ്രാപിക്കുകയായിരുന്നുവെന്ന് യേശുവിന്റെ സന്ദേശങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നു. സ്ത്രീയുടെ സന്തതിയെ ദുഷിപ്പിക്കാനുളള സാത്താന്റെ ഈ സർവവിധശ്രമത്തിനും ഒരു പ്രതിബന്ധമായി നിന്നവരിൽ അവസാനത്തെയാൾ യോഹന്നാൻ ആയിരുന്നു. (2 തെസ്സലൊനീക്യർ 2:3-12; 2 പത്രൊസ് 2:1-3; 2 യോഹന്നാൻ 7-11) അതുകൊണ്ടു വികസിച്ചുവരുന്ന പ്രവണതകളെക്കുറിച്ചു മുന്നറിയിപ്പു നൽകിക്കൊണ്ടും നീതിക്കുവേണ്ടി ഉറച്ചുനിൽക്കുന്നതിനു ശരിയായ ഹൃദയനിലയുളളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും യഹോവയുടെ മുഖ്യ ഇടയൻ സഭകളിലെ മൂപ്പൻമാർക്ക് എഴുതുന്നതിനുളള ഉചിതമായ സമയമായിരുന്നു അത്.
12. (എ) യോഹന്നാന്റെ കാലശേഷമുളള നൂററാണ്ടുകളിൽ വിശ്വാസത്യാഗം വികാസം പ്രാപിച്ചത് എങ്ങനെ? (ബി) ക്രൈസ്തവലോകം എങ്ങനെ അസ്തിത്വത്തിൽ വന്നു?
12 പൊ.യു. 96-ലെ സഭകൾ യേശുവിന്റെ സന്ദേശങ്ങളോട് എങ്ങനെ പ്രതികരിച്ചുവെന്ന് നമുക്കറിയില്ല. എന്നാൽ യോഹന്നാന്റെ മരണശേഷം വിശ്വാസത്യാഗം അതിശീഘ്രം വികാസം പ്രാപിച്ചുവെന്നു നമുക്കറിയാം. “ക്രിസ്ത്യാനികൾ” യഹോവയുടെ നാമം ഉപയോഗിക്കുന്നതു നിർത്തുകയും അതിനു പകരമായി ബൈബിൾ കയ്യെഴുത്തുപ്രതികളിൽ “കർത്താവ്” എന്നോ “ദൈവം” എന്നോ ചേർക്കുകയും ചെയ്തു. നാലാം നൂററാണ്ടോടെ വ്യാജോപദേശമായ ത്രിത്വം സഭകളിലേക്കു നുഴഞ്ഞുകയറിയിരുന്നു. അതേ കാലഘട്ടത്തിൽതന്നെ ഒരു അമർത്ത്യദേഹിയുടെ ആശയവും സ്വീകരിക്കപ്പെടുകയായിരുന്നു. ഒടുവിൽ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്ററന്റൈൻ “ക്രിസ്ത്യാനിത്വ”ത്തെ ദേശീയമതമാക്കിത്തീർത്തു. ഇതു ക്രൈസ്തവലോകത്തിനു ജൻമം നൽകി, അവിടെ ഒരായിരം വർഷം ഭരിക്കുന്നതിനു സഭയും രാഷ്ട്രവും ഒത്തുചേർന്നു. പുതിയ രൂപത്തിലുളള ഒരു “ക്രിസ്ത്യാനി” ആയിത്തീരുന്നത് എളുപ്പമായിരുന്നു. എല്ലാ ഗോത്രങ്ങളും അവരുടെ മുൻ പുറജാതി വിശ്വാസങ്ങളെ ഈ മതത്തിന്റെ ഭാഷ്യങ്ങളോടു പൊരുത്തപ്പെടുത്തി. ക്രൈസ്തവലോകത്തിലെ പല നായകൻമാരും തങ്ങളുടെ വിശ്വാസത്യാഗം ഭവിച്ച വീക്ഷണങ്ങൾ വാളാൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് അതിക്രൂരരായ രാഷ്ട്രീയ സ്വേച്ഛാധിപതികളായിത്തീർന്നു.
13. വിഭാഗീയതയ്ക്കെതിരെ യേശുവിന്റെ മുന്നറിയിപ്പുണ്ടായിരുന്നിട്ടും വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ ഏതു പാത സ്വീകരിച്ചു?
13 ഏഴു സഭകൾക്കുളള യേശുവിന്റെ വാക്കുകളെ വിശ്വാസത്യാഗം ഭവിച്ചുകൊണ്ടിരുന്ന ക്രിസ്ത്യാനികൾ പൂർണമായും അവഗണിച്ചു. തങ്ങൾക്കുണ്ടായിരുന്ന ആദ്യസ്നേഹം വീണ്ടെടുക്കാൻ എഫേസ്യർക്ക് യേശു മുന്നറിയിപ്പു നൽകിയിരുന്നു. (വെളിപ്പാടു 2:4) എന്നിരുന്നാലും യഹോവയോടുളള സ്നേഹത്തിൽ മേലാൽ ഐകമത്യപ്പെട്ടിരിക്കാതെ ക്രൈസ്തവലോകത്തിലെ അംഗങ്ങൾ ദുഷ്ടമായ യുദ്ധങ്ങൾ നടത്തുകയും പരസ്പരം ഘോരമായി പീഡിപ്പിക്കുകയും ചെയ്തു. (1 യോഹന്നാൻ 4:20) പെർഗമൊസ് സഭയ്ക്ക് യേശു വിഭാഗീയതക്കെതിരെ മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും രണ്ടാം നൂററാണ്ടിൽപോലും വിഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടു, ഇന്നു ക്രൈസ്തവലോകത്തിൽ വഴക്കടിക്കുന്ന ആയിരക്കണക്കിനു വിഭാഗങ്ങളും മതങ്ങളുമുണ്ട്.—വെളിപ്പാടു 2:15.
14. (എ) ആത്മീയ മൃതാവസ്ഥയ്ക്കെതിരെ യേശു മുന്നറിയിപ്പു നൽകിയെങ്കിലും ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവർ ഏതു ഗതി സ്വീകരിച്ചു? (ബി) വിഗ്രഹാരാധനയ്ക്കും അധാർമികതയ്ക്കും എതിരെയുളള യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുക്കുന്നതിൽ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവർ ഏതു രീതികളിൽ പരാജയപ്പെട്ടു?
14 ആത്മീയ മൃതാവസ്ഥയിൽ ആയിരിക്കുന്നതിനെതിരെ യേശു സർദിസ് സഭയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. (വെളിപ്പാടു 3:1) സർദിസിലുണ്ടായിരുന്നവരെപ്പോലെ, ക്രിസ്ത്യാനികളെന്നു ഭാവിച്ചവർ ക്രിസ്തീയപ്രവർത്തനങ്ങൾ പെട്ടെന്നുതന്നെ മറന്നുകളയുകയും അതിപ്രധാനമായ പ്രസംഗവേല ശമ്പളം പററുന്ന ഒരു ന്യൂനപക്ഷ വൈദികവർഗത്തെ ഏല്പിക്കുകയും ചെയ്തു. തുയഥൈരയിലുളള സഭയ്ക്ക് വിഗ്രഹാരാധനയ്ക്കും പരസംഗത്തിനുമെതിരെ യേശു മുന്നറിയിപ്പു നൽകിയിരുന്നു. (വെളിപ്പാടു 2:20) എന്നിട്ടും ക്രൈസ്തവലോകം വിഗ്രഹങ്ങളുടെ ഉപയോഗത്തിനു പരസ്യമായി അംഗീകാരം നൽകി, അതുപോലെതന്നെ ദേശീയത്വത്തിന്റെയും ഭൗതികത്വത്തിന്റെയും പ്രച്ഛന്നമായ വിഗ്രഹാരാധനക്കു പ്രചോദനം നൽകുകയും ചെയ്തു. ദുർമാർഗത്തിനെതിരെ ചിലപ്പോഴൊക്കെ പ്രസംഗിച്ചാലും അത് എല്ലായ്പോഴും വ്യാപകമായി അനുവദിക്കപ്പെട്ടിരിക്കുന്നു.
15. ഏഴു സഭകൾക്കുളള യേശുവിന്റെ വാക്കുകൾ ക്രൈസ്തവലോകത്തിലെ മതങ്ങളോടുളള ബന്ധത്തിൽ എന്തു തുറന്നുകാട്ടുന്നു, ക്രൈസ്തവലോകത്തിലെ വൈദികർ എന്താണെന്നു തെളിഞ്ഞിരിക്കുന്നു?
15 അതുകൊണ്ട്, ഏഴു സഭകൾക്കുളള യേശുവിന്റെ സന്ദേശം, യഹോവയുടെ പ്രത്യേക ജനമായിരിക്കുന്നതിൽ ക്രൈസ്തവലോകത്തിലെ സകല മതങ്ങളുടെയും സമ്പൂർണപരാജയത്തെ തുറന്നുകാട്ടുന്നു. തീർച്ചയായും ക്രൈസ്തവലോകത്തിലെ വൈദികർ സാത്താന്റെ സന്തതിയുടെ ഏററവും പ്രമുഖ അംഗങ്ങൾ ആയിരുന്നിട്ടുണ്ട്. ഇവരെ “അധർമ്മമൂർത്തി”യെന്നു വിളിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് അവരുടെ “പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടുംകൂടെ ആയിരിക്കും” എന്നു മുൻകൂട്ടിപ്പറഞ്ഞു.—2 തെസ്സലൊനീക്യർ 2:9, 10.
16. (എ) ക്രൈസ്തവലോകത്തിലെ നേതാക്കൻമാർ ആർക്കെതിരെ പ്രത്യേകവിദ്വേഷം പ്രകടമാക്കി? (ബി) മധ്യയുഗത്തിൽ ക്രൈസ്തവലോകത്തിൽ എന്തു നടന്നു? (സി) പ്രൊട്ടസ്ററൻറു മത്സരമോ നാനമോ ക്രൈസ്തവലോകത്തിന്റെ വിശ്വാസത്യാഗപരമായ വഴികൾക്കു മാററം വരുത്തിയോ?
16 ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഇടയൻമാരെന്ന് അവകാശപ്പെടുമ്പോൾതന്നെ ക്രൈസ്തവലോകത്തിലെ മത-ലൗകിക നേതാക്കൻമാർ ബൈബിൾ വായനയെ പ്രോത്സാഹിപ്പിച്ച ഏതൊരുവനോടും അല്ലെങ്കിൽ അവരുടെ തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളെ തുറന്നുകാണിച്ച ഏതൊരുവനോടും പ്രത്യേക വിദ്വേഷം പ്രകടമാക്കി. ജോൺ ഹസും ബൈബിൾ വിവർത്തകനായ വില്ല്യം ററിൻഡെയിലും പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിമരണം വരിക്കയും ചെയ്തു. അന്ധകാരയുഗങ്ങളിൽ വിശ്വാസത്യാഗികളുടെ ഭരണം പൈശാചികമായ കത്തോലിക്കാ മതപീഡനത്തിൽ പാരമ്യത്തിലെത്തി. സഭയുടെ ഉപദേശങ്ങളെയോ അധികാരത്തെയോ എതിർത്ത ഏതൊരുവനും നിഷ്കരുണം അടിച്ചമർത്തപ്പെട്ടു. മതദ്രോഹികളെന്നു മുദ്രയടിക്കപ്പെട്ട അനേകായിരങ്ങളെ പീഡിപ്പിച്ചുകൊന്നു, അല്ലെങ്കിൽ സ്തംഭത്തിൽ ചുട്ടെരിച്ചു. അങ്ങനെ സാത്താൻ ദൈവത്തിന്റെ സ്ത്രീസമാന സ്ഥാപനത്തിലെ ഏതൊരു യഥാർഥസന്തതിയും പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ചു. പ്രൊട്ടസ്ററൻറു മത്സരം, അഥവാ നാനം സംഭവിച്ചപ്പോൾ (1517 മുതൽ ഇങ്ങോട്ട്) പല പ്രൊട്ടസ്ററൻറു സഭകളും സമാനമായ അസഹിഷ്ണുതയുടെ ഒരു ആത്മാവു പ്രകടമാക്കി. ദൈവത്തോടും ക്രിസ്തുവിനോടും വിശ്വസ്തരായിരിക്കാൻ ശ്രമിച്ചവരെ രക്തസാക്ഷികൾ ആക്കിക്കൊണ്ട് അവരും രക്തപാതകികൾ ആയിത്തീർന്നു. സത്യമായും, “വിശുദ്ധൻമാരുടെ രക്തം” യഥേഷ്ടം ഒഴുക്കപ്പെട്ടു!—വെളിപ്പാടു 16:6; താരതമ്യം ചെയ്യുക: മത്തായി 23:33-36.
സന്തതി സഹിച്ചു നിൽക്കുന്നു
17. (എ) ഗോതമ്പിനെയും കളകളെയും കുറിച്ചുളള യേശുവിന്റെ ഉപമ എന്തു മുൻകൂട്ടിപ്പറഞ്ഞു? (ബി) 1918-ൽ എന്തു സംഭവിച്ചു, ഏതു തളളിക്കളയലിലും ഏതു നിയമനത്തിലും കലാശിച്ചുകൊണ്ട്?
17 ക്രൈസ്തവലോകം ആധിപത്യം നടത്തുമ്പോൾ സ്ഥിതിചെയ്യാനിരുന്ന അന്ധകാരകാലത്തെക്കുറിച്ച് ഗോതമ്പിന്റെയും കളകളുടെയും ഉപമയിൽ യേശു മുൻകൂട്ടിപ്പറഞ്ഞു. എന്നിരുന്നാലും വിശ്വാസത്യാഗത്തിന്റെ നൂററാണ്ടുകളിലെല്ലാം വ്യക്തികളായ ഗോതമ്പുതുല്യ ക്രിസ്ത്യാനികൾ, യഥാർഥ അഭിഷിക്തർ ഉണ്ടായിരിക്കുമായിരുന്നു. (മത്തായി 13:24-29, 36-43) അങ്ങനെ, 1914 ഒക്ടോബറിൽ കർത്താവിന്റെ ദിവസം ഉദിച്ചപ്പോൾ, അപ്പോഴും സത്യക്രിസ്ത്യാനികൾ ഭൂമിയിലുണ്ടായിരുന്നു. (വെളിപ്പാടു 1:10) ഏതാണ്ടു മൂന്നര വർഷങ്ങൾക്കുശേഷം 1918-ൽ യഹോവ തന്റെ ‘നിയമദൂതൻ’ ആയ യേശുവിനോടൊപ്പം ന്യായവിധിക്കായി തന്റെ ആത്മീയ ആലയത്തിലേക്കു വന്നതായി കാണപ്പെടുന്നു. (മലാഖി 3:1; മത്തായി 13:47-50) ഒടുവിൽ വ്യാജക്രിസ്ത്യാനികളെ തളളിക്കളയുന്നതിനും ‘തനിക്കുളള സകലത്തിൻമേലും വിശ്വസ്തനും വിവേകിയുമായ അടിമയെ’ നിയമിക്കുന്നതിനുമുളള യജമാനന്റെ സമയം അതായിരുന്നു.—മത്തായി 7:22, 23; 24:45-47.
18. 1914-ൽ എന്തിനുളള ‘കാലം’ വന്നു, അത് അടിമയ്ക്ക് എന്തു ചെയ്യുന്നതിനുളള സമയമായിരുന്നു?
18 ഏഴു സഭകൾക്കുളള യേശുവിന്റെ സന്ദേശങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് ഈ അടിമ പ്രത്യേകശ്രദ്ധ നൽകാനുളള സമയവും അതായിരുന്നു, അവിടെ പ്രസ്താവിച്ചിരിക്കുന്നതിൽനിന്നു നാം അതു മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, സഭകളെ ന്യായംവിധിക്കുന്നതിനുളള തന്റെ വരവിനെക്കുറിച്ച് യേശു പരാമർശിക്കുന്നു, ആ ന്യായവിധി 1918-ൽ ആരംഭിച്ചു. (വെളിപ്പാടു 2:5, 16, 22, 23; 3:3) “ഭൂതലത്തിൽ എങ്ങും വരുവാനുളള പരീക്ഷാകാലത്തു” ഫിലദെൽഫിയ സഭയെ സംരക്ഷിക്കുമെന്ന് അവൻ പറയുന്നു. (വെളിപ്പാടു 3:10, 11) ഈ ‘പരീക്ഷാകാലം’ 1914-ൽ കർത്താവിന്റെ ദിവസം ഉദിക്കുന്നതോടെ മാത്രമേ വന്നെത്തുന്നുളളു, അതിനുശേഷം, സ്ഥാപിതമായ ദൈവരാജ്യത്തോടുളള തങ്ങളുടെ വിശ്വസ്തത സംബന്ധിച്ച് ക്രിസ്ത്യാനികൾ പരീക്ഷിക്കപ്പെട്ടു.—താരതമ്യം ചെയ്യുക: മത്തായി 24:3, 9-13.
19. (എ) ഏഴു സഭകൾ ഇന്ന് എന്തിനെ ചിത്രീകരിക്കുന്നു? (ബി) വലിയ കൂട്ടമായി അഭിഷിക്ത ക്രിസ്ത്യാനികളോടൊപ്പം ആരു സഹവസിച്ചിരിക്കുന്നു, യേശുവിന്റെ ബുദ്ധ്യുപദേശവും അവൻ വിവരിക്കുന്ന അവസ്ഥകളും അവർക്കും ബാധകമാകുന്നത് എന്തുകൊണ്ട്? (സി) ഒന്നാം നൂററാണ്ടിലെ ഏഴു സഭകൾക്കുളള യേശുവിന്റെ സന്ദേശങ്ങളെ നാം എങ്ങനെ വീക്ഷിക്കണം?
19 ഇക്കാരണത്താൽ സഭകളോടുളള യേശുവിന്റെ വാക്കുകൾക്ക് 1914 മുതൽ അതിന്റെ വലിയ പ്രയുക്തി ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഏഴു സഭകൾ കർത്താവിന്റെ ദിവസത്തിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ എല്ലാസഭകളേയും ചിത്രീകരിക്കുന്നു. കൂടാതെ, കഴിഞ്ഞ 50-ലധികം വർഷങ്ങളിലായി യോഹന്നാനാൽ ചിത്രീകരിക്കപ്പെട്ട അഭിഷിക്ത ക്രിസ്ത്യാനികളോടു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന വിശ്വാസികളുടെ വലിയ കൂട്ടം കൂടിച്ചേർന്നിട്ടുണ്ട്. യഹോവയുടെ എല്ലാ ദാസൻമാർക്കും നീതിയുടെയും വിശ്വസ്തതയുടെയും ഒരേയൊരു നിലവാരം മാത്രമുളളതിനാൽ മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ബുദ്ധ്യുപദേശവും അവന്റെ പരിശോധനയുടെ ഫലമായി ഏഴു സഭകളിൽ കണ്ട അവസ്ഥകളും തുല്യശക്തിയോടെ ഇവർക്കും ബാധകമാകുന്നു. (പുറപ്പാടു 12:49; കൊലൊസ്സ്യർ 3:11) അങ്ങനെ ഏഷ്യാമൈനറിൽ ഒന്നാം നൂററാണ്ടിലുണ്ടായിരുന്ന ഏഴു സഭകൾക്കുളള യേശുവിന്റെ സന്ദേശങ്ങൾ വെറും ചരിത്രപരമായ ജിജ്ഞാസകളല്ല. അവ നമുക്കോരോരുത്തർക്കും ജീവനെയോ മരണത്തെയോ അർഥമാക്കുന്നു. അപ്പോൾ യേശുവിന്റെ വാക്കുകൾ നമുക്കു സൂക്ഷ്മമായി ശ്രദ്ധിക്കാം.
[അടിക്കുറിപ്പുകൾ]
a മൂല എബ്രായയിൽ യെശയ്യാവു 44:6-ൽ ‘ആദ്യൻ’, ‘അന്ത്യൻ’ എന്നീ വാക്കുകളുടെകൂടെ നിശ്ചയോപപദമില്ല. എന്നാൽ മൂലഗ്രീക്കിൽ തന്നെക്കുറിച്ചുതന്നെയുളള വെളിപ്പാടു 1:17-ലെ യേശുവിന്റെ വിവരണത്തിൽ നിശ്ചയോപപദം കാണപ്പെടുന്നു. അതുകൊണ്ടു വ്യാകരണപരമായി വെളിപ്പാടു 1:17 ഒരു സ്ഥാനപ്പേരിനെ കുറിക്കുന്നു, അതേസമയം യെശയ്യാവു 44:6 യഹോവയുടെ ദൈവത്വത്തെ വർണിക്കുന്നു.
b ആഞ്ചെലോസ് എന്ന ഗ്രീക്കുപദം “സന്ദേശവാഹകൻ” എന്നും “ദൂതൻ” എന്നും അർഥമാക്കുന്നു. മലാഖി 2:7-ൽ ഒരു ലേവ്യപുരോഹിതൻ “സന്ദേശവാഹകൻ” (എബ്രായ, മാലാഖ്) എന്നു പരാമർശിക്കപ്പെട്ടിരിക്കുന്നു.—ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ അടിക്കുറിപ്പു കാണുക.
[32-ാം പേജിലെ ചതുരം]
പരിശോധനയുടെയും ന്യായവിധിയുടെയും ഒരു കാലം
യേശു പൊ.യു. 29 ഏതാണ്ട് ഒക്ടോബറിൽ യോർദാൻ നദിയിൽവെച്ചു സ്നാപനം സ്വീകരിക്കുകയും നിയുക്തരാജാവായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. മൂന്നര വർഷം കഴിഞ്ഞ് പൊ.യു. 33-ൽ യേശു യെരുശലേമിലെ ആലയത്തിൽ വരികയും അതിനെ കളളൻമാരുടെ ഒരു ഗുഹയാക്കിയവരെ പുറത്താക്കുകയും ചെയ്തു. യേശു 1914 ഒക്ടോബറിൽ സ്വർഗത്തിലെ ‘തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുന്നതു’മുതൽ ദൈവഗൃഹത്തിൽ ന്യായവിധി ആരംഭിച്ചുകൊണ്ട് ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവരെ പരിശോധിക്കുന്നതിനു വരുന്നതുവരെയുളള മൂന്നരവർഷ കാലഘട്ടത്തിന് ഇതിനോടൊരു സമാന്തരത്വം ഉളളതായി കാണുന്നു. (മത്തായി 21:12, 13; 25:31-33; 1 പത്രൊസ് 4:17) യഹോവയുടെ ജനത്തിന്റെ രാജ്യവേല 1918-ന്റെ ആരംഭത്തിങ്കൽ കടുത്ത എതിർപ്പിനെ അഭിമുഖീകരിച്ചു. അത് ഭൂവ്യാപകമായ പരിശോധനയുടെ ഒരു കാലമായിരുന്നു, ഭയമുളളവർ പാററിക്കളയപ്പെട്ടു. വാച്ച് ടവർ സൊസൈററിയുടെ അധികാരികളെ 1918 മേയ് മാസത്തിൽ ജയിലിലടയ്ക്കാൻ ക്രൈസ്തവലോകത്തിലെ വൈദികവർഗം ദുഷ്പ്രേരണ നൽകി, പക്ഷേ ഒൻപതു മാസത്തിനുശേഷം ഇവർ മോചിപ്പിക്കപ്പെട്ടു. പിന്നീട് അവർക്കെതിരെയുളള വ്യാജാരോപണങ്ങളിൽനിന്നും അവർ പൂർണമായി കുററവിമുക്തരാക്കപ്പെട്ടു. പരിശോധിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്ത ദൈവജനത്തിന്റെ സ്ഥാപനം ക്രിസ്തുയേശുവിലൂടെയുളള യഹോവയുടെ രാജ്യമാണു മനുഷ്യവർഗത്തിനുളള പ്രത്യാശയെന്നു ഘോഷിക്കാൻ 1919 മുതൽ തീക്ഷ്ണതയോടെ മുന്നോട്ടു നീങ്ങി.—മലാഖി 3:1-3.
യേശു തന്റെ പരിശോധന 1918-ൽ ആരംഭിച്ചപ്പോൾ ക്രൈസ്തവലോകത്തിലെ വൈദികർക്ക് ഒരു പ്രതികൂല ന്യായവിധി ലഭിച്ചുവെന്നതിൽ സംശയമില്ല. ദൈവജനത്തിനെതിരെ അവർ പീഡനം ഇളക്കിവിട്ടുവെന്നു മാത്രമല്ല, ഒന്നാം ലോകമഹായുദ്ധകാലത്തു പോരാടിക്കൊണ്ടിരുന്ന രാഷ്ട്രങ്ങളെ പിന്തുണച്ചുകൊണ്ടു വലിയ രക്തപാതകം വരുത്തിക്കൂട്ടുകയും ചെയ്തു. (വെളിപ്പാടു 18:21, 24) പിന്നീട് ആ വൈദികൻമാർ തങ്ങളുടെ പ്രത്യാശ മനുഷ്യനിർമിത സർവരാജ്യസഖ്യത്തിൽ അർപ്പിച്ചു. മുഴു വ്യാജമതലോകസാമ്രാജ്യത്തോടുമൊപ്പം ക്രൈസ്തവലോകം 1919-ൽ ദൈവത്തിന്റെ പ്രീതിയിൽ നിന്നു പൂർണമായി വീണുപോയി.
[28, 29 പേജുകളിലെ മാപ്പ്]
(പുസ്തകം കാണുക)
പെർഗമോസ്
സ്മിർണ
തുയഥൈര
ഫിലദെൽഫിയ
സർദിസ്
എഫേസോസ്
ലവോദിക്യ
[31-ാം പേജിലെ ചിത്രം]
ബൈബിൾ പരിഭാഷപ്പെടുത്തുകയോ വായിക്കുകയോ കൈവശം വെക്കുകയോ ചെയ്തവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തതിനാൽ ക്രൈസ്തവലോകമതം ഭാരിച്ച രക്തപാതകം വരുത്തിവെച്ചു