യോഹന്നാനു ലഭിച്ച വെളിപാട്
21 പിന്നെ ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു.+ പഴയ ആകാശവും പഴയ ഭൂമിയും നീങ്ങിപ്പോയിരുന്നു.+ കടലും+ ഇല്ലാതായി. 2 പുതിയ യരുശലേം എന്ന വിശുദ്ധനഗരം മണവാളനുവേണ്ടി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ+ സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്ന്,+ ഇറങ്ങിവരുന്നതും ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിന്റെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും.+ 4 ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.+ മേലാൽ മരണം ഉണ്ടായിരിക്കില്ല;+ ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.+ പഴയതെല്ലാം കഴിഞ്ഞുപോയി!”
5 സിംഹാസനത്തിൽ ഇരിക്കുന്നവൻ,+ “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു”+ എന്നു പറഞ്ഞു. “എഴുതുക, ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം”* എന്നും ദൈവം പറഞ്ഞു. 6 പിന്നെ ദൈവം എന്നോടു പറഞ്ഞു: “എല്ലാം സംഭവിച്ചുകഴിഞ്ഞു! ഞാൻ ആൽഫയും ഒമേഗയും* ആണ്; തുടക്കവും ഒടുക്കവും ഞാനാണ്.+ ദാഹിക്കുന്നവനു ഞാൻ ജീവജലത്തിന്റെ ഉറവയിൽനിന്ന്+ സൗജന്യമായി* കുടിക്കാൻ കൊടുക്കും. 7 ജയിക്കുന്നവൻ ഇതെല്ലാം അവകാശമാക്കും. ഞാൻ അവനു ദൈവവും അവൻ എനിക്കു മകനും ആയിരിക്കും. 8 എന്നാൽ ഭീരുക്കൾ, വിശ്വാസമില്ലാത്തവർ,+ വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധർ, കൊലപാതകികൾ,+ അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ,+ ഭൂതവിദ്യയിൽ ഏർപ്പെടുന്നവർ, വിഗ്രഹാരാധകർ, നുണ പറയുന്നവർ+ എന്നിവർക്കുള്ള ഓഹരി ഗന്ധകം* കത്തുന്ന തീത്തടാകമാണ്.+ ഇതു രണ്ടാം മരണത്തെ അർഥമാക്കുന്നു.”+
9 അവസാനത്തെ ഏഴു ബാധകൾ+ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൈവദൂതന്മാരിൽ ഒരാൾ വന്ന് എന്നോട്, “വരൂ, ഞാൻ മണവാട്ടിയെ, കുഞ്ഞാടിന്റെ ഭാര്യയെ, കാണിച്ചുതരാം”+ എന്നു പറഞ്ഞു. 10 ദൂതൻ എന്നെ ദൈവാത്മാവിന്റെ ശക്തിയാൽ, ഉയരമുള്ള ഒരു വലിയ മലയിലേക്കു കൊണ്ടുപോയി. എന്നിട്ട് വിശുദ്ധനഗരമായ യരുശലേം സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്ന്,+ ഇറങ്ങിവരുന്നത് എനിക്കു കാണിച്ചുതന്നു. 11 അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു.+ അതിന്റെ പ്രഭ അമൂല്യരത്നത്തിന്, ശുദ്ധമായ സ്ഫടികംപോലെ തിളങ്ങുന്ന സൂര്യകാന്തക്കല്ലിന്,+ സമാനമായിരുന്നു. 12 അതിന് ഉയരമുള്ള ഒരു വലിയ മതിലും 12 കവാടങ്ങളും കവാടങ്ങളിൽ 12 ദൈവദൂതന്മാരും ഉണ്ടായിരുന്നു. ഇസ്രായേൽമക്കളുടെ 12 ഗോത്രങ്ങളുടെ പേരുകൾ കവാടങ്ങളിൽ കൊത്തിവെച്ചിരുന്നു. 13 കിഴക്ക് മൂന്നു കവാടം; വടക്ക് മൂന്നു കവാടം; തെക്ക് മൂന്നു കവാടം; പടിഞ്ഞാറ് മൂന്നു കവാടം.+ 14 നഗരമതിലിന് 12 പേരുകൾ കൊത്തിയ 12 അടിസ്ഥാനശിലകളുണ്ടായിരുന്നു. കുഞ്ഞാടിന്റെ 12 അപ്പോസ്തലന്മാരുടെ+ പേരുകളായിരുന്നു അവ.
15 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതന്റെ കൈയിൽ, നഗരവും അതിന്റെ കവാടങ്ങളും മതിലും അളക്കാൻ സ്വർണംകൊണ്ടുള്ള ഒരു മുഴക്കോലുണ്ടായിരുന്നു.+ 16 നഗരം സമചതുരമായിരുന്നു; നീളവും വീതിയും സമം. ദൂതൻ മുഴക്കോൽകൊണ്ട് നഗരം അളന്നു. അത് ഏകദേശം 2,220 കിലോമീറ്റർ* ആയിരുന്നു. നഗരത്തിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു. 17 പിന്നെ ദൂതൻ അതിന്റെ മതിൽ അളന്നു. അതു മനുഷ്യരുടെ അളവനുസരിച്ച് 144 മുഴം;* ദൂതന്മാരുടെ അളവനുസരിച്ചും അത്രതന്നെ. 18 മതിൽ സൂര്യകാന്തക്കല്ലുകൊണ്ടുള്ളതും+ നഗരം ശുദ്ധമായ സ്ഫടികംപോലുള്ള തനിത്തങ്കംകൊണ്ടുള്ളതും ആയിരുന്നു. 19 എല്ലാ തരം അമൂല്യരത്നങ്ങൾകൊണ്ടും* അലങ്കരിച്ചതായിരുന്നു നഗരമതിലിന്റെ അടിസ്ഥാനങ്ങൾ: ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തക്കല്ല്, രണ്ടാമത്തേത് ഇന്ദ്രനീലക്കല്ല്, മൂന്നാമത്തേതു സ്ഫടികക്കല്ല്, നാലാമത്തേതു മരതകം, 20 അഞ്ചാമത്തേതു നഖവർണിക്കല്ല്, ആറാമത്തേതു ചുവപ്പുരത്നം, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു വൈഡൂര്യം, ഒൻപതാമത്തേതു ഗോമേദകം, പത്താമത്തേത് ഇളംപച്ചരത്നം, പതിനൊന്നാമത്തേതു നീലരത്നം, പന്ത്രണ്ടാമത്തേത് അമദമണി. 21 കവാടം 12-ഉം 12 മുത്ത്; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതായിരുന്നു. നഗരത്തിന്റെ പ്രധാനവീഥി ശുദ്ധമായ സ്ഫടികംപോലുള്ള തനിത്തങ്കംകൊണ്ടുള്ളതായിരുന്നു.
22 ഞാൻ നഗരത്തിൽ ഒരു ദേവാലയം കണ്ടില്ല. കാരണം സർവശക്തനാം ദൈവമായ യഹോവയും*+ കുഞ്ഞാടും ആയിരുന്നു ആ നഗരത്തിന്റെ ദേവാലയം. 23 നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി.+ കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.+ 24 ജനതകൾ ആ നഗരത്തിന്റെ വെളിച്ചത്തിൽ നടക്കും.+ ഭൂമിയിലെ രാജാക്കന്മാർ അവരുടെ തേജസ്സ് അതിലേക്കു കൊണ്ടുവരും. 25 അതിന്റെ കവാടങ്ങൾ ഒരിക്കലും അടയ്ക്കില്ല. കാരണം അവിടെ പകൽ മാത്രമേ ഉണ്ടായിരിക്കൂ, രാത്രിയുണ്ടായിരിക്കില്ല.+ 26 അവർ ജനതകളുടെ തേജസ്സും ബഹുമാനവും അതിലേക്കു കൊണ്ടുവരും.+ 27 അശുദ്ധമായതൊന്നും അവിടേക്കു കടക്കില്ല. മ്ലേച്ഛകാര്യങ്ങൾ ചെയ്യുകയോ വഞ്ചന കാട്ടുകയോ ചെയ്യുന്ന ആർക്കും അവിടെ പ്രവേശിക്കാനാകില്ല.+ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരുള്ളവർ മാത്രമേ അവിടെ പ്രവേശിക്കൂ.+