ഹൃദയസന്തോഷത്തോടെ യഹോവയെ സേവിക്കുക
‘നിന്റെ ദൈവമായ യഹോവയെ നീ ഉൻമേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരും.’—ആവർത്തനപുസ്തകം 28:45-47.
1. യഹോവയെ സേവിക്കുന്നവർ, അവനെ എവിടെ സേവിച്ചാലും, സന്തോഷമുള്ളവരാണെന്നതിന് എന്തു തെളിവുണ്ട്?
യഹോവയുടെ ദാസൻമാർ, അവന്റെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു സ്വർഗത്തിലായാലും ഭൂമിയിലായാലും, സന്തോഷഭരിതരാണ്. ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ ദൂതൻമാരായ “പ്രഭാതനക്ഷത്രങ്ങൾ” സന്തോഷത്താൽ ആർത്തുവിളിച്ചു. അസംഖ്യംവരുന്ന സ്വർഗീയ ദൂതൻമാർ നിസ്സംശയമായും സന്തോഷത്തോടെ ‘ദൈവത്തിന്റെ ആജ്ഞ അനുസരിക്കുന്നു.’ (ഇയ്യോബ് 38:4-7; സങ്കീർത്തനം 103:20) യഹോവയുടെ ഏകജാതനായ പുത്രൻ സ്വർഗത്തിൽ സന്തോഷവാനായ ഒരു “ശില്പി”യായിരുന്നു. മനുഷ്യനായി ഭൂമിയിലായിരുന്നപ്പോൾ യേശുക്രിസ്തു ദിവ്യേഷ്ടം ചെയ്യുന്നതിൽ ആഹ്ലാദിച്ചു. അതിലുപരി, “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.”—സദൃശവാക്യങ്ങൾ 8:30, 31; എബ്രായർ 10:5-10; 12:2.
2. ഇസ്രായേല്യർ അനുഗ്രഹങ്ങളോ ശാപങ്ങളോ അനുഭവിക്കുമെന്നു നിർണയിച്ചത് എന്തായിരുന്നു?
2 ഇസ്രായേല്യർ ദൈവത്തെ പ്രീതിപ്പെടുത്തിയപ്പോൾ അവർക്കു സന്തോഷം അനുഭവപ്പെട്ടു. എന്നാൽ അവർ അവനെ ധിക്കരിച്ചപ്പോഴോ? അവർക്ക് ഈ മുന്നറിയിപ്പു ലഭിച്ചു: ‘നിന്റെ ദൈവമായ യഹോവയെ നീ ഉൻമേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു ഈ ശാപം ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പററിയിരിക്കും. യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.’ (ആവർത്തനപുസ്തകം 28:45-48) അനുഗ്രഹങ്ങളും ശാപങ്ങളും ആരൊക്കെ യഹോവയുടെ ദാസൻമാരാണെന്നും ആരൊക്കെ അവന്റെ ദാസൻമാരല്ലെന്നും വ്യക്തമാക്കി. ദൈവത്തിന്റെ തത്ത്വങ്ങളോടും ഉദ്ദേശ്യങ്ങളോടും അനാദരവു സാധ്യമല്ലെന്നും അവയെ തുച്ഛീകരിക്കാനാവില്ലെന്നും അത്തരം ശാപങ്ങൾ സാക്ഷ്യപ്പെടുത്തി. ശൂന്യമാക്കലിനെയും പ്രവാസത്തെയും കുറിച്ചുള്ള യഹോവയുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ഇസ്രായേല്യർ കൂട്ടാക്കാഞ്ഞതുകൊണ്ട്, യെരുശലേം “ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാ”യിത്തീർന്നു. (യിരെമ്യാവു 26:6) അതുകൊണ്ട് നമുക്കു ദൈവത്തെ അനുസരിച്ച് അവന്റെ പ്രീതിനേടാം. ദൈവഭക്തൻമാർ അനുഭവിക്കുന്ന അനേകം ദിവ്യാനുഗ്രഹങ്ങളിൽ ഒന്നാണു സന്തോഷം.
“ഹൃദയസന്തോഷ”ത്തോടെ സേവിക്കേണ്ട വിധം
3. പ്രതീകാത്മക ഹൃദയം എന്താണ്?
3 ഇസ്രായേല്യർ യഹോവയെ “ഉൻമേഷത്തോടും [‘ആഹ്ലാദത്തോടും,’ NW] നല്ല ഹൃദയസന്തോഷത്തോടുംകൂടെ” സേവിക്കണമായിരുന്നു. ദൈവത്തിന്റെ ആധുനിക നാളിലെ ദാസൻമാരും അതുതന്നെ ചെയ്യണം. ആഹ്ലാദിക്കുകയെന്നാൽ “സന്തുഷ്ടമായിരിക്കുക; സന്തോഷത്താൽ നിറഞ്ഞിരിക്കുക” എന്നാണർഥം. തിരുവെഴുത്തുകളിൽ ശാരീരിക ഹൃദയം പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും അത് അക്ഷരാർഥത്തിൽ ചിന്തിക്കുകയോ ന്യായവാദം നടത്തുകയോ ചെയ്യുന്നില്ല. (പുറപ്പാടു 28:30) ശരീരകോശങ്ങളെ പോഷിപ്പിക്കുന്ന രക്തം പമ്പുചെയ്യലാണ് അതിന്റെ മുഖ്യധർമം. എന്നിരുന്നാലും, ഒട്ടുമിക്ക സന്ദർഭങ്ങളിലും ബൈബിൾ പരാമർശിക്കുന്നതു പ്രതീകാത്മക ഹൃദയത്തെയാണ്. ആർദ്രപ്രിയം, പ്രചോദനം, ബുദ്ധി എന്നിവയുടെ ഇരിപ്പിടത്തെക്കാൾ കവിഞ്ഞ ഒന്നായി ബൈബിൾ അതിനെ പരാമർശിക്കുന്നു. “പൊതുവേ ആന്തരികവശമായ കേന്ദ്രഭാഗത്തിനുവേണ്ടിയും പിന്നെ തന്റെ അഭിലാഷങ്ങൾ, ആർദ്രപ്രിയങ്ങൾ, വികാരങ്ങൾ, അതിതാത്പര്യങ്ങൾ, ഉദ്ദേശ്യങ്ങൾ, ചിന്തകൾ, അവബോധങ്ങൾ, ഭാവനകൾ, ജ്ഞാനം, അറിവ്, വൈദഗ്ധ്യം, വിശ്വാസങ്ങൾ, ന്യായവാദങ്ങൾ, ഓർമ, ബോധം എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സ്വയം പ്രകടിപ്പിക്കുന്ന ആന്തരികമനുഷ്യനുവേണ്ടിയും അതു നിലകൊള്ളുന്നതായി പറയുന്നു.” (ജേർണൽ ഓഫ് ദ സൊസൈററി ഓഫ് ബിബ്ലിക്കൽ ലിറററേച്ചർ ആൻഡ് എക്സിജെസിസ്, 1882, പേജ് 67) സന്തോഷമുൾപ്പെടെ നമ്മുടെ അനുഭൂതികളും വികാരങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പ്രതീകാത്മക ഹൃദയം.—യോഹന്നാൻ 16:22.
4. ഹൃദയസന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിനു നമ്മെ എന്തിനു സഹായിക്കാനാവും?
4 ഹൃദയസന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിനു നമ്മെ സഹായിക്കാൻ എന്തിനു കഴിയും? നമ്മുടെ അനുഗ്രഹങ്ങളെയും ദൈവദത്ത പദവികളെയും സംബന്ധിച്ചു ക്രിയാത്മകവും വിലമതിപ്പുള്ളതുമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നതു സഹായകമാണ്. ഉദാഹരണത്തിന്, സത്യദൈവത്തിനു “വിശുദ്ധ സേവനം” അർപ്പിക്കുന്നതിനുള്ള നമ്മുടെ പദവിയെക്കുറിച്ചു നമുക്കു സന്തോഷപൂർവം ധ്യാനിക്കാനാവും. (ലൂക്കോസ് 1:74, NW) യഹോവയുടെ സാക്ഷികൾ എന്നനിലയിൽ അവന്റെ നാമം വഹിക്കുക എന്ന അനുബന്ധ പദവിയുമുണ്ട്. (യെശയ്യാവു 43:10-12) അവന്റെ വചനം പിൻപററിക്കൊണ്ട് നാം അവനെ പ്രസാദിപ്പിക്കുകയാണെന്ന് അറിയുന്നതുകൊണ്ടുള്ള സന്തോഷത്തെ നമുക്ക് ഇതിനോടു കൂട്ടാനാവും. ആത്മീയ വെളിച്ചം പ്രതിഫലിപ്പിക്കുന്നതിലും, അങ്ങനെ അന്ധകാരത്തിൽനിന്നു വിടുവിക്കാൻ അനേകരെ സഹായിക്കുന്നതിലും എന്തൊരു സന്തോഷമാണുള്ളത്!—മത്തായി 5:14-16; താരതമ്യം ചെയ്യുക: 1 പത്രൊസ് 2:9.
5. ദൈവിക സന്തോഷത്തിന്റെ ഉറവിടമെന്ത്?
5 എങ്കിലും, ഹൃദയസന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ കേവലം ക്രിയാത്മകമായ ചിന്ത മാത്രമല്ല ഉൾപ്പെടുന്നത്. കാഴ്ചപ്പാടിൽ ക്രിയാത്മക മനോഭാവമുണ്ടായിരിക്കുന്നതു പ്രയോജനപ്രദമാണ്. എന്നാൽ സ്വഭാവം പടുത്തുയർത്തുന്നതിലൂടെ നാം ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല ദൈവിക സന്തോഷം. അതു യഹോവയുടെ ആത്മാവിന്റെ ഒരു ഫലമാണ്. (ഗലാത്യർ 5:22, 23) നമുക്ക് അത്തരം സന്തോഷമില്ലെങ്കിൽ, ദൈവത്തിന്റെ ആത്മാവിനെ ദുഃഖിപ്പിക്കുന്ന തിരുവെഴുത്തുവിരുദ്ധമായ ഏതെങ്കിലും വിധത്തിലുള്ള ചിന്തയെയോ പ്രവർത്തനത്തെയോ ഒഴിവാക്കുന്നതിനുവേണ്ടി നമുക്കു പൊരുത്തപ്പെടുത്തലുകൾ നടത്തേണ്ട ആവശ്യമുണ്ടായിരിക്കാം. (എഫെസ്യർ 4:30) എന്നുവരികിലും, യഹോവക്കു സമർപ്പിച്ചവർ എന്നനിലയിൽ, ചില സന്ദർഭങ്ങളിൽ ഹൃദയംഗമമായ സന്തോഷമില്ലാതായാൽ അതു ദിവ്യാംഗീകാരമില്ലായ്മയുടെ തെളിവാണെന്നു ഭയപ്പെടേണ്ടതില്ല. നാം അപൂർണരും വേദനയ്ക്കും ദുഃഖത്തിനും ചിലപ്പോൾ വിഷാദത്തിനുംപോലും വിധേയമാകുന്നവരുമാണ്. എങ്കിലും യഹോവ നമ്മെ മനസ്സിലാക്കുന്നു. (സങ്കീർത്തനം 103:10-14) പരിശുദ്ധാത്മാവിന്റെ ഫലമായ സന്തോഷം ദൈവദത്തമാണെന്ന് അനുസ്മരിച്ചുകൊണ്ട് നമുക്ക് അവന്റെ പരിശുദ്ധാത്മാവിനായി പ്രാർഥിക്കാം. നമ്മുടെ സ്വർഗീയ പിതാവ് അത്തരം പ്രാർഥനകൾക്ക് ഉത്തരം നൽകുകയും തന്നെ ഹൃദയസന്തോഷത്തോടെ സേവിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.—ലൂക്കൊസ് 11:13.
സന്തോഷമില്ലാതിരിക്കുമ്പോൾ
6. ദൈവത്തിനുള്ള നമ്മുടെ സേവനത്തിൽ സന്തോഷം കാണുന്നില്ലെങ്കിൽ നാം എന്തു ചെയ്യണം?
6 നമ്മുടെ സേവനത്തിൽ സന്തോഷം കാണുന്നില്ലെങ്കിൽ, അവസാനം, നാം യഹോവയുടെ സേവനത്തിൽ മന്ദീഭവിച്ചേക്കാം, ഒരുപക്ഷേ അവനോട് അവിശ്വസ്തനാണെന്നു തെളിയിക്കുകപോലും ചെയ്തേക്കാം. അതുകൊണ്ട്, താഴ്മയോടെ, പ്രാർഥനാപൂർവം നമ്മുടെ ആന്തരങ്ങൾ കണക്കിലെടുത്ത് ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ നടത്തുന്നതു ജ്ഞാനമായിരിക്കും. ദൈവദത്ത സന്തോഷമുണ്ടാവാൻ നാം യഹോവയെ സ്നേഹത്താൽ പ്രേരിതമായും മുഴുഹൃദയത്തോടെയും ദേഹിയോടെയും മനസ്സോടെയും സേവിക്കണം. (മത്തായി 22:37) ഒരു മത്സരാത്മക മനോഭാവത്തോടെ നാം സേവിക്കരുത്: “നാം ആത്മാവിനാൽ ജീവിക്കുന്നെങ്കിൽ നമുക്ക് ആത്മാവിനാൽത്തന്നെ ക്രമമുള്ളവരായി നടന്നുകൊണ്ടിരിക്കാം. പരസ്പരം മത്സരം ഇളക്കിവിട്ടും ദ്വേഷിച്ചും നാം തൻകാര്യതത്പരർ ആകാതിരിക്കട്ടെ.” (ഗലാത്യർ 5:25, 26, NW) മററുള്ളവരെ കടത്തിവെട്ടാനോ പുകഴ്ച തേടാനോ ഉള്ള ആഗ്രഹം നിമിത്തമാണു നാം സേവിക്കുന്നതെങ്കിൽ, നമുക്കു ശരിയായ സന്തോഷമുണ്ടാവാൻ പോകുന്നില്ല.
7. നമ്മുടെ ഹൃദയസന്തോഷത്തെ നമുക്കു വീണ്ടും ജ്വലിപ്പിക്കാൻ സാധിക്കുന്നതെങ്ങനെ?
7 യഹോവക്കുള്ള നമ്മുടെ സമർപ്പണം നിറവേററുന്നതിൽ സന്തോഷമുണ്ട്. നാം ദൈവത്തിനു പുതുതായി സമർപ്പിച്ചപ്പോൾ, തീക്ഷ്ണതയോടെയായിരുന്നു നാം ക്രിസ്തീയ ജീവിതരീതിക്കു തുടക്കമിട്ടത്. നാം തിരുവെഴുത്തുകൾ പഠിക്കുകയും യോഗങ്ങളിൽ ക്രമമായി പങ്കെടുക്കുകയും ചെയ്തു. (എബ്രായർ 10:24, 25) ശുശ്രൂഷയിൽ പങ്കുപററിയപ്പോൾ അതു നമ്മിൽ സന്തോഷമുണ്ടാക്കി. എന്നിരുന്നാലും, നമ്മുടെ സന്തോഷം കുറഞ്ഞുപോയെങ്കിലോ? ബൈബിൾ പഠനവും യോഗങ്ങളിൽ ഹാജരാകലും ശുശ്രൂഷയിൽ പങ്കുപററലും—തീർച്ചയായും ക്രിസ്ത്യാനിത്വത്തിന്റെ എല്ലാ വശങ്ങളിലും മുഴുവനായുള്ള ഉൾപ്പെടൽ—നമ്മുടെ ജീവിതത്തിന് ആത്മീയ ഭദ്രത കൈവരുത്തുകയും നമുക്ക് ആദ്യമുണ്ടായിരുന്ന സ്നേഹത്തെയും നമ്മുടെ മുൻ ഹൃദയസന്തോഷത്തെയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യണം. (വെളിപ്പാടു 2:4) അപ്പോൾ ഒരുതരത്തിൽ പറഞ്ഞാൽ സന്തോഷമില്ലാത്ത, പലപ്പോഴും ആത്മീയ സഹായം ആവശ്യമുള്ള ചിലരെപ്പോലെ ആയിരിക്കില്ല നാം. സഹായിക്കാൻ സന്തോഷമുള്ളവരാണു മൂപ്പൻമാർ. എന്നാൽ നാം ഓരോരുത്തരും ദൈവത്തോടുള്ള നമ്മുടെ സമർപ്പണം നിറവേററണം. നിങ്ങൾക്കുവേണ്ടി ഇതു മററാർക്കും ചെയ്യാനാവില്ല. അതുകൊണ്ട്, യഹോവയോടുള്ള നമ്മുടെ സമർപ്പണം നിറവേററുന്നതിനും യഥാർഥ സന്തോഷമുണ്ടാകുന്നതിനും ശരിയായ ക്രിസ്തീയ ദിനചര്യ പിൻപററുന്നതു നമ്മുടെ ലക്ഷ്യമാക്കാം.
8. സന്തോഷമുള്ളവരായിരിക്കുന്നതിന് ഒരു ശുദ്ധ മനസ്സാക്ഷി പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
8 ദൈവാത്മാവിന്റെ ഒരു ഫലമായ സന്തോഷം നമുക്ക് ഉണ്ടാകണമെങ്കിൽ, നമുക്ക് ഒരു ശുദ്ധ മനസ്സാക്ഷിയുണ്ടായിരിക്കണം. തന്റെ പാപം മറച്ചുവെക്കാൻ ദാവീദ് രാജാവ് ശ്രമിച്ചിടത്തോളം അദ്ദേഹം വലിയ കഷ്ടത്തിലായി. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ ജീവന്റെ നനവെല്ലാം വററിവരളുന്നതായി തോന്നി. ഒരുപക്ഷേ അദ്ദേഹം ശാരീരികമായി രോഗിയായിത്തീരുകയും ചെയ്തിരിക്കാം. അനുതപിച്ച് കുററസമ്മതം നടത്തിയപ്പോൾ അദ്ദേഹത്തിന് എന്തൊരാശ്വാസമായിരുന്നു! (സങ്കീർത്തനം 32:1-5) ഗുരുതരമായ ഏതെങ്കിലും പാപം നാം മറച്ചുപിടിക്കുന്നെങ്കിൽ നമുക്കു സന്തോഷമുള്ളവരാകാൻ കഴിയില്ല. അതു ജീവിതത്തിലെ സമാധാനം കെടുത്തിക്കളഞ്ഞേക്കാം. തീർച്ചയായും അതല്ല സന്തോഷം അനുഭവിക്കാനുള്ള മാർഗം. എന്നാൽ ഏററുപറയുകയും അനുതപിക്കുകയും ചെയ്യുമ്പോൾ ആശ്വാസം ലഭിക്കുന്നതോടൊപ്പം സന്തോഷകരമായ ആത്മചൈതന്യം പുനഃസ്ഥാപിതമാകുകയും ചെയ്യും.—സദൃശവാക്യങ്ങൾ 28:13.
സന്തോഷത്തോടെ കാത്തിരിക്കൽ
9, 10. (എ) അബ്രഹാമിന് എന്തു വാഗ്ദാനം ലഭിച്ചു, എന്നാൽ അവന്റെ വിശ്വാസവും സന്തോഷവും എങ്ങനെ പരിശോധിക്കപ്പെട്ടിരിക്കാം? (ബി) അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെ മാതൃകകളിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാനാവും?
9 ദിവ്യോദ്ദേശ്യത്തെപ്പററി നാം ആദ്യമായി പഠിക്കുന്ന സമയത്തുണ്ടായിരിക്കുന്ന സന്തോഷവും വർഷങ്ങൾ കടന്നുപോയശേഷം ഉണ്ടായിരിക്കുന്ന സന്തോഷവും രണ്ടും രണ്ടാണ്. വിശ്വസ്തനായ അബ്രഹാമിന്റെ കാര്യത്തിൽ ഇതു ദൃഷ്ടാന്തീകരിക്കാൻ കഴിയും. ദൈവത്തിന്റെ കല്പന അനുസരിച്ച് തന്റെ പുത്രനായ ഇസഹാക്കിനെ ബലികഴിക്കാൻ ശ്രമിച്ചതിനുശേഷം, ഒരു ദൂതൻ ഈ സന്ദേശം കൊടുത്തു: “നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്ക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പത്തി 22:15-18) നിസ്സംശയമായും, അബ്രഹാം ഈ വാഗ്ദാനത്തിൽ അതിയായി സന്തോഷിച്ചു.
10 വാഗ്ദത്ത അനുഗ്രഹങ്ങൾ വരാനുള്ള “സന്തതി”യായിരിക്കും ഇസഹാക്ക് എന്ന് അബ്രഹാം പ്രതീക്ഷിച്ചിട്ടുണ്ടാവാം. വർഷങ്ങൾ കടന്നുപോയി. അസാധാരണമെന്നു പറയാൻ യാതൊന്നും ഇസഹാക്കിലൂടെ സംഭവിച്ചില്ല. ഇത് അബ്രഹാമിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശ്വാസത്തിനും സന്തോഷത്തിനും ഒരു പരിശോധനയായിരുന്നിരിക്കാം. ഇസഹാക്കിനോടും പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ യാക്കോബിനോടും ദൈവം തന്റെ വാഗ്ദാനം സ്ഥിരീകരിച്ചപ്പോൾ സന്തതിയുടെ വരവു പിന്നെയും ഭാവിയിൽ നടക്കാനുള്ളതാണെന്ന് അവർക്ക് ഉറപ്പു ലഭിക്കുകയായിരുന്നു. ഇത് അവരുടെ വിശ്വാസവും സന്തോഷവും നിലനിർത്താൻ അവരെ സഹായിച്ചു. എന്നുവരികിലും, അബ്രഹാമും ഇസഹാക്കും യാക്കോബും തങ്ങളോടു ദൈവം ചെയ്ത വാഗ്ദാനങ്ങളുടെ നിവൃത്തി കാണാതെ മരിച്ചു. എന്നുവെച്ച് യഹോവയുടെ സന്തോഷമില്ലാത്ത ദാസൻമാർ ആയിരുന്നില്ല അവർ. (എബ്രായർ 11:13) യഹോവയുടെ വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കവേതന്നെ, വിശ്വാസത്തോടും സന്തോഷത്തോടുംകൂടെ യഹോവയെ സേവിച്ചുകൊണ്ടിരിക്കാൻ നമുക്കും സാധിക്കും.
പീഡനമുണ്ടെങ്കിലും സന്തോഷം
11. പീഡനമുണ്ടെങ്കിലും നമുക്കു സന്തോഷമുള്ളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
11 പീഡിപ്പിക്കപ്പെടുന്നെങ്കിൽപ്പോലും യഹോവയുടെ ദാസൻമാർ എന്നനിലയിൽ, നമുക്കു യഹോവയെ ഹൃദയസന്തോഷത്തോടെ സേവിക്കാനാവും. തന്നെപ്രതി പീഡനമേൽക്കുന്നവർ സന്തുഷ്ടരാണെന്നു യേശു പറഞ്ഞു. അതുപോലെ അപ്പോസ്തലനായ പത്രോസും പറഞ്ഞു: “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും. ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാൻമാർ [‘സന്തോഷവാൻമാർ,’ NW]; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.” (1 പത്രൊസ് 4:13, 14; മത്തായി 5:11, 12) നിങ്ങൾ നീതിക്കുവേണ്ടി പീഡനവും ദുരിതവും സഹിക്കുകയാണെങ്കിൽ, നിങ്ങൾക്കു യഹോവയുടെ ആത്മാവും അംഗീകാരവുമുണ്ട്. അതു തീർച്ചയായും നിങ്ങളുടെ സന്തോഷത്തെ ഊട്ടിവളർത്തും.
12. (എ) വിശ്വാസത്തിന്റെ പരിശോധനകളെ നമുക്കു സന്തോഷത്തോടെ നേരിടാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) പ്രവാസത്തിലായ ഒരു ലേവ്യന്റെ കാര്യത്തിൽനിന്നു നമുക്ക് എന്ത് അടിസ്ഥാന പാഠം പഠിക്കാനാവും?
12 വിശ്വാസത്തിന്റെ പരിശോധനകളെ നമുക്കു സന്തോഷത്തോടെ നേരിടാനാവും. കാരണം ദൈവമാണു നമ്മുടെ സങ്കേതം. ഇക്കാര്യം സങ്കീർത്തനങ്ങൾ 42-ഉം 43-ഉം വ്യക്തമാക്കുന്നുണ്ട്. ഏതോ കാരണത്താൽ പ്രവാസത്തിലായ ഒരു ലേവ്യനു ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ആരാധിക്കാൻ കഴിയാത്തതിൽ അങ്ങേയററം വിഷമമായി. ഉണങ്ങിവരണ്ടദേശത്തു വെള്ളത്തിനായി കേഴുന്ന ദാഹിച്ചുവലയുന്ന പേടമാനിനെ, പെൺമാനിനെ, പോലെയായി അദ്ദേഹം. യഹോവക്കുവേണ്ടിയും ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ ആരാധിക്കുന്നതിനുള്ള പദവിക്കുവേണ്ടിയും അദ്ദേഹം “ദാഹിച്ചു,” അഥവാ വാഞ്ഛിച്ചു. (സങ്കീർത്തനം 42:1, 2, NW) യഹോവയുടെ ജനത്തോടൊപ്പം നാം ആസ്വദിക്കുന്ന സഹവാസത്തിനു നന്ദി പ്രകടമാക്കാൻ ഈ പ്രവാസിയുടെ അനുഭവം നമ്മെ പ്രേരിപ്പിക്കണം. പീഡനംനിമിത്തം സഹവാസം നിഷേധിക്കപ്പെടുന്നതുപോലുള്ള സാഹചര്യങ്ങൾ അവരിൽനിന്നു നമ്മെ താത്കാലികമായി അകററിയെങ്കിൽ, വിശുദ്ധ സേവനത്തിൽ ഒരുമിച്ചായിരുന്നപ്പോഴത്തെ കഴിഞ്ഞകാല സന്തോഷങ്ങളെക്കുറിച്ചു നമുക്കു വിചിന്തനം ചെയ്യാം. അവന്റെ ആരാധകരോടൊപ്പം ക്രമമായ പ്രവർത്തനത്തിലേക്കു നമ്മെ വീണ്ടും വരുത്തുവാൻ നാം “ദൈവത്തിനായി കാത്തിരിക്ക”വേ സഹിഷ്ണുതക്കുവേണ്ടി നമുക്കു പ്രാർഥിക്കുകയും ചെയ്യാം.—സങ്കീർത്തനം 42:4, 5, 11; 43:3-5.
“സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ”
13. ദൈവത്തിനുള്ള നമ്മുടെ സേവനത്തിന്റെ ഒരു സവിശേഷ വശമായിരിക്കണം സന്തോഷമെന്നു സങ്കീർത്തനം 100:1, 2 പ്രകടമാക്കുന്നതെങ്ങനെ?
13 ദൈവത്തിനുള്ള നമ്മുടെ സേവനത്തിന്റെ ഒരു സവിശേഷ വശമായിരിക്കണം സന്തോഷം. ഇക്കാര്യം ശ്രുതിമധുരമായ ഒരു സ്തോത്രഗീതത്തിൽ പ്രകടമാക്കിയിട്ടുണ്ട്. അതിൽ സങ്കീർത്തനക്കാരൻ പാടി: “സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ [‘സന്തോഷാരവത്തോടെ,’ NW] അവന്റെ സന്നിധിയിൽ വരുവിൻ.” (സങ്കീർത്തനം 100:1, 2) യഹോവ “സന്തുഷ്ടനായ ദൈവ”വും തന്നോടുള്ള സമർപ്പണം നിറവേററുന്നതിൽ തന്റെ ദാസൻമാർ സന്തോഷം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവനുമാണ്. (1 തിമോത്തി 1:11, NW) സകല രാഷ്ട്രങ്ങളിലെയും ജനങ്ങൾ യഹോവയിൽ ഉല്ലസിച്ചാഘോഷിക്കണം. വിജയംനേടിക്കഴിഞ്ഞ ഒരു സൈന്യത്തിന്റെ ‘ആർപ്പു’വിളിപോലെ, നമ്മുടെ സ്തുതിപ്രകടനങ്ങൾ ഗംഭീരമായിരിക്കണം. ദൈവത്തെ സേവിക്കൽ നവോൻമേഷപ്രദമായതിനാൽ അതോടൊപ്പം ആഹ്ലാദവും ഉണ്ടായേ ഒക്കൂ. അതുകൊണ്ടാണു ദൈവത്തിന്റെ സന്നിധിയിൽ “സന്തോഷാരവത്തോടെ” വരണമെന്നു സങ്കീർത്തനക്കാരൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചത്.
14, 15. സങ്കീർത്തനം 100:3-5 യഹോവയുടെ ഇന്നത്തെ സന്തോഷമുള്ള ജനത്തെ എങ്ങനെ ബാധിക്കുന്നു?
14 “യഹോവ തന്നേ ദൈവം എന്നറിവിൻ [തിരിച്ചറിവിൻ, അംഗീകരിക്കുവിൻ]; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ” എന്നു സങ്കീർത്തനക്കാരൻ കൂട്ടിച്ചേർത്തു. (സങ്കീർത്തനം 100:3) യഹോവ നമ്മുടെ സ്രഷ്ടാവ് ആയതുകൊണ്ട്, ആടുകൾ ഇടയനു സ്വന്തമായിരിക്കുന്നതുപോലെ, നാം അവന്റെ സ്വന്തമാണ്. നാം അവനെ കൃതജ്ഞതാപൂർവം സ്തുതിച്ചുപോകുമാറ് അത്ര നന്നായിട്ടാണ് ദൈവം നമ്മെ പരിപാലിക്കുന്നത്. (സങ്കീർത്തനം 23) യഹോവയെ സംബന്ധിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെയും പാടുകയുണ്ടായി: “അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ. യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.”—സങ്കീർത്തനം 100:4, 5.
15 ഇന്ന്, സകല രാഷ്ട്രങ്ങളിൽനിന്നുമുള്ള സന്തുഷ്ടരായ ആളുകൾ കൃതജ്ഞതയും സ്തുതിയും അർപ്പിക്കാൻ യഹോവയുടെ വിശുദ്ധമന്ദിരത്തിന്റെ പ്രാകാരങ്ങളിൽ പ്രവേശിക്കുകയാണ്. യഹോവയെക്കുറിച്ച് എല്ലായ്പോഴും നല്ലതു സംസാരിച്ചുകൊണ്ട്, നാം ദൈവത്തിന്റെ നാമത്തെ സന്തോഷപൂർവം അനുഗ്രഹിക്കുന്നു. അവന്റെ മഹത്തായ ഗുണങ്ങൾ അവനെ പുകഴ്ത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. എങ്ങനെ നോക്കിയാലും അവൻ നല്ലവനാണ്. തന്റെ ദാസൻമാരോടുള്ള അവന്റെ സ്നേഹദയയെ അഥവാ സഹാനുഭൂതിയോടെയുള്ള പരിഗണനയെ എല്ലായ്പ്പോഴും ആശ്രയിക്കാവുന്നതാണ്, എന്തെന്നാൽ അത് എന്നെന്നും തുടരുന്നതാണ്. തന്റെ ഹിതം നിവർത്തിക്കുന്നവരുടെ നേർക്കു സ്നേഹം പ്രകടമാക്കുന്നതിൽ യഹോവ “തലമുറതലമുറയാ”യി വിശ്വസ്തനാണ്. (റോമർ 8:38, 39) അപ്പോൾ ‘സന്തോഷത്തോടെ യഹോവയെ സേവിപ്പാൻ’ നമുക്കു തീർച്ചയായും നല്ല കാരണമുണ്ട്.
നിങ്ങളുടെ പ്രത്യാശയിൽ സന്തോഷിപ്പിൻ
16. ഏതു പ്രത്യാശകളിലും പ്രതീക്ഷകളിലുമാണു ക്രിസ്ത്യാനികൾക്കു സന്തോഷിക്കാവുന്നത്?
16 “പ്രത്യാശയിൽ സന്തോഷിപ്പിൻ,” എന്നു പൗലോസ് എഴുതി. (റോമർ 12:12, NW) ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ അവന്റെ അഭിഷിക്താനുഗാമികൾക്കായി തുറന്നുകൊടുത്ത അമർത്ത്യ സ്വർഗീയ ജീവന്റെ മഹത്തായ പ്രത്യാശയിൽ അവർ സന്തോഷിക്കുന്നു. (റോമർ 8:16, 17; ഫിലിപ്പിയർ 3:20, 21) ഭൂമിയിലെ പറുദീസയിൽ നിത്യജീവന്റെ പ്രത്യാശയുള്ള ക്രിസ്ത്യാനികൾക്കും സന്തോഷിക്കാനുള്ള അടിസ്ഥാനമുണ്ട്. (ലൂക്കൊസ് 23:43) യഹോവയുടെ വിശ്വസ്തരായ സകല ദാസൻമാർക്കും രാജ്യപ്രത്യാശയിൽ സന്തോഷിക്കാനുള്ള കാരണമുണ്ട്. എന്തെന്നാൽ, അവർ ഒന്നുകിൽ സ്വർഗീയ ഗവൺമെൻറിന്റെ ഭാഗമായിരിക്കും അല്ലെങ്കിൽ അതിന്റെ ഭൗമിക മേഖലയിൽ ജീവിക്കും. എന്തൊരു സന്തോഷപ്രദമായ അനുഗ്രഹം!—മത്തായി 6:9, 10; റോമർ 8:18-21.
17, 18. (എ) യെശയ്യാവു 25:6-8-ൽ എന്തു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു? (ബി) യെശയ്യാവിന്റെ ഈ പ്രവചനം ഇപ്പോൾ എങ്ങനെ നിറവേറിക്കൊണ്ടിരിക്കുന്നു, ഭാവിയിലെ അതിന്റെ നിവൃത്തിയെക്കുറിച്ച് എന്തു പറയാം?
17 അനുസരണമുള്ള മനുഷ്യവർഗത്തിനു സന്തോഷപ്രദമായ ഒരു ഭാവി യെശയ്യാവും മുൻകൂട്ടിപ്പറയുകയുണ്ടായി. അവൻ ഇങ്ങനെ എഴുതി: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ. സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽ വെച്ചു നശിപ്പിച്ചുകളയും. അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.”—യെശയ്യാവു 25:6-8.
18 യഹോവയുടെ ആരാധകർ എന്നനിലയിൽ നാം ഇന്നു പങ്കുപററുന്ന ആത്മീയ ഭോജനോത്സവം വാസ്തവത്തിൽ സന്തോഷപ്രദമായ ഒരു വിരുന്നാണ്. വാസ്തവത്തിൽ, പുതിയ ലോകത്തിൽ നൽകുമെന്നു വാഗ്ദാനം ചെയ്തിരിക്കുന്ന അക്ഷരാർഥത്തിലുള്ള നല്ല പ്രതീക്ഷയിൽ നാം ദൈവത്തെ സതീക്ഷ്ണം സേവിക്കുമ്പോൾ നമ്മുടെ സന്തോഷം കവിഞ്ഞൊഴുകുകയാണ്. (2 പത്രൊസ് 3:13) ആദാമിന്റെ പാപംനിമിത്തം മനുഷ്യവർഗത്തെ പൊതിഞ്ഞിരിക്കുന്ന “കെട്ടുപാടുകൾ” യഹോവ യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ നീക്കിക്കളയുന്നതായിരിക്കും. പാപവും മരണവും നീങ്ങിപ്പോകുന്നതു കാണാൻ എന്തൊരു സന്തോഷമായിരിക്കും! പുനരുത്ഥാനം പ്രാപിച്ചുവരുന്ന പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുക, കണ്ണുനീരെല്ലാം അപ്രത്യക്ഷമായിരിക്കുന്നതു ശ്രദ്ധിക്കുക, യഹോവയുടെ ജനം നിന്ദിക്കപ്പെടാതിരിക്കുന്നിടമായ, എന്നാൽ പിശാചായ സാത്താൻ എന്ന മഹാദൂഷകനെതിരെ ദൈവത്തിന് ഒരു ഉത്തരം കൊടുക്കപ്പെട്ടിരിക്കുന്നിടമായ, ഭൂമിയിലെ പറുദീസയിൽ ജീവിക്കുക, ഇതൊക്കെ എന്തൊരു ആഹ്ലാദമായിരിക്കും!—സദൃശവാക്യങ്ങൾ 27:11.
19. യഹോവ തന്റെ സാക്ഷികൾ എന്നനിലയിൽ നമുക്കു മുമ്പാകെ വെച്ചിരിക്കുന്ന പ്രതീക്ഷകളോടു നാം എങ്ങനെ പ്രതികരിക്കണം?
19 തന്റെ ദാസൻമാർക്കുവേണ്ടി യഹോവ ചെയ്യാനിരിക്കുന്ന സംഗതികളെക്കുറിച്ച് അറിയുന്നതു നിങ്ങളെ സന്തോഷവും കൃതജ്ഞതയുംകൊണ്ടു നിറയ്ക്കുന്നില്ലേ? നിശ്ചയമായും, മഹത്തായ അത്തരം പ്രതീക്ഷകൾ നമ്മുടെ സന്തോഷത്തെ ഊട്ടിവളർത്തുന്നു! കൂടാതെ, നമ്മുടെ അനുഗൃഹീത പ്രത്യാശ സന്തോഷവാനും സ്നേഹവാനും ഉദാരമതിയുമായ നമ്മുടെ ദൈവത്തിലേക്ക് ഇതുപോലെയുള്ള വികാരങ്ങളോടെ നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു: “ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം.” (യെശയ്യാവു 25:9) മനസ്സിൽ രൂഢമൂലമായ നമ്മുടെ ഉത്കൃഷ്ട പ്രത്യാശയോടെ യഹോവയെ ഹൃദയസന്തോഷത്തോടെ സേവിക്കുന്നതിനായി ഊർജസ്വലതയോടെ നമുക്കു സകല ശ്രമവും ചെയ്യാം.
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ “ഹൃദയസന്തോഷ”ത്തോടെ നമുക്ക് എങ്ങനെ യഹോവയെ സേവിക്കാനാവും?
◻ ദൈവത്തിനുള്ള നമ്മുടെ സേവനത്തിൽ സന്തോഷം കാണുന്നില്ലെങ്കിൽ നമുക്ക് എന്തു ചെയ്യാനാവും?
◻ പീഡനമുണ്ടെങ്കിലും യഹോവയുടെ ജനത്തിനു സന്തോഷമുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ നമ്മുടെ പ്രത്യാശയിൽ സന്തോഷിക്കാൻ നമുക്ക് എന്തു കാരണങ്ങളുണ്ട്?
[17-ാം പേജിലെ ചിത്രം]
ക്രിസ്തീയ ജീവിതത്തിന്റെ സകല വശങ്ങളിലും പങ്കുപററുന്നതു നമ്മുടെ സന്തോഷം വർധിപ്പിക്കും