യുവജനങ്ങൾ ചോദിക്കുന്നു
ബൈബിൾവായന രസകരമാക്കാൻ എങ്ങനെ കഴിയും?
എത്ര കൂടെക്കൂടെ നിങ്ങൾ ബൈബിൾ വായിക്കാറുണ്ട്? (ഏതെങ്കിലും ഒന്ന് അടയാളപ്പെടുത്തുക)
❑ ദിവസവും
❑ ആഴ്ചയിലൊരിക്കൽ
❑ അല്ലെങ്കിൽ .....
പിൻവരുന്ന വാചകം പൂരിപ്പിക്കുക. എനിക്ക് ബൈബിൾ വായിക്കാൻ രസംതോന്നാത്തത് . . . (ബാധകമാകുന്നതെല്ലാം അടയാളപ്പെടുത്തുക)
❑ മുഷിപ്പു തോന്നുന്നതുകൊണ്ടാണ്
❑ മനസ്സിലാകാത്തതുകൊണ്ടാണ്
❑ ശ്രദ്ധപതറുന്നതുകൊണ്ടാണ്
❑ അല്ലെങ്കിൽ
ബൈബിൾവായന നിങ്ങൾക്ക് വിരസമായി തോന്നാറുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. “ബൈബിൾവായന ബോറടിയായി തോന്നിയേക്കാം,” 18-കാരനായ വിൽ പറയുന്നു. എന്നാൽ, “ബൈബിൾ വായിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെങ്കിൽ മാത്രമേ നമുക്ക് അങ്ങനെ തോന്നൂ,” അവൻ കൂട്ടിച്ചേർക്കുന്നു.
ബൈബിൾ എങ്ങനെ വായിക്കണമെന്നു മനസ്സിലാക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? അതിന് പല പ്രയോജനങ്ങളുണ്ട്. ഉദാഹരണത്തിന്, പിൻവരുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?
◼ ശരിയായ തീരുമാനങ്ങൾ എങ്ങനെ എടുക്കാം?
◼ ആത്മാർഥ സുഹൃത്തുക്കളെ എങ്ങനെ നേടാം?
◼ സമ്മർദം എങ്ങനെ തരണംചെയ്യാം?
മറ്റ് ഒട്ടനവധി വിഷയങ്ങളെപ്പറ്റിയും ബൈബിളിൽനിന്നു മനസ്സിലാക്കാൻ കഴിയും. ജ്ഞാനത്തിന്റെ ഈ അമൂല്യരത്നങ്ങൾ കണ്ടെത്താൻ ശ്രമം കൂടിയേ തീരൂ. എന്നാൽ അതിന് തക്കമൂല്യമുണ്ട്. വാസ്തവത്തിൽ, അതൊരു നിധിവേട്ടപോലെയാണ്: എത്രത്തോളം പ്രയത്നം ആവശ്യമായി വരുന്നുവോ അത്രത്തോളം ആവേശകരമായിരിക്കും ആ സംരംഭം!—സദൃശവാക്യങ്ങൾ 2:1-6.
ബൈബിളിൽ ഒളിഞ്ഞിരിക്കുന്ന നിധികൾ എങ്ങനെ കണ്ടെത്താം? വലത്തുവശത്തുള്ള കട്ടൗട്ടിൽ ബൈബിൾ എങ്ങനെ വായിക്കാമെന്നും മറുവശത്തുള്ളതിൽ അത് ഏതു ക്രമത്തിൽ വായിക്കാമെന്നും കൊടുത്തിട്ടുണ്ട്. അടുത്ത പേജിലെ നിർദേശങ്ങളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടവ പരീക്ഷിച്ചുനോക്കുകയും ചെയ്യാവുന്നതാണ്.
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ www.watchtower.org/e/bible എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് ബൈബിൾ വായിക്കാനാകും
ചിന്തിക്കാൻ:
‘കടയ്ക്കൽ നനച്ചാലേ തലയ്ക്കൽ പൊടിക്കൂ’ എന്നൊരു ചൊല്ലുണ്ട്. പ്രയത്നിച്ചാലേ ഫലം കിട്ടൂ എന്നാണ് അതിനർഥം.
◼ ബൈബിൾവായനയുടെ കാര്യത്തിൽ ഇതിന്റെ പ്രസക്തി എന്താണ്?
◼ ബൈബിൾ വായിക്കാൻ നിങ്ങൾക്ക് എപ്പോൾ സമയം കണ്ടെത്താനാകും?
[13 പേജിൽ ചതുരം/ചിത്രം]
ബൈബിൾ വായിക്കേണ്ടത് എങ്ങനെ?
വായിക്കുന്നതിനുമുമ്പ്. . .
◼ പ്രശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. വായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതു സഹായിക്കും.
◼ വായിക്കുന്നതു ഗ്രഹിക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുക.
വായിക്കുമ്പോൾ. . .
◼ ഭൂപടങ്ങളും ബൈബിൾവിവരണങ്ങളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നെങ്കിൽ നിങ്ങൾക്ക് രംഗങ്ങൾ വിഭാവനചെയ്യാൻ കഴിയും.
◼ പശ്ചാത്തലം മനസ്സിലാക്കുക, വിശദാംശങ്ങൾ വിശകലനംചെയ്യുക.
◼ അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും നോക്കുക.
◼ താഴെക്കൊടുത്തിരിക്കുന്നതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക:
വസ്തുതകൾ: ഇത് എപ്പോഴാണ് സംഭവിച്ചത്? ആർ ആരോടാണ് ഇതു പറഞ്ഞത്?
അർഥം: ഇതു ഞാൻ മറ്റൊരാൾക്ക് എങ്ങനെ വിശദീകരിച്ചുകൊടുക്കും?
മൂല്യം: യഹോവയാംദൈവം തന്റെ വചനത്തിൽ ഈ വിവരണം ഉൾപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്? അവന്റെ വ്യക്തിത്വത്തെക്കുറിച്ചും അവന്റെ പ്രവർത്തനരീതിയെക്കുറിച്ചും ഇത് എന്തു വെളിപ്പെടുത്തുന്നു? എനിക്കു ബാധകമാക്കാൻ കഴിയുന്ന എന്താണ് ഈ വിവരണത്തിലുള്ളത്?
വായനയ്ക്കുശേഷം. . .
◼ കൂടുതലായ ഗവേഷണം നടത്തുക. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവും ആകുന്നു’ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുക.
◼ വീണ്ടും പ്രാർഥിക്കുക. എന്തൊക്കെ പഠിച്ചുവെന്നും നിങ്ങൾ അത് എങ്ങനെയാണ് ഉപയോഗിക്കാൻപോകുന്നതെന്നും യഹോവയോടു പറയുക. ദൈവവചനമായ ബൈബിൾ നൽകിയതിന് നന്ദിപറയുക.
[14 പേജിൽ ചതുരം/ചിത്രം]
ഏതു ക്രമത്തിൽ ബൈബിൾ വായിക്കാം?
ചില വിധങ്ങൾ. . .
❑ പുറത്തോടുപുറം വായിക്കുക.
❑ കാലാനുക്രമത്തിൽ വായിക്കുക: പുസ്തകങ്ങൾ എഴുതപ്പെട്ട ക്രമത്തിലോ സംഭവങ്ങൾ അരങ്ങേറിയ ക്രമത്തിലോ.
❑ ഓരോ ദിവസവും വ്യത്യസ്ത വിഭാഗങ്ങൾ വായിക്കുക.
തിങ്കളാഴ്ച: സംഭവബഹുലമായ ചരിത്രം (ഉല്പത്തി മുതൽ എസ്ഥേർ വരെ)
ചൊവ്വാഴ്ച: യേശുവിന്റെ ജീവിതവും പഠിപ്പിക്കലും (മത്തായി മുതൽ യോഹന്നാൻ വരെ)
ബുധനാഴ്ച: ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭ (പ്രവൃത്തികൾ)
വ്യാഴാഴ്ച: പ്രവചനങ്ങളും സന്മാർഗിക ഉപദേശങ്ങളും (യെശയ്യാവ് മുതൽ മലാഖി വരെ, വെളിപാട്)
വെള്ളിയാഴ്ച: കാവ്യങ്ങളും ഗീതങ്ങളും (ഇയ്യോബ്, സങ്കീർത്തനങ്ങൾ, ഉത്തമഗീതം)
ശനിയാഴ്ച: ജ്ഞാനമൊഴികൾ (സദൃശവാക്യങ്ങൾ, സഭാപ്രസംഗി)
ഞായറാഴ്ച: സഭകൾക്കുള്ള ലേഖനങ്ങൾ (റോമർ മുതൽ യൂദാ വരെ)
ഏതു ക്രമത്തിൽ വായിച്ചാലും വായിച്ച ഭാഗങ്ങൾ ഏതൊക്കെയാണെന്നും ഇനി ഏതൊക്കെ ഭാഗങ്ങൾ വായിക്കാനുണ്ടെന്നും നിശ്ചയമുണ്ടായിരിക്കണം! വായിച്ച അധ്യായങ്ങൾ ബൈബിളിൽ അടയാളപ്പെടുത്തുകയോ മറ്റെവിടെയെങ്കിലും രേഖപ്പെടുത്തിവെക്കുകയോ ചെയ്യുക.
ഇതു വെട്ടിയെടുത്ത് നിങ്ങളുടെ ബൈബിളിൽ സൂക്ഷിക്കുക!
[14 പേജിൽ ചതുരം/രേഖാചിത്രം]
വായനയ്ക്കു ജീവൻപകരുക!
വായന രസകരമാക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്:
❑ പേരുകളുടെ ലിസ്റ്റ് ഉപയോഗിച്ച് വംശാവലീചിത്രങ്ങൾ (family trees) വരയ്ക്കുക.
❑ ഡയഗ്രങ്ങൾ വരയ്ക്കുക. ഉദാഹരണത്തിന്, വിശ്വസ്തനായ ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരണം വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ഗുണങ്ങളും പ്രവൃത്തികളും അദ്ദേഹത്തിനു ലഭിച്ച അനുഗ്രഹങ്ങളുമായി ബന്ധിപ്പിക്കുക.—സദൃശവാക്യങ്ങൾ 28:20.
[രേഖാചിത്രം]
ദൈവത്തിന്റെ സ്നേഹിതൻ
↑ അനുസരണം
↑ വിശ്വസ്തത
↑ ↑
അബ്രാഹാം
❑ വിവരണം ചിത്രരൂപത്തിലാക്കുക.
❑ ഒരു സംഭവത്തിലെ വിവിധ രംഗങ്ങൾ കാണിക്കുന്ന കൊച്ചുകൊച്ചു ചിത്രങ്ങൾ (സ്റ്റോറിബോർഡ്) വരയ്ക്കുക
❑ നോഹയുടെ പെട്ടകംപോലുള്ള നിർമിതികളുടെ ചെറുമാതൃകകൾ ഉണ്ടാക്കുക.—ഉദാഹരണത്തിന്, 2007 ജനുവരി ലക്കം ഉണരുക!-യുടെ 20-ാം പേജു കാണുക.
❑ കൂട്ടുകാരോടോ കുടുംബാംഗങ്ങളോടോ ഒപ്പമിരുന്ന് ഉറക്കെ വായിക്കുക. ഒരുപക്ഷേ, ഒരാൾക്ക് വിവരണവും മറ്റുള്ളവർക്ക് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും വായിക്കാവുന്നതാണ്.
❑ ഒരു വിവരണം തിരഞ്ഞെടുത്ത് വാർത്താരൂപത്തിൽ അവതരിപ്പിക്കുക. മുഖ്യകഥാപാത്രങ്ങളും ദൃക്സാക്ഷികളുമായുള്ള “അഭിമുഖങ്ങൾ” ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ആംഗിളുകളിൽനിന്ന് അത് റിപ്പോർട്ടു ചെയ്യുക.
❑ കഥാപാത്രങ്ങൾ തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ട സംഭവങ്ങൾ തിരഞ്ഞെടുത്ത്, അവർ മറിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് വിഭാവനചെയ്യുക! ഉദാഹരണം: പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത്. (മർക്കോസ് 14:66-72) ഈ സാഹചര്യത്തെ പത്രോസിന് എങ്ങനെ ജ്ഞാനപൂർവം കൈകാര്യംചെയ്യാമായിരുന്നു?
❑ ബൈബിൾനാടകങ്ങളുടെ റെക്കോർഡിങ്ങുകൾ കാണുകയോ കേൾക്കുകയോ ചെയ്യുക.
❑ ബൈബിൾനാടകങ്ങൾ സ്വന്തമായി എഴുതിയുണ്ടാക്കുക. വിവരണങ്ങളിൽനിന്നുള്ള പാഠങ്ങളും അതിൽ ഉൾപ്പെടുത്തുക.—റോമർ 15:4.
ഐഡിയ: സുഹൃത്തുക്കൾ ചേർന്ന് ഈ നാടകം അവതരിപ്പിക്കുക.
[15 പേജിൽ ചതുരം/ചിത്രം]
പ്രചോദനം ലഭിക്കാൻ
◼ ഒരു ലക്ഷ്യമുണ്ടായിരിക്കുക. ബൈബിൾവായന തുടങ്ങാൻ ഉദ്ദേശിക്കുന്ന തീയതി താഴെ കുറിച്ചുവെക്കുക.
.....
◼ രസമുള്ളതായി തോന്നുന്ന ഒരു ഭാഗം ബൈബിളിൽനിന്ന് തിരഞ്ഞെടുക്കുക. (“ഏതു ക്രമത്തിൽ ബൈബിൾ വായിക്കാം?” എന്ന ചതുരം കാണുക.) അതിൽ ആദ്യം വായിക്കാൻ ഉദ്ദേശിക്കുന്നത് ഏതാണെന്ന് താഴെ എഴുതുക.
.....
◼ തുടക്കത്തിൽ കുറച്ചു സമയം ചെലവഴിച്ചാൽ മതിയാകും. ബൈബിൾ ഒട്ടും വായിക്കാതിരിക്കുന്നതിനെക്കാൾ നല്ലതല്ലേ 15 മിനിട്ടെങ്കിലും അതു വായിക്കുന്നത്? ബൈബിൾവായനയ്ക്കായി എത്ര സമയം മാറ്റിവെക്കാനാകുമെന്ന് താഴെ എഴുതുക.
.....
ചെയ്തുനോക്കാവുന്നത്: പഠനത്തിനായിമാത്രം ഒരു ബൈബിൾ ഉപയോഗിക്കുക. അതിൽ കുറിപ്പുകൾ എഴുതാവുന്നതാണ്. താത്പര്യജനകമായി തോന്നുന്ന തിരുവെഴുത്തുകൾ അടയാളപ്പെടുത്തുക.
[15 പേജിൽ ചതുരം/ചിത്രങ്ങൾ]
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്
“ദിവസവും ഉറങ്ങാൻ പോകുന്നതിനുമുമ്പ് കുറച്ചുനേരമെങ്കിലും ബൈബിൾ വായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. നല്ല കാര്യങ്ങൾ മനസ്സിലിട്ടുകൊണ്ട് ഉറങ്ങാൻ അത് എന്നെ സഹായിക്കുന്നു.”—മാഗൻ.
“ഒരു വാക്യത്തിനായിമാത്രം ഞാൻ 15 മിനിട്ടോളം ചെലവഴിക്കാറുണ്ട്. എല്ലാ അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും ഞാൻ എടുത്തുനോക്കും. ആ വാക്യത്തെക്കുറിച്ച് കൂടുതലായി ഗവേഷണം നടത്തുകയുംചെയ്യും. ചിലപ്പോൾ ഒറ്റയിരിപ്പിൽ ഒരു വാക്യം നോക്കിത്തീർന്നെന്നുവരില്ല. പക്ഷേ ഈ രീതി പിൻപറ്റുന്നത് വളരെ പ്രയോജനംചെയ്തിട്ടുണ്ട്.”—കോറി.
“ഒരിക്കൽ 10 മാസംകൊണ്ട് ഞാൻ ബൈബിൾ വായിച്ചുതീർത്തു. അങ്ങനെ ബൈബിളിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ എനിക്കു സാധിച്ചു. അത്തരം കാര്യങ്ങൾ മുമ്പൊരിക്കലും എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.”—ജോൺ.
[15 പേജിൽ ചതുരം]
തിരഞ്ഞെടുക്കാം!
❑ ഒരു സംഭവം. ജീവിതഗന്ധിയായ അനേകം കഥകൾ ബൈബിളിലുണ്ട്. രസമുള്ളതായി തോന്നുന്ന ഒരു സംഭവം തിരഞ്ഞെടുത്ത് ആദിയോടന്തം വായിക്കുക.
വായിക്കുന്ന ഭാഗത്തുനിന്ന് എങ്ങനെ കൂടുതൽ പ്രയോജനം നേടാമെന്നറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 (ഇംഗ്ലീഷ്), പേജ് 292 കാണുക.
❑ സുവിശേഷങ്ങളിൽ ഏതെങ്കിലും. മത്തായി (ആദ്യം എഴുതപ്പെട്ട സുവിശേഷം), മർക്കോസ് (ചടുലമായ ആഖ്യാനശൈലി, സംഭവബഹുലമായ വിവരണങ്ങൾ), ലൂക്കോസ് (പ്രാർഥനയ്ക്ക് ഊന്നൽ നൽകുന്നു, സ്ത്രീകളെപ്പറ്റി നിരവധി പരാമർശങ്ങൾ), യോഹന്നാൻ (മറ്റ് സുവിശേഷങ്ങളിലില്ലാത്ത വിവരങ്ങൾ).
ഒരു സുവിശേഷം വായിക്കുന്നതിനുമുമ്പ് അതിനെക്കുറിച്ചും അതിന്റെ എഴുത്തുകാരനെക്കുറിച്ചും വായിച്ചുമനസ്സിലാക്കുക. ആ സുവിശേഷത്തിന്റെ പ്രത്യേകത മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കും.
❑ സങ്കീർത്തനങ്ങളിൽ ഏതെങ്കിലും.
ഒറ്റയ്ക്കാണെന്നും സുഹൃത്തുക്കളാരുമില്ലെന്നും തോന്നുന്നപക്ഷം 142-ാം സങ്കീർത്തനം വായിക്കുക.
നിങ്ങളുടെ ബലഹീനതകളെക്കുറിച്ചോർത്ത് വിഷമിക്കുന്നെങ്കിൽ 51-ാം സങ്കീർത്തനം വായിക്കുക.
ദൈവികനിലവാരങ്ങൾ പിൻപറ്റുന്നത് പ്രയോജനകരമാണോ എന്ന് സംശയമുണ്ടെങ്കിൽ 73-ാം സങ്കീർത്തനം വായിക്കുക.
നിങ്ങൾക്കു പ്രയോജനകരമെന്നു തോന്നുന്ന സങ്കീർത്തനങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക.
[16-ാം പേജിലെ ചതുരം]
ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക
◼ പശ്ചാത്തലം മനസ്സിലാക്കുക. വായിക്കുന്ന ഭാഗത്തു വിവരിച്ചിരിക്കുന്ന സംഭവം നടന്ന സമയവും സ്ഥലവും സാഹചര്യവും പരിശോധിക്കുക.
ഉദാഹരണം: യെഹെസ്കേൽ 14:14 വായിക്കുക. നോഹ, ഇയ്യോബ്, ദാനീയേൽ എന്നിവരെ ഉത്തമ മാതൃകകളെന്നനിലയിൽ യഹോവ പരാമർശിച്ചപ്പോൾ ദാനീയേലിന് എത്ര വയസ്സ് ഉണ്ടായിരുന്നിരിക്കാം?
സൂചന: യെഹെസ്കേൽ 14-ാം അധ്യായം എഴുതപ്പെട്ടത് ദാനീയേലിനെ പ്രവാസിയായി ബാബിലോണിലേക്കു കൊണ്ടുപോയി അഞ്ചു വർഷം കഴിഞ്ഞപ്പോഴാണ്. ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകുമ്പോൾ സാധ്യതയനുസരിച്ച് ദാനീയേൽ കൗമാരപ്രായത്തിലായിരുന്നു.
മറഞ്ഞുകിടക്കുന്ന മുത്ത്: ദാനീയേൽ ചെറുപ്പമായിരുന്നതുകൊണ്ട് യഹോവ അവന്റെ വിശ്വസ്തത ശ്രദ്ധിക്കാതിരുന്നോ? അവന്റെ ഏതു തീരുമാനങ്ങളാണ് അവന് അനുഗ്രഹങ്ങൾ കൈവരുത്തിയത്? (ദാനീയേൽ 1:8-17) ശരിയായ തീരുമാനങ്ങളെടുക്കാൻ ദാനീയേലിന്റെ മാതൃക നിങ്ങളെ എങ്ങനെ സഹായിക്കും?
◼ വിശദാംശങ്ങൾ വിശകലനംചെയ്യുക. ചിലപ്പോൾ ഒന്നോ രണ്ടോ വാക്കുകളിൽ വളരെയധികം കാര്യങ്ങൾ ഒളിഞ്ഞിരുന്നേക്കാം.
ഉദാഹരണം: മത്തായി 28:7-ഉം മർക്കോസ് 16:7-ഉം താരതമ്യംചെയ്യുക. മർക്കോസ് 16:7-ൽ പത്രോസിന്റെ പേര് എടുത്തുപറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?
സൂചന: മർക്കോസ് ഈ സംഭവങ്ങൾക്കു ദൃക്സാക്ഷിയായിരുന്നില്ല. പത്രോസിൽനിന്നായിരിക്കണം സാധ്യതയനുസരിച്ച് മർക്കോസിന് വിവരങ്ങൾ ലഭിച്ചത്.
മറഞ്ഞുകിടക്കുന്ന മുത്ത്: യേശു തന്നെ കാണാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ പത്രോസിന് ആശ്വാസം തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്? (മർക്കോസ് 14:66-72) താൻ പത്രോസിന്റെ ഒരു യഥാർഥ സുഹൃത്താണെന്ന് യേശു തെളിയിച്ചത് എങ്ങനെ? യേശുവിനെ അനുകരിച്ചുകൊണ്ട് നിങ്ങൾക്ക് എങ്ങനെ ഒരു യഥാർഥ സുഹൃത്തായിരിക്കാം?
◼ കൂടുതലായ ഗവേഷണം നടത്തുക. വിശദീകരണങ്ങൾക്ക് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ പരിശോധിക്കുക.
ഉദാഹരണം: മത്തായി 2:7-15 വായിക്കുക. ജ്യോതിഷക്കാർ യേശുവിനെ സന്ദർശിച്ചത് എപ്പോഴാണ്?
സൂചന: യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 2008 ജനുവരി-മാർച്ച് ലക്കം വീക്ഷാഗോപുരത്തിന്റെ 31-ാം പേജ് കാണുക.
മറഞ്ഞുകിടക്കുന്ന മുത്ത്: യേശുവിന്റെ കുടുംബം ഈജിപ്തിലായിരുന്നപ്പോൾ യഹോവ എങ്ങനെയായിരിക്കാം അവർക്കുവേണ്ടി കരുതിയത്? സമ്മർദപൂരിതമായ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ ദൈവത്തിലുള്ള ആശ്രയം നിങ്ങളെ എങ്ങനെ സഹായിക്കും?—മത്തായി 6:33, 34.