പിൻകുറിപ്പുകൾ
1 യഹോവ
യഹോവ എന്നാണു ദൈവത്തിന്റെ പേര്. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് ആ പേരിന്റെ അർഥമെന്നു കരുതുന്നു. യഹോവ സർവശക്തനായ ദൈവമാണ്. എല്ലാത്തിന്റെയും സ്രഷ്ടാവ്. തീരുമാനിക്കുന്ന ഏതു കാര്യവും ചെയ്യാനുള്ള ശക്തി യഹോവയ്ക്കുണ്ട്.
എബ്രായ ഭാഷയിൽ ദൈവനാമം നാല് അക്ഷരങ്ങൾ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. ഇംഗ്ലീഷിൽ YHWH അല്ലെങ്കിൽ JHVH ആണ് അതിനെ കുറിക്കാൻ ഉപയോഗിക്കുന്നത്. ബൈബിളിലെ എബ്രായതിരുവെഴുത്തുകളുടെ മൂലപാഠത്തിൽ ദൈവനാമം 7,000-ത്തോളം പ്രാവശ്യം കാണുന്നുണ്ട്. ലോകമെങ്ങും ആളുകൾ യഹോവ എന്ന പേരിന്റെ വ്യത്യസ്തരൂപങ്ങൾ ഉപയോഗിക്കുന്നു. അതായത് ഓരോ ഭാഷയിലും ഏറ്റവും പ്രചാരത്തിലുള്ള ഉച്ചാരണമാണ് അവർ ഉപയോഗിക്കുന്നത്.
2 ബൈബിൾ “ദൈവപ്രചോദിതമായി” എഴുതിയതാണ്
ബൈബിളിന്റെ ഗ്രന്ഥകർത്താവ് ദൈവമാണ്. പക്ഷേ ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെ ഉപയോഗിച്ചു. ഒരു ബിസിനെസ്സുകാരൻ സെക്രട്ടറിയെക്കൊണ്ട് തന്റെ കത്ത് എഴുതിക്കുന്നതുപോലെയാണ് ഇത്. ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് ബൈബിളെഴുത്തുകാരെക്കൊണ്ട് തന്റെ ആശയങ്ങൾ എഴുതിച്ചു. ദൈവത്തിന്റെ ആത്മാവ് പല വിധങ്ങളിലാണ് അവരെ നയിച്ചത്. ചിലപ്പോൾ ദർശനങ്ങളിലൂടെ കാര്യങ്ങൾ അറിയിച്ചു. മറ്റു ചിലപ്പോൾ സ്വപ്നങ്ങൾ കാണാനും അതു രേഖപ്പെടുത്താനും ഇടയാക്കി.
3 തത്ത്വങ്ങൾ
അടിസ്ഥാനസത്യം ഉൾക്കൊള്ളുന്ന ബൈബിൾപഠിപ്പിക്കലുകളാണു തത്ത്വങ്ങൾ. ഉദാഹരണത്തിന് “ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു” എന്ന തത്ത്വം, നമ്മുടെ കൂട്ടുകാർക്ക് നല്ല രീതിയിലോ മോശമായിട്ടോ നമ്മളെ സ്വാധീനിക്കാൻ കഴിയുമെന്നു പഠിപ്പിക്കുന്നു. (1 കൊരിന്ത്യർ 15:33) “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും” എന്ന തത്ത്വം, നമ്മുടെ പ്രവൃത്തികളുടെ ഫലങ്ങൾ നമ്മൾ അനുഭവിക്കേണ്ടിവരുമെന്നു കാണിക്കുന്നു.—ഗലാത്യർ 6:7.
4 പ്രവചനം
ഇതു ദൈവത്തിൽനിന്നുള്ള സന്ദേശമാണ്. അതു ദൈവത്തിന്റെ ഇഷ്ടത്തെക്കുറിച്ചുള്ള വിശദീകരണമോ ധാർമികകാര്യങ്ങളെക്കുറിച്ചുള്ള ഉപദേശമോ ഒരു കല്പനയോ ന്യായവിധിസന്ദേശമോ ആകാം. ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശവും അതിൽ ഉൾപ്പെടാം. ഇതിനോടകം നിറവേറിയ പല പ്രവചനങ്ങളും ബൈബിളിലുണ്ട്.
5 മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ
മിശിഹയെക്കുറിച്ചുള്ള അനേകം പ്രവചനങ്ങൾ ബൈബിളിലുണ്ട്. അവ യേശുവിൽ നിറവേറി. “മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ” എന്ന ചതുരം കാണുക.
▸ അധ്യാ. 2, ഖ. 17, അടിക്കുറിപ്പ്
6 ഭൂമിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം
തന്നെ സ്നേഹിക്കുന്ന മനുഷ്യർക്കു താമസിക്കാനുള്ള ഒരു പറുദീസഭവനമായിരിക്കാനാണു ദൈവം ഭൂമിയെ സൃഷ്ടിച്ചത്. ദൈവത്തിന്റെ ഉദ്ദേശ്യം മാറിയിട്ടില്ല. പെട്ടെന്നുതന്നെ ദുഷ്ടത നീക്കിയിട്ട് ദൈവം തന്റെ ജനത്തിനു നിത്യജീവൻ നൽകും.
7 പിശാചായ സാത്താൻ
ദൈവത്തെ ധിക്കരിക്കുന്നതിനു തുടക്കമിട്ട ദൈവദൂതനാണു സാത്താൻ. യഹോവയ്ക്കെതിരെ പോരാടുന്നതുകൊണ്ടാണ് അവനെ സാത്താൻ എന്നു വിളിക്കുന്നത്. അതിന്റെ അർഥം “എതിരാളി” എന്നാണ്. അവനെ പിശാച് എന്നും വിളിച്ചിരിക്കുന്നു. “പരദൂഷണം പറയുന്നവൻ” എന്നാണ് അതിന്റെ അർഥം. ദൈവത്തെക്കുറിച്ച് നുണ പറയുകയും ആളുകളെ വഞ്ചിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അവന് ഈ പേരു കിട്ടിയത്.
8 ദൈവദൂതന്മാർ
യഹോവ ഭൂമിയെ സൃഷ്ടിക്കുന്നതിനു വളരെ മുമ്പുതന്നെ ദൂതന്മാരെ സൃഷ്ടിച്ചു. സ്വർഗത്തിൽ ജീവിക്കാനാണ് അവരെ സൃഷ്ടിച്ചത്. പത്തുകോടിയിലധികം ദൂതന്മാരുണ്ട്. (ദാനിയേൽ 7:10) അവർക്കെല്ലാം പേരും അവരുടേതായ വ്യക്തിത്വവും ഉണ്ട്. വിശ്വസ്തദൂതന്മാർ താഴ്മയോടെ മനുഷ്യരുടെ ആരാധന നിരസിക്കുന്നു. പല പദവികളിലായി സേവിക്കുന്ന ദൂതന്മാർക്കു വ്യത്യസ്ത ജോലികളാണുള്ളത്. അത്തരം ജോലികളിൽ ചിലതാണ് യഹോവയുടെ സിംഹാസനത്തിന്റെ മുന്നിൽ സേവിക്കുക, ദൈവത്തിൽനിന്നുള്ള സന്ദേശങ്ങൾ അറിയിക്കുക, ഭൂമിയിലുള്ള ദൈവദാസരെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുക, ദൈവത്തിന്റെ ന്യായവിധി നടപ്പാക്കുക, പ്രസംഗപ്രവർത്തനത്തെ പിന്തുണയ്ക്കുക എന്നിവ. (സങ്കീർത്തനം 34:7; വെളിപാട് 14:6; 22:8, 9) ഭാവിയിൽ അവർ യേശുവിന്റെകൂടെ അർമഗെദോൻ യുദ്ധത്തിൽ പങ്കെടുക്കും.—വെളിപാട് 16:14, 16; 19:14, 15.
9 പാപം
യഹോവയ്ക്കും യഹോവയുടെ ഇഷ്ടത്തിനും എതിരായുള്ള വികാരവും ചിന്തയും പ്രവൃത്തിയും എല്ലാം പാപമാണ്. പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കും. അതുകൊണ്ട് മനഃപൂർവപാപം ഒഴിവാക്കാൻ സഹായിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും ദൈവം നമുക്കു തന്നിരിക്കുന്നു. ആരംഭത്തിൽ യഹോവ സൃഷ്ടിച്ചതെല്ലാം പൂർണമായിരുന്നു. എന്നാൽ ആദാമും ഹവ്വയും ദൈവത്തോട് അനുസരണക്കേടു കാണിച്ചപ്പോൾ അവർ പാപികളും അപൂർണരും ആയിത്തീർന്നു. അവർക്കു പ്രായമായി, അവർ മരിച്ചു. ആദാമിൽനിന്ന് പാപം കൈമാറിക്കിട്ടിയതുകൊണ്ട് നമുക്കും പ്രായമാകുകയും നമ്മൾ മരിക്കുകയും ചെയ്യുന്നു.
10 അർമഗെദോൻ
സാത്താന്റെ ലോകത്തെയും എല്ലാ ദുഷ്ടതയെയും നശിപ്പിക്കാനുള്ള ദൈവത്തിന്റെ യുദ്ധമാണ് അർമഗെദോൻ.
11 ദൈവരാജ്യം
യഹോവ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഗവൺമെന്റാണ് ദൈവരാജ്യം. അതിന്റെ രാജാവായി യേശുക്രിസ്തു ഭരണംനടത്തുന്നു. ഭാവിയിൽ ഈ രാജ്യത്തെ ഉപയോഗിച്ച് യഹോവ ഭൂമിയിലെ ദുഷ്ടതയെല്ലാം നീക്കം ചെയ്യും. ദൈവരാജ്യം ഭൂമിയെ ഭരിക്കും.
12 യേശുക്രിസ്തു
മറ്റെല്ലാം സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം യേശുവിനെ സൃഷ്ടിച്ചു. എല്ലാ മനുഷ്യർക്കുംവേണ്ടി മരിക്കാൻ യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചു. യേശു വധിക്കപ്പെട്ടതിനു ശേഷം യഹോവ യേശുവിനെ ഉയിർപ്പിച്ചു. യേശു ഇപ്പോൾ സ്വർഗത്തിൽ ദൈവരാജ്യത്തിന്റെ രാജാവായി ഭരിക്കുകയാണ്.
13 എഴുപത് ആഴ്ചയെക്കുറിച്ചുള്ള പ്രവചനം
മിശിഹ പ്രത്യക്ഷപ്പെടുന്ന സമയം ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. 69 ആഴ്ചയുടെ ഒരു കാലഘട്ടം പൂർത്തിയാകുമ്പോഴായിരുന്നു അത്. ബി.സി. 455-ൽ തുടങ്ങിയ അത് അവസാനിച്ചത് എ.ഡി. 29-ലാണ്.
എ.ഡി. 29-ൽ അത് അവസാനിച്ചെന്ന് നമുക്ക് എങ്ങനെ അറിയാം? നെഹമ്യ യരുശലേമിൽ വന്ന് നഗരം പുതുക്കിപ്പണിയാൻ ആരംഭിച്ച ബി.സി. 455-ലാണ് 69 ആഴ്ച തുടങ്ങിയത്. (ദാനിയേൽ 9:25; നെഹമ്യ 2:1, 5-8) ‘ഡസൻ’ എന്നു കേൾക്കുമ്പോൾ 12 എന്ന സംഖ്യ നമ്മുടെ മനസ്സിലേക്കു വരുന്നതുപോലെ ‘ആഴ്ച’ എന്നു കേൾക്കുമ്പോൾ 7 എന്ന സംഖ്യ നമ്മുടെ മനസ്സിൽ ഓടിയെത്തും. ഈ പ്രവചനത്തിലെ ആഴ്ചകൾ, ഏഴു ദിവസമുള്ള ആഴ്ചകളല്ല. മറിച്ച് ഏഴു വർഷം അടങ്ങിയ ആഴ്ചകളാണ്. “ഒരു ദിവസത്തിന് ഒരു വർഷം” എന്ന പ്രാവചനികനിയമത്തിനു ചേർച്ചയിലാണ് ഇത്. (സംഖ്യ 14:34; യഹസ്കേൽ 4:6) അതിന്റെ അർഥം ഓരോ ആഴ്ചയ്ക്കും ഏഴു വർഷം ദൈർഘ്യമുണ്ടെന്നാണ്. അങ്ങനെ 69 ആഴ്ച (69 x 7) ചേരുമ്പോൾ 483 വർഷം! ബി.സി. 455-നോടു 483 വർഷം കൂട്ടുമ്പോൾ എ.ഡി. 29-ൽ എത്തും. ആ വർഷംതന്നെയാണ് യേശു സ്നാനമേറ്റതും മിശിഹയായിത്തീർന്നതും!—ലൂക്കോസ് 3:1, 2, 21, 22.
ആ പ്രവചനത്തിൽ ഒരു ആഴ്ചയെക്കുറിച്ചുകൂടി പറഞ്ഞിട്ടുണ്ട്, അതായത് കൂടുതലായ ഏഴു വർഷം! ആ കാലഘട്ടത്തിൽ, അതായത് എ.ഡി. 33-ൽ, മിശിഹ കൊല്ലപ്പെടുമായിരുന്നു. കൂടാതെ എ.ഡി. 36 മുതൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത യഹൂദന്മാരോടു മാത്രമല്ല മറ്റു ജനതകളോടും പ്രസംഗിക്കാൻ തുടങ്ങുമായിരുന്നു.—ദാനിയേൽ 9:24-27.
14 ത്രിത്വം എന്ന തെറ്റായ പഠിപ്പിക്കൽ
ദൈവമായ യഹോവയാണു സ്രഷ്ടാവെന്നും മറ്റെല്ലാം സൃഷ്ടിക്കുന്നതിനുമുമ്പ് യഹോവ യേശുവിനെ സൃഷ്ടിച്ചെന്നും ബൈബിൾ പഠിപ്പിക്കുന്നു. (കൊലോസ്യർ 1:15, 16) യേശു സർവശക്തനായ ദൈവമല്ല. താൻ ദൈവത്തോടു തുല്യനാണെന്നു യേശു ഒരിക്കലും അവകാശപ്പെട്ടുമില്ല. വാസ്തവത്തിൽ യേശു പറഞ്ഞത് “പിതാവ് എന്നെക്കാൾ വലിയവനാണ്” എന്നാണ്. (യോഹന്നാൻ 14:28; 1 കൊരിന്ത്യർ 15:28) എന്നാൽ ചില മതങ്ങൾ ത്രിത്വം പഠിപ്പിക്കുന്നു, അതായത് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഇങ്ങനെ മൂന്നു പേർ കൂടിയ ഒരു ദൈവത്തെക്കുറിച്ചാണ് അവർ പഠിപ്പിക്കുന്നത്. “ത്രിത്വം” എന്ന വാക്ക് ബൈബിളിൽ ഒരിടത്തും ഇല്ല. ഇതൊരു തെറ്റായ പഠിപ്പിക്കലാണ്.
പരിശുദ്ധാത്മാവ് ദൈവത്തിന്റെ ചലനാത്മകശക്തിയാണ്, തന്റെ ഇഷ്ടം ചെയ്യുന്നതിനു ദൈവം ഉപയോഗിക്കുന്ന പ്രവർത്തനനിരതമായ അദൃശ്യശക്തി. ഇത് ഒരു വ്യക്തിയല്ല. ഉദാഹരണത്തിന്, ആദിമക്രിസ്ത്യാനികൾ “പരിശുദ്ധാത്മാവ് നിറഞ്ഞവരായി.” കൂടാതെ “എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിൽ കുറച്ച് പകരും” എന്നും യഹോവ പറഞ്ഞു.—പ്രവൃത്തികൾ 2:1-4, 17.
15 കുരിശ്
സത്യക്രിസ്ത്യാനികൾ ദൈവത്തെ ആരാധിക്കാൻ കുരിശ് ഉപയോഗിക്കുന്നില്ല. എന്തുകൊണ്ട്?
വ്യാജമതത്തിൽ കുരിശിന്റെ ഉപയോഗം തുടങ്ങിയിട്ട് വളരെക്കാലമായി. പുരാതനകാലത്ത് പ്രകൃതിയെ ആരാധിക്കുമ്പോഴും മറ്റു ജനതകളുടെ ലൈംഗികമതകർമങ്ങളിലും ഇത് ഉപയോഗിച്ചിരുന്നു. ക്രിസ്തു മരിച്ച് 300 വർഷത്തേക്ക് ക്രിസ്ത്യാനികൾ ആരാധനയിൽ കുരിശ് ഉപയോഗിച്ചിരുന്നില്ല. വളരെക്കാലത്തിനു ശേഷം റോമിലെ കോൺസ്റ്റന്റൈൻ ചക്രവർത്തി കുരിശിനെ ക്രിസ്ത്യാനിത്വത്തിന്റെ ചിഹ്നമാക്കി. ക്രിസ്ത്യാനിത്വത്തെ ജനപ്രീതിയുള്ള മതമാക്കി മാറ്റുന്നതിനാണ് ഈ ചിഹ്നം ഉപയോഗിച്ചത്. എന്നാൽ യേശുക്രിസ്തുവുമായി കുരിശിന് ഒരു ബന്ധവുമില്ല. “ക്രിസ്ത്യാനിത്വം നിലവിൽവരുന്നതിനു മുമ്പും ക്രിസ്തീയമല്ലാത്ത സംസ്കാരങ്ങളിലും കുരിശ് ഉപയോഗിച്ചിരുന്നു” എന്ന് ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നു.
യേശു മരിച്ചതു കുരിശിലല്ല. “കുരിശ്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കിന്റെ അർഥം “നേരെ നാട്ടിനിറുത്തിയ തൂണ്,” “സ്തംഭം,” അല്ലെങ്കിൽ “മരം” എന്നൊക്കെയാണ്. ദ കമ്പാനിയൻ ബൈബിൾ ഇങ്ങനെ പറയുന്നു: “(പുതിയനിയമ) ഗ്രീക്കിൽ രണ്ടു തടിക്കഷണങ്ങളെക്കുറിച്ചുള്ള യാതൊരുവിധ സൂചനയുമില്ല.” യേശു മരിച്ചത് നേരെ നാട്ടിനിറുത്തിയ സ്തംഭത്തിലാണ്.
നമ്മുടെ ആരാധനയിൽ വിഗ്രഹങ്ങളോ മറ്റ് ഏതെങ്കിലും രൂപങ്ങളോ ഉപയോഗിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല.—പുറപ്പാട് 20:4, 5; 1 കൊരിന്ത്യർ 10:14.
16 സ്മാരകം
തന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ യേശു ശിഷ്യന്മാരോടു കല്പിച്ചു. എല്ലാ വർഷവും നീസാൻ 14-ാം തീയതി അവർ അത് ആചരിക്കുന്നു, ഇസ്രായേല്യർ പെസഹ ആഘോഷിച്ചിരുന്ന അതേ ദിവസംതന്നെ. സ്മാരകം ആചരിക്കുമ്പോൾ, യേശുവിന്റെ ശരീരത്തെയും രക്തത്തെയും പ്രതിനിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും എല്ലാവരും കൈമാറുന്നു. യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കുന്നവർ അപ്പവും വീഞ്ഞും കഴിക്കും. ഭൂമിയിൽ എന്നെന്നും ജീവിക്കാൻ പ്രത്യാശയുള്ളവർ ആദരവോടെ സ്മാരകത്തിനു ഹാജരാകുന്നു. പക്ഷേ അവർ അപ്പമോ വീഞ്ഞോ കഴിക്കുന്നില്ല.
17 ദേഹി
പുതിയ ലോക ഭാഷാന്തരത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ “ദേഹി” എന്ന പദം (1) ആളുകളെയോ (2) ജന്തുക്കളെയോ (3) ആളുകളുടെ അല്ലെങ്കിൽ ജന്തുക്കളുടെ ജീവനെയോ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. അതിനുള്ള ചില ഉദാഹരണങ്ങൾ:
ആളുകൾ. “നോഹയുടെ കാലത്ത് . . . കുറച്ച് ആളുകൾ, അതായത് എട്ടു പേർ (“ദേഹികൾ,” അടിക്കുറിപ്പ്), വെള്ളത്തിലൂടെ ആ പെട്ടകത്തിൽ രക്ഷപ്പെട്ടു.” (1 പത്രോസ് 3:20) ഇവിടെ ദേഹി എന്ന പദം ആളുകളെയാണു കുറിക്കുന്നത്—നോഹ, ഭാര്യ, മൂന്നു പുത്രന്മാർ, അവരുടെ ഭാര്യമാർ.
ജന്തുക്കൾ. “‘വെള്ളത്തിൽ ജീവികൾ (“ദേഹികൾ,” അടിക്കുറിപ്പ്) നിറയട്ടെ, ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ ഉടനീളം പറവകൾ പറക്കട്ടെ’ എന്നു ദൈവം കല്പിച്ചു.” “‘ഭൂമിയിൽ ജീവികൾ (അഥവാ, “ദേഹികൾ”)—വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഇഴജന്തുക്കളും—തരംതരമായി ഉണ്ടാകട്ടെ’ എന്നു ദൈവം കല്പിച്ചു. അതുപോലെ സംഭവിച്ചു.”—ഉൽപത്തി 1:20, 24.
ആളുകളുടെ അല്ലെങ്കിൽ ജന്തുക്കളുടെ ജീവൻ. “യഹോവ മോശയോടു പറഞ്ഞു: ‘നിന്നെ (അഥവാ, “നിന്റെ ദേഹിയെ”) കൊല്ലാൻ നോക്കിയവരെല്ലാം മരിച്ചുപോയി.’” (പുറപ്പാട് 4:19) യേശു ഭൂമിയിലായിരുന്നപ്പോൾ പറഞ്ഞു: “ഞാനാണു നല്ല ഇടയൻ. നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ (അഥവാ, “ദേഹി”) കൊടുക്കുന്നു.”—യോഹന്നാൻ 10:11.
കൂടാതെ, ഒരാൾ “മുഴുദേഹിയോടെ” എന്തെങ്കിലും ചെയ്യുമ്പോൾ അയാൾ മനസ്സോടെ, കഴിവിന്റെ പരമാവധി പ്രവർത്തിക്കുന്നു എന്നാണ് അതിന്റെ അർഥം. (മത്തായി 22:37; ആവർത്തനം 6:5) ഒരു ജീവിയുടെ ആഗ്രഹം, ആർത്തി, കൊതി എന്നിവയെ വർണിക്കാനും “ദേഹി” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. മരിച്ചുപോയ ഒരാളെയോ ശവശരീരത്തെയോ മരിച്ച ദേഹി എന്നു പറയാനാകും.—സംഖ്യ 6:6; സുഭാഷിതങ്ങൾ 23:2; യശയ്യ 56:11; ഹഗ്ഗായി 2:13.
18 ആത്മാവ്
പുതിയ ലോക ഭാഷാന്തരത്തിൽ “ആത്മാവ്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ-ഗ്രീക്ക് പദങ്ങൾക്കു പല കാര്യങ്ങളെ അർഥമാക്കാനാകും. എന്നാൽ എല്ലായ്പോഴും അത് അർഥമാക്കുന്നത്, കാറ്റ്, മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റും ശ്വാസം എന്നിവപോലെ മനുഷ്യർക്കു കാണാനാകാത്ത എന്തിനെയെങ്കിലുമാണ്. ഈ പദങ്ങൾ ആത്മവ്യക്തികളെയും ദൈവത്തിന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിനെയും കുറിക്കുന്നു. ഒരാൾ മരിക്കുമ്പോൾ അയാളുടെ ആത്മാവ് മരിക്കാതെ തുടർന്നു ജീവിക്കുന്നതായി ബൈബിൾ പഠിപ്പിക്കുന്നില്ല.—പുറപ്പാട് 35:21; സങ്കീർത്തനം 104:29; മത്തായി 12:43; ലൂക്കോസ് 11:13.
19 ഗീഹെന്ന
യരുശലേമിന് അടുത്ത് ചപ്പുചവറുകൾ കത്തിച്ചുകളഞ്ഞിരുന്ന ഒരു താഴ്വരയുടെ പേരാണ് ഗീഹെന്ന. യേശുവിന്റെ നാളിൽ മനുഷ്യരെയോ മൃഗങ്ങളെയോ അവിടെ ദണ്ഡിപ്പിക്കുകയോ ജീവനോടെ കത്തിക്കുകയോ ചെയ്തതിന് ഒരു തെളിവുമില്ല. അതുകൊണ്ട് മരിച്ചവരെ ദണ്ഡിപ്പിക്കുകയോ നിത്യമായി കത്തിക്കുകയോ ചെയ്യുന്ന ഒരു അദൃശ്യസ്ഥലത്തെ കുറിക്കുന്ന പദമല്ല ഗീഹെന്ന. ആളുകളെ ഗീഹെന്നയിൽ എറിയുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ യേശു അർഥമാക്കിയത് അവരുടെ നിത്യമായ നാശത്തെയാണ്.—മത്തായി 5:22; 10:28.
20 കർത്താവിന്റെ പ്രാർഥന
പ്രാർഥിക്കാൻ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ യേശു പറഞ്ഞുകൊടുത്ത പ്രാർഥനയാണ് ഇത്. സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന അല്ലെങ്കിൽ മാതൃകാപ്രാർഥന എന്നും ഇത് അറിയപ്പെടുന്നു. ഉദാഹരണത്തിന് ഇങ്ങനെ പ്രാർഥിക്കാൻ യേശു നമ്മളെ പഠിപ്പിച്ചു:
“അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ”
ദൈവത്തിന്റെ പേരിന്മേൽ ആരോപിച്ചിട്ടുള്ള എല്ലാ നുണകളും നീക്കാൻ നമ്മൾ യഹോവയോടു പ്രാർഥിക്കുന്നു. സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാവരും ദൈവത്തിന്റെ പേരിനെ ആദരിക്കാനും മാനിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.
“അങ്ങയുടെ രാജ്യം വരേണമേ”
ദൈവത്തിന്റെ ഗവൺമെന്റ് സാത്താന്റെ ദുഷ്ടലോകത്തെ നശിപ്പിക്കാനും ഭൂമിയെ ഭരിക്കാനും ഭൂമി ഒരു പറുദീസയാക്കാനും വേണ്ടിയാണു നമ്മൾ പ്രാർഥിക്കുന്നത്.
“അങ്ങയുടെ ഇഷ്ടം . . . ഭൂമിയിലും നടക്കേണമേ”
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറാനും അങ്ങനെ മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ദൈവം ഉദ്ദേശിച്ചതുപോലെ അനുസരണമുള്ള, പൂർണമനുഷ്യർക്കു പറുദീസയിൽ എന്നെന്നും ജീവിക്കാൻ കഴിയേണ്ടതിനും വേണ്ടിയാണു നമ്മൾ പ്രാർഥിക്കുന്നത്.
21 മോചനവില
മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ യഹോവ മോചനവില നൽകി. ആദ്യമനുഷ്യനായ ആദാമിനു നഷ്ടപ്പെട്ട പൂർണതയുളള മനുഷ്യജീവൻ തിരികെ വാങ്ങാനും മുമ്പ് യഹോവയുമായി ഉണ്ടായിരുന്ന ബന്ധം പുനഃസ്ഥാപിക്കാനും നൽകേണ്ട വിലയാണു മോചനവില. എല്ലാ പാപികൾക്കുംവേണ്ടി മരിക്കാൻ ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു. യേശുവിന്റെ മരണത്തിലൂടെ എല്ലാ മനുഷ്യർക്കും പൂർണതയിലേക്കു വരാനും എന്നെന്നും ജീവിക്കാനും ഉള്ള അവസരമുണ്ട്.
22 എന്തുകൊണ്ടാണ് 1914 സുപ്രധാനവർഷമായിരിക്കുന്നത്?
1914-ൽ ദൈവം തന്റെ രാജ്യം സ്ഥാപിക്കുമെന്ന് ദാനിയേൽ 4-ാം അധ്യായത്തിലെ പ്രവചനം കാണിക്കുന്നു.
പ്രവചനം: യഹോവ നെബൂഖദ്നേസർ രാജാവിനു പ്രാവചനിക അർഥമുള്ള ഒരു സ്വപ്നം നൽകി. ഒരു പടുകൂറ്റൻമരത്തെക്കുറിച്ചും അതു വെട്ടിയിടപ്പെടുന്നതിനെക്കുറിച്ചും ആയിരുന്നു അത്. മരത്തിന്റെ കുറ്റി ഇരുമ്പുകൊണ്ടും ചെമ്പുകൊണ്ടും ഉള്ള ഒരു പട്ടകൊണ്ടു ബന്ധിക്കുന്നതായി സ്വപ്നത്തിൽ കാണുന്നു. “ഏഴു കാല”ത്തേക്ക് അതു വളരാതിരിക്കാനാണ് അങ്ങനെ ചെയ്തത്. അതിനു ശേഷം മരം വീണ്ടും വളരുമായിരുന്നു.—ദാനിയേൽ 4:1, 10-16.
പ്രവചനത്തിന്റെ അർഥം: ദൈവത്തിന്റെ ഭരണാധിപത്യത്തെയാണ് ആ മരം പ്രതിനിധാനം ചെയ്തത്. ഇസ്രയേൽ ജനതയെ ഭരിക്കാൻ യഹോവ അനേകവർഷം യരുശലേമിലെ രാജാക്കന്മാരെ ഉപയോഗിച്ചു. (1 ദിനവൃത്താന്തം 29:23) പക്ഷേ ആ രാജാക്കന്മാർ അവിശ്വസ്തരായിത്തീർന്നു. അങ്ങനെ അവരുടെ ഭരണാധിപത്യം അവസാനിച്ചു. ബി.സി. 607-ൽ യരുശലേം നശിപ്പിക്കപ്പെട്ടു. അതായിരുന്നു “ഏഴു കാല”ത്തിന്റെ തുടക്കം. (2 രാജാക്കന്മാർ 25:1, 8-10; യഹസ്കേൽ 21:25-27) “ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം തികയുന്നതുവരെ അവർ യരുശലേമിനെ ചവിട്ടിമെതിക്കും” എന്നു പറഞ്ഞപ്പോൾ “ഏഴു കാല”ത്തെയാണ് യേശു അർഥമാക്കിയത്. (ലൂക്കോസ് 21:24) അതുകൊണ്ട് യേശു ഭൂമിയിലായിരുന്നപ്പോൾ “ഏഴു കാലം” അവസാനിച്ചില്ല. “ഏഴു കാലം” തീരുമ്പോൾ ഒരു രാജാവിനെ നിയമിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തു. ഈ പുതിയ രാജാവായ യേശുവിന്റെ ഭരണം മുഴുഭൂമിയിലുമുള്ള ദൈവജനത്തിന് എന്നെന്നേക്കും മഹത്തായ അനുഗ്രഹങ്ങൾ കൊണ്ടുവരും.—ലൂക്കോസ് 1:30-33.
“ഏഴു കാല”ത്തിന്റെ ദൈർഘ്യം: “ഏഴു കാല”ത്തിന്റെ ദൈർഘ്യം 2,520 വർഷമാണ്. ബി.സി. 607 മുതൽ 2,520 വർഷം എണ്ണുമ്പോൾ 1914-ൽ എത്തുന്നു. അന്നാണ് യഹോവ സ്വർഗത്തിൽ യേശുവിനെ അഥവാ മിശിഹയെ ദൈവരാജ്യത്തിന്റെ രാജാവാക്കിയത്.
2,520 എന്ന സംഖ്യ നമുക്ക് എങ്ങനെയാണു കിട്ടിയത്? മൂന്നര കാലം 1,260 ദിവസമാണെന്നു ബൈബിൾ പറയുന്നു. (വെളിപാട് 12:6, 14) അതുകൊണ്ട് “ഏഴു കാലം” അതിന്റെ ഇരട്ടി അഥവാ 2,520 ദിവസമാണ്. 2,520 ദിവസം എന്നു പറയുന്നത് “ഒരു ദിവസത്തിന് ഒരു വർഷം” എന്ന പ്രാവചനികനിയമമനുസരിച്ച് 2,520 വർഷമാണ്.—സംഖ്യ 14:34; യഹസ്കേൽ 4:6.
23 മുഖ്യദൂതനായ മീഖായേൽ
‘മുഖ്യദൂതൻ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൂതന്മാരിൽ പ്രധാനി എന്നാണ്. ഒരേ ഒരു മുഖ്യദൂതനെക്കുറിച്ചേ ബൈബിൾ പറഞ്ഞിട്ടുള്ളൂ. ആ ദൂതന്റെ പേരാണു മീഖായേൽ.—ദാനിയേൽ 12:1; യൂദ 9.
ദൈവത്തിന്റെ വിശ്വസ്തദൂതന്മാർ അടങ്ങിയ സൈന്യത്തിന്റെ നേതാവാണു മീഖായേൽ. ‘മീഖായേലും മീഖായേലിന്റെ ദൂതന്മാരും ആ ഭീകരസർപ്പത്തോടും അതിന്റെ ദൂതന്മാരോടും പോരാടി’ എന്നു വെളിപാട് 12:7 പറയുന്നു. ദൈവത്തിന്റെ സൈന്യത്തിന്റെ നേതാവ് യേശുവാണെന്നു വെളിപാടു പുസ്തകം പറയുന്നു. അതുകൊണ്ടു മീഖായേൽ എന്നതു യേശുവിന്റെ മറ്റൊരു പേരാണ്.—വെളിപാട് 19:14-16.
24 അവസാനകാലം
ദൈവരാജ്യം സാത്താന്റെ ലോകത്തെ നശിപ്പിക്കുന്നതിനു തൊട്ടു മുമ്പ് ഭൂമിയിൽ സുപ്രധാനസംഭവങ്ങൾ അരങ്ങേറുന്ന ഒരു കാലഘട്ടത്തെ കുറിക്കുന്ന പദമാണ് ഇത്. ഇതേ കാലഘട്ടത്തെ സൂചിപ്പിക്കാൻ ബൈബിൾ പ്രവചനങ്ങളിൽ ‘വ്യവസ്ഥിതിയുടെ അവസാനം’ ‘മനുഷ്യപുത്രന്റെ സാന്നിധ്യം’ എന്നതുപോലുള്ള പദപ്രയോഗങ്ങളും ബൈബിൾപ്രവചനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. (മത്തായി 24:3, 27, 37) 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ ഭരണം ആരംഭിച്ചപ്പോൾ ‘അവസാനകാലം’ തുടങ്ങി. അർമഗെദോനിൽ സാത്താന്റെ ലോകം നശിക്കുമ്പോൾ അത് അവസാനിക്കും.—2 തിമൊഥെയൊസ് 3:1; 2 പത്രോസ് 3:3.
25 പുനരുത്ഥാനം
മരിച്ച ഒരാളെ ദൈവം വീണ്ടും ജീവനിലേക്കു കൊണ്ടുവരുന്നതിനെയാണു പുനരുത്ഥാനം എന്നു പറയുന്നത്. ഒൻപതു പുനരുത്ഥാനത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ഏലിയ, എലീശ, യേശു, പത്രോസ്, പൗലോസ് എന്നിവരെല്ലാം ആളുകളെ പുനരുത്ഥാനപ്പെടുത്തി. ദൈവത്തിന്റെ ശക്തികൊണ്ട് മാത്രമാണ് ഈ അത്ഭുതം നടന്നത്. ‘നീതിമാന്മാരെയും നീതികെട്ടവരെയും’ പുനരുത്ഥാനത്തിൽ ഭൂമിയിലേക്കു കൊണ്ടുവരുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. (പ്രവൃത്തികൾ 24:15) സ്വർഗത്തിലേക്കുള്ള പുനരുത്ഥാനത്തെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. യേശുവിന്റെകൂടെ സ്വർഗത്തിൽ ജീവിക്കാൻ ദൈവം തിരഞ്ഞെടുത്തവരുടെ അഥവാ അഭിഷേകം ചെയ്തവരുടെ പുനരുത്ഥാനമാണ് ഇത്.—യോഹന്നാൻ 5:28, 29; 11:25; ഫിലിപ്പിയർ 3:11; വെളിപാട് 20:5, 6.
26 ഭൂതവിദ്യ
നേരിട്ട് അല്ലെങ്കിൽ മന്ത്രവാദികൾ, ആത്മാക്കളുടെ ഉപദേശം തേടുന്നവർ, അതീന്ദ്രിയജ്ഞാനമുള്ളവർ എന്നിവരിലൂടെ ഭൂതങ്ങളുമായി ആശയവിനിമയം ചെയ്യുന്നതാണ് ഇത്. മരിച്ചുപോയവർ ശക്തരായ ആത്മാക്കളായി അഥവാ പ്രേതങ്ങളായി തുടർന്നും ജീവിക്കുന്നുണ്ടെന്ന തെറ്റായ മതോപദേശത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ ആളുകളെ സ്വാധീനിക്കാനും ഭൂതങ്ങൾ ശ്രമിക്കുന്നു. ജ്യോതിഷം, ഭാവിഫലം പറയൽ, മന്ത്രവാദം, കൂടോത്രം, അന്ധവിശ്വാസം, ആഭിചാരം, അമാനുഷികശക്തി ഉപയോഗിച്ച് ഭാവി അറിയാനും മറ്റും ശ്രമിക്കുന്നത് എല്ലാം ഭൂതവിദ്യയുടെ ഭാഗമാണ്. ഭൂതങ്ങളും മന്ത്രവാദവും അമാനുഷികശക്തിയും ഒക്കെ നിരുപദ്രവകരമാണെന്നോ രസകരമാണെന്നോ തോന്നിപ്പിക്കുന്ന വിധത്തിലുള്ളവയാണ് പല പുസ്തകങ്ങളും മാസികകളും സിനിമകളും പാട്ടുകളും അതുപോലെ ജാതകനോട്ടവും മറ്റും. മരിച്ചവർക്കായുള്ള കർമങ്ങൾ, ശവസംസ്കാരത്തോടു ബന്ധപ്പെട്ട ആഘോഷങ്ങൾ, ചരമവാർഷികത്തോട് അനുബന്ധിച്ചുള്ള മതകർമങ്ങൾ, ഇണയെ നഷ്ടമാകുമ്പോഴുള്ള അനുഷ്ഠാനങ്ങൾ, ശവസംസ്കാരത്തിനു മുമ്പുള്ള ചില ആചാരരീതികൾ എന്നിങ്ങനെ ശവസംസ്കാരത്തോടു ബന്ധപ്പെട്ട പല ആചാരങ്ങളിലും ഭൂതങ്ങളുമായി ബന്ധപ്പെടുന്നത് ഉൾപ്പെട്ടിരിക്കുന്നു. ഭൂതങ്ങളുടെ ശക്തി ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നതിനു മുന്നോടിയായി ആളുകൾ പൊതുവേ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട്.—ഗലാത്യർ 5:20; വെളിപാട് 21:8.
27 യഹോവയുടെ പരമാധികാരം
യഹോവ സർവശക്തനായ ദൈവമാണ്. മുഴുപ്രപഞ്ചവും സൃഷ്ടിച്ചത് യഹോവയാണ്. (വെളിപാട് 15:3) അതുകൊണ്ടാണ് എല്ലാത്തിന്റെയും ഉടമസ്ഥാവകാശവും സകല സൃഷ്ടികളെയും ഭരിക്കാനുള്ള അവകാശവും അഥവാ പരമാധികാരവും യഹോവയ്ക്കുള്ളത്. (സങ്കീർത്തനം 24:1; യശയ്യ 40:21-23; വെളിപാട് 4:11) തന്റെ സൃഷ്ടികൾക്കെല്ലാംവേണ്ടി ദൈവം നിയമങ്ങളുണ്ടാക്കി. മറ്റു ഭരണാധികാരികളെ നിയമിക്കാനുള്ള അധികാരവും യഹോവയ്ക്കുണ്ട്. നമ്മൾ യഹോവയെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുകയാണ്.—1 ദിനവൃത്താന്തം 29:11.
28 ഗർഭച്ഛിദ്രം
ജനിക്കുന്നതിനു മുമ്പ് ഒരു കുഞ്ഞിനെ മനഃപൂർവം കൊല്ലുന്നതാണു ഗർഭച്ഛിദ്രം. യാദൃച്ഛികമായോ സ്വാഭാവികമായോ ഗർഭം അലസുന്നതിനെയല്ല ഇതു കുറിക്കുന്നത്. ഗർഭധാരണംമുതൽത്തന്നെ കുഞ്ഞ് അമ്മയുടെ ശരീരത്തിലെ വെറുമൊരു ഭാഗമല്ല, മറ്റൊരു വ്യക്തിയാണ്.
29 രക്തപ്പകർച്ച
മറ്റൊരാളുടെ ശരീരത്തിൽനിന്ന് എടുക്കുന്ന രക്തമോ സൂക്ഷിച്ചുവെച്ചിരിക്കുന്ന രക്തമോ ശരീരത്തിലേക്ക് അങ്ങനെതന്നെയോ പ്രധാനഘടകങ്ങൾ വേർതിരിച്ചോ കയറ്റുന്ന ചികിത്സാരീതിയാണ് ഇത്. പ്ലാസ്മ, ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിവയാണു രക്തത്തിന്റെ നാലു പ്രധാനഘടകങ്ങൾ.
30 ശിക്ഷണം
ശിക്ഷ എന്ന അർഥത്തിൽ മാത്രമല്ല ബൈബിളിൽ “ശിക്ഷണം” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഉപദേശിക്കുന്നതും പഠിപ്പിക്കുന്നതും തിരുത്തുന്നതും ശിക്ഷണത്തിന്റെ ഭാഗമാണ്. യഹോവ ഒരിക്കലും പൈശാചികമോ ക്രൂരമോ ആയി ശിക്ഷണം നൽകില്ല. (സുഭാഷിതങ്ങൾ 4:1, 2) യഹോവ മാതാപിതാക്കൾക്കു നല്ലൊരു മാതൃകയാണ്. ദൈവം നൽകുന്ന ശിക്ഷണം എത്ര ഫലദായകമാണെന്നോ! അതു കിട്ടുന്നയാൾ ശിക്ഷണം ഇഷ്ടപ്പെടുകപോലും ചെയ്തേക്കാം. (സുഭാഷിതങ്ങൾ 12:1) യഹോവ തന്റെ ജനത്തെ സ്നേഹിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. തെറ്റായ ആശയങ്ങൾ തിരുത്താനും ദൈവം ഇഷ്ടപ്പെടുന്ന വിധത്തിൽ എങ്ങനെ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും മനസ്സിലാക്കാനും സഹായിക്കുന്ന നിർദേശങ്ങൾ ദൈവം നൽകുന്നു. മാതാപിതാക്കൾ കൊടുക്കുന്ന ശിക്ഷണത്തിന്റെ കാര്യത്തിൽ, അനുസരണത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നത് ഉൾപ്പെടുന്നു. യഹോവയെ സ്നേഹിക്കാനും ദൈവവചനമായ ബൈബിളിനെ സ്നേഹിക്കാനും അതിലെ തത്ത്വങ്ങൾ മനസ്സിലാക്കാനും അവരെ പഠിപ്പിക്കുന്നതും അതിൽ ഉൾപ്പെടുന്നു.
31 ഭൂതങ്ങൾ
അമാനുഷശക്തിയുള്ള അദൃശ്യരായ ദുഷ്ടാത്മജീവികളാണ് അവർ. ദൈവദൂതന്മാർ ദുഷ്ടരായിത്തീർന്നാണു ഭൂതങ്ങളായത്. ദൈവത്തോട് അനുസരണക്കേടു കാണിച്ച് ദൈവത്തിന്റെ ശത്രുക്കളായപ്പോഴാണ് അവർ ദുഷ്ടരായത്. (ഉൽപത്തി 6:2; യൂദ 6) സാത്താനോടു ചേർന്ന് അവരും യഹോവയെ ധിക്കരിച്ചു.—ആവർത്തനം 32:17; ലൂക്കോസ് 8:30; പ്രവൃത്തികൾ 16:16; യാക്കോബ് 2:19.