യേശുവിന്റെ നാമത്തിൽ നമ്മൾ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
യേശു പ്രാർഥനയെക്കുറിച്ച് പലതും നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. യേശുവിന്റെ കാലത്തെ ജൂതമതനേതാക്കന്മാർ ‘പ്രധാനതെരുവുകളുടെ മൂലകളിൽനിന്ന്’ പ്രാർഥിക്കുമായിരുന്നു. എന്തിന്? അവർ വലിയ ഭക്തരാണെന്ന് “ആളുകളെ കാണിക്കാൻവേണ്ടി.” അവരിൽ പലരും ഒരേ കാര്യങ്ങൾ പിന്നെയുംപിന്നെയും ഉരുവിട്ടുകൊണ്ട് നീണ്ട പ്രാർഥനകൾ നടത്തുമായിരുന്നു. “വാക്കുകളുടെ എണ്ണം കൂടിയാൽ” ദൈവം കേൾക്കുമെന്നായിരുന്നു അവരുടെ വിചാരം. (മത്തായി 6:5-8) പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്ന് യേശു പറഞ്ഞു. അങ്ങനെ, പ്രാർഥിക്കുമ്പോൾ ഒഴിവാക്കേണ്ടത് എന്താണെന്ന് മനസ്സിലാക്കാൻ നല്ലവരായ ആളുകളെ യേശു സഹായിച്ചു. എന്നാൽ, എങ്ങനെ പ്രാർഥിക്കരുതെന്ന് മാത്രമല്ല എങ്ങനെ പ്രാർഥിക്കണമെന്നും യേശു പറഞ്ഞുതന്നു.
ദൈവത്തിന്റെ പേര് പരിശുദ്ധമാകാനും ദൈവത്തിന്റെ രാജ്യം വരാനും ദൈവത്തിന്റെ ഇഷ്ടം നടന്നുകാണാനും ഉള്ള നമ്മുടെ ആഗ്രഹം പ്രാർഥനകളിൽ തെളിഞ്ഞുനിൽക്കണമെന്ന് യേശു പഠിപ്പിച്ചു. നമ്മുടെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിയും ദൈവത്തോട് പ്രാർഥിക്കാമെന്ന് യേശു പറഞ്ഞു. (മത്തായി 6:9-13; ലൂക്കോസ് 11:2-4) അതുപോലെ, ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ നമ്മൾ വിശ്വാസവും താഴ്മയും കാണിക്കണമെന്നും മടുത്തുപിന്മാറാതെ ചോദിച്ചുകൊണ്ടിരിക്കണമെന്നും ദൃഷ്ടാന്തകഥകളിലൂടെ യേശു പഠിപ്പിച്ചുതന്നു. (ലൂക്കോസ് 11:5-13; 18:1-14) ഇതിനെല്ലാം പുറമേ, പ്രാർഥനയെക്കുറിച്ച് പഠിപ്പിച്ച കാര്യങ്ങൾ യേശു സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ചുതന്നു.—മത്തായി 14:23; മർക്കോസ് 1:35.
പ്രാർഥനകൾ മെച്ചപ്പെടുത്താൻ യേശു കൊടുത്ത നിർദേശങ്ങൾ ശിഷ്യരെ സഹായിച്ചെന്ന് ഉറപ്പാണ്. എങ്കിലും പ്രാർഥനയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട നിർദേശം യേശു അപ്പോഴും കൊടുത്തിരുന്നില്ല. മരണത്തിന്റെ തലേ രാത്രിയാണ് യേശു അത് അവരോട് പറഞ്ഞത്.
“പ്രാർഥനയുടെ ചരിത്രത്തിലെ വഴിത്തിരിവ്”
മരണത്തിന്റെ തലേ രാത്രി വൈകുവോളം യേശു വിശ്വസ്തരായ തന്റെ അപ്പോസ്തലന്മാരോടൊപ്പമിരുന്ന് അവരെ പ്രോത്സാഹിപ്പിച്ചു. ഒരു പുതിയ കാര്യം വെളിപ്പെടുത്താൻ പറ്റിയ സമയമായിരുന്നു അത്. യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.” അതിനു ശേഷം ഇങ്ങനെ വാക്കുകൊടുത്തുകൊണ്ട് യേശു അവരെ ആശ്വസിപ്പിച്ചു: “നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാൻ അതു ചെയ്തുതരും. അങ്ങനെ പുത്രൻ മുഖാന്തരം പിതാവ് മഹത്ത്വപ്പെടും. നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നത് എന്തും ഞാൻ ചെയ്തുതരും.” അവസാനം യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കൂ, നിങ്ങൾക്കു കിട്ടും. അങ്ങനെ, നിങ്ങളുടെ സന്തോഷം അതിന്റെ പരകോടിയിലെത്തും.”—യോഹന്നാൻ 14:6, 13, 14; 16:24.
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് യേശു ഇവിടെ പറഞ്ഞത്. ഒരു പുസ്തകം പറയുന്നത്, യേശുവിന്റെ ഈ വാക്കുകൾ “പ്രാർഥനയുടെ ചരിത്രത്തിലെ വഴിത്തിരിവ്” ആണെന്നാണ്. ദൈവത്തോട് പ്രാർഥിക്കുന്നതിനു പകരം തന്നോടു പ്രാർഥിക്കണമെന്നല്ല യേശു ഇവിടെ ഉദ്ദേശിച്ചത്. ദൈവമായ യഹോവയിലേക്ക് അടുത്തുചെല്ലാനുള്ള ഒരു പുതിയ വഴിയെക്കുറിച്ച് പറയുകയായിരുന്നു.
ദൈവം എല്ലാക്കാലത്തും തന്റെ വിശ്വസ്തദാസരുടെ പ്രാർഥനകൾ കേട്ടിട്ടുണ്ട്. ഇല്ലെന്നല്ല. (1 ശമുവേൽ 1:9-19; സങ്കീർത്തനം 65:2) എന്നാൽ, പിന്നീട് ദൈവം ഒരു ഉടമ്പടിയിലൂടെ ഇസ്രായേല്യരെ തന്റെ ജനതയായി തിരഞ്ഞെടുത്തു. അന്നുമുതൽ ദൈവത്തോട് പ്രാർഥിക്കുന്നവർ ഇസ്രായേല്യർ ദൈവത്തിന്റെ ജനമാണെന്ന് അംഗീകരിക്കണമായിരുന്നു. എങ്കിലേ, ദൈവം അവരുടെ പ്രാർഥന കേൾക്കുമായിരുന്നുള്ളൂ. എന്നാൽ അതിനു ശേഷം ശലോമോന്റെ കാലം ആയപ്പോൾ ബലിയർപ്പിക്കുന്നതിന് ദൈവം തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം അന്നത്തെ ദേവാലയം ആണെന്ന് അവർ അംഗീകരിക്കണമായിരുന്നു. (ആവർത്തനം 9:29; 2 ദിനവൃത്താന്തം 6:32, 33) എന്നാൽ ഇതിനെല്ലാം ഒരു മാറ്റം വന്നു. ഇസ്രായേല്യർക്കു കൊടുത്ത നിയമവും ആലയത്തിൽ അർപ്പിച്ചിരുന്ന ബലികളും “വരാനുള്ള നന്മകളുടെ നിഴലാണ്, ശരിക്കുമുള്ള രൂപമല്ല” എന്ന് പൗലോസ് അപ്പോസ്തലൻ എഴുതി. (എബ്രായർ 10:1, 2) അതായത്, നിഴൽ മാറി യാഥാർഥ്യം എന്താണോ അത് വരണമായിരുന്നു. ക്രിസ്തുവാണ് ഈ യാഥാർഥ്യം. (കൊലോസ്യർ 2:17) അതുകൊണ്ട് എ.ഡി. 33 മുതൽ യഹോവയുമായി ഒരു ബന്ധമുണ്ടായിരിക്കുന്നതിന് ഒരു വ്യക്തി മോശയുടെ നിയമമല്ല, ക്രിസ്തുയേശുവിനെയാണ് അനുസരിക്കേണ്ടത്.—യോഹന്നാൻ 15:14-16; ഗലാത്യർ 3:24, 25.
“മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര്”
യഹോവയോട് അടുത്തുചെല്ലുന്നതിനുള്ള ശ്രേഷ്ഠമായ ഒരു വഴി യേശു തുറന്നുതന്നു. അധികാരവും സ്വാധീനശേഷിയും ഉള്ള ഒരു സുഹൃത്ത് നമ്മളെ സഹായിക്കുന്നതുപോലെ യേശുവും നമ്മുടെ പ്രാർഥനകൾ ദൈവത്തിലേക്ക് എത്താൻ വഴി തുറന്നുതന്നുകൊണ്ട് നമ്മളെ സഹായിച്ചു. നമുക്കുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യാൻ യേശുവിന് കഴിയുന്നത് എന്തുകൊണ്ടാണ്?
നമ്മളെല്ലാം ജനിക്കുമ്പോഴേ പാപികളാണ്. എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും എന്തൊക്കെ ബലികൾ അർപ്പിച്ചാലും നമ്മളിലെ പാപക്കറ കഴുകിക്കളയാൻ നമുക്ക് കഴിയില്ല. പരിശുദ്ധനായ യഹോവയുമായി ഒരു ബന്ധത്തിലേക്കു വരാനും പറ്റില്ല. (റോമർ 3:20, 24; എബ്രായർ 1:3, 4) എന്നാൽ യേശു തന്റെ പൂർണതയുള്ള മനുഷ്യജീവൻ ബലിയർപ്പിക്കുകയും നമ്മുടെ പാപങ്ങൾക്കുവേണ്ടി മോചനവില കൊടുക്കുകയും ചെയ്തു. അങ്ങനെ പാപത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുത്തു. (റോമർ 5:12, 18, 19) അതുകൊണ്ട്, ഇപ്പോൾ മനുഷ്യർക്ക് ദൈവമുമ്പാകെ ശുദ്ധരായിരിക്കാനും ദൈവത്തോട് “പേടിയില്ലാതെ സംസാരിക്കാനും” കഴിയും. പക്ഷേ അതിന് മനുഷ്യർ യേശുവിന്റെ ബലിയിൽ വിശ്വസിക്കുകയും യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുകയും വേണം.—എഫെസ്യർ 3:11, 12.
ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ യേശു പല വിധങ്ങളിൽ പ്രവർത്തിക്കുന്നു. അവയിൽ മൂന്നെണ്ണമാണ് ഇനി പറയുന്നത്: (1) യേശു “ദൈവത്തിന്റെ കുഞ്ഞാട്” ആണ്. നമ്മളെ പാപത്തിൽനിന്ന് മോചിപ്പിക്കാൻ യേശു തന്റെ ജീവൻ ബലിയർപ്പിച്ചു. (2) യേശു “മഹാപുരോഹിതൻ” ആണ്. മോചനവിലയുടെ മൂല്യം ഉപയോഗിച്ച് നമ്മളെ പാപത്തിൽനിന്ന് മോചിപ്പിക്കാൻ യഹോവ യേശുവിനെ അധികാരപ്പെടുത്തിയിരിക്കുന്നു. (3) പ്രാർഥനയുമായി യഹോവയുടെ അടുത്തേക്കു ചെല്ലാനുള്ള ഒരേ ഒരു ‘വഴി’ യേശുവാണ്. യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുമ്പോൾ യേശുവിന്റെ ഈ സ്ഥാനങ്ങളെല്ലാം അംഗീകരിക്കുന്നുവെന്ന് നമ്മൾ കാണിക്കുകയാണ്.—യോഹന്നാൻ 1:29; 14:6; എബ്രായർ 4:14, 15.
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നതിലൂടെ നമ്മൾ യേശുവിനെ ബഹുമാനിക്കുകയാണ്. അങ്ങനെ ബഹുമാനിക്കുന്നത് ഉചിതവുമാണ്. കാരണം “എല്ലാവരും യേശുവിന്റെ പേരിനു മുന്നിൽ മുട്ടുകുത്താനും എല്ലാ നാവും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി പരസ്യമായി സമ്മതിച്ചുപറയാനും” ആണ് യഹോവ ആഗ്രഹിക്കുന്നത്. (ഫിലിപ്പിയർ 2:10, 11) എന്നാൽ യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത് യഹോവയെ മഹത്ത്വപ്പെടുത്തുന്നു എന്നതാണ് അതിലും പ്രധാനം. കാരണം യഹോവയാണല്ലോ തന്റെ മകനെ നമുക്ക് തന്നത്.—യോഹന്നാൻ 3:16.
നമ്മുടെ പ്രാർഥന ഒരു കടമപോലെയായിരിക്കരുത്, “മുഴുഹൃദയാ” ആയിരിക്കണം
യേശുവിന്റെ സ്ഥാനം എത്ര വലുതാണെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നതിന് ബൈബിളിൽ യേശുവിന്റെ മറ്റു പേരുകളും ചില സ്ഥാനപ്പേരുകളും കൊടുത്തിട്ടുണ്ട്. യേശു നമുക്കുവേണ്ടി ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതും ഇനി ചെയ്യാൻ പോകുന്നതും ആയ കാര്യങ്ങൾ നമുക്ക് എങ്ങനെയെല്ലാം ഗുണം ചെയ്യുമെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. (“ദൈവോദ്ദേശ്യത്തിലെ യേശുവിന്റെ പ്രധാനപ്പെട്ട സ്ഥാനം” എന്ന ചതുരം നോക്കുക.) ശരിക്കും പറഞ്ഞാൽ യഹോവ യേശുവിന് “മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര്” കൊടുത്തിരിക്കുകയാണ്.a സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും യേശുവിന് നൽകിയിരിക്കുന്നു.—ഫിലിപ്പിയർ 2:9; മത്തായി 28:18.
വെറുതെ പറഞ്ഞാൽ മാത്രം പോരാ
യഹോവ നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ നമ്മൾ യേശുവിന്റെ നാമത്തിൽ പ്രാർഥിക്കണമെന്നത് ശരിതന്നെ. (യോഹന്നാൻ 14:13, 14) എന്നാൽ പ്രാർഥിക്കുമ്പോഴൊക്കെ “യേശുവിന്റെ നാമത്തിൽ” എന്ന പദപ്രയോഗം വെറുതെയങ്ങു പറയണമെന്നല്ല അതിനർഥം. എന്താണ് അതിന്റെ വ്യത്യാസം?
ഒരു ഉദാഹരണം നോക്കാം. ഒരു ബിസിനെസ്സുകാരൻ നിങ്ങൾക്ക് ഒരു കത്ത് അയയ്ക്കുന്നു. ആ കത്തിന്റെ ഒടുവിൽ “എന്ന് വിശ്വസ്തതയോടെ” എന്ന് എഴുതിയിട്ടുണ്ടാകും. അത് ആ ബിസിനെസ്സുകാരൻ ഉള്ളിന്റെ ഉള്ളിൽ തോന്നിയിട്ട് പറയുന്നതാണോ? അതോ കത്ത് എഴുതുന്ന രീതി അതായതുകൊണ്ട് മാത്രം എഴുതിയതായിരിക്കുമോ? പ്രാർഥനയിൽ “യേശുവിന്റെ നാമത്തിൽ” എന്നു പറയുമ്പോൾ അത് ആ ബിസിനെസ്സുകാരന്റെ കത്തിലെ അവസാനവാക്കുകൾ പോലെ വെറുതെ ഒരു പേരിന് പറയുന്നതായിരിക്കരുത്. നമ്മൾ ‘ഇടവിടാതെ പ്രാർഥിക്കണം.’ എന്നാൽ അത് ഒരു കടമപോലെയല്ല, “മുഴുഹൃദയാ” ആയിരിക്കണം.—1 തെസ്സലോനിക്യർ 5:17; സങ്കീർത്തനം 119:145.
പ്രാർഥിക്കുമ്പോൾ “യേശുവിന്റെ നാമത്തിൽ” എന്ന് വെറുതെ ഒരു പേരിനു പറയുന്നത് എങ്ങനെ ഒഴിവാക്കാം? യേശുവിന്റെ നല്ലനല്ല ഗുണങ്ങൾ, യേശു നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ, ചെയ്യാനിരിക്കുന്ന കാര്യങ്ങൾ ഇവയെക്കുറിച്ചൊക്കെ ചിന്തിച്ചുനോക്കുക. യഹോവ നിങ്ങൾക്കുവേണ്ടി തന്റെ മകനെ എങ്ങനെയെല്ലാമാണ് ഉപയോഗിച്ചിരിക്കുന്നത്? പ്രാർഥിക്കുമ്പോൾ അതിനെല്ലാം വേണ്ടി യഹോവയോട് നന്ദി പറയാം, യഹോവയെ സ്തുതിക്കാം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കാര്യത്തിലും യേശു ഈ വാക്കു പാലിക്കുമെന്ന് നിങ്ങൾക്ക് കൂടുതൽ ഉറപ്പുണ്ടായിരിക്കും: “നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.”—യോഹന്നാൻ 16:23.
a ഒരു നിഘണ്ടു പറയുന്നതനുസരിച്ച് “പേര്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കിന് “അധികാരം, സ്വഭാവം, പദവി, പ്രതാപം, ശക്തി, മേന്മ എന്നിങ്ങനെ ഒരു പേരിന് ഉൾക്കൊള്ളാനാകുന്ന എല്ലാ അർഥതലങ്ങളെയും” സൂചിപ്പിക്കാനാകും.