ഫിലിപ്പിയിലുള്ളവർക്ക് എഴുതിയ കത്ത്
3 അവസാനമായി എന്റെ സഹോദരങ്ങളേ, കർത്താവിൽ എപ്പോഴും സന്തോഷിക്കുക.+ ഒരേ കാര്യങ്ങൾതന്നെ നിങ്ങൾക്കു വീണ്ടും എഴുതുന്നതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. നിങ്ങളുടെ സുരക്ഷയെ കരുതിയാണു ഞാൻ അങ്ങനെ ചെയ്യുന്നത്.
2 നായ്ക്കളെ സൂക്ഷിക്കുക. അതുപോലെ, ഹാനികരമായ കാര്യങ്ങൾ ചെയ്യുന്നവരെയും അംഗഭംഗം വരുത്തുന്നവരെയും സൂക്ഷിക്കണം.+ 3 യഥാർഥപരിച്ഛേദന* ഏറ്റവർ നമ്മളാണല്ലോ;+ ദൈവാത്മാവിന്റെ സഹായത്താൽ വിശുദ്ധസേവനം അനുഷ്ഠിക്കുകയും ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും+ ജഡികകാര്യങ്ങളിൽ* ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന ഈ നമ്മൾ! 4 അഥവാ ആർക്കെങ്കിലും ജഡികകാര്യങ്ങളിൽ ആശ്രയിക്കാൻ വകയുണ്ടെങ്കിൽ അത് എനിക്കാണ്.
ഇനി, ജഡികകാര്യങ്ങളിൽ ആശ്രയിക്കാൻ വകയുണ്ടെന്നു മറ്റാരെങ്കിലും കരുതുന്നെങ്കിൽ അയാളെക്കാൾ എനിക്കാണ് അക്കാര്യത്തിൽ കൂടുതൽ അവകാശം: 5 എട്ടാം ദിവസം പരിച്ഛേദനയേറ്റവൻ,+ ഇസ്രായേൽവംശജൻ, ബന്യാമീൻ ഗോത്രക്കാരൻ, എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ,+ നിയമത്തിന്റെ* കാര്യത്തിൽ പരീശൻ,+ 6 തീക്ഷ്ണതയുടെ കാര്യത്തിൽ സഭയെ ഉപദ്രവിച്ചവൻ,+ നിയമപ്രകാരമുള്ള നീതിയിൽ കുറ്റമറ്റവൻ. 7 എങ്കിലും എനിക്കു നേട്ടമായിരുന്ന കാര്യങ്ങളൊക്കെ ക്രിസ്തുവിനുവേണ്ടി ഞാൻ എഴുതിത്തള്ളി.*+ 8 എന്തിനധികം, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള അറിവിന്റെ അതിവിശിഷ്ട മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നും ഒരു നഷ്ടമായി ഞാൻ കണക്കാക്കുന്നില്ല.* ക്രിസ്തുവിനുവേണ്ടി ഞാൻ ആ നഷ്ടം സഹിക്കുകയും അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി* കണക്കാക്കുകയും ചെയ്തിരിക്കുന്നു. 9 നിയമം അനുസരിക്കുന്നതുകൊണ്ടുള്ള എന്റെ സ്വന്തം നീതിയുടെ പേരിലല്ല, ക്രിസ്തുവിനെ വിശ്വസിക്കുന്നതുകൊണ്ടുള്ള നീതിയുടെ പേരിൽ,+ അതായത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദൈവം നൽകുന്ന നീതിയുടെ പേരിൽ,+ ക്രിസ്തുവിനെ നേടാനും ക്രിസ്തുവിനോടു യോജിപ്പിലാകാനും വേണ്ടിയാണു ഞാൻ അതു ചെയ്തത്. 10 എന്റെ ലക്ഷ്യം ഇതാണ്: ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയണം,+ ക്രിസ്തുവിന്റേതുപോലുള്ള ഒരു മരണം വരിച്ച്+ ക്രിസ്തുവിന്റെ യാതനകളിൽ പങ്കുചേരണം.+ 11 അങ്ങനെ, മരിച്ചവരുടെ ഇടയിൽനിന്ന് നേരത്തേ നടക്കുന്ന പുനരുത്ഥാനത്തിൽ+ എങ്ങനെയെങ്കിലും എനിക്കുമുണ്ടാകാൻ കഴിയുമോ എന്നു നോക്കണം.
12 അതു ഞാൻ നേടിക്കഴിഞ്ഞെന്നോ ഞാൻ പരിപൂർണനായെന്നോ അല്ല; ക്രിസ്തുയേശു എന്നെ എന്തിനുവേണ്ടി തിരഞ്ഞെടുത്തോ+ അതു സ്വന്തമാക്കാൻ ഞാൻ പരിശ്രമിക്കുന്നെന്നേ ഉള്ളൂ.+ 13 സഹോദരങ്ങളേ, അതു സ്വന്തമാക്കിക്കഴിഞ്ഞെന്നു ഞാൻ കരുതുന്നില്ല. പക്ഷേ ഒരു കാര്യം തീർച്ച: പിന്നിലുള്ളതു മറന്നും+ മുന്നിലുള്ളതിനുവേണ്ടി ആഞ്ഞും കൊണ്ട്+ 14 ക്രിസ്തുയേശുവിലൂടെ ദൈവം തരുന്ന സ്വർഗീയവിളിയെന്ന+ സമ്മാനത്തിനുവേണ്ടി ഞാൻ ലക്ഷ്യത്തിലേക്കു കുതിക്കുകയാണ്.+ 15 നമ്മളിൽ പക്വതയുള്ളവർക്കെല്ലാം+ ഇതേ മനോഭാവമാണു വേണ്ടത്. ഇനി, മറ്റൊന്നാണു നിങ്ങൾക്കുള്ളതെങ്കിൽ ശരിയായ മനോഭാവം ദൈവം നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. 16 എന്തുതന്നെയായാലും, നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.
17 സഹോദരങ്ങളേ, നിങ്ങളെല്ലാം ഒരുപോലെ എന്റെ അനുകാരികളാകുക.+ ഞങ്ങൾ നിങ്ങൾക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് ജീവിക്കുന്നവരെയും കണ്ടുപഠിക്കുക. 18 കാരണം ക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിനു* ശത്രുക്കളായി നടക്കുന്നവർ ധാരാളമുണ്ട്. അവരെക്കുറിച്ച് ഞാൻ മുമ്പ് പലവട്ടം നിങ്ങളോടു പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ണീരോടെയാണ് അവരെക്കുറിച്ച് പറയുന്നത്. 19 നാശമാണ് അവരെ കാത്തിരിക്കുന്നത്. വയറാണ് അവരുടെ ദൈവം. അവർ അഭിമാനിക്കുന്ന കാര്യങ്ങൾ അവരെ നാണംകെടുത്തും. അവരുടെ മനസ്സു മുഴുവൻ ഭൂമിയിലെ കാര്യങ്ങളിലാണ്.+ 20 പക്ഷേ നമ്മുടെ പൗരത്വം+ സ്വർഗത്തിലാണ്.+ അവിടെനിന്ന് വരുന്ന കർത്താവായ യേശുക്രിസ്തു എന്ന രക്ഷകനുവേണ്ടിയാണു നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.+ 21 എല്ലാത്തിനെയും കീഴ്പെടുത്താൻപോന്ന മഹാശക്തിയുള്ള+ ക്രിസ്തു തന്റെ ആ ശക്തി ഉപയോഗിച്ച് നമ്മുടെ എളിയ ശരീരങ്ങളെ തന്റെ മഹത്ത്വമാർന്ന ശരീരംപോലെ* രൂപാന്തരപ്പെടുത്തും.+