യോശുവ
2 പിന്നെ, നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന്+ രണ്ടു പുരുഷന്മാരെ രഹസ്യത്തിൽ ചാരന്മാരായി അയച്ചു. യോശുവ അവരോടു പറഞ്ഞു: “പോയി ദേശം സൂക്ഷ്മമായി നിരീക്ഷിക്കുക, പ്രത്യേകിച്ച് യരീഹൊ.” അങ്ങനെ അവർ പുറപ്പെട്ട് രാഹാബ്+ എന്നു പേരുള്ള ഒരു വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ താമസിച്ചു. 2 പക്ഷേ, “ദേശം ഒറ്റുനോക്കാൻ ഈ രാത്രി ഇസ്രായേല്യപുരുഷന്മാർ ഇവിടെ വന്നിട്ടുണ്ട്” എന്ന് യരീഹൊയിലെ രാജാവിനു വിവരം കിട്ടി. 3 അപ്പോൾ യരീഹൊരാജാവ് രാഹാബിന് ഇങ്ങനെയൊരു സന്ദേശം കൊടുത്തയച്ചു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷന്മാരെ പുറത്ത് കൊണ്ടുവരുക. കാരണം അവർ ഈ ദേശം മുഴുവൻ ഒറ്റുനോക്കാൻ വന്നവരാണ്.”
4 എന്നാൽ, രാഹാബ് ആ രണ്ടു പുരുഷന്മാരെ കൊണ്ടുപോയി ഒളിപ്പിച്ചു. എന്നിട്ട്, പറഞ്ഞു: “ആ പുരുഷന്മാർ എന്റെ അടുത്ത് വന്നു എന്നതു ശരിയാണ്. പക്ഷേ, അവർ എവിടെനിന്നുള്ളവരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 5 ഇരുട്ടിയപ്പോൾ, നഗരകവാടം അടയ്ക്കുന്നതിനു തൊട്ടുമുമ്പ് അവർ പോയി. അവർ എങ്ങോട്ടു പോയെന്ന് എനിക്ക് അറിയില്ല. ഉടനെ പിന്തുടർന്നുചെന്നാൽ ഒരുപക്ഷേ നിങ്ങൾക്ക് അവരുടെ ഒപ്പം എത്താം.” 6 (രാഹാബോ അവരെ വീടിനു മുകളിൽ കൊണ്ടുപോയി അവിടെ നിരനിരയായി അടുക്കിവെച്ചിരുന്ന ഫ്ളാക്സ് ചെടിത്തണ്ടുകൾക്കിടയിൽ ഒളിപ്പിച്ചിരുന്നു.) 7 അങ്ങനെ, ആ പുരുഷന്മാർ അവരെ അന്വേഷിച്ച് യോർദാൻ നദിയുടെ കടവുകൾ+ ലക്ഷ്യമാക്കി പോയി. അന്വേഷിച്ച് പോയവർ പുറത്ത് കടന്ന ഉടനെ നഗരകവാടം അടച്ചു.
8 ആ രണ്ടു പുരുഷന്മാർ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് രാഹാബ് വീടിനു മുകളിൽ അവരുടെ അടുത്ത് ചെന്നു. 9 രാഹാബ് അവരോടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെക്കുറിച്ചുള്ള പേടി ഞങ്ങളെ ബാധിച്ചിരിക്കുന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസിക്കുന്നവരുടെയെല്ലാം മനസ്സിടിഞ്ഞുപോയിരിക്കുന്നു;+ 10 കാരണം, നിങ്ങൾ ഈജിപ്ത് വിട്ട് പോരുമ്പോൾ യഹോവ നിങ്ങളുടെ മുന്നിൽ ചെങ്കടലിലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ചും+ യോർദാന്റെ മറുകരയിൽവെച്ച്* രണ്ട് അമോര്യരാജാക്കന്മാരായ സീഹോനെയും+ ഓഗിനെയും+ നിശ്ശേഷം നശിപ്പിച്ചുകൊണ്ട് നിങ്ങൾ അവരോടു ചെയ്തതിനെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. 11 അതു കേട്ടപ്പോൾത്തന്നെ ഞങ്ങളുടെ ഹൃദയത്തിൽ ഭയം നിറഞ്ഞു.* നിങ്ങൾ കാരണം എല്ലാവരുടെയും ധൈര്യം ചോർന്നുപോയിരിക്കുന്നു.* നിങ്ങളുടെ ദൈവമായ യഹോവ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും ദൈവമാണല്ലോ.+ 12 ഞാൻ നിങ്ങളോട് അചഞ്ചലമായ സ്നേഹം കാണിച്ചതുകൊണ്ട് നിങ്ങളും എന്റെ പിതൃഭവനത്തോട്* അചഞ്ചലമായ സ്നേഹം കാണിക്കുമെന്നു ദയവായി ഇപ്പോൾ യഹോവയുടെ നാമത്തിൽ എന്നോടു സത്യം ചെയ്താലും. ഉറപ്പിനുവേണ്ടി നിങ്ങൾ എനിക്ക് ഒരു അടയാളം തരുകയും വേണം. 13 നിങ്ങൾ എന്റെ അപ്പന്റെയും അമ്മയുടെയും സഹോദരീസഹോദരന്മാരുടെയും അവർക്കുള്ള ആരുടെയും ജീവനു ഹാനി വരുത്തരുത്; ഞങ്ങളെ മരണത്തിൽനിന്ന് രക്ഷിക്കണം.”+
14 അപ്പോൾ, ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: “നിങ്ങളുടെ ജീവനു പകരം ഞങ്ങൾ ഞങ്ങളുടെ ജീവൻ തരും! ഞങ്ങളുടെ ദൗത്യത്തെക്കുറിച്ച് ആരോടും പറയാതിരുന്നാൽ, ഞങ്ങൾ രാഹാബിനോടു വിശ്വസ്തരായിരിക്കും. യഹോവ ഞങ്ങൾക്ക് ഈ ദേശം തരുമ്പോൾ ഞങ്ങൾ അചഞ്ചലമായ സ്നേഹം കാണിക്കും.” 15 അതിനു ശേഷം, രാഹാബ് അവരെ ജനലിൽക്കൂടി ഒരു കയർവഴി ഇറക്കിവിട്ടു.+ കാരണം, നഗരമതിലിന്റെ ഒരു വശത്തായിരുന്നു രാഹാബിന്റെ വീട്. വാസ്തവത്തിൽ, നഗരമതിലിൽത്തന്നെയാണു രാഹാബ് താമസിച്ചിരുന്നത്. 16 രാഹാബ് അവരോടു പറഞ്ഞു: “നിങ്ങൾ മലനാട്ടിലേക്കു പോയി മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കണം. അങ്ങനെയാകുമ്പോൾ നിങ്ങളെ തിരഞ്ഞുപോകുന്നവർക്കു നിങ്ങളെ കണ്ടെത്താനാകില്ല. നിങ്ങളെ പിന്തുടർന്ന് പോയവർ മടങ്ങിയെത്തിയശേഷം നിങ്ങൾക്കു നിങ്ങളുടെ വഴിക്കു പോകാം.”
17 ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: “ഞങ്ങൾ പറയുന്നതുപോലെ ചെയ്യുന്നില്ലെങ്കിൽ ഞങ്ങളെക്കൊണ്ട് ഇടുവിച്ച ഈ ആണയുടെ കാര്യത്തിൽ ഞങ്ങൾ കുറ്റമില്ലാത്തവരായിരിക്കും:+ 18 ഞങ്ങൾ ഈ ദേശത്തേക്കു വരുമ്പോൾ, ഞങ്ങളെ ഇറക്കിവിട്ട ജനലിൽ ഈ കടുഞ്ചുവപ്പുചരടു കെട്ടിയിരിക്കണം. അപ്പനെയും അമ്മയെയും സഹോദരങ്ങളെയും പിതൃഭവനത്തിലുള്ള എല്ലാവരെയും രാഹാബിന്റെകൂടെ ഈ വീട്ടിൽ ഒരുമിച്ചുകൂട്ടുകയും വേണം.+ 19 ആരെങ്കിലും വീട്ടിൽനിന്ന് പുറത്ത് ഇറങ്ങിയാൽ അയാളുടെ രക്തത്തിന് അയാൾത്തന്നെയായിരിക്കും ഉത്തരവാദി. ഞങ്ങൾ പക്ഷേ കുറ്റമില്ലാത്തവരായിരിക്കും. രാഹാബിന്റെകൂടെ വീട്ടിലായിരിക്കുന്ന ആർക്കെങ്കിലുമാണു ഹാനി വരുന്നതെങ്കിൽ* അയാളുടെ രക്തത്തിനു ഞങ്ങളായിരിക്കും ഉത്തരവാദികൾ. 20 പക്ഷേ, ഞങ്ങളുടെ ദൗത്യത്തെക്കുറിച്ച് ആർക്കെങ്കിലും വിവരം കൊടുത്താൽ,+ ഞങ്ങളെക്കൊണ്ട് ഇടുവിച്ച ഈ ആണയുടെ കാര്യത്തിൽ ഞങ്ങൾ കുറ്റമില്ലാത്തവരായിരിക്കും.” 21 അപ്പോൾ രാഹാബ്, “നിങ്ങൾ പറഞ്ഞതുപോലെതന്നെയാകട്ടെ” എന്നു പറഞ്ഞു.
എന്നിട്ട്, അവരെ യാത്രയാക്കി. അവർ അവിടെനിന്ന് പോയി. അതിനു ശേഷം, രാഹാബ് ആ കടുഞ്ചുവപ്പുചരടു ജനലിൽ കെട്ടിയിട്ടു. 22 അവരോ, മലനാട്ടിലേക്കു പോയി; പിന്തുടർന്നുപോയവർ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം അവിടെ താമസിച്ചു. തിരഞ്ഞുപോയവർ എല്ലാ വഴികളിലും അന്വേഷിച്ചെങ്കിലും അവരെ കണ്ടില്ല. 23 പിന്നെ, ആ രണ്ടു പുരുഷന്മാർ മലനാട്ടിൽനിന്ന് ഇറങ്ങി നദി കടന്ന് നൂന്റെ മകനായ യോശുവയുടെ അടുത്തെത്തി. സംഭവിച്ചതെല്ലാം അവർ യോശുവയോടു പറഞ്ഞു. 24 അവർ യോശുവയോട് ഇതുംകൂടെ പറഞ്ഞു: “ആ ദേശം മുഴുവൻ യഹോവ നമുക്ക് ഏൽപ്പിച്ചുതന്നിരിക്കുന്നു.+ വാസ്തവത്തിൽ, നമ്മൾ കാരണം ആ നാട്ടിലുള്ളവരുടെയെല്ലാം മനസ്സിടിഞ്ഞിരിക്കുകയാണ്.”+