യഹസ്കേൽ
21 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, നിന്റെ മുഖം യരുശലേമിനു നേർക്കു തിരിക്കൂ! വിശുദ്ധസ്ഥലങ്ങൾക്കെതിരെ ഘോഷിക്കൂ! ഇസ്രായേൽ ദേശത്തിന് എതിരെ പ്രവചിക്കൂ! 3 ഇസ്രായേൽ ദേശത്തോടു പറയണം: ‘യഹോവ പറയുന്നു: “ഞാൻ ഇതാ, നിനക്ക് എതിരാണ്. ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരി+ നിന്റെ ഇടയിലുള്ള നീതിമാന്മാരെയും ദുഷ്ടന്മാരെയും നിഗ്രഹിക്കും. 4 നിന്റെ ഇടയിലുള്ള നീതിമാന്മാരെയും ദുഷ്ടന്മാരെയും നിഗ്രഹിക്കാൻ ഉദ്ദേശിക്കുന്നതുകൊണ്ട് തെക്കുമുതൽ വടക്കുവരെയുള്ള എല്ലാവർക്കും എതിരെ ഞാൻ എന്റെ വാൾ ഊരും. 5 യഹോവ എന്ന ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരിയെന്നു ജനം മുഴുവൻ അറിയേണ്ടിവരും. ഇനി ഒരിക്കലും അതു തിരിച്ച് ഉറയിൽ ഇടില്ല.”’+
6 “മനുഷ്യപുത്രാ, നീ* വിറയലോടെ നെടുവീർപ്പിടുക. അവർ കാൺകെ അതിദുഃഖത്തോടെ നെടുവീർപ്പിടൂ!+ 7 അവർ നിന്നോട്, ‘എന്തിനാണു നെടുവീർപ്പിടുന്നത്’ എന്നു ചോദിച്ചാൽ ‘ഒരു വാർത്ത കേട്ടിട്ടാണ്’ എന്നു പറയണം. കാരണം, അതു നിശ്ചയമായും വരും. എല്ലാവരുടെയും ഹൃദയം പേടിച്ച് ഉരുകിപ്പോകും. എല്ലാ കൈകളും തളർന്ന് തൂങ്ങും. എല്ലാവരും* നിരാശയിലാകും. സകലരുടെയും കാൽമുട്ടുകളിൽനിന്ന് വെള്ളം ഇറ്റിറ്റുവീഴും.*+ ‘അതു നിശ്ചയമായും വരും! അതു സംഭവിച്ചിരിക്കും!’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
8 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 9 “മനുഷ്യപുത്രാ, ഇങ്ങനെ പ്രവചിക്കൂ: ‘യഹോവ പറയുന്നത് ഇതാണ്: “ഇങ്ങനെ പറയൂ: ‘ഒരു വാൾ! ഒരു വാൾ!+ അതിനു മൂർച്ച കൂട്ടിയിരിക്കുന്നു. അതു മിനുക്കിയെടുത്തിരിക്കുന്നു. 10 ഒരു മഹാസംഹാരത്തിനുവേണ്ടി അതിന്റെ മൂർച്ച കൂട്ടിയിരിക്കുന്നു. മിന്നൽപോലെ വെട്ടിത്തിളങ്ങാൻ അതു മിനുക്കിയെടുത്തിരിക്കുന്നു.’”’”
“നമ്മൾ സന്തോഷിക്കേണ്ടതല്ലേ?”
“‘അതു* മരങ്ങളെയൊന്നും വകവെക്കാത്തതുപോലെ എന്റെ മകന്റെ ചെങ്കോലിനെയും വകവെക്കാതിരിക്കുമോ?+
11 “‘അതു മിനുക്കിയെടുക്കാൻ കൊടുത്തിരിക്കുന്നു. കൈയിലെടുത്ത് പ്രയോഗിക്കാനുള്ളതാണ് അത്. വധനിർവാഹകന്റെ+ കൈയിൽ കൊടുക്കാൻ ആ വാൾ മൂർച്ച കൂട്ടി മിനുക്കിയെടുത്തിരിക്കുന്നു.
12 “‘മനുഷ്യപുത്രാ, അലമുറയിട്ട് കരയൂ!+ അത് എന്റെ ജനത്തിന് എതിരെ വന്നിരിക്കുന്നു. ഇസ്രായേലിലെ എല്ലാ തലവന്മാർക്കെതിരെയും അതു വന്നിരിക്കുന്നു.+ എന്റെ ജനത്തോടൊപ്പം അവരുടെ തലവന്മാരും വാളിന് ഇരയാകും. അതുകൊണ്ട്, വ്യസനത്തോടെ നിന്റെ തുടയിൽ അടിക്കൂ! 13 കാരണം, പരിശോധന നടത്തിക്കഴിഞ്ഞു.+ വാൾ ചെങ്കോലിനെ വകവെക്കാതിരുന്നാൽ എന്തായിരിക്കും സംഭവിക്കുക? അത്* ഇല്ലാതാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
14 “മനുഷ്യപുത്രാ, നീ പ്രവചിക്കൂ! കൈ കൊട്ടിക്കൊണ്ട് ‘ഒരു വാൾ’ എന്നു മൂന്നു പ്രാവശ്യം പറയുക. അത് ആളുകളെ അരിഞ്ഞുവീഴ്ത്തുന്ന വാളാണ്. മഹാസംഹാരത്തിന്റെ വാൾ! അത് അവർക്കു ചുറ്റുമുണ്ട്.+ 15 പേടികൊണ്ട് അവരുടെ ഹൃദയം ഉരുകിപ്പോകും.+ അവരുടെ നഗരകവാടങ്ങളിൽ അനേകർ വീഴും. വാളുകൊണ്ട് ഞാൻ കൂട്ടക്കൊല നടത്തും. അതെ, മിന്നൽപോലെ അതു വെട്ടിത്തിളങ്ങുന്നു! സംഹാരത്തിനുവേണ്ടി അതു മിനുക്കിയെടുത്തിരിക്കുന്നു! 16 വാൾ നേരെ വലത്തോട്ടു വീശൂ! ഇടത്തോട്ടു വെട്ടൂ! വായ്ത്തല തിരിയുന്നിടത്തേക്കെല്ലാം വെട്ടുക. 17 ഞാനും കൈ കൊട്ടും. എന്റെ ഉഗ്രകോപം ശമിക്കുകയും ചെയ്യും.+ യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്.”
18 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 19 “മനുഷ്യപുത്രാ, ബാബിലോൺരാജാവിന്റെ വാളിനു വരാനുള്ള രണ്ടു വഴികൾ നീ അടയാളപ്പെടുത്തുക. രണ്ടു വഴിയും ഒരേ ദേശത്തുനിന്ന് പുറപ്പെടണം. രണ്ടു നഗരങ്ങളിലേക്കായി വഴി പിരിയുന്നിടത്ത് ഒരു ചൂണ്ടുപലക* വെക്കണം. 20 വാളിന് അമ്മോന്യരുടെ രബ്ബയ്ക്കെതിരെ+ വരാൻ നീ ഒരു വഴി അടയാളപ്പെടുത്തണം. മറ്റേ വഴി യഹൂദയിലെ കോട്ടമതിലുള്ള യരുശലേമിലേക്കും+ അടയാളപ്പെടുത്തണം. 21 ഭാവിഫലം നോക്കാൻ ബാബിലോൺരാജാവ്, വഴി രണ്ടായി പിരിയുന്ന ആ സ്ഥലത്ത് നിൽക്കുന്നു. അവൻ അമ്പു കുലുക്കുന്നു. വിഗ്രഹങ്ങളോട്* ഉപദേശം ചോദിക്കുന്നു. അവൻ കരൾ നോക്കുന്നു. 22 ഭാവിഫലം അവന്റെ വലതുകൈയിലുണ്ട്. അത് യരുശലേമിലേക്കു പോകാൻ നിർദേശിക്കുന്നു. അവിടെ ചെന്ന് യന്ത്രമുട്ടികൾ സ്ഥാപിക്കാനും കൂട്ടക്കൊലയ്ക്ക് ഉത്തരവിടാനും യുദ്ധാരവം മുഴക്കാനും കവാടങ്ങൾക്കു നേരെ യന്ത്രമുട്ടികൾ സ്ഥാപിക്കാനും ആക്രമിക്കാൻവേണ്ടി ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കാനും ഉപരോധമതിൽ+ പണിയാനും ആണ് നിർദേശം. 23 പക്ഷേ, അവരോട് ആണയിട്ടവർക്ക്* അത് ഒരു വ്യാജ ഭാവിഫലപ്രവചനമായേ തോന്നൂ.+ പക്ഷേ, അവരുടെ കുറ്റം മറന്നുകളയാതെ അവൻ അവരെ പിടികൂടും.+
24 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങൾ നിങ്ങളുടെ ലംഘനങ്ങൾ പരസ്യമാക്കി. നിങ്ങളുടെ പ്രവൃത്തികളിലെല്ലാം നിങ്ങളുടെ പാപം കാണാം. അതുവഴി, നിങ്ങളുടെ കുറ്റം ഓർക്കാൻ നിങ്ങൾ ഇടവരുത്തിയിരിക്കുന്നു. അങ്ങനെ നിങ്ങളെ ഓർത്തതുകൊണ്ട് നിങ്ങളെ ബലമായി* പിടിച്ചുകൊണ്ടുപോകും.’
25 “ദുഷ്ടനായ ഇസ്രായേൽതലവനേ,+ മാരകമായി മുറിവേറ്റവനേ, നിന്റെ ദിവസം, നിന്റെ അന്തിമശിക്ഷയുടെ സമയം, വന്നിരിക്കുന്നു. 26 പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘തലപ്പാവ് ഊരുക! കിരീടം നീക്കുക!+ കാര്യങ്ങളൊന്നും ഇനി പഴയതുപോലെയായിരിക്കില്ല.+ താഴ്ന്നവനെ ഉയർത്തൂ!+ ഉയർന്നവനെ താഴ്ത്തൂ!+ 27 നാശം! അതിനു നാശം! അതിനെ ഞാൻ നാശകൂമ്പാരമാക്കും! നിയമപരമായി അവകാശമുള്ളവൻ വരുന്നതുവരെ അത് ആരുടേതുമായിരിക്കില്ല.+ അവകാശമുള്ളവൻ വരുമ്പോൾ ഞാൻ അത് അവനു കൊടുക്കും.’+
28 “മനുഷ്യപുത്രാ, നീ ഇങ്ങനെ പ്രവചിക്കണം: ‘അമ്മോന്യരെക്കുറിച്ചും അവരുടെ അധിക്ഷേപത്തെക്കുറിച്ചും പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്.’ നീ അവരോടു പറയണം: ‘ഒരു വാൾ! കൂട്ടക്കൊല ചെയ്യാൻ ഒരു വാൾ ഊരിയിരിക്കുന്നു. വിഴുങ്ങിക്കളയാനും മിന്നൽപോലെ വെട്ടിത്തിളങ്ങാനും അതു മിനുക്കിയെടുത്തിരിക്കുന്നു. 29 നിന്നെക്കുറിച്ച് വ്യാജമായ ദർശനങ്ങളും ഭാവിഫലപ്രവചനവും ഉണ്ടെങ്കിലും തങ്ങളുടെ ദിവസം വന്നെത്തിയ ദുഷ്ടന്മാരുടെ ശവങ്ങൾക്കു* മുകളിൽ, തങ്ങളുടെ അന്തിമശിക്ഷയുടെ സമയം വന്നവരുടെ ജഡങ്ങൾക്കു* മുകളിൽ, നിന്നെ കൂമ്പാരംകൂട്ടും. 30 അതു തിരിച്ച് ഉറയിൽ ഇടുക. നിന്നെ സൃഷ്ടിച്ച സ്ഥലത്തുവെച്ച്, നിന്റെ ജന്മദേശത്തുവെച്ചുതന്നെ, നിന്നെ ഞാൻ വിധിക്കും. 31 എന്റെ ധാർമികരോഷം ഞാൻ നിന്റെ മേൽ ചൊരിയും. ഞാൻ എന്റെ കോപാഗ്നി നിന്റെ നേരെ അയയ്ക്കും. ഞാൻ നിന്നെ സംഹാരവിരുതരായ നിഷ്ഠുരന്മാരുടെ കൈയിൽ ഏൽപ്പിക്കും.+ 32 നിന്നെ തീ തിന്നുകളയും.+ ദേശത്ത് നിന്റെ രക്തം വീഴും. നിന്നെ ആരും ഓർക്കുകയില്ല. കാരണം, യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.’”