എബ്രായർക്ക് എഴുതിയ കത്ത്
6 അതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളെല്ലാം+ പഠിച്ചുകഴിഞ്ഞ നമ്മൾ പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം.+ അല്ലാതെ, പ്രയോജനമില്ലാത്ത പ്രവൃത്തികളെക്കുറിച്ചുള്ള പശ്ചാത്താപം, ദൈവത്തിലുള്ള വിശ്വാസം, 2 സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പ്,+ മരിച്ചവരുടെ പുനരുത്ഥാനം,+ നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം വീണ്ടും ഇടുകയല്ല വേണ്ടത്. 3 ദൈവം അനുവദിക്കുന്നെങ്കിൽ നമ്മൾ പക്വത നേടും.
4 സത്യത്തിന്റെ വെളിച്ചവും+ പരിശുദ്ധാത്മാവും ലഭിക്കുകയും സ്വർഗീയസമ്മാനവും 5 ശ്രേഷ്ഠമായ ദൈവവചനവും രുചിച്ചറിയുകയും വരാനിരിക്കുന്ന വ്യവസ്ഥിതിയുടെ* ശക്തികൾ അനുഭവിച്ചറിയുകയും ചെയ്തവർ 6 വീണുപോയാൽ+ അവരെ പശ്ചാത്താപത്തിലേക്കു* തിരിച്ചുകൊണ്ടുവരാൻ പറ്റില്ല. കാരണം അവർ ദൈവപുത്രനെ വീണ്ടും സ്തംഭത്തിൽ തറയ്ക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നു.+ 7 കൂടെക്കൂടെ പെയ്യുന്ന മഴ കുടിച്ച് നിലം, അതിൽ കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ സസ്യങ്ങൾ മുളപ്പിക്കുന്നെങ്കിൽ അതിനു ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നു. 8 മുൾച്ചെടിയും ഞെരിഞ്ഞിലും ആണ് മുളപ്പിക്കുന്നതെങ്കിലോ അതിനെ ഉപേക്ഷിക്കും; അതിന്മേൽ പെട്ടെന്നുതന്നെ ശാപം വരും. ഒടുവിൽ അതിനെ തീക്കിരയാക്കും.
9 എന്നാൽ പ്രിയപ്പെട്ടവരേ, നിങ്ങളോട് ഇങ്ങനെയൊക്കെ പറഞ്ഞാലും നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്കു ശുഭപ്രതീക്ഷയാണുള്ളത്. രക്ഷയിലേക്കു നയിക്കുന്ന നന്മകൾ നിങ്ങൾക്കുണ്ടെന്നു ഞങ്ങൾക്ക് ഉറപ്പാണ്. 10 വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും+ നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല. 11 എന്നാൽ നിങ്ങൾ ഓരോരുത്തരും ഇപ്പോഴുള്ള അതേ ഉത്സാഹം തുടർന്നും കാണിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ നിങ്ങളുടെ പ്രത്യാശ സഫലമാകുമെന്നു+ നിങ്ങൾക്ക് അവസാനംവരെ+ പൂർണബോധ്യമുള്ളവരായിരിക്കാൻ കഴിയൂ. 12 അങ്ങനെ നിങ്ങൾ മടിയില്ലാത്തവരായി,+ വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും വാഗ്ദാനങ്ങൾ അവകാശമാക്കിയവരെ അനുകരിക്കുന്നവരാകും.
13 ദൈവം അബ്രാഹാമിനു വാഗ്ദാനം നൽകിയപ്പോൾ, തന്നെക്കാൾ വലിയ ആരുമില്ലാത്തതുകൊണ്ട് തന്നെക്കൊണ്ടുതന്നെ സത്യം ചെയ്ത്+ ഇങ്ങനെ പറഞ്ഞു: 14 “ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും; ഞാൻ നിന്നെ ഉറപ്പായും വർധിപ്പിക്കും.”+ 15 ക്ഷമയോടെ കാത്തിരുന്നശേഷമാണ് അബ്രാഹാമിന് ഈ വാഗ്ദാനം ലഭിച്ചത്. 16 തങ്ങളെക്കാൾ വലിയവരുടെ പേര് പറഞ്ഞാണല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്. അവർ ചെയ്യുന്ന സത്യം എല്ലാ തർക്കങ്ങൾക്കും തീർപ്പുവരുത്തുന്നു. കാരണം അതിനു നിയമസാധുതയുണ്ട്.+ 17 തന്റെ ഉദ്ദേശ്യം മാറ്റമില്ലാത്തതാണെന്നു വാഗ്ദാനത്തിന്റെ അവകാശികൾക്കു+ കൂടുതൽ വ്യക്തമായി കാണിച്ചുകൊടുക്കാൻ തീരുമാനിച്ചപ്പോൾ, ദൈവവും ഒരു സത്യം ചെയ്ത് അതിന് ഉറപ്പു നൽകി. 18 മാറ്റം വരാത്ത ഈ രണ്ടു കാര്യത്തിലും ദൈവത്തിനു നുണ പറയാനാകില്ല.+ അഭയം തേടിച്ചെന്ന നമുക്ക്, നമ്മുടെ മുന്നിൽ വെച്ചിരിക്കുന്ന പ്രത്യാശ മുറുകെ പിടിക്കാൻ ഇവ ശക്തമായ പ്രേരണയേകുന്നു. 19 സുനിശ്ചിതവും ഉറപ്പുള്ളതും ആയ ഈ പ്രത്യാശ+ നമുക്ക് ഒരു നങ്കൂരമാണ്. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ+ ഉള്ളിലേക്കു കടന്നുചെല്ലുന്നു. 20 എന്നേക്കുമായി മൽക്കീസേദെക്കിനെപ്പോലുള്ള ഒരു മഹാപുരോഹിതനായിത്തീർന്ന യേശു+ നമുക്കുവേണ്ടി നമുക്കു മുമ്പായി പ്രവേശിച്ചത് അവിടേക്കാണ്.