ദിനവൃത്താന്തം ഒന്നാം ഭാഗം
28 പിന്നെ ദാവീദ് ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരെയും യരുശലേമിൽ വിളിച്ചുകൂട്ടി. അങ്ങനെ ഗോത്രങ്ങളുടെ പ്രഭുക്കന്മാരും, രാജാവിനു ശുശ്രൂഷ ചെയ്തിരുന്ന വിഭാഗങ്ങളുടെ തലവന്മാരും,+ സഹസ്രാധിപന്മാരും, ശതാധിപന്മാരും,+ രാജാവിന്റെയും ആൺമക്കളുടെയും+ സ്വത്തുക്കൾക്കും മൃഗങ്ങൾക്കും ചുമതല വഹിച്ചിരുന്നവരും,+ കൊട്ടാരോദ്യോഗസ്ഥരും, വീരരും പ്രാപ്തരും ആയ എല്ലാ പുരുഷന്മാരും+ അവിടെ കൂടിവന്നു. 2 അപ്പോൾ ദാവീദ് രാജാവ് എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു:
“എന്റെ ജനമായ എന്റെ സഹോദരന്മാരേ, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് ഒരു വിശ്രമസ്ഥലവും നമ്മുടെ ദൈവത്തിന് ഒരു പാദപീഠവും+ എന്ന നിലയിൽ ദൈവത്തിനുവേണ്ടി ഒരു ഭവനം പണിയുക എന്നത് എന്റെ ഹൃദയാഭിലാഷമായിരുന്നു. അതിനുവേണ്ട ഒരുക്കങ്ങളും ഞാൻ നടത്തി.+ 3 പക്ഷേ സത്യദൈവം എന്നോടു പറഞ്ഞു: ‘നീ എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയില്ല.+ കാരണം നീ ഒരു യോദ്ധാവാണ്; നിന്റെ കൈകൾ രക്തം ചിന്തിയിരിക്കുന്നു.’+ 4 എങ്കിലും ഇസ്രായേലിന് എന്നും രാജാവായിരിക്കാൻവേണ്ടി, എന്റെ അപ്പന്റെ ഭവനത്തിലെ എല്ലാവരിൽനിന്നും ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നെ തിരഞ്ഞെടുത്തു.+ നായകനായി ദൈവം തിരഞ്ഞെടുത്തത് യഹൂദയെയും+ യഹൂദാഭവനത്തിൽ എന്റെ അപ്പന്റെ ഭവനത്തെയും+ ആയിരുന്നു. ഇസ്രായേലിനു മുഴുവൻ രാജാവാകാൻ എന്റെ അപ്പന്റെ മക്കളിൽവെച്ച് ദൈവം എന്നെ തിരഞ്ഞെടുത്തു.+ 5 എനിക്കുള്ള എല്ലാ ആൺമക്കളിലുംവെച്ച് (യഹോവ എനിക്കു കുറെ ആൺമക്കളെ തന്നിട്ടുണ്ടല്ലോ.)+ ദൈവമായ യഹോവയുടെ രാജസിംഹാസനത്തിൽ ഇരുന്ന് ഇസ്രായേലിനെ ഭരിക്കാൻ+ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്റെ മകനായ ശലോമോനെയാണ്.+
6 “ദൈവം എന്നോടു പറഞ്ഞു: ‘എന്റെ ഭവനവും അതിന്റെ മുറ്റങ്ങളും പണിയുന്നതു നിന്റെ മകൻ ശലോമോനായിരിക്കും. കാരണം അവനെ ഞാൻ എന്റെ മകനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന് അപ്പനായിത്തീരും.+ 7 ഇപ്പോൾ ചെയ്യുന്നതുപോലെ അവൻ വിശ്വസ്തതയോടെ എന്റെ കല്പനകളും ന്യായത്തീർപ്പുകളും പാലിക്കുകയാണെങ്കിൽ+ അവന്റെ രാജാധികാരം ഞാൻ എന്നേക്കും സുസ്ഥിരമാക്കും.’+ 8 അതുകൊണ്ട് നമ്മുടെ ദൈവമായ യഹോവ കേൾക്കെ ദൈവത്തിന്റെ സഭയായ ഇസ്രായേലിന്റെ മുമ്പാകെ ഞാൻ പറയുന്നു: ഈ നല്ല ദേശത്ത്+ തുടരേണ്ടതിനും നിലനിൽക്കുന്ന ഒരു അവകാശമായി നിങ്ങളുടെ മക്കൾക്ക് ഇതു കൈമാറേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെല്ലാം അന്വേഷിച്ചറിഞ്ഞ് അവ ശ്രദ്ധാപൂർവം പാലിക്കുക.
9 “നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ് പൂർണഹൃദയത്തോടും*+ സന്തോഷമുള്ള മനസ്സോടും കൂടെ ദൈവത്തെ സേവിക്കുക. കാരണം യഹോവ എല്ലാ ഹൃദയങ്ങളെയും പരിശോധിക്കുകയും+ എല്ലാ ചിന്തകളും ചായ്വുകളും വിവേചിച്ചറിയുകയും+ ചെയ്യുന്നു. നീ ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും.*+ എന്നാൽ നീ ദൈവത്തെ ഉപേക്ഷിച്ചാൽ ദൈവം എന്നേക്കുമായി നിന്നെ തള്ളിക്കളയും.+ 10 ഇതാ, വിശുദ്ധമന്ദിരമായ ഒരു ഭവനം പണിയാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് ധൈര്യത്തോടെ മുന്നോട്ടു പോകുക.”
11 പിന്നെ ദാവീദ് മണ്ഡപത്തിന്റെയും+ വിശുദ്ധമന്ദിരത്തിലെ ഭവനങ്ങളുടെയും സംഭരണമുറികളുടെയും മുകളിലത്തെ മുറികളുടെയും അകത്തെ മുറികളുടെയും അനുരഞ്ജനമൂടിയുടെ ഭവനത്തിന്റെയും*+ രൂപരേഖ+ മകനായ ശലോമോനെ ഏൽപ്പിച്ചു. 12 തനിക്കു ദൈവാത്മാവ് വെളിപ്പെടുത്തിയ രൂപരേഖ മുഴുവൻ—അതായത്, യഹോവയുടെ ഭവനത്തിന്റെ മുറ്റങ്ങളുടെയും+ അതിനു ചുറ്റുമുള്ള എല്ലാ ഊണുമുറികളുടെയും സത്യദൈവത്തിന്റെ ഭവനത്തിലെ ഖജനാവുകളുടെയും വിശുദ്ധീകരിച്ച* വസ്തുക്കൾ സൂക്ഷിച്ചുവെക്കുന്ന ഖജനാവുകളുടെയും+ രൂപരേഖ—ദാവീദ് മകനു കൊടുത്തു. 13 പുരോഹിതന്മാരുടെയും ലേവ്യരുടെയും വിഭാഗങ്ങളെക്കുറിച്ചും+ യഹോവയുടെ ഭവനത്തിലെ സേവനത്തോടു ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളെക്കുറിച്ചും യഹോവയുടെ ഭവനത്തിലെ സേവനത്തിന് ഉപയോഗിച്ചിരുന്ന എല്ലാ ഉപകരണങ്ങളെക്കുറിച്ചും ദാവീദ് ശലോമോനു നിർദേശങ്ങൾ നൽകി. 14 കൂടാതെ സ്വർണത്തിന്റെ തൂക്കവും, അതായത് പല തരം സേവനങ്ങൾക്കുവേണ്ടി സ്വർണത്തിൽ തീർക്കേണ്ട എല്ലാ ഉപകരണങ്ങളുടെ തൂക്കവും, വെള്ളിയുടെ തൂക്കവും, അതായത് പല തരം സേവനങ്ങൾക്കുവേണ്ടി വെള്ളിയിൽ തീർക്കേണ്ട എല്ലാ ഉപകരണങ്ങളുടെ തൂക്കവും, നൽകി. 15 മാത്രമല്ല സ്വർണംകൊണ്ടുള്ള വ്യത്യസ്തതരം തണ്ടുവിളക്കുകളുടെയും+ ദീപങ്ങളുടെയും തൂക്കവും വെള്ളികൊണ്ടുള്ള വ്യത്യസ്തതരം തണ്ടുവിളക്കുകളുടെയും ദീപങ്ങളുടെയും തൂക്കവും ദാവീദ് പറഞ്ഞുകൊടുത്തു. 16 കാഴ്ചയപ്പത്തിന്റെ* ഓരോ മേശയ്ക്കുംവേണ്ട+ സ്വർണത്തിന്റെ തൂക്കവും വെള്ളിമേശകൾക്കുവേണ്ട വെള്ളിയുടെ തൂക്കവും 17 തനിത്തങ്കംകൊണ്ടുള്ള മുൾക്കരണ്ടികൾ, കുഴിയൻപാത്രങ്ങൾ, കുടങ്ങൾ എന്നിവയുടെ തൂക്കവും സ്വർണംകൊണ്ടുള്ള ഓരോ ചെറിയ കുഴിയൻപാത്രത്തിന്റെ+ തൂക്കവും വെള്ളികൊണ്ടുള്ള ഓരോ ചെറിയ കുഴിയൻപാത്രത്തിന്റെ തൂക്കവും ദാവീദ് വിവരിച്ചുകൊടുത്തു. 18 കൂടാതെ സുഗന്ധക്കൂട്ട് അർപ്പിക്കുന്ന യാഗപീഠവും+ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുകളിലേക്കു ചിറകു വിടർത്തിനിൽക്കുന്ന, രഥത്തിന്റെ+ പ്രതീകമായ കെരൂബുകളും+ ഉണ്ടാക്കാൻ ആവശ്യമായ ശുദ്ധീകരിച്ച സ്വർണത്തിന്റെ തൂക്കവും ദാവീദ് ശലോമോനു പറഞ്ഞുകൊടുത്തു. 19 ദാവീദ് പറഞ്ഞു: “യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നു; എനിക്കു വെളിപ്പെടുത്തിക്കിട്ടിയ രൂപരേഖ+ അതിന്റെ എല്ലാ വിശദാംശങ്ങളും സഹിതം എഴുതിവെക്കാനുള്ള ഉൾക്കാഴ്ച ദൈവം എനിക്കു തന്നു.”+
20 പിന്നെ ദാവീദ് മകനായ ശലോമോനോടു പറഞ്ഞു: “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക; പണി ആരംഭിക്കുക. പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. കാരണം എന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്.+ ദൈവം നിന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.+ ദൈവമായ യഹോവയുടെ ഭവനത്തിന്റെ പണി പൂർത്തിയാകുന്നതുവരെ ദൈവം നിന്റെകൂടെയുണ്ടായിരിക്കും. 21 ഇതാ, സത്യദൈവത്തിന്റെ ഭവനത്തിലെ സേവനങ്ങൾ ചെയ്യാൻവേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും+ വിഭാഗങ്ങൾ!+ ഓരോ ജോലിക്കും സാമർഥ്യവും സന്നദ്ധതയും ഉള്ള പണിക്കാരും+ നിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുന്ന പ്രഭുക്കന്മാരും+ ജനം മുഴുവനും നിന്നോടൊപ്പമുണ്ട്.”