ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുന്നതിനുള്ള നമ്മുടെ പദവി കാത്തുസൂക്ഷിക്കുക
‘നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്.’—യെശയ്യാവു 43:10.
1. ഏതു തരം ആളുകളെയാണ് യഹോവ തന്നിലേക്ക് ആകർഷിക്കുന്നത്?
രാജ്യഹാളിലിരിക്കുമ്പോൾ ചുറ്റും ഒന്നു കണ്ണോടിക്കുക. ഈ ആരാധനാസ്ഥലത്ത് നിങ്ങൾ ആരെയെല്ലാമാണു കാണുന്നത്? ഗൗരവബുദ്ധിയോടെ, ശ്രദ്ധാപൂർവം തിരുവെഴുത്തു ജ്ഞാനം ഉൾക്കൊള്ളുന്ന യുവജനങ്ങളെ നിങ്ങൾ കണ്ടേക്കാം. (സങ്കീർത്തനം 148:12, 13) കുടുംബജീവിതത്തിന്റെ വിലയിടിച്ചുകളയുന്ന ഇന്നത്തെ ലോകത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്ന കുടുംബനാഥന്മാരെയും നിങ്ങൾ കാണും. മാത്രമല്ല, പ്രായാധിക്യത്തിന്റെ പരാധീനതകളുണ്ടെങ്കിലും യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്ന പ്രിയങ്കരരായ, പ്രായംചെന്ന സഹോദരീസഹോദരന്മാരും അവിടെയുണ്ട്. (സദൃശവാക്യങ്ങൾ 16:31) യഹോവയെ ആഴമായി സ്നേഹിക്കുന്നവരാണ് ഇവരെല്ലാം. യഹോവ അവരെ തന്നിലേക്ക് ആകർഷിക്കുകയും സന്തോഷപൂർവം അവരുമായി ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല” എന്ന് ദൈവപുത്രൻ നമ്മോടു പറഞ്ഞിട്ടുണ്ട്.—യോഹന്നാൻ 6:37, 44, 65.
2, 3. ‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്’ എന്ന ശക്തമായ ബോധം കാത്തുസൂക്ഷിക്കുന്നത് ഒരു വെല്ലുവിളിയായിരിക്കാവുന്നത് എന്തുകൊണ്ട്?
2 യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഉള്ള ഒരു ജനതയുടെ ഭാഗമായിരിക്കുന്നതിൽ നാം സന്തുഷ്ടരല്ലേ? എന്നിരുന്നാലും ‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്’ എന്ന ശക്തമായ ബോധം കാത്തുസൂക്ഷിക്കുന്നത് ഈ “ദുർഘടസമയങ്ങ”ളിൽ ഒരു വെല്ലുവിളിതന്നെയാണ്. (2 തിമൊഥെയൊസ് 3:1) ക്രിസ്തീയ കുടുംബങ്ങളിലെ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതു വിശേഷിച്ചും സത്യമാണ്. ക്രിസ്തീയ പശ്ചാത്തലമുള്ള ഒരു യുവപ്രായക്കാരൻ പറയുന്നു: “ഞാൻ യോഗങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും എനിക്കു വ്യക്തമായ ആത്മീയ ലാക്കുകളൊന്നും ഉണ്ടായിരുന്നില്ല. തുറന്നുപറഞ്ഞാൽ, യഹോവയെ സേവിക്കുന്നതിനുള്ള ശക്തമായ ആഗ്രഹവും എനിക്കില്ലായിരുന്നു.”
3 ചിലർക്ക് യഹോവയെ സേവിക്കാൻ ആത്മാർഥമായ ആഗ്രഹം ഉണ്ടായിരിക്കാമെങ്കിലും, സമപ്രായക്കാരിൽനിന്നുള്ള കടുത്ത സമ്മർദം, ലൗകിക സ്വാധീനങ്ങൾ, പാപപ്രവണതകൾ എന്നിവ അതിൽനിന്ന് അവരെ വ്യതിചലിപ്പിച്ചേക്കാം. കടുത്ത സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ, ‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്’ എന്ന ബോധം ക്രമേണ നമുക്കു നഷ്ടമാകാൻ തുടങ്ങിയേക്കാം. ഉദാഹരണത്തിന്, ലോകത്തിലെ അനേകം ആളുകൾ ബൈബിൾ അനുശാസിക്കുന്ന ധാർമിക നിലവാരങ്ങളെ, കാലഹരണപ്പെട്ടതും ആധുനിക ലോകത്തിൽ അപ്രായോഗികവും ആയ സംഗതികളായിട്ടാണു വീക്ഷിക്കുന്നത്. (1 പത്രൊസ് 4:4) ദൈവം ആവശ്യപ്പെടുന്ന വിധത്തിൽ അവനെ ആരാധിക്കുന്നത് അത്ര പ്രാധാന്യമുള്ള കാര്യമൊന്നുമല്ലെന്ന് ചിലർ വിചാരിക്കുന്നു. (യോഹന്നാൻ 4:24) എഫെസ്യർക്കുള്ള ലേഖനത്തിൽ, ലോകത്തിന്റെ ‘ആത്മാവിനെ’ക്കുറിച്ച് അഥവാ ലോകത്തിൽ വ്യാപരിക്കുന്ന പ്രമുഖ മനോഭാവത്തെക്കുറിച്ച് പൗലൊസ് പറയുന്നുണ്ട്. (എഫെസ്യർ 2:2) ഈ ആത്മാവ് അഥവാ മനോഭാവം, യഹോവയെ അറിയാത്ത ഒരു സമൂഹത്തിന്റെ ചിന്തകളോട് അനുരൂപപ്പെടാൻ ആളുകളുടെമേൽ സമ്മർദം ചെലുത്തുന്നു.
4. ക്രിസ്ത്യാനികളായി തിരിച്ചറിയപ്പെടുന്നതിനുള്ള നമ്മുടെ പദവി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത യേശു ഊന്നിപ്പറഞ്ഞത് എങ്ങനെ?
4 എന്നിരുന്നാലും, ഒരു ക്രിസ്ത്യാനിയായി തിരിച്ചറിയിക്കുന്നതിനുള്ള നമ്മുടെ പദവി നഷ്ടപ്പെടുന്നതു ദുരന്തപൂർണമായിരിക്കുമെന്ന് യഹോവയുടെ സമർപ്പിതദാസരെന്ന നിലയിൽ പ്രായഭേദമെന്യേ നാം ഏവരും മനസ്സിലാക്കുന്നു. നാം ആരാണ് എന്നുള്ള ആരോഗ്യാവഹമായ തിരിച്ചറിവ്, യഹോവയുടെ നിലവാരങ്ങളിലും നമ്മെ സംബന്ധിച്ച അവന്റെ പ്രതീക്ഷകളിലും മാത്രമാണ് അടിസ്ഥാനപ്പെട്ടിരിക്കേണ്ടത്. നാം അവന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിന്റെ വീക്ഷണത്തിൽ ഇതു തികച്ചും ന്യായയുക്തമാണ്. (ഉല്പത്തി 1:26; മീഖാ 6:8) ക്രിസ്ത്യാനികളായി തിരിച്ചറിയപ്പെടുന്നതിനുള്ള നമ്മുടെ പദവിയെ, എല്ലാവരും കാണുംവിധം ഒരുവൻ ധരിക്കുന്ന പുറങ്കുപ്പായത്തോടാണ് ബൈബിൾ ഉപമിക്കുന്നത്. നമ്മുടെ നാളുകളെക്കുറിച്ച് യേശു മുന്നറിയിപ്പു നൽകി: “ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.”a (വെളിപ്പാടു 16:15) നമ്മുടെ ക്രിസ്തീയ ഗുണങ്ങളും പെരുമാറ്റത്തിന്റെ നിലവാരങ്ങളും ഉരിഞ്ഞുമാറ്റാനും സാത്താന്റെ ലോകം നമ്മെ രൂപപ്പെടുത്താനും നാം ആഗ്രഹിക്കുന്നില്ല. അതാണു സംഭവിക്കുന്നതെങ്കിൽ നമുക്ക് നമ്മുടെ ‘ഉടുപ്പ്’ നഷ്ടപ്പെടും. അത്തരമൊരു സാഹചര്യം ഖേദകരവും ലജ്ജാകരവും ആയിരിക്കും.
5, 6. ആത്മീയ സ്ഥിരത സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 ‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്’ എന്ന ശക്തമായ ബോധം, ഒരുവൻ തന്റെ ജീവിതം വിനിയോഗിക്കുന്ന രീതിയെ വളരെയധികം സ്വാധീനിക്കും. എന്തുകൊണ്ട്? യഹോവയുടെ ഒരു ആരാധകന്, താൻ ആരാണ് എന്നുള്ള തിരിച്ചറിവു നഷ്ടമായാൽ, ശ്രദ്ധ പതറിയ അവസ്ഥയിലായിരിക്കും അയാൾ. വ്യക്തമായ ദിശാബോധമോ ലക്ഷ്യങ്ങളോ അയാൾക്ക് ഉണ്ടായിരിക്കുകയില്ല. ഇരുമനസ്സോടെയുള്ള അത്തരമൊരു ഗതിക്കെതിരെ ബൈബിൾ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നു. ശിഷ്യനായ യാക്കോബ് പറയുന്നു: “സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.”—യാക്കോബ് 1:6-8; എഫെസ്യർ 4:14; എബ്രായർ 13:9.
6 ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുന്നതിനുള്ള പദവി കാത്തുസൂക്ഷിക്കാൻ നമുക്കെങ്ങനെ കഴിയും? അത്യുന്നതന്റെ ആരാധകരായിരിക്കുകയെന്ന മഹത്തായ പദവിയെക്കുറിച്ചുള്ള ബോധ്യം മെച്ചപ്പെടുത്താൻ എന്തിനു നമ്മെ സഹായിക്കാനാകും? പിൻവരുന്ന മാർഗങ്ങൾ പരിചിന്തിക്കുക.
ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടാനുള്ള നിങ്ങളുടെ പദവി കരുത്തുറ്റതാക്കുക
7. നമ്മെ ശോധനചെയ്യാൻ യഹോവയോട് അഭ്യർഥിക്കുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
7 യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ബലിഷ്ഠമാക്കുന്നതിൽ തുടരുക. ഒരു ക്രിസ്ത്യാനിയുടെ ഏറ്റവും വിലപ്പെട്ട സമ്പത്ത് ദൈവവുമായുള്ള അയാളുടെ ബന്ധമാണ്. (സങ്കീർത്തനം 25:14; സദൃശവാക്യങ്ങൾ 3:32) നമ്മുടെ പദവി സംബന്ധിച്ച് ചില സംശയങ്ങൾ നമ്മെ അലട്ടാൻ തുടങ്ങുന്നെങ്കിൽ, ദൈവവുമായുള്ള ബന്ധത്തിന്റെ ഗുണമേന്മയും ആഴവും സംബന്ധിച്ച് നാം വ്യക്തമായൊരു പരിശോധന നടത്തണം. സങ്കീർത്തനക്കാരൻ ഉചിതമായി ഇങ്ങനെ അഭ്യർഥിച്ചു: “യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.” (സങ്കീർത്തനം 26:2) അത്തരമൊരു പരിശോധന അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്? നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെയും ചായ്വുകളെയും വിലയിരുത്താൻ നമുക്കു നമ്മെത്തന്നെ ആശ്രയിക്കാനാവില്ല എന്നതാണു കാരണം. ആന്തരിക വ്യക്തിയെ, അതായത് നമ്മുടെ ആന്തരങ്ങൾ, ചിന്തകൾ, വികാരങ്ങൾ എന്നിവ പൂർണമായി മനസ്സിലാക്കാൻ യഹോവയ്ക്കു മാത്രമേ കഴിയൂ.—യിരെമ്യാവു 17:9, 10.
8. (എ) യഹോവയാൽ പരീക്ഷിക്കപ്പെടുന്നത് നമുക്കു പ്രയോജനകരമായിരിക്കുന്നത് എങ്ങനെ? (ബി) ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ പുരോഗതി വരുത്തുന്നതിന് നിങ്ങൾക്ക് എന്തു സഹായം ലഭിച്ചിട്ടുണ്ട്?
8 നമ്മെ പരിശോധിക്കാൻ യഹോവയെ ക്ഷണിക്കുന്നതിലൂടെ നമ്മെ പരീക്ഷിക്കാൻ അവനെ ക്ഷണിക്കുകയാണു നാം ചെയ്യുന്നത്. നമ്മുടെ യഥാർഥ ആന്തരങ്ങളും ഹൃദയാവസ്ഥയും വെളിപ്പെടുത്താൻ പര്യാപ്തമായ സാഹചര്യങ്ങൾ വികാസംപ്രാപിക്കാൻ അവൻ അനുവദിച്ചേക്കാം. (എബ്രായർ 4:12, 13; യാക്കോബ് 1:22-25) അത്തരം പരീക്ഷകൾ യഹോവയോടുള്ള വിശ്വസ്തതയുടെ ആഴം പ്രകടമാക്കാൻ നമുക്ക് അവസരം നൽകും എന്നതിനാൽ നാം അവയെ സ്വാഗതം ചെയ്യണം. നാം “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” ആണോയെന്ന് ആ പരിശോധനകൾക്ക് വെളിപ്പെടുത്താനാകും. (യാക്കോബ് 1:2-4) ആ പരീക്ഷകളെ നേരിടുമ്പോൾ നമുക്ക് ആത്മീയമായി വളരാൻ കഴിയും.—എഫെസ്യർ 4:22-24.
9. ബൈബിൾ സത്യം സ്വയം ബോധ്യംവരുത്തുകയെന്നത് വേണമെങ്കിൽമാത്രം ചെയ്യാവുന്ന ഒരു കാര്യമാണോ? വിശദീകരിക്കുക.
9 ബൈബിൾ സത്യം സ്വയം ബോധ്യപ്പെടുത്തുക. നാം യഹോവയുടെ ദാസരാണെന്ന ബോധം, തിരുവെഴുത്തു പരിജ്ഞാനത്തിൽ അടിയുറച്ചതല്ലെങ്കിൽ അതു ക്ഷയിച്ചുപോയേക്കാം. (ഫിലിപ്പിയർ 1:9, 10) ചെറുപ്പക്കാരനോ പ്രായംചെന്നയാളോ ആരുമാകട്ടെ, ഓരോ ക്രിസ്ത്യാനിയും താൻ വിശ്വസിക്കുന്നതു ബൈബിളിൽ കാണുന്ന സത്യംതന്നെയാണെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. പൗലൊസ് സഹവിശ്വാസികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1 തെസ്സലൊനീക്യർ 5:21) ദൈവഭയമുള്ള കുടുംബങ്ങളിൽ വളർന്നുവരുന്ന യുവക്രിസ്ത്യാനികൾ, മാതാപിതാക്കൾ ക്രിസ്ത്യാനികളായതുകൊണ്ടുമാത്രം തങ്ങൾ യഥാർഥ ക്രിസ്ത്യാനികൾ ആകുകയില്ലെന്നു മനസ്സിൽപ്പിടിക്കേണ്ടതുണ്ട്. ദാവീദ് തന്റെ പുത്രനായ ശലോമോന് ഈ ഉദ്ബോധനം നൽകി: “നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കുകയും ചെയ്ക.” (1 ദിനവൃത്താന്തം 28:9) യുവാവായ ശലോമോൻ, തന്റെ പിതാവ് യഹോവയിൽ വിശ്വാസം പടുത്തുയർത്തുന്നത് എങ്ങനെയെന്നു നിരീക്ഷിച്ചാൽമാത്രം പോരായിരുന്നു. അവൻ സ്വയം യഹോവയെ അറിയണമായിരുന്നു, അതുതന്നെയാണ് അവൻ ചെയ്തതും. അവൻ ദൈവത്തോട് ഇങ്ങനെ യാചിച്ചു: “ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ.”—2 ദിനവൃത്താന്തം 1:10.
10. ശരിയായ ആന്തരത്തോടെ, ആത്മാർഥമായ ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റല്ലാത്തത് എന്തുകൊണ്ട്?
10 ശക്തമായ വിശ്വാസം പരിജ്ഞാനത്തിന്മേൽ പടുത്തുയർത്തേണ്ട ഒന്നാണ്. ‘വിശ്വാസം കേൾവിയാൽ’ വരുന്നു എന്ന് പൗലൊസ് പ്രസ്താവിച്ചു. (റോമർ 10:17) അവൻ എന്താണ് അർഥമാക്കിയത്? ദൈവവചനത്താൽ നമ്മെത്തന്നെ പോഷിപ്പിക്കുന്നതിലൂടെ, നാം യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലും സംഘടനയിലും ഉള്ള വിശ്വാസവും ഉറപ്പും ശക്തിപ്പെടുത്തുന്നു എന്നുതന്നെ. ബൈബിളിനെക്കുറിച്ചു ന്യായയുക്തമായ ചോദ്യങ്ങൾ ചോദിക്കുന്നത് സമാശ്വാസം പകരുന്ന ഉത്തരങ്ങളിലേക്കു നയിക്കുന്നു. കൂടാതെ, റോമർ 12:2-ൽ പൗലൊസ് നമ്മെ ഇങ്ങനെ ഉപദേശിക്കുന്നു: ‘നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയുക.’ നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? ‘സത്യത്തിന്റെ പരിജ്ഞാനം’ നേടുന്നതിനാൽ. (തീത്തൊസ് 1:3) ബുദ്ധിമുട്ടുള്ള കാര്യങ്ങൾപോലും മനസ്സിലാക്കാൻ ദൈവാത്മാവിനു നമ്മെ സഹായിക്കാനാകും. (1 കൊരിന്ത്യർ 2:11, 12) എന്തെങ്കിലും മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ നാം ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിക്കണം. (സങ്കീർത്തനം 119:10, 11, 27) നാം തന്റെ വചനം ഗ്രഹിക്കാനും വിശ്വസിക്കാനും അനുസരിക്കാനും യഹോവ ആഗ്രഹിക്കുന്നു. ശരിയായ ആന്തരത്തോടെ ചോദിക്കുന്ന ആത്മാർഥമായ ചോദ്യങ്ങൾ അവൻ സ്വാഗതം ചെയ്യുന്നു.
ദൈവത്തെ പ്രസാദിപ്പിക്കാൻ ദൃഢനിശ്ചയമുള്ളവരായിരിക്കുക
11. (എ) സ്വാഭാവികമായ ഏത് ആഗ്രഹം നമ്മെ കെണിയിൽ അകപ്പെടുത്തിയേക്കാം? (ബി) സമപ്രായക്കാരുടെ സമ്മർദത്തെ ചെറുത്തുനിൽക്കാൻ ആവശ്യമായ ധൈര്യം നമുക്ക് എങ്ങനെ സംഭരിക്കാൻ കഴിയും?
11 മനുഷ്യനെയല്ല, ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുക. ഒരു കൂട്ടത്തിന്റെ ഭാഗമായി ഒരളവുവരെ നമ്മെ തിരിച്ചറിയിക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. എല്ലാവർക്കും സുഹൃത്തുക്കളെ ആവശ്യമാണ്, ഒരു സുഹൃദ്വലയത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. കൗമാരപ്രായത്തിലും പിൽക്കാലത്തും സമപ്രായക്കാരിൽനിന്നുള്ള സമ്മർദം വളരെ ശക്തമായിരിക്കും, അത് ഏതുവിധേനയും മറ്റുള്ളവരെ അനുകരിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും ഉള്ള വാഞ്ഛ ഉളവാക്കുകയും ചെയ്യും. എന്നാൽ സുഹൃത്തുക്കൾക്കും സമപ്രായക്കാർക്കും എല്ലായ്പോഴും നമ്മുടെ ക്ഷേമത്തിൽ താത്പര്യം ഉണ്ടായിരിക്കണമെന്നില്ല. ചിലപ്പോൾ ദുഷ്പ്രവൃത്തികൾക്ക് ഒരു കൂട്ടാളിയെ കിട്ടാൻ മാത്രമായിരിക്കും അവർ ഒരാളോടു ചങ്ങാത്തം കൂടുന്നത്. (സദൃശവാക്യങ്ങൾ 1:11-19) കൂട്ടുകാരിൽനിന്നുള്ള അനഭികാമ്യമായ സമ്മർദത്തിനു വശംവദനാകുമ്പോൾ ഒരു ക്രിസ്ത്യാനി, മിക്കപ്പോഴും താൻ ആരാണെന്നതു മറച്ചുവെക്കാൻ ശ്രമിക്കും. (സങ്കീർത്തനം 26:4) ‘ഈ ലോകത്തിന് അനുരൂപരാകരുത്’ എന്ന് അപ്പൊസ്തലനായ പൗലൊസ് മുന്നറിയിപ്പു നൽകി. (റോമർ 12:2) ലോകത്തിന് അനുരൂപപ്പെടാനുള്ള ഏതു ബാഹ്യസമ്മർദത്തോടും പോരാടുന്നതിന് ആവശ്യമായ ആന്തരിക ശക്തി യഹോവ നമുക്കു പ്രദാനം ചെയ്യുന്നു.—എബ്രായർ 13:6.
12. ദൈവത്തിലുള്ള നമ്മുടെ ആശ്രയം ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ അചഞ്ചലരായി നിലകൊള്ളാൻ ഏതു തത്ത്വവും ഏത് ഉദാഹരണവും നമ്മെ ശക്തീകരിക്കും?
12 ക്രിസ്ത്യാനിയായി തിരിച്ചറിയിക്കാനുള്ള നമ്മുടെ പദവി സംബന്ധിച്ച ബോധ്യത്തെ നശിപ്പിക്കുമാറ് ബാഹ്യസമ്മർദം ഭീഷണിയുയർത്തുമ്പോൾ ഒരു കാര്യം നാം ഒരിക്കലും വിസ്മരിക്കരുത്—പൊതുജന അഭിപ്രായത്തെക്കാളും ഭൂരിപക്ഷ പ്രവണതകളെക്കാളുമൊക്കെ പ്രധാനം ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തതയാണ്. പുറപ്പാടു 23:2-ലെ വാക്കുകൾ ഒരു സംരക്ഷണ തത്ത്വമായി ഉതകുന്നു: “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്.” തന്റെ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള യഹോവയുടെ പ്രാപ്തിയിൽ ഭൂരിപക്ഷം ഇസ്രായേല്യരും സംശയം പ്രകടിപ്പിച്ചപ്പോൾ കാലേബ്, ഭൂരിപക്ഷത്തിനൊപ്പം ചേരാൻ വിസമ്മതിച്ചുകൊണ്ട് അചഞ്ചലനായി നിലകൊണ്ടു. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ആശ്രയയോഗ്യമാണെന്ന് അവന് ഉറപ്പുണ്ടായിരുന്നു, ആ നിലപാടു സ്വീകരിച്ചതിനാൽ അവൻ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തു. (സംഖ്യാപുസ്തകം 13:30; യോശുവ 14:6-11) സമാനമായി, പൊതുജനാഭിപ്രായം ചെലുത്തുന്ന സമ്മർദത്തെ പ്രതിരോധിച്ചുകൊണ്ട് ദൈവവുമായുള്ള നിങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കുന്നതിന് നിങ്ങൾ മനസ്സൊരുക്കമുള്ളവരാണോ?
13. ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെ നിലപാട് എന്താണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതു ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെന്നുള്ളത് എല്ലാവരും അറിയട്ടെ. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്നൊരു ചൊല്ലുണ്ട്. ക്രിസ്ത്യാനിയായിരിക്കുകയെന്ന നമ്മുടെ പദവിയെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കാര്യത്തിലും ഇതു സത്യമാണ്. എസ്രായുടെ നാളുകളിൽ, ദൈവേഷ്ടം ചെയ്യാനുള്ള ശ്രമത്തിൽ എതിർപ്പു നേരിട്ടപ്പോൾ വിശ്വസ്തരായ ഇസ്രായേല്യർ പ്രസ്താവിച്ചു: “ഞങ്ങൾ സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു.” (എസ്രാ 5:11) വിരോധികളുടെ പ്രതികരണങ്ങളാലും വിമർശനത്താലും സ്വാധീനിക്കപ്പെട്ടാൽ നാം ഭയപ്പെട്ട് നിഷ്ക്രിയരായിപ്പോയേക്കാം. എല്ലാവരെയും പ്രീതിപ്പെടുത്തുകയെന്ന നയമാണു നമ്മുടേതെങ്കിൽ അതു നമ്മുടെ ഫലപ്രദത്വത്തെ ദുർബലമാക്കിക്കളയും. അതുകൊണ്ട് ഭയപ്പെടരുത്. നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്ന് ആളുകളെ വ്യക്തമായി അറിയിക്കുന്നത് എല്ലായ്പോഴും നല്ലതാണ്. നിങ്ങളുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, ക്രിസ്തീയ നിലപാട് എന്നിവയെല്ലാം മറ്റുള്ളവരോട് ആദരവോടും ദൃഢതയോടും കൂടെ വിശദമാക്കാൻ കഴിയും. യഹോവയുടെ ഉന്നതമായ ധാർമിക നിലവാരങ്ങൾ പാലിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധനാണെന്ന് മറ്റുള്ളവർ അറിയട്ടെ. നിങ്ങളുടെ ക്രിസ്തീയ വിശ്വസ്തതയിൽ വിട്ടുവീഴ്ച കാണിക്കുക സാധ്യമല്ലെന്നു വ്യക്തമാക്കുക. നിങ്ങളുടെ ധാർമിക നിലവാരങ്ങളിൽ നിങ്ങൾ അഭിമാനിക്കുന്നുവെന്നു പ്രകടമാക്കുക. (സങ്കീർത്തനം 64:10) അചഞ്ചലനായ ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ വേറിട്ടു നിലകൊള്ളുന്നത് നിങ്ങളെ ബലപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യും, ഒരുപക്ഷേ യഹോവയെയും അവന്റെ ജനത്തെയും കുറിച്ച് അന്വേഷിക്കാൻ അതു ചിലരെ പ്രേരിപ്പിക്കുകപോലും ചെയ്തേക്കാം.
14. പരിഹാസമോ എതിർപ്പോ നിമിത്തം നാം നിരുത്സാഹിതരാകണമോ? വിശദീകരിക്കുക.
14 ചിലർ നിങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുമെന്നുള്ളതു ശരിയാണ്. (യൂദാ 18) നിങ്ങളുടെ മൂല്യങ്ങൾ മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുക്കുമ്പോൾ അവർ അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിൽ നിരാശരാകരുത്. (യെഹെസ്കേൽ 3:7, 8) നിങ്ങൾ എത്ര ദൃഢനിശ്ചയമുള്ളവർ ആയിരുന്നാലും ശരി, കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിക്ക് അവ ബോധ്യപ്പെടുത്തിക്കൊടുക്കാൻ നിങ്ങൾക്കാവില്ല. ഫറവോനെക്കുറിച്ച് ഓർത്തുനോക്കൂ. ബാധകളും അത്ഭുതങ്ങളും എന്തിന്, തന്റെ ആദ്യജാതന്റെ നഷ്ടംപോലും, മോശെ യഹോവയാൽ അയയ്ക്കപ്പെട്ടവനാണെന്ന് ഫറവോനെ ബോധ്യപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല. അതുകൊണ്ട് മാനുഷഭയം നിങ്ങളെ തളർത്തിക്കളയാൻ അനുവദിക്കരുത്. ദൈവത്തിലുള്ള ആശ്രയവും വിശ്വാസവും ഭയം തരണംചെയ്യാൻ നമ്മെ സഹായിക്കും.—സദൃശവാക്യങ്ങൾ 3:5, 6; 29:25.
ഭൂതകാലത്തിലേക്കു നോക്കുക, ഭാവി കരുപ്പിടിപ്പിക്കുക
15, 16. (എ) നമ്മുടെ ആത്മീയ പൈതൃകം എന്താണ്? (ബി) ദൈവവചനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ആത്മീയ പൈതൃകത്തെക്കുറിച്ചു ധ്യാനിക്കുന്നതിൽനിന്ന് നമുക്കു പ്രയോജനം നേടാൻ കഴിയുന്നത് എങ്ങനെ?
15 നിങ്ങളുടെ ആത്മീയ പൈതൃകം വിലമതിക്കുക. ദൈവവചനത്തിന്റെ വെളിച്ചത്തിൽ തങ്ങളുടെ ആത്മീയ പൈതൃകത്തെക്കുറിച്ചു ധ്യാനിക്കുന്നതിൽനിന്നു ക്രിസ്ത്യാനികൾ പ്രയോജനം നേടും. ഈ പൈതൃകത്തിൽ യഹോവയുടെ വചനം, നിത്യജീവന്റെ പ്രത്യാശ, സുവാർത്താഘോഷകരെന്ന നിലയിൽ ദൈവത്തെ പ്രതിനിധാനംചെയ്യാനുള്ള പദവി എന്നിവയെല്ലാം ഉൾപ്പെടുന്നു. രാജ്യപ്രസംഗം എന്ന ജീവരക്ഷാകരമായ നിയോഗത്തിനു പദവി ലഭിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ, അവന്റെ സാക്ഷികളുടെയിടയിൽ നിങ്ങളുടെ സ്ഥാനം കാണാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? ഓർമിക്കുക, ‘നിങ്ങൾ എന്റെ സാക്ഷികൾ’ ആകുന്നു എന്നു സ്ഥിരീകരിക്കുന്നത് യഹോവയല്ലാതെ മറ്റാരുമല്ല.—യെശയ്യാവു 43:10.
16 നിങ്ങൾക്ക് ഈ ചോദ്യങ്ങൾ സ്വയം ചോദിക്കാൻ കഴിയും: ‘ഈ ആത്മീയ പൈതൃകം എനിക്ക് എത്രത്തോളം വിലപ്പെട്ടതാണ്? എന്റെ ജീവിതത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം ദൈവേഷ്ടം ചെയ്യുന്നതിനു കൊടുക്കത്തക്കവിധം മൂല്യവത്തായി ഞാൻ അതിനെ വീക്ഷിക്കുന്നുണ്ടോ? ഈ പൈതൃകം നഷ്ടപ്പെടുന്നതിന് ഇടയാക്കിയേക്കാവുന്ന ഏതു പ്രലോഭനത്തെയും ചെറുക്കാൻ പര്യാപ്തമാംവിധം ശക്തമാണോ അതിനോടുള്ള എന്റെ വിലമതിപ്പ്?’ നമ്മുടെയുള്ളിൽ ആത്മീയ സുരക്ഷിതത്വത്തിന്റെ ശക്തമായ ബോധ്യം ഉളവാക്കാനും നമ്മുടെ ആത്മീയ പൈതൃകത്തിനു കഴിയും. ഈ സുരക്ഷിതത്വബോധം യഹോവയുടെ സംഘടനയിലല്ലാതെ മറ്റെവിടെയും ആസ്വദിക്കാനാവില്ല. (സങ്കീർത്തനം 91:1, 2) യഹോവയുടെ സംഘടനയുടെ ആധുനികകാല ചരിത്രത്തിൽനിന്നുള്ള ശ്രദ്ധേയമായ സംഭവങ്ങൾ പുനരവലോകനം ചെയ്യുന്നത്, യഹോവയുടെ ജനത്തെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന വസ്തുത നമ്മെ ബോധ്യപ്പെടുത്തും.—യെശയ്യാവു 54:17; യിരെമ്യാവു 1:19.
17. നമ്മുടെ ആത്മീയ പൈതൃകത്തിൽ ആശ്രയിക്കുന്നതിലധികമായി എന്ത് ആവശ്യമാണ്?
17 തീർച്ചയായും നമുക്ക് നമ്മുടെ ആത്മീയ പൈതൃകത്തിൽമാത്രം പൂർണമായി ആശ്രയിക്കുക സാധ്യമല്ല. നാം ഓരോരുത്തരും ദൈവവുമായി അടുത്ത ഒരു ബന്ധം വളർത്തിയെടുക്കണം. ഫിലിപ്പിയിലെ ക്രിസ്ത്യാനികളുടെ വിശ്വാസം കെട്ടുപണിചെയ്യാൻ കഠിനമായി അധ്വാനിച്ചതിനുശേഷം പൗലൊസ് എഴുതി: “അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.” (ഫിലിപ്പിയർ 2:12) നമ്മുടെ രക്ഷയ്ക്കായി നമുക്ക് മറ്റാരെയെങ്കിലും ആശ്രയിക്കാനാവില്ല.
18. നമ്മുടെ പദവി സംബന്ധിച്ച ബോധ്യം ശക്തിപ്പെടുത്താൻ ക്രിസ്തീയ പ്രവർത്തനങ്ങൾക്ക് കഴിയുന്നത് എങ്ങനെ?
18 ക്രിസ്തീയ പ്രവർത്തനങ്ങളിൽ ആമഗ്നരാകുക. “ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ അയാളുടെ വേലയ്ക്ക് വലിയൊരു പങ്കുണ്ട്” എന്നു നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനികൾ ഇന്ന്, സ്ഥാപിതമായ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയെന്ന അതിപ്രധാനമായ വേലയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. പൗലൊസ് ഇങ്ങനെ പ്രസ്താവിച്ചു: “ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ . . . ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.” (റോമർ 11:13, 14) നമ്മുടെ പ്രസംഗവേല നമ്മെ ലോകത്തിൽനിന്നു വ്യതിരിക്തരാക്കി നിറുത്തുന്നു, അതിലുള്ള നമ്മുടെ പങ്കുപറ്റൽ നമ്മെ ക്രിസ്ത്യാനികളായി തിരിച്ചറിയിക്കുന്നതിൽ ഒരു പ്രമുഖ പങ്കുവഹിക്കുന്നു. ക്രിസ്തീയ യോഗങ്ങൾ, ആരാധനാലയങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട പദ്ധതികൾ, മറ്റുള്ളവരെ അവരുടെ ആവശ്യഘട്ടങ്ങളിൽ സഹായിക്കാനുള്ള ശ്രമങ്ങൾ എന്നിങ്ങനെയുള്ള മറ്റു ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ആമഗ്നരാകുന്നത് നമ്മുടെ പദവി സംബന്ധിച്ച ബോധ്യം കൂടുതൽ ശക്തമാക്കിത്തീർക്കും.—ഗലാത്യർ 6:9, 10; എബ്രായർ 10:23, 24.
ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുന്നതിന്റെ പ്രതിഫലങ്ങൾ
19, 20. (എ) ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിനാൽ നിങ്ങൾക്ക് വ്യക്തിപരമായി എന്തെല്ലാം പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്? (ബി) നാം യഥാർഥത്തിൽ ആരാണ് എന്നതിനുള്ള യഥാർഥ അടിസ്ഥാനമായി വർത്തിക്കുന്നത് എന്താണ്?
19 യഥാർഥ ക്രിസ്ത്യാനികളായിരിക്കുന്നതിനാൽ നമുക്കുള്ള പ്രയോജനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. യഹോവ വ്യക്തിപരമായി നമ്മെ അറിയുന്നുവെന്ന പദവി നമുക്കുണ്ട്. മലാഖി പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.” (മലാഖി 3:16) ദൈവത്തിന്റെ സ്നേഹിതരായി വീക്ഷിക്കപ്പെടാൻ നമുക്കു കഴിയും. (യാക്കോബ് 2:23) നമ്മുടെ ജീവിതത്തിന് യഥാർഥ ഉദ്ദേശ്യവും ആഴമായ അർഥവും ആരോഗ്യാവഹവും പ്രതിഫലദായകവും ആയ ലക്ഷ്യങ്ങളും ഉണ്ട്. നിത്യഭാവിയുടെ പ്രത്യാശയും നമുക്കു നൽകപ്പെട്ടിട്ടുണ്ട്.—സങ്കീർത്തനം 37:9.
20 നിങ്ങൾ യഥാർഥത്തിൽ ആരാണെന്നുള്ളതും ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ മൂല്യം എന്താണെന്നതും ദൈവം നിങ്ങളെ എത്രത്തോളം മൂല്യമുള്ളവനായി കാണുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്, അല്ലാതെ ആളുകൾ നിങ്ങളെക്കുറിച്ച് എന്തു വിചാരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല എന്നത് ഓർമിക്കുക. മറ്റുള്ളവർ അപൂർണമായ മാനുഷിക നിലവാരങ്ങൾ വെച്ചാകാം നമ്മെ വിലയിരുത്തുന്നത്. എന്നാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹവും വ്യക്തിപരമായ താത്പര്യവും ആണ് നമ്മുടെ യഥാർഥ മൂല്യത്തിന്—നാം അവനുള്ളവർ ആണെന്ന വസ്തുതയ്ക്ക്—അടിസ്ഥാനം നൽകുന്നത്. (മത്തായി 10:29-31) ഇനി, ദൈവത്തോടു നമുക്കുള്ള സ്നേഹമാകട്ടെ നാം ആരാണ് എന്നതു സംബന്ധിച്ച ശക്തമായ ബോധം നമ്മിൽ ഉളവാക്കും. കൂടാതെ അത് നമ്മുടെ ജീവിതത്തിന് വ്യക്തമായ ദിശാബോധം നൽകുകയും ചെയ്യും. “ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.”—1 കൊരിന്ത്യർ 8:3.
[അടിക്കുറിപ്പ്]
a ഈ വാക്കുകൾ യെരൂശലേമിലെ ആലയഗിരിയിലുള്ള മേൽവിചാരകന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ഒരു പരാമർശം ആയിരിക്കാം. രാത്രിയുടെ യാമങ്ങളിൽ, ലേവ്യരായ കാവൽക്കാർ ഉണർന്നിരിക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നു കാണാൻ അയാൾ ആലയത്തിലൂടെ കടന്നുപോകുമായിരുന്നു. ഉറങ്ങുന്ന ഏതൊരു കാവൽക്കാരനെയും വടികൊണ്ട് അടിക്കുകയും അപമാനകരമായ ഒരു ശിക്ഷയെന്ന നിലയിൽ അയാളുടെ പുറങ്കുപ്പായം ഉരിഞ്ഞെടുത്ത് അഗ്നിക്കിരയാക്കുകയും ചെയ്യുമായിരുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
• ആത്മീയമായി തിരിച്ചറിയിക്കുന്നതിനുള്ള പദവി കാത്തുസൂക്ഷിക്കേണ്ടത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• ക്രിസ്ത്യാനിയായി തിരിച്ചറിയിക്കുകയെന്ന പദവി കരുത്തുറ്റതാക്കാൻ കഴിയുന്നത് എങ്ങനെ?
• ആരെ പ്രസാദിപ്പിക്കണം എന്നതു സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ, ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഏതു ഘടകങ്ങൾ നമ്മെ സഹായിക്കും?
• നാം ആരാണെന്നതു സംബന്ധിച്ച ശക്തമായ ബോധം ക്രിസ്ത്യാനികളെന്ന നിലയിലുള്ള നമ്മുടെ ഭാവി രൂപപ്പെടുത്തുന്നത് എങ്ങനെ?
[21-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തീയ പ്രവർത്തനങ്ങളിൽ ആമഗ്നരാകുന്നത് ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുന്നതിനുള്ള പദവിയുടെ മാറ്റു വർധിപ്പിക്കുന്നു