യോഹന്നാൻ എഴുതിയത്
9 യേശു പോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. 2 ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “റബ്ബീ,+ ആരു പാപം ചെയ്തിട്ടാണ് ഇയാൾ അന്ധനായി ജനിച്ചത്? ഇയാളോ ഇയാളുടെ മാതാപിതാക്കളോ?” 3 യേശു പറഞ്ഞു: “ഇയാളോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല. ഇതു ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിലൂടെ വെളിപ്പെടാൻവേണ്ടിയാണ്.+ 4 എന്നെ അയച്ച വ്യക്തിയുടെ പ്രവൃത്തികൾ പകൽ തീരുന്നതിനു മുമ്പേ നമ്മൾ ചെയ്യണം.+ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത രാത്രി വരുന്നു. 5 ഞാൻ ലോകത്തുള്ളിടത്തോളം ലോകത്തിന്റെ വെളിച്ചമാണ്.”+ 6 ഇതു പറഞ്ഞശേഷം യേശു നിലത്ത് തുപ്പി ഉമിനീരുകൊണ്ട് മണ്ണു കുഴച്ച് ആ മനുഷ്യന്റെ കണ്ണുകളിൽ തേച്ചു.+ 7 എന്നിട്ട് അയാളോട്, “ശിലോഹാം (“അയയ്ക്കപ്പെട്ടത്” എന്ന് അർഥം.) കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞു. അയാൾ ചെന്ന് കഴുകി, കാഴ്ച കിട്ടി മടങ്ങിവന്നു.+
8 മുമ്പ് അയാളെ ഒരു യാചകനായി കണ്ടിട്ടുള്ളവരും അയൽക്കാരും, “ഇത് അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നയാളല്ലേ” എന്നു ചോദിച്ചു. 9 “അതു ശരിയാണല്ലോ” എന്നു ചിലരും “അല്ല, ഇയാൾ അതുപോലിരിക്കുന്നെന്നേ ഉള്ളൂ” എന്നു വേറെ ചിലരും പറയുന്നുണ്ടായിരുന്നു. എന്നാൽ ആ മനുഷ്യൻ അവരോടെല്ലാം, “അതു ഞാൻതന്നെയാണ്” എന്നു പറഞ്ഞു. 10 അവർ അയാളോട്, “അപ്പോൾ എങ്ങനെയാണു നിന്റെ കണ്ണു തുറന്നത്” എന്നു ചോദിച്ചു. 11 “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച് എന്റെ കണ്ണുകളിൽ തേച്ചിട്ട്, ‘ശിലോഹാമിൽ പോയി കഴുകുക’+ എന്ന് എന്നോടു പറഞ്ഞു. ഞാൻ ചെന്ന് കഴുകി കാഴ്ച കിട്ടി” എന്ന് അയാൾ പറഞ്ഞു. 12 അപ്പോൾ അവർ, “എന്നിട്ട് ആ മനുഷ്യൻ എവിടെ” എന്നു ചോദിച്ചു. “എനിക്ക് അറിയില്ല” എന്ന് അയാൾ പറഞ്ഞു.
13 മുമ്പ് അന്ധനായിരുന്ന ആ മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുപോയി. 14 യേശു മണ്ണു കുഴച്ച് അയാൾക്കു കാഴ്ച കൊടുത്തത്+ ഒരു ശബത്തുദിവസമായിരുന്നു.+ 15 അതുകൊണ്ട് അയാൾക്കു കാഴ്ച കിട്ടിയത് എങ്ങനെയാണെന്നു പരീശന്മാരും ചോദിക്കാൻതുടങ്ങി. അയാൾ അവരോടു പറഞ്ഞു: “ആ മനുഷ്യൻ മണ്ണു കുഴച്ച് എന്റെ കണ്ണുകളിൽ തേച്ചു. കഴുകിയപ്പോൾ എനിക്കു കാഴ്ച കിട്ടി.” 16 അപ്പോൾ പരീശന്മാരിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ല. കാരണം അവൻ ശബത്ത് ആചരിക്കുന്നില്ല.”+ മറ്റുള്ളവരാകട്ടെ, “പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇതുപോലുള്ള അടയാളങ്ങൾ ചെയ്യാൻ പറ്റും”+ എന്നു ചോദിച്ചു. അങ്ങനെ, അവർക്കിടയിൽ ഭിന്നിപ്പുണ്ടായി.+ 17 അവർ പിന്നെയും ആ അന്ധനോടു ചോദിച്ചു: “ആ മനുഷ്യനെപ്പറ്റി നീ എന്തു പറയുന്നു? നിന്റെ കണ്ണുകളല്ലേ അയാൾ തുറന്നത്?” അപ്പോൾ അയാൾ, “അദ്ദേഹം ഒരു പ്രവാചകനാണ്”+ എന്നു പറഞ്ഞു.
18 കാഴ്ച ലഭിച്ചവന്റെ മാതാപിതാക്കളെ വിളിച്ച് ചോദിക്കുന്നതുവരെ, അയാൾ അന്ധനായിരുന്നെന്നും പിന്നീടാണു കാഴ്ച കിട്ടിയതെന്നും ജൂതന്മാർ വിശ്വസിച്ചില്ല. 19 അവർ അവരോടു ചോദിച്ചു: “ജന്മനാ അന്ധനായിരുന്നെന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻതന്നെയാണോ? എങ്കിൽപ്പിന്നെ ഇവന് ഇപ്പോൾ കാണാൻ പറ്റുന്നത് എങ്ങനെയാണ്?” 20 അയാളുടെ മാതാപിതാക്കൾ പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണെന്നും ഇവൻ ജന്മനാ അന്ധനായിരുന്നെന്നും ഞങ്ങൾക്ക് അറിയാം. 21 എന്നാൽ ഇവനു കാഴ്ച കിട്ടിയത് എങ്ങനെയാണെന്നോ ഇവന്റെ കണ്ണുകൾ തുറന്നത് ആരാണെന്നോ ഞങ്ങൾക്ക് അറിയില്ല. അവനോടുതന്നെ ചോദിക്ക്. അവൻ പറയട്ടെ. അതിനുള്ള പ്രായം അവനുണ്ടല്ലോ.” 22 ജൂതന്മാരെ പേടിച്ചിട്ടാണ് അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്.+ കാരണം അവൻ ക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവരെ സിനഗോഗിൽനിന്ന് പുറത്താക്കണമെന്നു ജൂതന്മാർ നേരത്തേതന്നെ തീരുമാനിച്ചുറച്ചിരുന്നു.+ 23 അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ, “അവനോടുതന്നെ ചോദിക്ക്, അതിനുള്ള പ്രായം അവനുണ്ടല്ലോ” എന്നു പറഞ്ഞത്.
24 അങ്ങനെ, അന്ധനായിരുന്ന മനുഷ്യനെ രണ്ടാമതും വിളിച്ച് അവർ പറഞ്ഞു: “ദൈവത്തിനു മഹത്ത്വം കൊടുക്ക്. ആ മനുഷ്യൻ ഒരു പാപിയാണെന്നു ഞങ്ങൾക്ക് അറിയാം.” 25 അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ പാപിയാണോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ, ഒരു കാര്യം എനിക്ക് അറിയാം: ഞാൻ അന്ധനായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കു കാണാം.” 26 അപ്പോൾ അവർ ചോദിച്ചു: “അയാൾ എന്താണു ചെയ്തത്? അയാൾ നിന്റെ കണ്ണു തുറന്നത് എങ്ങനെയാണ്?” 27 അയാൾ പറഞ്ഞു: “അതു ഞാൻ നിങ്ങളോടു നേരത്തേ പറഞ്ഞതല്ലേ? പക്ഷേ നിങ്ങൾ ശ്രദ്ധിച്ചില്ല. പിന്നെ ഇപ്പോൾ വീണ്ടും ചോദിക്കുന്നത് എന്തിനാ? എന്താ, നിങ്ങൾക്കും ആ മനുഷ്യന്റെ ശിഷ്യന്മാരാകണമെന്നുണ്ടോ?” 28 അവർ പുച്ഛത്തോടെ പറഞ്ഞു: “നീ അവന്റെ ശിഷ്യനായിരിക്കാം. പക്ഷേ ഞങ്ങൾ മോശയുടെ ശിഷ്യന്മാരാണ്. 29 മോശയോടു ദൈവം സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്ക് അറിയാം. പക്ഷേ ഇയാൾ എവിടെനിന്ന് വന്നെന്ന് ആർക്ക് അറിയാം?” 30 അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ എന്റെ കണ്ണുകൾ തുറന്നിട്ടും അദ്ദേഹം എവിടെനിന്ന് വന്നെന്നു നിങ്ങൾക്കു മനസ്സിലാകാത്തത് അതിശയംതന്നെ. 31 ദൈവം പാപികളുടെ പ്രാർഥന കേൾക്കില്ലെന്നു നമുക്ക് അറിയാം.+ എന്നാൽ, ദൈവത്തെ ഭയപ്പെട്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന ദൈവം കേൾക്കും.+ 32 ജന്മനാ അന്ധനായ ഒരാളുടെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഇന്നുവരെ കേട്ടിട്ടില്ല. 33 ഈ മനുഷ്യൻ ദൈവത്തിൽനിന്നല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.”+ 34 അപ്പോൾ അവർ, “അപ്പാടേ പാപത്തിൽ ജനിച്ച നീയാണോ ഞങ്ങളെ പഠിപ്പിക്കാൻവരുന്നത്” എന്നു ചോദിച്ചുകൊണ്ട് അയാളെ അവിടെനിന്ന് പുറത്താക്കി!+
35 അയാളെ പുറത്താക്കി എന്നു യേശു കേട്ടു. വീണ്ടും അയാളെ കണ്ടപ്പോൾ യേശു ചോദിച്ചു: “നിനക്കു മനുഷ്യപുത്രനിൽ വിശ്വാസമുണ്ടോ?” 36 അപ്പോൾ ആ മനുഷ്യൻ, “ഞാൻ മനുഷ്യപുത്രനിൽ വിശ്വസിക്കേണ്ടതിന് അത് ആരാണ് യജമാനനേ” എന്നു ചോദിച്ചു. 37 യേശു അയാളോടു പറഞ്ഞു: “നീ ആ മനുഷ്യനെ കണ്ടിട്ടുണ്ട്. നിന്നോടു സംസാരിക്കുന്ന ഈ ഞാൻതന്നെയാണ് അത്.”+ 38 അപ്പോൾ അയാൾ, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞ് യേശുവിനെ വണങ്ങി. 39 യേശു പറഞ്ഞു: “കാഴ്ചയില്ലാത്തവർ കാണട്ടെ, കാഴ്ചയുള്ളവർ അന്ധരായിത്തീരട്ടെ.+ ഇങ്ങനെയൊരു ന്യായവിധി നടക്കാൻവേണ്ടിയാണു ഞാൻ ലോകത്തേക്കു വന്നത്.”+ 40 അവിടെയുണ്ടായിരുന്ന പരീശന്മാർ ഇതു കേട്ടിട്ട്, “അതിനു ഞങ്ങളും അന്ധരാണോ, അല്ലല്ലോ” എന്നു പറഞ്ഞു.+ 41 യേശു അവരോടു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ, ‘ഞങ്ങൾക്കു കാണാം’ എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനിൽക്കുന്നു.”+