ദാനിയേൽ
8 ദാനിയേൽ എന്ന എനിക്ക്, നേരത്തേ ഉണ്ടായ ദിവ്യദർശനത്തിനു+ ശേഷം ബേൽശസ്സർ രാജാവിന്റെ വാഴ്ചയുടെ മൂന്നാം വർഷം+ മറ്റൊരു ദിവ്യദർശനമുണ്ടായി. 2 ഏലാം+ സംസ്ഥാനത്തിലെ ശൂശൻ*+ കോട്ടയിലായിരുന്നു* ഞാൻ. ഞാൻ ദർശനം കണ്ടുകൊണ്ടിരുന്നു. ഊലായി നദിയുടെ* അരികിൽ ഞാൻ നിൽക്കുകയാണ്. 3 ഞാൻ കണ്ണ് ഉയർത്തി നോക്കിയപ്പോൾ അതാ, നദീതീരത്ത് ഒരു ആൺചെമ്മരിയാട്!+ അതിനു രണ്ടു കൊമ്പുണ്ടായിരുന്നു.+ രണ്ടു കൊമ്പും നന്നായി നീണ്ടതായിരുന്നു. എന്നാൽ, ഒന്നിനു മറ്റേതിനെക്കാൾ നീളമുണ്ടായിരുന്നു. നീളക്കൂടുതലുള്ളതു പിന്നീടാണ് ഉയർന്നുവന്നത്.+ 4 ആ ചെമ്മരിയാടു പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാൻ കണ്ടു. വന്യമൃഗങ്ങൾക്കൊന്നും അതിന്റെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അതിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിവുള്ള ആരുമില്ലായിരുന്നു.+ തോന്നിയതെല്ലാം ചെയ്ത അതു വലിയ വമ്പു കാട്ടി.
5 ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ അതാ, പടിഞ്ഞാറുനിന്ന്* ഒരു ആൺകോലാടു വരുന്നു.+ നിലം തൊടാതെ ഭൂമിയുടെ ഉപരിതലം മുഴുവൻ താണ്ടി വരുകയാണ് അത്. ആരുടെയും ശ്രദ്ധയാകർഷിക്കുന്ന ഒരു കൊമ്പ് അതിന്റെ കണ്ണുകൾക്കു നടുവിലുണ്ടായിരുന്നു.+ 6 നദീതീരത്ത് നിൽക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുള്ള ആൺചെമ്മരിയാടിനു നേരെയായിരുന്നു അതിന്റെ വരവ്. ക്രോധാവേശത്തോടെ അത് ആ ചെമ്മരിയാടിനു നേരെ പാഞ്ഞുചെന്നു.
7 ആൺകോലാടു ചെമ്മരിയാടിന്റെ തൊട്ടടുത്തെത്തിയതു ഞാൻ കണ്ടു. അതിനു ചെമ്മരിയാടിനോടു കടുത്ത വിദ്വേഷമായിരുന്നു. അതു ചെമ്മരിയാടിനെ ഇടിച്ചുവീഴ്ത്തി കൊമ്പുകൾ രണ്ടും തകർത്തുകളഞ്ഞു. കോലാടിനു മുന്നിൽ പിടിച്ചുനിൽക്കാൻ ചെമ്മരിയാടിനു ശക്തിയില്ലായിരുന്നു. അതു ചെമ്മരിയാടിനെ നിലത്ത് വീഴ്ത്തി ചവിട്ടിമെതിച്ചു. അതിന്റെ ശക്തിയിൽനിന്ന്* ചെമ്മരിയാടിനെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല.
8 ആൺകോലാടു തന്നെത്തന്നെ അത്യധികം ഉയർത്തി; എന്നാൽ, അതു ശക്തനായ ഉടനെ അതിന്റെ വലിയ കൊമ്പ് ഒടിഞ്ഞുപോയി; ആ കൊമ്പിനു പകരം ആരുടെയും ശ്രദ്ധയാകർഷിക്കുന്ന നാലു കൊമ്പ് ആകാശത്തിലെ നാലു കാറ്റിനും നേരെ മുളച്ചുവന്നു.+
9 അതിൽ ഒന്നിൽനിന്ന് മറ്റൊരു ചെറിയ കൊമ്പു മുളച്ചു. അതു തെക്കോട്ടും കിഴക്കോട്ടും* അലങ്കാരമായതിനു*+ നേരെയും വളർന്ന് വളരെ വലുതായി. 10 അതു വളർന്നുവളർന്ന് ഒടുവിൽ ആകാശത്തിലെ സൈന്യത്തിന് അടുത്ത് എത്തി; എന്നിട്ട്, ആ സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതു ഭൂമിയിലേക്കു വീഴാൻ ഇടയാക്കി. അത് അവയെ ചവിട്ടിമെതിച്ചു. 11 സൈന്യത്തിന്റെ പ്രഭുവിന് എതിരെപോലും അതു തന്നെത്തന്നെ ഉയർത്തി; പ്രഭുവിൽനിന്ന് പതിവുസവിശേഷത* എടുത്തുമാറ്റി. പ്രഭുവിന്റെ വിശുദ്ധമന്ദിരം നിന്ന സ്ഥലം നശിപ്പിച്ചു.+ 12 പതിവുസവിശേഷതയോടൊപ്പം* ഒരു സൈന്യത്തെ അതിനു കൊടുത്തു; ലംഘനമായിരുന്നു കാരണം. അതു നിരന്തരം സത്യത്തെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു; അതു ചെയ്തതെല്ലാം സഫലമായി.
13 ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധൻ ചോദിച്ചു: “പതിവുസവിശേഷതയെക്കുറിച്ചും* സർവനാശം വിതയ്ക്കുന്ന ലംഘനത്തെക്കുറിച്ചും വിശുദ്ധസ്ഥലത്തെയും സൈന്യത്തെയും ചവിട്ടിമെതിക്കുന്നതിനെക്കുറിച്ചും ഉള്ള ദിവ്യദർശനം എത്ര നാൾ നീണ്ടുനിൽക്കും?”+ 14 “2,300 സന്ധ്യയും പ്രഭാതവും പിന്നിടുന്നതുവരെ! അതിനു ശേഷം, വിശുദ്ധസ്ഥലം പൂർവസ്ഥിതിയിലാകും” എന്നായിരുന്നു എനിക്കു കിട്ടിയ മറുപടി.
15 കണ്ടുകൊണ്ടിരിക്കുന്ന ദിവ്യദർശനം മനസ്സിലാക്കാൻ ദാനിയേൽ എന്ന ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അതാ, ഒരു മനുഷ്യരൂപം എന്റെ മുന്നിൽ നിൽക്കുന്നു! 16 പിന്നെ ഞാൻ, ഊലായിയുടെ+ നടുവിൽനിന്ന് ഒരു മനുഷ്യന്റെ ശബ്ദം കേട്ടു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഗബ്രിയേലേ,+ അവൻ കണ്ടത് അവനു മനസ്സിലാക്കിക്കൊടുക്കുക.”+ 17 അങ്ങനെ, അദ്ദേഹം ഞാൻ നിൽക്കുന്നിടത്തേക്കു വന്നു. അപ്പോൾ, ഞാൻ വല്ലാതെ പേടിച്ച് കമിഴ്ന്നുവീണു. അദ്ദേഹം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ ദിവ്യദർശനം അവസാനകാലത്തേക്കുള്ളതാണ് എന്നു മനസ്സിലാക്കുക.”+ 18 എന്നാൽ, അദ്ദേഹം എന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഗാഢനിദ്രയിലായി. കമിഴ്ന്നുകിടക്കുകയായിരുന്ന എന്നെ അദ്ദേഹം തൊട്ടു; ഞാൻ നേരത്തേ നിന്നിരുന്ന സ്ഥലത്തുതന്നെ എന്നെ എഴുന്നേൽപ്പിച്ചുനിറുത്തി.+ 19 എന്നിട്ട്, എന്നോടു പറഞ്ഞു: “ക്രോധത്തിന്റെ അവസാനഘട്ടത്തിൽ എന്തു സംഭവിക്കുമെന്നു ഞാൻ നിന്നെ അറിയിക്കാൻ പോകുകയാണ്. കാരണം, അത് അവസാനത്തിനുവേണ്ടി നിശ്ചയിച്ച കാലത്ത് സംഭവിക്കാനുള്ളതാണ്.+
20 “നീ കണ്ട രണ്ടു കൊമ്പുള്ള ആൺചെമ്മരിയാടു മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരെ കുറിക്കുന്നു.+ 21 ധാരാളം രോമമുള്ള ആൺകോലാടു ഗ്രീസിലെ രാജാവിനെയും+ അതിന്റെ കണ്ണുകൾക്കു നടുവിലുള്ള വലിയ കൊമ്പ് ആദ്യത്തെ രാജാവിനെയും കുറിക്കുന്നു.+ 22 ഒടിഞ്ഞുപോയ ആ കൊമ്പിനു പകരം നാലു കൊമ്പുകൾ ഉയർന്നുവന്നതോ,+ അദ്ദേഹത്തിന്റെ രാജ്യത്തിൽനിന്ന് നാലു രാജ്യങ്ങൾ ഉയർന്നുവരും. പക്ഷേ, അദ്ദേഹത്തിന്റെ ശക്തി അവയ്ക്കുണ്ടായിരിക്കില്ല.
23 “അവരുടെ രാജ്യം അവസാനിക്കാറാകുമ്പോൾ, ലംഘകർ ലംഘനം തികയ്ക്കുന്ന സമയത്ത്* ഗൂഢാർഥപ്രയോഗങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള,* കണ്ടാൽ പേടി തോന്നുന്ന ഒരു രാജാവ് എഴുന്നേൽക്കും. 24 അദ്ദേഹം വളരെ ശക്തനാകും; പക്ഷേ, സ്വന്തം ശക്തിയാലായിരിക്കില്ല. അദ്ദേഹം അസാധാരണമായ വിധത്തിൽ നാശം* വിതയ്ക്കും, താൻ ഉദ്ദേശിക്കുന്നതെല്ലാം ഫലപ്രദമായി നടപ്പാക്കും. അദ്ദേഹം ചെയ്യുന്നതെല്ലാം സഫലമാകും. ശക്തന്മാർക്കും വിശുദ്ധജനത്തിനും അദ്ദേഹം നാശം വരുത്തും.+ 25 കൗശലക്കാരനായ അദ്ദേഹം ചതിയിലൂടെ കാര്യം സാധിക്കും; സ്വന്തഹൃദയത്തിൽ വലുപ്പം ഭാവിക്കും; സുരക്ഷിതത്വം കളിയാടുന്ന ഒരു സമയത്ത്* അനേകരെ നശിപ്പിക്കും. അദ്ദേഹം പ്രഭുക്കന്മാരുടെ പ്രഭുവിന് എതിരെപോലും എഴുന്നേൽക്കും. പക്ഷേ, അദ്ദേഹം തകർന്നുപോകും. എന്നാൽ മനുഷ്യന്റെ കൈയാലായിരിക്കില്ല.
26 “സന്ധ്യകളെയും പ്രഭാതങ്ങളെയും കുറിച്ച് ദിവ്യദർശനത്തിൽ പറഞ്ഞതു സത്യമാണ്. എങ്കിലും നീ ദർശനം രഹസ്യമായി സൂക്ഷിക്കണം. കാരണം, അതു വിദൂരഭാവിയിലേക്കുള്ളതാണ്.”*+
27 ദാനിയേൽ എന്ന ഞാൻ ആകെ ക്ഷീണിച്ച് തളർന്ന് കുറച്ച് ദിവസത്തേക്ക് അസുഖം പിടിച്ച് കിടന്നു.+ പിന്നെ, എഴുന്നേറ്റ് രാജാവ് ഏൽപ്പിച്ച ജോലികൾ ചെയ്തു.+ എങ്കിലും, ഇതൊക്കെ കണ്ട് ഞാൻ ആകെ മരവിച്ച ഒരു അവസ്ഥയിലായിരുന്നു; ദിവ്യദർശനം ആർക്കും മനസ്സിലാക്കാനായതുമില്ല.+