മത്തായി എഴുതിയത്
23 പിന്നെ യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും പറഞ്ഞു: 2 “ശാസ്ത്രിമാരും പരീശന്മാരും മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു. 3 അതുകൊണ്ട് അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക.+ എന്നാൽ അവർ ചെയ്യുന്നതുപോലെ ചെയ്യരുത്. കാരണം അവർ പറയുന്നെങ്കിലും അതുപോലെ പ്രവർത്തിക്കുന്നില്ല. 4 അവർ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെച്ചുകൊടുക്കുന്നു.+ എന്നാൽ ചെറുവിരൽകൊണ്ടുപോലും അതൊന്ന് അനക്കാൻ അവർക്കു മനസ്സില്ല.+ 5 മനുഷ്യരെ കാണിക്കാനാണ് അവർ ഓരോന്നും ചെയ്യുന്നത്.+ അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന+ വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടുകയും വസ്ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും ചെയ്യുന്നു.+ 6 അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനവും സിനഗോഗുകളിൽ മുൻനിരയും+ 7 ചന്തസ്ഥലങ്ങളിൽ ആളുകൾ അഭിവാദനം ചെയ്യുന്നതും റബ്ബി എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു. 8 എന്നാൽ നിങ്ങളോ, ആരും നിങ്ങളെ റബ്ബി എന്നു വിളിക്കാൻ സമ്മതിക്കരുത്. കാരണം ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു,+ നിങ്ങളോ എല്ലാവരും സഹോദരന്മാർ. 9 ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ പിതാവ്;+ സ്വർഗസ്ഥൻതന്നെ. 10 ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്; അതു ക്രിസ്തുവാണ്.+ 11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനാകണം.+ 12 തന്നെത്തന്നെ ഉയർത്തുന്നവനെ+ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ+ ദൈവം ഉയർത്തും.
13 “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങളോ കടക്കുന്നില്ല, കടക്കാൻ ശ്രമിക്കുന്നവരെ അതിനു സമ്മതിക്കുന്നുമില്ല.+ 14 ——
15 “കപടഭക്തരായ+ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! ഒരാളെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. അയാൾ ചേർന്നുകഴിയുമ്പോഴോ നിങ്ങൾ അയാളെ ഗീഹെന്നയ്ക്കു നിങ്ങളെക്കാൾ ഇരട്ടി അർഹനാക്കുന്നു.
16 “‘ആരെങ്കിലും ദേവാലയത്തെക്കൊണ്ട് സത്യം ചെയ്താൽ സാരമില്ല എന്നും ദേവാലയത്തിലെ സ്വർണത്തെക്കൊണ്ട് സത്യം ചെയ്താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ’+ എന്നും പറയുന്ന അന്ധരായ വഴികാട്ടികളേ,+ നിങ്ങളുടെ കാര്യം കഷ്ടം! 17 വിഡ്ഢികളേ, അന്ധന്മാരേ, ഏതാണു വലിയത്? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദേവാലയമോ? 18 ‘ആരെങ്കിലും യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്താൽ+ സാരമില്ല; അതിന്മേലുള്ള കാഴ്ചയെക്കൊണ്ട് സത്യം ചെയ്താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ’ എന്നും നിങ്ങൾ പറയുന്നു. 19 അന്ധന്മാരേ, ഏതാണു വലിയത്? കാഴ്ചയോ കാഴ്ചയെ പവിത്രമാക്കുന്ന യാഗപീഠമോ? 20 അതുകൊണ്ട് യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിലുള്ള സകലത്തെയും കൊണ്ട് സത്യം ചെയ്യുന്നു. 21 ദേവാലയത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും+ കൊണ്ട് സത്യം ചെയ്യുന്നു. 22 സ്വർഗത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ ദൈവസിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും കൊണ്ട് സത്യം ചെയ്യുന്നു.+
23 “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്നു കൊടുക്കുന്നു.+ എന്നാൽ ന്യായം,+ കരുണ,+ വിശ്വസ്തത* എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ നിങ്ങൾ അവഗണിച്ചിരിക്കുന്നു. ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും ചെയ്യേണ്ടിയിരുന്നു.+ 24 അന്ധരായ വഴികാട്ടികളേ,+ നിങ്ങൾ കൊതുകിനെ+ അരിച്ചെടുക്കുന്നു. പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു!+
25 “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു.+ അവയുടെ അകം നിറയെ അത്യാഗ്രഹവും*+ സ്വാർഥതയും+ ആണ്. 26 അന്ധനായ പരീശാ, പാനപാത്രത്തിന്റെയും തളികയുടെയും അകം ആദ്യം വൃത്തിയാക്കുക. അപ്പോൾ പുറവും വൃത്തിയായിക്കൊള്ളും.
27 “കപടഭക്തരായ+ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ വെള്ള പൂശിയ ശവക്കല്ലറകൾപോലെയാണ്.+ അവ പുറമേ ഭംഗിയുള്ളതാണ്. അകത്തോ മരിച്ചവരുടെ അസ്ഥികളും എല്ലാ തരം അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 28 അങ്ങനെതന്നെ, നിങ്ങളും പുറമേ നീതിമാന്മാരാണ്; പക്ഷേ അകമേ കാപട്യവും ധിക്കാരവും* നിറഞ്ഞിരിക്കുന്നു.+
29 “കപടഭക്തരായ+ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ പണിതും നീതിമാന്മാരുടെ കല്ലറകൾ അലങ്കരിച്ചും കൊണ്ട്,+ 30 ‘പൂർവികരുടെ കാലത്ത് ഞങ്ങളുണ്ടായിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയാൻ ഞങ്ങൾ അവർക്കു കൂട്ടുനിൽക്കില്ലായിരുന്നു’ എന്നു പറയുന്നു. 31 അങ്ങനെ, പ്രവാചകന്മാരെ കൊന്നവരുടെ+ പുത്രന്മാരെന്നു നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷി പറയുന്നു. 32 അതുകൊണ്ട് നിങ്ങളുടെ പൂർവികരുടെ പാപത്തിന്റെ അളവുപാത്രം നിങ്ങൾ നിറച്ചുകൊള്ളൂ.
33 “സർപ്പങ്ങളേ, അണലിസന്തതികളേ,+ നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന്+ എങ്ങനെ രക്ഷപ്പെടും? 34 അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും+ ജ്ഞാനികളെയും ഉപദേഷ്ടാക്കളെയും+ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും+ സ്തംഭത്തിലേറ്റുകയും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച് ചാട്ടയ്ക്ക് അടിക്കുകയും+ നഗരംതോറും വേട്ടയാടുകയും+ ചെയ്യും. 35 അങ്ങനെ, നീതിമാനായ ഹാബേലിന്റെ രക്തംമുതൽ+ വിശുദ്ധമന്ദിരത്തിനും യാഗപീഠത്തിനും ഇടയ്ക്കുവെച്ച് നിങ്ങൾ കൊന്നുകളഞ്ഞ ബരെഖ്യയുടെ മകനായ സെഖര്യയുടെ രക്തംവരെ,+ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം മുഴുവൻ നിങ്ങളുടെ മേൽ വരും. 36 ഇതെല്ലാം ഈ തലമുറയുടെ മേൽ വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
37 “യരുശലേമേ, യരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും+ ചെയ്യുന്നവളേ, കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒന്നിച്ചുകൂട്ടുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുകൂട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹിച്ചു! പക്ഷേ നിങ്ങൾക്ക് അത് ഇഷ്ടമല്ലായിരുന്നു.+ 38 നിങ്ങളുടെ ഈ ഭവനത്തെ ഇതാ, ഉപേക്ഷിച്ചിരിക്കുന്നു!+ 39 ‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ’+ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”