കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത്
7 അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങൾ+ നമുക്കുള്ളതുകൊണ്ട് ശരീരത്തെയും ചിന്തകളെയും* മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിച്ച്+ ദൈവഭയത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.
2 നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം തരുക.+ ഞങ്ങൾ ആരോടും അന്യായം കാണിച്ചിട്ടില്ല. ആരെയും വഷളാക്കിയിട്ടില്ല. ആരെയും ചൂഷണം ചെയ്തിട്ടുമില്ല.+ 3 നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാൻ ഇതൊക്കെ പറയുന്നത്. ജീവിച്ചാലും മരിച്ചാലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ. 4 എനിക്കു നിങ്ങളോട് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നിങ്ങളെ ഓർത്ത് ഞാൻ വളരെ അഭിമാനിക്കുകയും ചെയ്യുന്നു. എനിക്കു നല്ല ആശ്വാസം തോന്നുന്നു. എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു.+
5 വാസ്തവത്തിൽ മാസിഡോണിയയിൽ+ എത്തിയപ്പോഴും ഞങ്ങൾക്ക്* ഒരു സ്വസ്ഥതയും ഉണ്ടായില്ല. എല്ലാ വിധത്തിലും ബുദ്ധിമുട്ടുകൾ മാത്രം: പുറമേ ഉപദ്രവങ്ങൾ; അകമേ ആശങ്കകൾ. 6 പക്ഷേ മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവം+ തീത്തോസിനെ അയച്ച് ഞങ്ങളെ ആശ്വസിപ്പിച്ചു. 7 തീത്തോസിന്റെ സാമീപ്യം മാത്രമല്ല, നിങ്ങൾ കാരണം തീത്തോസിനുണ്ടായ ആശ്വാസവും എന്നെ ആശ്വസിപ്പിച്ചു. എന്നെ കാണാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെന്നും നിങ്ങൾക്കു കടുത്ത ദുഃഖമുണ്ടെന്നും എന്റെ കാര്യത്തിൽ നിങ്ങൾക്ക് ആത്മാർഥമായ താത്പര്യമുണ്ടെന്നും* തീത്തോസ് ഞങ്ങളോടു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കു കൂടുതൽ സന്തോഷമായി.
8 എന്റെ കത്തിലൂടെ ഞാൻ നിങ്ങളെ കുറച്ച് വിഷമിപ്പിച്ചെങ്കിലും+ എനിക്ക് അതിൽ ഖേദമില്ല. തത്കാലത്തേക്കാണെങ്കിലും, ആ കത്തു നിങ്ങളെ വിഷമിപ്പിച്ചല്ലോ എന്ന് ഓർത്ത് ആദ്യം ഖേദം തോന്നിയെങ്കിലും 9 ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു. നിങ്ങൾ ദുഃഖിച്ചതുകൊണ്ടല്ല, നിങ്ങളുടെ ദുഃഖം നിങ്ങളെ പശ്ചാത്താപത്തിലേക്കു നയിച്ചതുകൊണ്ട്. നിങ്ങൾ ദുഃഖിച്ചതു ദൈവികമായ രീതിയിലാണല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം നിങ്ങൾക്ക് ഒരു ദോഷവും വന്നില്ല. 10 ദൈവികമായ ദുഃഖം, രക്ഷയിലേക്കു നയിക്കുന്ന പശ്ചാത്താപം ഉണ്ടാക്കുന്നു. അതിനെപ്പറ്റി പിന്നെ ഖേദിക്കേണ്ടിവരില്ല.+ എന്നാൽ ലോകപ്രകാരമുള്ള ദുഃഖമാകട്ടെ മരണത്തിലേക്കു നയിക്കുന്നു. 11 ദൈവികമായ ഈ ദുഃഖം നിങ്ങളിൽ എത്രമാത്രം ഉത്സാഹമാണ് ഉണ്ടാക്കിയത്! ശുദ്ധരാകാനുള്ള നിങ്ങളുടെ ആഗ്രഹം! ആ ധാർമികരോഷം! ആ ഭയഭക്തി! ആത്മാർഥമായ നിങ്ങളുടെ ആഗ്രഹം! ആ ആവേശം! തെറ്റിന് എതിരെ നടപടിയെടുക്കാനുള്ള ആ സന്നദ്ധത!+ അങ്ങനെ നിങ്ങൾ ഇക്കാര്യത്തിൽ എല്ലാ വിധത്തിലും നിർമലരാണെന്നു* തെളിയിച്ചിരിക്കുന്നു. 12 തെറ്റു ചെയ്ത ആളെയോ+ തെറ്റിന് ഇരയായ ആളെയോ ഓർത്തല്ല ഞാൻ നിങ്ങൾക്ക് എഴുതിയത്. ഞങ്ങളെ ശ്രദ്ധിക്കാനുള്ള നിങ്ങളുടെ മനസ്സൊരുക്കം ദൈവമുമ്പാകെയും നിങ്ങൾക്കിടയിലും വെളിപ്പെടാൻവേണ്ടിയാണ്. 13 അതു വെളിപ്പെട്ടതുകൊണ്ടാണു ഞങ്ങൾക്ക് ആശ്വാസം തോന്നിയത്.
ഞങ്ങൾക്കുണ്ടായ ഈ ആശ്വാസത്തിനു പുറമേ, തീത്തോസിനുണ്ടായ സന്തോഷം ഞങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചു. കാരണം നിങ്ങൾ എല്ലാവരും തീത്തോസിന്റെ മനസ്സിന്* ഉന്മേഷം പകർന്നു. 14 ഞാൻ തീത്തോസിനോടു നിങ്ങളെക്കുറിച്ച് എന്തെങ്കിലും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് അതിൽ ലജ്ജിക്കേണ്ടിവന്നിട്ടില്ല. ഞങ്ങൾ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നതുപോലെ തീത്തോസിനോടു നിങ്ങളെക്കുറിച്ച് പുകഴ്ത്തിപ്പറഞ്ഞതും സത്യമാണെന്നു തെളിഞ്ഞല്ലോ. 15 നിങ്ങൾ എല്ലാവരും കാണിച്ച അനുസരണത്തെക്കുറിച്ചും+ തീത്തോസിനെ നിങ്ങൾ ഭയത്തോടെയും വിറയലോടെയും സ്വീകരിച്ചതിനെക്കുറിച്ചും തീത്തോസ് ഓർക്കുന്നുണ്ട്. അതുകൊണ്ട് തീത്തോസിനു നിങ്ങളോടുള്ള ആർദ്രപ്രിയം മുമ്പത്തേതിലും കൂടിയിരിക്കുന്നു. 16 ഏതു കാര്യത്തിലും നിങ്ങളെ വിശ്വസിക്കാമല്ലോ എന്ന് ഓർത്ത്* എനിക്കു വളരെ സന്തോഷം തോന്നുന്നു.