ഓബദ്യ
1 ഓബദ്യക്ക്* ഉണ്ടായ ദിവ്യദർശനം:
പരമാധികാരിയായ യഹോവ ഏദോമിനെക്കുറിച്ച് പറയുന്നത്:+
“യഹോവയിൽനിന്ന് ഞങ്ങൾ ഒരു വാർത്ത കേട്ടിരിക്കുന്നു.
ജനതകൾക്കിടയിലേക്ക് ഒരു സന്ദേശവാഹകനെ അയച്ചിരിക്കുന്നു:
‘എഴുന്നേൽക്കൂ, അവൾക്കെതിരെ നമുക്കു യുദ്ധത്തിന് ഒരുങ്ങാം.’”+
2 “ഇതാ! ഞാൻ നിന്നെ ജനതകൾക്കിടയിൽ നിസ്സാരയാക്കിയിരിക്കുന്നു;
നീ അത്യന്തം നിന്ദിതയായിരിക്കുന്നു.+
3 നിന്റെ ഹൃദയത്തിലെ ധാർഷ്ട്യം നിന്നെ വഞ്ചിച്ചിരിക്കുന്നു.+
വൻപാറയിലെ സങ്കേതങ്ങളിൽ വസിക്കുന്നവളേ,
ഉന്നതങ്ങളിൽ താമസിക്കുന്നവളേ,
‘ആർക്ക് എന്നെ താഴെ ഭൂമിയിലേക്ക് ഇറക്കാനാകും’ എന്നു ഹൃദയത്തിൽ പറയുന്നവളേ,
4 നീ കഴുകനെപ്പോലെ ഉയരങ്ങളിൽ പാർപ്പുറപ്പിച്ചാലും*
നക്ഷത്രങ്ങൾക്കിടയിൽ കൂടു കൂട്ടിയാലും
അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
5 “(നിന്റെ നാശം എത്ര വലുതായിരിക്കും!)*
കള്ളന്മാർ നിന്റെ നേരെ വന്നാൽ, രാത്രിയിൽ കവർച്ചക്കാർ വന്നാൽ,
തങ്ങൾക്കു വേണ്ടതു മാത്രമല്ലേ അവർ മോഷ്ടിക്കൂ?
ഇനി, മുന്തിരിപ്പഴം ശേഖരിക്കുന്നവരാണു നിന്റെ അടുത്ത് വരുന്നതെങ്കിലോ?
6 എന്നാൽ, ഏശാവിനെ അവർ എങ്ങനെ തേടിപ്പിടിച്ചിരിക്കുന്നു!
അവന്റെ മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾ അവർ അരിച്ചുപെറുക്കി കൊള്ളയടിച്ചിരിക്കുന്നു!
7 അവർ നിന്നെ ഓടിച്ച് അതിർത്തിയിലെത്തിച്ചിരിക്കുന്നു.
നിന്നോടു സഖ്യം* ചെയ്തവരൊക്കെയും നിന്നെ വഞ്ചിച്ചിരിക്കുന്നു.
നിന്നോടു സമാധാനത്തിലായിരുന്നവർ നിന്നെ പരാജയപ്പെടുത്തിയിരിക്കുന്നു.
നിന്നോടുകൂടെ അപ്പം തിന്നുന്നവർ നിന്റെ കാൽക്കീഴെ കുടുക്കുവല വിരിക്കും;
പക്ഷേ നീ അതു തിരിച്ചറിയില്ല.
8 അന്നു ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെ ഇല്ലായ്മ ചെയ്യും;
ഏശാവിന്റെ മലനാട്ടിൽനിന്ന് വകതിരിവ് തുടച്ചുനീക്കും”+ എന്ന് യഹോവ പറയുന്നു.
9 “തേമാനേ,+ നിന്റെ യോദ്ധാക്കൾ ഭയചകിതരാകും.+
കാരണം, ഏശാവിന്റെ മലനാട്ടിലുള്ളവർ ഒന്നൊഴിയാതെ സംഹരിക്കപ്പെടും.+
10 നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത അക്രമം കാരണം+
ലജ്ജ നിന്നെ മൂടും;+
നീ എന്നെന്നേക്കുമായി നശിച്ചുപോകും.+
11 അന്യദേശക്കാർ അവന്റെ സൈന്യത്തെ ബന്ദികളാക്കി കൊണ്ടുപോയ ദിവസം+
നീ വെറും കാഴ്ചക്കാരിയായി നോക്കിനിന്നു;
വിദേശികൾ അവന്റെ കവാടത്തിൽ കടന്ന് യരുശലേമിനുവേണ്ടി നറുക്കിട്ടപ്പോൾ,+
നീയും അവരിൽ ഒരാളെപ്പോലെ പെരുമാറി.
12 നിന്റെ സഹോദരന്റെ ആപത്ദിനത്തിൽ, നീ അവന്റെ അവസ്ഥ കണ്ട് രസിക്കരുതായിരുന്നു.+
യഹൂദയിലെ ജനങ്ങളുടെ നാശദിവസത്തിൽ അവരെച്ചൊല്ലി നീ ആഹ്ലാദിക്കരുതായിരുന്നു.+
അവരുടെ കഷ്ടദിവസത്തിൽ നീ അത്രയ്ക്കു ഗർവത്തോടെ സംസാരിക്കരുതായിരുന്നു.
13 എന്റെ ജനത്തിന്റെ ദുരന്തദിവസത്തിൽ നീ അവരുടെ കവാടത്തിന് അകത്ത് വരരുതായിരുന്നു.+
അവന്റെ ദുരന്തദിവസത്തിൽ നീ അവന്റെ ആപത്തു കണ്ട് രസിക്കരുതായിരുന്നു.
അവന്റെ ദുരന്തദിവസത്തിൽ അവന്റെ സമ്പത്തിനു മേൽ നീ കൈവയ്ക്കരുതായിരുന്നു.+
14 അവന്റെ ആളുകളിൽ രക്ഷപ്പെട്ട് ഓടുന്നവരെ സംഹരിക്കേണ്ടതിനു നീ കവലകളിൽ നിൽക്കരുതായിരുന്നു.+
അവനു ശേഷിച്ചവരെ കഷ്ടദിവസത്തിൽ നീ അവരുടെ ശത്രുക്കൾക്കു കൈമാറരുതായിരുന്നു.+
15 കാരണം, എല്ലാ ജനതകൾക്കും എതിരെയുള്ള യഹോവയുടെ ദിവസം അടുത്തെത്തിയിരിക്കുന്നു.+
നീ അവനോടു ചെയ്തതുപോലെതന്നെ നിന്നോടും ചെയ്യും.+
മറ്റുള്ളവരോടുള്ള നിന്റെ പെരുമാറ്റം നിന്റെ തലമേൽത്തന്നെ തിരിച്ചെത്തും.
16 നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽവെച്ച് വീഞ്ഞു കുടിച്ചതുപോലെ
ജനതകൾ എന്റെ കോപം എന്നും കുടിച്ചുകൊണ്ടിരിക്കും.+
അവർ നിശ്ചയമായും എന്റെ കോപം കുടിച്ചിറക്കും.
അപ്പോൾ, അവർ ഒരിക്കലും അസ്തിത്വത്തിൽ ഇല്ലാതിരുന്നതുപോലെയാകും.
17 എന്നാൽ രക്ഷപ്പെടുന്നവർ സീയോൻ പർവതത്തിലുണ്ടായിരിക്കും.+
അവിടം വിശുദ്ധമായിരിക്കും.+
യാക്കോബുഗൃഹം അവരുടെ വസ്തുവകകൾ കൈവശമാക്കും.+
18 യാക്കോബുഗൃഹം തീയും
യോസേഫുഗൃഹം തീജ്വാലയും ആയിത്തീരും;
പക്ഷേ, ഏശാവുഗൃഹം കച്ചിപോലെയായിരിക്കും.
അവർ ഏശാവുഗൃഹത്തെ കത്തിച്ച് ചാമ്പലാക്കും.
അവരിൽ ആരും രക്ഷപ്പെടുകയില്ല.+
യഹോവയല്ലോ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എഫ്രയീമിന്റെ നിലവും ശമര്യയുടെ നിലവും അവർ കൈവശമാക്കും.+
ബന്യാമീൻ ഗിലെയാദ് കൈവശമാക്കും.
20 സാരെഫാത്ത് വരെയുള്ള കനാന്യരുടെ ദേശം,
ഈ കോട്ടയിൽനിന്ന്* ബന്ദികളായി+ പിടിച്ചുകൊണ്ടുപോയ ഇസ്രായേൽ ജനത്തിന്റേതാകും.+
യരുശലേമിൽനിന്ന് ബന്ദികളായി പിടിച്ചുകൊണ്ടുപോയവരിൽ സെഫാരദിലുണ്ടായിരുന്നവർ നെഗെബിലെ നഗരങ്ങൾ കൈവശമാക്കും.+