കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത്
8 സഹോദരങ്ങളേ, മാസിഡോണിയയിലെ+ സഭകളോടു ദൈവം കാണിച്ച അനർഹദയയെക്കുറിച്ച് ഞങ്ങൾ നിങ്ങളോടു പറയാം. 2 ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കഠിനപരിശോധന നേരിടുകയായിരുന്നെങ്കിലും നിറഞ്ഞ സന്തോഷത്തോടെ അവർ വലിയ* ഔദാര്യം കാണിച്ചു. കൊടിയ ദാരിദ്ര്യത്തിലായിരുന്നിട്ടുപോലും അങ്ങനെ ചെയ്തുകൊണ്ട് അവർ സമ്പന്നരാണെന്നു തെളിയിച്ചു. 3 അവർ തങ്ങളുടെ കഴിവനുസരിച്ചും+ അതിന് അപ്പുറവും കൊടുത്തു എന്നതിനു ഞാൻ സാക്ഷി.+ 4 വിശുദ്ധർക്കുവേണ്ടിയുള്ള ഈ ദുരിതാശ്വാസശുശ്രൂഷയിൽ+ ഒരു പങ്കുണ്ടായിരിക്കാനുള്ള പദവിക്കുവേണ്ടി അവർ നിറുത്താതെ ഞങ്ങളോടു യാചിച്ചുകൊണ്ടിരുന്നു. മറ്റാരും പറയാതെ അവർതന്നെ മുൻകൈയെടുത്ത് അതു ചെയ്യുകയായിരുന്നു. 5 വാസ്തവത്തിൽ, ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറം അവർ ചെയ്തു. ആദ്യം അവർ കർത്താവിനു തങ്ങളെത്തന്നെ ഏൽപ്പിച്ചു; കൂടാതെ ദൈവേഷ്ടമനുസരിച്ച് ഞങ്ങൾക്കും. 6 അതുകൊണ്ട് തീത്തോസ്+ നിങ്ങൾക്കിടയിൽ തുടങ്ങിവെച്ച ദാനശേഖരണം പൂർത്തിയാക്കാൻ ഞങ്ങൾ തീത്തോസിനോട് ആവശ്യപ്പെട്ടു. 7 വിശ്വാസത്തിലും വചനത്തിലും അറിവിലും തികഞ്ഞ ശുഷ്കാന്തിയിലും ഞങ്ങൾക്കു നിങ്ങളോടുള്ള തരം സ്നേഹത്തിലും നിങ്ങൾ മുന്നിട്ടുനിൽക്കുന്നതുപോലെ, ഈ ദാനധർമത്തിന്റെ കാര്യത്തിലും മുന്നിട്ടുനിൽക്കുക.+
8 ഇത് ഒരു കല്പനയല്ല. ഞാൻ ഇതെല്ലാം പറഞ്ഞതു മറ്റുള്ളവരുടെ ശുഷ്കാന്തി നിങ്ങളെ അറിയിക്കാനും നിങ്ങളുടെ സ്നേഹം എത്ര ആത്മാർഥമാണ് എന്നു പരിശോധിക്കാനും വേണ്ടിയാണ്. 9 നമ്മുടെ കർത്താവായ യേശുക്രിസ്തു കാണിച്ച അനർഹദയയെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ. യേശു സമ്പന്നനായിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായി.+ തന്റെ ദാരിദ്ര്യംകൊണ്ട് നിങ്ങളെ സമ്പന്നരാക്കാൻവേണ്ടിയാണ് യേശു അങ്ങനെ ചെയ്തത്.
10 ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായം ഇതാണ്:+ നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണു ഞാൻ ഇതു പറയുന്നത്. ഒരു വർഷം മുമ്പ് നിങ്ങൾ അതു തുടങ്ങിവെച്ചു. നിങ്ങൾ അത് ഒരുപാട് ആഗ്രഹിച്ചതുമാണ്. 11 അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ കഴിവനുസരിച്ച് കൊടുക്കുക. അങ്ങനെ നിങ്ങൾ തുടങ്ങിവെച്ച അക്കാര്യം തുടക്കത്തിൽ നിങ്ങൾക്കുണ്ടായിരുന്ന അതേ മനസ്സൊരുക്കത്തോടെ ചെയ്തുതീർക്കുക. 12 മനസ്സൊരുക്കമാണു പ്രധാനം. മനസ്സോടെ കൊടുക്കുന്നെങ്കിൽ അതായിരിക്കും ദൈവത്തിനു കൂടുതൽ സ്വീകാര്യം. ഒരാൾ തന്റെ കഴിവിന് അപ്പുറമല്ല, കഴിവനുസരിച്ച് കൊടുക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്.+ 13 നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടു മറ്റുള്ളവർക്കു കാര്യം എളുപ്പമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. 14 നിങ്ങൾക്ക് ഇപ്പോഴുള്ള സമൃദ്ധികൊണ്ട് അവരുടെ കുറവ് നികത്തുകയാണെങ്കിൽ പിന്നീടു നിങ്ങൾക്ക് ഒരു കുറവ് ഉണ്ടാകുമ്പോൾ അവരുടെ സമൃദ്ധികൊണ്ട് അതു നികന്നുകിട്ടും. അങ്ങനെ സമത്വം ഉണ്ടാകണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. 15 “കൂടുതൽ ശേഖരിച്ചയാൾക്കു കൂടുതലായിപ്പോയില്ല, കുറച്ച് ശേഖരിച്ചയാൾക്കു കുറഞ്ഞുംപോയില്ല”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
16 നിങ്ങളെക്കുറിച്ച് ഞങ്ങൾക്കുള്ള അതേ ആത്മാർഥതാത്പര്യം തീത്തോസിന്റെ+ ഹൃദയത്തിലും തോന്നിപ്പിച്ച ദൈവത്തിനു നന്ദി. 17 കാരണം നിങ്ങളുടെ അടുത്തേക്കു വരാൻ ഞങ്ങൾ അഭ്യർഥിച്ചപ്പോൾ തീത്തോസ് അതിനു സമ്മതിച്ചു. വാസ്തവത്തിൽ, നിങ്ങളുടെ അടുത്ത് വരാനുള്ള അതിയായ ആഗ്രഹംകൊണ്ട് തീത്തോസുതന്നെയാണ് അതിനു മുൻകൈയെടുത്തത്. 18 സന്തോഷവാർത്തയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ പേരിൽ എല്ലാ സഭകളിലും പ്രസിദ്ധനായ ഒരു സഹോദരനെയും ഞങ്ങൾ തീത്തോസിന്റെകൂടെ അയയ്ക്കുന്നുണ്ട്. 19 കർത്താവിനു മഹത്ത്വം വരുത്തുന്നതും സഹായിക്കാനുള്ള ഞങ്ങളുടെ മനസ്സൊരുക്കം വെളിപ്പെടുത്തുന്നതും ആയ ഈ കാരുണ്യപ്രവർത്തനത്തിനു ഞങ്ങളുടെകൂടെ പോരാൻ സഭകൾ നിയമിച്ച ആളുംകൂടെയാണ് ആ സഹോദരൻ. 20 അതുവഴി ഈ സംഭാവന കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ആർക്കും ഞങ്ങൾ ഇടകൊടുക്കാതിരിക്കുന്നു.+ 21 ഞങ്ങൾ, ‘യഹോവയുടെ* മുന്നിൽ മാത്രമല്ല, മനുഷ്യരുടെ മുന്നിലും എല്ലാം സത്യസന്ധമായി ചെയ്യാൻ ശ്രദ്ധിക്കുന്നു.’+
22 വളരെ ഉത്സാഹിയാണെന്നു പലപ്പോഴും പല കാര്യങ്ങളിലും ഞങ്ങൾ പരീക്ഷിച്ചറിഞ്ഞിട്ടുള്ള ഒരു സഹോദരനെയും അവരുടെകൂടെ അയയ്ക്കുന്നുണ്ട്. നിങ്ങളെക്കുറിച്ച് നല്ല ഉറപ്പുള്ളതുകൊണ്ട് ആ സഹോദരൻ ഇപ്പോൾ കൂടുതൽ ഉത്സാഹിയാണ്. 23 തീത്തോസിനെപ്പറ്റി ഇനി വല്ലതും അറിയണമെന്നുണ്ടെങ്കിൽ,* തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ എന്റെ സഹപ്രവർത്തകനും ആണ്. മറ്റു സഹോദരന്മാരെപ്പറ്റി ചോദ്യങ്ങളുണ്ടെങ്കിൽ ഞാൻ പറയട്ടെ, അവർ സഭകളുടെ അപ്പോസ്തലന്മാരും ക്രിസ്തുവിന്റെ മഹത്ത്വവും ആണ്. 24 അതുകൊണ്ട് നിങ്ങൾക്ക് ആത്മാർഥസ്നേഹമുണ്ടെന്ന് അവർക്കു കാണിച്ചുകൊടുക്കുക.+ നിങ്ങളെക്കുറിച്ച് ഞങ്ങൾ പുകഴ്ത്തിപ്പറഞ്ഞത് എന്തുകൊണ്ടാണെന്നു സഭകൾ മനസ്സിലാക്കട്ടെ.