തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത്
3 അവസാനമായി സഹോദരങ്ങളേ, ഒരു കാര്യംകൂടെ പറയട്ടെ: യഹോവയുടെ* വചനം നിങ്ങൾക്കിടയിൽ എന്നപോലെ മറ്റിടങ്ങളിലും അതിവേഗം പ്രചരിച്ച്+ മഹത്ത്വപ്പെടാൻ ഞങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിക്കണം.+ 2 അപകടകാരികളും ദുഷ്ടരും ആയ മനുഷ്യരുടെ കൈയിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാൻവേണ്ടിയും+ പ്രാർഥിക്കുക. വിശ്വാസം എല്ലാവർക്കുമില്ലല്ലോ.+ 3 പക്ഷേ കർത്താവ് വിശ്വസ്തനാണ്. കർത്താവ് നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും. 4 കൂടാതെ നിങ്ങളുടെ കാര്യത്തിൽ, ഞങ്ങളുടെ നിർദേശങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും ഇനിയും അനുസരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്. 5 ദൈവസ്നേഹത്തിലേക്കും+ ക്രിസ്തുവിനെപ്രതിയുള്ള സഹനത്തിലേക്കും+ കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ തുടർന്നും വിജയകരമായി നയിക്കട്ടെ.
6 സഹോദരങ്ങളേ, ഞങ്ങളിൽനിന്ന് നിങ്ങൾക്കു* കൈമാറിക്കിട്ടിയ പാരമ്പര്യങ്ങൾ* അനുസരിക്കാതെ+ ക്രമംകെട്ട് നടക്കുന്ന+ എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുമാറണമെന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ നിങ്ങളോടു നിർദേശിക്കുകയാണ്. 7 ഞങ്ങളെ അനുകരിക്കേണ്ടത്+ എങ്ങനെയാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്കിടയിൽ ഞങ്ങൾ ക്രമംകെട്ടവരായി ജീവിച്ചിട്ടില്ല. 8 ആരുടെയും ഔദാര്യത്തിൽ* ഒന്നും കഴിച്ചിട്ടുമില്ല.+ നിങ്ങൾക്ക് ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പണിയെടുത്താണു ഞങ്ങൾ കഴിഞ്ഞത്.+ 9 സഹായം സ്വീകരിക്കാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല,+ നിങ്ങൾക്ക് അനുകരിക്കാൻ ഒരു മാതൃക വെക്കാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്.+ 10 “പണിയെടുക്കാൻ മനസ്സില്ലാത്തവൻ തിന്നാനും പാടില്ല”+ എന്ന ഞങ്ങളുടെ ആ കല്പന നിങ്ങളുടെകൂടെ ആയിരുന്നപ്പോൾ ഞങ്ങൾ ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ടായിരുന്നല്ലോ. 11 നിങ്ങളിൽ ചിലർ ഒരു പണിയും ചെയ്യാതെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ട്+ ക്രമംകെട്ട് നടക്കുന്നതായി+ കേൾക്കുന്നതുകൊണ്ടാണു ഞങ്ങൾ ഇതു പറയുന്നത്. 12 അത്തരക്കാരോട് അടങ്ങിയൊതുങ്ങി ജീവിക്കാനും ജോലി ചെയ്ത് ഉപജീവനം കഴിക്കാനും+ കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
13 നിങ്ങളോ സഹോദരങ്ങളേ, നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്. 14 ഈ കത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തയാളെ നിരീക്ഷണത്തിൽ വെക്കണം. അയാൾക്കു നാണക്കേടു തോന്നാൻവേണ്ടി അയാളുമായി ഇടപഴകുന്നതു നിറുത്തുക.+ 15 പക്ഷേ ഒരു ശത്രുവായി കാണാതെ ഒരു സഹോദരനായിത്തന്നെ കണ്ട് അയാളെ ഉപദേശിച്ച് നേർവഴിക്കാക്കാൻ നോക്കുക.+
16 സമാധാനത്തിന്റെ കർത്താവ് എപ്പോഴും എല്ലാ വിധത്തിലും നിങ്ങൾക്കു സമാധാനം തരട്ടെ.+ കർത്താവ് നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
17 പൗലോസ് എന്ന ഞാൻ സ്വന്തം കൈപ്പടയിൽ എന്റെ ആശംസ അറിയിക്കുന്നു.+ എന്റെ കത്തുകളെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണ് ഇത്. ഇങ്ങനെയാണു ഞാൻ എഴുതാറ്.
18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയ നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.