യിരെമ്യ
31 “ആ കാലത്ത് ഞാൻ ഇസ്രായേലിലെ എല്ലാ കുടുംബങ്ങളുടെയും ദൈവമാകും; അവർ എന്റെ ജനവുമാകും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
2 യഹോവ പറയുന്നു:
“ഇസ്രായേൽ വിശ്രമസ്ഥലത്തേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ
വാളിന് ഇരയാകാതെ ബാക്കിയായവർക്കു വിജനഭൂമിയിൽവെച്ച് പ്രീതി കിട്ടി.”
3 ദൂരത്തുനിന്ന് യഹോവ എനിക്കു പ്രത്യക്ഷനായി എന്നോടു പറഞ്ഞു:
“അനന്തമായ സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിച്ചു.
അതുകൊണ്ടാണ്, അചഞ്ചലസ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചത്.*+
4 വീണ്ടും ഞാൻ നിന്നെ പുതുക്കിപ്പണിയും; അങ്ങനെ നിന്നെ പുനർനിർമിക്കും.+
ഇസ്രായേൽ കന്യകേ, നീ വീണ്ടും തപ്പ് എടുത്ത്
ആനന്ദനൃത്തം ചവിട്ടും.+
5 ശമര്യമലനിരകളിൽ നീ വീണ്ടും മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കും.+
നട്ടുപിടിപ്പിക്കുന്നവർതന്നെ വിളവ് ആസ്വദിക്കും.+
6 ‘വരൂ. നമുക്കു സീയോനിൽ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്കു പോകാം’+ എന്ന്
എഫ്രയീംമലനാട്ടിലെ കാവൽക്കാർ വിളിച്ചുപറയുന്ന നാൾ വരും.”
7 യഹോവ ഇങ്ങനെ പറയുന്നു:
“യാക്കോബിന് ആഹ്ലാദത്തോടെ ആർപ്പിടൂ.
നീ ജനതകൾക്കു മീതെയായിരിക്കയാൽ സന്തോഷാരവം മുഴക്കൂ.+
അതിനെക്കുറിച്ച് ഘോഷിക്കൂ; സ്തുതി പാടൂ.
‘യഹോവേ, അങ്ങയുടെ ജനത്തെ, ഇസ്രായേലിന്റെ ശേഷിപ്പിനെ,+ രക്ഷിക്കേണമേ’ എന്നു പറയൂ.
8 വടക്കുള്ള ദേശത്തുനിന്ന് ഞാൻ അവരെ തിരികെ കൊണ്ടുവരുന്നു.+
ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും.+
അവരുടെ കൂട്ടത്തിൽ അന്ധനും മുടന്തനും+
ഗർഭിണിയും പ്രസവിക്കാറായവളും എല്ലാമുണ്ടാകും.
ഒരു മഹാസഭയായി അവർ ഇവിടെ മടങ്ങിയെത്തും.+
പ്രീതിക്കായി യാചിക്കുന്ന അവരെ ഞാൻ വഴിനയിക്കും.
വെള്ളമുള്ള അരുവികളിലേക്കു* ഞാൻ അവരെ നടത്തും.+
അവരുടെ കാൽ ഇടറാത്ത, നിരപ്പായ വഴിയിലൂടെ ഞാൻ അവരെ കൊണ്ടുപോകും.
കാരണം, ഞാൻ ഇസ്രായേലിന്റെ അപ്പനാണ്; എഫ്രയീം എന്റെ മൂത്ത മകനും.”+
“ഇസ്രായേലിനെ ചിതറിച്ചുകളഞ്ഞവൻ അവനെ ഒരുമിച്ചുകൂട്ടും.
ഒരു ഇടയൻ സ്വന്തം ആട്ടിൻകൂട്ടത്തെ കാക്കുന്നതുപോലെ ദൈവം അവനെ കാക്കും.+
12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+
ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,
ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെ
യഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും.
അവരുടെ വിലാപം ഞാൻ ആഹ്ലാദമാക്കി മാറ്റും.+
ഞാൻ അവരെ ആശ്വസിപ്പിക്കും; അവരുടെ ദുഃഖം അകറ്റി സന്തോഷം നൽകും.+
14 ഞാൻ സമൃദ്ധികൊണ്ട് പുരോഹിതന്മാരെ തൃപ്തരാക്കും.
എന്റെ നന്മയാൽ എന്റെ ജനം തൃപ്തരാകും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
15 “യഹോവ പറയുന്നു;
‘രാമയിൽ+ ഒരു ശബ്ദം കേൾക്കുന്നു, വിലാപത്തിന്റെയും മനംനൊന്ത് കരയുന്നതിന്റെയും ശബ്ദം.
റാഹേൽ പുത്രന്മാരെ* ഓർത്ത് കരയുന്നു.+
അവർ മരിച്ചുപോയതുകൊണ്ട്
അവൾ ആശ്വാസം കൈക്കൊള്ളാൻ കൂട്ടാക്കുന്നില്ല.’”+
16 യഹോവ പറയുന്നു:
“‘കരച്ചിൽ നിറുത്തൂ. കണ്ണീർ തുടയ്ക്കൂ.
കാരണം, നിന്റെ പ്രവൃത്തിക്ക് ഒരു പ്രതിഫലമുണ്ട്.
ശത്രുദേശത്തുനിന്ന് അവർ മടങ്ങിവരും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
17 ‘നിനക്കു നല്ലൊരു ഭാവിക്കുവേണ്ടി പ്രത്യാശിക്കാം.+
നിന്റെ പുത്രന്മാർ സ്വദേശത്തേക്കു മടങ്ങിവരും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
18 “എഫ്രയീമിന്റെ വിലാപം ഞാൻ കേട്ടിരിക്കുന്നു:
‘ഒരു കാളക്കുട്ടിയെ മെരുക്കുന്നതുപോലെ
അങ്ങ് എന്നെ തിരുത്തി; അങ്ങനെ ഞാൻ നേരെയായി.
എന്നെ തിരികെ കൊണ്ടുവരൂ. ഞാൻ ഉടൻ തിരിഞ്ഞുവരും.
അങ്ങ് എന്റെ ദൈവമായ യഹോവയാണല്ലോ.
19 തിരിഞ്ഞുവന്ന ഞാൻ പശ്ചാത്തപിച്ചു.+
കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിത്തന്നപ്പോൾ ഞാൻ ദുഃഖത്തോടെ തുടയിൽ അടിച്ചു.
ചെറുപ്പത്തിൽ ചെയ്തതിന്റെ നിന്ദാഭാരത്താൽ
എനിക്കു നാണക്കേടും അപമാനവും തോന്നി.’”+
20 “എഫ്രയീം എന്റെ പ്രിയമകനല്ലേ, എന്റെ പൊന്നോമന?+
ഞാൻ കൂടെക്കൂടെ അവന് എതിരെ സംസാരിക്കാറുണ്ടെങ്കിലും അവനെ ഞാൻ എപ്പോഴും ഓർക്കാറുണ്ട്.
അതുകൊണ്ടാണ് എന്റെ ഹൃദയം* അവനുവേണ്ടി തുടിക്കുന്നത്.+
എനിക്ക് അവനോടു നിശ്ചയമായും അലിവ് തോന്നും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
നീ പോകുന്ന പ്രധാനവീഥി നന്നായി ശ്രദ്ധിച്ച് മനസ്സിൽ കുറിച്ചിട്ടുകൊള്ളുക.+
ഇസ്രായേൽ കന്യകേ, മടങ്ങൂ. നിന്റെ നഗരങ്ങളിലേക്കു തിരികെ വരൂ.
22 അവിശ്വസ്തയായ മകളേ, എത്ര നാൾ നീ ഇങ്ങനെ അലഞ്ഞുനടക്കും?
യഹോവ ഭൂമിയിൽ പുതിയതൊന്നു സൃഷ്ടിച്ചിരിക്കുന്നു:
ഒരു സ്ത്രീ താത്പര്യത്തോടെ ഒരു പുരുഷന്റെ പിന്നാലെ നടക്കും.”
23 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഞാൻ അവരുടെ ബന്ദികളെ ഒരുമിച്ചുകൂട്ടുമ്പോൾ യഹൂദാദേശത്തും അതിന്റെ നഗരങ്ങളിലും അവർ വീണ്ടും ഈ വാക്കുകൾ പറയും: ‘നീതി വസിക്കുന്ന സ്ഥലമേ,+ വിശുദ്ധപർവതമേ,+ യഹോവ നിന്നെ അനുഗ്രഹിക്കട്ടെ.’ 24 അതിൽ യഹൂദയും അതിന്റെ എല്ലാ നഗരങ്ങളും ഒന്നിച്ച് താമസിക്കും. കർഷകരും ഇടയന്മാരും അവിടെയുണ്ടാകും.+ 25 ഞാൻ ക്ഷീണിച്ച് അവശനായിരിക്കുന്നവനെ ഉന്മേഷവാനാക്കും; വിശന്ന് തളർന്നവന്റെ വയറു നിറയ്ക്കും.”+
26 അപ്പോൾ ഞാൻ ഉറക്കം വിട്ട് കണ്ണു തുറന്നു. എന്റെ ഉറക്കം സുഖകരമായിരുന്നു.
27 “ഇസ്രായേൽഗൃഹത്തിലും യഹൂദാഗൃഹത്തിലും ഞാൻ മനുഷ്യന്റെ വിത്തും* മൃഗങ്ങളുടെ വിത്തും വിതയ്ക്കുന്ന നാളുകൾ ഇതാ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
28 “പിഴുതെറിയാനും പൊളിക്കാനും ഇടിച്ചുകളയാനും നശിപ്പിക്കാനും ഉപദ്രവിക്കാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടിവെച്ചതുപോലെ, പണിതുയർത്താനും നടാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 29 “‘പുളിയൻ മുന്തിരിങ്ങ തിന്നത് അപ്പന്മാർ; പല്ലു പുളിച്ചതു മക്കൾക്ക്’*+ എന്ന് അവർ അക്കാലത്ത് പറയില്ല. 30 ഓരോരുത്തനും മരിക്കുന്നതു സ്വന്തം തെറ്റു കാരണമായിരിക്കും. പുളിയൻ മുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കൂ.”
31 “ഇസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി+ ചെയ്യുന്ന കാലം ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 32 “ഈജിപ്ത് ദേശത്തുനിന്ന് അവരുടെ പൂർവികരെ കൈപിടിച്ച് കൊണ്ടുവന്ന നാളിൽ ഞാൻ അവരുമായി ചെയ്ത ഉടമ്പടിപോലെയായിരിക്കില്ല ഇത്.+ ‘ഞാൻ അവരുടെ യഥാർഥത്തിലുള്ള യജമാനനായിരുന്നിട്ടും* എന്റെ ആ ഉടമ്പടി അവർ ലംഘിച്ചല്ലോ’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
33 “ആ നാളുകൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ വെക്കും.+ അവരുടെ ഹൃദയത്തിൽ ഞാൻ അത് എഴുതും.+ ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആകും.”+
34 “അവർ ആരും പിന്നെ അവരുടെ അയൽക്കാരനെയോ സഹോദരനെയോ ‘യഹോവയെ അറിയൂ!’+ എന്ന് ഉപദേശിക്കില്ല. കാരണം, ചെറിയവൻമുതൽ വലിയവൻവരെ അവർ എല്ലാവരും എന്നെ അറിയുന്നവരായിരിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല.”+
35 പകൽസമയത്ത് പ്രകാശമേകാൻ സൂര്യനെ തന്ന,
രാത്രിയിൽ പ്രകാശമേകാൻ ചന്ദ്രനും നക്ഷത്രങ്ങൾക്കും നിയമങ്ങൾ വെച്ച,
തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്ന,
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള ദൈവം,
അതെ യഹോവ, പറയുന്നു:+
36 “‘ഈ നിയമങ്ങൾ എന്നെങ്കിലും പരാജയപ്പെട്ടാൽ മാത്രമേ
ഇസ്രായേലിന്റെ സന്തതി ഒരു ജനത എന്ന നിലയിൽ എന്റെ മുന്നിൽനിന്ന് എന്നേക്കുമായി നീങ്ങിപ്പോകൂ’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
37 യഹോവ പറയുന്നത് ഇതാണ്: “‘മീതെയുള്ള ആകാശം അളക്കാനും താഴെയുള്ള ഭൂമിയുടെ അടിസ്ഥാനങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാനും കഴിയുമോ? എങ്കിൽ മാത്രമേ ഇസ്രായേലിന്റെ സന്തതിയെ അവർ ചെയ്തുകൂട്ടിയതിന്റെയെല്ലാം പേരിൽ ഞാൻ അപ്പാടേ തള്ളിക്കളയൂ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”+
38 “യഹോവയ്ക്കായി ഹനനേൽ ഗോപുരം+ മുതൽ കോൺകവാടം+ വരെ നഗരം പണിയാനുള്ള നാളുകൾ+ ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 39 “അളവുനൂൽ+ നേരെ ഗാരേബ് കുന്നിലേക്കു ചെന്ന് ഗോവഹിലേക്കു തിരിയും. 40 ശവങ്ങളുടെയും ചാരത്തിന്റെയും* താഴ്വരയും, അതുപോലെ കിദ്രോൻ താഴ്വര+ വരെ തട്ടുതട്ടായി തിരിച്ചിട്ടുള്ള നിലങ്ങൾ കിഴക്ക് കുതിരക്കവാടത്തിന്റെ+ മൂലവരെയും യഹോവയ്ക്കു വിശുദ്ധമായിരിക്കും.+ ഇനി ഒരിക്കലും അതിനെ പിഴുതെറിയുകയോ ഇടിച്ചുകളയുകയോ ഇല്ല.”