മർക്കൊസ് എഴുതിയത്
12 പിന്നെ യേശു അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കാൻതുടങ്ങി: “ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു.+ അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്കു സ്ഥാപിച്ച് വീഞ്ഞുസംഭരണി കുഴിച്ചുണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു.+ എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി.+ 2 വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. 3 എന്നാൽ അവർ അയാളെ പിടിച്ച് തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു. 4 വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക് അയച്ചു. അവർ അയാളുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു.+ 5 അദ്ദേഹം മറ്റൊരാളെയും അയച്ചു. അവർ അയാളെ കൊന്നുകളഞ്ഞു. മറ്റു പലരെയും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു. 6 അയയ്ക്കാൻ ഇനി ഒരാൾക്കൂടെയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൻ!+ ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് ഒടുവിൽ മകനെയും അയച്ചു. 7 എന്നാൽ ആ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി.+ വരൂ, നമുക്ക് ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’ 8 അങ്ങനെ, അവർ അവനെ പിടിച്ച് കൊന്ന് മുന്തിരിത്തോട്ടത്തിനു വെളിയിലേക്ക് എറിഞ്ഞു.+ 9 മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും? അദ്ദേഹം വന്ന് ആ കൃഷിക്കാരെ കൊന്ന് മുന്തിരിത്തോട്ടം വേറെ ആരെയെങ്കിലും ഏൽപ്പിക്കും.+ 10 നിങ്ങൾ ഈ തിരുവെഴുത്ത് ഇതുവരെ വായിച്ചിട്ടില്ലേ? ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.+ 11 ഇതിനു പിന്നിൽ യഹോവയാണ്; നമുക്ക് ഇതൊരു അതിശയംതന്നെ.’”+
12 യേശു തങ്ങളെ ഉദ്ദേശിച്ചാണ് ഈ ദൃഷ്ടാന്തം പറഞ്ഞതെന്ന് അവർക്കു മനസ്സിലായി. അതുകൊണ്ട് അവർ യേശുവിനെ പിടികൂടാൻ* ആഗ്രഹിച്ചു. എങ്കിലും ജനക്കൂട്ടത്തെ പേടിയായിരുന്നതുകൊണ്ട് അവർ യേശുവിനെ വിട്ട് പോയി.+
13 പിന്നെ അവർ യേശുവിനെ വാക്കിൽ കുടുക്കാൻവേണ്ടി പരീശന്മാരിലും ഹെരോദിന്റെ അനുയായികളിലും ചിലരെ യേശുവിന്റെ അടുത്തേക്ക് അയച്ചു.+ 14 അവർ വന്ന് യേശുവിനോടു പറഞ്ഞു: “ഗുരുവേ, അങ്ങ് സത്യസന്ധനും ആളുകളുടെ അംഗീകാരം ആഗ്രഹിക്കാത്തവനും ആണെന്നു ഞങ്ങൾക്ക് അറിയാം. കാരണം അങ്ങ് ആരുടെയും മുഖം നോക്കാറില്ലല്ലോ. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നു. അതുകൊണ്ട് പറയൂ, സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ? 15 ഞങ്ങൾ അതു കൊടുക്കണോ വേണ്ടയോ?” അവരുടെ കാപട്യം തിരിച്ചറിഞ്ഞ് യേശു അവരോട്, “നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? ഒരു ദിനാറെ കൊണ്ടുവരൂ, ഞാൻ നോക്കട്ടെ” എന്നു പറഞ്ഞു. 16 അവർ ഒരെണ്ണം കൊണ്ടുവന്നു. യേശു അവരോട്, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ് ” എന്നു ചോദിച്ചപ്പോൾ, “സീസറിന്റേത് ”+ എന്ന് അവർ പറഞ്ഞു. 17 അപ്പോൾ യേശു അവരോട്, “സീസർക്കുള്ളതു സീസർക്കും+ ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക”+ എന്നു പറഞ്ഞു. യേശുവിന്റെ വാക്കുകൾ കേട്ട് അവർ അതിശയിച്ചുപോയി.
18 പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അപ്പോൾ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു:+ 19 “ഗുരുവേ, വിവാഹിതനായ ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ സ്വീകരിച്ച് സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണെന്നു മോശ നമ്മളോടു പറഞ്ഞിട്ടുണ്ടല്ലോ.+ 20 ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. എന്നാൽ മക്കളില്ലാതെ മരിച്ചു. 21 അപ്പോൾ രണ്ടാമൻ അവളെ സ്വീകരിച്ചു. അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ. 22 അങ്ങനെ ഏഴു പേരും മക്കളില്ലാതെ മരിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. 23 പുനരുത്ഥാനത്തിൽ ആ സ്ത്രീ അവരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്ത്രീ ഏഴു പേരുടെയും ഭാര്യയായിരുന്നല്ലോ.” 24 യേശു അവരോടു പറഞ്ഞു: “തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്?+ 25 അവർ മരിച്ചവരിൽനിന്ന് ഉയിർക്കുമ്പോൾ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്ത്രീകളെ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും.+ 26 മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നതിനെക്കുറിച്ചോ, മോശയുടെ പുസ്തകത്തിലെ മുൾച്ചെടിയുടെ വിവരണത്തിൽ ദൈവം മോശയോട്, ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ് ’ എന്നു പറഞ്ഞതായി നിങ്ങൾ വായിച്ചിട്ടില്ലേ?+ 27 ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.”+
28 അവിടെ വന്നിരുന്ന ശാസ്ത്രിമാരിൽ ഒരാൾ അവർ തർക്കിക്കുന്നതു കേട്ടു. യേശു അവരുടെ ചോദ്യത്തിനു നന്നായി ഉത്തരം കൊടുത്തെന്നു മനസ്സിലാക്കി ആ ശാസ്ത്രി യേശുവിനോട്, “എല്ലാ കല്പനകളിലുംവെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ് ” എന്നു ചോദിച്ചു.+ 29 അപ്പോൾ യേശു പറഞ്ഞു: “ഒന്നാമത്തേത് ഇതാണ്: ‘ഇസ്രായേലേ കേൾക്കുക, യഹോവ—നമ്മുടെ ദൈവമായ യഹോവ—ഒരുവനേ ഉള്ളൂ; 30 നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.’+ 31 രണ്ടാമത്തേത്, ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’+ എന്നതും. ഇവയെക്കാൾ വലിയ മറ്റൊരു കല്പനയുമില്ല.” 32 ശാസ്ത്രി യേശുവിനോടു പറഞ്ഞു: “ഗുരുവേ, കൊള്ളാം, അങ്ങ് പറഞ്ഞതു സത്യമാണ്: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവവുമില്ല.’+ 33 ദൈവത്തെ മുഴുഹൃദയത്തോടും മുഴുചിന്താശേഷിയോടും* മുഴുശക്തിയോടും കൂടെ സ്നേഹിക്കുന്നതും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുന്നതും ആണ് സമ്പൂർണദഹനയാഗങ്ങളെക്കാളും ബലികളെക്കാളും ഏറെ മൂല്യമുള്ളത്.”+ 34 ശാസ്ത്രി ബുദ്ധിപൂർവം ഉത്തരം പറഞ്ഞെന്നു മനസ്സിലാക്കി യേശു, “താങ്കൾ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. പിന്നെ ആരും യേശുവിനോട് ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.+
35 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, യേശു അവരോടു പറഞ്ഞു: “ക്രിസ്തു ദാവീദിന്റെ മകനാണെന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ ശരിയാകും?+ 36 ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു പരിശുദ്ധാത്മാവിനാൽ പ്രേരിതനായി+ ദാവീദ് പറഞ്ഞല്ലോ. 37 ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവ് ’ എന്നു വിളിക്കുന്ന സ്ഥിതിക്ക്, ക്രിസ്തു എങ്ങനെ ദാവീദിന്റെ മകനാകും?”+
ആ വലിയ ജനക്കൂട്ടം യേശു പറയുന്നതെല്ലാം ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു. 38 പഠിപ്പിക്കുന്നതിനിടെ യേശു അവരോട് ഇങ്ങനെയും പറഞ്ഞു: “നീളൻ കുപ്പായങ്ങൾ ധരിച്ച് ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും+ 39 സിനഗോഗുകളിൽ മുൻനിരയിൽ ഇരിക്കാനും അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനങ്ങൾ കിട്ടാനും ആഗ്രഹിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുക.+ 40 അവർ വിധവമാരുടെ വീടുകൾ* വിഴുങ്ങുകയും ആളുകളെ കാണിക്കാൻവേണ്ടി നീണ്ട പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാവിധി ഏറെ കടുത്തതായിരിക്കും.”
41 യേശു, സംഭാവനപ്പെട്ടികൾ കാണാവുന്ന ഒരിടത്ത് പോയി ഇരുന്നു.+ എന്നിട്ട് ആളുകൾ ആ പെട്ടികളിൽ പണം ഇടുന്നതു നിരീക്ഷിച്ചു. പണക്കാരായ പലരും ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു.+ 42 അപ്പോൾ ദരിദ്രയായ ഒരു വിധവ വന്ന് തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ ഇട്ടു.+ 43 ഇതു കണ്ട യേശു ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: സംഭാവനപ്പെട്ടികളിൽ മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതലാണു ദരിദ്രയായ ഈ വിധവ ഇട്ടത്.+ 44 അവരെല്ലാം ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന്* തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, ഇട്ടു.”+