തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
2 സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളെ സന്ദർശിച്ചതു വെറുതേയായിപ്പോയില്ലെന്നു നിങ്ങൾക്കുതന്നെ ബോധ്യമുണ്ടല്ലോ.+ 2 നിങ്ങൾക്ക് അറിയാവുന്നതുപോലെ, ആദ്യം ഞങ്ങൾക്കു ഫിലിപ്പിയിൽവെച്ച്+ ഉപദ്രവമേൽക്കുകയും ആളുകൾ ഞങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തെങ്കിലും, നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ഞങ്ങൾ ധൈര്യമാർജിച്ച് വലിയ എതിർപ്പുകൾക്കു* നടുവിലും ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.+ 3 ഞങ്ങൾ തന്ന പ്രോത്സാഹനം എന്തെങ്കിലും തെറ്റിൽനിന്നോ അശുദ്ധിയിൽനിന്നോ ഉത്ഭവിച്ചതല്ല; അതു വഞ്ചനാപരവുമല്ല. 4 സന്തോഷവാർത്ത ഏൽപ്പിക്കാൻ ദൈവം ഞങ്ങളെ യോഗ്യരായി കണക്കാക്കിയതുകൊണ്ട് മനുഷ്യരെയല്ല, ഹൃദയം പരിശോധിക്കുന്ന ദൈവത്തെ+ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തിലാണു ഞങ്ങൾ സംസാരിക്കുന്നത്.
5 നിങ്ങൾക്ക് അറിയാമല്ലോ, ഞങ്ങൾ ഒരിക്കലും മുഖസ്തുതി പറഞ്ഞുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടില്ല. ഞങ്ങൾ മുഖംമൂടി അണിഞ്ഞ അത്യാഗ്രഹികളുമല്ലായിരുന്നു.+ ഇതിനു ദൈവം സാക്ഷി! 6 ഞങ്ങൾ നിങ്ങളിൽനിന്നോ മറ്റു മനുഷ്യരിൽനിന്നോ ബഹുമതി നേടാനും ശ്രമിച്ചിട്ടില്ല. വാസ്തവത്തിൽ, ക്രിസ്തുവിന്റെ അപ്പോസ്തലന്മാരെന്ന നിലയിൽ ഞങ്ങൾക്കു വേണമെങ്കിൽ ഭാരിച്ച ചെലവുവരുത്തുന്ന പലതും നിങ്ങളിൽനിന്ന് ആവശ്യപ്പെടാമായിരുന്നു.+ 7 പക്ഷേ ഒരു അമ്മ താൻ മുലയൂട്ടുന്ന കുഞ്ഞിനെ പരിപാലിക്കുന്ന അതേ സ്നേഹവാത്സല്യത്തോടെയാണു* ഞങ്ങൾ നിങ്ങളോടു പെരുമാറിയത്. 8 ഇങ്ങനെ, നിങ്ങളോടുള്ള വാത്സല്യം കാരണം ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അറിയിക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോലും ഞങ്ങൾ തീരുമാനിച്ചിരുന്നു.+ കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്ക്കു പ്രിയപ്പെട്ടവരായി മാറിയിരുന്നു.+
9 സഹോദരങ്ങളേ, ഞങ്ങളുടെ അധ്വാനവും കഷ്ടപ്പാടും നിങ്ങൾ നന്നായി ഓർക്കുന്നുണ്ടാകുമല്ലോ. നിങ്ങളിൽ ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാവും പകലും അധ്വാനിച്ചുകൊണ്ടാണു+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത ഞങ്ങൾ നിങ്ങളെ അറിയിച്ചത്. 10 വിശ്വാസികളായ നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര കുറ്റമറ്റവരായിരുന്നു, എത്ര വിശ്വസ്തതയോടെയും നീതിയോടെയും ആണ് ഞങ്ങൾ പെരുമാറിയത് എന്നതിനെല്ലാം നിങ്ങൾ സാക്ഷികൾ, ദൈവവും സാക്ഷി. 11 ഒരു അപ്പൻ മക്കളുടെ കാര്യത്തിൽ ചെയ്യുന്നതുപോലെയാണു+ ഞങ്ങൾ നിങ്ങളെ ഓരോരുത്തരെയും ഉപദേശിക്കുകയും+ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് എന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. 12 നിങ്ങളെ തന്റെ രാജ്യത്തിലേക്കും+ മഹത്ത്വത്തിലേക്കും+ വിളിച്ച ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ നിങ്ങൾ എന്നും ജീവിക്കാൻവേണ്ടിയാണു+ ഞങ്ങൾ അതു ചെയ്തത്.
13 വാസ്തവത്തിൽ അതുകൊണ്ടാണു ഞങ്ങൾ ഇടവിടാതെ ദൈവത്തിനു നന്ദി പറയുന്നതും.+ കാരണം ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചതു മനുഷ്യരുടെ വാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്. വിശ്വാസികളായ നിങ്ങളിൽ അതു പ്രവർത്തിക്കുന്നുമുണ്ട്. 14 സഹോദരങ്ങളേ, ക്രിസ്തുയേശുവുമായി യോജിപ്പിലായ യഹൂദ്യയിലെ ദൈവസഭകളുടെ അതേ മാതൃക നിങ്ങളും പിന്തുടർന്നെന്നു പറയാം. കാരണം ജൂതന്മാരിൽനിന്ന് അവർ സഹിക്കുന്നതെല്ലാം സ്വന്തം നാട്ടുകാരിൽനിന്ന് നിങ്ങളും സഹിച്ചല്ലോ.+ 15 കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും കൊല്ലുകപോലും ചെയ്തവരാണു ജൂതന്മാർ.+ അവർ ഞങ്ങളെയും ദ്രോഹിച്ചു.+ അതു മാത്രമല്ല, അവർ ദൈവത്തെ പ്രീതിപ്പെടുത്താത്തവരാണ്, എല്ലാ മനുഷ്യരുടെയും നന്മയ്ക്കെതിരുമാണ്. 16 കാരണം ജനതകളുടെ രക്ഷയ്ക്കുവേണ്ടി ഞങ്ങൾ ചെയ്യുന്ന പ്രസംഗപ്രവർത്തനത്തെ അവർ തടസ്സപ്പെടുത്താൻ നോക്കുന്നു.+ ഇങ്ങനെ, അവർ എപ്പോഴും അവരുടെ പാപങ്ങളുടെ അളവ് തികയ്ക്കുകയാണ്. പക്ഷേ ഇപ്പോൾ ഇതാ, ദൈവക്രോധം അവരുടെ മേൽ വന്നിരിക്കുന്നു.+
17 സഹോദരങ്ങളേ, (ഹൃദയംകൊണ്ടല്ലെങ്കിലും ശരീരംകൊണ്ട്) കുറച്ച് കാലം നിങ്ങളെ പിരിഞ്ഞ് കഴിയേണ്ടിവന്നപ്പോൾ നിങ്ങളെ നേരിൽ കാണാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹം തോന്നി. നിങ്ങളുടെ അടുത്ത് വരാൻ ഞങ്ങൾ ഒരുപാടു ശ്രമിക്കുകയും ചെയ്തു. 18 അങ്ങനെ, നിങ്ങളുടെ അടുത്ത് എത്താൻ ഞങ്ങൾ, പ്രത്യേകിച്ചും പൗലോസ് എന്ന ഞാൻ, ശ്രമിച്ചെങ്കിലും സാത്താൻ ഞങ്ങളുടെ വഴിമുടക്കി. ഒന്നല്ല രണ്ടു തവണ ഇതു സംഭവിച്ചു. 19 നമ്മുടെ കർത്താവായ യേശുവിന്റെ സാന്നിധ്യസമയത്ത് യേശുവിന്റെ മുന്നിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും ആരാണ്? വാസ്തവത്തിൽ അതു നിങ്ങളല്ലേ?+ 20 അതെ, നിങ്ങൾതന്നെയാണു ഞങ്ങളുടെ മഹത്ത്വവും ആനന്ദവും.