അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
14 ഇക്കോന്യയിൽ അവർ എല്ലാവരുംകൂടെ ജൂതന്മാരുടെ സിനഗോഗിൽ ചെന്ന് ആളുകളോടു സംസാരിച്ചു. അതു കേട്ട് വലിയൊരു കൂട്ടം ജൂതന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. അത്ര ഫലപ്രദമായാണ് അവർ സംസാരിച്ചത്.+ 2 എന്നാൽ വിശ്വസിക്കാതിരുന്ന ജൂതന്മാർ ജനതകളിൽപ്പെട്ടവരുടെ മനസ്സിൽ വിദ്വേഷം കുത്തിവെച്ച് അവരെ സഹോദരന്മാർക്കെതിരെ ഇളക്കിവിട്ടു.+ 3 എങ്കിലും യഹോവയിൽനിന്നുള്ള അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ട് കുറെ നാൾ അവിടെത്തന്നെ താമസിച്ചു. അവരിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തുകൊണ്ട്+ ദൈവം തന്റെ അനർഹദയയെക്കുറിച്ചുള്ള വചനം സത്യമാണെന്ന് ഉറപ്പു നൽകി. 4 എന്നാൽ നഗരത്തിലെ ജനത്തിന് ഇടയിൽ ചേരിതിരിവ് ഉണ്ടായി. ചിലർ ജൂതന്മാരുടെ പക്ഷംപിടിച്ചു; മറ്റുള്ളവർ അപ്പോസ്തലന്മാരുടെയും. 5 ജനതകളിൽപ്പെട്ടവരും ജൂതന്മാരും അവരുടെ പ്രമാണിമാരും* ചേർന്ന് അവരെ അപമാനിക്കാനും കല്ലെറിയാനും പദ്ധതിയിടുന്നെന്ന്+ 6 അറിഞ്ഞപ്പോൾ അവർ അവിടെനിന്ന് ലുക്കവോന്യയിലെ നഗരങ്ങളായ ലുസ്ത്രയിലേക്കും ദർബ്ബെയിലേക്കും സമീപദേശത്തേക്കും പോയി.+ 7 അവിടെ അവർ സന്തോഷവാർത്ത പ്രസംഗിച്ചുപോന്നു.
8 കാലിനു സ്വാധീനമില്ലാത്ത ഒരാൾ ലുസ്ത്രയിലുണ്ടായിരുന്നു. ജന്മനാ വൈകല്യമുണ്ടായിരുന്നതിനാൽ അയാൾ ജീവിതത്തിൽ ഒരിക്കലും നടന്നിട്ടില്ല. 9 പൗലോസ് സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് അയാൾ അവിടെ ഇരിക്കുകയായിരുന്നു. അയാളെ സൂക്ഷിച്ചുനോക്കിയപ്പോൾ അയാൾക്കു സുഖം പ്രാപിക്കാൻതക്ക* വിശ്വാസമുണ്ടെന്നു പൗലോസിനു മനസ്സിലായി.+ 10 പൗലോസ് ഉച്ചത്തിൽ അയാളോട്, “എഴുന്നേറ്റുനിൽക്കുക” എന്നു പറഞ്ഞു. അയാൾ ചാടിയെഴുന്നേറ്റ് നടക്കാൻതുടങ്ങി.+ 11 പൗലോസ് ചെയ്തതു കണ്ടപ്പോൾ, “ദൈവങ്ങൾ മനുഷ്യരൂപത്തിൽ നമ്മുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു”+ എന്നു ജനക്കൂട്ടം ലുക്കവോന്യഭാഷയിൽ ആർത്തുവിളിച്ചു. 12 അവർ ബർന്നബാസിനെ സീയൂസ് എന്നും കൂടുതൽ സംസാരിച്ചതു പൗലോസായിരുന്നതുകൊണ്ട് പൗലോസിനെ ഹെർമിസ് എന്നും വിളിച്ചു. 13 നഗരത്തിനു മുന്നിലുള്ള* സീയൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ* കാളകൾ, ഇലക്കിരീടങ്ങൾ എന്നിവയുമായി നഗരകവാടത്തിലേക്കു വന്നു. ജനക്കൂട്ടത്തോടൊപ്പം ബലി അർപ്പിക്കാൻ ആഗ്രഹിച്ചാണ് അയാൾ എത്തിയത്.
14 എന്നാൽ അപ്പോസ്തലന്മാരായ ബർന്നബാസും പൗലോസും ഇതു കേട്ടപ്പോൾ അവരുടെ വസ്ത്രം കീറിക്കൊണ്ട് ജനക്കൂട്ടത്തിന് ഇടയിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: 15 “പുരുഷന്മാരേ, നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലുള്ള സാധാരണമനുഷ്യരാണ്.+ നിങ്ങൾ ഒരു പ്രയോജനവുമില്ലാത്ത ഈ കാര്യങ്ങൾ വിട്ട്, ആകാശവും ഭൂമിയും കടലും അവയിലുള്ള സകലവും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു+ തിരിയാൻവേണ്ടിയാണു ഞങ്ങൾ നിങ്ങളോട് ഈ സന്തോഷവാർത്ത അറിയിക്കുന്നത്. 16 കഴിഞ്ഞ കാലങ്ങളിൽ ദൈവം എല്ലാ ജനതകളെയും സ്വന്തം ഇഷ്ടംപോലെ ജീവിക്കാൻ അനുവദിച്ചു;+ 17 എന്നാൽ അന്നും ദൈവം തന്നെക്കുറിച്ച് തെളിവുകൾ നൽകാതിരുന്നിട്ടില്ല.+ ആകാശത്തുനിന്ന് മഴയും ഫലസമൃദ്ധമായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന് നിങ്ങളോടു നന്മ കാണിച്ചു.”+ 18 ഇങ്ങനെയൊക്കെ പറഞ്ഞിട്ടും വളരെ ബുദ്ധിമുട്ടിയാണു തങ്ങൾക്കു ബലി അർപ്പിക്കുന്നതിൽനിന്ന് അവർ ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്.
19 എന്നാൽ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ജൂതന്മാർ വന്ന് ജനക്കൂട്ടത്തെ ഇളക്കിവിട്ടു.+ അവർ പൗലോസിനെ കല്ലെറിയുകയും മരിച്ചെന്നു കരുതി വലിച്ചിഴച്ച് നഗരത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു;+ 20 എന്നാൽ ശിഷ്യന്മാർ ചുറ്റും കൂടിയപ്പോൾ പൗലോസ് എഴുന്നേറ്റ് നഗരത്തിലേക്കു തിരിച്ച് ചെന്നു. പിറ്റേന്ന് പൗലോസ് ബർന്നബാസിനോടൊപ്പം ദർബ്ബെയിലേക്കു പോയി.+ 21 ആ നഗരത്തിൽ സന്തോഷവാർത്ത പ്രസംഗിക്കുകയും കുറെ പേരെ ശിഷ്യരാക്കുകയും ചെയ്തശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങളിലേക്കു മടങ്ങിച്ചെന്നു. 22 “അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്”+ എന്നു പറഞ്ഞുകൊണ്ട് അവർ അവിടെയുള്ള ശിഷ്യന്മാരെ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരെ ബലപ്പെടുത്തുകയും ചെയ്തു.+ 23 കൂടാതെ അവർ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട്+ അവർക്കുവേണ്ടി ഓരോ സഭയിലും മൂപ്പന്മാരെ നിയമിച്ചു;+ അവർ വിശ്വസിച്ച യഹോവയിൽ അവരെ ഭരമേൽപ്പിക്കുകയും ചെയ്തു.
24 പിന്നെ അവർ പിസിദ്യയിലൂടെ യാത്ര ചെയ്ത് പംഫുല്യയിൽ എത്തി.+ 25 പെർഗയിൽ ദൈവവചനം പ്രസംഗിച്ചശേഷം അവർ അത്തല്യയിലേക്കു പോയി. 26 അവിടെനിന്ന് അവർ അന്ത്യോക്യയിലേക്കു കപ്പൽ കയറി. അവർ ഇപ്പോൾ ചെയ്തുതീർത്ത കാര്യത്തിനുവേണ്ടി അവരെ ദൈവത്തിന്റെ അനർഹദയയിൽ ഭരമേൽപ്പിച്ച് അയച്ചത് അവിടെനിന്നായിരുന്നു.+
27 അവിടെ എത്തിയപ്പോൾ അവർ സഭയെ വിളിച്ചുകൂട്ടി തങ്ങളിലൂടെ ദൈവം ചെയ്ത പല കാര്യങ്ങളെക്കുറിച്ചും ജനതകളിൽപ്പെട്ടവർക്കു ദൈവം വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതിനെക്കുറിച്ചും വിവരിച്ചു.+ 28 പിന്നെ അവർ അവിടെ ശിഷ്യന്മാരുടെകൂടെ കുറെ നാൾ താമസിച്ചു.