ദിനവൃത്താന്തം ഒന്നാം ഭാഗം
9 എല്ലാ ഇസ്രായേല്യരെയും വംശാവലിയനുസരിച്ച് രേഖയിൽ ചേർത്തു. അത് ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. തങ്ങളുടെ അവിശ്വസ്തത കാരണം യഹൂദയ്ക്കു ബാബിലോണിലേക്കു ബന്ദികളായി പോകേണ്ടിവന്നു.+ 2 ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ആണ് തങ്ങളുടെ നഗരങ്ങളിലെ അവകാശത്തിലേക്ക് ആദ്യം മടങ്ങിവന്നത്. 3 യഹൂദയുടെയും+ ബന്യാമീന്റെയും+ എഫ്രയീമിന്റെയും മനശ്ശെയുടെയും വംശജരിൽ ചിലർ യരുശലേമിൽ താമസമാക്കി: 4 യഹൂദയുടെ മകനായ പേരെസിന്റെ+ വംശജരിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി; 5 ശീലോന്യരിൽ മൂത്ത മകനായ അസായ, അയാളുടെ ആൺമക്കൾ; 6 സേരഹിന്റെ ആൺമക്കളിൽ+ യയൂവേൽ, അവരുടെ 690 സഹോദരന്മാർ.
7 ബന്യാമീന്റെ വംശജരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യയുടെ മകനായ മെശുല്ലാമിന്റെ മകൻ സല്ലു, 8 യരോഹാമിന്റെ മകനായ യിബ്നെയ, മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലെ, യിബ്നിയയുടെ മകനായ രയൂവേലിന്റെ മകനായ ശെഫത്യയുടെ മകൻ മെശുല്ലാം. 9 വംശാവലിയനുസരിച്ച് അവരുടെ സഹോദരന്മാർ 956 പേർ. ഇവരെല്ലാം അവരവരുടെ പിതൃഭവനങ്ങളുടെ തലവന്മാരായിരുന്നു.
10 പുരോഹിതന്മാരിൽ യദയ, യഹോയാരീബ്, യാഖീൻ,+ 11 സത്യദൈവത്തിന്റെ ഭവനത്തിന്റെ* ഒരു നായകനായ അഹീതൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയയുടെ മകൻ അസര്യ, 12 മൽക്കീയയുടെ മകനായ പശ്ഹൂരിന്റെ മകനായ യരോഹാമിന്റെ മകൻ അദായ, ഇമ്മേരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായി എന്നിവരും 13 അവരുടെ സഹോദരന്മാരും. സത്യദൈവത്തിന്റെ ഭവനത്തിൽ സേവിച്ചിരുന്ന ഈ പിതൃഭവനത്തലവന്മാരെല്ലാം പ്രാപ്തരായ വീരന്മാരായിരുന്നു. അവരുടെ എണ്ണം ആകെ 1,760.
14 ലേവ്യരിൽ മെരാരിയുടെ വംശത്തിൽനിന്ന് ഹശബ്യയുടെ മകനായ അസ്രിക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യ.+ 15 കൂടാതെ ബക്ബക്കർ, ഹേരെശ്, ഗാലാൽ, ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീക്കയുടെ മകൻ മത്ഥന്യ, 16 യദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യയുടെ മകൻ ഓബദ്യ, നെതോഫത്യരുടെ+ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന എൽക്കാനയുടെ മകനായ ആസയുടെ മകൻ ബേരെഖ്യ.
17 അക്കൂബ്, തൽമോൻ, അഹീമാൻ എന്നിവരും അവരുടെ ബന്ധുവായ ശല്ലൂമും ആയിരുന്നു കവാടത്തിന്റെ കാവൽക്കാർ.+ ശല്ലൂമായിരുന്നു അവരുടെ തലവൻ; 18 മുമ്പ് അയാൾ കിഴക്കോട്ടുള്ള രാജകവാടത്തിലായിരുന്നു.+ ഇവരായിരുന്നു ലേവ്യരുടെ ഗ്രാമങ്ങളിലെ കാവൽക്കാർ. 19 കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരെയുടെ മകൻ ശല്ലൂമും ശല്ലൂമിന്റെ സഹോദരന്മാരും, അതായത് ശല്ലൂമിന്റെ പിതൃഭവനത്തിൽപ്പെട്ട കോരഹ്യരും, ആണ് സേവനങ്ങൾക്കു മേൽനോട്ടം വഹിച്ചിരുന്നത്. അവർ കൂടാരവാതിലിന്റെ കാവൽക്കാരായിരുന്നു. അവരുടെ അപ്പന്മാരും പണ്ട് യഹോവയുടെ കൂടാരത്തിലെ പ്രവേശനകവാടത്തിന്റെ കാവൽക്കാരായി കൂടാരത്തിന്റെ ചുമതല വഹിച്ചിരുന്നു. 20 എലെയാസരിന്റെ+ മകനായ ഫിനെഹാസായിരുന്നു+ മുമ്പ് അവരുടെ തലവൻ; യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. 21 മെശേലെമ്യയുടെ മകനായ സെഖര്യയായിരുന്നു+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കലെ കാവൽക്കാരൻ.
22 വാതിൽപ്പടികളിൽ കാവൽ നിൽക്കാൻ 212 പേരെ തിരഞ്ഞെടുത്തിരുന്നു. വംശാവലിരേഖയനുസരിച്ചാണ്+ അവർ അവരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്നത്. ദാവീദും ദിവ്യജ്ഞാനിയായ+ ശമുവേലും ആയിരുന്നു ആശ്രയയോഗ്യരായ ഈ പുരുഷന്മാരെ അവരുടെ ഉത്തരവാദിത്വസ്ഥാനങ്ങളിൽ നിയമിച്ചത്. 23 അവർക്കും അവരുടെ ആൺമക്കൾക്കും ആയിരുന്നു യഹോവയുടെ ഭവനത്തിന്റെ കവാടങ്ങളുടെ, അതായത് കൂടാരഭവനത്തിന്റെ കവാടങ്ങളുടെ, സംരക്ഷണച്ചുമതല.+ 24 കിഴക്കും പടിഞ്ഞാറും വടക്കും തെക്കും, അങ്ങനെ നാലു വശത്തും കാവൽക്കാരുണ്ടായിരുന്നു.+ 25 ഇടയ്ക്കിടെ അവരുടെ സഹോദരന്മാർ അവരുടെ ഗ്രാമങ്ങളിൽനിന്ന് വന്ന് അവരോടൊപ്പം ഏഴു ദിവസം സേവിക്കണമായിരുന്നു. 26 പ്രധാനകാവൽക്കാരായി* ആശ്രയയോഗ്യരായ നാലു പേരുണ്ടായിരുന്നു. ലേവ്യരായ ആ പുരുഷന്മാർക്കായിരുന്നു അറകളുടെയും* സത്യദൈവത്തിന്റെ ഭവനത്തിലെ ഖജനാവുകളുടെയും ചുമതല.+ 27 സത്യദൈവത്തിന്റെ ഭവനത്തിനു ചുറ്റുമായി അവരവരുടെ സ്ഥാനങ്ങളിൽ അവർ രാത്രി കാവൽ നിൽക്കുമായിരുന്നു. കാവൽ നിൽക്കാനും താക്കോൽ സൂക്ഷിക്കാനും എല്ലാ ദിവസവും രാവിലെ വാതിൽ തുറക്കാനും ഉള്ള ചുമതല അവർക്കായിരുന്നു.
28 അവരിൽ ചിലർക്കായിരുന്നു ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ+ ചുമതല. അകത്തേക്കു കൊണ്ടുവരുമ്പോഴും പുറത്തേക്കു കൊണ്ടുപോകുമ്പോഴും അവർ അവ എണ്ണിനോക്കുമായിരുന്നു. 29 ചിലർക്ക് ഉപകരണങ്ങളുടെയും, അതായത് വിശുദ്ധമായ എല്ലാ ഉപകരണങ്ങളുടെയും,+ നേർത്ത ധാന്യപ്പൊടിയുടെയും+ വീഞ്ഞിന്റെയും+ എണ്ണയുടെയും+ കുന്തിരിക്കത്തിന്റെയും+ സുഗന്ധതൈലത്തിന്റെയും*+ ചുമതലയുണ്ടായിരുന്നു. 30 പുരോഹിതപുത്രന്മാരിൽ ചിലരാണു സുഗന്ധതൈലക്കൂട്ട് ഉണ്ടാക്കിയിരുന്നത്. 31 ലേവിഗോത്രക്കാരനും കോരഹ്യനായ ശല്ലൂമിന്റെ മൂത്ത മകനും ആയ മത്ഥിഥ്യയെയാണു ചട്ടികളിൽ അടകൾ ചുട്ടെടുക്കാനുള്ള+ ചുമതല ഏൽപ്പിച്ചിരുന്നത്. 32 അവരുടെ സഹോദരന്മാരായ ചില കൊഹാത്യർക്കായിരുന്നു കാഴ്ചയപ്പത്തിന്റെ*+ ചുമതല; എല്ലാ ശബത്തിലും അവർ അത് ഉണ്ടാക്കണമായിരുന്നു.+
33 മുറികളിലുണ്ടായിരുന്ന,* ലേവ്യരുടെ പിതൃഭവനത്തലവന്മാരായ ഗായകർ ഇവരായിരുന്നു. രാവും പകലും സേവിക്കേണ്ടിയിരുന്നതുകൊണ്ട് ഇവരെ മറ്റ് ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. 34 ഇവരാണു വംശാവലിയനുസരിച്ച് ലേവ്യരുടെ പിതൃഭവനങ്ങളുടെ തലവന്മാർ. യരുശലേമിലാണ് ഇവർ താമസിച്ചിരുന്നത്.
35 ഗിബെയോന്റെ അപ്പനായ യയീയേൽ ഗിബെയോനിലാണു+ താമസിച്ചിരുന്നത്. മാഖയായിരുന്നു യയീയേലിന്റെ ഭാര്യ. 36 യയീയേലിന്റെ മൂത്ത മകൻ അബ്ദോൻ. പിന്നെ സൂർ, കീശ്, ബാൽ, നേർ, നാദാബ്, 37 ഗദോർ, അഹ്യൊ, സെഖര്യ, മിക്ലോത്ത്. 38 മിക്ലോത്തിനു ശിമെയാം ജനിച്ചു. അവരെല്ലാം യരുശലേമിൽ അവരുടെ സഹോദരന്മാർക്കരികെ അവരുടെ മറ്റു സഹോദരന്മാരോടൊപ്പമാണു താമസിച്ചിരുന്നത്. 39 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്ബാൽ എന്നിവർ ജനിച്ചു. 40 യോനാഥാന്റെ മകനായിരുന്നു മെരീബ്ബാൽ.+ മെരീബ്ബാലിനു മീഖ+ ജനിച്ചു. 41 മീഖയുടെ ആൺമക്കൾ: പീഥോൻ, മേലെക്ക്, തഹ്രയേ, ആഹാസ്. 42 ആഹാസിനു യാര ജനിച്ചു; യാരയ്ക്ക് അലെമേത്ത്, അസ്മാവെത്ത്, സിമ്രി എന്നിവർ ജനിച്ചു; സിമ്രിക്കു മോസ ജനിച്ചു. 43 മോസയ്ക്കു ബിനയ ജനിച്ചു; അയാളുടെ മകൻ രഫായ, അയാളുടെ മകൻ എലെയാശ, അയാളുടെ മകൻ ആസേൽ. 44 ആസേലിന്റെ ആറ് ആൺമക്കൾ: അസ്രിക്കാം, ബോഖെറു, യിശ്മായേൽ, ശെയര്യ, ഓബദ്യ, ഹാനാൻ. ഇവരെല്ലാമാണ് ആസേലിന്റെ ആൺമക്കൾ.