രാജാക്കന്മാർ രണ്ടാം ഭാഗം
19 ഇതു കേട്ട ഉടനെ ഹിസ്കിയ രാജാവ് വസ്ത്രം കീറി വിലാപവസ്ത്രം ധരിച്ച് യഹോവയുടെ ഭവനത്തിലേക്കു ചെന്നു.+ 2 പിന്നീട് ഹിസ്കിയ രാജകൊട്ടാരത്തിന്റെ ചുമതലയുള്ള എല്യാക്കീമിനെയും സെക്രട്ടറിയായ ശെബ്നയെയും പ്രമുഖരായ പുരോഹിതന്മാരെയും ആമൊസിന്റെ മകനായ യശയ്യ പ്രവാചകന്റെ+ അടുത്തേക്ക് അയച്ചു. അവർ വിലാപവസ്ത്രം ധരിച്ച് 3 യശയ്യയുടെ അടുത്ത് ചെന്ന് പറഞ്ഞു: “ഹിസ്കിയ ഇങ്ങനെ പറയുന്നു: ‘ഇതു കഷ്ടതയുടെയും ശകാരത്തിന്റെയും* നിന്ദയുടെയും ദിവസമാണ്. കാരണം കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു;* എന്നാൽ പ്രസവിക്കാൻ ശക്തിയില്ല.+ 4 ഒരുപക്ഷേ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ അസീറിയൻ രാജാവ് അയച്ച റബ്ശാക്കെയുടെ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ എത്തും.+ അങ്ങയുടെ ദൈവമായ യഹോവ ആ വാക്കുകൾ കേട്ട് അതിന് അയാളോടു പകരം ചോദിക്കും. അതുകൊണ്ട് ബാക്കിയുള്ള ജനത്തിനുവേണ്ടി പ്രാർഥിക്കേണമേ.’”+
5 അങ്ങനെ ഹിസ്കിയ രാജാവിന്റെ ദാസന്മാർ യശയ്യയുടെ അടുത്ത് ചെന്നു.+ 6 അപ്പോൾ യശയ്യ അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “അസീറിയൻ രാജാവിന്റെ ഭൃത്യന്മാർ+ എന്നെ നിന്ദിച്ചുപറഞ്ഞ വാക്കുകൾ കേട്ട് നീ ഭയപ്പെടേണ്ടാ.+ 7 ഞാൻ ഇതാ, ഒരു കാര്യം അയാളുടെ മനസ്സിൽ തോന്നിപ്പിക്കുന്നു.* ഒരു വാർത്ത കേട്ട് അയാൾ സ്വദേശത്തേക്കു മടങ്ങിപ്പോകും. സ്വന്തം ദേശത്തുവെച്ച് അയാൾ വാളുകൊണ്ട് വീഴാൻ ഞാൻ ഇടവരുത്തും.”’”+
8 അസീറിയൻ രാജാവ് ലാഖീശിൽനിന്ന്+ പിൻവാങ്ങിയെന്നു കേട്ടപ്പോൾ റബ്ശാക്കെ രാജാവിന്റെ അടുത്തേക്കു തിരിച്ചുപോയി. രാജാവ് അപ്പോൾ ലിബ്നയോടു പോരാടുകയായിരുന്നു.+ 9 ആ സമയത്താണ് എത്യോപ്യൻ രാജാവായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെന്നു രാജാവ് കേട്ടത്. അപ്പോൾ അസീറിയൻ രാജാവ് വീണ്ടും ഹിസ്കിയയുടെ അടുത്ത് ദൂതന്മാരെ അയച്ചു.+ രാജാവ് അവരോടു പറഞ്ഞു: 10 “യഹൂദാരാജാവായ ഹിസ്കിയയോട് ഇങ്ങനെ പറയണം: ‘“യരുശലേമിനെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല” എന്നു പറഞ്ഞ് നിങ്ങളെ വഞ്ചിക്കാൻ നിങ്ങൾ ആശ്രയിക്കുന്ന നിങ്ങളുടെ ദൈവത്തെ അനുവദിക്കരുത്.+ 11 അസീറിയൻ രാജാക്കന്മാർ പൂർണമായി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ നിങ്ങൾ മാത്രം രക്ഷപ്പെടുമെന്നാണോ? 12 എന്റെ പൂർവികർ നശിപ്പിച്ച ജനതകളുടെ ദൈവങ്ങൾക്ക് ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ? ഗോസാനും ഹാരാനും+ രേസെഫും തെൽ-അസ്സാരിലുണ്ടായിരുന്ന ഏദെന്യരും ഇപ്പോൾ എവിടെ? 13 ഹമാത്തിന്റെയും അർപ്പാദിന്റെയും സെഫർവ്വയീം, ഹേന, ഇവ്വ എന്നീ നഗരങ്ങളുടെയും+ രാജാക്കന്മാർ എവിടെ?’”
14 ദൂതന്മാരുടെ കൈയിൽനിന്ന് ഹിസ്കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോവയുടെ ഭവനത്തിലേക്കു ചെന്ന് അവ* യഹോവയുടെ സന്നിധിയിൽ നിവർത്തിവെച്ചു.+ 15 എന്നിട്ട് ഹിസ്കിയ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു:+ “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം.+ അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. 16 യഹോവേ, ചെവി ചായിച്ച് കേൾക്കേണമേ!+ യഹോവേ, അങ്ങയുടെ കണ്ണു തുറന്ന് കാണേണമേ!+ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ സൻഹെരീബ് അയച്ച ഈ സന്ദേശം ശ്രദ്ധിക്കേണമേ. 17 യഹോവേ, അസീറിയൻ രാജാക്കന്മാർ ജനതകളെയും അവരുടെ ദേശങ്ങളെയും നശിപ്പിച്ചുകളഞ്ഞു എന്നതു ശരിതന്നെ.+ 18 അവർ അവരുടെ ദൈവങ്ങളെ ചുട്ടുകളയുകയും ചെയ്തു. കാരണം അവ ദൈവങ്ങളായിരുന്നില്ല,+ മനുഷ്യന്റെ പണിയായ+ വെറും കല്ലും മരവും മാത്രമായിരുന്നു. അതുകൊണ്ടാണ് അവർക്ക് അവയെ നശിപ്പിക്കാൻ കഴിഞ്ഞത്. 19 എന്നാൽ ഞങ്ങളുടെ ദൈവമായ യഹോവേ, അയാളുടെ കൈയിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ. അങ്ങനെ യഹോവ മാത്രമാണു ദൈവമെന്നു ഭൂമിയിലെ രാജ്യങ്ങളെല്ലാം അറിയട്ടെ!”+
20 അപ്പോൾ ആമൊസിന്റെ മകനായ യശയ്യ ഹിസ്കിയയ്ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അസീറിയൻ രാജാവായ സൻഹെരീബിനെക്കുറിച്ചുള്ള നിന്റെ പ്രാർഥന ഞാൻ കേട്ടിരിക്കുന്നു.+ 21 അയാൾക്കെതിരെ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“കന്യകയായ സീയോൻപുത്രി നിന്നെ നിന്ദിക്കുന്നു,
സീയോൻപുത്രി നിന്നെ നോക്കി പരിഹസിക്കുന്നു,
യരുശലേംപുത്രി നിന്നെ നോക്കി തല കുലുക്കുന്നു.
22 ആരെയാണു നീ പരിഹസിക്കുകയും നിന്ദിക്കുകയും+ ചെയ്തത്?
ആർക്കു നേരെയാണു നീ ശബ്ദം ഉയർത്തിയത്?+
ആരെയാണു നീ ധിക്കാരത്തോടെ നോക്കിയത്?
ഇസ്രായേലിന്റെ പരിശുദ്ധനെയല്ലേ!+
23 നിന്റെ ദൂതന്മാരെ അയച്ച്+ നീ യഹോവയെ പരിഹസിച്ചുപറഞ്ഞു:+
‘എന്റെ അസംഖ്യം യുദ്ധരഥങ്ങളുമായി
ഞാൻ ഗിരിശൃംഗങ്ങളിലേക്ക്,
ലബാനോന്റെ വിദൂരഭാഗങ്ങളിലേക്ക്, കയറിച്ചെല്ലും.
അതിന്റെ തലയെടുപ്പുള്ള ദേവദാരുക്കളും വിശിഷ്ടമായ ജൂനിപ്പർ മരങ്ങളും ഞാൻ വെട്ടിയിടും.
അതിന്റെ വിദൂരകൊടുമുടികൾവരെയും നിബിഡവനങ്ങൾവരെയും ഞാൻ കടന്നുചെല്ലും.
24 ഞാൻ കിണറുകൾ കുഴിക്കും, എനിക്കു പരിചയമില്ലാത്ത വെള്ളം കുടിക്കും;
എന്റെ കാലുകൾകൊണ്ട് ഈജിപ്തിലെ അരുവികളെല്ലാം* വറ്റിക്കും.’
25 നീ കേട്ടിട്ടില്ലേ, കാലങ്ങൾക്കു മുമ്പേ ഞാൻ ഇതു തീരുമാനിച്ചിരിക്കുന്നു.*+
പണ്ടുപണ്ടേ ഞാൻ ഇത് ഒരുക്കിവെച്ചിരിക്കുന്നു.*+
ഇപ്പോൾ ഞാൻ അതു നടപ്പാക്കും.+
കോട്ടമതിലുള്ള നഗരങ്ങളെ നീ നാശകൂമ്പാരമാക്കും.+
26 അവയിലെ നിവാസികൾ നിസ്സഹായരാകും;
അവർ ഭയന്നുവിറയ്ക്കും, ലജ്ജിച്ച് തല താഴ്ത്തും.
അവർ വെറും പുല്ലുപോലെയും വയലിലെ സസ്യംപോലെയും ആകും.+
കിഴക്കൻ കാറ്റേറ്റ് കരിഞ്ഞ, പുരപ്പുറത്തെ പുല്ലുപോലെതന്നെ.
27 എന്നാൽ നിന്റെ വരവും പോക്കും ഇരിപ്പും ഞാൻ കാണുന്നു,+
നീ എന്റെ നേരെ കോപിക്കുന്നതും ഞാൻ അറിയുന്നു,+
28 നിന്റെ ക്രോധവും+ ഗർജനവും എന്റെ ചെവിയിൽ എത്തിയിരിക്കുന്നു.+
അതുകൊണ്ട് ഞാൻ നിന്റെ മൂക്കിൽ കൊളുത്തിട്ട്, നിന്റെ വായിൽ കടിഞ്ഞാൺ വെച്ച്,+
വന്ന വഴിയേ നിന്നെ തിരികെ കൊണ്ടുപോകും.”+
29 “‘ഇതായിരിക്കും നിനക്കുള്ള* അടയാളം: ഈ വർഷം നീ താനേ മുളയ്ക്കുന്നതു* തിന്നും. രണ്ടാം വർഷം അതിൽനിന്ന് വീണ് മുളയ്ക്കുന്ന ധാന്യം തിന്നും.+ എന്നാൽ മൂന്നാം വർഷം നീ വിത്തു വിതച്ച് കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്യും.+ 30 യഹൂദാഗൃഹത്തിൽ ജീവനോടെ ശേഷിക്കുന്നവർ+ ആഴത്തിൽ വേരൂന്നി ഫലം കായ്ക്കും. 31 യരുശലേമിൽനിന്ന് ഒരു ശേഷിപ്പും സീയോൻ പർവതത്തിൽനിന്ന് അതിജീവകരും പുറത്ത് വരും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത+ അതു സാധ്യമാക്കും.
32 “‘അതുകൊണ്ട് അസീറിയൻ രാജാവിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ ഇതാണ്:+
“അയാൾ ഈ നഗരത്തിലേക്കു വരില്ല,+
ഒരു അമ്പുപോലും ഇവിടേക്ക് എയ്യില്ല;
പരിചയുമായി ഇതിനെ നേരിടുകയോ
മതിൽ കെട്ടി ഇതിനെ ഉപരോധിക്കുകയോ ഇല്ല.+
33 വന്ന വഴിയേ അയാൾ തിരിച്ചുപോകും;
അയാൾ ഈ നഗരത്തിലേക്കു വരില്ല” എന്ന് യഹോവ പറയുന്നു.
34 “എന്റെ നാമത്തെപ്രതിയും+ എന്റെ ദാസനായ ദാവീദിനെപ്രതിയും+
ഞാൻ ഈ നഗരത്തിനുവേണ്ടി പോരാടി+ അതിനെ രക്ഷിക്കും.”’”
35 അന്നു രാത്രി യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു.+ ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+ 36 അപ്പോൾ അസീറിയൻ രാജാവായ സൻഹെരീബ് നിനെവെയിലേക്കു+ തിരിച്ചുപോയി അവിടെ താമസിച്ചു.+ 37 ഒരു ദിവസം സൻഹെരീബ് അയാളുടെ ദൈവമായ നിസ്രോക്കിന്റെ ഭവനത്തിൽ* കുമ്പിടുമ്പോൾ മക്കളായ അദ്രമേലെക്കും ശരേസെരും വന്ന് അയാളെ വാളുകൊണ്ട് വെട്ടിക്കൊന്ന്+ അരാരാത്ത്+ ദേശത്തേക്കു രക്ഷപ്പെട്ടു. അയാളുടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാവായി.