ദിനവൃത്താന്തം രണ്ടാം ഭാഗം
34 രാജാവാകുമ്പോൾ യോശിയയ്ക്ക്+ എട്ടു വയസ്സായിരുന്നു. യോശിയ 31 വർഷം യരുശലേമിൽ ഭരിച്ചു.+ 2 അദ്ദേഹം യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. പൂർവികനായ ദാവീദിന്റെ വഴിയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറിയില്ല.
3 ഭരണത്തിന്റെ 8-ാം വർഷം, ചെറുപ്രായത്തിൽത്തന്നെ, യോശിയ രാജാവ് പൂർവികനായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചു;+ 12-ാം വർഷം രാജാവ് ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങളും+ പൂജാസ്തൂപങ്ങളും* കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ ലോഹപ്രതിമകളും* നീക്കി യഹൂദയെയും യരുശലേമിനെയും ശുദ്ധമാക്കാൻതുടങ്ങി.+ 4 യോശിയയുടെ സാന്നിധ്യത്തിൽ അവർ ബാൽ ദൈവങ്ങളുടെ യാഗപീഠങ്ങൾ ഇടിച്ചുനിരത്തി. അവയുടെ മുകളിലുണ്ടായിരുന്ന, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങൾ യോശിയ വെട്ടിയിട്ടു. പൂജാസ്തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും ലോഹപ്രതിമകളും തകർത്ത് കഷണങ്ങളാക്കി. എന്നിട്ട് അവ പൊടിച്ച് ആ ദൈവങ്ങൾക്കു ബലി അർപ്പിച്ചിരുന്നവരുടെ കല്ലറകളിൽ വിതറി.+ 5 പുരോഹിതന്മാരുടെ അസ്ഥികൾ യോശിയ അവരുടെ യാഗപീഠങ്ങളിൽ ഇട്ട് കത്തിച്ചു.+ അങ്ങനെ യഹൂദയെയും യരുശലേമിനെയും ശുദ്ധമാക്കി.
6 മനശ്ശെ, എഫ്രയീം,+ ശിമെയോൻ എന്നിവ മുതൽ നഫ്താലി വരെയുള്ള നഗരങ്ങളിലെയും ഇവയുടെ ചുറ്റുമുള്ള നശിച്ചുകിടന്ന സ്ഥലങ്ങളിലെയും 7 യാഗപീഠങ്ങൾ യോശിയ ഇടിച്ചുകളഞ്ഞു; പൂജാസ്തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ തകർത്ത് പൊടിയാക്കി. ഇസ്രായേൽ ദേശത്ത് ഉടനീളമുണ്ടായിരുന്ന, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങളെല്ലാം യോശിയ വെട്ടിയിട്ടു.+ ഒടുവിൽ യോശിയ യരുശലേമിലേക്കു മടങ്ങി.
8 ദേശവും ദേവാലയവും ശുദ്ധീകരിച്ചശേഷം, ഭരണത്തിന്റെ 18-ാം വർഷം, യോശിയ അസല്യയുടെ മകൻ ശാഫാനെയും+ നഗരാധിപനായ മയസേയയെയും കാര്യങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, യൊവാഹാസിന്റെ മകൻ യോവാഹിനെയും ദൈവമായ യഹോവയുടെ ഭവനത്തിന്റെ കേടുപാടുകൾ തീർക്കാൻ അയച്ചു.+ 9 അവർ മഹാപുരോഹിതനായ ഹിൽക്കിയയുടെ അടുത്ത് ചെന്ന് ദൈവഭവനത്തിലേക്കു കിട്ടിയ പണം ഏൽപ്പിച്ചു. വാതിൽക്കാവൽക്കാരായ ലേവ്യർ മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിലെ മറ്റു ജനങ്ങളിൽനിന്നും+ യഹൂദയിൽനിന്നും ബന്യാമീനിൽനിന്നും യരുശലേംനിവാസികളിൽനിന്നും ശേഖരിച്ചതായിരുന്നു ആ പണം. 10 പിന്നെ അവർ അത് യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരെ ഏൽപ്പിച്ചു. ജോലിക്കാർ ആ പണംകൊണ്ട് യഹോവയുടെ ഭവനത്തിന്റെ കേടുപോക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. 11 താങ്ങുകൾക്കുള്ള തടി, വെട്ടിയെടുത്ത കല്ലുകൾ എന്നിവ വാങ്ങാനും യഹൂദാരാജാക്കന്മാരുടെ അനാസ്ഥ മൂലം നശിച്ചുപോയ ഭവനങ്ങൾ ഉത്തരങ്ങൾ വെച്ച് പുതുക്കിപ്പണിയാനും ആയി അവർ അതു ശില്പികൾക്കും മറ്റു പണിക്കാർക്കും കൊടുത്തു.+
12 അവർ വിശ്വസ്തമായി ജോലി ചെയ്തു.+ അവർക്കു മേൽവിചാരകന്മാരായി ചില ലേവ്യരെ, മെരാര്യരായ+ യഹത്തിനെയും ഓബദ്യയെയും കൊഹാത്യരായ+ സെഖര്യയെയും മെശുല്ലാമിനെയും, നിയമിച്ചിരുന്നു. മികച്ച സംഗീതജ്ഞരായിരുന്ന ലേവ്യരാണു+ 13 ചുമട്ടുകാരുടെയും മറ്റെല്ലാ പണിക്കാരുടെയും മേൽനോട്ടം വഹിച്ചിരുന്നത്. മറ്റു ചില ലേവ്യർ സെക്രട്ടറിമാരും അധികാരികളും കാവൽക്കാരും ആയി സേവിച്ചു.+
14 യഹോവയുടെ ഭവനത്തിലേക്കു സംഭാവനയായി ലഭിച്ച പണം അവർ പുറത്ത് കൊണ്ടുവരുന്ന സമയത്ത്,+ മോശയിലൂടെ ലഭിച്ച+ യഹോവയുടെ നിയമപുസ്തകം+ ഹിൽക്കിയ പുരോഹിതൻ കണ്ടെത്തി. 15 അപ്പോൾ ഹിൽക്കിയ സെക്രട്ടറിയായ ശാഫാനോടു പറഞ്ഞു: “എനിക്ക് യഹോവയുടെ ഭവനത്തിൽനിന്ന് നിയമപുസ്തകം കിട്ടി!” ഹിൽക്കിയ ആ പുസ്തകം ശാഫാനു കൊടുത്തു. 16 ശാഫാൻ ആ പുസ്തകവുമായി രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അങ്ങ് കല്പിച്ചതുപോലെയെല്ലാം അങ്ങയുടെ ദാസന്മാർ ചെയ്തുകൊണ്ടിരിക്കുകയാണ്. 17 അവർ യഹോവയുടെ ഭവനത്തിലെ പണം മുഴുവൻ ശേഖരിച്ച്* മേൽനോട്ടം വഹിക്കുന്നവരെയും ജോലിക്കാരെയും ഏൽപ്പിച്ചിരിക്കുന്നു.” 18 രാജാവിനോടു ശാഫാൻ ഇങ്ങനെയും പറഞ്ഞു: “ഹിൽക്കിയ പുരോഹിതൻ എനിക്ക് ഒരു പുസ്തകം തന്നിട്ടുണ്ട്.”+ പിന്നെ ശാഫാൻ അതു രാജാവിനെ വായിച്ചുകേൾപ്പിക്കാൻതുടങ്ങി.+
19 നിയമത്തിൽ എഴുതിയിരിക്കുന്നതു വായിച്ചുകേട്ട ഉടനെ രാജാവ് വസ്ത്രം കീറി.+ 20 രാജാവ് ഹിൽക്കിയയോടും ശാഫാന്റെ മകനായ അഹീക്കാമിനോടും+ മീഖയുടെ മകനായ അബ്ദോനോടും സെക്രട്ടറിയായ ശാഫാനോടും രാജാവിന്റെ ദാസനായ അസായയോടും ഇങ്ങനെ ഉത്തരവിട്ടു: 21 “നമ്മുടെ പൂർവികർ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന യഹോവയുടെ വാക്കുകൾ അനുസരിക്കാത്തതുകൊണ്ട് യഹോവ തന്റെ ഉഗ്രകോപം നമ്മുടെ മേൽ ചൊരിയും. അതുകൊണ്ട് നിങ്ങൾ ചെന്ന് ഇസ്രായേലിലും യഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യഹോവയോടു ചോദിച്ചറിയുക.”+
22 അങ്ങനെ ഹിൽക്കിയയും രാജാവ് അയച്ച മറ്റു ചിലരും ഹുൽദ പ്രവാചികയുടെ+ അടുത്ത് ചെന്നു. വസ്ത്രംസൂക്ഷിപ്പുകാരനായ ഹർഹസിന്റെ മകനായ തിക്വയുടെ മകൻ ശല്ലൂമിന്റെ ഭാര്യയായിരുന്നു ഈ പ്രവാചിക. യരുശലേമിന്റെ പുതിയ ഭാഗത്താണു ഹുൽദ താമസിച്ചിരുന്നത്. അവർ അവിടെ ചെന്ന് പ്രവാചികയോടു സംസാരിച്ചു.+ 23 പ്രവാചിക അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിങ്ങളെ എന്റെ അടുത്തേക്ക് അയച്ചയാളോടു നിങ്ങൾ പറയണം: 24 “യഹോവ ഇങ്ങനെ പറയുന്നു: ‘അവർ യഹൂദാരാജാവിനെ വായിച്ചുകേൾപ്പിച്ച ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന എല്ലാ ശാപങ്ങളും+ വിപത്തുകളും ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും വരുത്തും.+ 25 കാരണം അവർ എന്നെ ഉപേക്ഷിക്കുകയും+ മറ്റു ദൈവങ്ങൾക്കു യാഗവസ്തുക്കൾ ദഹിപ്പിച്ചുകൊണ്ട്* അവരുടെ എല്ലാ ചെയ്തികളാലും എന്നെ കോപിപ്പിക്കുകയും ചെയ്തിരിക്കുന്നു.+ അതുകൊണ്ട് ഈ സ്ഥലത്തിനു നേരെ ഞാൻ എന്റെ കോപാഗ്നി ചൊരിയും. അത് ഒരിക്കലും കെട്ടുപോകില്ല.’”+ 26 എന്നാൽ യഹോവയോടു ചോദിക്കാൻ നിങ്ങളെ അയച്ച യഹൂദാരാജാവിനോടു നിങ്ങൾ പറയണം: “രാജാവ് വായിച്ചുകേട്ട കാര്യങ്ങളെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്:+ 27 ‘ഈ സ്ഥലത്തിനും ഇവിടെയുള്ള ആളുകൾക്കും എതിരെ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ നീ ഹൃദയപൂർവം പശ്ചാത്തപിക്കുകയും* ദൈവസന്നിധിയിൽ സ്വയം താഴ്ത്തുകയും ചെയ്തു. നീ വസ്ത്രം കീറി എന്റെ മുമ്പാകെ വിലപിച്ചു. അതുകൊണ്ട് നിന്റെ അപേക്ഷ ഞാനും കേട്ടിരിക്കുന്നു+ എന്ന് യഹോവ പറയുന്നു. 28 നീ നിന്റെ പൂർവികരോടു ചേരാൻ ഞാൻ ഇടയാക്കും.* നീ സമാധാനത്തോടെ നിന്റെ കല്ലറയിലേക്കു പോകും. ഞാൻ ഈ സ്ഥലത്തിനും ഇവിടെ താമസിക്കുന്നവർക്കും വരുത്തുന്ന ദുരന്തങ്ങളൊന്നും നിനക്കു കാണേണ്ടിവരില്ല.’”’”+
അവർ ചെന്ന് ഇക്കാര്യങ്ങളെല്ലാം രാജാവിനെ അറിയിച്ചു. 29 രാജാവ് ആളയച്ച് യഹൂദയിലും യരുശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.+ 30 അതിനു ശേഷം യഹൂദയിലുള്ള എല്ലാ പുരുഷന്മാരെയും യരുശലേമിലെ എല്ലാ ആളുകളെയും പുരോഹിതന്മാരെയും ലേവ്യരെയും, അങ്ങനെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരെയും കൂട്ടി യഹോവയുടെ ഭവനത്തിലേക്കു ചെന്നു. യഹോവയുടെ ഭവനത്തിൽനിന്ന് കണ്ടുകിട്ടിയ ഉടമ്പടിപ്പുസ്തകം മുഴുവൻ രാജാവ് അവരെ വായിച്ചുകേൾപ്പിച്ചു.+ 31 പിന്നെ രാജാവ് സ്വസ്ഥാനത്ത് നിന്നുകൊണ്ട്, യഹോവയെ അനുഗമിച്ചുകൊള്ളാമെന്നും ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഉടമ്പടിപ്രകാരം+ ദൈവത്തിന്റെ കല്പനകളും ഓർമിപ്പിക്കലുകളും ചട്ടങ്ങളും മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ+ പാലിച്ചുകൊള്ളാമെന്നും യഹോവയുമായി ഒരു ഉടമ്പടി ചെയ്തു.*+ 32 യരുശലേമിലും ബന്യാമീനിലും ഉള്ള എല്ലാവരും ഈ ഉടമ്പടിയിൽ പങ്കുചേരാൻ രാജാവ് ആഹ്വാനം ചെയ്തു. യരുശലേമിൽ താമസിക്കുന്നവർ അവരുടെ പൂർവികരുടെ ദൈവവുമായുള്ള ഉടമ്പടിയനുസരിച്ച് പ്രവർത്തിച്ചു.+ 33 പിന്നെ യോശിയ ഇസ്രായേല്യരുടെ അധീനതയിലുണ്ടായിരുന്ന ദേശങ്ങളിൽനിന്ന് മ്ലേച്ഛമായ എല്ലാ വസ്തുക്കളും* നീക്കിക്കളഞ്ഞു.+ ഇസ്രായേലിലുള്ള എല്ലാവരും അവരുടെ ദൈവമായ യഹോവയെ ആരാധിക്കണമെന്നു യോശിയ കല്പിച്ചു. യോശിയയുടെ ജീവിതകാലത്ത് ഒരിക്കലും അവർ അവരുടെ പൂർവികരുടെ ദൈവമായ യഹോവയുടെ വഴി വിട്ടുമാറിയില്ല.