മർക്കൊസ് എഴുതിയത്
7 യരുശലേമിൽനിന്ന് വന്ന പരീശന്മാരും ചില ശാസ്ത്രിമാരും യേശുവിനു ചുറ്റും കൂടി.+ 2 യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമായ കൈകൊണ്ട്, അതായത് കഴുകാത്ത കൈകൊണ്ട്, ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. 3 (പരീശന്മാരും എല്ലാ ജൂതന്മാരും പൂർവികരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നതുകൊണ്ട് കൈകൾ മുട്ടുവരെ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. 4 ചന്തയിൽനിന്ന് തിരിച്ചെത്തുമ്പോഴും കഴുകി ശുദ്ധി വരുത്താതെ അവർ കഴിക്കാറില്ല. ഇതിനു പുറമേ പാനപാത്രങ്ങളും കുടങ്ങളും ചെമ്പുപാത്രങ്ങളും വെള്ളത്തിൽ മുക്കി ശുദ്ധീകരിക്കുന്നതുപോലുള്ള മറ്റ് അനേകം പാരമ്പര്യങ്ങളും അവർ അനുഷ്ഠിച്ചുപോരുന്നു.)+ 5 അതുകൊണ്ട് ആ പരീശന്മാരും ശാസ്ത്രിമാരും യേശുവിനോട്, “നിന്റെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്താണ് ” എന്നു ചോദിച്ചു.+ 6 യേശു അവരോടു പറഞ്ഞു: “കപടഭക്തരായ നിങ്ങളെക്കുറിച്ച് യശയ്യ ഇങ്ങനെ പ്രവചിച്ചത് എത്ര ശരിയാണ്: ‘ഈ ജനം വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്.+ 7 അവർ എന്നെ ആരാധിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്പനകളാണ് അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്.’+ 8 നിങ്ങൾ അങ്ങനെ ദൈവകല്പനകൾ വിട്ടുകളഞ്ഞിട്ട് മനുഷ്യരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നു.”+
9 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “പാരമ്പര്യം പിൻപറ്റാൻവേണ്ടി നിങ്ങൾ വിദഗ്ധമായി ദൈവകല്പന അവഗണിക്കുന്നു.+ 10 ഉദാഹരണത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച് സംസാരിക്കുന്നവനെ* കൊന്നുകളയണം’+ എന്നും മോശ പറഞ്ഞല്ലോ. 11 എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കിലും അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക് ഉപകാരപ്പെടുന്നതായി എന്റെ കൈയിലുള്ളതെല്ലാം കൊർബാനാണ് (അതായത്, ദൈവത്തിനു നേർന്നതാണ്)” എന്നു പറഞ്ഞാൽ’ 12 പിന്നെ അപ്പനോ അമ്മയ്ക്കോ വേണ്ടി യാതൊന്നും ചെയ്യാൻ നിങ്ങൾ അയാളെ അനുവദിക്കുന്നില്ല.+ 13 ഇങ്ങനെ പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് നിങ്ങൾ ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു.+ ഇങ്ങനെ പലതും നിങ്ങൾ ചെയ്യുന്നു.”+ 14 യേശു വീണ്ടും ജനത്തെ അടുത്തേക്കു വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും ഞാൻ പറയുന്നതു ശ്രദ്ധിച്ച് അതിന്റെ അർഥം മനസ്സിലാക്കൂ.+ 15 പുറത്തുനിന്ന് ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ല. ഉള്ളിൽനിന്ന് പുറത്തേക്കു വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.”+ 16 ——
17 ജനക്കൂട്ടത്തെ വിട്ട് യേശു ഒരു വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ ഈ ദൃഷ്ടാന്തത്തെക്കുറിച്ച് യേശുവിനോടു ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി.+ 18 യേശു അവരോടു പറഞ്ഞു: “നിങ്ങൾക്കും അവരെപ്പോലെ മനസ്സിലാക്കാൻ പ്രാപ്തിയില്ലെന്നോ? പുറത്തുനിന്ന് ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ലെന്നു നിങ്ങൾക്ക് അറിയില്ലേ? 19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കാണു പോകുന്നത്. പിന്നെ അതു വയറ്റിൽനിന്ന് പുറത്തേക്കു* പോകുന്നു.” എല്ലാ ആഹാരവും ശുദ്ധമാണെന്ന് അങ്ങനെ യേശു വ്യക്തമാക്കി. 20 പിന്നെ യേശു പറഞ്ഞു: “ഒരാളുടെ ഉള്ളിൽനിന്ന് പുറത്തേക്കു വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.+ 21 കാരണം ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്,+ ഹാനികരമായ ചിന്തകൾ, അതായത് ലൈംഗിക അധാർമികത, മോഷണം, കൊലപാതകം, 22 വ്യഭിചാരം, അത്യാഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാരത്തോടെയുള്ള പെരുമാറ്റം, അസൂയയുള്ള കണ്ണ്, ദൈവനിന്ദ, ധാർഷ്ട്യം, വിഡ്ഢിത്തം എന്നിവയെല്ലാം ഉണ്ടാകുന്നത്. 23 ഈ ചീത്ത കാര്യങ്ങളെല്ലാം ഉള്ളിൽനിന്ന് പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.”+
24 അവിടെനിന്ന് എഴുന്നേറ്റ് സോർ-സീദോൻ+ പ്രദേശങ്ങളിലേക്കു പോയ യേശു അവിടെ ഒരു വീട്ടിൽ ചെന്നു. ആരും അത് അറിയരുതെന്നു യേശു ആഗ്രഹിച്ചു. പക്ഷേ ആളുകൾ എങ്ങനെയോ അറിഞ്ഞു. 25 അശുദ്ധാത്മാവ്* ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ യേശുവിനെക്കുറിച്ച് കേട്ട ഉടനെ അവിടെ വന്ന് യേശുവിന്റെ കാൽക്കൽ വീണു.+ 26 ആ സ്ത്രീ സിറിയൻ ഫൊയ്നിക്യ ദേശത്തുനിന്നുള്ള* ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളിൽനിന്ന് ഭൂതത്തെ പുറത്താക്കാൻ ആ സ്ത്രീ യേശുവിനോടു വീണ്ടുംവീണ്ടും അപേക്ഷിച്ചു. 27 എന്നാൽ യേശു, “ആദ്യം മക്കളുടെ വയറു നിറയട്ടെ. മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ”+ എന്നു പറഞ്ഞു: 28 അപ്പോൾ ആ സ്ത്രീ പറഞ്ഞു: “അങ്ങ് പറഞ്ഞതു ശരിയാണ് യജമാനനേ. പക്ഷേ, മേശയുടെ കീഴെയുള്ള നായ്ക്കുട്ടികളും കുഞ്ഞുങ്ങളുടെ കൈയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” 29 യേശു സ്ത്രീയോടു പറഞ്ഞു: “നീ ഇങ്ങനെയൊരു മറുപടി പറഞ്ഞല്ലോ. പൊയ്ക്കൊള്ളൂ. ഭൂതം നിന്റെ മകളെ വിട്ട് പോയിരിക്കുന്നു.”+ 30 സ്ത്രീ വീട്ടിൽ ചെന്നപ്പോൾ കുട്ടി കിടക്കയിൽ കിടക്കുന്നതു കണ്ടു. ഭൂതം അവളെ വിട്ട് പോയിരുന്നു.+
31 പിന്നെ യേശു സോർപ്രദേശം വിട്ട് സീദോൻവഴി ദക്കപ്പൊലിപ്രദേശത്തുകൂടെ+ ഗലീലക്കടലിന് അടുത്തേക്കു തിരിച്ചുപോയി. 32 അവിടെവെച്ച് ചിലർ സംസാരവൈകല്യമുള്ള ബധിരനായ ഒരു മനുഷ്യനെ+ യേശുവിന്റെ അടുത്ത് കൊണ്ടുവന്ന് അയാളുടെ മേൽ കൈ വെക്കണമെന്നു യാചിച്ചു. 33 യേശു അയാളെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിക്കൊണ്ടുപോയി. എന്നിട്ട് അയാളുടെ ചെവികളിൽ വിരൽ ഇട്ടു. പിന്നെ തുപ്പിയിട്ട് അയാളുടെ നാവിൽ തൊട്ടു.+ 34 എന്നിട്ട് ആകാശത്തേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ അയാളോട്, “എഫഥാ” എന്നു പറഞ്ഞു. “തുറക്കട്ടെ” എന്നാണ് അതിന്റെ അർഥം. 35 അയാളുടെ ചെവികൾ തുറന്നു.+ സംസാരവൈകല്യം മാറി അയാൾ നന്നായി സംസാരിക്കാൻതുടങ്ങി. 36 ഇത് ആരോടും പറയരുതെന്നു യേശു അവരോടു കല്പിച്ചു.+ എന്നാൽ യേശു അവരെ എത്രത്തോളം വിലക്കിയോ അത്രത്തോളം അവർ അതു പ്രസിദ്ധമാക്കി.+ 37 അവർക്കുണ്ടായ അതിശയം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.+ അവർ പറഞ്ഞു: “എത്ര നല്ല കാര്യങ്ങളാണു യേശു ചെയ്യുന്നത്! യേശു ബധിരർക്കു കേൾവിശക്തിയും ഊമർക്കു സംസാരശേഷിയും കൊടുക്കുന്നു.”+