യോഹന്നാൻ എഴുതിയത്
5 അതിനു ശേഷം ജൂതന്മാരുടെ ഒരു ഉത്സവമുണ്ടായിരുന്നതുകൊണ്ട്+ യേശു യരുശലേമിലേക്കു പോയി. 2 യരുശലേമിലെ അജകവാടത്തിന്+ അരികെ ഒരു കുളമുണ്ടായിരുന്നു. എബ്രായ ഭാഷയിൽ ബേത്സഥ എന്നായിരുന്നു അതിന്റെ പേര്. അതിനു ചുറ്റും അഞ്ചു മണ്ഡപവുമുണ്ടായിരുന്നു. 3 അവിടെ പല തരം രോഗമുള്ളവർ, അന്ധർ, മുടന്തർ, കൈകാലുകൾ ശോഷിച്ചവർ* എന്നിങ്ങനെ ധാരാളം ആളുകൾ കിടപ്പുണ്ടായിരുന്നു. 4 —— 5 38 വർഷമായി രോഗിയായ ഒരാൾ അവിടെയുണ്ടായിരുന്നു. 6 അയാൾ അവിടെ കിടക്കുന്നതു യേശു കണ്ടു. ഏറെക്കാലമായി അയാൾ കിടപ്പിലാണെന്നു മനസ്സിലാക്കിയ യേശു അയാളോട്, “അസുഖം മാറണമെന്നുണ്ടോ” എന്നു ചോദിച്ചു.+ 7 രോഗിയായ മനുഷ്യൻ യേശുവിനോടു പറഞ്ഞു: “യജമാനനേ, വെള്ളം കലങ്ങുമ്പോൾ കുളത്തിലേക്ക് എന്നെ ഇറക്കാൻ ആരുമില്ല. ഞാൻ എത്തുമ്പോഴേക്കും വേറെ ആരെങ്കിലും ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.” 8 യേശു അയാളോട്, “എഴുന്നേറ്റ് നിങ്ങളുടെ പായ എടുത്ത് നടക്ക്”+ എന്നു പറഞ്ഞു. 9 ഉടൻതന്നെ അയാളുടെ രോഗം ഭേദമായി. അയാൾ പായ എടുത്ത് നടന്നു.
അന്നു ശബത്തായിരുന്നു.+ 10 അതുകൊണ്ട് ജൂതന്മാർ രോഗം ഭേദമായ മനുഷ്യനോട്, “ഇന്നു ശബത്തായതുകൊണ്ട് പായ എടുത്തുകൊണ്ട് നടക്കുന്നതു ശരിയല്ല”+ എന്നു പറഞ്ഞു. 11 പക്ഷേ അയാൾ അവരോടു പറഞ്ഞു: “എന്റെ രോഗം ഭേദമാക്കിയ ആൾത്തന്നെയാണ് എന്നോട്, ‘നിന്റെ പായ എടുത്ത് നടക്ക്’ എന്നു പറഞ്ഞത്.” 12 അവർ അയാളോട്, “‘ഇത് എടുത്ത് നടക്ക്’ എന്നു തന്നോടു പറഞ്ഞത് ആരാണ്” എന്നു ചോദിച്ചു. 13 പക്ഷേ യേശു അവിടെയുള്ള ജനക്കൂട്ടത്തിന് ഇടയിൽ മറഞ്ഞതുകൊണ്ട്, സുഖം പ്രാപിച്ച മനുഷ്യന് അത് ആരാണെന്ന് അറിഞ്ഞുകൂടായിരുന്നു.
14 പിന്നീട് ദേവാലയത്തിൽവെച്ച് അയാളെ കണ്ടപ്പോൾ യേശു പറഞ്ഞു: “നിങ്ങളുടെ രോഗം ഭേദമായല്ലോ. ഇതിലും മോശമായതൊന്നും വരാതിരിക്കാൻ ഇനി പാപം ചെയ്യരുത്.” 15 തന്നെ സുഖപ്പെടുത്തിയതു യേശുവാണെന്ന് അയാൾ ചെന്ന് ജൂതന്മാരോടു പറഞ്ഞു. 16 യേശു ഇതുപോലുള്ള കാര്യങ്ങൾ ശബത്തിൽ ചെയ്യുന്നെന്ന കാരണം പറഞ്ഞാണു ജൂതന്മാർ യേശുവിനെ ദ്രോഹിച്ചിരുന്നത്.+ 17 എന്നാൽ യേശു അവരോടു പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും കർമനിരതനാണ്; ഞാനും അതുപോലെ കർമനിരതനാണ്.”+ 18 അതോടെ യേശുവിനെ കൊല്ലാനുള്ള ശ്രമങ്ങൾക്കു ജൂതന്മാർ ആക്കം കൂട്ടി. കാരണം യേശു ശബത്ത് ലംഘിക്കുന്നെന്നു മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവ് എന്നു വിളിച്ചുകൊണ്ട് തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്നും അവർക്കു തോന്നി.+
19 അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തുകാണുന്നതു മാത്രമേ പുത്രനു ചെയ്യാനാകൂ.+ അല്ലാതെ സ്വന്തം ഇഷ്ടമനുസരിച്ച് പുത്രന് ഒന്നും ചെയ്യാനാകില്ല. പിതാവ് ചെയ്യുന്നതെല്ലാം പുത്രനും അങ്ങനെതന്നെ ചെയ്യുന്നു. 20 പിതാവിനു പുത്രനെ ഇഷ്ടമായതുകൊണ്ട്+ പിതാവ് ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന,+ ഇതിലും വലിയ കാര്യങ്ങളും പുത്രനു കാണിച്ചുകൊടുക്കും. 21 പിതാവ് മരിച്ചവരെ ഉയിർപ്പിച്ച് അവർക്കു ജീവൻ കൊടുക്കുന്നതുപോലെ+ പുത്രനും താൻ ആഗ്രഹിക്കുന്നവർക്കു ജീവൻ കൊടുക്കുന്നു.+ 22 പിതാവ് ആരെയും വിധിക്കുന്നില്ല. വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ പുത്രനെ ഏൽപ്പിച്ചിരിക്കുന്നു.+ 23 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനാണു പിതാവ് അങ്ങനെ ചെയ്തത്. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.+ 24 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ച പിതാവിനെ വിശ്വസിക്കുന്നയാൾക്കു നിത്യജീവനുണ്ട്.+ അയാൾ ന്യായവിധിയിലേക്കു വരാതെ മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു.+
25 “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേട്ടനുസരിക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന സമയം വരുന്നു. അത് ഇപ്പോൾത്തന്നെ വന്നിരിക്കുന്നു. 26 പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ+ പുത്രനും തന്നിൽത്തന്നെ ജീവനുണ്ടായിരിക്കാൻ+ പിതാവ് അനുമതി കൊടുത്തു. 27 അവൻ മനുഷ്യപുത്രനായതുകൊണ്ട്+ പിതാവ് അവനു വിധിക്കാനുള്ള അധികാരവും കൊടുത്തിരിക്കുന്നു.+ 28 ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു.+ 29 നല്ല കാര്യങ്ങൾ ചെയ്തവർക്ക് അതു ജീവനായുള്ള പുനരുത്ഥാനവും മോശമായ കാര്യങ്ങൾ ചെയ്തവർക്ക്* അതു ന്യായവിധിക്കായുള്ള പുനരുത്ഥാനവും ആയിരിക്കും.+ 30 എനിക്കു സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാനാകില്ല. പിതാവ് പറയുന്നതുപോലെയാണു ഞാൻ വിധിക്കുന്നത്. എന്റെ വിധി നീതിയുള്ളതാണ്.+ കാരണം എനിക്ക് എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ് ആഗ്രഹം.+
31 “ഞാൻ മാത്രമാണ് എന്നെക്കുറിച്ച് പറയുന്നതെങ്കിൽ എന്റെ വാക്കുകൾ സത്യമല്ല.+ 32 എന്നാൽ എന്നെക്കുറിച്ച് സാക്ഷി പറയുന്ന മറ്റൊരാളുണ്ട്. എന്നെക്കുറിച്ച് അയാൾ പറയുന്നതു സത്യമാണെന്ന് എനിക്ക് അറിയാം.+ 33 നിങ്ങൾ യോഹന്നാന്റെ അടുത്തേക്ക് ആളുകളെ അയച്ചല്ലോ. യോഹന്നാൻ സത്യത്തിനു സാക്ഷി പറഞ്ഞു.+ 34 എന്നാൽ മനുഷ്യന്റെ സാക്ഷിമൊഴി എനിക്ക് ആവശ്യമില്ല. എങ്കിലും നിങ്ങൾക്കു രക്ഷ കിട്ടാനാണു ഞാൻ ഇതൊക്കെ പറയുന്നത്. 35 യോഹന്നാൻ കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു. അൽപ്പസമയത്തേക്ക് ആ മനുഷ്യന്റെ പ്രകാശത്തിൽ സന്തോഷിക്കാനും നിങ്ങൾ തയ്യാറായി.+ 36 എന്നാൽ എനിക്കു യോഹന്നാന്റേതിനെക്കാൾ വലിയ സാക്ഷ്യമുണ്ട്. ചെയ്തുതീർക്കാനായി എന്റെ പിതാവ് എന്നെ ഏൽപ്പിച്ചതും ഞാൻ ചെയ്യുന്നതും ആയ പ്രവൃത്തികൾ പിതാവ് എന്നെ അയച്ചു എന്നതിനു തെളിവാണ്.+ 37 എന്നെ അയച്ച പിതാവ് നേരിട്ടും എന്നെക്കുറിച്ച് സാക്ഷി പറഞ്ഞിരിക്കുന്നു.+ നിങ്ങൾ ഒരിക്കലും പിതാവിന്റെ ശബ്ദം കേട്ടിട്ടില്ല, രൂപം കണ്ടിട്ടില്ല.+ 38 പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് പിതാവിന്റെ വചനം നിങ്ങളിൽ വസിക്കുന്നുമില്ല.
39 “തിരുവെഴുത്തുകളിലൂടെ നിത്യജീവൻ കിട്ടുമെന്നു കരുതി നിങ്ങൾ അതു പരിശോധിക്കുന്നു.+ എന്നാൽ അതേ തിരുവെഴുത്തുകൾതന്നെയാണ് എന്നെക്കുറിച്ചും സാക്ഷി പറയുന്നത്.+ 40 എന്നിട്ടും ജീവൻ കിട്ടാൻവേണ്ടി എന്റെ അടുത്ത് വരാൻ നിങ്ങൾക്കു മനസ്സില്ല.+ 41 എനിക്കു മനുഷ്യരിൽനിന്നുള്ള പ്രശംസ ആവശ്യമില്ല. 42 എന്നാൽ നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ ഉള്ളിൽ ദൈവസ്നേഹമില്ലെന്ന് എനിക്കു നന്നായി അറിയാം. 43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങൾ എന്നെ സ്വീകരിക്കുന്നില്ല. പക്ഷേ ആരെങ്കിലും സ്വന്തനാമത്തിൽ വന്നിരുന്നെങ്കിൽ നിങ്ങൾ അയാളെ സ്വീകരിക്കുമായിരുന്നു. 44 ഏകദൈവത്തിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്നതിനു പകരം മനുഷ്യരിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്ന+ നിങ്ങൾക്ക് എങ്ങനെ എന്നെ വിശ്വസിക്കാൻ കഴിയും?+ 45 ഞാൻ നിങ്ങളെ പിതാവിന്റെ മുന്നിൽ കുറ്റപ്പെടുത്തുമെന്നു വിചാരിക്കരുത്. നിങ്ങളുടെ മേൽ കുറ്റം ആരോപിക്കുന്ന ഒരാളുണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിട്ടുള്ള മോശതന്നെ.+ 46 വാസ്തവത്തിൽ നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം മോശ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്.+ 47 മോശ എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ ഞാൻ പറയുന്നത് എങ്ങനെ വിശ്വസിക്കാനാണ്?”+