“പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ”
“പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സദാ ജാഗരൂകരായിരുന്ന് നിരന്തരം പ്രാർഥിക്കുവിൻ.”—മത്തായി 26:41, NW.
സമ്മർദം അതിശക്തമായിരുന്നു. മുമ്പ് അനുഭവിച്ചിട്ടുള്ളവയിൽനിന്നെല്ലാം വ്യത്യസ്തം. ദൈവപുത്രനായ യേശുക്രിസ്തു തന്റെ ഭൗമിക ജീവിതത്തിന്റെ അവസാനത്തോട് അടുക്കുകയായിരുന്നു. പെട്ടെന്നുതന്നെ ശത്രുക്കൾ തന്നെ പിടിക്കുമെന്നും മരണത്തിന് വിധിച്ച് ഒരു ദണ്ഡനസ്തംഭത്തിൽ തറയ്ക്കുമെന്നും യേശു മനസ്സിലാക്കി. തന്റെ ഓരോ തീരുമാനവും പ്രവൃത്തിയും തന്റെ പിതാവിന്റെ നാമത്തിന്മേൽ അനുകൂലമോ പ്രതികൂലമോ ആയ ഫലം ഉളവാക്കുമെന്ന് അവനു ബോധ്യമുണ്ടായിരുന്നു. മുഴു മനുഷ്യവർഗത്തിന്റെയും ഭാവിജീവിത പ്രത്യാശ തുലാസിൽ തൂങ്ങുകയാണെന്നും യേശുവിന് അറിയാമായിരുന്നു. ഇത്രയധികം സമ്മർദം നേരിട്ടപ്പോൾ അവൻ എന്താണു ചെയ്തത്?
2 തന്റെ ശിഷ്യന്മാരുമൊത്ത് അവൻ ഗെത്ത്ശെമന തോട്ടത്തിലേക്കു പോയി. അത് യേശുവിന്റെ പ്രിയപ്പെട്ട സ്ഥലമായിരുന്നു. അവിടെയെത്തിയപ്പോൾ അവൻ ശിഷ്യന്മാരെ വിട്ട് അൽപ്പം ദൂരേക്ക് മാറിപ്പോയി. തനിച്ചായപ്പോൾ അവൻ തന്റെ സ്വർഗീയ പിതാവിന്റെ മുമ്പാകെ ഹൃദയം പകർന്നുകൊണ്ട് ശക്തിക്കായി അവനോട് ഉള്ളുരുകി പ്രാർഥിച്ചു, ഒന്നല്ല മൂന്നുവട്ടം. യേശു പൂർണനായിരുന്നെങ്കിലും സമ്മർദങ്ങളെ തനിക്കു തന്നെത്താൻ നേരിടാനാകുമെന്ന് അവൻ വിചാരിച്ചില്ല.—മത്തായി 26:36-44.
3 ഇന്ന് നാമും സമ്മർദത്തിൻ കീഴിലാണ്. നാം ജീവിക്കുന്നത് ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണ് എന്നതിനുള്ള തെളിവുകൾ ഈ ലഘുപത്രികയുടെ ആദ്യഭാഗത്ത് നാം പരിചിന്തിച്ചിരുന്നു. സാത്താന്റെ ലോകത്തിൽനിന്നുള്ള പ്രലോഭനങ്ങളും സമ്മർദങ്ങളും കൂടുതൽ ശക്തമാവുകയാണ്. സത്യദൈവത്തിന്റെ ആരാധകർ എന്ന് അവകാശപ്പെടുന്ന നമ്മുടെ ഓരോരുത്തരുടെയും തീരുമാനങ്ങളും പ്രവൃത്തികളും ദൈവനാമത്തിന്റെമേൽ അനുകൂലമോ പ്രതികൂലമോ ആയ ഫലം ഉളവാക്കുന്നു. കൂടാതെ, ദൈവം കൊണ്ടുവരാൻ പോകുന്ന പുതിയ ലോകത്തിൽ ജീവിക്കാൻ നാം വ്യക്തിപരമായി യോഗ്യരായിരിക്കുമോ എന്നതിനെയും അതു നിർണായകമായി ബാധിക്കും. നാം യഹോവയെ സ്നേഹിക്കുന്നു. ‘അവസാനത്തോളം സഹിച്ചുനിൽക്കാൻ’ നാം ആഗ്രഹിക്കുന്നു—ആദ്യം സംഭവിക്കുന്നത് നമ്മുടെ ഇപ്പോഴത്തെ ജീവന്റെ അവസാനമോ ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാനമോ ഏതായിരുന്നാലും. (മത്തായി 24:13) എന്നാൽ നമുക്ക് എങ്ങനെ നമ്മുടെ അടിയന്തിരതാബോധം നിലനിറുത്താനും സദാ ജാഗരൂകരായിരിക്കാനും കഴിയും?
4 തന്റെ ശിഷ്യർ, അത് ഒന്നാം നൂറ്റാണ്ടിലായാലും ഇക്കാലത്തായാലും ശരി, സമ്മർദത്തിൻ കീഴിൽ ആയിരിക്കും എന്ന് അറിയാമായിരുന്ന യേശു ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സദാ ജാഗരൂകരായിരുന്ന് നിരന്തരം പ്രാർഥിക്കുവിൻ.” (മത്തായി 26:41, NW) ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം ഈ വാക്കുകളുടെ അർഥമെന്താണ്? എന്തു പ്രലോഭനങ്ങളെയാണ് നിങ്ങൾ നേരിടുന്നത്? നിങ്ങൾക്ക് എങ്ങനെ ‘സദാ ജാഗരൂകരായിരിക്കാൻ’ കഴിയും?
എന്തു ചെയ്യാനുള്ള പ്രലോഭനം?
5 ‘പിശാചിന്റെ കെണിക്ക്’ വഴങ്ങിക്കൊടുക്കാനുള്ള പ്രലോഭനത്തെ നമ്മളെല്ലാം ദിവസവും നേരിടുന്നു. (2 തിമൊഥെയൊസ് 2:26) സാത്താൻ യഹോവയുടെ ആരാധകരെ വിശേഷാൽ ഉന്നമിട്ടിരിക്കുകയാണെന്ന് ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. (1 പത്രൊസ് 5:8; വെളിപ്പാടു 12:12, 17) എന്താണ് അവന്റെ ഉദ്ദേശ്യം? അത് അവശ്യം നമ്മെ കൊന്നുകളയുക എന്നതല്ല. നാം ദൈവത്തോടു വിശ്വസ്തരായി മരിച്ചാൽ സാത്താന് അതുകൊണ്ട് യാതൊന്നും നേടാനില്ല. യഹോവ തന്റെ തക്ക സമയത്ത് പുനരുത്ഥാനം മുഖാന്തരം മരണത്തെ നിർവീര്യമാക്കും എന്ന് അവനു നന്നായി അറിയാം.—ലൂക്കൊസ് 20:37, 38.
6 നമ്മുടെ ഇപ്പോഴത്തെ ജീവനെക്കാൾ വിലപ്പെട്ട മറ്റൊരു സംഗതി നശിപ്പിക്കാനാണ് അവൻ ലക്ഷ്യമിട്ടിരിക്കുന്നത്, ദൈവത്തോടുള്ള നമ്മുടെ ദൃഢവിശ്വസ്തതയെ. നമ്മെ യഹോവയിൽ നിന്ന് അകറ്റിക്കളയാൻ സാധിക്കും എന്നു തെളിയിക്കാൻ അവൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. തന്നിമിത്തം, നമ്മെ അവിശ്വസ്തരാക്കാൻ കഴിഞ്ഞാൽ—പ്രസംഗവേല നിറുത്തിക്കളയാനോ ക്രിസ്തീയ നിലവാരങ്ങൾ കൈവിടാനോ നമ്മെ പ്രലോഭിപ്പിക്കാൻ സാധിച്ചാൽ—അത് സാത്താന് ഒരു വലിയ വിജയമായിരിക്കും! (എഫെസ്യർ 6:11-13) അതുകൊണ്ട് “പരീക്ഷകൻ” അഥവാ പ്രലോഭകൻ നമുക്കു മുന്നിൽ പ്രലോഭനങ്ങൾ വെക്കുന്നു.—മത്തായി 4:3.
7 സാത്താന്റെ ‘കുടിലതന്ത്രങ്ങൾ’ പലതാണ്. (എഫെസ്യർ 6:11, പി.ഒ.സി. ബൈ.) ഭൗതികത്വം, ഭയം, സംശയം, ഉല്ലാസപ്രിയം എന്നിവയൊക്കെ നമ്മെ പ്രലോഭിപ്പിക്കാനുള്ള ആയുധങ്ങളായി അവൻ ഉപയോഗിച്ചേക്കാം. എന്നാൽ അവന്റെ ഏറ്റവും ഫലപ്രദമായ തന്ത്രങ്ങളിൽ നിരുത്സാഹം ഉൾപ്പെടുന്നു. നിരാശയ്ക്ക് നമ്മെ തളർത്തിക്കളയാനും നാം പ്രലോഭനത്തിനു വശംവദരായിത്തീരാനുള്ള സാധ്യത വർധിപ്പിക്കാനും കഴിയുമെന്ന് അവസരം മുതലാക്കുന്ന, തന്ത്രശാലിയായ അവന് അറിയാം. (സദൃശവാക്യങ്ങൾ 24:10) അതുകൊണ്ട്, പ്രത്യേകിച്ചും നാം വൈകാരികമായി “തകർന്നിരിക്കു”മ്പോൾ ദൈവേഷ്ടം ചെയ്യുന്നതിൽനിന്നു പിന്മാറാൻ അവൻ നമ്മെ പ്രലോഭിപ്പിക്കുന്നു.—സങ്കീർത്തനം 38:8.
8 നാം വ്യവസ്ഥിതിയുടെ അന്ത്യത്തോടു കൂടുതൽ അടുക്കുന്തോറും നിരുത്സാഹത്തിനുള്ള കാരണങ്ങൾ വർധിച്ചുവരുന്നതായി കാണാൻ കഴിയും. നമ്മളാരും അതിൽനിന്ന് ഒഴിവുള്ളവരല്ല. (“നിരുത്സാഹത്തിന് ഇടയാക്കുന്ന ചില ഘടകങ്ങൾ” എന്ന ചതുരം കാണുക.) കാരണം എന്തുതന്നെ ആയിരുന്നാലും നിരുത്സാഹത്തിന് നമ്മുടെ ശക്തി ചോർത്തിക്കളയാൻ കഴിയും. നിങ്ങൾ ശാരീരികമോ മാനസികമോ വൈകാരികമോ ആയി ക്ഷീണിതരാണെങ്കിൽ ബൈബിൾ പഠിക്കുന്നതും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതും ശുശ്രൂഷയിൽ പങ്കെടുക്കുന്നതും പോലുള്ള ആത്മീയ ഉത്തരവാദിത്വങ്ങൾക്കായി “അവസരോചിത സമയം വിലയ്ക്കു വാങ്ങുന്നത്” ഒരു വെല്ലുവിളി ആയിരുന്നേക്കാം. (എഫെസ്യർ 5:15, 16, NW) നിങ്ങൾ പിന്മാറണം എന്നതാണ് പ്രലോഭകന്റെ ആഗ്രഹം എന്ന് ഓർക്കുക. എന്നാൽ മന്ദീഭവിക്കാനോ നാം ജീവിച്ചിരിക്കുന്ന കാലം സംബന്ധിച്ചുള്ള അടിയന്തിരതാബോധം നഷ്ടപ്പെടുത്താനോ ഉള്ള സമയമല്ല ഇത്! (ലൂക്കൊസ് 21:34-36) പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും സദാ ജാഗരൂകരായിരിക്കാനും നിങ്ങൾക്ക് എങ്ങനെ സാധിക്കും? ഇത്തരുണത്തിൽ സഹായകമായ നാലു നിർദേശങ്ങൾ പരിചിന്തിക്കുക.
“നിരന്തരം പ്രാർഥിക്കുക”
9 പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുക. ഗെത്ത്ശെമന തോട്ടത്തിൽ ആയിരിക്കെ, യേശുവെച്ച മാതൃക ഓർക്കുക. കടുത്ത വൈകാരിക സമ്മർദം അനുഭവിച്ചപ്പോൾ അവൻ എന്താണു ചെയ്തത്? അവൻ സഹായത്തിനായി യഹോവയിലേക്കു തിരിഞ്ഞു, ഉള്ളുരുകി പ്രാർഥിച്ചു, “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കൊസ് 22:44) അതിനെ കുറിച്ചു ചിന്തിക്കുക. യേശുവിന് സാത്താനെ നല്ലപോലെ അറിയാമായിരുന്നു. ദൈവദാസരെ കെണിയിൽ അകപ്പെടുത്താനുള്ള ശ്രമത്തിൽ സാത്താൻ ഉപയോഗിക്കുന്ന എല്ലാ പ്രലോഭനങ്ങളെയും യേശു സ്വർഗത്തിൽനിന്ന് നിരീക്ഷിച്ചിരുന്നു. എന്നിട്ടും, പ്രലോഭകൻ തന്റെ മുന്നിൽ വെക്കുന്ന എന്തിനെയും അനായാസം കൈകാര്യം ചെയ്യാൻ കഴിയും എന്ന് അവൻ വിചാരിച്ചില്ല. ദൈവത്തിൽ നിന്നുള്ള സഹായവും ശക്തിയും തനിക്ക് ആവശ്യമാണെന്ന് പൂർണനായ ദൈവപുത്രനുപോലും തോന്നിയെങ്കിൽ നമ്മെ സംബന്ധിച്ച് അത് എത്രയോ അധികം!—1 പത്രൊസ് 2:21.
10 ‘നിരന്തരം പ്രാർഥിക്കാൻ’ തന്റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ച ശേഷം യേശു ഇങ്ങനെ കൂടി പറഞ്ഞെന്ന് ഓർക്കുക: “ആത്മാവു ഒരുക്കമുളളതു, ജഡമോ ബലഹീനമത്രേ.” (മത്തായി 26:41) ആരുടെ ജഡത്തെ കുറിച്ചാണ് യേശു പറഞ്ഞത്? തീർച്ചയായും തന്റെ ജഡത്തെ സംബന്ധിച്ചായിരുന്നില്ല; അവന്റെ പൂർണ മാനുഷ ജഡത്തിൽ ബലഹീനമായ യാതൊന്നും ഇല്ലായിരുന്നു. (1 പത്രൊസ് 2:22) എന്നാൽ അവന്റെ ശിഷ്യന്മാരുടെ അവസ്ഥ വ്യത്യസ്തമായിരുന്നു. പാരമ്പര്യമായി കൈമാറിക്കിട്ടിയ അപൂർണതയും പാപപ്രവണതകളും നിമിത്തം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ അവർക്കു വിശേഷാൽ സഹായം ആവശ്യമായിരുന്നു. (റോമർ 7:21-24) അതുകൊണ്ടാണ് പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുള്ള ശക്തിക്കായി പ്രാർഥിക്കാൻ അവൻ അവരെയും അവർക്കു ശേഷമുള്ള സകല സത്യക്രിസ്ത്യാനികളെയും പ്രോത്സാഹിപ്പിച്ചത്. (മത്തായി 6:13) യഹോവ അത്തരം പ്രാർഥനകൾക്ക് ഉത്തരം നൽകുന്നു. (സങ്കീർത്തനം 65:2) എങ്ങനെ? കുറഞ്ഞപക്ഷം രണ്ടുവിധത്തിൽ.
11 ഒന്നാമതായി, പ്രലോഭനം തിരിച്ചറിയാൻ ദൈവം നമ്മെ സഹായിക്കുന്നു. സാത്താന്റെ പ്രലോഭനങ്ങളെല്ലാം ഇരുട്ടുള്ള ഒരു വഴിയിൽ നിരത്തിയിരിക്കുന്ന കെണികൾ പോലെയാണ്. നിങ്ങൾ അവ കാണുന്നില്ലെങ്കിൽ അവയിൽ കുടുങ്ങിപ്പോയേക്കാം. ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും മുഖാന്തരം സാത്താന്റെ കെണികളെ വെളിച്ചത്തു കൊണ്ടുവന്നുകൊണ്ട് പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ യഹോവ നമ്മെ പ്രാപ്തരാക്കുന്നു. അച്ചടിച്ച സാഹിത്യവും കൺവെൻഷൻ-സമ്മേളന പരിപാടികളും മാനുഷ ഭയം, ലൈംഗിക അധാർമികത, ഭൗതികത്വം തുടങ്ങിയ സാത്താന്യ പ്രലോഭനങ്ങളുടെ അപകടങ്ങൾക്കെതിരെ നമ്മെ ആവർത്തിച്ച് ജാഗരൂകരാക്കിയിട്ടുണ്ട്. (സദൃശവാക്യങ്ങൾ 29:25; 1 കൊരിന്ത്യർ 10:8-11; 1 തിമൊഥെയൊസ് 6:9, 10) സാത്താന്റെ തന്ത്രങ്ങൾക്കെതിരെ നമ്മെ ജാഗരൂകരാക്കുന്നതിൽ യഹോവയോട് നിങ്ങൾ നന്ദിയുള്ളവനല്ലേ? (2 കൊരിന്ത്യർ 2:11) പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ ആവശ്യമായ സഹായത്തിനായുള്ള നിങ്ങളുടെ പ്രാർഥനയ്ക്ക് ലഭിച്ച ഉത്തരമാണ് ആ മുന്നറിയിപ്പുകളെല്ലാം.
12 രണ്ടാമതായി, പ്രലോഭനങ്ങളെ തരണംചെയ്യാനുള്ള ശക്തി നൽകിക്കൊണ്ട് യഹോവ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നു. അവന്റെ വചനം ഇങ്ങനെ പറയുന്നു: ‘ദൈവം നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ പോക്കുവഴിയും ഉണ്ടാക്കും.’ (1 കൊരിന്ത്യർ 10:13) നാം യഹോവയിൽ ആശ്രയിക്കുന്നതു തുടർന്നാൽ, ചെറുത്തുനിൽക്കാൻ ആവശ്യമായ ആത്മീയ കരുത്ത് ചോർന്നുപോകുന്ന അളവോളം പ്രലോഭനം ശക്തമായിത്തീരാൻ അവൻ ഒരിക്കലും അനുവദിക്കുകയില്ല. അവൻ എങ്ങനെയാണ് നമുക്കുവേണ്ടി “പോക്കുവഴി” ഉണ്ടാക്കുന്നത്? ‘തന്നോടു യാചിക്കുന്നവർക്ക് അവൻ പരിശുദ്ധാത്മാവിനെ കൊടുക്കുന്നു.’ (ലൂക്കൊസ് 11:13) ശരി ചെയ്യാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ അരക്കിട്ടുറപ്പിക്കുന്നതും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുന്നതുമായ ബൈബിൾ തത്ത്വങ്ങൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിച്ചേക്കാം. (യോഹന്നാൻ 14:26; യാക്കോബ് 1:5, 6) തെറ്റായ പ്രവണതകളെ കീഴടക്കുന്നതിന് നമുക്കു കൃത്യമായി ആവശ്യമുള്ള ഗുണങ്ങൾതന്നെ പ്രകടമാക്കാൻ അതിനു നമ്മെ സഹായിക്കാൻ കഴിയും. (ഗലാത്യർ 5:22, 23) നമ്മെ ‘ബലപ്പെടുത്തുന്ന ഒരു സഹായം’ ആയിരിക്കാൻ സഹാരാധകരെ ദൈവാത്മാവ് പ്രചോദിപ്പിച്ചേക്കാം. (കൊലൊസ്സ്യർ 4:11) സഹായത്തിനായുള്ള നിങ്ങളുടെ പ്രാർഥനകളോട് യഹോവ ഇങ്ങനെ സ്നേഹപൂർവകമായി പ്രതികരിക്കുന്നതിൽ നിങ്ങൾ നന്ദിയുള്ളവനല്ലേ?
പ്രതീക്ഷകളിൽ യാഥാർഥ്യബോധം ഉള്ളവരായിരിക്കുക
13 സദാ ജാഗരൂകരായിരിക്കുന്നതിന് നാം നമ്മുടെ പ്രതീക്ഷകൾ സംബന്ധിച്ച് യാഥാർഥ്യബോധം ഉള്ളവരായിരിക്കേണ്ടതുണ്ട്. ജീവിത സമ്മർദങ്ങൾ നിമിത്തം നാമെല്ലാം ചിലപ്പോഴൊക്കെ ക്ഷീണിതരാകാറുണ്ട്. എന്നാൽ ഈ പഴയ വ്യവസ്ഥിതിയിൽ ഒരു പ്രശ്നരഹിത ജീവിതം ദൈവം വാഗ്ദാനം ചെയ്തിട്ടില്ല എന്നു നാം ഓർക്കണം. ബൈബിൾ കാലങ്ങളിൽപ്പോലും പീഡനം, ദാരിദ്ര്യം, വിഷാദം, രോഗം തുടങ്ങിയ പ്രാതികൂല്യങ്ങളെ ദൈവദാസർ നേരിട്ടിട്ടുണ്ട്.—പ്രവൃത്തികൾ 8:1; 2 കൊരിന്ത്യർ 8:1, 2; 1 തെസ്സലൊനീക്യർ 5:14; 1 തിമൊഥെയൊസ് 5:23.
14 ഇന്ന് നമുക്കും നമ്മുടേതായ പ്രശ്നങ്ങളുണ്ട്. നമുക്കും പീഡനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിഷാദം, രോഗം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ നേരിടേണ്ടതായോ മറ്റു വിധങ്ങളിൽ കഷ്ടപ്പാട് അനുഭവിക്കേണ്ടതായോ വന്നേക്കാം. എല്ലാ ഹാനിയിൽനിന്നും യഹോവ നമ്മെ അത്ഭുതകരമായി സംരക്ഷിക്കുകയാണെങ്കിൽ അത് അവനെ കുറ്റപ്പെടുത്താൻ സാത്താന് ഒരു കാരണം നൽകുകയില്ലേ? (സദൃശവാക്യങ്ങൾ 27:11) തന്റെ ദാസന്മാരോടുള്ള ബന്ധത്തിൽ പ്രലോഭനങ്ങളും പരിശോധനകളും യഹോവ അനുവദിക്കുകതന്നെ ചെയ്യുന്നു, ചില സാഹചര്യങ്ങളിൽ എതിരാളികളുടെ കൈയാൽ അകാലമൃത്യുവിന് ഇരയാകുന്നതു പോലും.—യോഹന്നാൻ 16:2.
15 അങ്ങനെയെങ്കിൽ, പിന്നെ എന്താണ് യഹോവ വാഗ്ദാനം ചെയ്തിട്ടുള്ളത്? മുമ്പു നാം കണ്ടതുപോലെ, അവനിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ നാം അഭിമുഖീകരിച്ചേക്കാവുന്ന ഏതൊരു പ്രലോഭനത്തെയും ചെറുത്തുനിൽക്കാൻ മതിയായ ശക്തി നൽകിക്കൊണ്ട് നമ്മെ ബലപ്പെടുത്തുമെന്ന്. (സദൃശവാക്യങ്ങൾ 3:5, 6) അവനുമായുള്ള നമ്മുടെ ബന്ധത്തെ കാത്തുസൂക്ഷിക്കാൻ സഹായിച്ചുകൊണ്ട് അവൻ തന്റെ വചനം, ആത്മാവ്, സംഘടന എന്നിവ മുഖാന്തരം നമ്മെ ആത്മീയമായി സംരക്ഷിക്കുന്നു. ആ ബന്ധം സുദൃഢമാണെങ്കിൽ മരിച്ചാൽപ്പോലും നാം വിജയിക്കുന്നു. ഒന്നിനും, നമ്മുടെ മരണത്തിനുപോലും, തന്റെ വിശ്വസ്ത ദാസർക്കു പ്രതിഫലം കൊടുക്കുന്നതിൽനിന്ന് ദൈവത്തെ തടയാനാവില്ല. (എബ്രായർ 11:6) തന്നെ സ്നേഹിക്കുന്നവർക്കായി യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളിൽ ശേഷിച്ചവ, സമീപമായിരിക്കുന്ന പുതിയ ലോകത്തിൽ അവൻ നിശ്ചയമായും അവരുടെമേൽ ചൊരിയും.—സങ്കീർത്തനം 145:16.
വിവാദപ്രശ്നങ്ങൾ ഓർക്കുക
16 അന്ത്യത്തോളം സഹിച്ചുനിൽക്കുന്നതിന്, ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന വിവാദപ്രശ്നങ്ങൾ നാം ഓർക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ സ്വന്തം പ്രശ്നങ്ങൾ വളരെ വലുതാണെന്നു തോന്നുകയും പിന്മാറാനുള്ള പ്രലോഭനത്തെ നേരിടുകയും ചെയ്യുമ്പോൾ, സാത്താൻ യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തെ ചോദ്യം ചെയ്തിരിക്കുകയാണെന്ന് നാം നമ്മെത്തന്നെ ഓർമിപ്പിക്കണം. മാത്രമല്ല, ദൈവത്തിന്റെ ആരാധകരുടെ ഭക്തിയും നിർമലതയുംകൂടെ സാത്താൻ ചോദ്യം ചെയ്തിട്ടുണ്ട്. (ഇയ്യോബ് 1:8-11; 2:3, 4) ആ വിവാദപ്രശ്നങ്ങളും അതു പരിഹരിക്കാൻ യഹോവ തിരഞ്ഞെടുത്തിരിക്കുന്ന മാർഗവും നമ്മുടെ സ്വന്തം ജീവനെക്കാൾ പ്രാധാന്യമുള്ളവയാണ്. അതെങ്ങനെ?
17 ദൈവം താത്കാലികമായി കഷ്ടപ്പാട് അനുവദിച്ചത് മറ്റാളുകൾക്കും സത്യം സ്വീകരിക്കാനുള്ള സമയം നൽകിയിരിക്കുന്നു. ഇതിനെ കുറിച്ചു ചിന്തിക്കുക: നമുക്കു ജീവൻ ലഭിക്കേണ്ടതിന് യേശു കഷ്ടം അനുഭവിച്ചു. (യോഹന്നാൻ 3:16) നാം അതിനു നന്ദിയുള്ളവരല്ലേ? അങ്ങനെയെങ്കിൽ മറ്റുചിലർ കൂടി ജീവൻ നേടേണ്ടതിന് കഷ്ടപ്പാടുകൾ ഒരു അൽപ്പകാലത്തേക്കു കൂടെ സഹിക്കാൻ നാം തയ്യാറാണോ? അന്ത്യത്തോളം സഹിച്ചുനിൽക്കുന്നതിന്, യഹോവയുടെ ജ്ഞാനം നമ്മുടേതിനെക്കാൾ വളരെ വലിയതാണെന്നു നാം തിരിച്ചറിയണം. (യെശയ്യാവു 55:9) വിവാദപ്രശ്നങ്ങൾ, നമ്മുടെ നിത്യ പ്രയോജനത്തിൽ കലാശിക്കുവിധം എന്നേക്കുമായി പരിഹരിക്കാൻ ഏറ്റവും അനുയോജ്യമായ സമയത്ത് അവൻ ദുഷ്ടതയ്ക്കു പൂർണവിരാമമിടും. പ്രശ്നങ്ങൾ പരിഹരിക്കാൻ അതിലും മെച്ചമായ മറ്റെന്തു മാർഗമാണുള്ളത്? ദൈവത്തിൽ യാതൊരു അനീതിയുമില്ല!—റോമർ 9:14-24.
‘ദൈവത്തോട് അടുത്തു ചെല്ലുവിൻ’
18 നമ്മുടെ അടിയന്തിരതാബോധം നിലനിറുത്തുന്നതിന് നാം ദൈവത്തോടു പറ്റിനിൽക്കേണ്ടതുണ്ട്. യഹോവയുമായി നമുക്കുള്ള നല്ല ബന്ധത്തെ തകർക്കാൻ സാത്താൻ തന്നാലാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് നാം ഒരിക്കലും മറക്കരുത്. അന്ത്യം ഒരിക്കലും വരികയില്ലെന്നും സുവാർത്ത പ്രസംഗിക്കുന്നതുകൊണ്ടോ ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നതുകൊണ്ടോ യാതൊരു അർഥവുമില്ലെന്നും നമ്മെ വിശ്വസിപ്പിക്കാൻ സാത്താൻ ശ്രമിക്കും. എന്നാൽ “അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.” (യോഹന്നാൻ 8:44) ‘പിശാചിനോട് എതിർത്തുനിൽക്കാൻ’ നാം ദൃഢചിത്തരായിരിക്കണം. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ നാം ഒരിക്കലും ലാഘവത്തോടെ കാണരുത്. ബൈബിൾ സ്നേഹപൂർവം നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:7, 8) നിങ്ങൾക്ക് എങ്ങനെ യഹോവയോട് കൂടുതൽ അടുത്തു ചെല്ലാൻ കഴിയും?
19 പ്രാർഥനാപൂർവമുള്ള ധ്യാനം മർമപ്രധാനമാണ്. ജീവിത സമ്മർദങ്ങൾ താങ്ങാനാവാത്തതായി തോന്നുമ്പോൾ യഹോവയുടെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക. നിങ്ങൾ കാര്യങ്ങൾ എത്രത്തോളം കൃത്യമായി എടുത്തുപറഞ്ഞു പ്രാർഥിക്കുന്നുവോ അത്രത്തോളം അവയ്ക്കുള്ള അവന്റെ ഉത്തരങ്ങൾ തിരിച്ചറിയുക നിങ്ങൾക്ക് എളുപ്പമായിരിക്കും. ഉത്തരം എല്ലായ്പോഴും നിങ്ങൾ മനസ്സിൽ കരുതിയതുതന്നെ ആകണമെന്നില്ല. എന്നാൽ അവനെ മഹത്ത്വപ്പെടുത്താനും നിർമലത പാലിക്കാനും നിങ്ങൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നെങ്കിൽ വിജയകരമായി സഹിച്ചുനിൽക്കാൻ വേണ്ട സഹായം അവൻ നിങ്ങൾക്കു പ്രദാനം ചെയ്യും. (1 യോഹന്നാൻ 5:14) സ്വന്തം ജീവിതത്തിൽ അവന്റെ വഴിനടത്തിപ്പു കാണുമ്പോൾ നിങ്ങൾ അവനോടു കൂടുതൽ അടുക്കും. കൂടാതെ, ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന, യഹോവയുടെ ഗുണങ്ങളെയും മാർഗങ്ങളെയും കുറിച്ചു വായിക്കുന്നതും ധ്യാനിക്കുന്നതും അത്യന്താപേക്ഷിതമാണ്. അത്തരം ധ്യാനം അവനെ കൂടുതൽ മെച്ചമായി അറിയാൻ നിങ്ങളെ സഹായിക്കും; അതു നിങ്ങളുടെ ഹൃദയത്തെ പ്രചോദിപ്പിക്കുകയും അവനോടുള്ള നിങ്ങളുടെ സ്നേഹം ആഴമുള്ളതാക്കുകയും ചെയ്യും. (സങ്കീർത്തനം 19:14) ആ സ്നേഹമാകട്ടെ, പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും സദാ ജാഗരൂകരായിരിക്കാനും മറ്റെന്തിനെക്കാളും അധികമായി നിങ്ങളെ സഹായിക്കും.—1 യോഹന്നാൻ 5:3.
20 യഹോവയോട് അടുത്തു നിൽക്കുന്നതിന് നമ്മുടെ സഹാരാധകരോടു പറ്റിനിൽക്കുന്നതും വളരെ പ്രധാനമാണ്. ഈ ലഘുപത്രികയുടെ അവസാന ഭാഗം അതു വിശദീകരിക്കും.
പഠന ചോദ്യങ്ങൾ
• ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാന ഭാഗത്ത് അങ്ങേയറ്റം കഠിനമായ സമ്മർദം നേരിട്ടപ്പോൾ യേശു എന്താണ് ചെയ്തത്, എന്തു ചെയ്യാൻ അവൻ തന്റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചു? (ഖ. 1-4)
• സാത്താൻ യഹോവയുടെ ആരാധകരെ ഉന്നമിട്ടിരിക്കുന്നത് എന്തുകൊണ്ട്, അവൻ നമ്മെ ഏതു വിധങ്ങളിൽ പ്രലോഭിപ്പിക്കുന്നു? (ഖ. 5-8)
• പ്രലോഭനത്തെ ചെറുക്കുന്നതിന് നാം നിരന്തരം പ്രാർഥിക്കേണ്ടതും (ഖ. 9-12) പ്രതീക്ഷകൾ സംബന്ധിച്ച് യാഥാർഥ്യബോധം ഉള്ളവരായിരിക്കേണ്ടതും (ഖ. 13-15) വിവാദപ്രശ്നങ്ങൾ ഓർക്കേണ്ടതും (ഖ. 16-17) ‘ദൈവത്തോട് അടുത്തു ചെല്ലേണ്ടതും’ (ഖ. 18-20) എന്തുകൊണ്ട്?
[25-ാം പേജിലെ ചതുരം]
നിരുത്സാഹത്തിന് ഇടയാക്കുന്ന ചില ഘടകങ്ങൾ
ആരോഗ്യം/പ്രായം. നാം വിട്ടുമാറാത്ത ഒരു രോഗത്താൽ കഷ്ടപ്പെടുകയോ ഏറിവരുന്ന പ്രായം നമ്മുടെ പരിമിതികൾ വർധിപ്പിക്കുകയോ ആണെങ്കിൽ ദൈവസേവനത്തിൽ ധാരാളം ചെയ്യാൻ കഴിയാത്തതു നിമിത്തം നാം നിരാശപ്പെട്ടേക്കാം.—എബ്രായർ 6:10.
നിരാശ. ദൈവവചനം പ്രസംഗിക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് കാര്യമായ പ്രതികരണം ലഭിക്കാതെ വരുമ്പോൾ നമ്മുടെ മനസ്സിടിഞ്ഞേക്കാം.—സദൃശവാക്യങ്ങൾ 13:12.
വിലകെട്ടവരാണെന്നുള്ള തോന്നൽ. വർഷങ്ങളായി ദുഷ്പെരുമാറ്റം സഹിക്കേണ്ടിവന്നതു നിമിത്തം, തന്നെ ആരും—യഹോവ പോലും—സ്നേഹിക്കുന്നില്ല എന്ന് ഒരു വ്യക്തി ചിന്തിച്ചേക്കാം.—1 യോഹന്നാൻ 3:19, 20.
വ്രണിത വികാരങ്ങൾ. ഒരു സഹവിശ്വാസി തന്റെ വികാരങ്ങളെ ആഴമായി വ്രണപ്പെടുത്തിയതു മൂലം ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതോ വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതോ നിറുത്തിക്കളയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന അളവോളം ഒരു വ്യക്തി അസ്വസ്ഥനായേക്കാം.—ലൂക്കൊസ് 17:1.
പീഡനം. നിങ്ങളുടെ വിശ്വാസത്തിൽ അല്ലാത്ത ആളുകൾ നിങ്ങളെ എതിർക്കുകയോ പീഡിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്തേക്കാം.—2 തിമൊഥെയൊസ് 3:12; 2 പത്രൊസ് 3:3, 4.
[26-ാം പേജിലെ ചിത്രം]
പ്രലോഭനത്തിനെതിരെ പോരാടാനുള്ള സഹായത്തിനായി ‘നിരന്തരം പ്രാർഥിക്കാൻ’ യേശു നമ്മെ ഉദ്ബോധിപ്പിച്ചു