‘സകലത്തിന്നും മുമ്പെ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ’
“എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. . . . സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ.”—1 പത്രൊസ് 4:7, 8.
ശിഷ്യന്മാരോടൊപ്പമുള്ള തന്റെ അവസാന മണിക്കൂറുകൾ വളരെ വിലപ്പെട്ടതാണെന്ന് യേശുവിന് അറിയാമായിരുന്നു. അവർക്കു മുമ്പിൽ എന്താണുള്ളത് എന്നതിനെ കുറിച്ച് അവൻ ബോധവാനായിരുന്നു. അവർക്ക് ബൃഹത്തായ ഒരു വേല നിർവഹിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അവരും അവനെപ്പോലെ ദ്വേഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമായിരുന്നു. (യോഹന്നാൻ 15:18-20) ഒരുമിച്ചു ചെലവഴിച്ച ആ അവസാന രാത്രിയിൽ, ‘തമ്മിൽ സ്നേഹിക്കേണ്ടതിന്റെ’ പ്രാധാന്യത്തെപ്പറ്റി ഒന്നിലധികം പ്രാവശ്യം അവൻ അവരെ ഓർമിപ്പിച്ചു.—യോഹന്നാൻ 13:34, 35; 15:12-14, 17.
2 ആ രാത്രി അവിടെ സന്നിഹിതനായിരുന്ന അപ്പൊസ്തലനായ പത്രൊസ് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. വർഷങ്ങൾക്കു ശേഷം, യെരൂശലേമിന്റെ നാശത്തിന് അൽപ്പംമുമ്പ് എഴുതിയ തന്റെ ലേഖനത്തിൽ പത്രൊസ് സ്നേഹത്തിന്റെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞു. അവൻ ക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “എന്നാൽ എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. . . . സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ.” (1 പത്രൊസ് 4:7, 8) ഈ വ്യവസ്ഥിതിയുടെ “അന്ത്യകാലത്തു” ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം പത്രൊസിന്റെ വാക്കുകൾ വളരെയേറെ പ്രാധാന്യമുള്ളവയാണ്. (2 തിമൊഥെയൊസ് 3:1) ‘ഉറ്റ സ്നേഹം’ എന്നാൽ എന്താണ്? നമുക്ക് മറ്റുള്ളവരോട് അത്തരം സ്നേഹം ഉണ്ടായിരിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? നമുക്ക് അത്തരം സ്നേഹമുണ്ടെന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
‘ഉറ്റ സ്നേഹം’—എന്താണത്?
3 സ്നേഹം സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു വികാരമാണെന്നാണ് അനേകരും കരുതുന്നത്. എന്നാൽ പത്രൊസ് പറഞ്ഞത് കേവലം ഏതെങ്കിലും തരം സ്നേഹത്തെ കുറിച്ച് ആയിരുന്നില്ല. മറിച്ച് സ്നേഹത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ രൂപത്തെ കുറിച്ചായിരുന്നു. 1 പത്രൊസ് 4:8-ലെ “സ്നേഹം” എന്ന പദം ആഘാപി എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ്. അതു തത്ത്വത്താൽ നയിക്കപ്പെടുന്ന അഥവാ ഭരിക്കപ്പെടുന്ന നിസ്സ്വാർഥ സ്നേഹത്തെ സൂചിപ്പിക്കുന്നു. ഒരു പരാമർശകൃതി ഇപ്രകാരം പറയുന്നു: “ഉണ്ടായിരിക്കണമെന്ന് കൽപ്പിക്കാൻ കഴിയുന്ന ഒന്നാണ് ആഘാപി സ്നേഹം, കാരണം മുഖ്യമായും അതൊരു വികാരമല്ല പ്രത്യുത, പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു ദൃഢനിശ്ചയമാണ്.” നമുക്കെല്ലാം പാരമ്പര്യമായി സ്വാർഥതയോടു ചായ്വ് ഉള്ളതിനാൽ, ദൈവിക തത്ത്വങ്ങൾ നയിക്കുന്ന വിധങ്ങളിൽ അന്യോന്യം സ്നേഹിക്കാനുള്ള ഓർമിപ്പിക്കലുകൾ നമുക്ക് ആവശ്യമാണ്.—ഉല്പത്തി 8:21; റോമർ 5:12.
4 നാം സ്നേഹിക്കേണ്ടത് കേവലം കർത്തവ്യബോധം നിമിത്തമായിരിക്കണം എന്നല്ല ഇതിന്റെ അർഥം. ഊഷ്മളതയും ആർദ്രതയും ഇല്ലാത്ത ഒരു വികാരമല്ല ആഘാപി. നാം “തമ്മിൽ ഉററ [അക്ഷരാർഥത്തിൽ, “വലിച്ചുനീട്ടപ്പെട്ട,”] സ്നേഹം ഉള്ളവരായിരി”ക്കണം എന്ന് പത്രൊസ് പറഞ്ഞു.a (രാജ്യ വരിമധ്യ ഭാഷാന്തരം) എന്നിരുന്നാലും അത്തരം സ്നേഹം പ്രകടമാക്കാൻ പരിശ്രമം ആവശ്യമാണ്. “ഉറ്റ” എന്നു തർജമ ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തെ കുറിച്ച് ഒരു പണ്ഡിതൻ ഇങ്ങനെ പറയുന്നു: “ഒരു ഓട്ടപ്പന്തയത്തിന്റെ അവസാന നിമിഷത്തിൽ ശേഷിക്കുന്ന സകല ഊർജവും ഉപയോഗിച്ച് മുന്നോട്ടായുന്ന ഒരു കായിക താരത്തിന്റെ ചിത്രമാണ് അതു വരച്ചുകാട്ടുന്നത്.”
5 അങ്ങനെയെങ്കിൽ, സൗകര്യപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ മാത്രമായോ ഏതാനും വ്യക്തികളിൽ മാത്രമായോ നമ്മുടെ സ്നേഹം ഒതുങ്ങിനിൽക്കാൻ പാടില്ല. ക്രിസ്തീയ സ്നേഹം നമ്മുടെ ഹൃദയത്തെ വലിച്ചുനീട്ടാൻ, വെല്ലുവിളിപരമായ സാഹചര്യങ്ങളിൽപ്പോലും സ്നേഹം പ്രകടമാക്കാൻ, നമ്മോട് ആവശ്യപ്പെടുന്നു. (2 കൊരിന്ത്യർ 6:11-13) വ്യക്തമായും, ഇത്തരം സ്നേഹം നാം ശ്രമംചെയ്ത് നട്ടുവളർത്തേണ്ട ഒന്നാണ്, ഒരു കായികതാരം തന്റെ കഴിവുകൾ മെച്ചപ്പെടുത്താനായി പ്രവർത്തിക്കുകയും പരിശീലനം നേടുകയും ചെയ്യേണ്ടതുപോലെതന്നെ. നമുക്കു പരസ്പരം അത്തരം സ്നേഹം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്തുകൊണ്ട്? അതിന് കുറഞ്ഞപക്ഷം മൂന്നു കാരണം എങ്കിലും ഉണ്ട്.
നാം അന്യോന്യം സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?
6 “സ്നേഹം ദൈവത്തിൽനിന്നു വരുന്നു” എന്നതാണ് ഒന്നാമത്തെ കാരണം. (1 യോഹന്നാൻ 4:7) ഈ പ്രിയങ്കരമായ ഗുണത്തിന്റെ ഉറവിടമായ യഹോവ നമ്മെ സ്നേഹിക്കാൻ മുൻകൈയെടുത്തു. അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരം പറയുന്നു: “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.” (1 യോഹന്നാൻ 4:9) ഒരു മനുഷ്യനായിത്തീർന്ന് തന്റെ ശുശ്രൂഷ നിർവഹിക്കാനും ദണ്ഡനസ്തംഭത്തിൽ മരിക്കാനുമായി ദൈവം തന്റെ പുത്രനെ “അയച്ചു.” നാം “ജീവിക്കേണ്ടതിന്ന്” അഥവാ ജീവൻ പ്രാപിക്കേണ്ടതിന് ആയിരുന്നു അവൻ അതെല്ലാം ചെയ്തത്. ദൈവസ്നേഹത്തിന്റെ അത്യുദാത്തമായ ഈ പ്രകടനത്തോട് നാം എങ്ങനെ പ്രതികരിക്കണം? യോഹന്നാൻ ഇപ്രകാരം പറയുന്നു: “ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.” (1 യോഹന്നാൻ 4:11) “ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ” എന്ന് യോഹന്നാൻ എഴുതുന്നത് ശ്രദ്ധിക്കുക. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) നമ്മെ എന്നാണ് അവൻ പറയുന്നത് നിന്നെ എന്നല്ല. അതുകൊണ്ട് ആശയം വളരെ വ്യക്തമാണ്: ദൈവം നമ്മുടെ സഹാരാധകരെ സ്നേഹിക്കുന്നെങ്കിൽ നാമും അവരെ സ്നേഹിക്കേണ്ടതാണ്.
7 രണ്ടാമതായി, ബുദ്ധിമുട്ടുകൾ നേരിടുന്ന നമ്മുടെ സഹോദരങ്ങൾക്കു സഹായം നൽകാൻ തക്കവണ്ണം നാം ഇപ്പോൾ അന്യോന്യം കൂടുതൽ സ്നേഹിക്കേണ്ടത് വിശേഷാൽ അനിവാര്യമാണ്, കാരണം “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു.” (1 പത്രൊസ് 4:7) ഇടപെടാൻ പ്രയാസമായ “ദുർഘടസമയങ്ങ”ളിലാണ് നാം ഇന്നു ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1) ലോകാവസ്ഥകളും പ്രകൃതി വിപത്തുകളും എതിർപ്പുകളും നമ്മുടെമേൽ കഷ്ടപ്പാടുകൾ വരുത്തിക്കൂട്ടുന്നു. ദുഷ്കരമായ സാഹചര്യങ്ങളിൽ നാം പരസ്പരം പൂർവാധികം അടുക്കണം. ഉറ്റ സ്നേഹം നമ്മെ ഒറ്റക്കെട്ടാക്കുകയും ‘അന്യോന്യം കരുതാൻ’ പ്രചോദിപ്പിക്കുകയും ചെയ്യും.—1 കൊരിന്ത്യർ 12:25, 26.
8 മൂന്നാമതായി, അവസരം മുതലാക്കാൻ കാത്തിരിക്കുന്ന ‘പിശാചിന്നു ഇടം കൊടുക്കാൻ’ ആഗ്രഹിക്കുന്നില്ലാത്തതിനാൽ നാം അന്യോന്യം സ്നേഹിക്കേണ്ട ആവശ്യമുണ്ട്. (എഫെസ്യർ 4:27) സഹാരാധകരുടെ അപൂർണതകളെ, അവരുടെ ബലഹീനതകളെയും തെറ്റുകുറ്റങ്ങളെയും, ഒരു ആയുധമായി ഉപയോഗിക്കാൻ സാത്താൻ തക്കംപാർത്തിരിക്കുകയാണ്. ആരുടെയെങ്കിലും ചിന്താശൂന്യമായ ഒരു പ്രസ്താവനയോ ദയാരഹിതമായ ഒരു പ്രവർത്തനമോ നിമിത്തം സഭ വിട്ടുപോകാൻ നാം തീരുമാനിക്കുമോ? (സദൃശവാക്യങ്ങൾ 12:18) അന്യോന്യം ഉറ്റ സ്നേഹമുണ്ടെങ്കിൽ നാം ഒരിക്കലും അങ്ങനെ ചെയ്യുകയില്ല! അത്തരം സ്നേഹം സമാധാനം നിലനിറുത്താനും “ഏകമനസ്സോടെ,” തോളോടു തോൾ ചേർന്ന് ദൈവത്തെ ഐക്യത്തിൽ സേവിക്കാനും നമ്മെ സഹായിക്കുന്നു.—സെഫന്യാവു 3:9.
നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കുന്നുവെന്ന് പ്രകടമാക്കാൻ കഴിയുന്ന വിധം
9 സ്നേഹം പ്രകടമാക്കൽ ഭവനത്തിൽ ആരംഭിക്കണം. തന്റെ യഥാർഥ അനുഗാമികൾ അന്യോന്യമുള്ള സ്നേഹത്താൽ തിരിച്ചറിയിക്കപ്പെടുമെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 13:34, 35) സഭയിൽ മാത്രമല്ല കുടുംബത്തിലും സ്നേഹം പ്രകടമായിരിക്കണം, വിവാഹ ഇണകൾ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും. കുടുംബാംഗങ്ങളോടു സ്നേഹം തോന്നിയാൽ മാത്രം പോരാ; ക്രിയാത്മകമായ വിധങ്ങളിൽ നാം അതു പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ട്.
10 വിവാഹ ഇണകൾക്ക് എങ്ങനെ പരസ്പരം സ്നേഹം പ്രകടമാക്കാൻ കഴിയും? തന്റെ ഭാര്യയെ യഥാർഥത്തിൽ സ്നേഹിക്കുന്ന ഒരു ഭർത്താവ്, അവൾ തനിക്കു പ്രിയപ്പെട്ടവളാണെന്ന് തന്റെ വാക്കിനാലും പ്രവൃത്തിയാലും—പരസ്യമായും സ്വകാര്യമായും—പ്രകടമാക്കും. അയാൾ അവളുടെ വ്യക്തിപരമായ മാന്യതയെ ആദരിക്കുകയും അവളുടെ ചിന്തകളോടും വീക്ഷണങ്ങളോടും വികാരങ്ങളോടും പരിഗണന കാണിക്കുകയും ചെയ്യും. (1 പത്രൊസ് 3:7) അവളുടെ ക്ഷേമത്തിന് അയാൾ തന്റേതിനെക്കാൾ മുൻതൂക്കം നൽകും. അവളുടെ ഭൗതികവും ആത്മീയവും വൈകാരികവുമായ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ അയാൾ തന്നാലാവുന്നതെല്ലാം ചെയ്യും. (എഫെസ്യർ 5:25, 28) തന്റെ ഭർത്താവിനെ യഥാർഥത്തിൽ സ്നേഹിക്കുന്ന ഒരു ഭാര്യ അദ്ദേഹത്തോട് “ആഴമായ ആദരവ്” പ്രകടമാക്കും, ചിലപ്പോഴൊക്കെ അവളുടെ പ്രതീക്ഷകൾക്കൊത്ത് അയാൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും. (എഫെസ്യർ 5:22, 33, NW) അവൾ ഭർത്താവിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുകയും ചെയ്യും. ന്യായയുക്തമല്ലാത്ത സംഗതികൾ ആവശ്യപ്പെടാതെ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ അവൾ അയാളോടു സഹകരിക്കും.—ഉല്പത്തി 2:18; മത്തായി 6:33.
11 മാതാപിതാക്കളേ, നിങ്ങളുടെ മക്കളോട് നിങ്ങൾക്ക് എങ്ങനെ സ്നേഹം പ്രകടമാക്കാൻ കഴിയും? അവരുടെ ഭൗതിക ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ കഠിനാധ്വാനം ചെയ്യാനുള്ള നിങ്ങളുടെ മനസ്സൊരുക്കം നിങ്ങളുടെ സ്നേഹത്തിന്റെ തെളിവാണ്. (1 തിമൊഥെയൊസ് 5:8) എന്നാൽ കുട്ടികൾക്ക് ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയിലും അധികം ആവശ്യമാണ്. അവർ വളർന്നു വരുമ്പോൾ ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യണമെങ്കിൽ അവർക്ക് ആത്മീയ പരിശീലനം അത്യന്താപേക്ഷിതമാണ്. (സദൃശവാക്യങ്ങൾ 22:6) ഒരു കുടുംബം എന്ന നിലയിൽ ബൈബിൾ പഠിക്കാനും ശുശ്രൂഷയിൽ പങ്കെടുക്കാനും ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാനും സമയം ഉണ്ടാക്കുക എന്നാണ് അതിന് അർഥം. (ആവർത്തനപുസ്തകം 6:4-7) അത്തരം പ്രവർത്തനങ്ങളിൽ ക്രമമുള്ളവരായിരിക്കുന്നതിന് ഗണ്യമായ ത്യാഗം ആവശ്യമാണ്, വിശേഷിച്ചും ഈ ദുർഘട നാളുകളിൽ. കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾക്കായി കരുതാനുള്ള നിങ്ങളുടെ താത്പര്യവും ശ്രമങ്ങളും സ്നേഹത്തിന്റെ ഒരു പ്രകടനമാണ്. എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് അവരുടെ നിത്യക്ഷേമത്തിൽ താത്പര്യമുണ്ടെന്ന് നിങ്ങൾ അതിലൂടെ പ്രകടമാക്കുകയാണ്.—യോഹന്നാൻ 17:3.
12 തങ്ങളുടെ കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾക്കായി കരുതിക്കൊണ്ടും മാതാപിതാക്കൾ അവരോട് സ്നേഹം പ്രകടമാക്കേണ്ടത് മർമപ്രധാനമാണ്. കുട്ടികൾ പെട്ടെന്ന് വ്രണിതരായേക്കാം. അവരുടെ ലോലഹൃദയങ്ങൾക്ക് നിങ്ങളുടെ സ്നേഹം ഉറപ്പാക്കി കിട്ടേണ്ട ആവശ്യമുണ്ട്. നിങ്ങൾ അവരെ സ്നേഹിക്കുന്നുണ്ടെന്ന് അവരോടു പറയുക, അവർക്കു ധാരാളം സ്നേഹം കൊടുക്കുക, കാരണം അത്തരം സ്നേഹപ്രകടനങ്ങൾ തങ്ങൾ പ്രിയങ്കരരും വിലയുള്ളവരുമാണെന്ന് അവർക്ക് ഉറപ്പു നൽകുന്നു. അവരെ ഊഷ്മളമായും സത്യസന്ധമായും അഭിനന്ദിക്കുക. എന്തുകൊണ്ടെന്നാൽ നിങ്ങൾ അവരെ നിരീക്ഷിക്കുകയും അവരുടെ ശ്രമങ്ങളെ വിലമതിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർക്ക് അതിലൂടെ ബോധ്യമാകും. അവർക്ക് സ്നേഹത്തിൽ ശിക്ഷണം നൽകുക, എന്തുകൊണ്ടെന്നാൽ അത്തരം തിരുത്തൽ അവർ എങ്ങനെയുള്ള ഒരു വ്യക്തിയായി വളർന്നുവരുന്നു എന്നതിൽ നിങ്ങൾ ചിന്തയുള്ളവരാണ് എന്ന സന്ദേശം അവർക്കു നൽകും. (എഫെസ്യർ 6:4) സ്നേഹത്തിന്റെ ഇങ്ങനെയുള്ള ആരോഗ്യാവഹമായ പ്രകടനങ്ങൾ, ഈ അന്ത്യനാളുകളിലെ സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ ഏറെ സജ്ജമായ, ഇഴയടുപ്പമുള്ള ഒരു സന്തുഷ്ട കുടുംബം കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കും.
13 സ്നേഹം മറ്റുള്ളവരുടെ പിഴവുകൾ ക്ഷമിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. “തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ” എന്ന് തന്റെ വായനക്കാരെ ഉദ്ബോധിപ്പിച്ചപ്പോൾ അത് പ്രാധാന്യമുള്ളതായിരിക്കുന്നതിന്റെ കാരണംകൂടെ പത്രൊസ് നൽകുകയുണ്ടായി: “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” (1 പത്രൊസ് 4:8) ‘മറെക്കുക’ എന്നു പറയുമ്പോൾ ഗുരുതരമായ പാപങ്ങൾ ‘മറച്ചുവെക്കുക’ എന്നല്ല അർഥം. അത്തരം കാര്യങ്ങൾ ഉചിതമായും സഭയിലെ ഉത്തരവാദിത്വപ്പെട്ട ആളുകളെ അറിയിക്കുമ്പോൾ അവർ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നു. (ലേവ്യപുസ്തകം 5:1; സദൃശവാക്യങ്ങൾ 29:24) നിരപരാധികളായ ആളുകളെ ഉപദ്രവിക്കുന്നതിലോ ചൂഷണം ചെയ്യുന്നതിലോ തുടരാൻ ഗുരുതരമായ പാപം ചെയ്യുന്നവരെ അനുവദിക്കുന്നത് തികച്ചും സ്നേഹരഹിതവും തിരുവെഴുത്തു വിരുദ്ധവുമായ സംഗതി ആയിരിക്കും.—1 കൊരിന്ത്യർ 5:9-13.
14 മിക്കപ്പോഴും നമ്മുടെ സഹാരാധകരുടെ തെറ്റുകളും കുറ്റങ്ങളും നിസ്സാരങ്ങളായിരിക്കും. മറ്റുള്ളവരെ നിരാശപ്പെടുത്തുകയോ വ്രണപ്പെടുത്തുക പോലുമോ ചെയ്തുകൊണ്ട് നമ്മളെല്ലാം ഇടയ്ക്കൊക്കെ വാക്കിലും പ്രവൃത്തിയിലും തെറ്റിപ്പോകുന്നു. (യാക്കോബ് 3:2) മറ്റുള്ളവരുടെ കുറ്റവും കുറവും കൊട്ടിഘോഷിക്കാൻ നാം തിടുക്കമുള്ളവരാണോ? അത്തരമൊരു രീതി സഭയിൽ ഭിന്നതകൾ ഉണ്ടാക്കുകയേ ഉള്ളൂ. (എഫെസ്യർ 4:1-3) സ്നേഹത്താൽ ഭരിക്കപ്പെടുന്നെങ്കിൽ, നാം നമ്മുടെ ഒരു സഹാരാധകനെപ്പറ്റി “അപവാദം” പറയുകയില്ല. (സങ്കീർത്തനം 50:20) ഭിത്തിയിൽ തേച്ചിരിക്കുന്ന ചാന്തും പൂശിയിരിക്കുന്ന പെയിന്റും ഭിത്തിയുടെ അപാകതകൾ മറയ്ക്കുന്നതുപോലെ സ്നേഹം മറ്റുള്ളവരുടെ ബലഹീനതകളെ മറയ്ക്കുന്നു.—സദൃശവാക്യങ്ങൾ 17:9.
15 യഥാർഥത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സഹായത്തിനെത്താൻ സ്നേഹം നമ്മെ പ്രചോദിപ്പിക്കുന്നു. അന്ത്യനാളുകളിലെ അവസ്ഥകൾ ഒന്നിനൊന്ന് മോശമായിക്കൊണ്ടിരിക്കുന്നതിനാൽ നമ്മുടെ സഹാരാധകർക്ക് ഭൗതികമായോ കായികമായോ സഹായം ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. (1 യോഹന്നാൻ 3:17, 18) ദൃഷ്ടാന്തത്തിന് നമ്മുടെ സഭയിലെ ഏതെങ്കിലും അംഗം കടുത്ത സാമ്പത്തിക ഞെരുക്കമോ തൊഴിൽ നഷ്ടമോ നിമിത്തം ക്ലേശം അനുഭവിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ സാഹചര്യം അനുവദിക്കുന്നത് അനുസരിച്ച് അവർക്കു ഭൗതിക സഹായം നൽകാൻ ഒരുപക്ഷേ നമുക്ക് കഴിഞ്ഞേക്കും. (സദൃശവാക്യങ്ങൾ 3:27, 28; യാക്കോബ് 2:14-17) ഭർത്താവു മരിച്ചുപോയ പ്രായംചെന്ന ഒരു സഹോദരിയുടെ വീടിന് അറ്റകുറ്റപ്പണിയുടെ ആവശ്യമുണ്ടോ? അങ്ങനെയെങ്കിൽ, അതിൽ കുറച്ചു കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നതിനായി നിങ്ങൾക്ക് ഉചിതമായ വിധത്തിൽ മുൻകൈയെടുക്കാൻ കഴിഞ്ഞേക്കും.—യാക്കോബ് 1:27.
16 നമ്മുടെ സ്നേഹം സമീപത്തുള്ള ആളുകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നില്ല. കൊടുങ്കാറ്റോ ഭൂകമ്പമോ ആഭ്യന്തര കലഹങ്ങളോ നിമിത്തം മറ്റു ദേശങ്ങളിൽ കഷ്ടപ്പാട് അനുഭവിക്കുന്ന ദൈവദാസരെ കുറിച്ചുള്ള വാർത്തകൾ നാം ഇടയ്ക്കൊക്കെ കേട്ടേക്കാം. അവർക്ക് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും മറ്റു സാധനങ്ങളുടെയും അടിയന്തിര ആവശ്യം ഉണ്ടായിരുന്നേക്കാം. അവർ മറ്റൊരു വർഗത്തിലോ വംശത്തിലോ പെട്ടവരാണെന്നുള്ളത് പ്രശ്നമല്ല. നമ്മൾ മുഴു ‘സഹോദരവർഗത്തെയും സ്നേഹിക്കുന്നു.’ (1 പത്രൊസ് 2:17) അതുകൊണ്ട് സഹായം നൽകാനായി രൂപംനൽകപ്പെട്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ഒന്നാം നൂറ്റാണ്ടിലെ സഭകളെപ്പോലെ നാം ഉത്സാഹമുള്ളവരാണ്. (പ്രവൃത്തികൾ 11:27-30; റോമർ 15:26) ആ വിധങ്ങളിലെല്ലാം നാം സ്നേഹം പ്രകടമാക്കുമ്പോൾ, ഈ അന്ത്യനാളുകളിൽ നമ്മെ ഏകീകരിച്ചു നിറുത്തുന്ന ശക്തിയെ നാം ബലിഷ്ഠമാക്കുകയാണ്.—കൊലൊസ്സ്യർ 3:14.
17 സ്നേഹം ദൈവരാജ്യത്തിന്റെ സുവാർത്ത മറ്റാളുകളുമായി പങ്കുവെക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. യേശുവെച്ച മാതൃക പരിചിന്തിക്കുക. അവൻ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തത് എന്തുകൊണ്ടായിരുന്നു? ആളുകളുടെ ദയനീയമായ ആത്മീയാവസ്ഥ കണ്ട് അവന്റെ ‘മനസ്സലിഞ്ഞു.’ (മർക്കൊസ് 6:34) ആത്മീയ സത്യങ്ങൾ പഠിപ്പിക്കാനും പ്രത്യാശ നൽകാനും സാധിക്കുന്ന സ്ഥാനത്തായിരുന്നെങ്കിലും കപട ഇടയന്മാർ അവരെ അവഗണിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ആഴമായ, ഹൃദയംഗമമായ സ്നേഹത്താലും അനുകമ്പയാലും പ്രചോദിതനായ യേശു ‘ദൈവരാജ്യ സുവിശേഷത്താൽ’ ആളുകളെ ആശ്വസിപ്പിച്ചു.—ലൂക്കൊസ് 4:16-21, 43.
18 ഇന്നും അനേകം ആളുകൾ ആത്മീയമായി പരിത്യജിക്കപ്പെട്ടവരും വഴിതെറ്റിക്കപ്പെട്ടവരുമായി പ്രത്യാശയില്ലാതെ ഉഴലുകയാണ്. സത്യദൈവത്തെ ഇതുവരെ അറിഞ്ഞിട്ടില്ലാത്തവരുടെ ആത്മീയ ആവശ്യങ്ങളെ കുറിച്ച് നാം യേശുവിനെപ്പോലെ ചിന്തയുള്ളവർ ആണെങ്കിൽ അവരുമായി ദൈവരാജ്യത്തിന്റെ സുവാർത്ത പങ്കുവെക്കാൻ നാം സ്നേഹത്താലും അനുകമ്പയാലും പ്രചോദിതരാകും. (മത്തായി 6:9, 10; 24:14) വളരെ കുറച്ചു സമയം മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നതിന്റെ വീക്ഷണത്തിൽ ചിന്തിക്കുമ്പോൾ ഈ ജീവരക്ഷാകരമായ സന്ദേശം പ്രസംഗിക്കപ്പെടേണ്ടത് ഇതിനു മുമ്പെങ്ങും ഇത്രയധികം അടിയന്തിരമായിരുന്നിട്ടില്ല എന്നു കാണാൻ കഴിയും.—1 തിമൊഥെയൊസ് 4:16.
“എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു”
19 അന്യോന്യം സ്നേഹിക്കാനുള്ള തന്റെ ബുദ്ധിയുപദേശത്തിനു മുഖവുരയായി, “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞുവെന്ന് ഓർക്കുക. (1 പത്രൊസ് 4:7) വളരെ പെട്ടെന്നുതന്നെ ഈ ദുഷ്ടലോകം ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിനു വഴിമാറും. (2 പത്രൊസ് 3:13) അതുകൊണ്ട്, ഉദാസീനരായിരിക്കാനുള്ള സമയമല്ല ഇത്. യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”—ലൂക്കൊസ് 21:34, 35.
20 അങ്ങനെയെങ്കിൽ, കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നുള്ളതു സംബന്ധിച്ച് ബോധമുള്ളവരായിരുന്നുകൊണ്ട് നമുക്കു സാധ്യമായ സർവവിധത്തിലും ‘സദാ ജാഗരൂകരായിരിക്കാം.’ (മത്തായി 24:42, NW) നമ്മുടെ ശ്രദ്ധ പതറാൻ ഇടയാക്കുന്ന സാത്താന്റെ സകല പ്രലോഭനങ്ങൾക്കുമെതിരെ നമുക്കു ജാഗ്രത പാലിക്കാം. മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽനിന്ന് നമ്മെ തടയാൻ, ഊഷ്മളതയും സ്നേഹവും നഷ്ടപ്പെട്ട ഈ ലോകത്തെ നമുക്ക് ഒരിക്കലും അനുവദിക്കാതിരിക്കാം. എല്ലാറ്റിലുമുപരിയായി, മിശിഹൈക രാജ്യം മുഖാന്തരം ഭൂമിയെ സംബന്ധിച്ച തന്റെ മഹത്തായ ഉദ്ദേശ്യം പെട്ടെന്നുതന്നെ നിവർത്തിക്കാൻ പോകുന്ന സത്യദൈവമായ യഹോവയോട് നമുക്ക് പൂർവാധികം അടുത്തു ചെല്ലാം.—വെളിപ്പാടു 21:4, 5.
[അടിക്കുറിപ്പ്]
a മറ്റു ബൈബിൾ പരിഭാഷകൾ 1 പത്രൊസ് 4:8-ൽ “ആത്മാർഥമായി,” ‘ഗാഢമായി,’ “ഉള്ളഴിഞ്ഞ്” എന്നീ പദങ്ങൾ ഉപയോഗിക്കുന്നു
പഠന ചോദ്യങ്ങൾ
• വിടവാങ്ങുന്ന സമയത്ത് യേശു തന്റെ ശിഷ്യന്മാർക്ക് എന്തു ബുദ്ധിയുപദേശമാണ് നൽകിയത്, പത്രൊസ് ആശയം നന്നായി ഗ്രഹിച്ചുവെന്ന് എന്ത് പ്രകടമാക്കുന്നു? (ഖ. 1-2)
• “ഉററ സ്നേഹം” എന്നാൽ എന്ത്? (ഖ. 3-5)
• നാം അന്യോന്യം സ്നേഹിക്കേണ്ടത് എന്തുകൊണ്ട്? (ഖ. 6-8)
• മറ്റുള്ളവരെ സ്നേഹിക്കുന്നു എന്ന് നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാനാകും? (ഖ. 9-18)
• ഇത് ഉദാസീനരായിരിക്കാനുള്ള സമയമല്ലാത്തത് എന്തുകൊണ്ട്, നാം എന്തു ചെയ്യാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കണം? (ഖ. 19-20)
[29-ാം പേജിലെ ചിത്രം]
ഇഴയടുപ്പമുള്ള ഒരു കുടുംബം അന്ത്യനാളുകളിലെ സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ ഏറെ സജ്ജമായിരിക്കും
[30-ാം പേജിലെ ചിത്രം]
യഥാർഥത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സഹായത്തിനെത്താൻ സ്നേഹം നമ്മെ പ്രചോദിപ്പിക്കുന്നു
[31-ാം പേജിലെ ചിത്രം]
മറ്റുള്ളവരുമായി ദൈവരാജ്യത്തിന്റെ സുവാർത്ത പങ്കുവെക്കുന്നത് ഒരു സ്നേഹപ്രവൃത്തിയാണ്