തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
5 സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയും കുറിച്ച് പ്രത്യേകിച്ച് ഒന്നും നിങ്ങൾക്ക് എഴുതേണ്ടതില്ലല്ലോ. 2 രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ്+ യഹോവയുടെ* ദിവസം+ വരുന്നതെന്നു നിങ്ങൾക്കു നന്നായി അറിയാം. 3 എപ്പോഴാണോ അവർ “സമാധാനം! സുരക്ഷിതത്വം!” എന്നു പറയുന്നത് അപ്പോൾ, ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ, പ്രതീക്ഷിക്കാത്ത നേരത്ത് അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.+ ഒരുതരത്തിലും അവർക്കു രക്ഷപ്പെടാനാകില്ല. 4 പക്ഷേ സഹോദരങ്ങളേ, പകൽവെളിച്ചം കള്ളന്മാരെ ഓർക്കാപ്പുറത്ത് പിടികൂടുന്നതുപോലെ ആ ദിവസം നിങ്ങളെ ഓർക്കാപ്പുറത്ത് പിടികൂടാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ലല്ലോ. 5 നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കളാണ്.+ നമ്മൾ രാത്രിക്കോ ഇരുട്ടിനോ ഉള്ളവരല്ല.+
6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറക്കത്തിലായിരിക്കാതെ+ നമുക്ക് ഉണർന്ന്+ സുബോധത്തോടെയിരിക്കാം.+ 7 ഉറങ്ങുന്നവർ രാത്രിയിലാണല്ലോ ഉറങ്ങുന്നത്. കുടിയന്മാർ രാത്രിയിലാണല്ലോ കുടിച്ച് ലക്കുകെടുന്നത്.+ 8 പക്ഷേ പകലിനുള്ളവരായ നമുക്കു വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാർച്ചട്ട ധരിച്ചും രക്ഷയുടെ പ്രത്യാശ എന്ന പടത്തൊപ്പി+ അണിഞ്ഞും സുബോധത്തോടെയിരിക്കാം. 9 കാരണം ദൈവം നമ്മളെ തിരഞ്ഞെടുത്തതു ദൈവക്രോധത്തിനു പാത്രമാകാനല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ രക്ഷ നേടാനാണ്.+ 10 നമ്മൾ ഉണർന്നിരിക്കുകയോ ഉറങ്ങുകയോ* ആണെങ്കിലും ക്രിസ്തുവിന്റെകൂടെ ജീവിക്കാൻവേണ്ടിയാണു+ ക്രിസ്തു നമുക്കുവേണ്ടി മരിച്ചത്.+ 11 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും* ബലപ്പെടുത്തുകയും ചെയ്യുക.+
12 ഇപ്പോൾ സഹോദരങ്ങളേ, ഞങ്ങൾ ഒരു കാര്യം അപേക്ഷിക്കുകയാണ്: നിങ്ങൾക്കിടയിൽ അധ്വാനിക്കുകയും കർത്താവിൽ നേതൃത്വമെടുക്കുകയും നിങ്ങൾക്കു വേണ്ട ഉപദേശം തരുകയും ചെയ്യുന്നവരെ ബഹുമാനിക്കണം. 13 അവരുടെ അധ്വാനം+ ഓർത്ത് അവരോടു സ്നേഹത്തോടെ സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കുക. പരസ്പരം സമാധാനത്തോടെ കഴിയുക.+ 14 സഹോദരങ്ങളേ, ഇങ്ങനെയൊരു കാര്യംകൂടെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്: ക്രമംകെട്ട് നടക്കുന്നവർക്കു താക്കീതു കൊടുക്കുക.*+ വിഷാദിച്ചിരിക്കുന്നവരോട്* അവർക്ക് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുക. ബലഹീനർക്കു വേണ്ട പിന്തുണ കൊടുക്കുക. എല്ലാവരോടും ക്ഷമ കാണിക്കുക.+ 15 നിങ്ങളിൽ ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്;+ നിങ്ങളുടെ ഇടയിലുള്ളവർക്കും മറ്റുള്ളവർക്കും നന്മ ചെയ്യുക എന്നതായിരിക്കട്ടെ എപ്പോഴും നിങ്ങളുടെ ലക്ഷ്യം.+
16 എപ്പോഴും സന്തോഷിക്കുക.+ 17 ഇടവിടാതെ പ്രാർഥിക്കുക.+ 18 എല്ലാത്തിനും നന്ദി പറയുക.+ ഇതാണു ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടം. 19 ദൈവാത്മാവിന്റെ തീ കെടുത്തിക്കളയരുത്.+ 20 പ്രവചനങ്ങളെ നിന്ദിക്കരുത്.+ 21 എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി+ നല്ലതു മുറുകെ പിടിക്കുക. 22 എല്ലാ തരം തിന്മയിൽനിന്നും അകന്നുനിൽക്കുക.+
23 സമാധാനത്തിന്റെ ദൈവം നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിധ്യസമയത്ത് നിങ്ങളുടെ ആത്മാവും* ദേഹിയും* ശരീരവും എല്ലാംകൊണ്ടും തികവുള്ളതും കുറ്റമറ്റതും ആയിരിക്കട്ടെ.*+ 24 നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്. ഉറപ്പായും ദൈവം ഇതൊക്കെ ചെയ്തുതരും.
25 സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി മുടങ്ങാതെ പ്രാർഥിക്കുക.+
26 സഹോദരങ്ങളെയെല്ലാം വിശുദ്ധചുംബനത്താൽ അഭിവാദനം ചെയ്യുക.
27 ഈ കത്ത് എല്ലാ സഹോദരങ്ങളെയും വായിച്ചുകേൾപ്പിക്കാൻ+ കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ ചുമതലപ്പെടുത്തുകയാണ്.
28 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.