‘ഹൃദയത്തിലെയും മനസ്സിലെയും ജിജ്ഞാസാഗ്നി’
‘നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? എന്ന പുസ്തകം ജിജ്ഞാസയോടെ വായിക്കവേ എനിക്കുണ്ടായ സന്തോഷവും ആവേശവും വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവില്ല. അത് ഒരുവനിൽ കൂടുതൽ അറിയാനുള്ള ആഗ്രഹം—അല്ല, ആവശ്യം—സൃഷ്ടിക്കുന്നു. എന്റെ ഹൃദയത്തിലെയും മനസ്സിലെയും ജിജ്ഞാസാഗ്നി ജ്വലിക്കാൻ ഇടയാക്കിയതിനു നന്ദി.”
യഹോവയുടെ സാക്ഷികളുടെ 1998/99 “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ, വാച്ച് ടവർ സൊസൈറ്റി പ്രകാശനം ചെയ്ത ഒരു പുസ്തകത്തെ കുറിച്ച് യു.എസ്.എ.-യിലെ നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു യഹോവയുടെ സാക്ഷി അഭിപ്രായപ്പെട്ടത് അങ്ങനെയാണ്. നിങ്ങളുടെ പക്കൽ അതിന്റെ ഒരു പ്രതി ഇല്ലായിരിക്കാം. എങ്കിലും, അതു വായിച്ച മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധിക്കുക.
യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള സാൻഡിയാഗോയിൽ നടന്ന ഒരു കൺവെൻഷനിൽവെച്ച് പ്രസ്തുത പുസ്തകം ലഭിച്ച ഒരാൾ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഇങ്ങനെ എഴുതി: “ഈ പുസ്തകം വിശ്വാസത്തെ വളരെയധികം ബലിഷ്ഠമാക്കുന്ന ഒന്നായി ഞാൻ കരുതുന്നു. അത് യഹോവയുടെ സൃഷ്ടിക്രിയകളോടുള്ള വിലമതിപ്പുകൊണ്ട് എന്റെ ഹൃദയത്തെ നിറയ്ക്കുന്നു. ഇതിനോടകം 98 പേജു ഞാൻ വായിച്ചുതീർത്തു. ഉടനെതന്നെ അതു വായിച്ചു തീരുമല്ലോ എന്നോർക്കുമ്പോൾ എനിക്കൊരു വിഷമം! അങ്ങേയറ്റം സന്തോഷം പകരുന്നതുമാണ് ഇതിലെ വിവരങ്ങൾ.”
പൗരസ്ത്യ ദേശത്തെ ഒരു സ്ത്രീ എഴുതി: “കൺവെൻഷനിൽ പ്രസംഗം നടത്തിയ സഹോദരൻ ‘അനുപമമായ ഒരു പുസ്തകം’ എന്ന പ്രയോഗം ഉപയോഗിച്ചു കേട്ടു. അതു പുസ്തകത്തിലെ ഉള്ളടക്കത്തിനു യോജിച്ച പ്രയോഗംതന്നെ. ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാൻ ഈ പുസ്തകം വായനക്കാരന്റെമേൽ സമ്മർദം ചെലുത്തുന്നില്ല, മറിച്ച്, അതു വസ്തുതകൾ അവതരിപ്പിക്കുക മാത്രമാണു ചെയ്യുന്നത് എന്നതാണു ശ്രദ്ധേയമായ ഒരു സവിശേഷത.”
നമ്മുടെ പ്രപഞ്ചത്തെയും ജീവനെയും നമ്മെ കുറിച്ചുതന്നെയും ഉള്ള ഹൃദയഹാരിയായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ആ വസ്തുതകളിൽ ഉൾപ്പെടുന്നു. അത് അനേകരിലും മതിപ്പുളവാക്കി. “ഈ കൊച്ചു പുസ്തകം എന്നെ എത്രമാത്രം ആഴത്തിൽ സ്വാധീനിച്ചെന്നു വിവരിക്കാൻ എനിക്കു വാക്കുകളില്ല,” കാലിഫോർണിയയിൽ നിന്നുള്ള ഒരു സ്ത്രീ എഴുതി. “ഇതിന്റെ ഓരോ പേജും പ്രപഞ്ചത്തെയും നമ്മെ കുറിച്ചു തന്നെയും ഉള്ള കൂടുതലായ കണ്ടുപിടിത്തങ്ങൾ വിവരിക്കവേ, എനിക്കതു താഴെ വെക്കാൻ തോന്നിയില്ല. വാസ്തവത്തിൽ ഞാൻ ഇതിൽ നിന്നു വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി! ഈ പുസ്തകം ഞാൻ നിധിപോലെ സൂക്ഷിക്കും. സാധിക്കുന്നിടത്തോളം ആളുകളുമായി ഇതിലെ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യും.”
സ്രഷ്ടാവിന്റെ വ്യക്തിത്വം എടുത്തു കാണിച്ചുകൊണ്ട് ആ പുസ്തകം നൽകുന്ന ബൈബിളിന്റെ ഒരു സംഗ്രഹമാണ് അനേകരിലും താത്പര്യം ഉണർത്തിയ മറ്റൊരു സവിശേഷത. “പുസ്തകത്തിന്റെ അവസാന ഭാഗത്തു കൊടുത്തിരിക്കുന്ന ബൈബിളിന്റെ ആകമാന വീക്ഷണമാണ് ഇതുവരെ ഞാൻ വായിച്ചിട്ടുള്ളതിലേക്കും ഏറ്റവും ആകർഷകമായ ഒന്ന്,” ഒരാൾ അഭിപ്രായപ്പെടുന്നു. യു.എസ്.എ.-യിലെ ന്യൂയോർക്കിൽ നടന്ന ഒരു കൺവെൻഷൻ കഴിഞ്ഞയുടൻ ഒരു സ്ത്രീ എഴുതി: “നിങ്ങൾ അച്ചടിച്ചിട്ടുള്ളതിലേക്കും ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രസിദ്ധീകരണമാണ് ഈ പുതിയ പുസ്തകം. ഒരു സ്രഷ്ടാവ് ഉണ്ട് എന്നതിന്റെ ശാസ്ത്രീയ തെളിവുകൾ എന്നെ പിടിച്ചിരുത്തുകതന്നെ ചെയ്തു. ഉദ്ദിഷ്ട ആശയം സ്ഥിരീകരിക്കാനും വായനക്കാരുടെ ജിജ്ഞാസ ഉണർത്താനും അതിൽ കൊടുത്തിരിക്കുന്ന ബൈബിളിന്റെ സംഗ്രഹംതന്നെ ധാരാളം.”
ശാസ്ത്രം എളുപ്പം മനസ്സിലാകുന്ന വിധത്തിൽ
ആദ്യത്തെ അധ്യായങ്ങളിൽ നൽകിയിരിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ ഗ്രഹിക്കാൻ പ്രയാസകരമാണെന്നു തോന്നിയേക്കാം. എന്നാൽ അതേക്കുറിച്ചുള്ള പ്രതികരണങ്ങൾ ശ്രദ്ധിക്കൂ:
ഒരു കാനഡക്കാരൻ എഴുതി: “ഘനഗാംഭീര്യമുള്ള പദങ്ങളിലൂടെ നമ്മെ പിടിച്ചിരുത്താൻ ശ്രമിച്ചുകൊണ്ടു ചില ഗ്രന്ഥകാരന്മാർ പുറത്തിറക്കുന്ന സാങ്കേതിക പുസ്തകങ്ങളിൽ നിന്ന് എത്ര വിഭിന്നമാണ് ഇത്. ഭൗതികശാസ്ത്രം, രസതന്ത്രം, ഡിഎൻഎ, ക്രോമസോമുകൾ തുടങ്ങിയ വിഷയങ്ങൾ മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിലെ നിങ്ങളുടെ പാണ്ഡിത്യം പ്രശംസാർഹമാണ്. വർഷങ്ങൾക്കു മുമ്പു ഞാൻ പഠിച്ച സർവകലാശാലാ പാഠപുസ്തകങ്ങൾ എഴുതിയിരുന്നതു നിങ്ങളായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോയി!”
ഭൗതികശാസ്ത്രം പഠിപ്പിക്കുന്ന ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ എഴുതി: “സാങ്കേതിക വിശദാംശങ്ങളിൽ കെട്ടുപിണയാതെ അത് ആശയങ്ങൾ സുവ്യക്തമായി അവതരിപ്പിക്കുന്നു. ഈ പുസ്തകം വായനക്കാരുമായി ന്യായവാദം നടത്തുന്നതോടൊപ്പം സമുന്നത ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളും ഉദ്ധരിക്കുന്നു. ശാസ്ത്രജ്ഞനോ സാധാരണക്കാരനോ ആരായിരുന്നാലും ശരി, പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവത്തെ കുറിച്ച് അറിയാൻ തത്പരരായിരിക്കുന്ന ഏതൊരാളും ‘അവശ്യം വായിച്ചിരിക്കേണ്ട’ ഒരു പുസ്തകമാണിത്.
നേഴ്സിങ്ങിനു പഠിക്കുന്ന ഒരു യുവതി ഇങ്ങനെ അഭിപ്രായപ്പെട്ടു: “4-ാം അധ്യായം തുറന്നപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഞങ്ങൾ നേഴ്സിങ് ക്ലാസ്സിൽ ഉപയോഗിക്കുന്ന പുസ്തകത്തിൽ നിന്ന് അതിൽ ഉദ്ധരിച്ചിരിക്കുന്നു! പ്രൊഫസർക്ക് അതിന്റെ പ്രതി നൽകിയിട്ട് അതിലെ വിവരങ്ങൾ വിജ്ഞാനപ്രദം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. 54-ാം പേജിൽ കൊടുത്തിരിക്കുന്ന മസ്തിഷ്കത്തെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം അതു വായിച്ചിട്ട്, ‘ഇതു രസകരമാണല്ലോ! ഞാൻ ഇതു മൊത്തം വായിക്കട്ടെ’ എന്നു പറഞ്ഞു.”
ബെൽജിയത്തിലെ ഒരു പാർലമെന്റ് അംഗം എഴുതി: “ആധുനിക ശാസ്ത്രം ബൈബിളിലെ ഏകദൈവ വിശ്വാസം എന്ന ആശയത്തിന് എതിരല്ല മറിച്ച്, അക്കാര്യത്തിൽ അതു ബൈബിളുമായി യോജിക്കുന്നു എന്നതിന് അടിവരയിടുന്ന ശാസ്ത്രീയ വിശദാംശങ്ങളാണ് എന്നെ വിസ്മയിപ്പിക്കുകയും എന്റെ താത്പര്യം പിടിച്ചുപറ്റുകയും ചെയ്തത്. അതു വളരെ ശ്രദ്ധേയമായ ഒരു വീക്ഷണമാണ്.”
സ്രഷ്ടാവിനെ മെച്ചമായി അറിയൽ
ദൈവത്തെ മെച്ചമായി മനസ്സിലാക്കാനും അവനോടു കൂടുതൽ അടുക്കാനും പ്രസ്തുത പുസ്തകം പല രാജ്യങ്ങളിലെയും ആളുകളെ സഹായിച്ചു. ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിലെ ഒരു വായനക്കാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആദ്യമായി യഹോവയിൽ ലെൻസ് കേന്ദ്രീകരിച്ചതു പോലെയിരുന്നു അത്. ഈ പുസ്തകം, അത്ഭുതകരമായ വിധത്തിൽ ആളുകളെ ബോധ്യപ്പെടുത്തുന്നു. ഇന്നോളം ചിന്തിച്ചിട്ടില്ലാത്ത ഒരു വീക്ഷണകോണിലൂടെ യഹോവയെ അറിയാൻ എനിക്കു സാധിച്ചു.” എൽ സാൽവഡോറിൽ നിന്നുള്ള ഒരാൾ എഴുതി: “ദൈവം എത്രമാത്രം കരുണാമയനും കൃപാലുവും കോപത്തിനു താമസമുള്ളവനും സ്നേഹദയ ഉള്ളവനും ആണെന്നു നിങ്ങൾ അതിൽ വളരെ വ്യക്തമായി വിശദീകരിക്കുന്നു. അവനോടും അവന്റെ പുത്രനോടും അടുത്തു വരുന്നതിനു നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് അതാണ്. യഹോവയുടെ വികാരങ്ങളും അവന്റെ പുത്രനായ യേശുവിന്റെ മാനുഷിക വികാരങ്ങളും വിശദീകരിക്കുന്ന ആദ്യത്തെ പുസ്തകമാണിത്.” സാംബിയയിലുള്ള ഒരു വായനക്കാരൻ ഇങ്ങനെ പ്രതികരിച്ചു: “യഹോവയെ കുറിച്ചുള്ള എന്റെ വീക്ഷണത്തിനു പുതിയ ഒരു മാനം കൈവന്നിരിക്കുന്നു.”
നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? എന്ന പുസ്തകം മറ്റുള്ളവർക്കു നൽകുന്നതിന് യഹോവയുടെ സാക്ഷികൾ ആവേശഭരിതർ ആയിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു വനിത ഇങ്ങനെ അഭിപ്രായപ്പെട്ടു: “10-ാമത്തെ അധ്യായം [“കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടെങ്കിൽ ഇത്രമാത്രം കഷ്ടപ്പാടുകൾ എന്തുകൊണ്ട്?”] വായിച്ചു തീർന്നപ്പോൾ, ‘ഈ പുസ്തകം തന്നെയാണു ജപ്പാനിൽ ആവശ്യമായിരിക്കുന്നത്’ എന്ന് എനിക്കു ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല! ഈ അധ്യായത്തിലെ വിവരങ്ങൾ എപ്പോഴും മനസ്സിൽപ്പിടിക്കാനും വയൽ സേവനത്തിൽ കൂടുതലായി ഉപയോഗിക്കാനും ഞാൻ ആഗ്രഹിക്കുന്നു.” ക്ഷേത്രത്തിൽ വളർന്നുവന്ന ഒരു പെൺകുട്ടിയുമായി— അവളുടെ പിതാവ് പുരോഹിതനാണ്—ഒരു സഹോദരി ബൈബിൾ അധ്യയനം നടത്തുന്നുണ്ട്. ആ സഹോദരി ഇങ്ങനെ പറയുന്നു: “സ്രഷ്ടാവ് ഉണ്ട് എന്ന ആശയം ഉൾക്കൊള്ളാൻ അവൾക്കു വളരെ ബുദ്ധിമുട്ടായിരുന്നു. ഈ പുസ്തകം വിശദീകരണങ്ങൾ നൽകുന്നുവെങ്കിലും ഒരിക്കൽപോലും കടുംപിടുത്തം കാട്ടുന്നില്ല. അതേസമയം, അതിൽ വസ്തുതകൾ ഉൾക്കൊള്ളുന്നു. അതുകൊണ്ട്, ബുദ്ധമതക്കാർക്കു പോലും യാതൊരു വൈക്ലബ്യവും കൂടാതെ അതു വായിക്കാനാകുമെന്നാണു ഞാൻ വിചാരിക്കുന്നത്. യഹോവയുടെ സ്നേഹത്തെ കുറിച്ചു കൂടുതലായി അറിയാനും അതു നമ്മെ സഹായിക്കും.”
ഇംഗ്ലണ്ടിൽ നിന്നുള്ള ഒരാളുടേതാണ് അടുത്ത അഭിപ്രായം: “ഞാൻ സ്രഷ്ടാവ് പുസ്തകം വായിച്ചു കഴിഞ്ഞതേയുള്ളൂ. വീണ്ടും വായിക്കാൻ പോകുകയാണ്. എത്ര നല്ല പുസ്തകം! ഇതു വായിക്കുമ്പോൾ ഒരാൾക്ക് യഹോവയോടുള്ള സ്നേഹം ശക്തമാകുന്നു. എന്റെ അയൽക്കാരിക്കു ഞാൻ അതിന്റെ ഒരു പ്രതി കൊടുത്തു. അതിലെ രണ്ട് അധ്യായങ്ങൾ വായിച്ച ശേഷം അവർ പറഞ്ഞു, ‘എനിക്കതു താഴെ വെക്കാൻ തോന്നുന്നില്ല, അത്ര രസകരമാണത്.’ നമ്മുടെ മഹാ സ്രഷ്ടാവിനെ അറിയാനും സ്നേഹിക്കാനും ഇത് ആളുകളെ സഹായിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.”
യു.എസ്.എ.-യിലെ മേരിലാൻഡിൽ നിന്നുള്ള ഒരാൾ ഇങ്ങനെ പറഞ്ഞു: “ഇതു തീർച്ചയായും എന്റെ ആത്മീയ അസ്ഥികൾക്കും മജ്ജകൾക്കും ഉണർവേകുന്നു! എനിക്കു ബിസിനസ് ഇടപാടുകളുള്ള എല്ലാവർക്കും ഇതിന്റെ ഓരോ പ്രതികൾ നൽകാൻ ഞാൻ ഉദ്ദേശിക്കുകയാണ്. തിരക്കേറിയ ജീവിതം നയിക്കുന്ന, വിദ്യാസമ്പന്നരായ അത്തരക്കാർക്കു സാക്ഷ്യം നൽകുന്നതു ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായി എനിക്കു തോന്നാറുണ്ട്. ഈ പുസ്തകത്തിന്റെ സഹായത്തോടെ എനിക്കു രസകരവും ഫലപ്രദവുമായ സമീപനം സ്വീകരിക്കാനാകും.”
നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? എന്ന പുസ്തകം ഭൂവ്യാപകമായി ആളുകളിൽ ക്രിയാത്മകമായ ഫലം ഉളവാക്കും എന്നു വ്യക്തം.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട]
പുറംപേജിലെ ചിത്രം മുകളിൽ, ഈഗിൾ നെബുല: J. Hester and P. Scowen (AZ State Univ.), NASA