ദൂതന്മാർ: ‘സേവകാത്മാക്കൾ’
“അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?”—എബ്രാ. 1:14.
1. മത്തായി 18:10, 11; എബ്രായർ 1:14 എന്നീ വാക്യങ്ങൾ നമുക്ക് എന്ത് ആശ്വാസം പകരുന്നു?
യേശുക്രിസ്തു ഒരിക്കൽ തന്റെ അനുഗാമികളെ ഇടറിക്കുന്നവർക്ക് ഈ മുന്നറിയിപ്പു നൽകി: “ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ. 18:10, 11) വിശ്വസ്തരായ ദൂതന്മാരെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് എഴുതി: “അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?” (എബ്രാ. 1:14) മനുഷ്യരെ സഹായിക്കാൻ ഈ സ്വർഗീയ സൃഷ്ടികളെ ദൈവം ഉപയോഗിക്കുന്നു എന്നറിയുന്നത് എത്ര ആശ്വാസകരമാണ്! ദൂതന്മാരെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്? അവർ നമ്മെ സഹായിക്കുന്നത് എങ്ങനെയാണ്? അവരിൽനിന്നു നമുക്ക് എന്തെല്ലാം പഠിക്കാനാകും?
2, 3. ദൂതന്മാരുടെ ചില കർത്തവ്യങ്ങൾ ഏവ?
2 വിശ്വസ്തരായ ലക്ഷോപലക്ഷം ദൂതന്മാർ സ്വർഗത്തിലുള്ളതായി ബൈബിൾ പറയുന്നു. അവരെല്ലാം ‘[ദൈവത്തിന്റെ] ആജ്ഞ അനുസരിക്കുന്ന വീരന്മാരാണ്.’ (സങ്കീ. 103:20; വെളിപ്പാടു 5:11 വായിക്കുക.) ദൈവത്തിന്റെ ഈ ആത്മപുത്രന്മാരിൽ ഓരോരുത്തർക്കും ദിവ്യഗുണങ്ങളും അവരുടേതായ വ്യക്തിത്വവും ഇച്ഛാസ്വാതന്ത്ര്യവും ഉണ്ട്. ഉയർന്ന പദവികൾ വഹിക്കുന്ന അവർ പ്രധാനദൂതനായ മീഖായേലിന്റെ (യേശുവിന്റെ സ്വർഗത്തിലെ പേര്) കീഴിൽ സുസംഘടിതരാണ്. (ദാനീ. 10:13; യൂദാ 9) ദൈവത്തിന്റെ “വചനം” അഥവാ വക്താവായ മീഖായേൽ ‘സർവ്വസൃഷ്ടിക്കും ആദ്യജാതനാണ്.’ മറ്റു സകലവും സൃഷ്ടിക്കാൻ യഹോവ അവനെയാണ് ഉപയോഗിച്ചത്.—കൊലൊ. 1:15-17; യോഹ. 1:1-3.
3 സെറാഫുകൾ യഹോവയുടെ വിശുദ്ധി വിളിച്ചോതുകയും ആത്മീയശുദ്ധിപാലിക്കാൻ ദൈവജനത്തെ സഹായിക്കുകയും ചെയ്യുന്നു. കെരൂബുകളാണ് അടുത്തഗണം, അവർ ദൈവത്തിന്റെ മഹത്ത്വം ഉദ്ഘോഷിക്കുന്നു. (ഉല്പ. 3:24; യെശ. 6:1-3, 6, 7) ഈ രണ്ടുഗണത്തിലും ഉൾപ്പെടാത്ത മറ്റു ദൂതന്മാരുമുണ്ട്. സന്ദേശവാഹകരായ അവർ ദൈവോദ്ദേശ്യത്തോടു ബന്ധപ്പെട്ട പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നു.—എബ്രാ. 12:22, 23.
4. (എ) ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ ദൂതന്മാർ എങ്ങനെ പ്രതികരിച്ചു? (ബി) ഇച്ഛാസ്വാതന്ത്ര്യം ഉചിതമായി ഉപയോഗിക്കുകവഴി മനുഷ്യവർഗത്തിന് എന്തിനുള്ള അവസരം ഉണ്ടാകുമായിരുന്നു?
4 ദൈവം ‘ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ’ ദൂതന്മാരെല്ലാം ആർത്തുഘോഷിക്കുകയുണ്ടായി. (ഇയ്യോ. 38:4, 7) ആകാശഗോളങ്ങൾക്കിടയിൽ ഒരു ഉജ്ജ്വലരത്നമായി വിളങ്ങുന്ന ഭൂമി മനുഷ്യരാശിയുടെ ഭവനമായി മാറവെ ദൂതന്മാർ അവരുടെ ഉത്തരവാദിത്വങ്ങൾ സന്തോഷത്തോടെ നിർവഹിച്ചുപോന്നു. ‘ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തിയാണ്’ യഹോവ മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ അവന്റെ മഹനീയ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനാകുംവിധം തന്റെ ‘സ്വരൂപത്തിലും.’ (എബ്രാ. 2:7; ഉല്പ. 1:26) ഇച്ഛാസ്വാതന്ത്ര്യം ഉചിതമായി വിനിയോഗിച്ചുകൊണ്ട് ആദാമിനും ഹവ്വായ്ക്കും അവരുടെ സന്തതിപരമ്പരകൾക്കും യഹോവയുടെ അഖിലാണ്ഡകുടുംബത്തിന്റെ ഭാഗമായി പറുദീസയിൽ എന്നും തുടരാമായിരുന്നു.
5, 6. സ്വർഗത്തിൽ ഏതു മത്സരം ഉടലെടുത്തു, ദൈവം അത് എങ്ങനെ കൈകാര്യം ചെയ്തു?
5 ദൈവഭവനത്തിൽ മത്സരം പൊട്ടിപ്പുറപ്പെടുന്നത് അമ്പരപ്പോടെയായിരിക്കണം ദൂതന്മാർ കണ്ടുനിന്നത്. തനിക്ക് ആരാധന ലഭിക്കണമെന്ന അതിമോഹംകൊണ്ട് ദൂതന്മാരിൽ ഒരുവൻ യഹോവയെ ആരാധിക്കുന്നത് നിറുത്തിക്കളഞ്ഞു. യഹോവയുടെ ഭരണത്തിന്റെ ഔചിത്യത്തെ ചോദ്യം ചെയ്യുകയും ഒരു സമാന്തര ഭരണാധികാരിയായി വാഴാനുള്ള പദ്ധതിക്ക് അവൻ തുടക്കമിടുകയും ചെയ്തു. അങ്ങനെ അവൻ സ്വയം, സാത്താൻ അഥവാ എതിരാളിയായിത്തീർന്നു. ആദ്യമനുഷ്യജോടിയെ തന്ത്രപൂർവം വശപ്പെടുത്താൻ അവൻ ഒരു നുണ ആവിഷ്കരിച്ചു; രേഖപ്പെടുത്തപ്പെട്ട ആദ്യനുണ. അതു വിശ്വസിച്ച അവർ തങ്ങളുടെ സ്നേഹസ്വരൂപനായ സ്രഷ്ടാവിനോടു മത്സരിച്ചുകൊണ്ട് സാത്താന്റെ പക്ഷംചേർന്നു.—ഉല്പ. 3:4, 5; യോഹ. 8:44.
6 യഹോവ സത്വരം സാത്താനെതിരെ ന്യായവിധി ഉച്ചരിച്ചു. ബൈബിളിലെ ആദ്യ പ്രവചനംകൂടിയാണത്. ഉൽപ്പത്തി 3:15-ൽ നാം അത് ഇങ്ങനെ വായിക്കുന്നു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” സാത്താനും ദൈവത്തിന്റെ “സ്ത്രീക്കും” ഇടയിലുള്ള ശത്രുത അത്ര പെട്ടെന്നൊന്നും അവസാനിക്കുന്ന ഒന്നല്ലായിരുന്നു. വിശ്വസ്ത ദൂതന്മാരടങ്ങുന്ന സ്വർഗീയ സംഘടനയെ തന്നോട് വിശ്വസ്തമായി പറ്റിനിൽക്കുന്ന ഭാര്യയായി യഹോവ വീക്ഷിക്കുന്നു. പ്രത്യാശയ്ക്ക് ഈടുറ്റ അടിസ്ഥാനം നൽകുന്നതായിരുന്നു ഈ പ്രവചനം; പക്ഷേ, പടിപടിയായി ചുരുളഴിയാനിരുന്ന ഒരു “പാവന രഹസ്യ”മായിരുന്നു അതിലെ വിശദാംശങ്ങൾ. ആ സ്വർഗീയ സംഘടനയിലെ ഒരംഗം സകല എതിരാളികളെയും തകർക്കണമെന്നതായിരുന്നു ദൈവോദ്ദേശ്യം. അവനിലൂടെ ‘സ്വർഗത്തിലും ഭൂമിയിലുമുള്ളതിനെ’ വീണ്ടും ഒന്നിച്ചുചേർക്കാനും ദൈവം ഉദ്ദേശിച്ചു.—എഫെ. 1:8-10.
7. നോഹയുടെ കാലത്ത് ചില ദൂതന്മാർ എന്തു ചെയ്തു, അവർക്ക് എന്തു സംഭവിച്ചു?
7 നോഹയുടെ കാലത്ത് കുറെ ദൂതന്മാർ “സ്വന്ത വാസസ്ഥലം” ഉപേക്ഷിച്ച് സ്വാർഥാഭിലാഷങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി ജഡശരീരമെടുത്ത് ഭൂമിയിലേക്കു വന്നു. (യൂദാ 6; ഉല്പ. 6:1-4) യഹോവ അവരെ അന്ധതമസ്സിൽ അടച്ചു. അങ്ങനെ ആ മത്സരികൾ സാത്താനോടൊപ്പം ചേർന്ന് “ദുഷ്ടാത്മസേന”കളും ദൈവദാസന്മാരുടെ കടുത്ത ശത്രുക്കളുമായി മാറി.—എഫെ. 6:11-13; 2 പത്രൊ. 2:4.
ദൂതന്മാർ നമ്മെ സഹായിക്കുന്നത് എങ്ങനെ?
8, 9. മനുഷ്യരെ സഹായിക്കാൻ യഹോവ ദൂതന്മാരെ എങ്ങനെയെല്ലാം ഉപയോഗിച്ചിരിക്കുന്നു?
8 അബ്രാഹാം, യാക്കോബ്, മോശെ, യോശുവ, യെശയ്യാവ്, ദാനീയേൽ, യേശു, പത്രൊസ്, യോഹന്നാൻ, പൗലൊസ് എന്നിവരുൾപ്പെടെ പലർക്കും ദൂതന്മാരുടെ സഹായം ലഭിച്ചിട്ടുള്ളതായി ബൈബിൾ പറയുന്നു. വിശ്വസ്തരായ ദൂതന്മാർ ദൈവത്തിന്റെ ന്യായവിധികൾ നടപ്പാക്കുകയും മോശൈക ന്യായപ്രമാണം ഉൾപ്പെടെ ദൈവത്തിന്റെ നിർദേശങ്ങളും പ്രവചനങ്ങളും മനുഷ്യർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. (2 രാജാ. 19:35; ദാനീ. 10:5, 11, 14; പ്രവൃ. 7:53; വെളി. 1:1) നമുക്കിന്ന് ദൈവവചനം അതിന്റെ സമ്പൂർണ രൂപത്തിൽ ഉള്ളതുകൊണ്ട് ദിവ്യസന്ദേശങ്ങൾ ദൂതന്മാർവഴി എത്തിച്ചുതരേണ്ടതില്ല. (2 തിമൊ. 3:16, 17) എന്നാൽ നമുക്ക് അദൃശ്യരാണെങ്കിലും, ദൈവേഷ്ടം നടപ്പിലാക്കുന്നതിനും ദൈവദാസന്മാരെ പിന്തുണയ്ക്കുന്നതിനും വേണ്ടി തിരക്കിട്ടു പ്രവർത്തിക്കുകയാണ് ഈ ദൂതന്മാർ.
9 ദൂതന്മാർ നൽകുന്ന സഹായത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.” (സങ്കീ. 34:7; 91:11) ദൈവത്തോടുള്ള മനുഷ്യന്റെ വിശ്വസ്തത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ സകലവിധ പരിശോധനയും നമ്മുടെമേൽ കൊണ്ടുവരാൻ യഹോവ സാത്താനെ അനുവദിച്ചിരിക്കുന്നു. (ലൂക്കൊ. 21:16-19) നമ്മുടെ വിശ്വസ്തത തെളിയിക്കാൻ ഒരു പരിശോധന ഏത് അളവുവരെയേ അനുവദിക്കേണ്ടതുള്ളൂ എന്ന് ദൈവത്തിനറിയാം. (1 കൊരിന്ത്യർ 10:13 വായിക്കുക.) ദൈവേഷ്ടമെങ്കിൽ വിശ്വസ്തദാസന്മാരുടെ കാര്യാദികളിൽ ഇടപെടാൻ സദാ ഒരുങ്ങിയിരിക്കുകയാണ് ദൂതന്മാർ. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ, ദാനീയേൽ, പത്രൊസ് എന്നിവരെ ശത്രുക്കളുടെ കയ്യിൽനിന്ന് ദൂതന്മാർ വിടുവിച്ചു. എന്നാൽ സ്തെഫാനൊസിന്റെയും യാക്കോബിന്റെയും കാര്യത്തിൽ ദൂതന്മാർ ഇടപെട്ടില്ല. (ദാനീ. 3:17, 18, 28; 6:22; പ്രവൃ. 7:59, 60; 12:1-3, 7, 11) ഇവർ ഓരോരുത്തരുടെയും സാഹചര്യങ്ങളും ബന്ധപ്പെട്ട പ്രശ്നങ്ങളും വ്യത്യസ്തങ്ങളായിരുന്നു. അതുപോലെ, നാസി തടങ്കൽപ്പാളയങ്ങളിൽ നമ്മുടെ ചില സഹോദരങ്ങൾ വധിക്കപ്പെട്ടെങ്കിലും അവരിൽ മിക്കവരെയും യഹോവ ജീവനോടെകാത്തു.
10. ദൂതന്മാർക്കു പുറമേ മറ്റ് എന്തു സഹായംകൂടി നമുക്കു ലഭ്യമാണ്?
10 ഭൂമിയിലെ ഓരോ വ്യക്തിക്കും ഓരോ കാവൽമാലാഖ ഉണ്ടെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല. ദൈവത്തിന്റെ “ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ [ദൈവം] നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്നു നമുക്കറിയാം. (1 യോഹ. 5:14) നമ്മെ സഹായിക്കാൻ യഹോവയ്ക്ക് ഒരു ദൂതനെ അയയ്ക്കാനാകുമെന്നതു ശരിയാണ്, പക്ഷേ മറ്റു വിധങ്ങളിലും അവൻ സഹായം ലഭ്യമാക്കുന്നു. നമുക്കു പിന്തുണയും ആശ്വാസവും നൽകാൻ ഒരു സഹവിശ്വാസിയെ പ്രേരിപ്പിച്ചുകൊണ്ടായിരിക്കാം ദൈവം അതുചെയ്യുന്നത്. ഇനി, ‘സാത്താന്റെ ദൂതൻ കുത്തിയാലെന്നപോലെ’ നമ്മെ നിരന്തരം ക്ലേശിപ്പിക്കുന്ന ‘ജഡത്തിലെ ഒരു ശൂലവുമായി’ നമുക്കു പൊരുത്തപ്പെടേണ്ടതുണ്ടായിരിക്കാം. അപ്പോൾ, ആവശ്യമായ വിവേകവും ആന്തരികബലവും നൽകിക്കൊണ്ടായിരിക്കാം യഹോവ നമ്മുടെ തുണയ്ക്കെത്തുന്നത്.—2 കൊരി. 12:7-10; 1 തെസ്സ. 5:14.
യേശുവിനെ അനുകരിക്കുക
11. യേശുവിനെ സഹായിക്കാൻ ദൂതന്മാരെ ഉപയോഗിച്ചതെങ്ങനെ, ദൈവത്തോട് വിശ്വസ്തനായിരുന്നതുകൊണ്ട് യേശുവിന് എന്തു സാധ്യമായി?
11 യേശുവിനോടുള്ള ബന്ധത്തിൽ യഹോവ ദൂതന്മാരെ ഉപയോഗിച്ചത് എങ്ങനെയെന്നു നമുക്കു നോക്കാം. അവർ അവന്റെ ജനനത്തെയും ഉയിർപ്പിനെയും കുറിച്ച് പ്രഖ്യാപിക്കുകയും അവൻ ഭൂമിയിലായിരുന്നപ്പോൾ അവനെ ശുശ്രൂഷിക്കുകയും ചെയ്തു. യേശുവിന്റെ അറസ്റ്റും തുടർന്നുള്ള മരണവും ദൂതന്മാർക്ക് തടയാനാകുമായിരുന്നു; എന്നാൽ ദൈവം ഒരു ദൂതനെ അയച്ച് അവനെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണു ചെയ്തത്. (മത്താ. 28:5, 6; ലൂക്കൊ. 2:8-11; 22:43) യഹോവ ഉദ്ദേശിച്ചതുപോലെ, യേശു ത്യാഗപൂർണമായ ഒരു മരണം വരിക്കുകയും അതിതീവ്രമായ പരിശോധനയിലും ഒരു പൂർണമനുഷ്യന് ദൈവത്തോടു വിശ്വസ്തനായിരിക്കാൻ സാധിക്കുമെന്നു തെളിയിക്കുകയും ചെയ്തു. അതുകൊണ്ട് യഹോവ അവനെ അമർത്യ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിച്ച് “സകല അധികാരവും” അവനു നൽകി; ദൂതന്മാരെപ്പോലും അവന്റെ അധീനതയിലാക്കിക്കൊടുത്തു. (മത്താ. 28:18; പ്രവൃ. 2:32; 1 പത്രൊ. 3:22) യേശു അങ്ങനെ ‘സ്ത്രീയുടെ സന്തതിയുടെ’ മുഖ്യഭാഗമാണെന്നു തെളിഞ്ഞു.—ഉല്പ. 3:15; ഗലാ. 3:16.
12. സമനിലയോടെ കാര്യങ്ങളെ വീക്ഷിക്കുന്നതിൽ യേശു എന്തു മാതൃക വെച്ചു?
12 വീണ്ടുവിചാരമില്ലാതെ കാര്യങ്ങൾ ചെയ്തിട്ട് ദൂതന്മാർവന്ന് സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് യേശുവിന് അറിയാമായിരുന്നു; കാരണം അത് യഹോവയെ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു. (മത്തായി 4:5-7 വായിക്കുക.) അതുകൊണ്ട് യേശുവിനെ അനുകരിച്ചുകൊണ്ട് നമുക്ക് ‘സുബോധത്തോടെ’ ജീവിക്കാം. സാഹസികതയ്ക്കൊന്നും മുതിരാതെ പീഡനങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാം.—തീത്തൊ. 2:13.
വിശ്വസ്തരായ ദൂതന്മാരിൽനിന്ന് നമുക്ക് എന്തു പഠിക്കാം
13. 2 പത്രൊസ് 2:9-11-ൽ പറഞ്ഞിരിക്കുന്ന വിശ്വസ്തദൂതന്മാരിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13 യഹോവയുടെ അഭിഷിക്തരെ നിന്ദിച്ചു സംസാരിച്ചവരെ ശാസിച്ചപ്പോൾ അപ്പൊസ്തലനായ പത്രൊസ് വിശ്വസ്തരായ ദൂതന്മാരുടെ നല്ല ദൃഷ്ടാന്തത്തിലേക്കു വിരൽചൂണ്ടി. അവർ ശക്തന്മാരായിരുന്നെങ്കിലും “കർത്താവിന്റെ സന്നിധിയിൽ” ദൂഷണവിധി ഉച്ചരിച്ചില്ല. അതായത്, യഹോവയോടുള്ള ആദരവു നിമിത്തം അങ്ങനെയൊരു നടപടിക്കു അവർ മുതിർന്നില്ല എന്ന് അർഥം. (2 പത്രൊസ് 2:9-11 വായിക്കുക.) അതുകൊണ്ട് നമുക്കും അനുചിതമായി വിധിക്കാതെ സഭയിൽ മേൽവിചാരക സ്ഥാനങ്ങളിലുള്ളവരെ ബഹുമാനിക്കാം; ഏറ്റവും വലിയ ന്യായാധിപതിയായ യഹോവയുടെ കയ്യിൽ കാര്യങ്ങൾ ഭരമേൽപ്പിക്കാം.—റോമ. 12:18, 19; എബ്രാ. 13:17.
14. താഴ്മയോടെ സേവിക്കുന്നതിന്റെ ഏതു ദൃഷ്ടാന്തമാണ് ദൂതന്മാർ വെച്ചിരിക്കുന്നത്?
14 താഴ്മയോടെ സേവനം അനുഷ്ഠിക്കുന്നതിന്റെ മികച്ച മാതൃകകളാണ് യഹോവയുടെ ദൂതന്മാർ. സ്വന്തം പേര് മനുഷ്യർക്കു വെളിപ്പെടുത്താൻ ചില ദൂതന്മാർ വിസമ്മതിച്ചതായി നാം കാണുന്നു. (ഉല്പ. 32:29; ന്യായാ. 13:17, 18) ലക്ഷക്കണക്കിനു ദൂതന്മാർ സ്വർഗത്തിലുണ്ടെങ്കിലും രണ്ടുപേരുടെ പേരുകൾ മാത്രമേ ബൈബിൾ വെളിപ്പെടുത്തുന്നുള്ളൂ: മീഖായേൽ, ഗബ്രീയേൽ. (ലൂക്കൊ. 1:26; വെളി. 12:7) അനാവശ്യ ആദരവും മാനവും ദൂതന്മാർക്കു കൊടുക്കാതിരിക്കാൻ ഇത് നമുക്കൊരു സംരക്ഷണമാണ്. അപ്പൊസ്തലനായ യോഹന്നാൻ ഒരു ദൂതന്റെ കാൽക്കൽവീണ് അവനെ നമസ്കരിക്കാനൊരുങ്ങിയപ്പോൾ അതു തടഞ്ഞുകൊണ്ട് ആ ദൂതൻ പറഞ്ഞു: ‘അതരുതു; ഞാൻ നിന്റെയും നിന്റെ സഹോദരന്മാരുടെയും സഹഭൃത്യനത്രേ.’ (വെളി. 22:8, 9) പ്രാർഥനയുൾപ്പെടെയുള്ള നമ്മുടെ ആരാധന ദൈവത്തിനുമാത്രം അർഹതപ്പെട്ടതാണ്.—മത്തായി 4:8-10 വായിക്കുക.
15. ക്ഷമയോടെ കാത്തിരിക്കുന്നതിൽ ദൂതന്മാർ നമുക്ക് എന്തു മാതൃക വെച്ചിരിക്കുന്നു?
15 ക്ഷമയോടെ കാത്തിരിക്കുന്നതിലും ദൂതന്മാർ നല്ലൊരു മാതൃകയാണ്. ദൈവത്തിന്റെ പാവനരഹസ്യങ്ങൾ അറിയാൻ അവർക്കു അതീവതാത്പര്യം ഉണ്ടെങ്കിലും, അതെല്ലാം അവർക്കു വെളിപ്പെടുത്തിക്കൊടുത്തിട്ടില്ല. ‘അതിലേക്കു ദൈവദൂതന്മാർ കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു’ എന്ന് ബൈബിൾ പറയുന്നു. (1 പത്രൊ. 1:12) എന്നാൽ, ദൈവത്തിന്റെ “ബഹുവിധമായ ജ്ഞാനം” തക്ക സമയത്ത് “സഭമുഖാന്തരം” വെളിപ്പെട്ടുവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ അവർ തയ്യാറാണ്.—എഫെ. 3:10, 11.
16. നമ്മുടെ പ്രവൃത്തികൾ ദൂതന്മാരെ എങ്ങനെ സ്വാധീനിക്കുന്നു?
16 പീഡനങ്ങൾക്കിരയാകുന്ന ക്രിസ്ത്യാനികൾ ‘ദൂതന്മാർക്ക് ഒരു കൂത്തുകാഴ്ചയാണെന്ന്’ ബൈബിൾ പറയുന്നു; അതായത് ക്രിസ്ത്യാനികൾ പീഡനങ്ങൾക്കിരയാകുന്നത് ദൂതന്മാർ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അർഥം. (1 കൊരി. 4:9) നാം വിശ്വസ്തതയോടെ സഹിച്ചുനിൽക്കുന്നതിൽ അവർ എത്ര സന്തുഷ്ടരാണെന്നോ! അതുമാത്രമോ? ഒരു പാപിയുടെ മാനസാന്തരംപോലും അവരെ സന്തോഷഭരിതരാക്കുന്നു. (ലൂക്കൊ. 15:10) ക്രിസ്തീയ സ്ത്രീകൾ ദൈവഭയത്തിൽ നടക്കുന്നതും അവർ ശ്രദ്ധിക്കുന്നുണ്ട്. “സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (1 കൊരി. 11:3, 10) അതെ, ക്രിസ്തീയ സ്ത്രീകളും അതുപോലെ മറ്റു ദൈവദാസരും ദിവ്യാധിപത്യ ക്രമീകരണങ്ങൾക്കും ശിരഃസ്ഥാനത്തിനും കീഴടങ്ങിയിരിക്കുന്നത് ദൂതന്മാരെ സന്തോഷിപ്പിക്കുന്നു. ഇത്തരത്തിലുള്ള അനുസരണം ദൈവത്തിന്റെ ഈ സ്വർഗീയ പുത്രന്മാർക്ക് ഒരു നല്ല ഓർമക്കുറിപ്പാണ്.
സുവാർത്താപ്രസംഗത്തെ ദൂതന്മാർ ശുഷ്കാന്തിയോടെ പിന്തുണയ്ക്കുന്നു
17, 18. പ്രസംഗ പ്രവർത്തനത്തിന് ദൂതപിന്തുണയുണ്ടെന്ന് പറയാനാകുന്നത് എന്തുകൊണ്ട്?
17 ‘കർത്തൃദിവസത്തിൽ’ അരങ്ങേറുന്ന ചില പ്രധാനസംഭവങ്ങളിലും ദൂതന്മാർ ഒരു പങ്കുവഹിക്കുന്നു. 1914-ലെ ദൈവരാജ്യത്തിന്റെ ജനനം, തുടർന്ന് “മീഖായേലും അവന്റെ ദൂതന്മാരും” ചേർന്ന് സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് നിഷ്കാസനം ചെയ്ത നടപടി എന്നിവയൊക്കെ അതിൽപ്പെടുന്നു. (വെളി. 1:10; 11:15; 12:5-9) അപ്പൊസ്തലനായ യോഹന്നാൻ ഒരു ‘ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു കണ്ടു; ഭൂവാസികളോട് അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.’ ആ ദൂതൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ.” (വെളി. 14:6, 7) സ്വർഗത്തിൽ സ്ഥാപിതമായ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത, സാത്താന്റെ ശക്തമായ എതിർപ്പിന്മധ്യേയും ഘോഷിക്കുന്ന ദൈവദാസന്മാർക്ക് ദൂതപിന്തുണ ഉണ്ടെന്നുള്ളതിന്റെ ഉറപ്പല്ലേ ഈ വാക്കുകൾ!—വെളി. 12:13, 17.
18 എത്യോപ്യൻ ഷണ്ഡന്റെ അടുക്കലേക്ക് ഫിലിപ്പൊസിനെ അയച്ച അതേവിധത്തിൽ ദൂതന്മാർ ഇന്നു നമ്മെ സത്യാന്വേഷികളുടെ അടുക്കലേക്കു നയിക്കുന്നില്ല. അന്ന് ഒരു ദൂതൻ ഫിലിപ്പൊസിനെ സമീപിച്ച് അവനോടു നേരിട്ടു സംസാരിച്ച് വഴിനയിക്കുകയായിരുന്നല്ലോ. (പ്രവൃ. 8:26-29) എന്നിരുന്നാലും നമ്മുടെ ഈ കാലത്തും, പ്രസംഗ പ്രവർത്തനത്തിലും അതുപോലെ ‘നിത്യജീവന്നായി നിയമിക്കപ്പെട്ടവരുടെ’ അടുക്കലേക്കു നമ്മെ നയിക്കുന്നതിലും ദൂതന്മാരുടെ അദൃശ്യകരങ്ങളുടെ പിന്തുണ നമുക്കുണ്ട് എന്നതിന്റെ പല അനുഭവങ്ങളുമുണ്ട്.a (പ്രവൃ. 13:48) “പിതാവിനെ ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്താനായി ശുശ്രൂഷയിൽ ക്രമമായി നാം പങ്കുപറ്റേണ്ടത് എത്ര പ്രധാനമാണ്!—യോഹ. 4:23, 24.
19, 20. ലോകാവസാനനാളുകളെ കുറിക്കുന്ന സംഭവങ്ങളിൽ ദൂതന്മാരുടെ പങ്ക് എന്താണ്?
19 “ലോകാവസാന”നാളുകളിൽ, അതായത് നമ്മുടെ കാലത്ത് ദൂതന്മാർ ‘നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിക്കുമെന്ന്’ യേശു പറയുകയുണ്ടായി. (മത്താ. 13:37-43, 49) അഭിഷിക്ത ക്രിസ്ത്യാനികളുടെ അന്തിമ കൂട്ടിച്ചേർക്കലിലും മുദ്രയിടീലിലും ദൂതന്മാർ ഒരു പങ്കുവഹിക്കും. (മത്തായി 24:31 വായിക്കുക; വെളി. 7:1-3) ഇനി, യേശു “ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ” വേർതിരിക്കുമ്പോഴും ഇവർ സന്നിഹിതരായിരിക്കും.—മത്താ. 25:31-33, 46.
20 ‘കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനാകുമ്പോൾ, ദൈവത്തെ അറിയാത്തവരെയും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരെയും’ നശിപ്പിച്ചുകളയും. (2 തെസ്സ. 1:6-10) ഈ സംഭവം ദർശനത്തിലൂടെ കണ്ട യോഹന്നാൻ, യേശുവും സ്വർഗീയ ദൂതസൈന്യവും വെള്ളക്കുതിരപ്പുറത്ത് നീതിപൂർവകമായ യുദ്ധത്തിനു പുറപ്പെടുന്നതായി വിവരിക്കുന്നു.—വെളി. 19:11-14.
21. ‘അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ച ദൂതൻ’ സാത്താനെയും ഭൂതങ്ങളെയും എന്തുചെയ്യും?
21 “ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു” ഇറങ്ങുന്നതായും യോഹന്നാൻ കാണുന്നു. ഇത് പ്രധാനദൂതനായ മീഖായേലല്ലാതെ മറ്റാരുമല്ല. അവൻ പിശാചിനെയും സാധ്യതയനുസരിച്ച് ഭൂതങ്ങളെയും ബന്ധിച്ച് അഗാധകൂപത്തിലേക്ക് എറിയും. ക്രിസ്തുവിന്റെ ആയിരംവർഷവാഴ്ചയുടെ അവസാനം, പൂർണതയുള്ള മനുഷ്യവർഗത്തിന്റെ അന്തിമപരിശോധനയ്ക്കായി അവരെ അൽപ്പസമയത്തേക്ക് അഴിച്ചുവിടും. അതിനുശേഷം സാത്താനും മറ്റെല്ലാ മത്സരികളും എന്നേയ്ക്കുമായി നശിപ്പിക്കപ്പെടും. (വെളി. 20:1-3, 7-10; 1 യോഹ. 3:8) ദൈവത്തിനെതിരെയുള്ള സകല മത്സരവും അതോടെ നീക്കം ചെയ്യപ്പെട്ടിരിക്കും.
22. തൊട്ടുമുന്നിൽ നടക്കാനിരിക്കുന്ന സംഭവങ്ങളിൽ ദൂതന്മാർ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ, അവരുടെ പങ്കിനെ നാം എങ്ങനെ വീക്ഷിക്കണം?
22 സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയിൽനിന്നുള്ള ആ മഹത്തായ വിടുതൽ നമ്മുടെ തൊട്ടുമുന്നിൽ എത്തിയിരിക്കുന്നു. യഹോവയുടെ പരമാധികാരത്തിന്മേൽ വീണിരിക്കുന്ന സകല നിന്ദയും നീക്കുന്ന സുപ്രധാന സംഭവങ്ങളിലും മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച ദൈവോദ്ദേശ്യം പൂർത്തീകരിക്കുന്നതിലും ദൂതന്മാർക്ക് ഒരു നിർണായക പങ്കുണ്ട്. വിശ്വസ്തരായ ദൂതന്മാർ തീർച്ചയായും ‘രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കൾതന്നെയാണ്.’ ദൈവേഷ്ടം ചെയ്യാനും നിത്യജീവൻ നേടാനും നമ്മെ സഹായിക്കുന്നതിനുവേണ്ടി യഹോവയാം ദൈവം ദൂതന്മാരെ ഉപയോഗിക്കുന്നതിൽ നമുക്ക് യഹോവയോട് നന്ദിയുള്ളവരായിരിക്കാം.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) പേജ് 549-551 കാണുക.
ഉത്തരം പറയാമോ?
• ദൂതന്മാർ എങ്ങനെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു?
• നോഹയുടെ കാലത്ത് ചില ദൂതന്മാർ എന്തു ചെയ്തു?
• നമ്മെ സഹായിക്കാൻ ദൈവം ദൂതന്മാരെ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
• ഇന്ന് വിശ്വസ്ത ദൂതന്മാർ എങ്ങനെ പ്രവർത്തിക്കുന്നു?
[21-ാം പേജിലെ ചിത്രം]
ദൂതന്മാർ സന്തോഷത്തോടെ ദൈവേഷ്ടം നിവർത്തിക്കുന്നു
[23-ാം പേജിലെ ചിത്രം]
ദാനീയേലിന്റെ കാര്യത്തിലെന്നപോലെ ദൈവഹിതപ്രകാരം, മനുഷ്യകാര്യാദികളിൽ ഇടപെടാൻ ദൂതന്മാർ എപ്പോഴും ഒരുക്കമുള്ളവരാണ്
[24-ാം പേജിലെ ചിത്രങ്ങൾ]
ധൈര്യമായിരിക്കുക! നമ്മുടെ പ്രസംഗപ്രവർത്തനത്തിന് ദൂതന്മാരുടെ പിന്തുണയുണ്ട്
[കടപ്പാട്]
Globe: NASA photo