നമ്മുടെ സാഹിത്യം ജ്ഞാനപൂർവം ഉപയോഗിക്കുക
1 സംഘടിതമായ രീതിയിൽ നാം സാഹിത്യങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് 1879 ജൂലൈ 1 ലക്കം വീക്ഷാഗോപുരം മാസികയുടെ 6,000 പ്രതികൾ വിതരണം ചെയ്തുകൊണ്ടാണ്. അന്നുമുതൽ, നാനാ തരത്തിലുള്ള സാഹിത്യങ്ങൾ അച്ചടിച്ച് വിപുലമായി വിതരണം ചെയ്തിരിക്കുന്നു.
ലളിതമാക്കപ്പെട്ട സാഹിത്യ വിതരണ ക്രമീകരണം
2 പ്രസാധകർക്കും താത്പര്യമുള്ള പൊതുജനങ്ങൾക്കും, സാഹിത്യവും മാസികകളും, ഒരു നിശ്ചിത വില ആവശ്യപ്പെടുകയോ നിർദേശിക്കുകയോ ചെയ്യാതെ, ലളിതമാക്കപ്പെട്ട സാഹിത്യ വിതരണ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രദാനം ചെയ്യപ്പെടുമെന്ന് 1999 നവംബർ പകുതിയോടെ വിശദീകരിക്കപ്പെടുകയുണ്ടായി. സുവാർത്ത പ്രസിദ്ധമാക്കുകയെന്ന ലോകവ്യാപക വേലയെ പിന്തുണയ്ക്കാനായി സാഹിത്യം സമർപ്പിക്കുമ്പോൾ സ്വമേധയാ-സംഭാവനകൾ സ്വീകരിക്കുന്നതായിരിക്കും. ഈ ക്രമീകരണത്തെ യഹോവ അനുഗ്രഹിക്കുമെന്ന് നമുക്കു വിശ്വാസമുണ്ട്.—മത്തായി 6:33 താരതമ്യം ചെയ്യുക.
വയലിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ
3 താത്പര്യം ഉണർത്തുന്നതിനായി നാം തുടർന്നും സുവാർത്ത അവതരിപ്പിക്കും. താത്പര്യം കാണിക്കാത്തിടത്ത് നാം സാഹിത്യം കൊടുക്കേണ്ടതില്ല. താത്പര്യമില്ലാത്തവർക്ക് നൽകിക്കൊണ്ട് നമ്മുടെ ഒരു സാഹിത്യവും പാഴാക്കാൻ നാം ആഗ്രഹിക്കുന്നില്ല. അതേസമയം, വീട്ടുകാരൻ താത്പര്യം കാണിക്കുകയും സാഹിത്യം വായിക്കാമെന്നു സമ്മതിക്കുകയും ചെയ്യുന്നിടത്ത് അതു നൽകാവുന്നതാണ്. നമ്മുടെ സാഹിത്യം ജ്ഞാനപൂർവം ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു.
4 സാഹിത്യം കാണിച്ചിട്ട് നിങ്ങൾക്കു പറയാവുന്ന ചില അഭിപ്രായങ്ങളാണു പിൻവരുന്നവ: “ഈ പ്രസിദ്ധീകരണം വായിക്കാൻ ഇഷ്ടമാണെങ്കിൽ ഇതു താങ്കൾക്കു തരാൻ എനിക്കു സന്തോഷമുണ്ട്.” “ഇതിന് എത്ര രൂപയാ?” വീട്ടുകാരൻ നിങ്ങളോടു ചോദിച്ചേക്കാം. നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: “ഇത് ഒരു കച്ചവടമല്ല. ഞങ്ങൾ ഈ സാഹിത്യങ്ങൾ വിൽക്കുകയല്ല. നിങ്ങളുടെ പ്രദേശത്തു ഞങ്ങൾ ചെയ്യുന്ന ഈ വേല, നിത്യജീവനിലേക്കുള്ള വഴി കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനു വേണ്ടി, ലോകത്തിനു ചുറ്റും 233 രാജ്യങ്ങളിലായി സ്വമേധയാ നടത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വേലയ്ക്കായി സംഭാവന ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, അതു സ്വീകരിക്കാൻ ഞാൻ സന്തോഷമുള്ളവനാണ്.”
5 മാസികകൾ സമർപ്പിക്കുമ്പോൾ, ഒരു പ്രത്യേക ലേഖനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ട് നിങ്ങൾക്ക് ഇങ്ങനെ പറയാം: “അതു സംബന്ധിച്ച വിശദാംശങ്ങൾ ഈ ലേഖനത്തിൽനിന്നു വായിക്കാൻ ഞാൻ താങ്കളെ പ്രോത്സാഹിപ്പിക്കുകയാണ്. ഈ മാസികകൾ രണ്ടും വായിക്കാൻ താത്പര്യമുണ്ടെങ്കിൽ, ഇവ താങ്കൾക്കു തരാൻ എനിക്കു സന്തോഷമുണ്ട്.” മാസികകൾ സ്വീകരിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇതു കൂടി പറയാം: “ഈ വിവരം താങ്കൾക്കു ലഭ്യമാക്കാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. ഈ വിഷയം യഥാർഥത്തിൽ വിജ്ഞാനപ്രദമാണെന്നു താങ്കൾ കണ്ടെത്തുമെന്നു ഞാൻ കരുതുന്നു. ഇതേക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിയാനായി അടുത്ത ആഴ്ച മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു. വീക്ഷാഗോപുരം മാസിക 132 ഭാഷകളിൽ പ്രസിദ്ധീകരിച്ച് 2,20,00,000 പ്രതികൾ ലോകത്തിനു ചുറ്റും വിതരണം ചെയ്യപ്പെടുന്നുണ്ട്. ഈ വേല മൊത്തം സ്വമേധയാ സംഭാവനകളാലാണു നടത്തപ്പെടുന്നത്. ഈ വിദ്യാഭ്യാസ വേലയ്ക്കായി ചെറിയൊരു സംഭാവന നൽകാൻ താങ്കളും താത്പര്യപ്പെടുന്നെങ്കിൽ, അതു സ്വീകരിക്കാൻ ഞങ്ങൾക്കു സന്തോഷമായിരിക്കും.”
6 ചില സന്ദർഭങ്ങളിൽ, നമ്മുടെ ലോകവ്യാപക വേലയ്ക്കു വേണ്ടിയുള്ള സംഭാവനയെ കുറിച്ചു ചർച്ച ചെയ്യുന്നത് അത്ര അഭിലഷണീയം അല്ലായിരുന്നേക്കാം. ഉദാഹരണമായി, താത്പര്യമുള്ള ഒരു വീട്ടുകാരൻ ഇങ്ങനെ ചോദിച്ചേക്കാം: “നിങ്ങൾ ഇതു വെറുതെയാണോ കൊടുക്കുന്നത്?” നമുക്ക് ഇങ്ങനെ മറുപടി പറയാം: “ഈ പ്രസിദ്ധീകരണം വായിക്കാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്നെങ്കിൽ, താങ്കൾക്ക് അത് എടുക്കാം. നാമിപ്പോൾ സംസാരിച്ചതിനെ കുറിച്ചു ചർച്ച ചെയ്യാനും ഞങ്ങളുടെ ലോകവ്യാപക വേലയെപ്പറ്റി കൂടുതലായി പറയാനും നിങ്ങളെ അടുത്ത ആഴ്ച സന്ദർശിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.” നമ്മുടെ വേലയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് എങ്ങനെയെന്നു തുടർന്നുള്ള സന്ദർശനങ്ങളിൽ വീട്ടുകാരനോടു പറയാവുന്നതാണ്.
7 അല്ലെങ്കിൽ വീട്ടുകാരൻ പെട്ടെന്നു സാഹിത്യം മേടിച്ചിട്ട് “നന്ദി” എന്നു പറഞ്ഞേക്കാം. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ശരി. താങ്കൾ ഇതിന്റെ വായന ആസ്വദിക്കുമെന്ന് എനിക്കറിയാം. ഞങ്ങൾ ലോകവ്യാപകമായി ഈ വേല ചെയ്യുന്നതിനാൽ, ഇതിനൊക്കെയുള്ള പണം എവിടെനിന്നാണു ലഭിക്കുന്നതെന്ന് അനേകർ അതിശയിക്കുന്നു. ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുന്ന അനേകരും അതിൽനിന്നു തങ്ങൾക്കു പഠിക്കാൻ കഴിയുന്ന കാര്യങ്ങളെ പ്രതി വിലമതിപ്പു പ്രകടിപ്പിക്കുകയും ഈ പ്രസിദ്ധീകരണങ്ങളുടെ കൂടുതലായ വിതരണം സാധ്യമാക്കുന്നതിനു ചെറിയ സംഭാവനകൾ സ്വമേധയാ നൽകുകയും ചെയ്തിട്ടുണ്ട്. ആളുകൾ അങ്ങനെ തരുന്നെങ്കിൽ, ഞങ്ങൾ അതു സന്തോഷത്തോടെ സ്വീകരിക്കും.”
യഥാർഥ താത്പര്യമുണ്ടോ?
8 സാഹിത്യം വിവേചനാരഹിതമായി വിതരണം ചെയ്യുക എന്നതല്ല തീർച്ചയായും നമ്മുടെ ഉദ്ദേശ്യം. യഹോവയുടെ അത്ഭുതാവഹമായ ഉദ്ദേശ്യങ്ങളെക്കുറിച്ചു പഠിക്കാൻ ആത്മാർഥ ഹൃദയരെ സഹായിക്കുകയെന്ന ഉദ്ദേശ്യത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന നമ്മുടെ സാഹിത്യങ്ങൾ ആ ലക്ഷ്യം നേടാൻ നാം ആഗ്രഹിക്കുന്നു. ആത്മീയ കാര്യങ്ങളോടു യാതൊരു വിലമതിപ്പും ഇല്ലാത്തവർക്കു സാഹിത്യങ്ങൾ നൽകുന്നത് ഒരു പാഴ്ചെലവായിരിക്കും. (എബ്രാ. 12:16, NW) സാഹിത്യത്തിന്റെ ഫലകരമായ വിതരണം യഥാർഥ താത്പര്യം തിരിച്ചറിയാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. അത്തരം താത്പര്യം എങ്ങനെ മനസ്സിലാക്കാൻ കഴിയും? നിങ്ങളുമായി സംസാരിക്കാനുള്ള ദയാപുരസ്സരമായ മനസ്സൊരുക്കം നല്ലൊരു അടയാളമാണ്. അല്ലെങ്കിൽ, നിങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നത് വ്യക്തി ചർച്ചയിൽ ഉൾപ്പെടുന്നതിന്റെ തെളിവാണ്. നിങ്ങളോട് ആദരവോടെ, സൗഹാർദപരമായി സംസാരിക്കുന്നത് ഒരു നല്ല മനഃസ്ഥിതിയെ സൂചിപ്പിക്കുന്നു. നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ അത് ഒത്തുനോക്കുന്നത് ദൈവവചനത്തോടുള്ള ആദരവിനെ കാണിക്കുന്നു. നൽകുന്ന സാഹിത്യം വായിക്കുമോ എന്നു ചോദിക്കുന്നത് മിക്കപ്പോഴും സഹായകമാണ്. കൂടാതെ, സംഭാഷണം തുടരാനായി മടങ്ങിച്ചെല്ലുന്നതിനെ കുറിച്ചു നിങ്ങൾക്കു പറയാവുന്നതാണ്. അതിനോടുള്ള അനുകൂല പ്രതികരണം അവരുടെ താത്പര്യത്തിന്റെ കൂടുതലായ ഒരു തെളിവാണ്. ആത്മാർഥ താത്പര്യത്തിന്റെ അത്തരം തെളിവുകൾ നിങ്ങൾ കാണുന്നെങ്കിൽ, തനിക്കു ലഭിക്കുന്ന ഏതൊരു സാഹിത്യവും ആ വ്യക്തി നല്ല വിധത്തിൽ ഉപയോഗിക്കാൻ ഇടയുണ്ട്.
9 നമ്മുടെ വേല ചെയ്യുന്ന വിധത്തിലെ ഈ പൊരുത്തപ്പെടുത്തൽ നാം ‘ദൈവവചനം കൊണ്ടുനടന്നു വിൽക്കുന്നവരല്ല’ എന്നതിനു കൂടുതലായ തെളിവു നൽകുന്നു. (2 കൊരി. 2:17, NW) നാം ലോകത്തിൽനിന്നു വേറിട്ടു നിൽക്കുന്നവരാണെന്ന് ഇതു തെളിയിക്കുകയും ചെയ്യുന്നു.—യോഹ. 17:14.
10 മഹാബാബിലോന്റെ നാശം അടുത്തുവരവെ, സകല മത ഘടകങ്ങൾക്കും എതിരായി സമ്മർദങ്ങൾ വർധിച്ചുവരികയാണ്. ഇനിയും അനേകരെ രക്ഷയിലേക്കു കൊണ്ടുവന്നുകൊണ്ട് സുപ്രധാനമായ ഈ ലോകവ്യാപക പ്രസംഗവേല നിർവിഘ്നം മുന്നോട്ടുപോകണം എന്നതാണു നമ്മുടെ മുഖ്യ താത്പര്യം.—മത്താ. 24:14; റോമ. 10:13, 14.