പഠനലേഖനം 43
മടുത്ത് പിന്മാറരുത്!
“നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്.”—ഗലാ. 6:9.
ഗീതം 68 രാജ്യവിത്ത് വിതയ്ക്കാം
പൂർവാവലോകനംa
1. യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിൽ നമുക്കു സന്തോഷവും അഭിമാനവും തോന്നുന്നത് എന്തുകൊണ്ട്?
യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിൽ നമുക്ക് ഒരുപാടു സന്തോഷവും അഭിമാനവും തോന്നുന്നു. നമ്മൾ യഹോവയുടെ ജനമാണ്. മാത്രമല്ല യഹോവയെക്കുറിച്ച് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തിന്റെ സാക്ഷികളാണെന്നു തെളിയിക്കുകയും ചെയ്യുന്നു. കൂടാതെ, ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ വിശ്വാസത്തിലേക്കു വരാൻ സഹായിക്കുന്നതു നമുക്ക് ഒത്തിരി സന്തോഷം തരുന്ന കാര്യമാണ്. (പ്രവൃ. 13:48) യേശുവിന്റെ ശിഷ്യന്മാർ പ്രസംഗപ്രവർത്തനത്തിൽ തങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ യേശു ‘അതിയായി സന്തോഷിച്ചു.’ അതുപോലൊരു സന്തോഷമാണു നമുക്കും തോന്നുന്നത്.—ലൂക്കോ. 10:1, 17, 21.
2. പ്രസംഗപ്രവർത്തനത്തെ നമ്മൾ വളരെ ഗൗരവത്തോടെ കാണുന്നു എന്ന് എങ്ങനെ തെളിയിക്കാം?
2 പ്രസംഗപ്രവർത്തനത്തെ നമ്മൾ ഗൗരവത്തോടെയാണു കാണുന്നത്. പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിനോട് ഇങ്ങനെ പറഞ്ഞു: “നിനക്കും നിന്റെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക.” അതിന്റെ കാരണവും പൗലോസുതന്നെ പറയുന്നു: “എങ്കിൽ, നിന്നെത്തന്നെയും നിന്നെ ശ്രദ്ധിക്കുന്നവരെയും നീ രക്ഷിക്കും.” (1 തിമൊ. 4:16) അതെ, ജീവൻ രക്ഷിക്കുന്ന ഒരു പ്രവർത്തനമാണ് ഇത്. അതുകൊണ്ട് നമ്മൾ നമുക്കുതന്നെയും നമ്മുടെ പഠിപ്പിക്കലിനും ശ്രദ്ധ കൊടുക്കുന്നു. എങ്ങനെയാണു നമ്മൾ നമുക്കുതന്നെ ശ്രദ്ധ കൊടുക്കുന്നത്? ദൈവരാജ്യത്തിന്റെ പ്രജകളായ നമ്മൾ യഹോവയെ മഹത്ത്വപ്പെടുത്തുന്ന രീതിയിലും നമ്മൾ അറിയിക്കുന്ന സന്തോഷവാർത്തയ്ക്കു ചേർച്ചയിലും എപ്പോഴും ജീവിക്കാൻ ശ്രമിക്കുന്നു. (ഫിലി. 1:27) ഇനി, നമ്മുടെ ‘പഠിപ്പിക്കലിനു നമ്മൾ ശ്രദ്ധ കൊടുക്കുന്നത്’ എങ്ങനെയാണ്? ശുശ്രൂഷയ്ക്കുവേണ്ടി നന്നായി തയ്യാറാകുകയും പ്രസംഗപ്രവർത്തനത്തിനു പോകുന്നതിനു മുമ്പ് യഹോവയുടെ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്തുകൊണ്ടാണ് അതു ചെയ്യുന്നത്.
3. നമ്മൾ എത്ര നന്നായി പ്രവർത്തിച്ചാലും എല്ലാവരും ദൈവരാജ്യ സന്ദേശം സ്വീകരിക്കണമെന്നുണ്ടോ? ഒരു ഉദാഹരണം പറയുക.
3 നമ്മൾ എത്രതന്നെ നന്നായി പ്രവർത്തിച്ചാലും ചിലപ്പോൾ നമ്മുടെ പ്രദേശത്തെ ആളുകൾ ദൈവരാജ്യ സന്ദേശത്തോടു താത്പര്യം കാണിക്കണമെന്നില്ല. നമുക്കു ജോർജ് ലിൻഡൽ സഹോദരന്റെ അനുഭവം നോക്കാം. അദ്ദേഹം 1929 മുതൽ 1947 വരെ ഒറ്റയ്ക്ക് ഐസ്ലാൻഡിൽ മുഴുവൻ പ്രസംഗപ്രവർത്തനം നടത്തി. അദ്ദേഹം പതിനായിരക്കണക്കിനു പ്രസിദ്ധീകരണങ്ങൾ ആളുകൾക്കു വിതരണം ചെയ്തെങ്കിലും ഒരാൾപ്പോലും സത്യം സ്വീകരിച്ചില്ല. അദ്ദേഹം എഴുതി: “അവരിൽ ചിലർ സത്യത്തിന് എതിരായി ഒരു നിലപാട് എടുത്തിരിക്കുന്നതുപോലെ തോന്നുന്നു. ബാക്കിയുള്ള ഭൂരിഭാഗത്തിനും ഒരുതരം നിസ്സംഗതയാണ്.” പിന്നീട് ഗിലെയാദിൽനിന്ന് ബിരുദം നേടിയ മിഷനറിമാർ അവിടെ എത്തി. അവരും ഒൻപതു വർഷം പ്രവർത്തിച്ചശേഷമാണ് ഐസ്ലാൻഡുകാരിൽ ചിലർ യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേറ്റത്.b
4. ആളുകൾ സന്തോഷവാർത്ത സ്വീകരിക്കാൻ തയ്യാറാകാത്തപ്പോൾ നമുക്ക് എന്തു തോന്നിയേക്കാം?
4 ആളുകൾ ബൈബിൾ പഠിക്കാൻ താത്പര്യം കാണിക്കാത്തപ്പോൾ നമുക്ക് ആകെപ്പാടെ നിരാശ തോന്നും. നമുക്ക് ഇപ്പോൾ പൗലോസിന്റെ കാര്യം നോക്കാം. മിക്ക ജൂതന്മാരും യേശുവിനെ മിശിഹയായി അംഗീകരിക്കാഞ്ഞപ്പോൾ തനിക്ക് “അതിയായ ദുഃഖവും അടങ്ങാത്ത വേദനയും” തോന്നി എന്നാണു പൗലോസ് പറഞ്ഞത്. (റോമ. 9:1-3) ഇനി, നമ്മൾ നന്നായി ശ്രമിക്കുകയും വിദ്യാർഥിക്കുവേണ്ടി പ്രാർഥിക്കുകയും ഒക്കെ ചെയ്തിട്ടും അദ്ദേഹം വേണ്ട പുരോഗതി വരുത്താത്തതിന്റെ പേരിൽ ഒരു ബൈബിൾപഠനം നിറുത്തേണ്ടിവരുന്നെങ്കിലോ? അതല്ലെങ്കിൽ നമ്മൾ ബൈബിൾ പഠിപ്പിച്ച ആരും ഇതുവരെ സമർപ്പിച്ച് സ്നാനമേറ്റിട്ടില്ലെങ്കിലോ? അതു നമ്മുടെ കുറ്റംകൊണ്ടാണെന്നോ യഹോവ നമ്മുടെ പ്രവർത്തനത്തെ അനുഗ്രഹിക്കുന്നില്ലെന്നോ ചിന്തിക്കേണ്ടതുണ്ടോ? ഈ ലേഖനത്തിൽ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും. (1) നമ്മുടെ പ്രസംഗപ്രവർത്തനം വിജയമാണോ എന്നു തീരുമാനിക്കുന്നത് എന്താണ്? (2) പ്രസംഗപ്രവർത്തനത്തിൽ മടുത്തുപോകാതിരിക്കാൻ നമ്മൾ എന്തു മനസ്സിൽപ്പിടിക്കണം?
പ്രസംഗപ്രവർത്തനത്തിന്റെ വിജയം അളക്കുന്നത് എങ്ങനെയാണ്?
5. യഹോവയുടെ സേവനത്തിൽ നമ്മൾ ചെയ്യുന്നതെല്ലാം എപ്പോഴും വിജയിക്കണമെന്നില്ല, എന്തുകൊണ്ട്?
5 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന ഒരാൾ “ചെയ്യുന്നതെല്ലാം സഫലമാകും” എന്നു ബൈബിൾ പറയുന്നു. (സങ്കീ. 1:3) എന്നാൽ യഹോവയുടെ സേവനത്തിൽ എന്തു ചെയ്താലും നമ്മൾ ആഗ്രഹിക്കുന്ന ഫലം കിട്ടുമെന്ന് അതിന് അർഥമില്ല. കാരണം നമ്മളെല്ലാം അപൂർണരായതുകൊണ്ട് ജീവിതം ഇന്നു ‘ദുരിതപൂർണമാണ്.’ (ഇയ്യോ. 14:1) ഇനി, പരസ്യമായി പ്രസംഗപ്രവർത്തനം ചെയ്യുന്നതിന് എതിരാളികൾ ചിലപ്പോൾ തടസ്സം സൃഷ്ടിച്ചേക്കാം. (1 കൊരി. 16:9; 1 തെസ്സ. 2:18) അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പ്രസംഗപ്രവർത്തനം വിജയമാണോ അല്ലയോ എന്ന് യഹോവ എങ്ങനെയാണു തീരുമാനിക്കുന്നത്? അതിനുള്ള ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
6. നമ്മുടെ പ്രസംഗപ്രവർത്തനം വിജയിച്ചോ എന്ന് യഹോവ എങ്ങനെയാണു തീരുമാനിക്കുന്നത്?
6 പ്രസംഗപ്രവർത്തനത്തിൽ നമ്മൾ ചെയ്യുന്ന കഠിനാധ്വാനവും മടുത്തുപോകാതെ നമ്മൾ അതിൽ തുടരുന്നതും യഹോവ ശ്രദ്ധിക്കുന്നു. ആളുകൾ കേട്ടാലും ഇല്ലെങ്കിലും യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതരായി നമ്മൾ ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം ചെയ്യുമ്പോൾ നമ്മൾ വിജയിച്ചതായി യഹോവ കണക്കാക്കും. പൗലോസ് എഴുതി: “വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല.” (എബ്രാ. 6:10) നമ്മൾ ഒരാളെ കുറെ കാലം ബൈബിൾ പഠിപ്പിച്ചിട്ടും അയാൾ സമർപ്പിച്ച് സ്നാനമേൽക്കുന്നില്ലെന്നിരിക്കട്ടെ. നിരാശപ്പെടരുത്. കാരണം, അതിനുവേണ്ടി നമ്മൾ ചെയ്ത ആ ശ്രമങ്ങളും നമ്മുടെ സ്നേഹവും ഒന്നും യഹോവ ഒരിക്കലും മറന്നുകളയില്ല. കൊരിന്തിലെ ക്രിസ്ത്യാനികൾക്കു പൗലോസ് എഴുതിയ വാക്കുകൾ നമുക്ക് ഓർക്കാം: “കർത്താവിന്റെ സേവനത്തിൽ നിങ്ങൾ അധ്വാനിക്കുന്നതു വെറുതേയല്ല.”—1 കൊരി. 15:58.
7. തന്റെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ പറഞ്ഞതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 അപ്പോസ്തലനായ പൗലോസ് നല്ലൊരു മിഷനറിയായിരുന്നു. അദ്ദേഹം പല നഗരങ്ങളിലും പുതിയപുതിയ സഭകൾ സ്ഥാപിച്ചു. പക്ഷേ ചില ആളുകൾ പൗലോസിന്റെ പഠിപ്പിക്കൽ രീതിയൊന്നും അത്ര നല്ലതല്ല എന്നു പറഞ്ഞ് അദ്ദേഹത്തെ വിമർശിച്ചു. ആ വിമർശകരുടെ വാദത്തിനു മറുപടി കൊടുക്കാൻവേണ്ടി ക്രിസ്ത്യാനികളായിത്തീരാൻ താൻ സഹായിച്ച ആളുകളുടെ എണ്ണമൊന്നും പൗലോസ് പറഞ്ഞില്ല. പകരം, “ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു” എന്നാണു പൗലോസ് എഴുതിയത്. (2 കൊരി. 11:23) അതുകൊണ്ട് പൗലോസിനെപ്പോലെ നമുക്കും ഒരു കാര്യം മനസ്സിൽപ്പിടിക്കാം. യഹോവ കൂടുതൽ പ്രാധാന്യമുള്ളതായി കാണുന്നതു പ്രസംഗപ്രവർത്തനത്തിൽ നമ്മൾ ചെയ്യുന്ന കഠിനാധ്വാനവും മടുത്തുപോകാതെ നമ്മൾ അതു തുടരുന്നതും ആണ്.
8. നമ്മുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് ഏതു കാര്യം നമ്മൾ മനസ്സിൽപ്പിടിക്കണം?
8 നമ്മുടെ പ്രസംഗപ്രവർത്തനം യഹോവയെ സന്തോഷിപ്പിക്കുന്നു. ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കാൻ യേശു 70 ശിഷ്യന്മാരെ അയച്ചപ്പോൾ അവർ ആ പ്രവർത്തനം കഴിഞ്ഞ് ‘സന്തോഷത്തോടെ മടങ്ങിവന്നു.’ അവർക്ക് അത്രയധികം സന്തോഷം തോന്നിയത് എന്തുകൊണ്ടായിരുന്നു? അവർ പറഞ്ഞു: “അങ്ങയുടെ പേര് ഉപയോഗിക്കുമ്പോൾ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു.” എന്നാൽ അവരുടെ ആ ചിന്തയെ തിരുത്തിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതുകൊണ്ടല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതുകൊണ്ട് സന്തോഷിക്കുക.” (ലൂക്കോ. 10:17-20) കാരണം, പ്രസംഗപ്രവർത്തനത്തിൽ അവർക്ക് എപ്പോഴും ഇത്ര നല്ല അനുഭവം ഉണ്ടാകില്ലെന്നു യേശുവിന് അറിയാമായിരുന്നു. ശരിക്കും പറഞ്ഞാൽ അന്ന് അവർ അറിയിച്ച ആ സന്ദേശം കേട്ട എത്ര പേർ ഒടുവിൽ ക്രിസ്ത്യാനികളായിത്തീർന്നു എന്നൊന്നും നമുക്ക് അറിയില്ല. ആളുകൾ രാജ്യസന്ദേശം കേൾക്കാൻ തയ്യാറാകുമ്പോൾ അവരെപ്പോലെതന്നെ നമുക്കും സന്തോഷം തോന്നുമെന്നുള്ളതു ശരിയാണ്. എങ്കിലും, പ്രസംഗപ്രവർത്തനത്തിൽ നമ്മൾ ചെയ്യുന്ന കഠിനാധ്വാനം യഹോവയെ സന്തോഷിപ്പിക്കുന്നു എന്ന അറിവായിരിക്കണം നമ്മുടെ സന്തോഷത്തിന്റെ പ്രധാന കാരണം.
9. നമ്മൾ പ്രസംഗപ്രവർത്തനത്തിൽ മടുത്തുപോകാതിരുന്നാൽ എന്തു കിട്ടുമെന്നാണു ഗലാത്യർ 6:7-9 പറയുന്നത്?
9 പ്രസംഗപ്രവർത്തനത്തിൽ മടുത്തുപോകാതെ തുടർന്നാൽ നമുക്കു നിത്യജീവൻ കിട്ടും. ആളുകളെ സന്തോഷവാർത്ത അറിയിക്കാനും പഠിപ്പിക്കാനും പരമാവധി ശ്രമിക്കുമ്പോൾ നമ്മൾ ‘ആത്മാവിനുവേണ്ടി വിതയ്ക്കുകയായിരിക്കും.’ അതായത്, ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ നമ്മൾ അനുവദിക്കുകയായിരിക്കും. നമ്മൾ ‘തളർന്നുപോകുകയോ നിറുത്തിക്കളയുകയോ’ ചെയ്യാതിരുന്നാൽ നിത്യജീവൻ കൊയ്യാനാകുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. സത്യത്തിലേക്ക് ആരെയെങ്കിലും കൊണ്ടുവരാൻ നമുക്കു കഴിഞ്ഞാലും ഇല്ലെങ്കിലും നമുക്ക് അതു കിട്ടും.—ഗലാത്യർ 6:7-9 വായിക്കുക.
മടുത്തുപോകാതിരിക്കാൻ നമ്മൾ എന്തു മനസ്സിൽപ്പിടിക്കണം?
10. ആളുകൾ സത്യം സ്വീകരിക്കുമോ ഇല്ലയോ എന്നത് എന്തിനെ ആശ്രയിച്ചാണിരിക്കുന്നത്?
10 ആളുകൾ സത്യം സ്വീകരിക്കുമോ ഇല്ലയോ എന്നതു പ്രധാനമായും അവരുടെ ഹൃദയനിലയെ ആശ്രയിച്ചാണിരിക്കുന്നത്. അതു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു. പല തരം മണ്ണിൽ വീണ വിത്തിനെക്കുറിച്ചുള്ള ദൃഷ്ടാന്തമായിരുന്നു അത്. അതിൽ നല്ല മണ്ണിൽ വീണ വിത്തു മാത്രമേ വിളവ് നൽകിയുള്ളൂ. (ലൂക്കോ. 8:5-8) ഓരോ മണ്ണും ആളുകളുടെ വ്യത്യസ്ത രീതിയിലുള്ള ഹൃദയനിലയെയാണു സൂചിപ്പിക്കുന്നത് എന്നു യേശു പറഞ്ഞു. ആ ഹൃദയനിലയെ ആശ്രയിച്ചായിരിക്കും അവർ “ദൈവവചനം” സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത്. (ലൂക്കോ. 8:11-15) ഒരു വിതക്കാരനു താൻ വിതയ്ക്കുന്ന വിത്തിന്റെ വളർച്ചയെ നിയന്ത്രിക്കാനാകില്ല. അതുപോലെതന്നെ നമ്മൾ അറിയിക്കുന്ന സന്തോഷവാർത്ത ഒരാളുടെ ഹൃദയത്തിൽ വളർത്താൻ നമ്മളെക്കൊണ്ടാകില്ല. ദൈവരാജ്യ സന്ദേശത്തിന്റെ നല്ല വിത്ത് വിതച്ചുകൊണ്ടേയിരിക്കുക എന്നതാണു നമ്മുടെ ഉത്തരവാദിത്വം. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ ഓരോരുത്തർക്കും “അവനവൻ ചെയ്യുന്ന പണിക്കനുസരിച്ച്” ആയിരിക്കും പ്രതിഫലം കിട്ടുന്നത്.—1 കൊരി. 3:8.
11. ആളുകൾ കേൾക്കാൻ തയ്യാറായില്ലെങ്കിലും നോഹയുടെ പ്രവർത്തനത്തിൽ യഹോവ സന്തോഷിച്ചത് എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
11 യഹോവയുടെ ആദ്യകാല ദാസന്മാർ പ്രസംഗിച്ചപ്പോഴും ആ സന്ദേശം കേൾക്കാൻ പലരും തയ്യാറായില്ല. “നീതിയെക്കുറിച്ച് പ്രസംഗിച്ച” നോഹയുടെ കാര്യംതന്നെയെടുക്കാം. (2 പത്രോ. 2:5) സാധ്യതയനുസരിച്ച് അദ്ദേഹം പതിറ്റാണ്ടുകളോളം ആ പ്രവർത്തനം ചെയ്തു. താൻ പറയുന്നതൊക്കെ ആളുകൾ കേൾക്കും, അതനുസരിച്ച് പ്രവർത്തിക്കും എന്നൊക്കെ നോഹ ചിന്തിച്ചുകാണും. പക്ഷേ, യഹോവ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലായിരുന്നു. വാസ്തവത്തിൽ പെട്ടകം പണിയാനുള്ള നിർദേശം നൽകിയപ്പോൾ യഹോവ പറഞ്ഞത്, “നീയും നിന്റെ ആൺമക്കളും നിന്റെ ഭാര്യയും ആൺമക്കളുടെ ഭാര്യമാരും അതിൽ കടക്കണം” എന്നാണ്. (ഉൽപ. 6:18) എന്തായാലും പണിയാനുള്ള പെട്ടകത്തിന്റെ വലുപ്പത്തെക്കുറിച്ച് യഹോവ പറഞ്ഞപ്പോൾ അധികം പേരൊന്നും താൻ പറയുന്നതു കേൾക്കാൻ തയ്യാറാകില്ലെന്നു നോഹ ഒരുപക്ഷേ തിരിച്ചറിഞ്ഞുകാണും. (ഉൽപ. 6:15) നോഹ അത്രയും കാലം പ്രസംഗിച്ചിട്ട് ഒരാൾപ്പോലും ചെവി കൊടുക്കാൻ തയ്യാറായില്ല എന്നതാണു വാസ്തവം. (ഉൽപ. 7:7) അതിന്റെ അർഥം നോഹയുടെ പ്രവർത്തനം ശരിയായില്ലെന്നാണോ? യഹോവയ്ക്ക് അങ്ങനെ തോന്നിയില്ല. നോഹ ആ പ്രവർത്തനത്തിൽ വിജയിച്ചതായാണ് യഹോവ കണക്കാക്കിയത്. കാരണം യഹോവ ആവശ്യപ്പെട്ടതെല്ലാം നോഹ വിശ്വസ്തമായി അങ്ങനെതന്നെ ചെയ്തു.—ഉൽപ. 6:22.
12. യിരെമ്യ പ്രവാചകന് എങ്ങനെയാണു സന്തോഷത്തോടെ പ്രസംഗപ്രവർത്തനത്തിൽ തുടരാനായത്?
12 അടുത്തതായി, നമുക്കു യിരെമ്യ പ്രവാചകന്റെ കാര്യം നോക്കാം. ആളുകൾക്കു കേൾക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടും അവർ എതിർത്തിട്ടും അദ്ദേഹം 40-ലധികം വർഷം പ്രസംഗിച്ചു. ‘നിന്ദയും പരിഹാസവും’ ഒക്കെ സഹിക്കേണ്ടിവന്നപ്പോൾ നിരുത്സാഹം തോന്നിയ യിരെമ്യ ഒരു സമയത്ത് തന്റെ നിയമനം ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചതാണ്. (യിരെ. 20:8, 9) പക്ഷേ, യിരെമ്യ മടുത്ത് പിന്മാറിയില്ല! തന്റെ പ്രവർത്തനം തുടരാനും അതിൽ സന്തോഷം കണ്ടെത്താനും യിരെമ്യയെ സഹായിച്ചത് എന്താണ്? പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഒന്നാമതായി, അവരെ അറിയിക്കാനുള്ള ദൈവത്തിന്റെ സന്ദേശം ‘നല്ലൊരു ഭാവിയെയും പ്രത്യാശയെയും’ കുറിച്ചുള്ളതാണെന്നു യിരെമ്യക്ക് അറിയാമായിരുന്നു. (യിരെ. 29:11) രണ്ടാമതായി, ആ സന്ദേശം അറിയിക്കാൻ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് യഹോവയാണെന്നും അദ്ദേഹം ഓർത്തു. (യിരെ. 15:16) നമുക്കും ഇന്ന് ആളുകളോട് അറിയിക്കാനുള്ളതു പ്രത്യാശയുടെ ഒരു സന്ദേശമാണ്. ഇനി, തന്റെ സാക്ഷികളായിരിക്കാൻ യഹോവയാണു നമ്മളെയും തിരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനപ്പെട്ട ഈ രണ്ടു കാര്യങ്ങൾ നമ്മൾ എപ്പോഴും ഓർക്കുന്നെങ്കിൽ ആളുകൾ നമ്മുടെ സന്ദേശം കേട്ടാലും ഇല്ലെങ്കിലും നമുക്കു സന്തോഷത്തോടെ തുടരാനാകും.
13. മർക്കോസ് 4:26-29-ൽ യേശു പറഞ്ഞ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13 ബൈബിൾ വിദ്യാർഥി പുരോഗമിക്കാൻ സമയമെടുക്കും. അതു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു. അതിൽ വിതക്കാരൻ വിത്തു വിതച്ചിട്ട് കിടന്ന് ഉറങ്ങി. (മർക്കോസ് 4:26-29 വായിക്കുക.) ആ വിത്തു മുളച്ച് വളർന്നതു പതിയെപ്പതിയെയാണ്. അതിന്റെ വളർച്ച പെട്ടെന്നാക്കാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാനാകില്ലായിരുന്നു. നമ്മുടെ ബൈബിൾവിദ്യാർഥിയും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സമയമെടുത്തേക്കാം. അതുകൊണ്ട് നമ്മളും ഒരുപക്ഷേ കാത്തിരിക്കേണ്ടിവരും. തന്റെ ചെടിയുടെ വളർച്ച വേഗത്തിലാക്കാൻ ഒരു കൃഷിക്കാരനു കഴിയില്ല. അതുപോലെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ബൈബിൾവിദ്യാർഥി പുരോഗമിക്കണമെന്നു പറയാൻ നമുക്കുമാകില്ല. അതുകൊണ്ട് പുരോഗമിക്കാൻ അവർ കൂടുതൽ സമയമെടുത്താലും നമ്മൾ നിരുത്സാഹിതരാകുകയോ മടുത്തുപോകുകയോ ചെയ്യരുത്. കൃഷിയുടെ കാര്യത്തിലെന്നപോലെതന്നെ ആളുകളെ ശിഷ്യരാക്കുമ്പോഴും നമുക്കു നല്ല ക്ഷമ വേണം.—യാക്കോ. 5:7, 8.
14. ചില പ്രദേശങ്ങളിൽ ആളുകളുടെ മനോഭാവത്തിനു മാറ്റം വരാൻ സമയമെടുത്തേക്കാമെന്ന് ഏത് അനുഭവം തെളിയിക്കുന്നു?
14 ചില പ്രദേശങ്ങളിൽ കുറെ വർഷം നമ്മൾ പ്രസംഗപ്രവർത്തനം നടത്തിയാലായിരിക്കാം ആരെങ്കിലും യഹോവയുടെ ഒരു ആരാധകനായിത്തീരുന്നത്. ചേടത്തി-അനിയത്തിമാരായ ഗ്ലാഡിസിന്റെയും റൂബിയുടെയും അനുഭവം നമുക്കു നോക്കാം.c 1959-ൽ അവരെ കാനഡയിലെ ക്യുബെക്കിലുള്ള ഒരു പട്ടണത്തിൽ സാധാരണ മുൻനിരസേവകരായി നിയമിച്ചു. സമൂഹത്തെയും മതപുരോഹിതന്മാരെയും ഒക്കെ പേടിയായിരുന്നതുകൊണ്ട് അവിടെയുള്ള പലരും ദൈവരാജ്യത്തിന്റെ സന്ദേശം കേൾക്കാൻ മടി കാണിച്ചു. ഗ്ലാഡിസ് സഹോദരി പറയുന്നു: “ഒരു സ്ഥലത്ത് ഞങ്ങൾ ദിവസം എട്ട് മണിക്കൂർവെച്ച് രണ്ട് വർഷം വീടുതോറുമുള്ള വേലയിലേർപ്പെട്ടിട്ടും ഞങ്ങളുടെ സന്ദേശം കേൾക്കാൻ ആരും തയ്യാറായില്ല. ആളുകൾ വാതിക്കൽ വന്ന് നോക്കുമ്പോൾ ഞങ്ങളാണെന്നു കണ്ടാൽ പിന്നെ അവർ വാതിൽ തുറക്കുകപോലും ഇല്ലായിരുന്നു. എന്നാൽ, ഞങ്ങൾ ശ്രമം നിറുത്തിയില്ല.” പതിയെപ്പതിയെ ആളുകളുടെ മനോഭാവത്തിനു മാറ്റംവന്നു. പലരും ശ്രദ്ധിക്കാൻ തയ്യാറായി. ആ പട്ടണത്തിൽ ഇപ്പോൾ മൂന്നു സഭയുണ്ട്.—യശ. 60:22.
15. ശിഷ്യരാക്കൽവേലയെക്കുറിച്ച് 1 കൊരിന്ത്യർ 3:6, 7 നമ്മളെ എന്തു പഠിപ്പിക്കുന്നു?
15 ഒരാൾ യഹോവയുടെ ആരാധകനായിത്തീരുന്നതിനു പിന്നിൽ പലരുടെ ശ്രമമുണ്ട്. സമർപ്പിച്ച് സ്നാനമേൽക്കാൻ ഒരാളെ സഹായിക്കുന്നതിനു സഭയിലെ എല്ലാവർക്കും എന്തെങ്കിലുമൊക്കെ ചെയ്യാനാകും. (1 കൊരിന്ത്യർ 3:6, 7 വായിക്കുക.) ഒരു പ്രചാരകൻ താത്പര്യം കാണിച്ച വ്യക്തിക്ക് ഒരു ലഘുലേഖയോ ഒരു മാസികയോ കൊടുക്കുന്നു. ആ ആളിന്റെ അടുത്ത് വീണ്ടും ചെല്ലാൻ തനിക്കു പറ്റാത്തതുകൊണ്ട് അവിടെ മടക്കസന്ദർശനം നടത്താമോ എന്ന് അദ്ദേഹം മറ്റൊരു പ്രചാരകനോടു ചോദിക്കുന്നു. ആ പ്രചാരകൻ അയാളുമായി ഒരു ബൈബിൾപഠനം ആരംഭിക്കുന്നു. അവിടെ ബൈബിൾപഠനത്തിനു പോകുമ്പോൾ പ്രചാരകൻ സഭയിലുള്ള സഹോദരങ്ങളെ മാറിമാറി കൊണ്ടുപോകുന്നു. അവർ ഓരോരുത്തരും വിദ്യാർഥിയെ പല വിധങ്ങളിൽ സഹായിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ അവരൊക്കെ സത്യത്തിന്റെ ആ വിത്തു വളരാൻ ആവശ്യമായ വെള്ളം ഒഴിച്ചുകൊടുക്കുകയാണ്. അതിലൂടെ യേശു പറഞ്ഞതുപോലെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഈ ആത്മീയകൊയ്ത്തിൽ ഒരുമിച്ചു സന്തോഷിക്കാനാകും.—യോഹ. 4:35-38.
16. പ്രസംഗപ്രവർത്തനത്തിൽ മുമ്പത്തെ അത്ര പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിലും നമുക്കു സന്തോഷിക്കാനാകുന്നത് എന്തുകൊണ്ട്?
16 മുമ്പത്തെ അത്ര ആരോഗ്യമോ ശക്തിയോ ഒന്നും ഇല്ലാത്തതുകൊണ്ട് പഴയതുപോലെ പ്രസംഗപ്രവർത്തനം ചെയ്യാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിലോ? അത് ഓർത്ത് വിഷമിക്കേണ്ടാ. നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിൽ സന്തോഷിക്കുക. അതു മനസ്സിലാക്കാൻ ദാവീദിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ജീവിതത്തിലുണ്ടായ ഒരു സംഭവം നമുക്കു നോക്കാം. ഒരിക്കൽ അമാലേക്യർ വന്ന് അവരുടെ വസ്തുവകകൾ കൊള്ളയടിച്ചു. ഭാര്യമാരെയും മക്കളെയും പിടിച്ചുകൊണ്ട് പോയി. അത് അറിഞ്ഞ ദാവീദും കൂട്ടരും അവരെ പിന്തുടർന്നു. എന്നാൽ ക്ഷീണിതരായിരുന്ന 200 പേർ ദാവീദിന്റെകൂടെ പോയില്ല. അവർ സാധനങ്ങളൊക്കെ കാത്തുസൂക്ഷിച്ച് അവിടെത്തന്നെ തങ്ങി. പോരാട്ടം കഴിഞ്ഞ് മടങ്ങിവന്നപ്പോൾ, കിട്ടിയ കൊള്ളമുതൽ എല്ലാവർക്കും തുല്യമായി വീതിക്കണം എന്നു ദാവീദ് പറഞ്ഞു. (1 ശമു. 30:21-25) ഈ സംഭവത്തിൽനിന്ന് നമുക്ക് ഒരു കാര്യം പഠിക്കാം. പ്രസംഗപ്രവർത്തനത്തിൽ ആഗ്രഹിക്കുന്നത്ര ചെയ്യാൻ ഒരുപക്ഷേ നമുക്കു കഴിയുന്നില്ലായിരിക്കാം. എങ്കിലും ഓരോ തവണ പുതിയ ഒരാൾ പഠിച്ച് സ്നാനമേൽക്കുമ്പോഴും കഴിവിന്റെ പരമാവധി ചെയ്യുന്ന എല്ലാവർക്കും ഒരുപോലെ സന്തോഷിക്കാനാകും.
17. ഏതു കാര്യത്തിനു നമുക്ക് യഹോവയോടു നന്ദിയുള്ളവരായിരിക്കാം?
17 യഹോവയുടെ സേവനത്തിൽ നമ്മൾ എത്ര ആത്മാർഥമായി പ്രവർത്തിക്കുന്നു, നമ്മുടെ ആന്തരം എങ്ങനെയുള്ളതാണ് എന്നതാണ് യഹോവ നോക്കുന്നത്. അതനുസരിച്ചാണു നമുക്കു പ്രതിഫലം തരുന്നത്. യഹോവ അങ്ങനെ ചെയ്യുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം! ഇനി, മുമ്പെന്നത്തേതിലും വലിയ അളവിൽ നടക്കുന്ന പ്രസംഗപ്രവർത്തനത്തിൽ നമുക്കു ചെയ്യാനാകുന്നതിൽ സന്തോഷിക്കാനും യഹോവ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. (യോഹ. 14:12) രാജ്യസന്ദേശം കേൾക്കാനോ യഹോവയുടെ ആരാധകരായിത്തീരാനോ നമുക്ക് ആരെയും നിർബന്ധിക്കാനാകില്ലെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് മടുത്തുപോകാതെ നമുക്ക് ഈ പ്രവർത്തനം തുടരാം! അങ്ങനെ യഹോവയെ സന്തോഷിപ്പിക്കാം!
ഗീതം 67 “വചനം പ്രസംഗിക്കുക”
a ആളുകൾ സന്തോഷവാർത്ത കേൾക്കുകയും ബൈബിൾ പഠിക്കാൻ തയ്യാറാകുകയും ചെയ്യുമ്പോൾ നമുക്കൊക്കെ സന്തോഷം തോന്നാറുണ്ട്. എന്നാൽ ആളുകൾ താത്പര്യം കാണിക്കാതെ വരുമ്പോൾ നമുക്കു നിരാശ തോന്നും. നമ്മുടെ ബൈബിൾ വിദ്യാർഥി പഠിക്കുന്നതിനനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിലോ? അതല്ലെങ്കിൽ നമ്മൾ ബൈബിൾ പഠിപ്പിച്ച ആരും ഇതുവരെ സമർപ്പിച്ച് സ്നാനമേറ്റിട്ടില്ലെങ്കിലോ? നിങ്ങളുടെ ശിഷ്യരാക്കൽവേല ഒരു പരാജയമാണെന്നാണോ അതിന്റെ അർഥം? ആളുകൾ നമ്മുടെ സന്ദേശം കേട്ടാലും ഇല്ലെങ്കിലും നമ്മുടെ ശുശ്രൂഷ ഒരു വിജയമാണ് എന്നു പറയാനാകുന്നത് എന്തുകൊണ്ടെന്നും നമുക്ക് എങ്ങനെ സന്തോഷം കണ്ടെത്താമെന്നും ഈ ലേഖനത്തിൽ നമ്മൾ കാണും.
c 2002 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “ഞാൻ ഒന്നിനും മാറ്റം വരുത്തുകയില്ല!” എന്ന ഗ്ലാഡിസ് അലൻ സഹോദരിയുടെ ജീവിതകഥ കാണുക.