പഠനലേഖനം 42
പൂർണബോധ്യത്തോടെ സത്യത്തെ മുറുകെ പിടിക്കുക
“എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി നല്ലതു മുറുകെ പിടിക്കുക.”—1 തെസ്സ. 5:21.
ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
പൂർവാവലോകനംa
1. പലരും ഇന്ന് ആശയക്കുഴപ്പത്തിലായിരിക്കുന്നത് എന്തുകൊണ്ട്?
ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിനു വിഭാഗങ്ങൾ ഇന്നുണ്ട്. അവരെല്ലാം ചിന്തിക്കുന്നതു ദൈവത്തിന് ഇഷ്ടമുള്ള രീതിയിലാണു തങ്ങൾ ആരാധിക്കുന്നത് എന്നാണ്. അതുകൊണ്ടുതന്നെ പലരും ഇന്ന് ആശയക്കുഴപ്പത്തിലാകുന്നു. “സത്യമതം ഒന്നേ ഉള്ളോ, അതോ എല്ലാ മതങ്ങളെയും ദൈവം അംഗീകരിക്കുന്നുണ്ടോ” എന്നാണ് അവർ ചോദിക്കുന്നത്. യഹോവയുടെ സാക്ഷികളാണ് ഇന്നു ശരിക്കും സത്യം പഠിപ്പിക്കുന്നതെന്നും അവരുടെ ആരാധനാരീതി മാത്രമാണു ദൈവം അംഗീകരിക്കുന്നതെന്നും നമുക്കു പൂർണബോധ്യമുണ്ടോ? അങ്ങനെ ഉറപ്പിച്ചുപറയാൻ എന്തെങ്കിലും തെളിവുകളുണ്ടോ? നമുക്കു നോക്കാം.
2. താൻ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു പൗലോസ് അപ്പോസ്തലനു ബോധ്യം വന്നത് എങ്ങനെ? (1 തെസ്സലോനിക്യർ 1:5)
2 താൻ വിശ്വസിക്കുന്നതു സത്യമാണെന്നു പൗലോസ് അപ്പോസ്തലനു പൂർണബോധ്യമുണ്ടായിരുന്നു. (1 തെസ്സലോനിക്യർ 1:5 വായിക്കുക.) കേട്ട കാര്യങ്ങളെല്ലാം നല്ലതാണല്ലോ എന്ന വെറുമൊരു തോന്നലിന്റെ പേരിലല്ല പൗലോസിന് അങ്ങനെയൊരു ബോധ്യമുണ്ടായത്. “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്” എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. (2 തിമൊ. 3:16) അതുകൊണ്ട് പൗലോസ് ദൈവവചനം നന്നായി പഠിച്ചു. ആ പഠനത്തിൽനിന്ന് പൗലോസ് എന്താണു മനസ്സിലാക്കിയത്? ദൈവം വാഗ്ദാനം ചെയ്ത മിശിഹ യേശുവാണ് എന്നതിന്റെ ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ അദ്ദേഹം കണ്ടെത്തി. അന്നത്തെ ജൂതമതനേതാക്കന്മാർ ഒരിക്കലും അംഗീകരിക്കാൻ തയ്യാറാകാഞ്ഞ തെളിവുകളായിരുന്നു അവ. കപടഭക്തരായ ആ മതനേതാക്കന്മാർ ദൈവത്തെക്കുറിച്ചുള്ള സത്യമാണു പഠിപ്പിക്കുന്നതെന്ന് അവകാശപ്പെട്ടെങ്കിലും ദൈവം വെറുക്കുന്ന കാര്യങ്ങളാണു ചെയ്തിരുന്നത്. (തീത്തോ. 1:16) അവരെപ്പോലെയായിരുന്നില്ല പൗലോസ്. അദ്ദേഹം ദൈവവചനത്തിലെ, തനിക്ക് ഇഷ്ടപ്പെട്ട ഭാഗം സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്തില്ല. “ദൈവത്തിന്റെ ഉദ്ദേശ്യം മുഴുവൻ” പഠിപ്പിക്കാനും പ്രാവർത്തികമാക്കാനും അദ്ദേഹം തയ്യാറായിരുന്നു.—പ്രവൃ. 20:27.
3. നമ്മൾ വിശ്വസിക്കുന്നതു സത്യമാണെന്നു പൂർണബോധ്യം വരാൻ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടേണ്ടതുണ്ടോ? (“യഹോവയുടെ പ്രവൃത്തികളും ചിന്തകളും—‘വർണിക്കാനാകാത്തവിധം എണ്ണമറ്റവ’” എന്ന ചതുരവും കാണുക.)
3 ഒരു മതം സത്യമതമാണെങ്കിൽ നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരണം എന്നാണു ചിലർ പറയുന്നത്, അതിന്റെ ഉത്തരം ബൈബിളിൽ ഉണ്ടെങ്കിലും ശരി ഇല്ലെങ്കിലും ശരി. അങ്ങനെ പ്രതീക്ഷിക്കുന്നതു ന്യായമാണോ? ഇക്കാര്യത്തിൽ പൗലോസിന്റെ ചിന്ത എന്തായിരുന്നെന്നു നമുക്കു നോക്കാം. ‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താൻ’ അദ്ദേഹം സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. അതേസമയം തനിക്കു മനസ്സിലാകാത്ത പല കാര്യങ്ങളുണ്ടെന്നും പൗലോസ് പറഞ്ഞു. (1 തെസ്സ. 5:21) “നമ്മുടെ അറിവ് അപൂർണമാണ്” എന്ന് അദ്ദേഹം എഴുതി. കൂടാതെ, ‘നമ്മൾ ഒരു ലോഹക്കണ്ണാടിയിൽ അവ്യക്തമായിട്ടാണു കാണുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. (1 കൊരി. 13:9, 12) പൗലോസിന് എല്ലാ കാര്യങ്ങളും അറിയില്ലായിരുന്നു. നമുക്കും അങ്ങനെതന്നെയാണ്. പക്ഷേ യഹോവയെക്കുറിച്ചുള്ള അടിസ്ഥാനസത്യങ്ങൾ അദ്ദേഹം മനസ്സിലാക്കി. താൻ വിശ്വസിക്കുന്നതു സത്യമാണെന്നു ബോധ്യപ്പെടാൻ അദ്ദേഹത്തിന് അതു മതിയായിരുന്നു.
4. (എ) നമ്മൾ വിശ്വസിക്കുന്നതു സത്യമാണെന്ന് എങ്ങനെ ഉറപ്പുവരുത്താം? (ബി) സത്യക്രിസ്ത്യാനികൾ എന്തെല്ലാം ചെയ്യുന്നു?
4 നമ്മൾ വിശ്വസിക്കുന്നതു സത്യമാണോ അല്ലയോ എന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം? അതിനുവേണ്ടി സത്യാരാധനയുടെ കാര്യത്തിൽ യേശു വെച്ച മാതൃകയും യഹോവയുടെ സാക്ഷികൾ ഇന്നു ചെയ്യുന്നതും തമ്മിൽ നമുക്കൊന്നു താരതമ്യം ചെയ്തുനോക്കാം. പ്രധാനമായും നാലു കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്. സത്യക്രിസ്ത്യാനികൾ (1) വിഗ്രഹാരാധനയെ വെറുക്കുന്നു, (2) യഹോവയുടെ നാമത്തെ ആദരിക്കുന്നു, (3) സത്യത്തെ സ്നേഹിക്കുന്നു, (4) പരസ്പരം ആത്മാർഥമായി സ്നേഹിക്കുന്നു.
വിഗ്രഹാരാധന വെറുക്കുന്നു
5. ആരാധനയുടെ കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു? അതു നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാം?
5 യേശു യഹോവയെ ഒരുപാടു സ്നേഹിച്ചു. അതുകൊണ്ട് സ്വർഗത്തിലായിരുന്നപ്പോഴും ഭൂമിയിലായിരുന്നപ്പോഴും യഹോവയെ മാത്രമാണ് ആരാധിച്ചത്. (ലൂക്കോ. 4:8) അങ്ങനെ ചെയ്യാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്തു. യേശുവോ യേശുവിന്റെ വിശ്വസ്തരായ ശിഷ്യന്മാരോ ആരാധനയ്ക്കുവേണ്ടി ഒരിക്കലും വിഗ്രഹങ്ങൾ ഉപയോഗിച്ചില്ല. ദൈവം ആത്മാവാണ്. ദൈവത്തെ ആർക്കും കാണാനാകില്ല. ദൈവത്തെപ്പോലെയിരിക്കുന്ന എന്തെങ്കിലുമൊന്ന് ഉണ്ടാക്കാൻ ആർക്കും കഴിയില്ല. (യശ. 46:5) ഇനി, വിശുദ്ധന്മാർ എന്നു വിളിക്കുന്നവരുടെ വിഗ്രഹങ്ങൾ ഉണ്ടാക്കുകയും അവരോടു പ്രാർഥിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്തു പറയാനാകും? പത്തു കല്പനകളിലെ രണ്ടാമത്തെ കല്പനയിൽ യഹോവ പറഞ്ഞു: “മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്. നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്.” (പുറ. 20:4, 5) ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അറിയാം വിഗ്രഹങ്ങളെ ആരാധിക്കുന്നതു ദൈവത്തിന് ഇഷ്ടമല്ലെന്ന്.
6. ആരാധനയുടെ കാര്യത്തിൽ യഹോവയുടെ സാക്ഷികൾ ഇന്ന് ഏതു മാതൃകയാണു പിൻപറ്റുന്നത്?
6 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ദൈവത്തിനു സമ്പൂർണഭക്തി നൽകിയെന്ന കാര്യം ചരിത്രകാരന്മാർ സമ്മതിക്കുന്നുണ്ട്. ഉദാഹരണത്തിന്, ക്രിസ്തീയ സഭാചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് ആദിമ ക്രിസ്ത്യാനികൾക്കു തങ്ങളുടെ ആരാധനാസ്ഥലങ്ങളിൽ വിഗ്രഹങ്ങൾ ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് “ചിന്തിക്കാനേ കഴിയില്ലായിരുന്നു.” ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ അതേ മാതൃകയാണ് ഇന്ന് യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നത്. നമ്മൾ “വിശുദ്ധന്മാരുടെയോ” ദൈവദൂതന്മാരുടെയോ വിഗ്രഹങ്ങളെ ആരാധിക്കില്ല, യേശുവിനോടുപോലും പ്രാർഥിക്കില്ല. അതുപോലെ നമ്മൾ പതാകയെ വന്ദിക്കുകയോ ദേശത്തെ ആരാധിക്കുന്ന മറ്റ് എന്തെങ്കിലും ചെയ്യുകയോ ഇല്ല. ആരൊക്കെ എന്തൊക്കെ ചെയ്താലും നമ്മൾ യേശുവിന്റെ വാക്കുകൾ അനുസരിക്കാൻ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു: “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്.”—മത്താ. 4:10.
7. യഹോവയുടെ സാക്ഷികൾക്കും മറ്റു മതവിഭാഗങ്ങൾക്കും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങൾ കാണാം?
7 വലിയ മതപ്രസംഗങ്ങളൊക്കെ നടത്തുന്ന പ്രശസ്തരുടെ പുറകേ പോകാൻ ഇന്ന് ആളുകൾക്കു വലിയ ഇഷ്ടമാണ്. ആ ഇഷ്ടം കൂടിയിട്ട് ആളുകൾ ഇന്ന് അവരെ ആരാധിക്കാൻപോലും മടിക്കാറില്ല. ആളുകൾ അവരുടെ ആരാധനാസ്ഥലങ്ങളിൽ പോകുന്നു, അവരുടെ പുസ്തകങ്ങൾ വാങ്ങുന്നു, ആ സംഘടനകളെ പിന്തുണയ്ക്കാനായി വലിയ തുക സംഭാവനപോലും നൽകുന്നു. ചിലർ അവർ പറയുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കുന്നു. യേശു നേരിട്ട് പ്രത്യക്ഷപ്പെട്ടാൽപ്പോലും അവർക്ക് ഇത്ര ആവേശം കാണുമോ എന്നു സംശയമാണ്. എന്നാൽ യഹോവയുടെ സത്യാരാധകർ അവരിൽനിന്നെല്ലാം വ്യത്യസ്തരാണ്. അവർക്കിടയിൽ മതപുരോഹിതന്മാരില്ല. നമ്മുടെ ഇടയിൽ നേതൃത്വമെടുക്കുന്നവരെ നമ്മൾ ആദരിക്കുന്നുണ്ടെങ്കിലും യേശു പഠിപ്പിച്ചതു നമ്മൾ അങ്ങനെതന്നെ അനുസരിക്കുന്നു: “നിങ്ങളോ എല്ലാവരും സഹോദരന്മാർ.” (മത്താ. 23:8-10) നമ്മൾ ഒരു മനുഷ്യനെയും ആരാധിക്കില്ല, അതു മതനേതാക്കന്മാരായാലും ശരി രാഷ്ട്രീയ ഭരണാധികാരികളായാലും ശരി. അവരുടെ നയങ്ങളെയോ ലക്ഷ്യങ്ങളെയോ നമ്മൾ പിന്തുണയ്ക്കില്ല. നമ്മൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ നിഷ്പക്ഷരായി നിൽക്കും. ഇക്കാര്യങ്ങളിൽ നമ്മൾ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന എല്ലാവരിൽനിന്നും വ്യത്യസ്തരാണ്.—യോഹ. 18:36.
ദൈവത്തിന്റെ പേരിനെ നമ്മൾ ആദരിക്കുന്നു
8. തന്റെ പേര് മഹത്ത്വപ്പെടുത്താനും അത് എല്ലാവരെയും അറിയിക്കാനും യഹോവ ആഗ്രഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
8 ഒരിക്കൽ യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” അതിന് ഉത്തരമായി ആകാശത്തുനിന്ന് ഒരു വലിയ ശബ്ദം ഉണ്ടായി. താൻ ആ പേര് മഹത്ത്വപ്പെടുത്തുമെന്ന് യഹോവ പറഞ്ഞു. (യോഹ. 12:28) ഭൂമിയിൽ ശുശ്രൂഷ ചെയ്ത കാലത്തെല്ലാം യേശു പിതാവിന്റെ പേര് മഹത്ത്വപ്പെടുത്തി. (യോഹ. 17:26) അതുകൊണ്ടു സത്യക്രിസ്ത്യാനികളും അഭിമാനത്തോടെ ദൈവനാമം ഉപയോഗിക്കുകയും അതു മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുമെന്നു നമുക്കു ന്യായമായും പ്രതീക്ഷിക്കാം.
9. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ദൈവത്തിന്റെ പേര് ആദരിക്കുന്നെന്ന് എങ്ങനെ തെളിയിച്ചു?
9 എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ സഭ സ്ഥാപിതമായതിനു ശേഷം പെട്ടെന്നുതന്നെ യഹോവ ‘ജൂതന്മാരല്ലാത്തവരിലേക്കു ശ്രദ്ധതിരിച്ചു. ‘അവരിൽനിന്ന് തന്റെ പേരിനായി ഒരു ജനത്തെ എടുക്കാൻ’ വേണ്ടിയാണ് അങ്ങനെ ചെയ്തത്. (പ്രവൃ. 15:14) ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്ത്യാനികൾ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നതിലും അതു മറ്റുള്ളവരെ അറിയിക്കുന്നതിലും അഭിമാനിച്ചിരുന്നു. അവർ ആളുകളോടു പ്രസംഗിച്ചപ്പോഴും ബൈബിൾപുസ്തകങ്ങൾ എഴുതിയപ്പോഴും ദൈവത്തിന്റെ പേര് ഉപയോഗിച്ചു.b ദൈവത്തിന്റെ പേര് മറ്റുള്ളവരെ അറിയിക്കുന്ന ഒരേ ഒരു ജനം തങ്ങളാണെന്ന് അങ്ങനെ അവർ തെളിയിച്ചു.—പ്രവൃ. 2:14, 21.
10. ദൈവത്തിന്റെ പേര് എല്ലാവരെയും അറിയിക്കുന്ന ഒരേ ഒരു കൂട്ടം യഹോവയുടെ സാക്ഷികളാണെന്നു നമുക്ക് എങ്ങനെ അറിയാം?
10 ദൈവത്തിന്റെ പേര് ആളുകളെ അറിയിക്കുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ യഹോവയുടെ സാക്ഷികൾ ഇന്നു പ്രവർത്തിക്കുന്നുണ്ടോ? നമുക്കു ചില തെളിവുകൾ നോക്കാം. ദൈവത്തിന് ഒരു പേരുണ്ടെന്ന കാര്യം മറച്ചുവെക്കാനായി ഇന്നത്തെ പല മതനേതാക്കന്മാരും പരമാവധി ശ്രമിച്ചിട്ടുണ്ട്. അവർ തങ്ങളുടെ ബൈബിൾപരിഭാഷകളിൽനിന്ന് ആ പേര് മാറ്റിയിരിക്കുന്നു. ചിലർ മതശുശ്രൂഷകളിൽ ആ പേര് ഉപയോഗിക്കുന്നതു വിലക്കിയിട്ടുമുണ്ട്.c എന്നാൽ യഹോവയുടെ സാക്ഷികൾ എന്താണു ചെയ്യുന്നത്? മറ്റ് ഒരു മതസംഘടനയും ചെയ്യാത്ത രീതിയിൽ നമ്മൾ ദൈവത്തിന്റെ പേര് എല്ലാവരെയും അറിയിക്കുന്നു! നമ്മുടെ പേരുതന്നെ യഹോവയുടെ സാക്ഷികൾ എന്നാണല്ലോ. അതുകൊണ്ട് യഹോവയുടെ പേര് മഹത്ത്വപ്പെടുത്താനായി നമ്മൾ പരമാവധി ശ്രമിക്കുന്നു. (യശ. 43:10-12) വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ 24 കോടിയിലധികം പ്രതികൾ നമ്മൾ അച്ചടിച്ചിട്ടുണ്ട്. മറ്റു പല ബൈബിൾ പരിഭാഷകരും തങ്ങളുടെ ബൈബിളിൽനിന്ന് ദൈവനാമം നീക്കം ചെയ്തപ്പോൾ ഈ ബൈബിളിൽ ദൈവത്തിന്റെ പേര് വരേണ്ട സ്ഥലങ്ങളിലെല്ലാം നമ്മൾ അത് ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, നമ്മൾ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസിദ്ധീകരണങ്ങൾ 1,000-ത്തിലേറെ ഭാഷകളിൽ പുറത്ത് ഇറക്കുന്നുണ്ട്. അതിലും ദൈവത്തിന്റെ പേര് ഉപയോഗിച്ചിരിക്കുന്നു. ഇതെല്ലാം കാണിക്കുന്നത്, ദൈവത്തിന്റെ പേരിന് അർഹമായ ആദരവും ബഹുമാനവും നൽകുന്ന ഒരേ ഒരു കൂട്ടം യഹോവയുടെ സാക്ഷികളാണെന്നല്ലേ?
നമ്മൾ സത്യത്തെ സ്നേഹിക്കുന്നു
11. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ സത്യത്തെ സ്നേഹിക്കുന്നെന്ന് എങ്ങനെയാണു കാണിച്ചത്?
11 യേശു സത്യത്തെ സ്നേഹിച്ചു. ദൈവത്തെയും ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യങ്ങളാണ് അവ. ഇക്കാര്യങ്ങളൊക്കെ താൻ ശരിക്കും വിശ്വസിക്കുന്നുണ്ട് എന്നു തെളിയിക്കുന്ന രീതിയിലായിരുന്നു യേശുവിന്റെ ജീവിതം. ഇനി, യേശു അതൊക്കെ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. (യോഹ. 18:37) യേശുവിന്റെ യഥാർഥ അനുഗാമികളും സത്യത്തെ ഒരുപാടു സ്നേഹിച്ചു. (യോഹ. 4:23, 24) പത്രോസ് അപ്പോസ്തലൻ ക്രിസ്തീയ വിശ്വാസത്തെ വിളിച്ചതു ‘സത്യമാർഗം’ എന്നാണ്. (2 പത്രോ. 2:2) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ സത്യത്തെ അതിയായി സ്നേഹിച്ചതുകൊണ്ട് ആ സത്യത്തിനു ചേർച്ചയിൽ അല്ലാത്ത എല്ലാ മതവിശ്വാസങ്ങളും പാരമ്പര്യങ്ങളും ആളുകളുടെ അഭിപ്രായങ്ങളും അവർ തള്ളിക്കളഞ്ഞു. (കൊലോ. 2:8) ഇന്നത്തെ സത്യക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസങ്ങളും ജീവിതരീതിയും യഹോവയുടെ വചനത്തിനു ചേർച്ചയിലാണെന്ന് ഉറപ്പുവരുത്തുന്നു. അങ്ങനെ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ അവരും ‘സത്യത്തിൽ നടക്കാൻ’ പരമാവധി ശ്രമിക്കുന്നു.—3 യോഹ. 3, 4.
12. ഏതെങ്കിലും ഒരു കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞാൽ നേതൃത്വമെടുക്കുന്നവർ എന്തു ചെയ്യുന്നു, എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്?
12 ബൈബിളിലെ സത്യങ്ങൾ പൂർണമായി അറിയാമെന്ന് യഹോവയുടെ സാക്ഷികൾ ഒരിക്കലും അവകാശപ്പെടുന്നില്ല. ബൈബിളിലെ ചില കാര്യങ്ങൾ വിശദീകരിക്കുന്നതിലും സഭയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും എല്ലാം അവർക്കു ചിലപ്പോഴൊക്കെ തെറ്റുകൾ പറ്റിയിട്ടുണ്ട്. അതിൽ അതിശയം തോന്നേണ്ടതില്ല. കാരണം യഹോവ ബൈബിൾ സത്യങ്ങൾ വെളിപ്പെടുത്തുന്നതു പടിപടിയായിട്ടാണ്. ദൈവജനം ശരിയായ അറിവിൽ വളരാൻ സമയമെടുക്കുമെന്നും ബൈബിൾ വ്യക്തമാക്കുന്നു. (കൊലോ. 1:9, 10) അതുകൊണ്ട് സത്യത്തിന്റെ വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരാൻ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. (സുഭാ. 4:18) എന്നാൽ ഏതെങ്കിലും ഒരു കാര്യത്തിനു മാറ്റം വരുത്തേണ്ടതുണ്ടെന്നു ഭരണസംഘം തിരിച്ചറിയുമ്പോൾ അവർ ഒരു മടിയും കൂടാതെ അങ്ങനെ ചെയ്യുന്നു. ഇന്നു പല ക്രിസ്തീയവിഭാഗങ്ങളും അതിലെ അംഗങ്ങളുടെ പ്രീതി നേടാനോ ലോകത്തിന്റെ രീതികളോട് ഇഴുകിച്ചേരാനോ വേണ്ടി അവരുടെ പഠിപ്പിക്കലുകളിൽ മാറ്റം വരുത്തുന്നു. പക്ഷേ യഹോവയുടെ സാക്ഷികൾ അവരുടെ ഉപദേശങ്ങളിലും മറ്റും മാറ്റം വരുത്തുന്നതു ദൈവത്തോടു കൂടുതൽ അടുക്കാനും ആരാധനയുടെ കാര്യത്തിൽ യേശുവിന്റെ മാതൃക അനുകരിക്കാനും വേണ്ടിയാണ്. (യാക്കോ. 4:4) നമ്മൾ മാറ്റങ്ങൾ വരുത്തുന്നത് ആളുകളുടെ അഭിപ്രായം നോക്കിയിട്ടല്ല, മറിച്ച് ബൈബിൾ എന്തു പറയുന്നു എന്നു നോക്കിയിട്ടാണ്. നമ്മൾ സത്യത്തെ സ്നേഹിക്കുന്നു.—1 തെസ്സ. 2:3, 4.
നമ്മൾ പരസ്പരം ആത്മാർഥമായി സ്നേഹിക്കുന്നു
13. സത്യക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം ഏതാണ്, അത് ഇന്ന് യഹോവയുടെ സാക്ഷികളുടെ ഇടയിൽ കാണുന്നത് എങ്ങനെ?
13 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ പല നല്ല ഗുണങ്ങൾക്കും പേരുകേട്ടവരായിരുന്നു. എന്നാൽ അവരുടെ ഇടയിലെ സ്നേഹമാണ് ഏറ്റവും പ്രശസ്തമായിരുന്നത്. യേശു പറഞ്ഞു: “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” (യോഹ. 13:34, 35) ഇന്ന്, ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളുടെ ഇടയിൽ യഥാർഥ സ്നേഹവും ഐക്യവും കാണാം. ഇക്കാര്യത്തിൽ നമ്മൾ മറ്റെല്ലാ മതങ്ങളിൽനിന്നും വ്യത്യസ്തരാണ്. കാര്യം നമ്മൾ പല രാജ്യങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും ഒക്കെ ഉള്ളവരാണെങ്കിലും നമ്മൾ ഒരൊറ്റ കുടുംബംപോലെയാണ്. ആ അടുപ്പവും സ്നേഹവും നമ്മുടെ മീറ്റിങ്ങുകളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ഒക്കെ കാണാം. ഈ വസ്തുത, നമ്മുടെ ആരാധന യഹോവ ആഗ്രഹിക്കുന്ന രീതിയിൽത്തന്നെ ഉള്ളതാണെന്ന നമ്മുടെ ബോധ്യത്തെ കൂടുതൽ ശക്തമാക്കുന്നു.
14. കൊലോസ്യർ 3:12-14 അനുസരിച്ച് നമുക്ക് എങ്ങനെ മറ്റുള്ളവരോട് അഗാധമായ സ്നേഹം കാണിക്കാം?
14 ‘പരസ്പരം അഗാധമായി സ്നേഹിക്കാൻ’ തിരുവെഴുത്തുകൾ നമ്മളോടു പറയുന്നു. (1 പത്രോ. 4:8) തമ്മിൽത്തമ്മിൽ ക്ഷമിക്കുകയും മറ്റുള്ളവരുടെ കുറവുകൾ സഹിക്കുകയും ചെയ്തുകൊണ്ട് നമ്മൾ ആ സ്നേഹം കാണിക്കുന്നു. ഇനി, സഭയിലുള്ള എല്ലാവരോടും നമ്മൾ ഉദാരതയും ആതിഥ്യവും കാണിക്കുന്നു; നമ്മളെ വിഷമിപ്പിച്ചിട്ടുള്ളവരോടുപോലും അങ്ങനെ ചെയ്യുന്നു. (കൊലോസ്യർ 3:12-14 വായിക്കുക.) ഇത്തരത്തിൽ സ്നേഹം കാണിക്കുന്നതിലൂടെ നമ്മൾ യഥാർഥ ക്രിസ്ത്യാനികളാണെന്നു തെളിയിക്കുകയാണ്.
“വിശ്വാസം ഒന്ന്”
15. മറ്റ് ഏതെല്ലാം കാര്യങ്ങളിൽ നമ്മൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ മാതൃക പിൻപറ്റുന്നു?
15 മറ്റു പല കാര്യങ്ങളിലും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയുടെ അതേ മാതൃക നമ്മൾ പിൻപറ്റുന്നു. ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ സംഘടനാക്രമീകരണം തന്നെയാണ് ഇന്നു നമ്മുടേതും. അവർക്കുണ്ടായിരുന്നതുപോലെതന്നെ നമുക്കും സഞ്ചാരമേൽവിചാരകന്മാരും മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഒക്കെയുണ്ട്. (ഫിലി. 1:1; തീത്തോ. 1:5) ലൈംഗികത, വിവാഹം, രക്തത്തിന്റെ ഉപയോഗം എന്നീ കാര്യങ്ങളിൽ അവരെപ്പോലെതന്നെ നമ്മളും യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നു. കൂടാതെ, ദൈവനിയമങ്ങൾ അനുസരിക്കാൻ തയ്യാറാകാത്തവരെ സഭയിൽനിന്ന് പുറത്താക്കുന്ന കാര്യത്തിലും അവരുടെ അതേ മാതൃകയാണു നമ്മൾ പിൻപറ്റുന്നത്.—പ്രവൃ. 15:28, 29; 1 കൊരി. 5:11-13; 6:9, 10; എബ്രാ. 13:4.
16. എഫെസ്യർ 4:4-6-ൽ പറഞ്ഞിരിക്കുന്നതിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?
16 പലരും ക്രിസ്തുവിന്റെ ശിഷ്യരാണെന്ന് അവകാശപ്പെടുമെങ്കിലും അവരെല്ലാവരും ശരിക്കുള്ള ശിഷ്യരായിരിക്കില്ലെന്നു യേശു പറഞ്ഞു. (മത്താ. 7:21-23) അവസാനകാലത്ത് പലരും വെറുതേ ‘ഭക്തിയുടെ വേഷം കെട്ടുന്നവർ’ ആയിരിക്കുമെന്നും ബൈബിൾ മുന്നറിയിപ്പു തന്നിട്ടുണ്ട്. (2 തിമൊ. 3:1, 5) അതേസമയം ദൈവം അംഗീകരിക്കുന്ന ‘ഒരു വിശ്വാസം’ ഉണ്ടായിരിക്കുമെന്നും ബൈബിൾ വ്യക്തമായി പറഞ്ഞിരിക്കുന്നു.—എഫെസ്യർ 4:4-6 വായിക്കുക.
17. ഇന്നു ശരിക്കും യേശുവിനെ അനുഗമിക്കുകയും ഒരേ ഒരു സത്യവിശ്വാസം പിൻപറ്റുകയും ചെയ്യുന്നത് ആരാണ്?
17 ബൈബിളിൽ പറഞ്ഞിരിക്കുന്ന ആ സത്യവിശ്വാസം ഇന്നു പിൻപറ്റുന്നത് ആരാണ്? അതിന്റെ ഉത്തരം കണ്ടെത്താനായി പല തെളിവുകളും നമ്മൾ പരിശോധിച്ചു. യേശു പഠിപ്പിച്ചതും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ പിൻപറ്റിയതും ആയ ആരാധനാരീതി എങ്ങനെയുള്ളതായിരുന്നെന്നും ഇന്ന് അങ്ങനെ ചെയ്യുന്നത് ആരാണെന്നും നമ്മൾ മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ. ഇന്ന് അങ്ങനെ ചെയ്യുന്നത് യഹോവയുടെ സാക്ഷികൾ മാത്രമാണ്! യഹോവയുടെ ജനത്തിലെ ഒരാളായിത്തീർന്നതും യഹോവയെക്കുറിച്ചും ദൈവോദ്ദേശ്യങ്ങളെക്കുറിച്ചും ഉള്ള സത്യം മനസ്സിലാക്കിയതും നമുക്കു കിട്ടിയ എത്ര വലിയൊരു അനുഗ്രഹമാണ്! അതുകൊണ്ട് പൂർണബോധ്യത്തോടെ നമുക്കു സത്യം മുറുകെ പിടിക്കാം.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
a ഈ ലേഖനത്തിൽ, സത്യാരാധനയുടെ കാര്യത്തിൽ യേശു വെച്ച മാതൃക എന്താണെന്നും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുശിഷ്യർ ആ മാതൃക അനുകരിച്ചത് എങ്ങനെയാണെന്നും നമ്മൾ കാണും. ഇന്ന് യഹോവയുടെ സാക്ഷികൾ സത്യാരാധനയുടെ ആ മാതൃക അനുകരിക്കുന്നു എന്നതിന്റെ തെളിവുകളും നമ്മൾ നോക്കും.
b 2011 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 18-ാം പേജിലുള്ള “ആദ്യകാല ക്രിസ്ത്യാനികൾ ദൈവനാമം ഉപയോഗിച്ചിരുന്നോ?” എന്ന ചതുരം കാണുക.
c ഉദാഹരണത്തിന്, കത്തോലിക്കരുടെ മതശുശ്രൂഷകളിലോ പാട്ടുകളിലോ പ്രാർഥനകളിലോ ദൈവത്തിന്റെ പേര് “ഉപയോഗിക്കുകയോ ഉച്ചരിക്കുകയോ ചെയ്യരുത്”എന്ന് 2008-ൽ ബെനഡിക്റ്റ് 16-ാമൻ പാപ്പ നിർദേശിച്ചു.
d ചിത്രക്കുറിപ്പ്: യഹോവയുടെ സംഘടന 200-ലേറെ ഭാഷകളിൽ പുതിയ ലോക ഭാഷാന്തരം ബൈബിൾ പുറത്തിറക്കിയിരിക്കുന്നു. ദൈവത്തിന്റെ പേരുള്ള ഒരു ബൈബിൾ അനേകർക്കു സ്വന്തം ഭാഷയിൽ വായിക്കാൻ കഴിയേണ്ടതിനാണ് അവർ അങ്ങനെ ചെയ്യുന്നത്.