കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
ലോകം പ്രതിസന്ധികളുടെ കൊടുങ്കാറ്റിൽപ്പെട്ട് നട്ടംതിരിയവേ, ദൈവജനം ഒരു ആത്മീയ ദേശത്ത് സുരക്ഷിത ജീവിതം ആസ്വദിക്കുന്നു. ഈ ദേശത്തിന്റെ മനോഹാരിതയും സമൃദ്ധിയും ഒന്നിനൊന്നു വർധിച്ചുകൊണ്ടിരിക്കുകയാണ്. (മലാ. 3:12, 18) സ്ഥിരമായ ഈ അഭിവൃദ്ധി, തന്റെ സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ് യേശു ശിഷ്യന്മാർക്കു നൽകിയ പിൻവരുന്ന വാഗ്ദാനം നമ്മെ അനുസ്മരിപ്പിക്കുന്നു: ‘ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്.’—മത്താ. 28:20.
യേശു നൽകിയ ആശ്വാസദായകമായ ഈ വാഗ്ദാനം നിറവേറ്റപ്പെടുന്നുവെന്നതിന്റെ കൂടുതലായ തെളിവ്, കഴിഞ്ഞവർഷത്തെ നമ്മുടെ പ്രവർത്തനങ്ങളിൽ ദൃശ്യമാണ്. ആദ്യംതന്നെ, “ദൈവത്തോടുകൂടെ നടക്കുക” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ യഹോവയുടെ ദാസർ ആസ്വദിച്ച ആത്മീയ വിരുന്നിനെക്കുറിച്ചു നമുക്കു പരിചിന്തിക്കാം.
“ദൈവത്തോടുകൂടെ നടക്കുക” കൺവെൻഷനുകൾ
പിൻവരുന്നപ്രകാരം മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് മീഖാ പ്രവാചകൻ നീതിമാന്മാരും നീതികെട്ടവരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (മീഖാ 4:5) മുഖ്യവിഷയ പ്രസംഗത്തിൽ പ്രസംഗകൻ വിശദീകരിച്ചതുപോലെ, ആ വാക്കുകൾ അത്യന്തം പ്രക്ഷുബ്ധമായ കാലങ്ങളിൽ ദൈവത്തോടുകൂടെ നടന്ന ഹാനോക്ക്, നോഹ തുടങ്ങിയ പുരാതന വിശ്വസ്ത പുരുഷന്മാരുടെ മനോഭാവത്തെ നന്നായി ചിത്രീകരിക്കുന്നു. (ഉല്പ. 5:22-24; 6:9, 22) അവരുടെ കാലടികൾ പിന്തുടരാനുള്ള എത്ര മഹത്തായ പദവിയാണ് നമുക്കുള്ളത്!
‘യഹോവയുടെ നാമത്തിൽ നടക്കുന്നതിൽ’ തുടരാനുള്ള നിങ്ങളുടെ തീരുമാനത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ശക്തിപ്പെടുത്തിയോ? കൺവെൻഷൻ സമയത്ത് എഴുതിയെടുത്ത കുറിപ്പുകൾ പുനരവലോകനം ചെയ്യുന്നത് നന്നായിരിക്കും. കാരണം അപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ഓർമ പുതുക്കുകയും പരിപാടിയിൽനിന്നു നിലനിൽക്കുന്ന പ്രയോജനങ്ങൾ നേടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
കൺവെൻഷനിൽ പ്രകാശനം ചെയ്യപ്പെട്ട പ്രസിദ്ധീകരണങ്ങൾ
നിങ്ങളുടെ സഭയുടെ പ്രദേശം പല ഭാഷക്കാരായ ആളുകളുള്ള ഒന്നാണോ? ആണെങ്കിൽ നിങ്ങൾ ഇതിനോടകംതന്നെ സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന പുതിയ ചെറുപുസ്തകം ഉപയോഗിച്ചിട്ടുണ്ടാകും. ഈ ചെറുപുസ്തകത്തിന് മൂന്നു വ്യത്യസ്ത പതിപ്പുകളുണ്ട്. ഓരോന്നിനും യഥാക്രമം 32-ഉം 64-ഉം 96-ഉം പേജുകളാണുള്ളത്. ഓരോ രാജ്യത്തിന്റെയും ഭാഷാപരമായ ആവശ്യങ്ങൾക്ക് ഇണങ്ങുംവിധം പ്രത്യേകം തയ്യാർ ചെയ്തതാണ് ഈ ചെറുപുസ്തകം. അതുകൊണ്ട് നിങ്ങൾ സാക്ഷീകരണത്തിനു കൊണ്ടുപോകുന്ന ബാഗിൽ അത്യന്തം ഉപയോഗപ്രദമായ ഈ പുതിയ ഉപകരണം കരുതാൻ മറക്കരുത്. നിങ്ങൾക്കു വശമില്ലാത്ത ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടുന്നെങ്കിൽ ഈ ചെറുപുസ്തകത്തിന്റെ 2-ാം പേജിൽ നൽകിയിരിക്കുന്ന മൂന്ന് പടികൾ ദയവായി പിൻപറ്റുക. അതു പലരുടെയും ജീവൻ രക്ഷിച്ചേക്കാം!
“സദാ ജാഗരൂകരായിരിക്കുവിൻ . . . ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ” എന്ന 2004-ലെ വാർഷികവാക്യത്തിനു ചേർച്ചയിൽ, കൺവെൻഷന്റെ രണ്ടാം ദിവസത്തെ അവസാന പ്രസംഗം നടത്തിയ സഹോദരൻ ജാഗരൂകർ ആയിരിക്കുവിൻ! എന്ന ലഘുപത്രിക പ്രകാശനം ചെയ്തു. (മത്താ. 24:42, 44, NW) നമ്മുടെ കാലത്തിന്റെ അടിയന്തിരത മനസ്സിലാക്കാനും ഭാവിയെയും നടക്കാനിരിക്കുന്ന ശ്രദ്ധേയമായ സംഭവങ്ങളെയും കുറിച്ചു ഗൗരവാവഹമായി ചിന്തിക്കാനും ഈ പ്രസിദ്ധീകരണം കൂടുതൽ ആളുകളെ സഹായിക്കുമാറാകട്ടെ. കൂടാതെ, പ്രസംഗകൻ പറഞ്ഞതുപോലെ, ജീവിതത്തിലെ പലവിധ സമ്മർദങ്ങളെയും ഉത്കണ്ഠകളെയും തരണം ചെയ്യാനും പരിശോധനകൾ ഉണ്ടാകുമ്പോൾ ആത്മീയ സമലനില കൈവിടാതിരിക്കാനും അത് നമ്മെയും സഹായിക്കുമാറാകട്ടെ.
സഞ്ചാര മേൽവിചാരകന്മാർക്കുള്ള സ്കൂൾ
യു.എസ്.എ.-യിലെ ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ, കഴിഞ്ഞ ആറു വർഷങ്ങളിലായി സഞ്ചാര മേൽവിചാരകന്മാർക്കുള്ള 13 ക്ലാസ്സുകൾ നടത്തപ്പെട്ടു. ഐക്യനാടുകളിൽനിന്നും—അലാസ്ക, ഹവായ് എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ—കാനഡയിൽനിന്നും 600-ലധികം സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർ ഈ ക്ലാസ്സുകളിൽ സംബന്ധിച്ചിരിക്കുന്നു. സേവനവർഷം 2004-ൽ സ്കൂൾ വലിയ തോതിൽ വിപുലീകരിക്കപ്പെട്ടു, വേറെ 87 ബ്രാഞ്ചുകളിൽക്കൂടെ സ്കൂൾ നടത്തപ്പെട്ടു. ഇവയിൽ 23 ബ്രാഞ്ചുകളിൽ വേറെ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ക്ലാസ്സുകളിൽ പങ്കെടുത്തു. ഉദാഹരണത്തിന്, ജർമൻ ബ്രാഞ്ച് ഓസ്ട്രിയ, ഇസ്രായേൽ, മാസിഡോണിയ, സ്വിറ്റ്സർലൻഡ്, ടർക്കി എന്നിവിടങ്ങളിൽനിന്നുള്ള സഹോദരന്മാരെ ക്ഷണിച്ചു. പോർച്ചുഗൽ ബ്രാഞ്ച് ലക്സംബർഗിൽനിന്നും അസോഴ്സ്, കേപ് വേർഡ്, മഡിറ, സാവോടോം, പ്രിൻസിപ്പെ എന്നീ ദ്വീപുകളിൽനിന്നും ഉള്ള വിദ്യാർഥികൾക്ക് ആതിഥ്യമരുളി. കെനിയ ബ്രാഞ്ചാകട്ടെ എത്യോപ്യ, റുവാണ്ട, ടാൻസാനിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ ദേശങ്ങളിലെ സഞ്ചാര മേൽവിചാരകന്മാരെ സ്വാഗതം ചെയ്തു.
സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരുടെ വേലയുടെ ഓരോ വശവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഭകളിലും സമ്മേളനങ്ങളിലും പഠിപ്പിക്കൽ, സുവിശേഷവേലയിൽ നേതൃത്വമെടുക്കൽ തുടങ്ങി തങ്ങളുടെ അനേകംവരുന്ന ഉത്തരവാദിത്വങ്ങൾ കൂടുതൽ ഫലകരമായി നിറവേറ്റാൻ കഠിനാധ്വാനികളായ ഈ സഹോദരന്മാരെ സഹായിക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. (2 തിമൊ. 2:2; 4:5; 1 പത്രൊ. 5:2, 3) കൂടാതെ, സ്വന്തം ആത്മീയത കാത്തുസൂക്ഷിക്കാനും മറ്റുള്ളവരെ സഹായിക്കുമ്പോൾ തിരുവെഴുത്തുകൾ തിരിച്ചറിവോടും ഉൾക്കാഴ്ചയോടും കൂടെ ഉപയോഗിക്കാനും കോഴ്സ് അവരെ പ്രോത്സാഹിപ്പിക്കുന്നു.
മിക്ക ക്ലാസ്സുകളും നടത്തുന്നത് ബ്രാഞ്ച് ഓഫീസുകളിലായതുകൊണ്ട് സഞ്ചാര മേൽവിചാരകന്മാർക്കും ഭാര്യമാർക്കും ബെഥേൽ ജീവിതം രുചിച്ചറിയാനും അവസരം ലഭിക്കുന്നു. ഒരു ക്ലാസ്സിലെ വിദ്യാർഥികൾ ഇങ്ങനെ എഴുതി: “ബെഥേൽ ചര്യയിൽനിന്നു ഞങ്ങൾ ആത്മീയമായി പ്രയോജനം നേടി. ബൈബിളിന്റെയും വാർഷികപുസ്തകത്തിന്റെയും വായന ഉൾപ്പെടെയുള്ള പ്രഭാതാരാധനാപരിപാടി ഞങ്ങൾ നന്നായി ആസ്വദിച്ചു. വളരെയധികം ഗൃഹപാഠം ചെയ്തുതീർക്കാനുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച സായാഹ്നങ്ങളിൽ ബെഥേൽ കുടുംബാംഗങ്ങൾക്കുവേണ്ടി നടത്തുന്ന വീക്ഷാഗോപുര അധ്യയനത്തിൽ ഞങ്ങൾ പങ്കെടുക്കുകയും ആരോഗ്യാവഹമായ സഹവാസത്തിൽനിന്നു പ്രയോജനം നേടുകയും ചെയ്തു.”
ഓരോ ദിവസവും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ആദ്യത്തെ മണിക്കൂർ ചില സഹോദരന്മാർ മാറിമാറി സർവിസ് ഡിപ്പാർട്ട്മെന്റിൽ സേവനം അനുഷ്ഠിക്കുന്നു. അവിടെ അവർ, ബ്രാഞ്ച് ഓഫീസുമായി എങ്ങനെ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാമെന്നും ലഭിക്കുന്ന നിർദേശങ്ങൾ കൂടുതൽ ഫലകരമായി എങ്ങനെ പിൻപറ്റാമെന്നും റിപ്പോർട്ടുകൾ കൂടുതൽ കൃത്യതയോടെ, അർഥവത്തായ വിധത്തിൽ എങ്ങനെ തയ്യാറാക്കാമെന്നും പഠിക്കുന്നു.
വിദ്യാർഥികൾക്കും അവരുടെ ഭാര്യമാർക്കും വേണ്ടി ഓരോ വെള്ളിയാഴ്ചയും ഒരു പ്രഭാഷണം ക്രമീകരിച്ചിട്ടുണ്ട്. ഈ വിശ്വസ്ത സഹോദരിമാർക്കായി വിശേഷാൽ തയ്യാർ ചെയ്തിരിക്കുന്ന ആത്മീയ പ്രോത്സാഹനം അടങ്ങിയ ഒരു പ്രസംഗമാണത്. ഉദാഹരണത്തിന്, ഭർത്താക്കന്മാർക്കു കീഴ്പെടുന്ന കാര്യത്തിൽ തുടർന്നും നല്ല മാതൃക വെക്കാനുള്ള ഓർമപ്പെടുത്തലിൽനിന്ന് അവർ പ്രയോജനം നേടുന്നു, സഭകളിലെ സഹോദരിമാരുമൊത്തു പ്രവർത്തിച്ചുകൊണ്ട് തങ്ങളുടെ ഭർത്താക്കന്മാരെ പിന്തുണയ്ക്കാൻ അവർക്കു പ്രബോധനം ലഭിക്കുന്നു. ഒരു സഞ്ചാര മേൽവിചാരകൻ വാരംതോറുമുള്ള ഈ പ്രസംഗങ്ങളെ “ഒന്നാന്തരം ആത്മീയ മധുരപലഹാരം” എന്നാണു വിശേഷിപ്പിച്ചത്.
ബൈബിളിന്, വിശേഷിച്ചും വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് (ഇംഗ്ലീഷ്) എന്ന പരിഭാഷയ്ക്ക് സ്കൂൾ വളരെയധികം ഊന്നൽ നൽകുന്നു. ജർമനിയിൽനിന്നുള്ള ഒരു വിദ്യാർഥി പറഞ്ഞു: “വ്യക്തിപരമായ പഠനത്തിന്റെ സമയത്തും സഭായോഗങ്ങളിലും റഫറൻസ് ബൈബിൾ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ മൂല്യം ഞാൻ പൂർണമായി മനസ്സിലാക്കിയത് ഇപ്പോഴാണ്.” ദൈവവചനത്തിന് നൽകിയ ശ്രദ്ധ തന്റെ ആത്മീയതയും പഠിപ്പിക്കൽപ്രാപ്തിയും മെച്ചപ്പെടുത്തിയതായി ബ്രിട്ടനിൽ കാലങ്ങളായി സഞ്ചാരവേലയിലായിരുന്ന ഒരു സഹോദരൻ കരുതുന്നു. അദ്ദേഹം എഴുതി: “പ്രസംഗത്തിൽ ഒരു നല്ല ദൃഷ്ടാന്തം ഉപയോഗിക്കുന്നതു സഹായകമാണെങ്കിലും അതിലും പ്രധാനമാണ് തിരുവെഴുത്തുകൾ വായിച്ചു വിശദീകരിക്കുന്നതെന്ന് എനിക്കു മനസ്സിലായി.”
പല വിദ്യാർഥികളും സ്കൂളിനെക്കുറിച്ചു വളരെ വിലമതിപ്പോടെയാണ് എഴുതിയത്. ഐക്യനാടുകളിൽനിന്നുള്ള ഒരു സഹോദരൻ പറഞ്ഞു: “ഞങ്ങളുടെ നിയമനം ഫലപ്രദമായി നിർവഹിക്കാൻ ഞങ്ങളെ സജ്ജരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് യഹോവയോടും അവന്റെ സംഘടനയോടും ഞങ്ങൾ എത്ര നന്ദിയുള്ളവരാണെന്നോ! കൂടുതൽ സ്ഥിരതയോടെ, യഹോവയുടെ വഴികളെക്കുറിച്ചുള്ള വർധിച്ച ഗ്രാഹ്യത്തോടെ, അവന്റെ വിലപ്പെട്ട ആടുകളോടുള്ള കൂടുതലായ സ്നേഹത്തോടെ സേവനം അനുഷ്ഠിക്കാൻ ഞങ്ങൾക്കു സാധിക്കുമാറാകട്ടെ.” ഫ്രാൻസിൽനിന്നുള്ള ഒരു വിദ്യാർഥി എഴുതി: “നമ്മുടെ സഹോദരങ്ങളോടു സ്നേഹത്തോടെ ഇടപെടേണ്ടതിന്റെയും യഹോവയുടെ സേവനത്തിൽ സന്തോഷം കണ്ടെത്താൻ അവരെ സഹായിക്കുന്നതിനു പരമാവധി ശ്രമിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഈ പഠനപരിപാടി എന്നെ കൂടുതൽ ബോധവാനാക്കി.” പലരുടെയും വികാരങ്ങളെ സംഗ്രഹിച്ചുകൊണ്ട് പോർച്ചുഗലിൽനിന്നുള്ള ഒരു സഞ്ചാര മേൽവിചാരകൻ പറഞ്ഞു: “ആ സ്കൂളിൽ സംബന്ധിച്ചത്, എന്റെ ദിവ്യാധിപത്യ സേവനത്തിലെ ഏറ്റവും ധന്യമായ അനുഭവമായിരുന്നു.”
അധ്യാപകരിലൊരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ പുരുഷന്മാരെ പ്രബോധിപ്പിക്കുന്നത് ഒരു പദവിയും ഗൗരവമേറിയ ഉത്തരവാദിത്വവുമാണ്. കാരണം നമ്മുടെ ആയിരക്കണക്കിന് സഹോദരീസഹോദരന്മാർക്ക് അവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന മാർഗനിർദേശങ്ങൾ കൊടുക്കേണ്ടവരാണ് ഇവർ. യഹോവയുടെ അനുഗ്രഹത്താൽ ഈ സ്കൂളിന്റെ പ്രയോജനങ്ങൾ ദീർഘകാലം നിലനിൽക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.”—യാക്കോ. 3:1, NW.
സേവനവർഷം 2004-ന്റെ അവസാനത്തോടെ, 14 ഭാഷകളിലായി നടത്തപ്പെട്ട സ്കൂളിൽ 1,700-ലധികം സഞ്ചാര മേൽവിചാരകന്മാർ സംബന്ധിച്ചിരുന്നു. 2005 സേവനവർഷത്തിൽ വലിയ ബ്രാഞ്ചുകളിൽ ഈ സ്കൂൾ നടത്തപ്പെടും.
നിയമപരമായ സംഭവവികാസങ്ങൾ
2004 മേയ് 19-ന്, ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതി ലോട്ടർ വേഴ്സസ് ബൾഗേറിയ എന്ന കേസിനു തീർപ്പു കൽപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ മുൻ മിഷനറിമാർ ആയിരുന്ന ലോട്ടർ ദമ്പതികളായിരുന്നു കേസ് ഫയൽ ചെയ്തത്. മതത്തിന്റെ പേരിൽ ഗവൺമെന്റ് അവരെ ബൾഗേറിയയിൽനിന്ന് നാടുകടത്താൻ ശ്രമിച്ചതാണ് കേസിന് ആസ്പദമായ സംഭവം. ഹർജിക്കാർക്കു നഷ്ടപരിഹാരം നൽകാനും രാജ്യത്തു താമസിക്കാനുള്ള അവരുടെ അനുവാദപത്രം പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കാനും ബൾഗേറിയൻ അധികാരികൾ സമ്മതിച്ചു. ബൾഗേറിയയിൽ യഹോവയുടെ സാക്ഷികൾക്കുള്ള നിയമാംഗീകാരത്തെക്കുറിച്ചു വ്യക്തമായ ഒരു വിജ്ഞാപനം പുറപ്പെടുവിക്കാനും അധികാരികൾ സമ്മതിച്ചു. 1998-ൽ ഇവിടെ, യഹോവയുടെ സാക്ഷികളെ ഒരു മതമെന്ന നിലയിൽ ഔദ്യോഗികമായി റജിസ്റ്റർ ചെയ്തതാണ്.
2003 ഡിസംബർ 16-ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി, സേറാഫിൻ പാലാവു-മാർട്ടിനാത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. പാലാവു മാർട്ടിനാത്ത് സഹോദരിയുടെ കുടുംബപരമായ അവകാശങ്ങളെ ഫ്രാൻസ് ധ്വംസിച്ചതായി ഏഴംഗ ബെഞ്ചിലെ ആറു ജഡ്ജിമാർ വിധിന്യായത്തിൽ അഭിപ്രായപ്പെട്ടു. “മക്കളെ വളർത്തവേ യഹോവയുടെ സാക്ഷികൾ . . . അവരുടെമേൽ അടിച്ചേൽപ്പിക്കുന്ന കർക്കശവും അസഹിഷ്ണുതാപരവുമായ നിയമങ്ങൾക്ക് [ഈ കുട്ടികളെ] വിധേയരാക്കാതിരിക്കുന്ന”താണ് ഉത്തമമെന്ന് ഫ്രാൻസിന്റെ അപ്പീൽ കോടതികൾ തീർപ്പു കൽപ്പിച്ചതിനെ തുടർന്ന് തന്റെ രണ്ട് മക്കളുടെ സംരക്ഷണാവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് സഹോദരി യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചത്. കുട്ടികളുടെ യഥാർഥ ജീവിത സാഹചര്യങ്ങളും ക്ഷേമവും കണക്കിലെടുക്കാതെയാണ് അപ്പീൽ കോടതികൾ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും വിധിന്യായം മതവിവേചനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും യൂറോപ്യൻ മനുഷ്യാവകാശ കോടതി പ്രസ്താവിച്ചു.
ജോർജിയയിൽ മതഭ്രാന്തന്മാർ—ഇവരിൽ ചിലർ തടവിലാക്കപ്പെട്ടിട്ടുണ്ട്—ജനവികാരത്തെ ഇളക്കിവിട്ട് നടത്തുന്ന അക്രമങ്ങൾ യഹോവയുടെ സാക്ഷികൾ സഹിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നിരുന്നാലും “ദൈവത്തോടുകൂടെ നടക്കുക” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ, പ്രശ്നങ്ങളൊന്നും കൂടാതെ പങ്കെടുക്കാൻ ഇവിടെയുള്ള സഹോദരങ്ങൾക്കു സാധിച്ചു. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ ജോർജിയൻ പരിഭാഷ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ട ഒരു സമ്മാനം തന്നെയായിരുന്നു. കൂടാതെ, 2003 നവംബർ 28-ന് ജോർജിയയുടെ നീതിന്യായ മന്ത്രാലയം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ പ്രാദേശിക ബ്രാഞ്ച് രജിസ്റ്റർ ചെയ്തു. അങ്ങനെ, 1998-ൽ ജോർജിയയിലെ സുപ്രീം കോടതി യഹോവയുടെ സാക്ഷികൾ അന്ന് ഉപയോഗിച്ചിരുന്ന കോർപ്പറേഷന്റെ നിയമസാധുത റദ്ദാക്കാൻ ഉത്തരവു പുറപ്പെടുവിച്ചിരുന്നെങ്കിലും സഹോദരങ്ങൾക്കു വളരെയധികം സന്തോഷം നൽകിക്കൊണ്ട് ഇപ്പോൾ ഒരു പുതിയ സമിതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നു.
യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഇനിയും ജോർജിയയിലെ അനേകം കേസുകൾ വിധി കാത്തു കിടപ്പുണ്ട്. എങ്കിലും അവിടത്തെ നമ്മുടെ സഹോദരങ്ങളുടെ അവസ്ഥ മെച്ചപ്പെടുന്നതു കാണുന്നത് സന്തോഷകരമാണ്.
1990 മുതൽ ജർമനിയിലെ സഹോദരങ്ങൾ നമ്മുടെ മതസമിതിയെ പബ്ലിക് കോർപ്പറേഷനുകൾക്കുവേണ്ടിയുള്ള നിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്—ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ലെങ്കിലും. നിയമം അനുശാസിക്കുന്നതിനെക്കാൾ കൂറ് ‘കൈസറോട്’ കാണിക്കാൻ ‘ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി’ യഹോവയുടെ സാക്ഷികളോട് ആവശ്യപ്പെട്ടപ്പോൾ, ‘ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി’ ആ തീരുമാനത്തെ ഭരണഘടനാവിരുദ്ധമായ ഒന്നായി പ്രഖ്യാപിച്ച് കേസ് പുനർവിചാരണയ്ക്ക് മടക്കിയയച്ചു. (മർക്കൊ. 12:17) 2004 മാർച്ച് 25-ന് ‘ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി’ കേസിന്റെ പുനർവിചാരണ ആരംഭിച്ചു. രക്തം, കുട്ടികളെ വളർത്തൽ, നിഷ്പക്ഷത, പുറത്താക്കൽ എന്നീ കാര്യങ്ങളിലുള്ള നമ്മുടെ നിലപാടിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു. ഗവൺമെന്റിന്റെ കുറ്റാരോപണം ആശ്രയയോഗ്യമായ തെളിവിന്റെ—സ്ഥിതിവിവരക്കണക്കുകളുടെയും ഔദ്യോഗിക രേഖകളുടെയും—അടിസ്ഥാനത്തിലുള്ളത് ആയിരിക്കണമെന്നും അല്ലാതെ, ഇന്റർനെറ്റിൽനിന്നോ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ആളുകൾ അയയ്ക്കുന്ന കത്തുകളിൽനിന്നോ എടുത്തിട്ടുള്ള ചോദ്യംചെയ്യത്തക്ക ഉദ്ധരണികളെ അടിസ്ഥാനപ്പെടുത്തിയുള്ളത് ആയിരിക്കരുതെന്നും കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജി പ്രസ്താവിച്ചു.
ഗ്രീസിൽ സൈനിക സേവനത്തിന് ആളെ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഒരു ഫാറത്തിൽ, മതങ്ങളുടെ ലിസ്റ്റിൽ “സഹസ്രാബ്ദവാദികൾ അഥവാ ജെഹോവിസ്റ്റുകൾ” എന്നു നൽകിയിരുന്നു. ഇവ അനാദരസൂചകമായ പദപ്രയോഗങ്ങളാണെന്നു തോന്നിയതിനാൽ ഗ്രീസിലെ ബ്രാഞ്ച് ഓഫീസ്, പ്രതിരോധ മന്ത്രാലയത്തിന് ഒരു പരാതി സമർപ്പിച്ചു. 2004 മാർച്ച് 24-ന്, യഹോവയുടെ സാക്ഷികൾക്ക് മന്ത്രാലയത്തിൽനിന്ന് ഒരു കത്ത് ലഭിച്ചു. യഹോവയുടെ സാക്ഷികളെ അപമാനിക്കാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നും “തെറ്റായ പദപ്രയോഗം തിരുത്താൻ വേണ്ട നടപടി എടുത്തു കഴിഞ്ഞു” എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. “യഹോവയുടെ ക്രിസ്തീയ സാക്ഷികൾ” എന്നാണ് ഇപ്പോൾ ഫാറത്തിൽ നൽകിയിരിക്കുന്നത്.
പെറുവിൽ യഹോവയുടെ സാക്ഷികൾ ഒരു മതമെന്ന നിലയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകളായി. എന്നാൽ 1997 നവംബറിൽ വിദ്യാഭ്യാസ മന്ത്രാലയം, നമ്മുടെ സാഹിത്യങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനകൾ നിരസിക്കാൻ തുടങ്ങി. കസ്റ്റംസ് ഓഫീസിൽനിന്ന് സാഹിത്യങ്ങൾ വിട്ടുകിട്ടാൻ വൻതുകകൾ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കേസ് കോടതിയിൽ എത്തി. 2003 ഡിസംബർ 11-ന് ജഡ്ജി യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. മന്ത്രാലയത്തിന്റെ നടപടി “ചപലവും അപഹാസ്യവും ദുർഗ്രഹവും” ആണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം “വിവേചനാപരവും ദ്രോഹാത്മകവും” ആണെന്നും അവർ കുറ്റപ്പെടുത്തി. സാഹിത്യങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കപ്പെട്ടു.
ഐക്യനാടുകളുമായി ബന്ധപ്പെട്ടിരിക്കുന്ന, സ്വയംഭരണാധികാരമുള്ള ഒരു കോമൺവെൽത്താണ് പോർട്ടറിക്കോ. പൊതുജനങ്ങൾ താമസിക്കുന്ന മേഖലകൾ അന്യർക്കു പ്രവേശനം ഇല്ലാത്തവിധം ഗേറ്റുകളും മതിലുകളും ഉപയോഗിച്ച് വേർതിരിക്കാനും അവയ്ക്കു സുരക്ഷാ കാവൽക്കാരെ ഏർപ്പെടുത്താനും അനുവാദം നൽകുന്ന ഒരു നിയമം ഇവിടെയുണ്ട്. ഈ പ്രതിബന്ധങ്ങൾ നമ്മുടെ വയൽപ്രവർത്തനത്തെ പരിമിതപ്പെടുത്തുന്നു. സ്റ്റേറ്റ് പോലീസ് പ്രസാധകരെ ഈ മേഖലകളിൽ ചിലതിൽനിന്നു നിർബന്ധമായി പറഞ്ഞുവിട്ടിട്ടുണ്ട്. കോടതിക്കു വെളിയിൽ പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ, പോർട്ടറിക്കോയുടെ ഫെഡറൽ ജില്ലാക്കോടതിയിൽ ഇതിന്റെ പേരിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രസ്തുത നിയമം ഭരണഘടനാവിരുദ്ധവും സംസാരസ്വാതന്ത്ര്യത്തിന്മേലും സ്വതന്ത്രമായി മതം ആചരിക്കാനുള്ള അവകാശത്തിന്മേലും ഉള്ള കടന്നുകയറ്റവും ആണെന്നു പ്രഖ്യാപിക്കാനുള്ള അഭ്യർഥനയാണു ഹർജിയിലുള്ളത്. പ്രശ്നത്തിന് കോടതി ഇതുവരെ തീർപ്പു കൽപ്പിച്ചിട്ടില്ല.
2003 ഒക്ടോബർ 28-ന് ബൂക്കറെസ്റ്റ് അപ്പീൽ കോടതി ശ്രദ്ധേയമായ ഒരു വിധി (വിധിന്യായം നമ്പ. 1756) പുറപ്പെടുവിച്ചു. അംഗീകൃത മതങ്ങളുടെ നികുതി-നിയന്ത്രണ പട്ടികയിൽ യഹോവയുടെ സാക്ഷികളെ ഉൾപ്പെടുത്താൻ റൊമേനിയ ഗവൺമെന്റിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. 2004 ഫെബ്രുവരി 6-ന് ഒഫീഷ്യൽ ഗസറ്റ് നമ്പ. 112 “റൊമേനിയയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മതങ്ങ”ളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യഹോവയുടെ സാക്ഷികളെയും അതിൽ ഉൾപ്പെടുത്തിയിരുന്നു.
2004 മാർച്ച് 21-ന് കൊറിയൻ റിപ്പബ്ലിക്കിലെ സോൾ ജില്ലാക്കോടതി, മതപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിച്ച മൂന്ന് സഹോദരന്മാരെ ക്രിമിനൽ കുറ്റാരോപണങ്ങളിൽനിന്നു വിമുക്തരാക്കി. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിക്കുന്നതിനെ പൗരാവകാശമായി ഒരു കോടതി അംഗീകരിക്കുന്നത് ഇവിടെ ഇതാദ്യമാണ്. ‘വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തു’ എന്ന “കുറ്റകൃത്യ”ത്തിന്റെ പേരിൽ കൊറിയയിൽ നൂറുകണക്കിനു സഹോദരന്മാർ തടവിൽ കഴിയുന്നുണ്ട്. (യെശ. 2:4) ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ സഹോദരന്മാരെ സംരക്ഷിക്കുന്നതിനായി, കൊറിയൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാൻ സുപ്രീം കോടതിയും കോൺസ്റ്റിറ്റ്യൂഷണൽ കോടതിയും വിസമ്മതിച്ചു. എന്നിരുന്നാലും, സൈന്യത്തിൽ ചേർക്കാൻ പ്രായമായ, യോഗ്യതയുള്ള എല്ലാ പൗരന്മാർക്കും സിവിൽ സേവനത്തിന് അവസരം ലഭ്യമാക്കാനുള്ള ഒരു ബിൽ കൊറിയൻ നിയമനിർമാണസഭ അടുത്തയിടെ അവതരിപ്പിച്ചിട്ടുണ്ട്.—സദൃ. 21:1.
വാച്ച്ടവർ . . . വേഴ്സസ് വില്ലേജ് ഓഫ് സ്ട്രാറ്റൻ എന്ന കേസിൽ യു.എസ്. സുപ്രീം കോടതി എടുത്ത തീരുമാനം യഹോവയുടെ സാക്ഷികളെ അവരുടെ വീടുതോറുമുള്ള ശുശ്രൂഷയിൽ പിന്തുണച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, കോടതിവിധിക്കു ശേഷവും, യു.എസ്.എ.-യിലെ ന്യൂയോർക്കിലുള്ള ഒരു സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ യഹോവയുടെ സാക്ഷികളോട് പരസ്യ ശുശ്രൂഷയിൽ ഏർപ്പെടുന്നതിനുമുമ്പ് അനുവാദം വാങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, ഇതേക്കുറിച്ചും കോടതിവിധിയെക്കുറിച്ചും അറിവു ലഭിച്ചതിനെ തുടർന്ന് പോലീസ് മേധാവി ഇങ്ങനെ എഴുതി: “ഇക്കാര്യത്തിൽ എന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം എന്നെ ലജ്ജിപ്പിക്കുന്നു. അതുമൂലം ഉണ്ടായിരുന്നിരിക്കാവുന്ന എല്ലാ അസൗകര്യങ്ങൾക്കും ഞാൻ മാപ്പു ചോദിക്കുന്നു.”
യു.എസ്. സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക വിധിയുടെ അടിസ്ഥാനത്തിൽ “വീടുതോറും പോകുന്നതിനുമുമ്പ് യഹോവയുടെ സാക്ഷികൾ അനുവാദം വാങ്ങിച്ചിരിക്കേണ്ട ആവശ്യമില്ല” എന്ന് പട്രോളിങ് നടത്തുന്ന പോലീസുകാർക്കും മറ്റെല്ലാ ഉദ്യോഗസ്ഥർക്കും അറിയിപ്പു നൽകാൻ ഇല്ലിനോയ്സിലെ ഒരു പ്രദേശത്തുള്ള പോലീസ് വകുപ്പിനു നിർദേശം ലഭിക്കുകയുണ്ടായി. നിർദേശം ഇങ്ങനെ തുടരുന്നു: “പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവരം അവർ നമ്മെ അറിയിക്കേണ്ടതില്ല.”
2003 ഒക്ടോബർ 8-ന്, രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട ഒരു കേസിൽ ഐയ്യൊവ സുപ്രീം കോടതി ലെസ്റ്റർ കാംബെല്ലിന് അനുകൂലമായി വിധി പ്രസ്താവിച്ചു. തനിക്കു സ്വീകാര്യമല്ലാത്ത ചികിത്സാനടപടികളെക്കുറിച്ച് കാംബെൽ ലിഖിതരൂപേണയും വാഗ്രൂപേണയും അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാൽ കാംബെല്ലിന്റെ ഇംഗിതത്തിനു വിപരീതമായി, ചികിത്സകർ അദ്ദേഹത്തിന്റെ രക്തം ശേഖരിച്ചുവെക്കുകയും ശസ്ത്രക്രിയയ്ക്കുശേഷം അത് അദ്ദേഹത്തിനു തിരിച്ചുകുത്തിവെക്കുകയും ചെയ്തു. ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കേസ് കൊടുത്തു. വിചാരണക്കോടതി, ശസ്ത്രക്രിയാവിദഗ്ധനും ആശുപത്രിക്കും അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ ഐയ്യൊവ സുപ്രീം കോടതി ആ വിധി മാറ്റിയെഴുതി. തന്റെ സമ്മതത്തോടുകൂടിയല്ലാത്ത രക്തപ്പകർച്ച, ചികിത്സയോടുള്ള ബന്ധത്തിൽ കൽപ്പിക്കപ്പെട്ടിരിക്കുന്ന നിലവാരത്തിൽനിന്നു വളരെ താഴെയായിപ്പോയെന്നു സ്ഥാപിക്കാൻ ലെസ്റ്റർ കാംബെല്ലിന് ഒരു വൈദ്യശാസ്ത്ര വിദഗ്ധന്റെ ആവശ്യമില്ലെന്ന് കോടതി പ്രസ്താവിച്ചു. നഷ്ടപരിഹാരം ലഭിക്കാൻ അദ്ദേഹം യോഗ്യനാണെന്നും കോടതി വിധിച്ചു.
മോസ്കോയിലെ നിരോധനവും അത് ഉളവാക്കിയ ഫലവും
മോസ്കോയിൽ യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കാനും അവരുടെ നിയമ കോർപ്പറേഷൻ റദ്ദാക്കാനും റഷ്യയിലെ ഗൊലൊവിൻസ്കി ഇന്റർമുനിസിപ്പൽ ജില്ലാക്കോടതി 2004 മാർച്ച് 26-ന് വിധിച്ചു. ഈ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കപ്പെട്ടു. 2004 ജൂൺ 16-ന് മോസ്കോ നഗരകോടതി കീഴ്ക്കോടതിയുടെ വിധി ശരിവെച്ചതിനെ തുടർന്ന് നിരോധനവും കോർപ്പറേഷൻ റദ്ദാക്കാനുള്ള തീരുമാനവും പ്രാബല്യത്തിൽ വന്നു. സഹോദരന്മാർ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്. നിരോധനം മൂലം പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സമയത്തിനു മുമ്പുതന്നെ കോടതി, കേസിന്റെ വിചാരണ ആരംഭിച്ചിരുന്നെങ്കിലെന്ന് ആശിക്കുകയാണ് സഹോദരങ്ങൾ.
എന്നിരുന്നാലും നിരോധനം സഹോദരങ്ങളുടെ ആത്മവീര്യത്തെ തെല്ലും കുറച്ചിട്ടില്ല. വാസ്തവത്തിൽ, അത് യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ പലരെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നു. അവരുടെ തീക്ഷ്ണത, റോമിൽ തടവിലായിരിക്കെ പൗലൊസ് അപ്പൊസ്തലൻ പറഞ്ഞ വാക്കുകൾ നമ്മെ അനുസ്മരിപ്പിക്കുന്നു. “എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു” എന്ന് അവൻ എഴുതി.—ഫിലി. 1:12.
ഉദാഹരണത്തിന് 2004 മാർച്ചിൽ പ്രസാധകരുടെ എണ്ണം 1,36,034 എന്ന പുതിയ അത്യുച്ചത്തിലെത്തി. ബൈബിളധ്യയനങ്ങളുടെ എണ്ണമാകട്ടെ 1,36,903 ആയി ഉയർന്നു. കഴിഞ്ഞ ഏഴു വർഷത്തിൽ ഇത് ആദ്യമായാണ് ബൈബിളധ്യയനങ്ങളുടെ എണ്ണം പ്രസാധകരുടെ എണ്ണത്തിൽ കവിയുന്നത്! മാർച്ച്മുതൽ ജൂൺവരെ ബ്രാഞ്ചിന് സാധാരണ പയനിയർ സേവനത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരിൽനിന്ന് 1,000-ത്തിലധികം അപേക്ഷകൾ ലഭിച്ചു. ഏപ്രിലിൽ സാധാരണ പയനിയർമാരുടെ എണ്ണത്തിൽ 15,489 എന്ന പുതിയ അത്യുച്ചം ഉണ്ടാകുകയും ചെയ്തു. “ജൂൺ 16-ന് പ്രസ്താവിക്കപ്പെട്ട [കോടതി]വിധി നമ്മുടെ സഹോദരങ്ങളെ കൂടുതൽ പ്രവർത്തനത്തിനു പ്രചോദിപ്പിക്കുകയാണുണ്ടായത്” എന്ന് ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിച്ചു തുടങ്ങാൻ അവിശ്വാസികളായ ചില ഭർത്താക്കന്മാരെ ഉൾപ്പെടെ പലരെയും അത് പ്രചോദിപ്പിച്ചു.
ജൂണിൽ കോടതിവിധി പ്രസ്താവിക്കപ്പെടുമ്പോൾ ഐക്യനാടുകളിൽനിന്നുള്ള ഒരു യൂണിവേഴ്സിറ്റി വിദ്യാർഥി റഷ്യയിൽ ഉണ്ടായിരുന്നു. “അദ്ദേഹം പ്രത്യേക ശ്രമം നടത്തി സെന്റ് പീറ്റേഴ്സ്ബർഗിന്റെ പ്രാന്തപ്രദേശത്തുള്ള ബെഥേൽ സന്ദർശിക്കാനെത്തി, സ്ഥിതിഗതികളെക്കുറിച്ചു കൂടുതൽ അറിയാനായിരുന്നു അത്,” ബ്രാഞ്ച് എഴുതുന്നു. “ബ്രാഞ്ചിലെ ശുചിത്വവും അവിടെ ലഭിച്ച സ്വീകരണവും അദ്ദേഹത്തിൽ ആഴമായ മതിപ്പുളവാക്കി.” യഹോവയുടെ സാക്ഷികളെ നിരോധിച്ചത് എന്തിനാണെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. കാലിഫോർണിയയിലേക്കു തിരിച്ചുപോകുമ്പോൾ, യൂണിവേഴ്സിറ്റിയിലെ മതപഠന വിഭാഗത്തിലുള്ള പ്രൊഫസർമാരെ കാണിക്കാനായി അദ്ദേഹം സാഹിത്യങ്ങളും വീഡിയോകളും വാങ്ങി.
മോസ്കോ കൺവെൻഷനുകൾ സമാധാനപൂർണമായി നടക്കുന്നു
അപ്പീൽ കോടതി പ്രതികൂല വിധി പ്രസ്താവിക്കുന്നതിനു തൊട്ടുമുമ്പ്, അതായത് ജൂൺ 11 മുതൽ 13 വരെ, “ദൈവത്തോടുകൂടെ നടക്കുക” കൺവെൻഷൻ പരമ്പരയിൽ രണ്ടെണ്ണം മോസ്കോയിൽ നടന്നു. അവയിൽ ഒന്ന് റഷ്യൻ ആംഗ്യഭാഷയിലുള്ളതായിരുന്നു. വാസ്തവത്തിൽ കൺവെൻഷനുകൾ, വിചാരണയ്ക്കു ശേഷമായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ കേസ് നീട്ടിവെപ്പിക്കാൻ ബ്രാഞ്ച് കമ്മിറ്റിക്കു സാധിച്ചു. കൺവെൻഷനുകൾ സുഗമമായി നടന്നെന്നും നഗര അധികാരികൾ സഹകരിച്ചെന്നും സഹോദരന്മാർ റിപ്പോർട്ടു ചെയ്യുന്നു. സ്റ്റേഡിയത്തിന്റെ കവാടങ്ങളിൽ ഡ്യൂട്ടിക്കു നിന്നിരുന്ന പോലീസുകാർക്ക് മേലധികാരികളിൽനിന്ന് ഇങ്ങനെയൊരു നിർദേശം ലഭിച്ചിരുന്നത്രേ: “സ്റ്റേഡിയത്തിലേക്ക് ആളുകളെ കടത്തിവിടുന്ന സമയത്ത് നിങ്ങൾ പുകവലിക്കുകയോ അസഭ്യഭാഷ ഉപയോഗിക്കുകയോ ചെയ്യരുത്.”
മോസ്കോയിലെ ഭൂഗർഭപാതയിൽവെച്ച് ഒരു മനുഷ്യൻ, കുറച്ചു സഹോദരിമാർ ചേർന്ന് അയാളുടെ പണം മോഷ്ടിച്ചതായി വ്യാജാരോപണം ഉന്നയിച്ചു. തന്നോടൊപ്പം പോലീസ് സ്റ്റേഷനിലേക്കു വരാൻ അയാൾ അവരോട് ആവശ്യപ്പെട്ടു. അവിടെവെച്ച് അയാൾ സഹോദരിമാർക്കെതിരെ മാത്രമല്ല മുഴു “അവാന്തരവിഭാഗ”ക്കാർക്കുമെതിരെ—യഹോവയുടെ സാക്ഷികളെ കുറിക്കുന്ന അനാദരസൂചകമായ ഒരു പ്രയോഗം—ആരോപണം ഉയർത്തി. ആളുകളെ കൊള്ളയടിക്കാനായി അവർ മനഃപൂർവം ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണെന്നായിരുന്നു അയാളുടെ പക്ഷം. അപ്പോൾ, പോലീസുകാരൻ സഹോദരിമാരോട് “നിങ്ങൾ ആരാണ്” എന്നു ചോദിച്ചു.
ലാപ്പൽ കാർഡ് കാണിച്ചുകൊണ്ട് അവർ മറുപടി പറഞ്ഞു, “ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്, ഞങ്ങൾ ഞങ്ങളുടെ കൺവെൻഷനു പോവുകയാണ്.”
പോലീസുകാരൻ ഉടനെ, ആരോപണം ഉന്നയിച്ച വ്യക്തിയുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: “യഹോവയുടെ സാക്ഷികൾ മോഷ്ടിക്കില്ല. ഇവരെ ആക്ഷേപിച്ചതിന് താൻ ഇവരോട് മാപ്പു ചോദിക്കണം.” പിന്നെ സഹോദരിമാരോടായി അദ്ദേഹം പറഞ്ഞു, “നിങ്ങൾ വേഗം നിങ്ങളുടെ കൺവെൻഷനു പൊയ്ക്കോളൂ.” പക്ഷേ ആ മനുഷ്യനോട് അദ്ദേഹം പറഞ്ഞു: “താൻ പോകാൻ വരട്ടെ. തന്നോട് എനിക്കു കുറെക്കൂടെ സംസാരിക്കാനുണ്ട്.”
സ്റ്റേഡിയത്തിൽ നടത്തിയ കൺവെൻഷനിലെ അത്യുച്ച ഹാജർ 21,291 ആയിരുന്നു, 497 പേർ സ്നാപനമേറ്റു. ഒരു രാജ്യഹാളിൽവെച്ചു നടന്ന ആംഗ്യഭാഷാ കൺവെൻഷനിൽ 929 പേർ ഹാജരായി, 19 പേർ സ്നാപനമേറ്റു!
ഹെയ്റ്റിയിൽ പരിശോധനകളിൻ കീഴിൽ പിടിച്ചുനിൽക്കുന്നു
ദ്വീപരാഷ്ട്രമായ ഹെയ്റ്റി 2004-ൽ രാഷ്ട്രീയ കലാപങ്ങൾ, അക്രമം, അവശ്യ വസ്തുക്കളുടെ ദൗർലഭ്യം, കുതിച്ചുയരുന്ന വിലക്കയറ്റം എന്നിങ്ങനെയുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയി. ഈ ദുരിതങ്ങൾ പോരാഞ്ഞിട്ടെന്നവണ്ണം മേയ് മാസത്തിലുണ്ടായ വലിയ വെള്ളപ്പൊക്കം 1,500-ലേറെ പേരുടെ ജീവൻ അപഹരിക്കുകയും ആയിരങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു. സാക്ഷികളിലാർക്കും ജീവഹാനി സംഭവിച്ചില്ലെങ്കിലും പലർക്കും തങ്ങളുടെ വീട് ഉൾപ്പെടെ സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമായി.
എങ്കിലും യഹോവയിൽനിന്നുള്ള സഹായത്തിന്റെയും മാർഗനിർദേശത്തിന്റെയും വ്യക്തമായ തെളിവും ഭരണസംഘവും സാർവദേശീയ സഹോദരവർഗവും പ്രകടമാക്കിയ സ്നേഹപൂർവകമായ താത്പര്യവും സഹോദരങ്ങളെ ശക്തീകരിച്ചു. ദുരന്തത്തിനിരയായവർക്ക് ഭൗതിക വസ്തുക്കൾ എത്തിച്ചുകൊടുത്തതിലൂടെ ആ സ്നേഹം പ്രായോഗികമായി പ്രകടമാക്കപ്പെട്ടു. ആഹാരവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കാൻ പ്രാദേശിക സഹോദരങ്ങളും അന്യോന്യം സഹായിക്കുകയുണ്ടായി.
സഭകൾക്ക് ആവശ്യമായ നിർദേശങ്ങൾ പ്രദാനം ചെയ്യുന്നതിന് ഹെയ്റ്റി ബ്രാഞ്ച് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഉദാഹരണത്തിന് തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ അക്രമം രൂക്ഷമായപ്പോൾ, ഫെബ്രുവരി 29 ഞായറാഴ്ച പതിവുപോലെ നടക്കാനിരുന്ന യോഗങ്ങൾ ഒരു ദിവസം മുമ്പ് നടത്താൻ ബ്രാഞ്ച് കമ്മിറ്റി മൂപ്പന്മാർക്കു നിർദേശം നൽകി. അത് വളരെ ജ്ഞാനപൂർവകമായ ഒരു നിർദേശമായിരുന്നെന്നു തെളിഞ്ഞു. കാരണം ആ ഞായറാഴ്ച, ഹെയ്റ്റിയുടെ പ്രസിഡന്റ് സമ്മർദം താങ്ങാനാവാതെ സ്ഥാനം രാജിവെച്ച് രാജ്യത്തുനിന്നു പലായനം ചെയ്തു. “തലസ്ഥാനത്തുടനീളം വെടിയൊച്ചകൾ മാറ്റൊലികൊണ്ടു, എങ്ങും അരാജകത്വം നടമാടി,” ഒരു വാർത്താറിപ്പോർട്ട് പറഞ്ഞു. ബ്രാഞ്ച് എഴുതുന്നു: “ഇതെല്ലാം സംഭവിക്കുമെന്ന് ആർക്കും ഒരു സൂചനപോലും ഇല്ലായിരുന്നു. ആ ഞായറാഴ്ച യോഗങ്ങൾക്ക് എത്തിപ്പെടുക അസാധ്യമായിരുന്നേനെ. സഹോദരങ്ങൾ സുരക്ഷിതരായിരുന്നതിൽ ഞങ്ങൾ യഹോവയ്ക്കു നന്ദി പറയുന്നു.”
അസ്ഥിരവും അപകടകരവുമായ ആ കാലയളവിൽ വഴിതടയൽ സർവസാധാരണമായിരുന്നു. പോലീസും വിമതസൈന്യവും കവർച്ചക്കാരും എല്ലാം അപ്രകാരം ചെയ്തിരുന്നു. ഗവൺമെന്റ് രാത്രി മുഴുവൻ കർഫ്യൂ ഏർപ്പെടുത്തി. എന്നാൽ ഇതിനു മുമ്പുതന്നെ, ഇരുട്ടുന്നതിനുമുമ്പ് എല്ലാവർക്കും വീട്ടിൽ സുരക്ഷിതരായി തിരിച്ചെത്താൻ കഴിയേണ്ടതിന് സഭകൾ യോഗങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയിരുന്നു. പല സഭകളും യോഗഹാജരിൽ വർധന റിപ്പോർട്ടു ചെയ്തു!
സഹോദരങ്ങൾ വയൽശുശ്രൂഷയിലും തിരക്കോടെ ഏർപ്പെട്ടു, ഇത് അയൽക്കാരിൽ മതിപ്പുളവാക്കി. “നിങ്ങൾ സാക്ഷികൾ പതിവുപോലെ പ്രസംഗപ്രവർത്തനം നടത്തുന്നതായി കാണുന്നത് ആത്മധൈര്യം പകരുന്നു,” ചിലർ പറഞ്ഞു. എന്നിരുന്നാലും, പ്രസാധകർ അതീവ ജാഗ്രത പുലർത്തുകയും വയൽസേവനം സുരക്ഷിതമായി നടത്താൻ പറ്റുന്ന സ്ഥലങ്ങൾ എവിടെയാണെന്നു പരസ്പരം വിവരം നൽകുകയും ചെയ്തുകൊണ്ടിരുന്നു.
ക്രിസ്ത്യാനികളായി തിരിച്ചറിയപ്പെടുന്നത് സംരക്ഷണമായി ഉതകുന്നു
ഹെയ്റ്റി ബ്രാഞ്ച് ഇങ്ങനെ എഴുതുന്നു: “ചുറ്റുവട്ടങ്ങളിൽ സുപരിചിതരായിരുന്നതും രാഷ്ട്രീയമായി നിഷ്പക്ഷത പുലർത്തുന്നവരെന്ന നിലയിൽ അറിയപ്പെട്ടിരുന്നതും പല സഹോദരങ്ങളെയും മർദനമേൽക്കുന്നതിൽനിന്നും കവർച്ച ചെയ്യപ്പെടുന്നതിൽനിന്നും സംരക്ഷിച്ചു.” ഉദാഹരണത്തിന്, ഒരു മിഷനറി ദമ്പതികളെ മൂന്നിടങ്ങളിലായി ആയുധധാരികളായ അക്രമികളുടെ സംഘങ്ങൾ വഴിതടഞ്ഞു. ദമ്പതികൾ രണ്ടു കാര്യങ്ങൾ ചെയ്തു: അവർ തങ്ങളെത്തന്നെ യഹോവയുടെ സാക്ഷികളായി തിരിച്ചറിയിച്ചു, അവർ നിശ്ശബ്ദമായും ഉറക്കെയും പ്രാർഥിച്ചു. മൂന്നിടങ്ങളിലും അവർക്കുവേണ്ടി സംസാരിക്കാൻ ആളുണ്ടായിരുന്നു. യഹോവയുടെ സാക്ഷികൾ നല്ലവരാണെന്നും രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുന്നവരാണെന്നും പറഞ്ഞുകൊണ്ട് ആരൊക്കെയോ അവർക്കുവേണ്ടി സംസാരിച്ചു. ദമ്പതികൾ സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തി.
സായുധസംഘങ്ങൾ ബെഥേൽ കുടുംബാംഗങ്ങളെയും വഴിതടഞ്ഞു. മിഷനറി ദമ്പതികളെപ്പോലെ ഈ സഹോദരങ്ങളും തങ്ങളെത്തന്നെ യഹോവയുടെ സാക്ഷികളായി തിരിച്ചറിയിക്കുകയും പ്രാർഥിക്കുകയും ചെയ്തു. ഫലം സമാനമായിരുന്നു. ഒരു സന്ദർഭത്തിൽ ഒരു കവർച്ചക്കാരൻ പറഞ്ഞു, “സമാധാനത്തോടെ പോവുക, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക!” മറ്റൊരു ബെഥേൽ കുടുംബാംഗത്തെ പോലീസുകാർ വഴിതടഞ്ഞു. അദ്ദേഹത്തിന്റെ കാറിൽ ആയുധങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. “എന്റെ കൈവശം ആകെയുള്ള ആയുധങ്ങൾ ബൈബിളും വീക്ഷാഗോപുരം, ഉണരുക! മാസികകളുമാണ്,” സഹോദരൻ പറഞ്ഞു. പോലീസുകാർ പുഞ്ചിരിയോടെ അദ്ദേഹത്തോടു പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു. അതിൽപ്പിന്നെ, അകലെവെച്ചുതന്നെ അവർ അദ്ദേഹത്തിന്റെ കാർ തിരിച്ചറിയുകയും ഒരു ചോദ്യംപോലും ചോദിക്കാതെ അദ്ദേഹത്തെ കടന്നുപോകാൻ അനുവദിക്കുകയും ചെയ്യുമായിരുന്നു.
പിന്നീടുള്ള മാസങ്ങളിൽ അവസ്ഥകൾ ഏറെക്കുറെ മെച്ചപ്പെട്ടതായി ബ്രാഞ്ച് റിപ്പോർട്ടു ചെയ്തു. എങ്കിലും പ്രശ്നങ്ങൾ ഇല്ലാതായില്ല, സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് സഹോദരങ്ങൾ ജാഗ്രത കൈവെടിഞ്ഞില്ല.
ഐക്യനാടുകളിൽ അച്ചടിസംവിധാനം പരിഷ്കരിക്കുന്നു
ഭരണസംഘത്തിന്റെ നിർദേശപ്രകാരം 2002-ൽ, അച്ചടിപ്രവർത്തനങ്ങൾ അഞ്ച് പ്രധാന ഭൂമിശാസ്ത്ര മേഖലകളിലായി പുനഃസംഘടിപ്പിക്കപ്പെടാൻ തുടങ്ങി. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയാണ് ഈ മേഖലകൾ. ഐക്യനാടുകളിലെയും മറ്റിടങ്ങളിലെയും സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതിന് ഈ ക്രമീകരണം ഇടയാക്കിയിരിക്കുന്നു. മാത്രമല്ല, ഇതുമൂലം ഐക്യനാടുകളിലെ ജോലിഭാരം കുറഞ്ഞിട്ടുമുണ്ട്.
2004-ൽ ഐക്യനാടുകളിലെ അച്ചടി, ബയന്റിങ്, ഷിപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം ന്യൂയോർക്കിലെ വാൾക്കില്ലിൽ കേന്ദ്രീകരിച്ചു. 2002 ആഗസ്റ്റ് 6-ന് പദ്ധതിയുടെ ഉദ്ദേശ്യവും രൂപരേഖയും ടൗൺ പ്ലാനിങ് ബോർഡിനു മുമ്പാകെ അവതരിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 3-ന് ഒരു പരസ്യവിസ്താരത്തിനുശേഷം അന്തിമ അനുമതി നൽകപ്പെട്ടു. 2002 ഒക്ടോബർ 5-ന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ വാർഷിക യോഗത്തിൽ അച്ചടി, ബയന്റിങ്, ഷിപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം വാൾക്കില്ലിൽ കേന്ദ്രീകരിക്കുന്നതിനു ഭരണസംഘം അനുമതി നൽകിയിരിക്കുന്നതായി അറിയിപ്പുണ്ടായി. രണ്ട് പുതിയ എംഎഎൻ റോളണ്ട് ലിഥോമൻ റോട്ടറി പ്രസ്സുകൾ ഓർഡർ ചെയ്തു. അവ സ്ഥാപിക്കാനുള്ള പുതിയ കെട്ടിടത്തിന്റെ പണി 2004 ഫെബ്രുവരിയോടെ പൂർത്തിയാക്കാൻ തീരുമാനവുമായി.
ബൃഹത്തായ ഈ സംരംഭം വെറും 14 മാസംകൊണ്ട് എങ്ങനെ പൂർത്തിയാകുമായിരുന്നു? കാര്യങ്ങളുടെ നടത്തിപ്പിനും സ്വമേധയാസേവനത്തിനായി മുന്നോട്ടുവരാൻ വ്യക്തികൾ പ്രചോദിപ്പിക്കപ്പെടേണ്ടതിനും സഹോദരങ്ങൾ യഹോവയിൽ ആശ്രയം അർപ്പിച്ചു. അവരുടെ ആ ആശ്രയമനോഭാവം അസ്ഥാനത്തായില്ല. നിർമാണപ്രവർത്തനങ്ങൾ 2003 ഫെബ്രുവരിയിൽ ആരംഭിച്ചു, സെപ്റ്റംബറോടെ അച്ചടിശാലയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട പണി പൂർത്തിയായി. വാൾക്കില്ലിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മൂന്ന് പ്രസ്സുകളിൽ ആദ്യത്തേത് അഴിച്ചെടുത്ത് ഡിസംബറിൽ പുതിയ കെട്ടിടത്തിലേക്കു മാറ്റിസ്ഥാപിച്ചു. പുതിയ രണ്ടു പ്രസ്സുകൾ 2004-ൽ ഏപ്രിൽ, മേയ് മാസങ്ങളിലായെത്തി. ജൂൺ, ജൂലൈ മാസങ്ങളിലായി അവ അച്ചടി ആരംഭിക്കുകയും ചെയ്തു. സെപ്റ്റംബറോടെ അഞ്ചു പ്രസ്സുകളും പൂർണമായും പ്രവർത്തനസജ്ജമായിക്കഴിഞ്ഞിരുന്നു.
മുമ്പ് ബയന്റിങ് ഡിപ്പാർട്ട്മെന്റ് ബ്രുക്ലിനിലെ ആഡംസ് സ്ട്രീറ്റ് കോംപ്ലക്സിലുള്ള മൂന്ന് കെട്ടിടങ്ങളിലെ 11 നിലകൾ കയ്യടക്കിയിരുന്നു. ഇപ്പോൾ മുഴു ബയന്റിങ് ഡിപ്പാർട്ട്മെന്റിന്റെയും പ്രവർത്തനങ്ങൾ നടക്കുന്നത് വാൾക്കില്ലിലെ ഒരൊറ്റ നിലയിലാണ്. മുമ്പത്തേതിനെ അപേക്ഷിച്ച് 58 ശതമാനം കുറവു സ്ഥലമേ ഇപ്പോൾ അത് ഉപയോഗിക്കുന്നുള്ളൂ. 2004 ജൂലൈയിൽ കടലാസ് ബയന്റിട്ട പുസ്തകങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങി. പിന്നീട് ആ മാസംതന്നെ പുതിയൊരു ബയന്ററി ലൈനിലൂടെ ആദ്യത്തെ കട്ടിബയന്റിട്ട പുസ്തകങ്ങൾ പുറത്തുവന്നു. 400 മീറ്ററിലധികം നീളമുള്ള ഈ ബയന്ററി ലൈനിൽ 33 യന്ത്രങ്ങൾ 70 കൺവേയറുകൾ മുഖാന്തരം ബന്ധിപ്പിച്ചിരിക്കുന്നു. സിഗ്നേച്ചറുകൾ അഥവാ പുസ്കത്തിന്റെ ഭാഗങ്ങൾ ബയന്ററി ലൈനിന്റെ ഒരു തലയ്ക്കൽ വെച്ചുകൊടുത്താൽ മാത്രം മതി, ബാക്കി പണിയെല്ലാം കഴിഞ്ഞ് പുസ്തകം ബയന്റിട്ട നിലയിൽ മറ്റേ തലയ്ക്കൽ എത്തും. മിനിട്ടിൽ 120 പുസ്തകം ഇത് ബയന്റ് ചെയ്യും. കട്ടിബയന്റിട്ട പുസ്തകങ്ങൾ ഉത്പാദിപ്പിക്കുന്ന ലൈൻ പ്രവർത്തിപ്പിക്കാൻ 25 പേരുടെ ആവശ്യമേ ഉള്ളൂ. ഇത് ജോലിക്കാരുടെ എണ്ണം 66 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നു. 2004 ഒക്ടോബറിൽ മുഴു ബയന്ററിയും പൂർണമായി പ്രവർത്തനമാരംഭിച്ചു.
2004 നവംബർമുതൽ വാൾക്കില്ലിലെ പുതിയ ഷിപ്പിങ് ഡിപ്പാർട്ടുമെന്റ് ഒരു പുതിയ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം മുഖേനയാണ് സഭകളുടെ സാഹിത്യ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ബ്രുക്ലിനിൽ ഉപയോഗിച്ചുകൊണ്ടിരുന്ന സംവിധാനത്തിന് ആവശ്യമായതിലും 45 ശതമാനം കുറവ് സ്ഥലമേ പുതിയ സംവിധാനത്തിന് ആവശ്യമുള്ളൂ. കമ്പ്യൂട്ടറുകൾ കാർട്ടന്റെ വലുപ്പം കണക്കാക്കുകയും ഉചിതമായ കാർട്ടൺ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. 800 മീറ്റർ നീളമുള്ള കൺവേയർ ഓരോ ഓർഡറും ഒരു പ്രത്യേക പ്ലാറ്റ്ഫോമിൽ എത്തിക്കുന്നു. അവിടെവെച്ച് അവ കയറ്റി അയയ്ക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുന്നു. കാറുകളും ട്രക്കുകളുമൊക്കെ ഇവിടേക്ക് ഓടിച്ചുകയറ്റാനുള്ള സൗകര്യമുള്ളതുകൊണ്ട് പ്രാദേശിക സഭകൾക്ക് തങ്ങളുടെ ഓർഡർ അനുസരിച്ചുള്ള സാഹിത്യങ്ങൾ ഇവിടെനിന്ന് അനായാസം എടുത്തുകൊണ്ടുപോകാൻ സാധിക്കുന്നു.
ഈ പദ്ധതിയിൽ സഹായിച്ച നിരവധിവരുന്ന സഹോദരീസഹോദരന്മാർക്ക് ഞങ്ങൾ ഹൃദയംഗമമായ നന്ദി പറയുന്നു. ബെഥേൽ അംഗങ്ങൾ, താത്കാലിക സ്വമേധയാസേവകർ, അഞ്ചു സ്റ്റേറ്റുകളിൽനിന്നുള്ള മേഖലാ നിർമാണ കമ്മിറ്റികളുടെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്ന സഹോദരങ്ങളുടെ സംഘങ്ങൾ, സ്വന്തം കയ്യിൽനിന്ന് ഉപകരണങ്ങളും സാമഗ്രികളും ഉദാരമായി നൽകിയ സഹോദരങ്ങൾ എന്നിവരെല്ലാം ഇവരിൽ പെടുന്നു. സാമ്പത്തിക പിന്തുണ ‘സന്തോഷത്തോടെ കൊടുത്ത’ അനേകംവരുന്ന വ്യക്തികളെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.—2 കൊരി. 9:7, 11.
ബ്രുക്ലിനിലെ മാറ്റങ്ങൾ
അച്ചടി, ബയന്റിങ്, ഷിപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വാൾക്കില്ലിലേക്കു മാറ്റിയതോടെ ബ്രുക്ലിൻ ബെഥേലിന്റെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു. 2004 ഏപ്രിൽ 29-ന് സുപ്രധാനവും വികാരസാന്ദ്രവുമായ ഒരു സംഭവം നടന്നു. അന്നു വൈകുന്നേരം കണ്ണീരിന്റെയും ആഹ്ലാദപ്രകടനങ്ങളുടെയും മധ്യേ, 60 വർഷത്തിലധികമായി അച്ചടിശാലയുടെ മേൽനോട്ടം വഹിച്ചിരുന്ന മാക്സ് ലാർസൺ ബ്രുക്ലിനിലെ അവസാനത്തെ പ്രസ്സിന്റെ പ്രവർത്തനം നിറുത്തി. അങ്ങനെ 84 വർഷമായുള്ള അവിടത്തെ തുടർച്ചയായ അച്ചടിപ്രവർത്തനത്തിനു തിരശ്ശീല വീണു. അതുകഴിഞ്ഞ് ഏതാനും ആഴ്ചയ്ക്കുള്ളിൽ ബയന്റിങ് ഡിപ്പാർട്ട്മെന്റും അടച്ചു.
ഈ മാറ്റങ്ങൾ ബ്രുക്ലിനിൽ ആവശ്യമായ സ്ഥലത്തിന്റെ വിസ്തീർണം ഗണ്യമായി കുറയ്ക്കുമെന്ന് അറിയാമായിരുന്നതിനാൽ ഭരണസംഘം 2003 ജൂണിൽ, 360 ഫർമൻ സ്ട്രീറ്റിലെ കെട്ടിടം വിൽക്കാൻ ആലോചിക്കുന്നതായി അറിയിപ്പു നടത്തി. 2004 ജൂൺ 18-ന് ഇടപാട് തീരുമാനിച്ചുറപ്പിച്ചു. 93,000 ചതുരശ്ര മീറ്റർ വരുന്ന ആ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ലോൺഡ്രിയും ഓഫീസുകളും പണിശാലകളുമെല്ലാം, 117 ആഡംസ് സ്ട്രീറ്റ് കോംപ്ലക്സിലെ കാലിയായി കിടക്കുന്ന ഇടത്തേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഇതിനു പുറമേ, 107 കൊളംബിയ ഹൈറ്റ്സ് കെട്ടിടവും വലിയ തോതിൽ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. താമസത്തിനുള്ള ഭാഗത്തിന്റെ പണി 2005-ന്റെ രണ്ടാംപകുതിയോടെ പൂർത്തിയാക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്, മുഴു പദ്ധതിയും 2006 സെപ്റ്റംബറോടെയും. പുതുക്കിപ്പണിത കെട്ടിടത്തിൽ 300-ലധികം ബെഥേൽ കുടുംബാംഗങ്ങളെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. രാജ്യഹാൾ, ലൈബ്രറി എന്നിവയ്ക്കു പുറമേ ഒരു കട, ഓഫീസുകൾ, പേഴ്സണൽ ലോൺഡ്രി, ലോബി എന്നിവയും ഇവിടെ ഉണ്ടായിരിക്കും. നടുമുറ്റത്തായി പുതിയ ഒരു ഉദ്യാനവും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകവ്യാപക വർധനയ്ക്കായി സജ്ജം
ബ്രസീൽ, ബ്രിട്ടൻ, ജപ്പാൻ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കും പുതിയ എംഎഎൻ റോളണ്ട് ലിഥോമൻ അച്ചടിയന്ത്രങ്ങൾ ലഭിച്ചിട്ടുണ്ട്. പുതിയ യന്ത്രം ആദ്യമായി ഇൻസ്റ്റോൾ ചെയ്ത ബ്രാഞ്ച് ബ്രിട്ടനാണ്. 2003 ജൂലൈയിൽ എത്തിയ മെഷീൻ ഒക്ടോബറിൽ അച്ചടി ആരംഭിച്ചു. ദിവസത്തിൽ 7,50,000 മാസികകൾ—രണ്ടു ഷിഫ്റ്റിലായി 1.5 ദശലക്ഷം പ്രതികൾ—ഇത് അച്ചടിക്കുന്നു. മുമ്പത്തെ യന്ത്രം അച്ചടിച്ചിരുന്നതിന്റെ ഏകദേശം മൂന്ന് ഇരട്ടിയാണ് ഇത്.
പുതിയ യന്ത്രങ്ങൾ ബൈബിളുകൾക്കും മറ്റു പ്രസിദ്ധീകരണങ്ങൾക്കും ഉള്ള സിഗ്നേച്ചറുകളും അച്ചടിക്കുന്നുണ്ട്. ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കയിലെ ബ്രാഞ്ച്, ഒരു ദക്ഷിണാഫ്രിക്കൻ ഭാഷയായ സെസോത്തോവിലുള്ള പുതിയലോക ഭാഷാന്തരത്തിന്റെ സിഗ്നേച്ചറുകൾ ഇതിനോടകംതന്നെ അച്ചടിച്ചു കഴിഞ്ഞു. മുമ്പ് ചെറിയ പുസ്തകങ്ങൾ അച്ചടിച്ചശേഷം വലിയ പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കാനുള്ള സെറ്റിങ്ങുകൾ ക്രമീകരിക്കാൻ ഒരു മുഴുദിവസംതന്നെ വേണ്ടിവരുമായിരുന്നെന്ന് ജപ്പാൻ ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു. പക്ഷേ ഇപ്പോൾ ഒരു മണിക്കൂർ മതി. അതുപോലെ മുമ്പ് പത്തു ലക്ഷം ലഘുലേഖകൾ അച്ചടിക്കാൻ പത്തു ദിവസം വേണമായിരുന്നു, ഇപ്പോൾ വെറും അഞ്ചു മണിക്കൂർകൊണ്ട് അത്രയും പ്രതികൾ അച്ചടിക്കാം. ആദ്യത്തെ മൂന്നു മാസംകൊണ്ട് ജപ്പാനിലെ അച്ചടിയന്ത്രം ഉത്പാദിപ്പിച്ചത് 12 ദശലക്ഷം ലഘുലേഖകളും 12 ദശലക്ഷം മാസികകളും ലഘുപത്രികകളും 2,40,000 പുസ്തകങ്ങളും 48,000 ബൈബിളുകളുമാണ്.
പുതിയ ഓട്ടോമാറ്റിക്ക് മെഷീനുകളിൽ മറ്റുചിലത് സാഹിത്യങ്ങളുടെ അരികുകൾ വെട്ടിവെടിപ്പാക്കുകയും പ്രതികൾ എണ്ണുകയും അടുക്കിവെക്കുകയും ലേബൽ ചെയ്യുകയും പൊതിയുകയും ചെയ്യുന്നു. അച്ചടിക്ക് ഉപയോഗിക്കുന്ന പ്ലേറ്റുകൾ ഇപ്പോൾ കൂടുതൽ ഫലപ്രദമായി, പിഴവുകളില്ലാതെ ഉണ്ടാക്കാനായി ‘കമ്പ്യൂട്ടർ-ടു-പ്ലേറ്റ്’ എന്നറിയപ്പെടുന്ന ഒരു വിദ്യ ഉപയുക്തമാക്കുന്നു. ഈ പ്രക്രിയ ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആവശ്യംതന്നെ ഇല്ലാതാക്കിത്തീർക്കുന്നതിനാൽ ഒരു പടി മുഴുവനായി ഒഴിവാക്കാൻ സാധിക്കുന്നു. ഈ പരിഷ്കാരങ്ങളെല്ലാം ഉത്പാദനക്ഷമത വർധിപ്പിച്ചിരിക്കുന്നെന്നു മാത്രമല്ല ജോലിക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനും സഹായിച്ചിരിക്കുന്നെന്ന് ബ്രിട്ടൻ ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു.
പരിശീലനത്തിനായി ജർമനിയിലേക്ക്
ആറു ബ്രാഞ്ചുകളിൽനിന്നുള്ള സഹോദരന്മാർ അച്ചടിയന്ത്രം പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനത്തിനായി ജർമനിയിലുള്ള എംഎഎൻ റോളണ്ട് കമ്പനിയിലേക്കു പോവുകയുണ്ടായി. സാക്ഷികളല്ലാത്തവരെ മാത്രം പരിശീലിപ്പിച്ചിട്ടുള്ള മുൻകാല അനുഭവംവെച്ച് അവിടത്തെ പരിശീലകർ പ്രതീക്ഷിച്ചത് സഹോദരന്മാർ അവിടെ ചെലവഴിക്കുന്ന നാളുകൾ ഒരു ഒഴിവുകാലമായി കാണുമെന്നാണ്. അതുകൊണ്ട് സഹോദരന്മാരുടെ അർപ്പണമനോഭാവം അവരിൽ ആശ്ചര്യവും മതിപ്പും ഉളവാക്കി. കോഴ്സിൽനിന്നു പരമാവധി പ്രയോജനം നേടാനായി നേരത്തേ പണി ആരംഭിക്കാനും വൈകി പണി അവസാനിപ്പിക്കാനും സാക്ഷികൾ അഭ്യർഥിക്കുകയാണുണ്ടായത്.
പരിശീലനത്തിനു ചെന്നവരിൽ ചിലർക്ക് ഭാഷ ഒരു വെല്ലുവിളിയായിരുന്നു. കാരണം പഠിപ്പിച്ചിരുന്നത് ഇംഗ്ലീഷിൽ ആയിരുന്നു, അതുപോലെ മെഷീന്റെ മാനുവലുകൾ തയ്യാറാക്കിയിരുന്നതും. എങ്കിലും ഇതെല്ലാം മുൻകൂട്ടി മനസ്സിലാക്കി ജപ്പാൻ ബ്രാഞ്ചിൽനിന്നുള്ളവർ ജർമനിയിലേക്കു വരുന്നതിനു മുമ്പായി ഇംഗ്ലീഷ് ഭാഷയിലുള്ള അറിവു മെച്ചപ്പെടുത്താൻ പ്രയത്നിച്ചിരുന്നു. പലരും താത്കാലികമായി ഇംഗ്ലീഷ് സഭകളിലേക്കു മാറുകപോലും ചെയ്തിരുന്നു.
ബെഥേൽ അംഗങ്ങൾ നല്ല സാക്ഷ്യം നൽകുന്നു
പിന്നീട് അച്ചടിയന്ത്രങ്ങൾ ബ്രാഞ്ചുകളിലെത്തിയപ്പോൾ അവ സ്ഥാപിക്കാൻ എംഎഎൻ-ൽനിന്നുള്ള എഞ്ചിനിയർമാർ വന്നു, അവരെ സഹായിക്കാനായി ചില ബെഥേൽ അംഗങ്ങളും ഉണ്ടായിരുന്നു. ആറു ബ്രാഞ്ചുകളിലും സന്തോഷം കളിയാടുന്ന ഹൃദ്യമായ ബെഥേൽ അന്തരീക്ഷം സാക്ഷികളല്ലാത്ത ജോലിക്കാരിൽ നല്ല രീതിയിൽ പ്രഭാവം ചെലുത്തി. ലണ്ടനിൽ അച്ചടിയന്ത്രം സ്ഥാപിക്കാനെത്തിയവരിൽ ഒരാൾ സഹോദരന്മാരോടു പറഞ്ഞു: “ഇന്നലെ രാത്രി ഞാൻ വീട്ടിൽ ചെന്നപ്പോൾ എന്റെ അയൽക്കാരൻ അയാളുടെ തോട്ടത്തിൽ നിൽക്കുന്നതു ഞാൻ കണ്ടു. എനിക്ക് അയാളെ ഇഷ്ടമല്ലായിരുന്നു, പക്ഷേ കഴിഞ്ഞ രാത്രി 20 മിനിട്ടോളം ഞാൻ അയാളുമായി സംസാരിച്ചു. അയാൾ ഒരു നല്ല മനുഷ്യനാണെന്ന് എനിക്കു മനസ്സിലാവുകയും ചെയ്തു.” തന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ ഉണ്ടായതായി ഭാര്യ ശ്രദ്ധിക്കാനിടയായെന്നും ആ ടെക്നിഷ്യൻ പറഞ്ഞു. “ആളാകെ മാറിയല്ലോ, മറ്റുള്ളവരോടു സൗഹാർദപൂർവം ഇടപെടുന്നു, സ്നേഹത്തോടെ പുഞ്ചിരിക്കുന്നു, കുശലം പറയുന്നു, ഇതെന്തു പറ്റി?” അവർ ചോദിച്ചുവത്രേ.
“ആറാഴ്ചയായി ഞാൻ സാക്ഷികളോടൊപ്പമാണ് ജോലി ചെയ്യുന്നത്,” അയാൾ മറുപടി പറഞ്ഞു. “കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ ഒരിക്കൽപ്പോലും ആരെയും ചീത്തവിളിച്ചിട്ടില്ല. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവുകയില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”
ലണ്ടൻ ബ്രാഞ്ചിലെ ജോലി പൂർത്തിയായപ്പോൾ എംഎഎൻ-ന്റെ ഒരു എക്സിക്യൂട്ടീവ് ബ്രാഞ്ചിലേക്കു വിളിച്ച് കമ്പനി ജീവനക്കാരുടെ കാര്യങ്ങൾ നന്നായി നോക്കിയതിന് നന്ദി പറഞ്ഞു. അച്ചടിയന്ത്രത്തിന്റെ സ്ഥാപിക്കൽ പിഴവറ്റ രീതിയിൽ നടത്താൻ കഴിഞ്ഞിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ചില ബ്രാഞ്ചുകൾ, പുതിയ യന്ത്രം സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി അവിടെത്തന്നെ ഒരു ഭക്ഷണമുറി ക്രമീകരിച്ചിരുന്നു. വെടിപ്പായി വസ്ത്രധാരണം ചെയ്ത വെയിറ്റർമാർ ഭക്ഷണം വിളമ്പുന്നത് പലരെയും സംബന്ധിച്ചിടത്തോളം, വിശേഷിച്ചും സാക്ഷികളല്ലാത്തവർക്ക്, ഒരു പുതിയ അനുഭവമായിരുന്നു. ജപ്പാനിലെ ടെക്നിഷ്യന്മാരിലൊരാൾ ബ്രാഞ്ചിലേതുപോലെ അത്രയും വൃത്തിയും വെടിപ്പുമുള്ള, അടുക്കും ചിട്ടയുമുള്ള ഒരു അച്ചടിശാല അതിനു മുമ്പ് കണ്ടിരുന്നില്ല. “ജോലി ചെയ്യാൻ പറ്റിയ ഇതിലും നല്ലൊരു സ്ഥലം ലോകത്തൊരിടത്തും ഉണ്ടാവില്ല,” അയാൾ പറഞ്ഞു. സഹോദരങ്ങളുടെ സത്യസന്ധതയും അയാളിൽ മതിപ്പുളവാക്കി. മോഷ്ടിക്കപ്പെടുകയില്ലെന്ന പൂർണ വിശ്വാസത്തോടെ അദ്ദേഹത്തിന്റെ സാധനങ്ങൾ എവിടെയെങ്കിലും വെച്ചിട്ടുപോകാമെന്ന അവസ്ഥയുണ്ടായിരുന്നത് ബ്രാഞ്ചിൽ മാത്രമാണ്. സാക്ഷികളെക്കുറിച്ചു കൂടുതൽ അറിയാനുള്ള ആഗ്രഹത്തോടെ അദ്ദേഹം കുറെ സാഹിത്യങ്ങൾ വാങ്ങി. കൂടാതെ ബ്രാഞ്ച് മുഴുവൻ ചുറ്റിനടന്നു കാണുകയും ചെയ്തു.
മെക്സിക്കോയിലെ സഹോദരന്മാർ എംഎഎൻ-ലെ ടെക്നീഷ്യൻമാരെ സ്മാരകത്തിനു ക്ഷണിച്ചു. നാലു പേർ ക്ഷണം സ്വീകരിച്ചു. എന്നാൽ അവർക്ക് അനുയോജ്യമായ വസ്ത്രം ഉണ്ടായിരുന്നില്ല. അവർക്ക് സ്യൂട്ട് വാങ്ങണമെന്നുണ്ടായിരുന്നു. ഒരു ബെഥേൽ അംഗം അവരെ ഷോപ്പിങ്ങിനു കൊണ്ടുപോയി. സഹോദരന്മാർ അവർക്ക് ബൈബിളുകൾ നൽകുകയും സ്മാരക പ്രസംഗം നടന്നുകൊണ്ടിരിക്കെ തിരുവെഴുത്തുകൾ എടുക്കാൻ അവരെ സഹായിക്കുകയും ചെയ്തു. യോഗത്തിനുശേഷം ടെക്നീഷ്യന്മാർ ഫോട്ടോകളെടുത്തു. അവരുടെ മുഖത്തു നിറഞ്ഞുനിന്ന പുഞ്ചിരി കണ്ടപ്പോൾ സഭയിലുള്ള പലരും വിചാരിച്ചത് അവർ ജർമനിയിൽനിന്നുള്ള ബെഥേൽ അംഗങ്ങളാണെന്നാണ്.
കൂടാതെ, എല്ലാ ബ്രാഞ്ചുകളിലും പ്രാദേശിക കോൺട്രാക്റ്റർമാർക്കും സപ്ലയർമാർക്കും നല്ല സാക്ഷ്യം നൽകപ്പെട്ടു. ഐക്യനാടുകളിലെ ഒരു കോൺട്രാക്റ്റർ എഴുതി: “നിങ്ങളുടെ സംഘടനയുടെ ഗുണനിലവാരം, പ്രത്യേകിച്ചും ആളുകളുടെ സ്വഭാവവൈശിഷ്ട്യം എന്നെ ആഴമായി സ്പർശിച്ചിരിക്കുന്നു. ഇതിനു മുമ്പ് ഞാൻ ഇതിലും ആസ്വദിച്ച ഒരു നിർമാണപദ്ധതി ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. നിങ്ങളുടെ സംഘടന മനുഷ്യവർഗത്തിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശ നൽകുന്നു. നിങ്ങളുടെ ഉത്സാഹവും കരുതൽ മനോഭാവവും കുപ്പിയിലാക്കി വിൽക്കാൻ കഴിഞ്ഞാൽ, അതു വാങ്ങാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല.”
മെക്സിക്കോയിലെ പുതിയ അച്ചടിയന്ത്രത്തിനു വേണ്ട പൈപ്പുകൾ എത്തിച്ചുകൊടുത്ത ഒരു മനുഷ്യൻ ബ്രാഞ്ചിലെ പ്രശാന്തമായ അന്തരീക്ഷം കണ്ട് അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിനു നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ അദ്ദേഹം കുടുംബസമേതം ബൈബിൾ പഠിക്കുകയും നല്ല പുരോഗതി വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രാദേശിക കോൺട്രാക്റ്റർമാരുടെ ഒരു സംഘത്തിന്റെ തലവൻ അസാധാരണമായ ഒരു അഭ്യർഥനയാണു നടത്തിയത്. “സാധാരണഗതിയിൽ പണി പൂർത്തിയാകുമ്പോൾ കൃതജ്ഞതയുടെ അടയാളമായി ആളുകൾ ഞങ്ങൾക്ക് ഒരു ടിപ്പ് തരാറുണ്ട്. നിങ്ങൾ ഞങ്ങൾക്ക് ഓരോ ബൈബിൾ തരാമോ? ബൈബിൾ പരിജ്ഞാനമാണ് പണത്തെക്കാൾ മൂല്യമുള്ളതെന്ന് ഇവിടെ കാണാൻ കഴിഞ്ഞ കാര്യങ്ങളിൽനിന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ത്യാ ബ്രാഞ്ചിന്റെ സമർപ്പണം
“2003 ഡിസംബർ 7-ന്, കാത്തുകാത്തിരുന്ന ആ ദിവസം വന്നെത്തി—ഇന്ത്യയുടെ ദക്ഷിണമധ്യ ഭാഗത്തുള്ള ബാംഗ്ലൂരിൽ പുതുതായി പണികഴിപ്പിക്കപ്പെട്ട ഞങ്ങളുടെ ബ്രാഞ്ചിന്റെ സമർപ്പണദിനം,” ഇന്ത്യാ ബ്രാഞ്ച് എഴുതുന്നു.
നാൽപ്പത്തിമൂന്ന് ഏക്കർ സ്ഥലത്താണ് ബ്രാഞ്ച് സ്ഥിതിചെയ്യുന്നത്. കെട്ടിട സമുച്ചയത്തിന്റെ വിസ്തീർണം 30,000 ചതുരശ്ര മീറ്ററാണ്. ഇത് ഒരു കൊച്ചു ടൗൺഷിപ്പ് പോലെയാണ്. ഒരു ലൗകിക സ്ഥാപനത്താൽ നിർമിക്കപ്പെടുന്ന, ലോകത്തിലെ ആദ്യത്തെ വലിയ ബ്രാഞ്ചാണ് ഇത്. കുടിവെള്ളം ശുദ്ധീകരിക്കാനും മലിനജലം സംസ്കരിച്ച് വീണ്ടും ഉപയോഗപ്പെടുത്താനും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാനും ഉള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്. മൊത്തം 122 ഓഫീസുകളാണ് ബ്രാഞ്ചിലുള്ളത്, ഇതിൽ 80 എണ്ണം പരിഭാഷകരുടേതാണ്. കൂടാതെ മനോഹരമായ ഒരു രാജ്യഹാൾ, ഒരു വലിയ അച്ചടിശാല, വസ്ത്രമലക്കുന്ന ലോൺഡ്രി, തീൻമുറി, എല്ലാവിധ സജ്ജീകരണങ്ങളുമുള്ള ഒരു അടുക്കള എന്നിവയുമുണ്ട്. താമസത്തിനുള്ള മൂന്നു കെട്ടിടങ്ങളിലും നല്ല സൗകര്യമുള്ള മുറികളുണ്ട്. നിർമാണത്തിന്, പ്രാദേശികമായി നിർമിക്കപ്പെട്ട നിർമാണവസ്തുക്കൾ വിപുലമായ തോതിൽ ഉപയോഗിക്കുകയുണ്ടായി. നിർമാണപദ്ധതി പൂർത്തിയാകാൻ രണ്ടു വർഷമെടുത്തു.
ഇന്ത്യയിൽ രാജ്യവേല ആരംഭിച്ചത് 1905-ലാണ്. ഇപ്പോൾ 26 ഇന്ത്യൻ ഭാഷകളിൽ പരിഭാഷയും അച്ചടിയും നടക്കുന്നുണ്ട്. സമർപ്പണവേളയിൽ, ഇന്ത്യയിൽ പതിറ്റാണ്ടുകളോളം സേവിച്ചിരുന്ന മിഷനറിമാർ പ്രോത്സാഹജനകമായ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. ഭരണസംഘത്തിലെ സ്റ്റീഫൻ ലെറ്റാണ് സമർപ്പണ പ്രസംഗം നടത്തിയത്. 25 വിദേശ രാജ്യങ്ങളിൽനിന്നുള്ള 150 സന്ദർശകർ ഉൾപ്പെടെ 2,933 പേർ പരിപാടിയിൽ പങ്കെടുത്തു.
ഫിലിപ്പീൻസ് ബ്രാഞ്ചിന്റെ സമർപ്പണം
“ഞങ്ങൾ പണിയുന്ന കെട്ടിടങ്ങൾ വാച്ച് ടവറിന്റേതുപോലെ മനോഹരമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം!” മനിലയിൽ സാക്ഷികളല്ലാത്ത ചില കെട്ടിട നിർമാതാക്കൾ ഫിലിപ്പീൻസ് ബ്രാഞ്ചിന്റെ നിർമാണചാതുരി കണ്ടശേഷം പറഞ്ഞതാണ് ആ വാക്കുകൾ. നിർമാണ നിയമങ്ങളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കിക്കൊണ്ടിരുന്ന ചില ടെലിവിഷൻ പ്രവർത്തകർ സിറ്റി എഞ്ചിനീയറെ സന്ദർശിച്ചപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത് ഇങ്ങനെയാണ്: “നിർമാണ നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ഒരിടം കാണണമെങ്കിൽ വാച്ച്ടവറിൽ പോയാൽ മതി.”
താമസത്തിനുള്ള പുതിയ ഒരു പത്തുനില കെട്ടിടവും അതിനോടനുബന്ധിച്ച് വേറെ ചില കെട്ടിടങ്ങളും സഹോദരന്മാർ നിർമിച്ചിരിക്കുന്നു. 1991-ൽ താമസത്തിനായി പണികഴിപ്പിച്ചിരുന്ന ഒരു പത്തുനില കെട്ടിടം അവർ കൂട്ടത്തിൽ പുതുക്കിപ്പണിതിട്ടുമുണ്ട്. ബ്രാഞ്ച് വിപുലീകരിക്കേണ്ടിയിരുന്നത് എന്തുകൊണ്ടാണ്? 1991 മുതൽ 2003 വരെയുള്ള കാലയളവിൽ 34,000 പേർ കൂടെ പ്രസാധകരുടെ അണിയിൽ ചേർന്നു. ഇത് രാജ്യഘോഷകരുടെ എണ്ണത്തിൽ ഒരു പുതിയ അത്യുച്ചത്തിന് ഇടയാക്കി! അവരുടെ എണ്ണം ഇപ്പോൾ 1,44,000-ത്തിലും കവിഞ്ഞിരിക്കുന്നു.
2003 നവംബർ 1 ശനിയാഴ്ച ആയിരുന്നു സമർപ്പണം. ബെഥേൽ കുടുംബം, ഫിലിപ്പീൻസിൽനിന്നുള്ള 2,000-ത്തിലേറെ സഹോദരീസഹോദരന്മാർ എന്നിവർക്കു പുറമേ 13 രാജ്യങ്ങളിൽനിന്നുള്ള മുൻ മിഷനറിമാരും മറ്റ് അതിഥികളും ആ തെളിഞ്ഞ പ്രഭാതത്തിൽ സമർപ്പണപരിപാടികൾക്കായി കൂടിവന്നു. മൊത്തം ഹാജർ 2,540 ആയിരുന്നു. “യഹോവയുടെ ഗതകാല, ആധുനിക ആരാധനാലയങ്ങളെ വിലമതിക്കൽ” എന്നതായിരുന്നു സമർപ്പണപ്രസംഗത്തിന്റെ പ്രതിപാദ്യ വിഷയം. സ്റ്റീഫൻ ലെറ്റ് സഹോദരനായിരുന്നു പ്രസംഗം നിർവഹിച്ചത്. പിറ്റേന്ന് പ്രാദേശിക പയനിയർമാരും മൂപ്പന്മാരും അവരുടെ ഭാര്യമാരും ഉൾപ്പെടെ 8,151 പേർ മെട്രോ മനില സമ്മേളന ഹാളിൽ ഒരു പ്രത്യേക പരിപാടി ആസ്വദിച്ചു.
ലോകവ്യാപകമായി വ്യത്യസ്ത ബ്രാഞ്ചുകളിലായി മൊത്തം 20,092 നിയമിത ശുശ്രൂഷകർ സേവനം അനുഷ്ഠിക്കുന്നുണ്ട്. എല്ലാവരും യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥയിൻ കീഴിൽ വരുന്നവരാണ്.
[21, 22 പേജുകളിലെ ചതുരം]
പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകുന്നു
2004 മാർച്ച് 19 വെള്ളിയാഴ്ച. യഹോവയുടെ സാക്ഷികളിലൊരാളായ കാൾ എന്ന 20 വയസ്സുകാരൻ ഒരു നട്ടുച്ചയ്ക്ക് ഹെയ്റ്റിയിലെ പേറ്റ്യോൻവില്ലിലുള്ള തിരക്കുള്ള ഒരു തെരുവിലൂടെ നടന്നുപോവുകയായിരുന്നു. പെട്ടെന്ന് കറുത്ത വസ്ത്രം ധരിച്ച ആയുധധാരികളായ കുറെ പേർ വന്ന് അവനെ ബലമായി ഒരു ചെറിയ ട്രക്കിലേക്കു പിടിച്ചുകയറ്റി. അവർ അവന്റെ തല മൂടിയശേഷം വണ്ടി ശരവേഗത്തിൽ പായിച്ചുകൊണ്ടുപോയി. സംഭവത്തെക്കുറിച്ച് കാൾ പറയുന്നു:
ട്രക്കിൽനിന്ന് ഇറക്കിയശേഷം അവർ എന്നെ ഒരു മുറിയിലേക്കു കൊണ്ടുപോയി. അവിടെ അവർ ഇതുപോലെ പിടിച്ചുകൊണ്ടുവന്ന വേറെയും ആളുകൾ ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രകടനങ്ങളിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ബന്ദികളാക്കിയ യൂണിവേഴ്സിറ്റി വിദ്യാർഥികളായിരുന്നു അവരെന്നു തോന്നുന്നു. ഞങ്ങളെ ബന്ദികളാക്കിയവർ ഒന്നിനൊന്ന് അക്രമാസക്തരായിക്കൊണ്ടിരുന്നു. അവർ തുരുതുരാ വെടിവെക്കാൻ തുടങ്ങി. വെടിയേറ്റ് ബന്ദികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചുവീണു. മരിച്ച ആളുടെ തല എന്റെ പാദത്തിൽ തട്ടിയത് ഞാൻ അറിഞ്ഞു. പിന്നെ അവർ എന്നെ ചോദ്യം ചെയ്യാനും ഭീഷണിപ്പെടുത്താനും തുടങ്ങി. മടുത്തപ്പോൾ അവർ എന്നെ, ഇടിക്കുകയും മരിച്ചുകിടക്കുന്ന ആളിന്റെ ദേഹത്തേക്കു തള്ളിയിടുകയും ചെയ്തു.
“ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതാണു നല്ലത്!” അവരുടെ നേതാവ് ആജ്ഞാപിച്ചു.
“പക്ഷേ എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് യാതൊന്നും അറിയില്ല,” ഞാൻ പറഞ്ഞു.
“എന്നാൽ ഞാൻ ഇപ്പോൾത്തന്നെ നിന്റെ കഥ കഴിക്കും!” അയാൾ അലറി.
ഞാൻ അയാളോട് ഇങ്ങനെ അഭ്യർഥിച്ചു: “താങ്കൾ അതു ചെയ്യുന്നതിനുമുമ്പ് ഞാൻ എന്റെ ദൈവമായ യഹോവയോട് ഒന്നു പ്രാർഥിച്ചോട്ടെ, എന്റെ മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും സഹായിക്കാൻ. ഇനി അവർ എന്നെ കാണില്ലല്ലോ.”
“വേഗം വേണം! എനിക്കു വേറെ പണിയുണ്ട്,” അയാൾ വീണ്ടും ആക്രോശിച്ചു.
ഞാൻ ഉറക്കെ പ്രാർഥിച്ചുകൊണ്ടിരിക്കെ അയാൾ മുറി വിട്ടുപോയി. അയാൾ തിരിച്ചുവന്നപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു, ‘കാൾ, സമയം ആയിരിക്കുന്നു. മരിക്കാൻ തയ്യാറായിക്കൊള്ളൂ.’ പക്ഷേ പിന്നീടുണ്ടായ കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
“തന്റെ പേര് കാൾ . . . എന്നാണോ?” അയാൾ ചോദിച്ചു.
“അതേ,” ഞാൻ മറുപടി പറഞ്ഞു. എന്റെ പേര് അയാൾക്ക് എങ്ങനെ മനസ്സിലായെന്നു ഞാൻ അത്ഭുതപ്പെട്ടു.
ഞാൻ പല പ്രാവശ്യം അയാളെ എന്റെ കാറിൽ കയറ്റിക്കൊണ്ടുപോയിട്ടുണ്ടെന്നും ഇപ്പോൾ എന്നെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് എന്നെ ഉപദ്രവിക്കാൻ അയാൾക്കാവില്ലെന്നും അയാൾ വിശദീകരിച്ചു. എന്റെ തല മൂടിയിരിക്കുകയായിരുന്നെങ്കിലും ഞാൻ പ്രാർഥനയിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് അയാൾ എന്നെ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. അയാൾ വീണ്ടും പുറത്തുപോയി, പിന്നെ തന്റെ കൂടെയുള്ളവരുമായി എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നതു കേട്ടു. ഒടുവിൽ ആരോ വന്ന് എന്നെ ഒരു ട്രക്കിൽ കയറ്റി ഓടിച്ചുകൊണ്ടുപോയി, പിന്നെ ഒരു സ്ഥലത്തെത്തിയപ്പോൾ എന്നെ വഴിയിലേക്കു തള്ളിയിട്ടു. അത് വല്ലാത്തൊരു അനുഭവമായിരുന്നു. യഹോവയിലും പ്രാർഥനയുടെ ശക്തിയിലും ഉള്ള എന്റെ വിശ്വാസത്തെ ആ സംഭവം വളരെയധികം ശക്തിപ്പെടുത്തി.
[12, 13 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
ചില സംഭവങ്ങൾ സേവനവർഷം 2004-ൽ നടന്നത്
സെപ്റ്റംബർ 1.2003
സെപ്റ്റംബർ: സേവനവർഷം 2004-ൽ 88 ബ്രാഞ്ചുകളിൽ സഞ്ചാരമേൽവിചാരകന്മാർക്കു വേണ്ടിയുള്ള സ്കൂൾ നടത്തപ്പെടുന്നു.
ഒക്ടോബർ: ബ്രിട്ടൻ ബ്രാഞ്ച്, എംഎഎൻ റോളണ്ട് ലിഥോമൻ പ്രസ്സ് ഉപയോഗിച്ചുള്ള അച്ചടി ആരംഭിക്കുന്നു.
ഒക്ടോബർ 28: റൊമാനിയയിലെ കോടതി, അംഗീകൃത മതങ്ങൾക്കുവേണ്ടിയുള്ള നികുതി-നിയന്ത്രണ പട്ടികയിൽ യഹോവയുടെ സാക്ഷികളെ ഉൾപ്പെടുത്താൻ ഉത്തരവിടുന്നു.
നവംബർ 1: ഫിലിപ്പീൻസ് ബ്രാഞ്ചിന്റെ സമർപ്പണം.
നവംബർ 28: ജോർജിയയുടെ നീതിന്യായ മന്ത്രാലയം യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ച് ഓഫീസ് രജിസ്റ്റർ ചെയ്യുന്നു.
ഡിസംബർ 7: ഇന്ത്യാ ബ്രാഞ്ചിന്റെ സമർപ്പണം.
ജനുവരി 1, 2004
മാർച്ച് 26: ഗൊലൊവിൻസ്കി കോടതി മോസ്കോയിൽ യഹോവയുടെ സാക്ഷികളെ നിരോധിക്കാൻ ഉത്തരവിടുന്നു. കേസ് അപ്പീലിനു പോകുന്നു.
ഏപ്രിൽ: റഷ്യയിൽ സാധാരണ പയനിയർമാരുടെ എണ്ണത്തിൽ 15,489 എന്ന പുതിയ അത്യുച്ചം ഉണ്ടാകുന്നു.
ഏപ്രിൽ 29: 84 വർഷത്തെ തുടർച്ചയായ അച്ചടിപ്രവർത്തനത്തിനുശേഷം ബ്രുക്ലിനിലെ അച്ചടിശാല അടച്ചുപൂട്ടുന്നു. പുതിയ അച്ചടിശാല വാൾക്കിലിൽ.
മേയ് 1, 2004
മേയ്: രാഷ്ട്രീയ സംഘർഷങ്ങളുടെ മധ്യേ ഹെയ്റ്റി രൂക്ഷമായ വെള്ളപ്പൊക്കത്തിന്റെ പിടിയിലമരുന്നു. സഹോദരങ്ങളിലാർക്കും ജീവഹാനി ഉണ്ടായില്ല.
ജൂൺ 16: മോസ്കോയിലെ നഗര കോടതി മാർച്ച് 26-ലെ വിധിന്യായത്തെ പിന്താങ്ങുന്നു. നിരോധനവും സാക്ഷികളുടെ കോർപ്പറേഷൻ റദ്ദാക്കാനുള്ള ഉത്തരവും പ്രാബല്യത്തിൽ വരുന്നു. കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീലിനു പോകുന്നു.
ആഗസ്റ്റ് 31, 2004
[11-ാം പേജിലെ ചിത്രം]
“ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം” ജോർജിയൻ ഭാഷയിൽ പ്രകാശനം ചെയ്യപ്പെടുന്നു
[27-ാം പേജിലെ ചിത്രങ്ങൾ]
യു.എസ്.എ.-യിലെ ന്യൂയോർക്കിലെ വാൾക്കില്ലിലുള്ള പുതിയ രണ്ട് എംഎഎൻ അച്ചടിയന്ത്രങ്ങളിലൊന്ന് പ്രവർത്തിപ്പിക്കുന്ന സഹോദരന്മാർ
[29-ാം പേജിലെ ചിത്രം]
അടുത്തയിടെ സമർപ്പിക്കപ്പെട്ട ഇന്ത്യാ ബ്രാഞ്ച്
[30-ാം പേജിലെ ചിത്രം]
വിപുലീകരിക്കപ്പെട്ട ഫിലിപ്പീൻസ് ബ്രാഞ്ച്