പാഠം 10
പഠിപ്പിക്കൽ കല വളർത്തിയെടുക്കൽ
1-3. പഠിപ്പിക്കലിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു, പഠിപ്പിക്കുന്നതിനുളള ഏത് അവസരങ്ങൾ നമുക്കുണ്ട്?
1 സത്യക്രിസ്ത്യാനികളെന്ന നിലയിൽ നാം നമ്മുടെ മഹോപദേഷ്ടാക്കളായ യഹോവയാം ദൈവത്തിലേക്കും യേശുക്രിസ്തുവിലേക്കും നോക്കുന്നു. “നിന്റെ ഇഷ്ടംചെയ്യാൻ എന്നെ പഠിപ്പിക്കേണമേ” എന്നു യഹോവയോടു പ്രാർഥിച്ച സങ്കീർത്തനക്കാരനോടു നാം ചേരുന്നു. (സങ്കീ. 143:10) യേശുവിനെ “ഗുരോ” എന്നു സംബോധനചെയ്ത അവിടുത്തെ ഒന്നാം നൂററാണ്ടിലെ ശിഷ്യരുടെ അതേ മനോഗതി ഉളളവരാണു നമ്മളും. യേശു എന്തൊരു ഉപദേഷ്ടാവാണ്! അവിടുന്നു തന്റെ ഗിരിപ്രഭാഷണം നടത്തിയശേഷം “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; . . . അധികാരമുളളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചത്.” (മത്താ. 7:28, 29) ഏററവും മഹാൻമാരായ ഉപദേഷ്ടാക്കൾ ഇവരാണ്, നാം അവരെ അനുകരിക്കാൻ ശ്രമിക്കുന്നു.
2 പഠിപ്പിക്കൽ വളർത്തിയെടുക്കേണ്ട ഒരു പ്രാപ്തിയാണ്. അതിൽ ഒരു സംഗതി എന്താണ്, എങ്ങനെയാണ്, എന്തുകൊണ്ടാണ്, എവിടെയാണ്, എപ്പോഴാണ് എന്നു വിശദീകരിക്കുന്നത് ഉൾപ്പെടുന്നു. വിശേഷിച്ച് “ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന തന്റെ അനുഗാമികളോടുളള യേശുവിന്റെ നിർദേശത്തിന്റെ വീക്ഷണത്തിൽ ഒരോ ക്രിസ്ത്യാനിയും തന്റെ പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടുത്തേണ്ട ആവശ്യമുണ്ട്. (മത്താ. 28:19, 20) ഇതു വൈദഗ്ധ്യം ആവശ്യമുളള ഒരു വേലയാണെന്ന് “സകല ദീർഘക്ഷമയോടും ഉപദേശത്തോടും [പഠിപ്പിക്കൽ കലയോടും, NW] കൂടെ ശാസിക്ക” എന്ന തിമോഥെയോസിനോടുളള അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധ്യുപദേശത്തിൽനിന്നു കാണാവുന്നതാണ്.—2 തിമൊ. 4:2.
3 തീർച്ചയായും മററുളളവരെ പഠിപ്പിക്കുന്നതിനുളള അവസരങ്ങൾ അനേകമാണ്. മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. സുവാർത്താഘോഷകർ ഭവനബൈബിളധ്യയനങ്ങൾ മുഖേന പുതിയ താത്പര്യക്കാരെ പഠിപ്പിക്കേണ്ടതുണ്ട്. മിക്കപ്പോഴും പുതിയ പ്രസാധകരെ പഠിപ്പിക്കാനുളള അവസരങ്ങളുണ്ട്. അനേകം സഹോദരൻമാർക്ക് ഒന്നുകിൽ സേവനയോഗത്തിലോ അല്ലെങ്കിൽ പരസ്യപ്രസംഗങ്ങളായോ പരിപുഷ്ടിപ്പെടുത്തുന്ന പ്രഭാഷണങ്ങൾ നടത്താനുളള പദവിയുണ്ട്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ സകല വിദ്യാർഥികളും ഉപദേഷ്ടാക്കളെന്ന നിലയിലുളള പുരോഗതി പ്രകടമാക്കാൻ ആകാംക്ഷയുളളവരായിരിക്കണം. ശുശ്രൂഷയുടെ ഈ പഠിപ്പിക്കൽ വശത്തു പങ്കുപററാനുളള നിങ്ങളുടെ പ്രാപ്തി വളർത്തുമ്പോൾ നിങ്ങൾ അതു യഥാർഥത്തിൽ സംതൃപ്തികരവും സമൃദ്ധമായി പ്രതിഫലദായകവുമാണെന്നു കണ്ടെത്തും. ആരെയെങ്കിലും ദൈവവചനത്തിൽനിന്നു പഠിപ്പിക്കുകയും അനന്തരം അയാൾ നല്ല ആത്മീയ പുരോഗതി വരുത്തുന്നതു കാണുകയും ചെയ്യുന്നതിനെക്കാൾ ആസ്വാദ്യമായി മറെറാന്നുമില്ല.
4, 5. പ്രബോധനം കൊടുക്കുമ്പോൾ നാം ആരെയും എന്തിനെയും ആശ്രയിക്കണം?
4 യഹോവയിലുളള ആശ്രയം. സുവാർത്തയുടെ ഉപദേഷ്ടാവെന്ന നിലയിൽ ഫലപ്രദനായിരിക്കാനുളള ഒരു മർമപ്രധാനമായ വ്യവസ്ഥ യഹോവയെ ഗൗനിച്ചുകൊണ്ടും അവിടുത്തെ മാർഗനിർദേശത്തിൽ ഊന്നിക്കൊണ്ടും സഹായത്തിനായി യാചിച്ചുകൊണ്ടും അവിടുത്തെ ആശ്രയിക്കുകയാണ്. (സദൃ. 3:5, 6) യേശുപോലും “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്നു പറഞ്ഞു. (യോഹ. 7:16) അവിടുന്നു ക്രമമായി ദൈവവചനത്തെ പരാമർശിച്ചു, രേഖപ്പെടുത്തപ്പെട്ട തന്റെ സംഭാഷണങ്ങളിൽ എബ്രായതിരുവെഴുത്തുകളുടെ പകുതി പുസ്തകങ്ങളിൽനിന്ന് ഉദ്ധരിക്കുകയോ അവയെ സൂചിപ്പിച്ചുപറയുകയോ ചെയ്തുകൊണ്ടുതന്നെ. അതുകൊണ്ടു മററുളളവരെ പഠിപ്പിക്കുമ്പോൾ, യേശു ചെയ്തതുപോലെ ദൈവത്തിന്റെ സത്യവചനത്തെ ആശ്രയിക്കുക. നിങ്ങളുടെ ഉത്തരങ്ങൾ അതിൽനിന്ന് എടുക്കുക, കാരണം യേശുവിന്റെ ശിഷ്യരായിത്തീരാൻ ആളുകളെ പഠിപ്പിക്കുന്നതിന് ഒരു പ്രമുഖ പാഠപുസ്തകം മാത്രമേയുളളു, അതു വിശുദ്ധ ബൈബിളാണ്.—2 തിമൊ. 3:16.
5 നിങ്ങൾ വാസ്തവമായി യഹോവയിൽ ആശ്രയിക്കുന്നുവെങ്കിൽ, നിങ്ങൾ അയോഗ്യനാണെന്നു വിചാരിക്കേണ്ടതില്ല. ദൈവം തന്റെ സത്യവചനത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുളള ഒരു ഗ്രാഹ്യം നമുക്കു നൽകുന്നു. നിങ്ങൾ ഈ സത്യങ്ങളെക്കുറിച്ചുളള നിങ്ങളുടെ അറിവു മററുളളവർക്കു പങ്കുവെക്കുന്നുവെങ്കിൽ, യഹോവ നിങ്ങളെ പിന്താങ്ങും. “ഞാൻ ഒരു ഉപദേഷ്ടാവല്ല” എന്നു പറഞ്ഞുകൊണ്ടു പിൻമാറിനിൽക്കേണ്ട ആവശ്യമില്ല. നിങ്ങൾ പ്രാർഥനാപൂർവം യഹോവയിൽ ആശ്രയിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഒരു ഉപദേഷ്ടാവായിരിക്കാൻ കഴിയും.—2 കൊരി. 3:5.
6-8. ഫലകരമായ പഠിപ്പിക്കലിൽ തയ്യാറാകൽ എന്തു പങ്കു വഹിക്കുന്നു?
6 തയ്യാറാകൽ. തീർച്ചയായും നിങ്ങളുടെ വിഷയം അറിയുന്നതിനു പകരം മറെറാന്നും ചെയ്യാനില്ല. നിങ്ങൾക്കു മറെറാരാളെ പഠിപ്പിക്കാൻ കഴിയുന്നതിനു മുമ്പ്, വിവരങ്ങളുടെ വ്യക്തമായ ഗ്രാഹ്യം നിങ്ങൾക്കാവശ്യമാണ്. (റോമ. 2:21) നിങ്ങളുടെ അറിവിന്റെ വ്യാപ്തി വർധിക്കുമ്പോൾ, നിങ്ങൾ മെച്ചപ്പെട്ട ഒരു ഉപദേഷ്ടാവായിത്തീരുമെന്നു സ്പഷ്ടമാണ്. എന്നാൽ അടിസ്ഥാനപരമായ കുറെ സത്യങ്ങൾമാത്രമേ നിങ്ങൾക്കറിയാവുളളുവെങ്കിലും, അപ്പോഴും നിങ്ങൾക്ക് ഒരു ഉപദേഷ്ടാവായിരിക്കാൻ കഴിയും. നിങ്ങൾക്ക് അറിയാവുന്നതിനെക്കുറിച്ചു സംസാരിക്കുക. കൊച്ചു കുട്ടികൾക്കുപോലും തങ്ങളുടെ മാതാപിതാക്കളിൽനിന്നു പഠിച്ചിട്ടുളള സത്യങ്ങൾ സഹപാഠികളെ പഠിപ്പിക്കാൻ കഴിയും. നിങ്ങളുടെ പഠിപ്പിക്കൽ പ്രാപ്തി വളർത്തിയെടുക്കാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിങ്ങളെ സഹായിക്കും.
7 നിങ്ങൾ ഒരു ബൈബിളധ്യയനമോ ഒരു പ്രസംഗമോ നടത്താൻ പോകുകയാണെങ്കിൽ, ആദ്യം നിങ്ങളുടെ വിവരങ്ങളെ തെളിയിക്കുന്ന വാദങ്ങൾ വ്യക്തമായി മനസ്സിലാക്കുക. ഒരു കാര്യം അങ്ങനെയായിരിക്കുന്നത് എന്തുകൊണ്ടെന്നു നിർണയിക്കാൻ ശ്രമിക്കുക. ആശയങ്ങൾ നിങ്ങളുടെ സ്വന്ത വാക്കുകളിൽ പറയാൻ കഴിയുമോയെന്നു നോക്കുക. തിരുവെഴുത്തുതെളിവുകളുടെ നല്ല ഗ്രാഹ്യം നേടുക. തിരുവെഴുത്തുകൾ ഫലകരമായി ബാധകമാക്കാൻ തയ്യാറായിരിക്കുക.
8 തയ്യാറാകലിന്റെ മറെറാരു വശം വിദ്യാർഥിയുടെ മതപരമായ പശ്ചാത്തലം നിമിത്തം അയാളുടെ മനസ്സിൽ ഉദിച്ചേക്കാവുന്ന ചോദ്യങ്ങൾ നേരത്തെ പരിചിന്തിക്കുകയാണ്. ഇത് ആ വിദ്യാർഥിക്കു വിശേഷാൽ യോജിക്കുന്ന വിവരങ്ങൾ സഹിതം ഒരുങ്ങിയിരിക്കാൻ നിങ്ങളെ സഹായിക്കും. അയാൾക്ക് അപ്പോൾത്തന്നെയുളള ഗ്രാഹ്യം മനസ്സിലാക്കുന്നതു പുതിയ വിവരങ്ങൾക്ക് അടിസ്ഥാനമിടുന്നതിനും പുരോഗമിക്കാൻ അയാളെ സഹായിക്കുന്നതിനും നിങ്ങളെ പ്രാപ്തനാക്കും. മറെറാരു വിദ്യാർഥിക്ക് അയാളുടെ പശ്ചാത്തലം നിമിത്തം വാദങ്ങളുടെ ഒരു വ്യത്യസ്ത നിര ആവശ്യമായിരിക്കാം. അതുകൊണ്ടു നിങ്ങളുടെ വിദ്യാർഥിയെ അറിയുന്നതു തയ്യാറാകാൻ നിങ്ങളെ സഹായിക്കുന്നു.
9. തങ്ങളുടെ സ്വന്ത വാക്കുകളിൽ ഉത്തരം പറയാൻ വിദ്യാർഥികളെ നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?
9 ചോദ്യങ്ങൾ. യേശുക്രിസ്തു മിക്കപ്പോഴും പ്രകടമാക്കിയതുപോലെ, ചോദ്യങ്ങൾ ഫലകരമായ പഠിപ്പിക്കലിൽ വിശേഷാൽ സഹായകമാണ്. (ലൂക്കൊ. 10:36) അതുകൊണ്ട് ഒരു ബൈബിളധ്യയനം നടത്തുമ്പോൾ പ്രസിദ്ധീകരണങ്ങളിലെ അച്ചടിച്ച ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ടു നിങ്ങൾക്ക് യേശുവിന്റെ രീതി പിന്തുടരാവുന്നതാണ്. എന്നാൽ നിങ്ങൾ ഒരു മികച്ച ഉപദേഷ്ടാവാണെങ്കിൽ, വിദ്യാർഥി ഉത്തരം പുസ്തകത്തിൽനിന്നു കേവലം വായിക്കുന്നപക്ഷം നിങ്ങൾക്കു തൃപ്തിയാകുകയില്ല. അങ്ങനെയുളള കേസിൽ ആശയം വിദ്യാർഥിയുടെ സ്വന്ത വാക്കുകളിൽ പറയാൻ അയാളെ പ്രചോദിപ്പിക്കുന്ന കൂടുതലായ ചോദ്യങ്ങൾ നിങ്ങൾക്ക് ആവശ്യമാണ്. ചിലപ്പോൾ നിങ്ങൾ “അതു ശരി, എന്നാൽ നിങ്ങൾ സ്വന്ത വാക്കുകളിൽ അത് എങ്ങനെ വിശദീകരിക്കും?” എന്നു പറഞ്ഞാൽ മതിയാകും.
10. മാർഗനിർദേശക ചോദ്യങ്ങളുടെ ഉപയോഗം വിശദീകരിക്കുക.
10 പഠിപ്പിക്കലിൽ മാർഗനിർദേശക ചോദ്യങ്ങൾ സഹായകമാണെന്നും നിങ്ങൾ കണ്ടെത്തും. ഇവ ആ വ്യക്തിക്ക് അപ്പോൾത്തന്നെ അറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ ഒരുപക്ഷേ അയാൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഒരു നിഗമനത്തിൽ എത്തിച്ചേരുന്നതിന് അയാളുടെ മനസ്സിനെ നയിക്കാൻ നിങ്ങളെ സഹായിക്കുന്ന ചോദ്യങ്ങളാണ്. (മത്താ. 17:25, 26; 22:41-46) ഫലത്തിൽ നിങ്ങൾ നിങ്ങളോടുതന്നെ പറയുന്നു: ‘ഈ വിദ്യാർഥിക്ക് അതുമിതും സംബന്ധിച്ച് അറിവുണ്ടെന്ന് എനിക്കറിയാം, അതുകൊണ്ട് ഒരു യുക്തിയുക്തമായ അനുക്രമത്തിൽ ഞാൻ കുറെ ചോദ്യങ്ങൾ ചോദിക്കുന്നുവെങ്കിൽ അയാൾക്കു ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയും. എന്നാൽ ഞാൻ മാർഗനിർദേശക ചോദ്യങ്ങൾ ഒഴിവാക്കി നേരിട്ടു പ്രധാന ചോദ്യം അയാളോടു ചോദിക്കുകയാണെങ്കിൽ, അയാൾ തെററായ നിഗമനത്തിലേക്ക് എടുത്തുചാടിയേക്കാം.’ മററുവാക്കുകളിൽ പറഞ്ഞാൽ, വിദ്യാർഥിക്ക് ഉത്തരത്തിൽ എത്തിച്ചേരാൻ ഉപകരിക്കുന്ന വിവരങ്ങൾ ഉണ്ട്. എന്നാൽ അയാൾക്കു സഹായം ആവശ്യമാണ്. തീർച്ചയായും എളുപ്പമുളള മാർഗം അയാളോട് ഉത്തരം പറയുകയാണ്. എന്നാൽ നിങ്ങൾ മാർഗനിർദേശക ചോദ്യങ്ങൾ ചോദിക്കുന്നുവെങ്കിൽ വിദ്യാർഥി സ്വയം ഉത്തരം പറയുന്നതുകൊണ്ടു നിങ്ങൾ ഉത്തരത്തെ കൂടുതൽ സ്വീകാര്യമാക്കുന്നുവെന്നു മാത്രമല്ല, ചിന്താപ്രാപ്തി വളർത്തിയെടുക്കാൻ അയാളെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചോദ്യങ്ങൾ അയാളുടെ മനസ്സിനെ ശരിയായ നിഗമനത്തിലെത്താൻ സയുക്തികമായ ചിന്തയുടെ പടികളിലൂടെ നയിക്കും. ഇതു പിന്നീട് അയാൾക്ക് അളവററു മൂല്യവത്തായിരിക്കും.
11. വീക്ഷണചോദ്യങ്ങൾ എങ്ങനെ ഉപയോഗിക്കാം?
11 ചില സമയങ്ങളിൽ വീക്ഷണചോദ്യങ്ങൾ ചോദിക്കുന്നത് അഭികാമ്യമാണെന്നു നിങ്ങൾ കണ്ടെത്തും. അവ മുഖേന വിദ്യാർഥി ഒരു സംഗതി സംബന്ധിച്ചു വ്യക്തിപരമായി എന്തു വിശ്വസിക്കുന്നുവെന്നു കണ്ടുപിടിക്കാൻ നിങ്ങൾ ശ്രമിക്കുന്നു. ദൃഷ്ടാന്തത്തിന്, പരസംഗം സംബന്ധിച്ചു ദൈവത്തിന്റെ നിയമം എന്താണെന്നു നിങ്ങൾക്ക് അയാളോടു ചോദിക്കാവുന്നതാണ്. അതു തെററാണെന്നു പ്രകടമാക്കുന്ന ഒരു തിരുവെഴുത്ത് ഉദ്ധരിക്കാൻ അയാൾ പ്രാപ്തനായിരിക്കാം. എന്നാൽ വിദ്യാർഥി താൻ നൽകിയ ഉത്തരത്തോടു യഥാർഥത്തിൽ യോജിക്കുന്നുണ്ടോ? അത് അയാളുടെ വ്യക്തിപരമായ വീക്ഷണമാണോ? അയാൾ പരസംഗത്തെക്കുറിച്ചു യഥാർഥമായി എന്താണു ചിന്തിക്കുന്നതെന്നു കണ്ടുപിടിക്കുന്നതിനു നിങ്ങൾ ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിച്ചേക്കാം. “നാം ആ വിധത്തിൽ ജീവിച്ചാലോ ജീവിക്കാതിരുന്നാലോ ഉളള വ്യത്യാസം എന്താണ്?” എന്നു നിങ്ങൾക്കു ചോദിക്കാവുന്നതാണ്. അപ്പോൾ കൂടുതൽ സഹായം ആവശ്യമായിരിക്കുന്ന മണ്ഡലങ്ങൾ നിങ്ങൾ തിരിച്ചറിഞ്ഞേക്കാം, നിങ്ങൾക്ക് അനന്തരനടപടികൾ സ്വീകരിക്കാവുന്നതാണ്. വീക്ഷണചോദ്യങ്ങൾ വിദ്യാർഥിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ നിങ്ങളെ സഹായിക്കുന്നു.
12, 13. വീടുതോറുമുളള ശുശ്രൂഷയിലും പ്ലാററ്ഫാറത്തിൽനിന്ന് ഒരു പ്രസംഗം നടത്തുമ്പോഴും ചോദ്യങ്ങൾ ഉപയോഗിക്കുന്നതു പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്?
12 വീടുതോറുമുളള ശുശ്രൂഷയിലും ചോദ്യങ്ങൾ സഹായകമാണ്. ദൃഷ്ടാന്തത്തിന്, ബൈബിൾസത്യങ്ങൾ മനസ്സിലാക്കുന്നതിനു വീട്ടുകാരനെ മെച്ചമായി സഹായിക്കാൻ കഴിയത്തക്കവണ്ണം അയാൾ ചിന്തിക്കുന്നതെന്താണെന്നു കണ്ടുപിടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. തന്റെ വീക്ഷണം പ്രകടമാക്കാനുളള അവസരം അയാൾക്കു കൊടുക്കുന്നുവെങ്കിൽ നിങ്ങൾ പറയുന്നതു കേൾക്കാൻ അയാൾ കൂടുതൽ ചായ്വുളളവനായിരിക്കുമെന്നു നിങ്ങൾക്കറിയാവുന്നതുകൊണ്ടും നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുകയും അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്യുന്നു.
13 പ്ലാററ്ഫാറത്തിൽനിന്ന് ഒരു പ്രസംഗംനടത്തുമ്പോൾപോലും നിങ്ങൾ ഉത്തരം ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന സമയങ്ങളുണ്ട്. തന്നിമിത്തം പ്രതിവചിക്കാൻ നിങ്ങൾ സദസ്സിനെ ക്ഷണിക്കുന്നു. എന്നാൽ നിങ്ങൾ ആലങ്കാരികചോദ്യങ്ങൾ—സദസ്സിൽനിന്ന് ഉത്തരങ്ങൾ പ്രതീക്ഷിക്കാതെ ചിന്തയെ ഉത്തേജിപ്പിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾ—ഉപയോഗിക്കുന്ന സമയങ്ങളും ഉണ്ട്. (ലൂക്കൊ. 12:49-51) നിങ്ങൾതന്നെ ഉത്തരം നൽകുന്നു. ചില സമയങ്ങളിൽ നിങ്ങൾ ഒരു ചോദ്യപരമ്പര ഉപയോഗിക്കാൻ ആഗ്രഹിച്ചേക്കാം, അവസാനചോദ്യത്തിൽ എത്തുന്നതുവരെ ഉത്തരം പറയാതെതന്നെ. നിങ്ങൾ ഉപയോഗിക്കുന്നത് ഏതു തരം ചോദ്യമാണെന്നുളളതു നിങ്ങളുടെ സദസ്സിനെയും നിങ്ങൾ പഠിപ്പിക്കുന്ന വിഷയത്തെയും ആശ്രയിച്ചിരിക്കുന്നു.
14, 15. ദൃഷ്ടാന്തങ്ങളും ആവർത്തനവും എന്ത് ഉദ്ദേശ്യങ്ങൾക്ക് ഉതകുന്നു?
14 ദൃഷ്ടാന്തങ്ങൾ. ഇവ യേശുവിന്റെ പഠിപ്പിക്കലിന്റെ ഒരു പ്രധാനപ്പെട്ട സവിശേഷതയായിരുന്നു. സമാനമായി, ഇന്നത്തെ ക്രിസ്തീയ ഉപദേഷ്ടാക്കൾക്കു തങ്ങളുടെ ശ്രോതാക്കളുടെ മനസ്സുകളിൽ നല്ല ഉപദേശങ്ങൾ പതിപ്പിക്കുന്നതിനു സഹായിക്കുന്ന ദൃഷ്ടാന്തങ്ങൾ ജീവിതത്തിലെ കാര്യാദികളിൽനിന്നും അനുഭവങ്ങളിൽനിന്നും എടുക്കാൻ കഴിയും. (മത്താ. 13:34, 35) സങ്കീർണമോ വ്യാമിശ്രമോ ആയ ദൃഷ്ടാന്തങ്ങൾ മനസ്സിലാക്കാൻ പ്രയാസമുളളതും നിങ്ങളുടെ വാദങ്ങളിൽനിന്നു വ്യതിചലിപ്പിക്കുന്നതുപോലും ആയിരിക്കാമെന്നുളളതുകൊണ്ടു നിങ്ങളുടെ ദൃഷ്ടാന്തങ്ങളെ ലളിതമാക്കാൻ ശ്രമിക്കുക. യാക്കോബിന്റെ ലേഖനത്തിൽ അനേകം ദൃഷ്ടാന്തങ്ങൾ അടങ്ങിയിരിക്കുന്നു—സമുദ്രത്തിലെ തിരമാല, കപ്പലിന്റെ ചുക്കാൻ, കുതിരയുടെ കടിഞ്ഞാൺ, കണ്ണാടി മുതലായവ. എല്ലാം ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽനിന്ന് എടുത്തവ ആയിരുന്നു. ജാഗ്രതയുളള ഒരു ഉപദേഷ്ടാവു ദൃഷ്ടാന്തത്തെ തന്റെ പഠിതാക്കളുടെ സാഹചര്യങ്ങൾക്കും പ്രായത്തിനും മതത്തിനും സംസ്കാരത്തിനും മററും ബാധകമാകുന്നതാക്കാൻ ശ്രമിക്കും. തീർച്ചയായും ദൃഷ്ടാന്തങ്ങൾ പ്രഭാഷണങ്ങളിലും അതുപോലെതന്നെ നിങ്ങൾ ഒരു വ്യക്തിയെ പഠിപ്പിക്കുമ്പോഴും ഉപയോഗിക്കാൻ കഴിയും.
15 ആവർത്തനം. നിങ്ങൾ പ്ലാററ്ഫാറത്തിൽ ആയാലും ഒരു വ്യക്തിയെ വീട്ടിൽ പഠിപ്പിക്കുകയാണെങ്കിലും ഈ രീതി വിജയപ്രദമായ പഠിപ്പിക്കലിനു മർമപ്രധാനമാണ്. മുഖ്യപദങ്ങളും പദപ്രയോഗങ്ങളും, വിശേഷാൽ തിരുവെഴുത്തുകളും നിങ്ങളുടെ വിദ്യാർഥിയുടെ മനസ്സിൽ പതിപ്പിക്കാൻ ശ്രമിക്കുക. ഒരു വീട്ടുകാരിയുമായുളള വിദ്യാർഥിപ്രസംഗം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്കു പുനരവലോകന ചോദ്യങ്ങൾ ചോദിക്കാൻ കഴിയും, അങ്ങനെ ആവർത്തനത്താൽ പോയിൻറുകൾക്കു ദൃഢത കൊടുത്തുകൊണ്ടുതന്നെ. ഈ മാർഗത്താൽ വിദ്യാർഥിക്ക് ആശയം മനസ്സിലായി എന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഫലത്തിൽ യേശു ചെയ്തതുപോലെ “ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നു നിങ്ങൾ ചോദിക്കുകയായിരിക്കും.—മത്താ. 13:51.
16. ഒരു പ്രസംഗകൻ ഒരു നല്ല ഉപദേഷ്ടാവാണെങ്കിൽ, അദ്ദേഹത്തിന്റെ പ്രസംഗം കേട്ട ശേഷം നിങ്ങൾ എന്ത് ഓർത്തിരിക്കാൻ പ്രാപ്തനായിരിക്കും?
16 പഠിപ്പിക്കുന്ന പ്രസംഗങ്ങൾ. നിങ്ങൾ ഏതു പ്രസംഗങ്ങളിൽനിന്ന് ഏററവുമധികം പഠിക്കുന്നുവോ അവ വിലമതിപ്പോടെ ഓർത്തിരിക്കുന്നു. അതുകൊണ്ടു ചില പ്രസംഗകർ നല്ല ഉപദേഷ്ടാക്കളായിരിക്കുന്നത് എന്തുകൊണ്ടെന്നു ഗൗനിക്കുക. അവരുടെ പ്രസംഗങ്ങൾ ഓർക്കാൻ എളുപ്പമുളളതാക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക. അവരുടെ അവതരണരീതി ധൃതഗതിയിലല്ല. അവർ ചോദ്യങ്ങൾ ഉപയോഗിച്ചേക്കാം, സദസ്സ് ഉത്തരം പറയാനുളളതായാലും ചിന്തയെ ഉത്തേജിപ്പിക്കാനുളള ആലങ്കാരികചോദ്യങ്ങളായാലും. അവർ മുഖ്യ തിരുവെഴുത്തുകൾ വായിക്കവേ അവയെക്കുറിച്ചു ന്യായവാദംചെയ്യുകയും അവയെ വിശദീകരിക്കുകയും മുഖ്യാശയങ്ങളെ പ്രദീപ്തമാക്കുകയും ചെയ്യുമ്പോൾ അവ എടുത്തുനോക്കിക്കൊണ്ടു കൂടെ നീങ്ങാൻ അവർ നിങ്ങളോട് ആവശ്യപ്പെടും. ചിലർ ചാക്ഷുഷ സഹായികൾ ഉപയോഗിച്ചേക്കാം. എന്നാൽ എല്ലാ സന്ദർഭങ്ങളിലും ഹ്രസ്വമായി സ്പർശിച്ച അനേകം പോയിൻറുകളെക്കാൾ നന്നായി വിശദീകരിച്ച ചുരുക്കം ചിലത് ഓർമിക്കുന്നതു വളരെയധികം എളുപ്പമാണെന്നു നിങ്ങൾ കുറിക്കൊളളും. പഠിപ്പിക്കൽ കല ഉപയോഗിക്കുമ്പോൾ പ്രസംഗം കേൾക്കുന്നവർ വിഷയവും മുഖ്യ പോയിൻറുകളും ഒരുപക്ഷേ ഉപയോഗിച്ച ഒന്നോ രണ്ടോ മുന്തിയ തിരുവെഴുത്തുകളും പ്രസ്താവിക്കാൻ അനായാസം പ്രാപ്തരായിരിക്കണം.
17, 18. നാം മഹോപദേഷ്ടാക്കളിലേക്കു ശ്രദ്ധതിരിക്കേണ്ടത് എങ്ങനെ, എന്തുകൊണ്ട്?
17 മഹോപദേഷ്ടാക്കളിലേക്കു ശ്രദ്ധ തിരിക്കൽ. ഒരു ക്രിസ്തീയോപദേഷ്ടാവെന്ന നിലയിൽ, ജീവന്റെ ഉറവായ യഹോവയാം ദൈവത്തിലേക്കും ജീവനും അനുഗ്രഹങ്ങളും വരുന്ന ദൈവത്തിന്റെ സരണിയായ യേശുക്രിസ്തുവിലേക്കും ശ്രദ്ധ തിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു നിങ്ങൾ ബോധമുളളവരായിരിക്കണം. (യോഹ. 17:3) യഥാർഥത്തിൽ മഹോപദേഷ്ടാക്കളായ ഇവരോടുളള ഒരു ഊഷ്മളമായ വിലമതിപ്പു മററുളളവരിൽ വളർത്താൻ ശ്രമിക്കുക.
18 നിങ്ങൾ പഠിപ്പിക്കൽ കലയിൽ വിദഗ്ധരായിത്തീരുമ്പോൾ സ്നേഹം വഹിക്കുന്ന പങ്കിനെയും നിങ്ങൾ വിലമതിക്കും. ഒരു വിദ്യാർഥി യഥാർഥത്തിൽ യഹോവയെ സ്നേഹിക്കാനിടയാകുന്നുവെങ്കിൽ, അപ്പോൾ അയാൾ വിശ്വസ്തമായി അവിടുത്തെ സേവിക്കും. അതുകൊണ്ട് അധ്യയനത്തിന്റെ സമയത്ത് ഉചിതമായ ഘട്ടങ്ങളിൽ, ദൈവം പാപപൂർണരായ മനുഷ്യവർഗത്തിനുവേണ്ടി ചെയ്തിരിക്കുന്നതിന്റെയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെയും പ്രാധാന്യത്തിലേക്കു ശ്രദ്ധ തിരിക്കുക. അനുസരണമുളള മനുഷ്യരുടെ പ്രയോജനത്തിനുവേണ്ടി എല്ലായ്പോഴും വളരെ വിശിഷ്ടമായി കൂടിക്കലരുന്ന ദൈവത്തിന്റെ ഗുണങ്ങളായ ജ്ഞാനത്തെയും നീതിയെയും സ്നേഹത്തെയും ശക്തിയെയും പ്രദീപ്തമാക്കുക. ഒരു വിദ്യാർഥിയുടെ ഹൃദയം നീതിയുളളതാണെങ്കിൽ, കാലക്രമത്തിൽ അയാൾക്കും യഹോവയോടുളള ആഴമായ ഒരു വിശ്വസ്തതയും അവിടുത്തെ നാമത്തെ മഹിമപ്പെടുത്തുന്നതിൽ പങ്കെടുക്കുന്നതിനുളള ഒരു ആഗ്രഹവും തോന്നും.