യശയ്യ
5 എന്റെ സ്നേഹിതനുവേണ്ടി ഞാൻ ഒരു പാട്ടു പാടാം,
എന്റെ പ്രിയസുഹൃത്തിനെയും സുഹൃത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ചുള്ള ഒരു പാട്ട്!+
ഫലഭൂയിഷ്ഠമായ കുന്നിൻചെരിവിൽ എന്റെ സ്നേഹിതന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.
2 എന്റെ സ്നേഹിതൻ നിലം കിളച്ചൊരുക്കി കല്ലുകൾ പെറുക്കിക്കളഞ്ഞു.
അതിൽ മേത്തരമായ ചുവന്ന മുന്തിരിയുടെ വള്ളികൾ നട്ടു,
അതിനു നടുവിൽ ഒരു ഗോപുരം പണിതു,
അതിൽ ഒരു മുന്തിരിച്ചക്കു വെട്ടിയുണ്ടാക്കി.+
മുന്തിരി കായ്ക്കുന്നതും കാത്ത് എന്റെ സ്നേഹിതൻ ഇരുന്നു,
എന്നാൽ കായ്ച്ചതോ, കാട്ടുമുന്തിരികൾ!+
3 “അതുകൊണ്ട് യരുശലേംനിവാസികളേ, യഹൂദാപുരുഷന്മാരേ,
ഞാനും എന്റെ മുന്തിരിത്തോട്ടവും തമ്മിലുള്ള പ്രശ്നത്തിനു വിധി കല്പിച്ചാലും.+
4 ഇതിൽക്കൂടുതൽ എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ എന്തു ചെയ്യണം?+
ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തു.
എന്നിട്ടും, ഞാൻ നല്ല മുന്തിരി ആഗ്രഹിച്ചപ്പോൾ,
അത് എനിക്കു കാട്ടുമുന്തിരി തന്നത് എന്തിന്?
5 അതുകൊണ്ട്, ഞാൻ പറയുന്നതു കേൾക്കുക,
ഇതാണു ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു ചെയ്യാൻപോകുന്നത്:
ഞാൻ അതിന്റെ വേലി പൊളിച്ച്,
അതു തീയിട്ട് കത്തിച്ചുകളയും.+
ഞാൻ അതിന്റെ കൻമതിലുകൾ ഇടിച്ചുകളയും,
ഞാൻ അതു ചവിട്ടിമെതിക്കും.
അതിൽ മുൾച്ചെടികളും പാഴ്ച്ചെടികളും തഴച്ചുവളരും,+
അതിന്മേൽ പെയ്യരുതെന്നു മേഘത്തോടു ഞാൻ കല്പിക്കും.+
7 ഇസ്രായേൽഗൃഹം, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുന്തിരിത്തോട്ടം!+
യഹൂദാപുരുഷന്മാർ ദൈവത്തിന്റെ പ്രിയപ്പെട്ട തോട്ടം.*
നീതിയുള്ള വിധികൾക്കായി ദൈവം കാത്തിരുന്നു,+
എന്നാൽ ഇതാ അനീതി!
ന്യായത്തിനായി കാത്തിരുന്നു,
എന്നാൽ ഇതാ നിലവിളി!”+
8 ദേശത്ത് മറ്റാർക്കും ഇടമില്ലാത്ത വിധം
വീടുകളോടു വീടുകളും+ വയലുകളോടു വയലുകളും+ ചേർത്ത്
ദേശത്ത് തനിച്ചു താമസിക്കുന്നവരേ, നിങ്ങൾക്കു കഷ്ടം!
9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:
ഭംഗിയും വലുപ്പവും ഉള്ള പല വീടുകളും ആൾപ്പാർപ്പില്ലാതാകും,
അവ കാണുന്നവരെല്ലാം ഭയന്നുവിറയ്ക്കും.+
11 മദ്യപിക്കാനായി അതികാലത്ത് എഴുന്നേൽക്കുന്നവരേ,+
വീഞ്ഞു തലയ്ക്കു പിടിക്കുവോളം രാവേറുംവരെ കുടിക്കുന്നവരേ, നിങ്ങൾക്കു നാശം!
12 അവരുടെ വിരുന്നുകളിൽ വീഞ്ഞുണ്ട്;
കിന്നരവും തന്ത്രിവാദ്യവും തപ്പും കുഴലും ഉണ്ട്.
എന്നാൽ അവർ യഹോവയുടെ പ്രവൃത്തികൾ ഓർക്കുന്നില്ല,
അവർ ദൈവത്തിന്റെ കൈവേലകൾ കാണുന്നില്ല.
13 എന്റെ ജനം എന്നെ അറിയുന്നില്ല,+
അതുകൊണ്ട് അവർക്കു ബന്ദികളായി പോകേണ്ടിവരും.
അവരുടെ മഹാന്മാർ വിശന്നിരിക്കും,+
ജനമെല്ലാം ദാഹിച്ചുവലയും.
14 ഇതാ, ശവക്കുഴി* അതിന്റെ വലുപ്പം കൂട്ടിയിരിക്കുന്നു,
അത് അതിന്റെ വായ് മലർക്കെ തുറന്നുപിടിച്ചിരിക്കുന്നു;+
അവളുടെ മഹത്ത്വവും* ബഹളം കൂട്ടുന്ന ജനക്കൂട്ടവും ആനന്ദിച്ചുല്ലസിക്കുന്നവരും
ഉറപ്പായും അതിലേക്കു പോകും.
16 സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ന്യായവിധിയിലൂടെ* ഉന്നതനാകും;
നീതിയുള്ള വിധിയിലൂടെ+ പരിശുദ്ധനായ സത്യദൈവം+ തന്നെത്തന്നെ വിശുദ്ധീകരിക്കും.
17 മേച്ചിൽപ്പുറത്തെന്നപോലെ കുഞ്ഞാടുകൾ അവിടെ മേയും,
കൊഴുത്ത മൃഗങ്ങളുടെ പുൽമേടുകൾ ഉപേക്ഷിക്കപ്പെടും; പരദേശികൾ അവിടെനിന്ന് ഭക്ഷിക്കും.
18 വഞ്ചനയുടെ വടംകൊണ്ട് സ്വന്തം തെറ്റുകളും
കയറുകൊണ്ട്* സ്വന്തം പാപങ്ങളും കെട്ടിവലിച്ചുനടക്കുന്നവർക്കു കഷ്ടം!
19 “ദൈവത്തിനു ചെയ്യാനുള്ളതു ദൈവം പെട്ടെന്നു ചെയ്യട്ടെ;
അതു വേഗം സംഭവിക്കട്ടെ, അത് എന്താണെന്നു നമുക്കു കാണാമല്ലോ.
ഇസ്രായേലിന്റെ പരിശുദ്ധൻ ഉദ്ദേശിച്ചതു* നടക്കട്ടെ,
അത് എന്താണെന്നു നമുക്ക് അറിയാമല്ലോ!”+ എന്നു പറയുന്നവർക്കു കഷ്ടം!
20 നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും പറയുന്നവർക്ക്,+
ഇരുട്ടിനെ വെളിച്ചമെന്നും വെളിച്ചത്തെ ഇരുട്ടെന്നും വിളിക്കുന്നവർക്ക്,
കയ്പിനെ മധുരമായും മധുരത്തെ കയ്പായും കാണുന്നവർക്കു കഷ്ടം!
21 ബുദ്ധിമാന്മാരാണെന്നു സ്വയം തോന്നുന്നവർക്കും,
വിവേകികളാണെന്നു സ്വയം വിശ്വസിക്കുന്നവർക്കും+ കഷ്ടം!
22 വീഞ്ഞു കുടിക്കുന്നതിൽ പേരുകേട്ടവർക്കും
മദ്യത്തിന്റെ വീര്യം കൂട്ടുന്നതിൽ വിരുതന്മാരായവർക്കും+
23 കൈക്കൂലി വാങ്ങി ദുഷ്ടനെ വെറുതേ വിടുന്നവർക്കും+
നീതിമാനു നീതി നിഷേധിക്കുന്നവർക്കും കഷ്ടം!+
24 പാടത്തെ വയ്ക്കോൽക്കുറ്റികളെ തീനാളങ്ങൾ വിഴുങ്ങുന്നതുപോലെ,
ഉണക്കപ്പുല്ലു തീയിൽ കത്തിയമരുന്നതുപോലെ,
അവരുടെ വേരുകൾ ചീഞ്ഞഴുകും,
അവരുടെ പൂക്കൾ പൊടിപോലെ പാറിപ്പോകും;
കാരണം അവർ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നിയമം* ഉപേക്ഷിച്ചുകളഞ്ഞു;
ഇസ്രായേലിന്റെ പരിശുദ്ധന്റെ വാക്കുകൾ വകവെച്ചില്ല.+
25 അതുകൊണ്ട് യഹോവയുടെ കോപം സ്വന്തം ജനത്തിനു നേരെ ജ്വലിച്ചിരിക്കുന്നു,
ദൈവം കൈ ഓങ്ങി അവരെ അടിക്കും.+
മലകൾ വിറയ്ക്കും,
അവരുടെ ശവങ്ങൾ തെരുവിലെ മാലിന്യങ്ങൾപോലെയാകും.+
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;
അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.
26 ദൂരെയുള്ള ഒരു ജനതയ്ക്കുവേണ്ടി ദൈവം അടയാളം* നാട്ടിയിരിക്കുന്നു;+
ഭൂമിയുടെ അതിരുകളിൽനിന്ന് അവരെ ചൂളമടിച്ചുവിളിച്ചിരിക്കുന്നു;+
അവർ അതാ, അതിവേഗം വരുന്നു!+
27 അവർ ആരും ക്ഷീണിതരല്ല; ഒരാളും ഇടറിവീഴുന്നില്ല,
ആരും ഉറങ്ങുന്നില്ല, ഉറക്കംതൂങ്ങുന്നുമില്ല.
അവരുടെ അരപ്പട്ട അയഞ്ഞിട്ടില്ല,
അവരുടെ ചെരിപ്പിന്റെ വള്ളികൾ പൊട്ടിയിട്ടുമില്ല.
28 അവരുടെ അസ്ത്രങ്ങൾ കൂർത്തിരിക്കുന്നു,
അവരെല്ലാം വില്ലു കുലച്ചിരിക്കുന്നു.
അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ലുകൾപോലെ കടുപ്പമേറിയവ,
അവരുടെ രഥചക്രങ്ങൾ കൊടുങ്കാറ്റുപോലെ.+
അവർ മുരണ്ടുകൊണ്ട് ഇരയുടെ മേൽ ചാടിവീഴുന്നു,
ഇരയെ വലിച്ചുകൊണ്ടുപോകുന്നു; അതിനെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.
ദേശത്തേക്കു നോക്കുന്ന ഏവനും ഭയാനകമായ കൂരിരുട്ടു കാണും,
കാർമേഘങ്ങൾ നിമിത്തം വെളിച്ചംപോലും ഇരുട്ടായി മാറിയിരിക്കും.+