സഭാപ്രസംഗകൻ
5 സത്യദൈവത്തിന്റെ ഭവനത്തിലേക്കു പോകുമ്പോഴെല്ലാം നിന്റെ കാലടികൾ സൂക്ഷിക്കുക.+ അടുത്ത് ചെന്ന് ശ്രദ്ധിക്കുന്നതാണ്,+ മണ്ടന്മാർ ബലി അർപ്പിക്കുന്നതുപോലെ ബലി അർപ്പിക്കുന്നതിലും നല്ലത്.+ കാരണം, തങ്ങൾ ചെയ്യുന്നതു ശരിയല്ലെന്ന് അവർ അറിയുന്നില്ല.
2 തിടുക്കത്തിൽ ഒന്നും പറയരുത്. സത്യദൈവത്തിന്റെ മുമ്പാകെ ചിന്താശൂന്യമായി സംസാരിക്കാൻ ഹൃദയത്തെ അനുവദിക്കുകയുമരുത്.+ കാരണം, സത്യദൈവം സ്വർഗത്തിലാണ്; നീയോ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകൾ ചുരുക്കമായിരിക്കണം.+ 3 അനവധി വിചാരങ്ങളിൽനിന്ന്*+ സ്വപ്നം ഉരുത്തിരിയുന്നു. വാക്കുകളേറുമ്പോൾ അതു മൂഢസംസാരമാകും.+ 4 ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറവേറ്റാൻ വൈകരുത്.+ കാരണം മണ്ടന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല.+ നീ നേരുന്നതു നിറവേറ്റുക.+ 5 നേർന്നിട്ടു നിറവേറ്റാതിരിക്കുന്നതിനെക്കാൾ ഭേദം നേരാതിരിക്കുന്നതാണ്.+ 6 നിന്നെക്കൊണ്ട് പാപം ചെയ്യിക്കാൻ നിന്റെ വായെ അനുവദിക്കരുത്.+ അത് ഒരു അബദ്ധം പറ്റിയതാണെന്നു ദൈവദൂതന്റെ* മുമ്പാകെ പറയുകയുമരുത്.+ നിന്റെ വാക്കുകളാൽ സത്യദൈവത്തെ രോഷംകൊള്ളിച്ചിട്ട് ദൈവം നിന്റെ അധ്വാനഫലം നശിപ്പിക്കാൻ ഇടയാക്കുന്നത് എന്തിന്?+ 7 അനവധി വിചാരങ്ങൾ സ്വപ്നങ്ങൾക്കു+ കാരണമാകുന്നതുപോലെ അനവധി വാക്കുകൾ വ്യർഥതയ്ക്കു കാരണമാകുന്നു. പക്ഷേ, സത്യദൈവത്തെ ഭയപ്പെടുക.+
8 നിന്റെ നാട്ടിൽ ദരിദ്രരെ ദ്രോഹിക്കുന്നതും നീതിയും ന്യായവും നിഷേധിക്കുന്നതും കാണുമ്പോൾ നീ അതിൽ അതിശയിച്ചുപോകരുത്.+ അങ്ങനെ ചെയ്യുന്ന അധികാരിയെ നിരീക്ഷിക്കുന്ന മേലധികാരിയും അവർക്കു മീതെ അവരെക്കാൾ അധികാരമുള്ളവരും ഉണ്ടല്ലോ.
9 മണ്ണിൽനിന്നുള്ള ആദായം ഇവർക്കെല്ലാവർക്കുമായി വീതിക്കുന്നു. രാജാവുപോലും നിലത്തെ വിളവിനെ ആശ്രയിക്കുന്നു.+
10 വെള്ളിയെ സ്നേഹിക്കുന്നവനു വെള്ളികൊണ്ടും ധനത്തെ സ്നേഹിക്കുന്നവനു വരുമാനംകൊണ്ടും ഒരിക്കലും തൃപ്തിവരില്ല.+ ഇതും വ്യർഥതയാണ്.+
11 നല്ല വസ്തുക്കൾ വർധിക്കുമ്പോൾ അവ അനുഭവിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു.+ ഉടമസ്ഥന് അവയൊക്കെ വെറുതേ കാണാമെന്നല്ലാതെ എന്തു പ്രയോജനം?+
12 കഴിക്കുന്നതു കുറച്ചായാലും കൂടുതലായാലും വേലക്കാരന്റെ ഉറക്കം സുഖകരമാണ്. പക്ഷേ ധനികന്റെ സമൃദ്ധി അവന്റെ ഉറക്കം കെടുത്തുന്നു.
13 സൂര്യനു കീഴെ ഞാൻ കണ്ട ശോചനീയമായൊരു കാര്യം ഇതാണ്: ഒരാൾ സമ്പാദ്യം പൂഴ്ത്തിവെക്കുന്നത് അയാൾക്കുതന്നെ ദോഷം ചെയ്യുന്നു. 14 കുഴപ്പംപിടിച്ച ഒരു സംരംഭത്തിൽ ഏർപ്പെട്ട് ആ സമ്പാദ്യം നഷ്ടപ്പെടുന്നു. ഒരു മകൻ ജനിക്കുമ്പോഴോ അയാളുടെ കൈയിൽ ഒന്നുമില്ല.+
15 അമ്മയുടെ ഗർഭത്തിൽനിന്ന് വന്നതുപോലെ ഒരാൾ നഗ്നനായി യാത്രയാകും, വന്നതുപോലെതന്നെ അയാൾ പോകും.+ കഠിനാധ്വാനത്തിനെല്ലാമുള്ള പ്രതിഫലമായി ഒന്നും കൂടെ കൊണ്ടുപോകാൻ അയാൾക്കു പറ്റില്ല.+
16 ഇതും വളരെ ശോചനീയമായൊരു കാര്യമാണ്: വന്നതുപോലെതന്നെ അയാൾ യാത്രയാകും. കാറ്റിനുവേണ്ടി അധ്വാനിക്കുന്നതുകൊണ്ട് അയാൾക്ക് എന്തു പ്രയോജനം?+ 17 മാത്രമല്ല, അയാൾ ദിവസവും ഇരുട്ടത്ത് ഇരുന്ന് തിന്നുന്നു. രോഗവും കോപവും കടുത്ത നിരാശയും മനഃക്ലേശവും അയാളെ വിട്ടുമാറുന്നില്ല.+
18 നല്ലതും ഉചിതവും ആയി ഞാൻ കണ്ടത് ഇതാണ്: സത്യദൈവം തന്നിരിക്കുന്ന ഹ്രസ്വമായ ജീവിതകാലത്ത് മനുഷ്യൻ തിന്നുകുടിക്കുകയും സൂര്യനു കീഴെ ചെയ്യുന്ന കഠിനാധ്വാനത്തിലെല്ലാം ആനന്ദിക്കുകയും ചെയ്യുക.+ അതാണല്ലോ അയാളുടെ പ്രതിഫലം.*+ 19 കൂടാതെ, സത്യദൈവം മനുഷ്യനു സമ്പത്തും വസ്തുവകകളും+ അതോടൊപ്പം അവ ആസ്വദിക്കാനുള്ള കഴിവും തരുമ്പോൾ അയാൾ തന്റെ പ്രതിഫലം കൈപ്പറ്റുകയും കഠിനാധ്വാനത്തിൽ ആനന്ദിക്കുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.+ 20 സത്യദൈവം അയാളുടെ ഹൃദയം ആനന്ദഭരിതമാക്കുന്നതുകൊണ്ട്+ ജീവിതത്തിൽ ദിവസങ്ങൾ കടന്നുപോകുന്നത് അയാൾ അത്ര ശ്രദ്ധിക്കില്ല.