പഠനലേഖനം 27
ഗീതം 73 ധൈര്യം തരേണമേ
സാദോക്കിനെപ്പോലെ ധൈര്യം ഉള്ളവരായിരിക്കുക
“ധീരനും വീരനും ആയ സാദോക്ക് എന്ന യുവാവും . . . അവരോടൊപ്പമുണ്ടായിരുന്നു.”—1 ദിന. 12:28.
ഉദ്ദേശ്യം
സാദോക്കിന്റെ മാതൃക ധൈര്യമുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്നു നോക്കാം.
1-2. സാദോക്ക് ആരായിരുന്നു? (1 ദിനവൃത്താന്തം 12:22, 26-28)
ഇതൊന്നു ഭാവനയിൽ കാണൂ. ദാവീദിനെ ഇസ്രായേലിനു മുഴുവൻ രാജാവാക്കുന്നതിനുവേണ്ടി 3,40,000-ത്തിലധികം ആളുകൾ ഒരുമിച്ച് കൂടിയിരിക്കുകയാണ്. ഹെബ്രോന് അടുത്തുള്ള കുന്നുകളിലാണ് മൂന്നു ദിവസമായി അവർ താമസിക്കുന്നത്. (1 ദിന. 12:39) സന്തോഷത്തോടെയുള്ള അവരുടെ ചിരിയും സംസാരവും യഹോവയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും അവിടെയെങ്ങും അലതല്ലുന്നു. ആ കൂട്ടത്തിൽ സാദോക്ക് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അധികമാരും അദ്ദേഹത്തെ ശ്രദ്ധിച്ചുകാണില്ല. എന്നാൽ നമ്മൾ അദ്ദേഹത്തെക്കുറിച്ച് അറിയാൻ യഹോവ ആഗ്രഹിച്ചു. (1 ദിനവൃത്താന്തം 12:22, 26-28 വായിക്കുക.) ആരായിരുന്നു സാദോക്ക്?
2 മഹാപുരോഹിതനായ അബ്യാഥാരിനോട് അടുത്ത് പ്രവർത്തിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു സാദോക്ക്. അദ്ദേഹം ഒരു ദിവ്യജ്ഞാനിയുമായിരുന്നു. ദൈവേഷ്ടം വിവേചിച്ച് അറിയാനുള്ള അസാധാരണമായ കഴിവും ജ്ഞാനവും യഹോവ അദ്ദേഹത്തിനു കൊടുത്തു. (2 ശമു. 15:27) ഒരു ഉപദേശം വേണ്ടിവരുമ്പോൾ ആളുകൾ അദ്ദേഹത്തോടു സഹായം ചോദിക്കുമായിരുന്നു. ഇനി, അദ്ദേഹം നല്ല ധൈര്യമുള്ള ഒരാളുമായിരുന്നു. ഈ ലേഖനത്തിൽ നമ്മൾ പ്രധാനമായും നോക്കുന്നതു സാദോക്കിന്റെ ധൈര്യത്തെക്കുറിച്ചാണ്.
3. (എ) യഹോവയുടെ ആരാധകർക്കു ധൈര്യം വേണ്ടത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 ഈ അവസാനനാളുകളിൽ ദൈവജനത്തിനു നേരെയുള്ള ആക്രമണം സാത്താൻ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. (1 പത്രോ. 5:8) സാത്താനെയും ഈ ദുഷ്ടലോകത്തെയും യഹോവ നശിപ്പിക്കുന്നതുവരെ പിടിച്ചുനിൽക്കാൻ നമുക്കു നല്ല ധൈര്യം വേണം. (സങ്കീ. 31:24) അതുകൊണ്ട് സാദോക്കിന്റെ ധൈര്യം നമുക്ക് അനുകരിക്കാനാകുന്ന മൂന്നു വിധങ്ങൾ നോക്കാം.
ദൈവരാജ്യത്തെ പിന്തുണയ്ക്കുക
4. ദൈവരാജ്യത്തെ പിന്തുണയ്ക്കാൻ യഹോവയുടെ ജനത്തിനു ധൈര്യം വേണ്ടത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
4 യഹോവയുടെ ആരാധകരായ നമ്മൾ മുഴുഹൃദയത്തോടെ ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നു. പക്ഷേ, പലപ്പോഴും നമുക്ക് അതിനു ധൈര്യം ആവശ്യമാണ്. (മത്താ. 6:33) ഉദാഹരണത്തിന്, ഈ മോശമായ ലോകത്തിൽ ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനും സന്തോഷവാർത്ത പ്രസംഗിക്കാനും നമുക്കു നല്ല ധൈര്യം വേണം. (1 തെസ്സ. 2:2) ഇനി, രാഷ്ട്രീയമായി കൂടുതൽക്കൂടുതൽ ഭിന്നിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് നിഷ്പക്ഷരായി നിൽക്കാനും ധൈര്യം വേണം. (യോഹ. 18:36) രാഷ്ട്രീയകാര്യങ്ങളിലും സൈനികസേവനത്തിലും ഒന്നും ഉൾപ്പെടാത്തതുകൊണ്ട് യഹോവയുടെ ആരാധകരിൽ പലർക്കും സാമ്പത്തികനഷ്ടവും ദേഹോപദ്രവവും ജയിൽവാസവും ഒക്കെ അനുഭവിക്കേണ്ടിവരുന്നു.
5. ദാവീദിനെ പിന്തുണയ്ക്കാൻ സാദോക്കിനു ധൈര്യം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
5 ദാവീദ് രാജാവാകുന്നത് ആഘോഷിക്കാൻവേണ്ടി മാത്രമല്ല സാദോക്ക് ഹെബ്രോനിൽ എത്തിയത്. ആയുധങ്ങളൊക്കെയെടുത്ത് യുദ്ധത്തിന് ഒരുങ്ങിയാണ് അദ്ദേഹം പോയത്. (1 ദിന. 12:38) സാധ്യതയനുസരിച്ച്, യുദ്ധം ചെയ്ത് അധികം പരിചയമുള്ള ആളായിരുന്നില്ല സാദോക്ക്. പക്ഷേ, ഇസ്രായേല്യരെ ശത്രുക്കളിൽനിന്ന് രക്ഷിക്കാനായി ദാവീദിനോടൊപ്പം യുദ്ധം ചെയ്യാൻ അദ്ദേഹം തയ്യാറായി. ആ യുവാവിനു നല്ല ധൈര്യമുണ്ടായിരുന്നു.
6. ദാവീദ് എങ്ങനെയാണ് ധൈര്യത്തിന്റെ കാര്യത്തിൽ സാദോക്കിനു നല്ലൊരു മാതൃകയായിരുന്നത്? (സങ്കീർത്തനം 138:3)
6 ഒരു പുരോഹിതനായിരുന്ന സാദോക്ക് എങ്ങനെയാണ് ഇത്രയും ധൈര്യം നേടിയത്? ശക്തരായ, ധൈര്യമുള്ള ആളുകളായിരുന്നു അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നത്. അവരുടെ മാതൃക സാദോക്കിനെ ഒരുപാട് സഹായിച്ചു. ദാവീദായിരുന്നു അവരിൽ ഒരാൾ. ദാവീദ് ധൈര്യത്തോടെ ‘ഇസ്രായേലിന്റെ സൈന്യത്തെ നയിച്ചതുകൊണ്ടാണ്’ എല്ലാ ഇസ്രായേല്യരും അദ്ദേഹത്തെ രാജാവാക്കാൻ ആഗ്രഹിച്ചത്. (1 ദിന. 11:1, 2) ശത്രുക്കൾക്കെതിരെ പ്രവർത്തിക്കാനുള്ള സഹായത്തിനായി ദാവീദ് യഹോവയിൽ ആശ്രയിച്ചതും സാദോക്ക് കണ്ടു. (സങ്കീ. 28:7; സങ്കീർത്തനം 138:3 വായിക്കുക.) ഇനി, ധൈര്യത്തിന്റെ വേറെ മാതൃകകളും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. യഹോയാദയും ധീരയോദ്ധാവായ അദ്ദേഹത്തിന്റെ മകൻ ബനയയും 22 ഗോത്രത്തലവന്മാരും ഒക്കെ അതിൽപ്പെടും. (1 ദിന. 11:22-25; 12:26-28) ദാവീദിനെ രാജാവാക്കാനും അദ്ദേഹത്തെ പിന്തുണയ്ക്കാനും ഉറച്ച തീരുമാനമെടുത്ത് വന്നവരായിരുന്നു ഇവരെല്ലാം.
7. (എ) ധൈര്യത്തിന്റെ കാര്യത്തിൽ ഇന്നുള്ള ചെറുപ്പക്കാരായ സഹോദരന്മാർ എന്തു മാതൃകവെക്കുന്നു? (ബി) വീഡിയോയിലെ സിലു സഹോദരന്റെ മാതൃകയിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
7 ധൈര്യത്തോടെ ദൈവരാജ്യത്തെ പിന്തുണച്ചവരുടെ മാതൃകയെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ, നമുക്കും ധൈര്യം നേടാനാകും. സാത്താന്റെ രാഷ്ട്രീയവ്യവസ്ഥിതിയിൽ ഉൾപ്പെടാനുള്ള പ്രലോഭനത്തെ ശക്തമായി എതിർത്തുനിന്നുകൊണ്ട് യേശു ഭൂമിയിലായിരുന്നപ്പോൾ ധൈര്യം കാണിച്ചു. (മത്താ. 4:8-11; യോഹ. 6:14, 15) ശക്തിക്കായി യേശു എപ്പോഴും യഹോവയിൽ ആശ്രയിച്ചു. നമ്മുടെ ഈ നാളുകളിലും ചെറുപ്പക്കാരായ ഒരുപാട് സഹോദരന്മാർ ധൈര്യത്തിന്റെ കാര്യത്തിൽ നല്ല മാതൃകവെക്കുന്നു. സൈനികസേവനത്തിലോ രാഷ്ട്രീയപ്രവർത്തനങ്ങളിലോ ഉൾപ്പെടാൻ സമ്മർദമുണ്ടായിട്ടും അവർ വഴങ്ങുന്നില്ല. അങ്ങനെയുള്ളവരുടെ അനുഭവങ്ങളെക്കുറിച്ച് jw.org-ൽനിന്ന് വായിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.a
നിങ്ങളുടെ സഹോദരങ്ങളെ സഹായിക്കുക
8. സഹോദരങ്ങൾക്ക് ആവശ്യമായ സഹായം കൊടുക്കാൻ മൂപ്പന്മാർക്കു ധൈര്യം വേണ്ടിവരുന്നത് എപ്പോഴാണ്?
8 യഹോവയുടെ ജനം പരസ്പരം സഹായിക്കാൻ ആഗ്രഹിക്കുന്നു. (2 കൊരി. 8:4) എന്നാൽ അങ്ങനെ ചെയ്യുന്നതിനു ചിലപ്പോൾ നല്ല ധൈര്യം വേണ്ടിവരും. ഉദാഹരണത്തിന്, ഒരു യുദ്ധമുണ്ടാകുമ്പോൾ അവിടത്തെ മൂപ്പന്മാർ സഹോദരങ്ങൾക്കു പിടിച്ചുനിൽക്കാൻവേണ്ട പ്രോത്സാഹനവും പിന്തുണയും ഒക്കെ നൽകും. അതുപോലെ ബൈബിളും പ്രസിദ്ധീകരണങ്ങളും അവർക്കുവേണ്ട മറ്റ് അവശ്യസാധനങ്ങളും കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സഹോദരങ്ങളെ വളരെയധികം സ്നേഹിക്കുന്നതുകൊണ്ടാണ്, മൂപ്പന്മാർ സ്വന്തം ജീവൻ അപകടത്തിലാണെങ്കിൽപ്പോലും അവരെ സഹായിക്കുന്നത്. (യോഹ. 15:12, 13) അങ്ങനെ ചെയ്യുമ്പോൾ അവർ സാദോക്കിന്റെ ധൈര്യം അനുകരിക്കുകയാണ്.
9. 2 ശമുവേൽ 15:27-29 പറയുന്നതുപോലെ ദാവീദ് സാദോക്കിനോട് എന്തു ചെയ്യാനാണ് ആവശ്യപ്പെട്ടത്? (ചിത്രവും കാണുക.)
9 സാദോക്ക് സ്വന്തം ജീവൻപോലും അപകടത്തിലാക്കിക്കൊണ്ട് മറ്റുള്ളവരെ സഹായിച്ചതിനെക്കുറിച്ച് നോക്കാം. (2 ശമു. 15:12, 13) ദാവീദിന്റെ ജീവൻ അപകടത്തിലായിരുന്നു. കാരണം, എങ്ങനെയും അദ്ദേഹത്തെ കൊന്ന് ഭരണം കൈക്കലാക്കാൻ മകനായ അബ്ശാലോം തീരുമാനിച്ചുറച്ചു. അതുകൊണ്ട് പെട്ടെന്നുതന്നെ ദാവീദ് യരുശലേം വിട്ടുപോകണമായിരുന്നു. അദ്ദേഹം ഭൃത്യന്മാരോടു പറഞ്ഞു: “എഴുന്നേൽക്കൂ. ഇവിടെനിന്ന് ഓടിപ്പോയില്ലെങ്കിൽ അബ്ശാലോമിന്റെ കൈയിൽനിന്ന് നമ്മൾ ആരും രക്ഷപ്പെടില്ല.” (2 ശമു. 15:14) എന്നാൽ, എല്ലാ ദാസന്മാരും യരുശലേം വിട്ടുപോകുന്നതുകൊണ്ട് അബ്ശാലോമിന്റെ നീക്കങ്ങൾ തന്നെ അറിയിക്കാൻ ആരെയെങ്കിലും അവിടെ നിറുത്തണമെന്നു ദാവീദിനു തോന്നി. അതിനുവേണ്ടി സാദോക്കിനെയും മറ്റു പുരോഹിതന്മാരെയും നഗരത്തിലേക്കു തിരിച്ചയച്ചു. (2 ശമുവേൽ 15:27-29 വായിക്കുക.) പക്ഷേ അവർ വളരെ ജാഗ്രതയോടെ നീങ്ങണമായിരുന്നു. കാരണം, ദാവീദ് അവരോട് ആവശ്യപ്പെട്ട കാര്യം ജീവൻപോലും അപകടത്തിലാക്കുന്ന ഒന്നാണ്. അബ്ശാലോം ക്രൂരനും സ്വാർഥനും സ്വന്തം അപ്പനെപ്പോലും ചതിച്ചവനും ആണ്. അങ്ങനെയുള്ള ഒരാൾ, സാദോക്കും മറ്റു പുരോഹിതന്മാരും ദാവീദിന്റെ ചാരന്മാരാണെന്നു കണ്ടുപിടിച്ചാൽ അവരുടെ അവസ്ഥ എന്താകുമായിരുന്നു!
10. സാദോക്കും കൂടെയുണ്ടായിരുന്നവരും ദാവീദിനെ സംരക്ഷിച്ചത് എങ്ങനെ?
10 ദാവീദ് സാദോക്കിനോടും മറ്റൊരു സുഹൃത്തായ ഹൂശായിയോടും, തന്നെ സഹായിക്കാനായി ഒരു പ്രത്യേകകാര്യം ചെയ്യാൻ ആവശ്യപ്പെടുന്നു. (2 ശമു. 15:32-37) അതനുസരിച്ച് ഹൂശായി അബ്ശാലോമിന്റെ വിശ്വാസം നേടിയെടുത്തു. എന്നിട്ട്, രക്ഷപ്പെടാൻ ദാവീദിനു സമയം കിട്ടുന്ന തരത്തിലുള്ള ഒരു സൈനികനീക്കത്തെക്കുറിച്ച് അബ്ശാലോമിനോടു പറഞ്ഞു. അതു കഴിഞ്ഞ് ഹൂശായി സാദോക്കിനെയും അബ്യാഥാരിനെയും ഈ പദ്ധതി അറിയിച്ചു. (2 ശമു. 17:8-16) അവർ അത് ദാവീദിനെ അറിയിക്കാനുള്ള ഏർപ്പാടു ചെയ്തു. (2 ശമു. 17:17) അങ്ങനെ യഹോവയുടെ സഹായത്താൽ സാദോക്കിനും കൂടെയുണ്ടായിരുന്ന പുരോഹിതന്മാർക്കും ദാവീദിന്റെ ജീവൻ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാനായി.—2 ശമു. 17:21, 22.
11. സഹോദരങ്ങളെ സഹായിക്കുമ്പോൾ നമുക്ക് എങ്ങനെ സാദോക്കിന്റെ ധൈര്യം അനുകരിക്കാം?
11 സഹോദരങ്ങൾ അപകടത്തിലായിരിക്കുമ്പോൾ അവർക്കു സഹായം ആവശ്യമായിവന്നാൽ നമുക്ക് എങ്ങനെ സാദോക്കിനെപ്പോലെ ധൈര്യം കാണിക്കാം? (1) നിർദേശങ്ങൾ അനുസരിക്കുക. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അനുസരണം കാണിച്ചുകൊണ്ട് നമ്മൾ ഒരുമിച്ച് നിൽക്കേണ്ടതു പ്രധാനമാണ്. ആ സമയത്ത് നമ്മുടെ ബ്രാഞ്ചോഫീസ് നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക. (എബ്രാ. 13:17) അതുപോലെ ഒരു ദുരന്തത്തെ നേരിടാൻ പ്രാദേശിക സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളും ദുരന്തത്തിന്റെ സമയത്ത് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സംഘടന നൽകിയിരിക്കുന്ന നിർദേശങ്ങളും മൂപ്പന്മാർ ഇടയ്ക്കിടെ പരിശോധിക്കണം. (1 കൊരി. 14:33, 40) (2) ധൈര്യത്തോടൊപ്പം ജാഗ്രതയും വേണം. (സുഭാ. 22:3) കഴിയുന്നത്ര സുരക്ഷിതരായിരിക്കാൻ ശ്രമിക്കുക. എടുത്തുചാടാതെ, എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക. (3) യഹോവയിൽ ആശ്രയിക്കുക. നിങ്ങളുടെയും സഹോദരങ്ങളുടെയും സുരക്ഷയെക്കുറിച്ച് യഹോവയ്ക്കു വളരെയധികം ചിന്തയുണ്ടെന്ന് ഓർക്കുക. അതുകൊണ്ട് സഹോദരങ്ങളെ പിന്തുണയ്ക്കാനും അതു സുരക്ഷിതമായി ചെയ്യാനും യഹോവ നിങ്ങളെ സഹായിക്കും.
12-13. വിക്ടറിന്റെയും വിറ്റാലിയുടെയും അനുഭവങ്ങളിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്? (ചിത്രവും കാണുക.)
12 മൂപ്പന്മാരായ വിക്ടറിന്റെയും വിറ്റാലിയുടെയും അനുഭവം നോക്കാം. യുക്രെയിനിലെ തങ്ങളുടെ സഹോദരങ്ങൾക്കു ഭക്ഷണവും വെള്ളവും എത്തിക്കാൻ അവർ ഒരുമിച്ച് പ്രവർത്തിച്ചു. വിക്ടർ പറയുന്നു: “ഞങ്ങൾ ഭക്ഷണം അന്വേഷിച്ച് ഒരുപാടു നടന്നു. പലപ്പോഴും ചുറ്റും വെടിയൊച്ചകൾ കേൾക്കാമായിരുന്നു. ഒരു പ്രാവശ്യം ഒരു സഹോദരൻ, സഹോദരങ്ങൾക്കു കുറച്ചുനാൾ പിടിച്ചുനിൽക്കാനുള്ള ഭക്ഷണസാധനങ്ങൾ ഞങ്ങൾക്കു തന്നു. ഞങ്ങൾ അതൊക്കെ വണ്ടിയിൽ കയറ്റുമ്പോഴാണ് ഏതാണ്ട് 20 മീറ്റർ അകലെ ഒരു ബോംബ് വന്നുവീണത്. എന്തോ കാരണംകൊണ്ട് അതു പൊട്ടിയില്ല. ആ ദിവസം മുഴുവൻ സഹോദരങ്ങളെ സഹായിക്കാനുള്ള ധൈര്യത്തിനായി ഞാൻ യഹോവയോടു യാചിക്കുകയായിരുന്നു.”
13 വിറ്റാലി സഹോദരൻ പറയുന്നു: “ഞങ്ങൾക്കു നല്ല ധൈര്യം വേണമായിരുന്നു. സാധനങ്ങളുമായുള്ള എന്റെ ആദ്യത്തെ യാത്രയ്ക്കുതന്നെ 12 മണിക്കൂറെടുത്തു. ആ സമയം മുഴുവൻ ഞാൻ പ്രാർഥിച്ചുകൊണ്ടാണിരുന്നത്.” വിറ്റാലി നല്ല ധൈര്യമുള്ള ആളായിരുന്നെങ്കിലും നല്ല ജാഗ്രതയോടെയാണു കാര്യങ്ങൾ ചെയ്തത്. അദ്ദേഹം പറയുന്നു: “അധികാരികളെ അനുസരിക്കാനും അനാവശ്യ അപകടങ്ങൾ ഒഴിവാക്കാനും ജ്ഞാനത്തോടെ പ്രവർത്തിക്കാനും സഹായിക്കണേ എന്ന് ഞാൻ യഹോവയോട് അപേക്ഷിച്ചുകൊണ്ടിരുന്നു. അധികാരികൾ അനുവദിച്ചിരുന്ന വഴികളിലൂടെ മാത്രമാണ് ഞാൻ വണ്ടി ഓടിച്ചത്. ഇനി, സഹോദരങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതു കണ്ടപ്പോൾ അത് എന്റെ വിശ്വാസം ശക്തമാക്കി. അവർ വഴിയിലെ തടസ്സങ്ങൾ മാറ്റുകയും സഹോദരങ്ങൾക്കുവേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ച് വണ്ടിയിൽ കയറ്റിത്തരുകയും ചെയ്തു. അതുപോലെ പോകുന്ന വഴിക്ക്, അവർ ഞങ്ങൾക്കു ഭക്ഷണവും താമസിക്കാൻ സ്ഥലവും ഒക്കെ തന്നു.”
യഹോവയോട് എന്നും വിശ്വസ്തരായിരിക്കുക
14. നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി യഹോവയെ വിട്ടുപോകുമ്പോൾ നമ്മുടെ അവസ്ഥ എന്തായിരിക്കും?
14 ഒരു കുടുംബാംഗമോ അടുത്ത സുഹൃത്തോ യഹോവയെ വിട്ടുപോകുമ്പോൾ നമുക്കുണ്ടാകുന്ന വേദന വളരെ വലുതാണ്. (സങ്കീ. 78:40; സുഭാ. 24:10) നമ്മൾ ആ വ്യക്തിയെ എത്രത്തോളം സ്നേഹിക്കുന്നോ അത്രത്തോളം ബുദ്ധിമുട്ടായിരിക്കും ആ സാഹചര്യത്തെ നേരിടാൻ. നിങ്ങൾക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ സാദോക്കിന്റെ മാതൃക നിങ്ങളെ ബലപ്പെടുത്തും.
15. യഹോവയോടു വിശ്വസ്തനായി തുടരാൻ സാദോക്കിനു ധൈര്യം വേണമായിരുന്നത് എന്തുകൊണ്ട്? (1 രാജാക്കന്മാർ 1:5-8)
15 തന്റെ അടുത്ത സുഹൃത്തായ അബ്യാഥാർ യഹോവയോട് അവിശ്വസ്തനായിത്തീർന്നിട്ടും സാദോക്ക് വിശ്വസ്തനായിത്തന്നെ തുടർന്നു. ദാവീദിന്റെ ഭരണം അവസാനിക്കാറായ സമയമായിരുന്നു അത്. ദാവീദ് മരണക്കിടക്കയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മകനായ അദോനിയ, യഹോവ ശലോമോനു വാഗ്ദാനം ചെയ്തിരുന്ന രാജസ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചു. (1 ദിന. 22:9, 10) അബ്യാഥാർ അദോനിയയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചത്. (1 രാജാക്കന്മാർ 1:5-8 വായിക്കുക.) പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തതിലൂടെ ദാവീദിനോടു മാത്രമല്ല യഹോവയോടും അവിശ്വസ്തത കാണിക്കുകയായിരുന്നു! ഈ സംഭവം സാദോക്കിനെ എത്രയധികം വിഷമിപ്പിച്ചുകാണും? പുരോഹിതന്മാരായി 40-ലധികം വർഷം അവർ രണ്ടു പേരും വളരെ അടുത്ത് പ്രവർത്തിച്ചതാണ്. (2 ശമു. 8:17) ‘സത്യദൈവത്തിന്റെ പെട്ടകത്തോടു’ ബന്ധപ്പെട്ട കാര്യങ്ങൾ അവർ ഒരുമിച്ച് ചെയ്തു. (2 ശമു. 15:29) തുടക്കത്തിൽ ദാവീദിന്റെ ഭരണത്തെ അവർ രണ്ടു പേരും പിന്തുണച്ചു. അങ്ങനെ യഹോവയ്ക്കുവേണ്ടി പലതും അവർ ഒരുമിച്ച് ചെയ്തിട്ടുണ്ട്.—2 ശമു. 19:11-14.
16. വിശ്വസ്തനായി തുടരാൻ സാദോക്കിനെ എന്തായിരിക്കാം സഹായിച്ചത്?
16 അബ്യാഥാരിന്റെ തീരുമാനം സാദോക്കിനെ സ്വാധീനിച്ചില്ല. അദ്ദേഹം യഹോവയോടു വിശ്വസ്തനായിത്തന്നെ തുടർന്നു. സാദോക്ക് എപ്പോഴും വിശ്വസ്തനായിരിക്കുമെന്നു ദാവീദിന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് അദോനിയയുടെ പദ്ധതികൾ മനസ്സിലാക്കിയപ്പോൾ ശലോമോനെ രാജാവായി അഭിഷേകം ചെയ്യാൻ ദാവീദ് സാദോക്കിനോടും നാഥാനോടും ബനയയോടും പറഞ്ഞത്. (1 രാജാ. 1:32-34) യഹോവയുടെ വിശ്വസ്തരായ ആരാധകരോടൊപ്പം ആയിരുന്നത് സാദോക്കിനെ ശരിക്കും സഹായിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന്, നാഥാന്റെയും ദാവീദിനെ പിന്തുണച്ച മറ്റുള്ളവരുടെയും നല്ല മാതൃക സാദോക്കിനുവേണ്ട ധൈര്യവും പ്രോത്സാഹനവും ഒക്കെ കൊടുത്തുകാണും. (1 രാജാ. 1:38, 39) ശലോമോൻ രാജാവായപ്പോൾ, അബ്യാഥാരിന്റെ സ്ഥാനത്ത് സാദോക്കിനെ മഹാപുരോഹിതനായി നിയമിച്ചു.—1 രാജാ. 2:35.
17. പ്രിയപ്പെട്ട ആരെങ്കിലും യഹോവയെ ഉപേക്ഷിച്ചുപോയാൽ നിങ്ങൾക്ക് എങ്ങനെ സാദോക്കിനെ അനുകരിക്കാം?
17 നിങ്ങൾക്ക് എങ്ങനെ സാദോക്കിനെ അനുകരിക്കാം? പ്രിയപ്പെട്ട ആരെങ്കിലും യഹോവയെ വിട്ടുപോയാലും നിങ്ങൾ യഹോവയെ സേവിക്കുമെന്നു നിങ്ങളുടെ പ്രവൃത്തിയിലൂടെ കാണിക്കുക. (യോശു. 24:15) ശരിയായതു ചെയ്യാൻവേണ്ട ധൈര്യവും ശക്തിയും യഹോവ നിങ്ങൾക്കു തരും. പ്രാർഥിച്ചുകൊണ്ട് ദൈവത്തിൽ ആശ്രയിക്കുകയും വിശ്വസ്തരായ സഹാരാധകരോടു ചേർന്നുനിൽക്കുകയും ചെയ്യുക. നിങ്ങളുടെ വിശ്വസ്തത യഹോവയ്ക്കു വിലയേറിയതാണ്. യഹോവ തീർച്ചയായും അതിനു പ്രതിഫലം തരും.—2 ശമു. 22:26.
18. മാർക്കോയിൽനിന്നും സിഡ്സെയിൽനിന്നും നിങ്ങൾ എന്താണു പഠിച്ചത്?
18 മാർക്കോയുടെയും ഭാര്യയായ സിഡ്സെയുടെയും അനുഭവം നോക്കുക. അവരുടെ രണ്ടു പെൺകുട്ടികളും സത്യം ഉപേക്ഷിച്ചുപോയി. മാർക്കോ പറയുന്നു: “മക്കൾ ജനിക്കുന്ന ആ നിമിഷംമുതൽ നമ്മൾ അവരെ ഒരുപാടു സ്നേഹിക്കും. അവരെ സംരക്ഷിക്കാൻ നമ്മളാലാകുന്നതെല്ലാം ചെയ്യും. അതുകൊണ്ട് അവർ യഹോവയെ ഉപേക്ഷിച്ചുപോകുന്നതു കാണുമ്പോൾ ഹൃദയം തകർന്നുപോകും. പക്ഷേ യഹോവ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. പരസ്പരം പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്കു പറ്റുന്നുണ്ടെന്ന് യഹോവ ഉറപ്പാക്കി. ഞാൻ തളർന്നിരിക്കുമ്പോൾ സിഡ്സെയ്ക്ക് എന്നെ ആശ്വസിപ്പിക്കാനായി. ഇനി, അവൾ തളർന്നിരിക്കുമ്പോൾ തിരിച്ച് ഞാനും ആശ്വസിപ്പിച്ചു.” സിഡ്സെ ഇങ്ങനെയാണ് പറയുന്നത്: “പിടിച്ചുനിൽക്കാനുള്ള ശക്തി യഹോവ തന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ വീണുപോയേനേ. എന്റെ കുറ്റംകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ ചിന്തകളെല്ലാം യഹോവയോടു പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് രാജ്യഹാളിൽവെച്ച് ഒരു സഹോദരി എന്റെ അടുത്ത് വന്നു. ഒത്തിരി വർഷംകൂടിയാണ് ഞാൻ ആ സഹോദരിയെ കാണുന്നത്. സഹോദരി എന്റെ തോളിൽ കൈവെച്ച് എന്റെ കണ്ണിലേക്കു നോക്കി ഇങ്ങനെ പറഞ്ഞു: ‘സിഡ്സെ, ഇതൊന്നും നിന്റെ കുറ്റംകൊണ്ട് സംഭവിച്ചതല്ലെന്ന് എപ്പോഴും ഓർക്കണം.’ യഹോവയുടെ സഹായത്താൽ എനിക്കു സന്തോഷത്തോടെ ദൈവസേവനത്തിൽ തുടരാനായി.”
19. നിങ്ങൾ എന്തു ചെയ്യാൻ തീരുമാനിച്ചുറച്ചിരിക്കുന്നു?
19 തന്റെ എല്ലാ ആരാധകരും സാദോക്കിനെപ്പോലെ ധൈര്യമുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (2 തിമൊ. 1:7) എന്നാൽ അതിനായി നമ്മൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാനല്ല, പകരം തന്നിൽ ആശ്രയിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ധൈര്യംവേണ്ട ഒരു സാഹചര്യം വരുമ്പോൾ യഹോവയിലേക്കു നോക്കുക. അപ്പോൾ യഹോവ നിങ്ങളെയും സാദോക്കിനെപ്പോലെ ധൈര്യമുള്ള ഒരാളാക്കും!—1 പത്രോ. 5:10.
ഗീതം 126 ഉണർന്നിരിക്കുക, ഉറച്ചുനിൽക്കുക, കരുത്തു നേടുക
a ക്രിസ്ത്യാനികൾക്ക് ധൈര്യം വേണം—നിഷ്പക്ഷരായിരിക്കാൻ എന്ന വീഡിയോ jw.org-ൽനിന്ന് കാണുക.