മത്തായി എഴുതിയത്
26 ഇക്കാര്യങ്ങളെല്ലാം പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: 2 “രണ്ടു ദിവസം കഴിഞ്ഞ് പെസഹയാണെന്നു+ നിങ്ങൾക്ക് അറിയാമല്ലോ. മനുഷ്യപുത്രനെ സ്തംഭത്തിലേറ്റി കൊല്ലാൻ+ ഏൽപ്പിച്ചുകൊടുക്കും.”
3 മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫയുടെ+ വീടിന്റെ നടുമുറ്റത്ത് ഒത്തുകൂടി 4 യേശുവിനെ തന്ത്രപൂർവം പിടികൂടി* കൊന്നുകളയാൻ ഗൂഢാലോചന നടത്തി.+ 5 എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേക്കാം. അതുകൊണ്ട് ഉത്സവത്തിനു വേണ്ടാ.”
6 യേശു ബഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിലായിരിക്കുമ്പോൾ,+ 7 ഒരു സ്ത്രീ ഒരു വെൺകൽഭരണി നിറയെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി യേശുവിന്റെ അടുത്ത് വന്നു. യേശു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആ സ്ത്രീ അതു യേശുവിന്റെ തലയിൽ ഒഴിച്ചു. 8 ഇതു കണ്ട് ശിഷ്യന്മാർ അമർഷത്തോടെ ചോദിച്ചു: “എന്തിനാണ് ഈ പാഴ്ചെലവ്? 9 ഇതു നല്ല വിലയ്ക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” 10 ഇതു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്? 11 ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ പക്ഷേ ഞാനുണ്ടായിരിക്കില്ല.+ 12 ഇവൾ എന്റെ ശരീരത്തിൽ ഈ സുഗന്ധതൈലം ഒഴിച്ചത് എന്റെ ശവസംസ്കാരത്തിന് എന്നെ ഒരുക്കാനാണ്.+ 13 ലോകത്ത് എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും അവിടെയെല്ലാം ആളുകൾ ഈ സ്ത്രീ ചെയ്തതിനെക്കുറിച്ച് പറയുകയും ഇവളെ ഓർക്കുകയും ചെയ്യും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”
14 പിന്നെ പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ് ഈസ്കര്യോത്ത്+ മുഖ്യപുരോഹിതന്മാരുടെ+ അടുത്ത് ചെന്ന്, 15 “യേശുവിനെ കാണിച്ചുതന്നാൽ+ നിങ്ങൾ എനിക്ക് എന്തു തരും” എന്നു ചോദിച്ചു. 30 വെള്ളിക്കാശ്+ തരാമെന്ന് അവർ യൂദാസുമായി പറഞ്ഞൊത്തു. 16 അപ്പോൾമുതൽ യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് തക്കംനോക്കി നടന്നു.
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “പെസഹ ഭക്ഷിക്കാൻ ഞങ്ങൾ അത് എവിടെ ഒരുക്കണം?”+ 18 യേശു അവരോടു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ഇന്നയാളിന്റെ അടുത്ത് ചെന്ന് അയാളോടു പറയുക: ‘എന്റെ സമയം അടുത്തു. ഞാൻ എന്റെ ശിഷ്യന്മാരുടെകൂടെ താങ്കളുടെ വീട്ടിൽ പെസഹ ആചരിക്കും’ എന്നു ഗുരു പറയുന്നു.” 19 ശിഷ്യന്മാർ യേശു പറഞ്ഞതുപോലെ ചെയ്തു; അവർ ചെന്ന് പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
20 സന്ധ്യയായപ്പോൾ+ യേശുവും 12 ശിഷ്യന്മാരും മേശയ്ക്കു മുന്നിൽ ഇരിക്കുകയായിരുന്നു.+ 21 അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു, “നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 22 ഇതു കേട്ട് അങ്ങേയറ്റം വിഷമിച്ച് അവരെല്ലാം മാറിമാറി, “കർത്താവേ, അതു ഞാനല്ലല്ലോ, അല്ലേ” എന്നു ചോദിക്കാൻതുടങ്ങി. 23 യേശു അവരോടു പറഞ്ഞു: “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കുന്നവനായിരിക്കും എന്നെ ഒറ്റിക്കൊടുക്കുന്നത്.+ 24 തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!+ ജനിക്കാതിരിക്കുന്നതായിരുന്നു ആ മനുഷ്യനു നല്ലത്.”+ 25 യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് യേശുവിനോട്, “റബ്ബീ, അതു ഞാനല്ലല്ലോ, അല്ലേ” എന്നു ചോദിച്ചതിന്, “നീതന്നെ അതു പറഞ്ഞല്ലോ” എന്നു യേശു പറഞ്ഞു.
26 അവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഒരു അപ്പം എടുത്ത്, പ്രാർഥിച്ചശേഷം അതു നുറുക്കി അവർക്കു കൊടുത്തുകൊണ്ട്,+ “ഇതാ, ഇതു കഴിക്കൂ; ഇത് എന്റെ ശരീരത്തിന്റെ പ്രതീകമാണ് ”+ എന്നു പറഞ്ഞു. 27 പിന്നെ യേശു ഒരു പാനപാത്രം എടുത്ത് നന്ദി പറഞ്ഞശേഷം അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “നിങ്ങളെല്ലാവരും ഇതിൽനിന്ന് കുടിക്കൂ.+ 28 കാരണം, ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന ‘ഉടമ്പടിയുടെ രക്ത’ത്തിന്റെ പ്രതീകമാണ്.+ 29 എന്നാൽ ഞാൻ പറയുന്നു: എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളുടെകൂടെ പുതിയ വീഞ്ഞു കുടിക്കുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഈ ഉത്പന്നം ഞാൻ ഇനി കുടിക്കില്ല.”+ 30 ഒടുവിൽ സ്തുതിഗീതങ്ങൾ പാടിയിട്ട് അവർ ഒലിവുമലയിലേക്കു പോയി.+
31 പിന്നെ യേശു അവരോടു പറഞ്ഞു: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും.* കാരണം, ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും’+ എന്ന് എഴുതിയിട്ടുണ്ടല്ലോ. 32 എന്നാൽ ഉയിർപ്പിക്കപ്പെട്ടശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകും.”+ 33 എന്നാൽ പത്രോസ് യേശുവിനോട്, “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഒരിക്കലും ഞാൻ അങ്ങയെ ഉപേക്ഷിക്കില്ല”*+ എന്നു പറഞ്ഞു. 34 അപ്പോൾ യേശു പത്രോസിനോടു പറഞ്ഞു: “ഈ രാത്രി കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.”+ 35 പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ശരി ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയില്ല”+ എന്നു പറഞ്ഞു. മറ്റു ശിഷ്യന്മാരും അങ്ങനെതന്നെ പറഞ്ഞു.
36 പിന്നെ യേശു അവരോടൊപ്പം ഗത്ത്ശെമന+ എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ അവിടെ പോയി ഒന്നു പ്രാർഥിച്ചിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്.”+ 37 യേശു പത്രോസിനെയും സെബെദിയുടെ രണ്ടു പുത്രന്മാരെയും+ കൂട്ടിക്കൊണ്ടുപോയി. യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ് മനസ്സു വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങിയിരുന്നു.+ 38 യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്. ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കൂ.”+ 39 പിന്നെ യേശു അൽപ്പം മുന്നോട്ടു പോയി കമിഴ്ന്നുവീണ് ഇങ്ങനെ പ്രാർഥിച്ചു:+ “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം+ എന്നിൽനിന്ന് നീക്കേണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+
40 യേശു തിരിച്ച് ശിഷ്യന്മാരുടെ അടുത്ത് ചെന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ട് പത്രോസിനോടു ചോദിച്ചു: “നിങ്ങൾക്ക് എന്റെകൂടെ ഒരു മണിക്കൂറുപോലും ഉണർന്നിരിക്കാൻ* പറ്റില്ലേ?+ 41 പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ+ എപ്പോഴും ഉണർന്നിരുന്ന്+ പ്രാർഥിക്കണം.+ ആത്മാവ്* തയ്യാറാണെങ്കിലും* ശരീരം ബലഹീനമാണ്, അല്ലേ?”+ 42 യേശു രണ്ടാമതും പോയി പ്രാർഥിച്ചു: “എന്റെ പിതാവേ, ഞാൻ കുടിക്കാതെ ഇതു നീങ്ങിപ്പോകില്ലെന്നാണെങ്കിൽ, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 43 വീണ്ടും യേശു വന്നപ്പോൾ ഉറക്കക്ഷീണം കാരണം അവർ ഉറങ്ങുന്നതു കണ്ടു. 44 അതുകൊണ്ട് അവരെ വിട്ടിട്ട് യേശു മൂന്നാമതും പോയി അതേ കാര്യം പറഞ്ഞ് പ്രാർഥിച്ചു. 45 പിന്നെ യേശു ശിഷ്യന്മാരുടെ അടുത്ത് വന്ന് അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്? ഇതാ, മനുഷ്യപുത്രനെ പാപികൾക്ക് ഒറ്റിക്കൊടുത്ത് അവരുടെ കൈയിൽ ഏൽപ്പിക്കാനുള്ള സമയം അടുത്തിരിക്കുന്നു. 46 എഴുന്നേൽക്ക്, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത് എത്തിയിരിക്കുന്നു.” 47 യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ് അവിടെ എത്തി. മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയൊരു ജനക്കൂട്ടം വാളുകളും വടികളും പിടിച്ച് യൂദാസിന്റെകൂടെയുണ്ടായിരുന്നു.+
48 യേശുവിനെ ഒറ്റിക്കൊടുക്കുന്നവൻ അവരുമായി ഒരു അടയാളം പറഞ്ഞൊത്തിരുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത് അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ചുകൊള്ളൂ.” 49 അങ്ങനെ യൂദാസ് നേരെ യേശുവിന്റെ അടുത്തേക്കു ചെന്ന്, “റബ്ബീ, നമസ്കാരം” എന്നു പറഞ്ഞ് വളരെ സ്നേഹത്തോടെ യേശുവിനെ ചുംബിച്ചു. 50 യേശു ചോദിച്ചു: “സ്നേഹിതാ, നീ എന്തിനാണു വന്നത്?”+ അപ്പോൾ അവർ മുന്നോട്ടു വന്ന് യേശുവിനെ പിടികൂടി. 51 പെട്ടെന്ന് യേശുവിന്റെകൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ ചെവി അറ്റുപോയി.+ 52 യേശു അയാളോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക;+ വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.+ 53 നീ എന്തു വിചാരിച്ചു? 12 ലഗ്യോനിൽ അധികം ദൂതന്മാരെ+ ഈ നിമിഷം വിട്ടുതരാൻ, വേണമെങ്കിൽ എനിക്കു പിതാവിനോട് അപേക്ഷിക്കാം. 54 പക്ഷേ അങ്ങനെ ചെയ്താൽ ഇതുപോലെ സംഭവിക്കണമെന്നുള്ള തിരുവെഴുത്തുകൾ എങ്ങനെ നിറവേറും?” 55 പിന്നെ യേശു ജനക്കൂട്ടത്തോടു ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്? ഞാൻ ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും+ നിങ്ങൾ എന്നെ പിടിച്ചില്ല.+ 56 എന്നാൽ പ്രവാചകന്മാർ എഴുതിയതു* നിറവേറേണ്ടതിനാണ് ഇതൊക്കെ ഇങ്ങനെ സംഭവിച്ചത്.”+ ശിഷ്യന്മാരെല്ലാം അപ്പോൾ യേശുവിനെ വിട്ട് ഓടിപ്പോയി.+
57 യേശുവിനെ പിടികൂടിയവർ മഹാപുരോഹിതനായ കയ്യഫയുടെ+ അടുത്തേക്കു യേശുവിനെ കൊണ്ടുപോയി. അവിടെ ശാസ്ത്രിമാരും മൂപ്പന്മാരും ഒത്തുകൂടിയിരുന്നു.+ 58 പത്രോസ് കുറെ അകലം പാലിച്ച് യേശുവിന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. അങ്ങനെ മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റംവരെ ചെന്നിട്ട്, എന്തു സംഭവിക്കുമെന്ന് അറിയാൻ ആ വീട്ടിലെ പരിചാരകരോടൊപ്പം മുറ്റത്ത് ഇരുന്നു.+
59 മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ മുഴുവനും അപ്പോൾ യേശുവിനെ കൊല്ലാൻവേണ്ടി യേശുവിന് എതിരെ കള്ളത്തെളിവുകൾ അന്വേഷിക്കുകയായിരുന്നു.+ 60 കള്ളസാക്ഷികൾ പലരും മൊഴി കൊടുക്കാൻ മുന്നോട്ടുവന്നെങ്കിലും+ പറ്റിയതൊന്നും കിട്ടിയില്ല. ഒടുവിൽ രണ്ടു പേർ വന്ന്, 61 “‘ദേവാലയം ഇടിച്ചുകളഞ്ഞിട്ട് മൂന്നു ദിവസംകൊണ്ട് പണിയാൻ എനിക്കു കഴിയും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു.+ 62 അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്ന് യേശുവിനോടു ചോദിച്ചു: “നിനക്കു മറുപടി ഒന്നും പറയാനില്ലേ? നിനക്ക് എതിരെയുള്ള ഇവരുടെ മൊഴി നീ കേൾക്കുന്നില്ലേ?”+ 63 പക്ഷേ യേശു ഒന്നും മിണ്ടിയില്ല.+ അതുകൊണ്ട് മഹാപുരോഹിതൻ യേശുവിനോടു പറഞ്ഞു: “നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ജീവനുള്ള ദൈവത്തെച്ചൊല്ലി ഞങ്ങളോട് ആണയിട്ട് പറയാൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്.”+ 64 യേശു മഹാപുരോഹിതനോടു പറഞ്ഞു: “അങ്ങുതന്നെ അതു പറഞ്ഞല്ലോ; എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഇനിമുതൽ മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത് ഇരിക്കുന്നതും+ ആകാശമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.”+ 65 അപ്പോൾ മഹാപുരോഹിതൻ തന്റെ പുറങ്കുപ്പായം കീറിക്കൊണ്ട് പറഞ്ഞു: “ഇവൻ ഈ പറഞ്ഞതു ദൈവനിന്ദയാണ്!+ ഇനി എന്തിനാണു വേറെ സാക്ഷികൾ? നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട് കേട്ടല്ലോ. 66 നിങ്ങൾക്ക് എന്തു തോന്നുന്നു?” അപ്പോൾ അവർ, “ഇവൻ മരിക്കണം”+ എന്നു പറഞ്ഞു. 67 പിന്നെ അവർ യേശുവിന്റെ മുഖത്ത് തുപ്പി,+ യേശുവിനെ കൈ ചുരുട്ടി ഇടിച്ചു.+ മറ്റുള്ളവർ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിച്ചിട്ട്+ 68 “ക്രിസ്തുവേ, നിന്നെ അടിച്ചത് ആരാണെന്നു ഞങ്ങളോടു പ്രവചിക്ക് ” എന്നു പറഞ്ഞു.
69 ഈ സമയത്ത് പത്രോസ് പുറത്ത് നടുമുറ്റത്ത് ഇരിക്കുകയായിരുന്നു. ഒരു വേലക്കാരിപ്പെൺകുട്ടി പത്രോസിന്റെ അടുത്ത് വന്ന്, “ഗലീലക്കാരനായ യേശുവിന്റെകൂടെ താങ്കളുമുണ്ടായിരുന്നല്ലോ”+ എന്നു പറഞ്ഞു. 70 എന്നാൽ അവരുടെയെല്ലാം മുന്നിൽവെച്ച് അതു നിഷേധിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല.” 71 പത്രോസ് പുറത്ത് പടിപ്പുരയിലേക്കു പോയപ്പോൾ മറ്റൊരു പെൺകുട്ടി പത്രോസിനെ കണ്ട് അവിടെയുള്ളവരോട്, “ഈ മനുഷ്യൻ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്ന ആളാണ് ”+ എന്നു പറഞ്ഞു. 72 അപ്പോൾ പത്രോസ് വീണ്ടും അതു നിഷേധിച്ചുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. 73 അൽപ്പനേരം കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്നവർ അടുത്ത് വന്ന് പത്രോസിനോടു പറഞ്ഞു: “നീയും അവരുടെ കൂട്ടത്തിലുള്ളവനാണ്, തീർച്ച! നിന്റെ സംസാരരീതി കേട്ടാൽത്തന്നെ അറിയാം.” 74 അപ്പോൾ പത്രോസ് സ്വയം പ്രാകിക്കൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. ഉടൻതന്നെ ഒരു കോഴി കൂകി. 75 “കോഴി കൂകുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ തള്ളിപ്പറയും”+ എന്നു യേശു പറഞ്ഞതു പത്രോസ് അപ്പോൾ ഓർത്തു. പത്രോസ് പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.