ദൈവത്തിന്റെ ഉദ്ദേശ്യനിവൃത്തിക്കായുള്ള കാര്യനിർവഹണം
‘[ദൈവം] തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നു.’—എഫെസ്യർ 1:11.
1. യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളും 2006 ഏപ്രിൽ 12-ന് ഒന്നിച്ചുകൂടുന്നത് എന്തിന്?
ഏകദേശം ഒരു കോടി 60 ലക്ഷം ആളുകൾ 2006 ഏപ്രിൽ 12 ബുധനാഴ്ച വൈകുന്നേരം കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കാൻ കൂടിവരും. ആ ആചരണം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ക്രിസ്തുവിന്റെ ശരീരത്തെ പ്രതീകപ്പെടുത്തുന്ന പുളിപ്പില്ലാത്ത അപ്പവും അവന്റെ രക്തത്തിന്റെ പ്രതീകമായ ചുവന്ന വീഞ്ഞും ഉപയോഗിക്കുന്നതായിരിക്കും. യേശുവിന്റെ മരണത്തിന്റെ സ്മാരകം എന്ത് അർഥമാക്കുന്നെന്നു വിശദീകരിച്ചുകൊണ്ടുള്ള ഒരു പ്രസംഗത്തിന്റെ ഒടുവിൽ ഈ ചിഹ്നങ്ങൾ—ആദ്യം അപ്പവും തുടർന്നു വീഞ്ഞും—കൂടിവന്നിരിക്കുന്ന എല്ലാവർക്കും കൈമാറുന്നു. യഹോവയുടെ സാക്ഷികളുടെ ചുരുക്കം ചില സഭകളിൽ, സന്നിഹിതരായിരിക്കുന്ന ഒന്നോ അതിലധികമോ പേർ അവയിൽ പങ്കുപറ്റും. എന്നാൽ അനേകം സഭകളിലും ആരുംതന്നെ അതിൽ പങ്കുപറ്റുകയില്ല. സ്വർഗീയ പ്രത്യാശയുള്ളവരായ, ഏതാനുംവരുന്ന ക്രിസ്ത്യാനികൾമാത്രം അതിൽ പങ്കുപറ്റുകയും ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള ഭൂരിപക്ഷം പേരും അതിൽ പങ്കുപറ്റാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
2, 3. (എ) തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ യഹോവ സൃഷ്ടിക്രിയ നിർവഹിക്കാൻ തുടങ്ങിയത് എങ്ങനെ? (ബി) എന്ത് ഉദ്ദേശ്യത്തോടെയാണ് യഹോവ ഭൂമിയെയും മനുഷ്യനെയും സൃഷ്ടിച്ചത്?
2 ഉദ്ദേശ്യങ്ങളുള്ള ഒരു ദൈവമാണ് യഹോവ. “തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തി”ച്ചുകൊണ്ട് അവൻ അതു നിവർത്തിക്കുന്നു. (എഫെസ്യർ 1:11) ആദ്യം അവൻ തന്റെ ഏകജാത പുത്രനെ സൃഷ്ടിച്ചു. (യോഹന്നാൻ 1:1, 14; വെളിപ്പാടു 3:14) തുടർന്ന് ഈ പുത്രൻ മുഖാന്തരം, ആത്മപുത്രന്മാരുടെ കുടുംബത്തെയും ഒടുവിൽ മനുഷ്യരും ഭൂമിയും ഉൾപ്പെടെയുള്ള ഭൗതിക പ്രപഞ്ചത്തെയും അവൻ സൃഷ്ടിച്ചു.—ഇയ്യോബ് 38:4, 6; സങ്കീർത്തനം 103:19-21; യോഹന്നാൻ 1:2, 3; കൊലൊസ്സ്യർ 1:15, 16.
3 ക്രൈസ്തവലോകത്തിലെ അനേകം സഭകൾ പഠിപ്പിക്കുന്നതുപോലെ, സ്വർഗത്തിലെ ആത്മപുത്രന്മാരുടെ അണിയോടു ചേർക്കാനായി മനുഷ്യരുടെ യോഗ്യത പരീക്ഷിക്കുന്ന ഒരു ഇടമായിട്ടല്ല യഹോവ ഭൂമിയെ സൃഷ്ടിച്ചത്. ഭൂഗ്രഹത്തെ സൃഷ്ടിക്കുമ്പോൾ അവന്റെ മനസ്സിൽ വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു, മനുഷ്യർ അതിൽ ‘പാർക്കണം’ എന്നതായിരുന്നു അത്. (യെശയ്യാവു 45:18) ഭൂമിയെ മനുഷ്യനുവേണ്ടിയും മനുഷ്യനെ ഭൂമിക്കുവേണ്ടിയും അവൻ സൃഷ്ടിച്ചു. (സങ്കീർത്തനം 115:16) നീതിനിഷ്ഠരായ ആളുകളെക്കൊണ്ടു ഭൂമി നിറയണമെന്നും അവർ അതിൽ കൃഷിചെയ്ത് അതിനെ പരിപാലിക്കണമെന്നും അങ്ങനെ ഈ മുഴുഗ്രഹവും ഒരു പറുദീസയായിത്തീരണമെന്നും ആയിരുന്നു ദൈവോദ്ദേശ്യം. കാലക്രമത്തിൽ സ്വർഗത്തിൽ പോകാൻ കഴിയുമെന്ന പ്രത്യാശ ആദ്യ മാനുഷദമ്പതികൾക്ക് ഒരിക്കലും നൽകിയിരുന്നില്ല.—ഉല്പത്തി 1:26-28; 2:7, 8, 15.
യഹോവയുടെ ഉദ്ദേശ്യത്തിനെതിരെ വെല്ലുവിളി ഉയരുന്നു
4. മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ, യഹോവ തന്റെ പരമാധികാരം പ്രയോഗിക്കുന്ന വിധം വെല്ലുവിളിക്കപ്പെട്ടത് എങ്ങനെ?
4 ഇച്ഛാസ്വാതന്ത്ര്യം എന്ന ദിവ്യദാനം ദുരുപയോഗം ചെയ്തുകൊണ്ട് ദൈവത്തിന്റെ ഒരു ആത്മപുത്രൻ ഏതുവിധേനയും ദൈവോദ്ദേശ്യം തകിടംമറിക്കാൻ നിശ്ചയിച്ചുറച്ചു. യഹോവയുടെ പരമാധികാരത്തിനു സ്നേഹപൂർവം കീഴ്പെടുന്ന സകലരും ആസ്വദിക്കുമായിരുന്ന സമാധാനത്തിന് അവൻ ഭംഗംവരുത്തി. ആദ്യ മാനുഷദമ്പതികൾ ദൈവത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം ആരംഭിക്കാൻ സാത്താൻ ഇടയാക്കി. (ഉല്പത്തി 3:1-6) യഹോവ ശക്തനാണെന്ന വസ്തുത സാത്താൻ നിഷേധിച്ചില്ല. എന്നാൽ, യഹോവ തന്റെ പരമാധികാരം പ്രയോഗിക്കുന്ന വിധത്തെയും അതുവഴി, ഭരിക്കാനുള്ള അവന്റെ അവകാശത്തെയും അവൻ ചോദ്യംചെയ്തു. അങ്ങനെ മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ, യഹോവ ഭൂമിയിൽ തന്റെ പരമാധികാരം പ്രയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ ഗൗരവാവഹമായ ഒരു വിവാദം ഉയർന്നുവന്നു.
5. ഏത് ഉപവിവാദവിഷയം ഉയർന്നുവന്നു, അതിൽ ആരെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
5 ഇയ്യോബിന്റെ നാളിൽ, അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച മുഖ്യ വിവാദത്തോട് അടുത്തു ബന്ധപ്പെട്ട മറ്റൊരു വിവാദവും സാത്താൻ ഉന്നയിച്ചു. സൃഷ്ടികൾ യഹോവയ്ക്കു കീഴ്പെട്ടിരിക്കുകയും അവനെ സേവിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധി അവൻ ചോദ്യംചെയ്തു. സ്വാർഥ കാരണങ്ങളാലാണ് അവർ അപ്രകാരം ചെയ്യുന്നതെന്നും പരിശോധിക്കപ്പെട്ടാൽ അവർ ദൈവത്തിനു പുറംതിരിയുമെന്നും സാത്താൻ അതിലൂടെ സൂചിപ്പിച്ചു. (ഇയ്യോബ് 1:7-11; 2:4, 5) ഭൂമിയിലെ ഒരു ദൈവദാസനോടുള്ള ബന്ധത്തിൽ ഉന്നയിക്കപ്പെട്ടതാണെങ്കിലും യഹോവയുടെ ആത്മപുത്രന്മാരും—അവന്റെ ഏകജാതപുത്രൻപോലും—ഉൾപ്പെടുന്നതായിരുന്നു ആ വെല്ലുവിളി.
6. തന്റെ ഉദ്ദേശ്യത്തോടും നാമത്തോടും യഹോവ വിശ്വസ്തത പുലർത്തിയത് എങ്ങനെ?
6 തന്റെ ഉദ്ദേശ്യത്തോടും നാമത്തിന്റെ അർഥത്തോടും വിശ്വസ്തത പുലർത്തിക്കൊണ്ട് യഹോവ തന്നെത്തന്നെ ഒരു പ്രവാചകനും രക്ഷകനും ആക്കിത്തീർത്തു.a സാത്താനോട് അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) തന്റെ സംഘടനയുടെ സ്വർഗീയ ഭാഗമായ “സ്ത്രീ”യുടെ സന്തതി മുഖാന്തരം സാത്താന്റെ വെല്ലുവിളിക്ക് ഉത്തരം നൽകാനും ആദാമിന്റെ സന്തതികൾക്കു രക്ഷയുടെയും ജീവന്റെയും പ്രത്യാശ പ്രദാനം ചെയ്യാനും യഹോവ നിശ്ചയിച്ചു.—റോമർ 5:21; ഗലാത്യർ 4:26, 31.
“തന്റെ ഹിതത്തിന്റെ മർമ്മം”
7. അപ്പൊസ്തലനായ പൗലൊസിലൂടെ യഹോവ ഏത് ഉദ്ദേശ്യം വെളിപ്പെടുത്തി?
7 തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ യഹോവ കാര്യങ്ങൾ നിർവഹിക്കുന്നത് എങ്ങനെയെന്ന് എഫെസൊസിലെ ക്രിസ്ത്യാനികൾക്കുള്ള ലേഖനത്തിൽ പൗലൊസ് അപ്പൊസ്തലൻ മനോഹരമായി വർണിക്കുന്നു. അവൻ ഇങ്ങനെ എഴുതി: “അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.” (എഫെസ്യർ 1:9, 10) തന്റെ പരമാധികാരത്തിനു സ്നേഹപൂർവം കീഴ്പെടുന്ന സൃഷ്ടികളെക്കൊണ്ടു നിറഞ്ഞ ഒരു ഏകീകൃത അഖിലാണ്ഡം കൊണ്ടുവരുക എന്നതാണ് യഹോവയുടെ മഹത്തായ ഉദ്ദേശ്യം. (വെളിപ്പാടു 4:11) അങ്ങനെ അവന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കപ്പെടുകയും ദൈവേഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” നിറവേറപ്പെടുകയും ചെയ്യും.—മത്തായി 6:10.
8. ‘വ്യവസ്ഥ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ അർഥം എന്ത്?
8 യഹോവയുടെ ‘പ്രസാദം’ അഥവാ ഉദ്ദേശ്യം ഒരു ‘വ്യവസ്ഥ’യിലൂടെയായിരിക്കും നിവൃത്തിയേറുക. ‘വ്യവസ്ഥ’ എന്നതിനു പൗലൊസ് ഉപയോഗിച്ച മൂലപദത്തിന്റെ അക്ഷരാർഥം “ഗൃഹകാര്യങ്ങളുടെ നടത്തിപ്പ്” എന്നാണ്. കാര്യങ്ങൾ നിർവഹിക്കുന്ന വിധത്തെയാണ് ഈ പ്രയോഗം അർഥമാക്കുന്നത്. ഉദ്ദേശ്യനിവൃത്തിക്കായുള്ള യഹോവയുടെ വിദഗ്ധമായ കാര്യനിർവഹണത്തിൽ, കാലത്തിന്റെ നീരൊഴുക്കിൽ ചുരുളഴിയുമായിരുന്ന ഒരു ‘മർമ്മം’ അഥവാ പാവന രഹസ്യം ഉൾപ്പെട്ടിരുന്നു.—എഫെസ്യർ 1:10; 3:9.
9. യഹോവ തന്റെ ഹിതത്തിന്റെ മർമം പടിപടിയായി വെളിപ്പെടുത്തിയത് എങ്ങനെ?
9 ഏദെൻ തോട്ടത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം എങ്ങനെ നിവൃത്തിയേറുമെന്ന് ഉടമ്പടികളുടെ ഒരു പരമ്പരയിലൂടെ യഹോവ പടിപടിയായി വെളിപ്പെടുത്തി. വാഗ്ദത്ത സന്തതി അബ്രാഹാമിന്റെ വംശാവലിയിൽ ജനിക്കുമെന്നും അവൻ മുഖാന്തരം “ഭൂമിയിലുള്ള സകലജാതികളും” അനുഗ്രഹിക്കപ്പെടുമെന്നും യഹോവ അബ്രാഹാമുമായി ചെയ്ത ഉടമ്പടി വെളിപ്പെടുത്തി. ‘സന്തതിയുടെ’ മുഖ്യഭാഗത്തോടു ബന്ധപ്പെട്ട് മറ്റുള്ളവരും ഉണ്ടായിരിക്കുമെന്ന് ആ ഉടമ്പടി സൂചിപ്പിച്ചു. (ഉല്പത്തി 22:17, 18) യഹോവ ജഡിക ഇസ്രായേലുമായി ചെയ്ത ന്യായപ്രമാണ ഉടമ്പടി, ‘ഒരു പുരോഹിതരാജത്വം’ ഉളവാക്കാനുള്ള അവന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി. (പുറപ്പാടു 19:5, 6) സന്തതി നിലനിൽക്കുന്ന ഒരു രാജത്വത്തിന്റെ ഭരണാധിപൻ ആയിരിക്കുമെന്ന് ദാവീദിക ഉടമ്പടി പ്രകടമാക്കി. (2 ശമൂവേൽ 7:12, 13; സങ്കീർത്തനം 89:3, 4) ന്യായപ്രമാണ ഉടമ്പടി മിശിഹായെ തിരിച്ചറിയാൻ യഹൂദന്മാരെ സഹായിച്ചതിനെ തുടർന്ന് തന്റെ ഉദ്ദേശ്യത്തിന്റെ നിവൃത്തിയോടു ബന്ധപ്പെട്ട കൂടുതലായ കാര്യങ്ങൾ യഹോവ വെളിപ്പെടുത്തി. (ഗലാത്യർ 3:19, 24) ‘സന്തതിയുടെ’ മുഖ്യഭാഗത്തോടു ചേർന്നു പ്രവർത്തിക്കാനിരുന്ന മനുഷ്യർ, മുൻകൂട്ടിപ്പറയപ്പെട്ട ‘പുരോഹിതരാജത്വം’ ആയിത്തീരുകയും ഒരു ആത്മീയ “യിസ്രായേൽ” എന്ന നിലയിൽ “പുതിയോരു നിയമ”ത്തിലേക്ക് അഥവാ ഉടമ്പടിയിലേക്ക് പ്രവേശിക്കുകയും ചെയ്യുമായിരുന്നു.—യിരെമ്യാവു 31:31-34; എബ്രായർ 8:7-9.b
10, 11. (എ) മുൻകൂട്ടിപ്പറയപ്പെട്ട സന്തതി ആരായിരിക്കുമെന്ന് യഹോവ വെളിപ്പെടുത്തിയത് എങ്ങനെ? (ബി) ദൈവത്തിന്റെ ഏകജാത പുത്രൻ ഭൂമിയിൽ വന്നത് എന്തുകൊണ്ട്?
10 ദൈവത്തിന്റെ ഉദ്ദേശ്യനിവൃത്തിക്കായുള്ള കാര്യനിർവഹണത്തിനു ചേർച്ചയിൽ, മുൻകൂട്ടിപ്പറയപ്പെട്ട സന്തതി ഭൂമിയിൽ പ്രത്യക്ഷപ്പെടാനുള്ള സമയം വന്നുചേർന്നു. മറിയയ്ക്ക് ഒരു ശിശു ജനിക്കുമെന്നും അവൻ യേശു എന്നു വിളിക്കപ്പെടുമെന്നും അവളെ അറിയിക്കാൻ യഹോവ ഗബ്രിയേൽ ദൂതനെ അയച്ചു. ദൂതൻ അവളോടു പറഞ്ഞു: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊസ് 1:32, 33) അങ്ങനെ, വാഗ്ദത്ത സന്തതി ആരാണെന്ന കാര്യം സുവ്യക്തമായിത്തീർന്നു.—ഗലാത്യർ 3:16; 4:4.
11 യഹോവയുടെ ഏകജാത പുത്രൻ ഭൂമിയിൽ വരുകയും അവസാനത്തോളം പരീക്ഷിക്കപ്പെടുകയും ചെയ്യണമായിരുന്നു. അവന്റെ ജീവിതം സാത്താന്റെ വെല്ലുവിളിക്കുള്ള പിഴവറ്റ മറുപടി ആയിരിക്കണമായിരുന്നു. അവൻ തന്റെ പിതാവിനോടു വിശ്വസ്തനായി നിലകൊള്ളുമായിരുന്നോ? ഇതിൽ ഒരു പാവന രഹസ്യം ഉൾപ്പെട്ടിരുന്നു. യേശുവിനെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1 തിമൊഥെയൊസ് 3:16) അതേ, മരണത്തോളം അചഞ്ചലമായ നിർമലത കാത്തുകൊണ്ട് സാത്താന്റെ വെല്ലുവിളിക്ക് യേശു കൃത്യമായ മറുപടി പ്രദാനം ചെയ്തു. എന്നാൽ ആ മർമത്തിന്റെ മറ്റു വിശദാംശങ്ങളും വെളിപ്പെടാനുണ്ടായിരുന്നു.
“ദൈവരാജ്യത്തിന്റെ മർമ്മം”
12, 13. (എ) “ദൈവരാജ്യത്തിന്റെ മർമ്മ”ത്തിന്റെ ഒരു സവിശേഷത എന്ത്? (ബി) സ്വർഗത്തിൽ പോകാൻ ഒരു പരിമിത എണ്ണം ആളുകളെ യഹോവ തിരഞ്ഞെടുത്തതിൽ എന്ത് ഉൾപ്പെട്ടിരുന്നു?
12 ‘മർമം’ അഥവാ പാവന രഹസ്യം, തന്റെ മിശിഹൈക രാജ്യ ഗവണ്മെന്റിനോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നതായി ഗലീലയിൽ പ്രസംഗപര്യടനം നടത്തിയ ഒരു സന്ദർഭത്തിൽ യേശു സൂചിപ്പിച്ചു. അവൻ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗരാജ്യത്തിന്റെ [“ദൈവരാജ്യത്തിന്റെ,” മർക്കൊസ് 4:11] മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു.” (മത്തായി 13:11) സന്തതിയുടെ ഭാഗമെന്ന നിലയിൽ തന്റെ പുത്രനോടു ചേർന്നുകൊണ്ട് അവനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ 1,44,000 മനുഷ്യർ അടങ്ങിയ ഒരു ‘ചെറിയ ആട്ടിൻകൂട്ടത്തെ’ യഹോവ തിരഞ്ഞെടുക്കുമായിരുന്നു എന്നത് ആ മർമത്തിന്റെ ഒരു സവിശേഷതയായിരുന്നു.—ലൂക്കൊസ് 12:32; വെളിപ്പാടു 14:1, 4.
13 മനുഷ്യർ ഭൂമിയിൽ ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടിരുന്നതിനാൽ അവരിൽ ചിലർക്കു സ്വർഗത്തിൽ പോകാൻ യഹോവ ഒരു “പുതിയ സൃഷ്ടി” നടത്തണമായിരുന്നു. (2 കൊരിന്ത്യർ 5:17) മഹത്തായ ഈ സ്വർഗീയ പ്രത്യാശയിൽ പങ്കുണ്ടായിരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരുവനെന്ന നിലയിൽ പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്ന അവകാശത്തിന്നായി വീണ്ടും ജനിപ്പിച്ചിരിക്കുന്നു.’—1 പത്രൊസ് 1:3-5.
14. (എ) “ദൈവരാജ്യത്തിന്റെ മർമ്മ”ത്തിൽ യഹൂദേതരർ ഉൾപ്പെട്ടത് എങ്ങനെ? (ബി) “ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങൾ” മനസ്സിലാക്കാൻ ഇന്നു നമുക്കു കഴിയുന്നത് എന്തുകൊണ്ട്?
14 രാജ്യഭരണവുമായി ബന്ധപ്പെട്ട മർമത്തിന്റെ മറ്റൊരു സവിശേഷത, സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ ക്ഷണിക്കപ്പെടുന്നവരിൽ യഹൂദേതരരെ ഉൾപ്പെടുത്താനുള്ള ദൈവത്തിന്റെ ഹിതമായിരുന്നു. ഉദ്ദേശ്യനിവൃത്തിക്കായുള്ള യഹോവയുടെ ‘വ്യവസ്ഥയുടെ’ അഥവാ കാര്യനിർവഹണരീതിയുടെ ഈ സവിശേഷത വിശദീകരിച്ചുകൊണ്ട് പൗലൊസ് ഇങ്ങനെ എഴുതി: “ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്വന്നിരുന്നില്ല. അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.” (എഫെസ്യർ 3:5, 6) മർമം സംബന്ധിച്ച ഈ ഗ്രാഹ്യം “വിശുദ്ധ അപ്പൊസ്തലന്മാർക്കു” വെളിപ്പെടുത്തപ്പെട്ടു. സമാനമായി, പരിശുദ്ധാത്മാവിന്റെ സഹായത്താൽ “ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങൾ” ഇന്നു നമുക്കും അറിയാൻ കഴിയുന്നു.—1 കൊരിന്ത്യർ 2:10, പി.ഒ.സി. ബൈബിൾ; 4:1; കൊലൊസ്സ്യർ 1:26, 27.
15, 16. ക്രിസ്തുവിന്റെ സഹഭരണാധികാരികളെ യഹോവ മനുഷ്യരിൽനിന്നു തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
15 ‘കുഞ്ഞാടിനോടൊപ്പം’ സ്വർഗീയ സീയോൻ മലയിൽ നിൽക്കുന്നതായി കാണപ്പെടുന്ന “നൂറ്റിനാല്പത്തിനാലായിരം” പേരെ “ഭൂമിയിൽനിന്നു വിലെക്കു വാങ്ങിയി”രിക്കുന്നതായും “ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്ന”തായും പറഞ്ഞിരിക്കുന്നു. (വെളിപ്പാടു 14:1-4) ഏദെനിൽ വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ മുഖ്യഭാഗമായി യഹോവ തന്റെ ആത്മപുത്രന്മാരിൽ ആദ്യജാതനെയാണു തിരഞ്ഞെടുത്തത്. എന്നാൽ എന്തുകൊണ്ടാണ് ക്രിസ്തുവിന്റെ സഹകാരികളെ അവൻ മനുഷ്യർക്കിടയിൽനിന്നു തിരഞ്ഞെടുത്തത്? ഈ ചെറിയ കൂട്ടം യഹോവയുടെ “നിർണ്ണയപ്രകാരം,” “തിരുഹിതത്തിന്റെ പ്രസാദപ്രകാരം” വിളിക്കപ്പെട്ടവരാണെന്ന് പൗലൊസ് അപ്പൊസ്തലൻ വിശദീകരിക്കുന്നു.—റോമർ 8:17, 28-30; എഫെസ്യർ 1:5, 11; 2 തിമൊഥെയൊസ് 1:9.
16 തന്റെ മഹത്തായ പാവനനാമം വിശുദ്ധീകരിക്കുകയും അഖിലാണ്ഡ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് യഹോവയുടെ ഉദ്ദേശ്യം. അനുപമ ജ്ഞാനം പ്രതിഫലിപ്പിക്കുന്ന തന്റെ ‘വ്യവസ്ഥയ്ക്ക്’ അഥവാ കാര്യനിർവഹണ രീതിക്ക് ചേർച്ചയിൽ അവൻ തന്റെ ഏകജാത പുത്രനെ മരണത്തോളം പരിശോധിക്കപ്പെടാൻ ഭൂമിയിലേക്ക് അയച്ചു. കൂടാതെ, തന്റെ പരമാധികാരത്തെ മരണംവരെയും ഉയർത്തിപ്പിടിച്ച മനുഷ്യരെയും തന്റെ പുത്രന്റെ മിശിഹൈക രാജ്യ ഗവൺമെന്റിൽ ഉൾപ്പെടുത്താൻ യഹോവ നിശ്ചയിച്ചു.—എഫെസ്യർ 1:8-12; വെളിപ്പാടു 2:10, 11.
17. ക്രിസ്തുവും സഹഭരണാധികാരികളും മനുഷ്യജീവിതം അനുഭവിച്ചറിഞ്ഞവർ ആയിരിക്കുന്നതിൽ നമുക്കു സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
17 തന്റെ പുത്രനെ ഭൂമിയിലേക്ക് അയയ്ക്കുകയും രാജ്യ ഗവൺമെന്റിൽ അവനോടൊപ്പം ഭരിക്കേണ്ടവരെ മനുഷ്യർക്കിടയിൽനിന്നു തിരഞ്ഞെടുക്കുകയും ചെയ്തതിലൂടെ യഹോവ ആദാമിന്റെ സന്തതികളോടുള്ള തന്റെ വലിയ സ്നേഹം പ്രകടമാക്കി. ഹാബേൽമുതൽ യഹോവയോടു വിശ്വസ്തരായിരുന്നിട്ടുള്ള മറ്റുള്ളവർക്ക് അത് എപ്രകാരം പ്രയോജനം ചെയ്യും? പാപത്തിനും മരണത്തിനും അടിമകളായി ജനിക്കുന്ന അപൂർണ മനുഷ്യർ, ആത്മീയവും ശാരീരികവുമായി സൗഖ്യമാക്കപ്പെടുകയും പൂർണരായിത്തീരുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ മനുഷ്യവർഗത്തെക്കുറിച്ചുള്ള യഹോവയുടെ ആദിമ ഉദ്ദേശ്യം നിവൃത്തിയേറും. (റോമർ 5:12) തങ്ങളുടെ രാജാവ് ഭൗമിക ശുശ്രൂഷക്കാലത്ത് അവന്റെ ശിഷ്യന്മാരോടു പ്രകടമാക്കിയതുപോലുള്ള സ്നേഹവും കരുണാർദ്രമായ സമാനുഭാവവും തങ്ങളോടും പ്രകടമാക്കുമെന്ന് അറിയുന്നത് ഭൂമിയിലെ നിത്യജീവനായി നോക്കിപ്പാർത്തിരിക്കുന്നവർക്ക് എത്ര ആശ്വാസദായകമാണ്! (മത്തായി 11:28, 29; എബ്രായർ 2:17, 18; 4:15; 7:25, 26) സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കുന്നവർ തങ്ങളെപ്പോലെതന്നെ വ്യക്തിപരമായ ബലഹീനതകളുമായി പോരാടുകയും ജീവിത ക്ലേശങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുള്ള വിശ്വസ്ത സ്ത്രീപുരുഷന്മാരാണെന്നു തിരിച്ചറിയുന്നത് അവർക്ക് എത്ര പ്രോത്സാഹനം പകരുന്നു!—റോമർ 7:21-25.
യഹോവയുടെ ഉദ്ദേശ്യം മാറ്റമില്ലാത്തത്
18, 19. എഫെസ്യർ 1:8-11-ലെ പൗലൊസിന്റെ വാക്കുകൾ നമുക്കു കൂടുതൽ വ്യക്തമായിത്തീർന്നിരിക്കുന്നത് എന്തുകൊണ്ട്, അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
18 എഫെസ്യർ 1:8-11-ൽ പൗലൊസ് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതിയ കാര്യങ്ങൾ നാം ഇപ്പോൾ മെച്ചമായി മനസ്സിലാക്കുന്നു. യഹോവ “തന്റെ ഹിതത്തിന്റെ മർമ്മം” അവർക്കു വെളിപ്പെടുത്തിയെന്നും അവർ ക്രിസ്തുവിൽ “അവകാശം പ്രാപി”ക്കുന്നെന്നും “തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം [അവർ] മുന്നിയമിക്കപ്പെ”ട്ടിരിക്കുന്നെന്നും അവൻ പ്രസ്താവിച്ചു. ഉദ്ദേശ്യനിവൃത്തിക്കായുള്ള യഹോവയുടെ മഹത്തായ ‘വ്യവസ്ഥ’യുമായി അഥവാ കാര്യനിർവഹണ രീതിയുമായി അതു ചേർച്ചയിലാണെന്നു നാം തിരിച്ചറിയുന്നു. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു ഹാജരാകുന്നവരിൽ ഏതാനും ക്രിസ്ത്യാനികൾമാത്രം ചിഹ്നങ്ങളിൽ പങ്കുപറ്റുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാനും ഇതു നമ്മെ സഹായിക്കുന്നു.
19 സ്വർഗീയ പ്രത്യാശയുള്ള ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം എന്ത് അർഥമാക്കുന്നെന്ന് അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും. ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്ന ദശലക്ഷങ്ങൾ സ്മാരകം പ്രതീകപ്പെടുത്തുന്ന കാര്യങ്ങളിൽ അതീവ തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ടാണെന്നും നാം മനസ്സിലാക്കും.
[അടിക്കുറിപ്പുകൾ]
a “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് ദൈവനാമത്തിന്റെ അക്ഷരാർഥം. തന്റെ ഉദ്ദേശ്യനിവൃത്തിക്കായി എന്തും ആയിത്തീരാൻ യഹോവയ്ക്കു കഴിയും.—പുറപ്പാടു 3:14.
b ദൈവത്തിന്റെ ഉദ്ദേശ്യനിവൃത്തിയുമായി ബന്ധപ്പെട്ട ഈ ഉടമ്പടികളുടെ വിശദമായ ചർച്ചയ്ക്ക് 1990 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 10-15 പേജുകൾ കാണുക.
പുനരവലോകനം
• യഹോവ ഭൂമിയെ സൃഷ്ടിക്കുകയും മനുഷ്യരെ അവിടെ ആക്കിവെക്കുകയും ചെയ്തത് എന്തുകൊണ്ട്?
• യഹോവയുടെ ഏകജാത പുത്രൻ ഭൂമിയിൽവെച്ചു പരീക്ഷിക്കപ്പെടേണ്ടിയിരുന്നത് എന്തുകൊണ്ട്?
• എന്തുകൊണ്ടാണ് യഹോവ ക്രിസ്തുവിന്റെ സഹഭരണാധികാരികളെ മനുഷ്യരിൽനിന്നു തിരഞ്ഞെടുത്തത്?